Sunday, December 22, 2024
Novel

അറിയാതെ : ഭാഗം 23

നോവൽ
എഴുത്തുകാരി: അഗ്നി


“രൂദ്രേട്ട…”….അവൾ അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് വിളിച്ചു…..

“മ്മ്…..”..അവനോന്ന് മൂളി..

“എന്നോട് പിണക്കമാണോ….”

“അല്ലെടാ…പെട്ടന്ന് ..എന്നോട് ഒന്നും പറയാതെ..ചോദിക്കാതെ…നീ എല്ലാം അവരെ അറിയിച്ചിരുന്നു എന്നറിഞ്ഞപ്പോൾ ഒരു സങ്കടം…
അത്രേയുള്ളൂ…”

“അത്..മറ്റൊന്നും കൊണ്ടല്ല ഏട്ടാ…ഇങ്ങനൊരു കാര്യം ഏറ്റവും അധികം ആഗ്രഹിച്ചിരുന്നത് അവർ ഓരോരുത്തരുമാണ്… അപ്പോൾ അവരല്ലേ ഇതൊക്കെ അറിയേണ്ടത്…പിന്നെ അവരാരും ഇതൊന്നും പുറത്ത് പറയുകെല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു………..

അതുകൊണ്ടാ ധൈര്യമായി…”

“സാരമില്ലെട..അത് പുറത്ത് പറഞ്ഞാൽ നിന്നെ ആക്രമിച്ചവർ അത് എങ്ങനെയെങ്കിലും അറിഞ്ഞാലോ എന്നുള്ള ഭയമായിരുന്നു എനിക്ക്…അവർ അത് അറിഞ്ഞാൽ പിന്നെ അവരെ നിന്റെ മുന്നിലേക്ക് കൊണ്ടുവരിക അസാധ്യമായിരുന്നു…അതുകൊണ്ടാണ് ഞാൻ… ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്…..”

“എനിക്ക് തോന്നിയിരുന്നു കാര്യമുള്ള കാര്യത്തിനായിരിക്കുമെന്ന്..എന്നാലും എനിക്കെന്തോ എല്ലാം മറച്ചു വയ്ക്കാൻ തോന്നിയില്ല….

രൂദ്രേട്ടൻ എന്നോട് ക്ഷമിക്കില്ലേ….”
സൈറ അവന്റെ തോളിലേക്ക് ചാഞ്ഞു..

കാശി പതിയെ അവളെ തന്റെ നെഞ്ചിലേക്ക് ഇറക്കി കിടത്തി…ഒരു കൈ അവളുടെ ഇടുപ്പിലൂടെ കടത്തി ചുറ്റിപ്പിടിച്ചുംകൊണ്ട് മറുകയാൽ അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു…

അപ്പോഴേക്കും കളിയും ഓട്ടവും ചാട്ടവും ഒക്കെ കഴിഞ്ഞു ക്ഷീണിച്ച ആദിയും ആമിയും അവരുടെ മടിയിലേക്ക് കയറിയിരുന്നു…

ആമിയാണെങ്കിൽ സൈറയുടെ മടിയിൽ കയറിയിരുന്ന് അവളുടെ ടോപ്പിന്റെ മുകൾഭാഗം പിടിച്ചു വലിക്കുവാൻ തുടങ്ങി…അത് പാലിന് വേണ്ടിയാണെന്ന് മനസ്സിലാക്കിയ സൈറ ആമിയെയും കൊണ്ട് എഴുന്നേറ്റ് അകത്തേയ്ക്ക് പോകാനൊരുങ്ങി..

സൈറ ആദിയെ നോക്കിയപ്പോൾ അവൻ കാശിയുടെ നെഞ്ചിൽ ചാരിയിരുന്ന് അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ തന്റെ കൈകൾ കോർത്ത് കളിക്കുകയായിരുന്നു..

സൈറ ആമിയെയും കൊണ്ട് അകത്തേയ്ക്ക് നടക്കാനാഞ്ഞതും ആമി ബഹളം ഉണ്ടാക്കാൻ തുടങ്ങി..

“മ്മേ..ആത്…..”..അങ്ങനെ പറഞ്ഞുകൊണ്ട് ആദിയെ ചൂണ്ടിക്കാണിച്ചു…

സൈറ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാശിയെ നോക്കി…അവനും ഒരു പുഞ്ചിരിയോടെ ആദിയുമായി സൈറയുടെ പിന്നാലെ അകത്തേയ്ക്ക് പോയി…

ആദിയെ അവിടെ ഇരുത്തിയ ശേഷം കാശി സാമിന്റെ മുറിയിലെ കുളിമുറിയിൽ ചെന്ന് ഫ്രെഷാവാനായി പോയി..

ഈ സമയം കാശിയുടെ മുറിയിൽ ആദിയും ആമിയും സൈറയുടെ ഇരു നെഞ്ചിലുമായി കിടന്ന് അവളുടെ അമ്മിഞ്ഞ നുകരുകയായിരുന്നു… ആ കുഞ്ഞുങ്ങളുടെ കൈകൾ അപ്പോഴും വിടാതെ കോർത്തു പിടിച്ചിരുന്നു…സൈറയുടെ കൈകൾ അവരെ പൊതിഞ്ഞുകൊണ്ടും……..

******************************

സൈറയുടെ ഫ്‌ളാറ്റിൽ എല്ലാവരും തിരക്കിട്ട പണിയിലാണ്…കുഞ്ഞുങ്ങളുടെയും സൈറയുടെയും ജന്മദിനം ഒന്നിച്ചാഘോഷിക്കാനുള്ള തിരക്കിലാണെല്ലാവരും…

ഉച്ചയ്ക്ക് സൈറയും കാശിയും ഉണ്ടാകില്ല എന്ന് പറഞ്ഞതുകൊണ്ട് തന്നെ അവർ കാര്യമായ് ഒന്നും ഉണ്ടാക്കിയിരുന്നില്ല..
വൈകുന്നേരം എല്ലാം ശെരിയാക്കാം എന്നവർ തീരുമാനിച്ചു……….

വൈകുന്നരത്തേയ്ക്ക് നല്ല മട്ടൻ ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു..കൂടെ ആടിന്റെ തന്നെ തല കൊണ്ട് ഉണ്ടാക്കിയ സൂപ്പും..അതിൽ അൽപം എരിവില്ലാത്തത് ഉണ്ടാക്കി കുഞ്ഞുങ്ങൾക്കായി മാറ്റിവച്ചു..

ബിരിയാണിയുടെ പാചക ചുമതല പുരുഷകേസരികൾ ഏറ്റെടുത്തപ്പോൾ ബാക്കി അരിയലും അടുക്കിപെറുക്കൽ അതുപോലുള്ളവയെല്ലാം സ്ത്രീ ജനങ്ങളും ഏറ്റെടുത്ത് നടത്തി…..

ലില്ലി കേക്ക് ഉണ്ടാക്കാൻ മിടുക്കി ആയിരുന്നു. അതിനാൽ തന്നെ അവർ ഹൃദയാകൃതിയിലുള്ള ഫ്രഷ് ക്രീം കൊണ്ട് ഫിൽ ചെയ്ത റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കി…അതിന്റെ വശങ്ങളിലായി ക്രീം കൊണ്ട് തന്നെ അലങ്കരിക്കുകയും ചെയ്തു…അതിൽ സൈറയും കാശിയും കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു……

******************************

കാശി ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും സൈറ അവന്റെ നെഞ്ചിൽ കിടക്കുന്നതാണ് കണ്ടത്…ആദിയും ആമിയും അവളുടെ വയറിൽ തലവെച്ചും കിടന്നിരുന്നു…

ആ കിടപ്പ് കണ്ട് അവന് അതിയായ സന്തോഷം തോന്നി…

കുഞ്ഞുങ്ങളുടെ വിശപ്പ് മാറിയോ എന്നറിയാനായി അവൻ വന്ന് നോക്കിയപ്പോഴാണ് സൈറയും കുഞ്ഞുങ്ങളും ഉറങ്ങിയത് കാണുന്നത്….അത് കണ്ടപ്പോൾ അവനും കിടക്കാൻ തോന്നിയതുകൊണ്ടാണ് അവിടെ സൈറയുടെ അടുത്തായി അവൻ വന്ന് കിടന്നതെന്ന് അവൻ ഓർത്തു…

അവൻ സൈറയേയും കുഞ്ഞുങ്ങളെയും ഉണർത്താതെ പതിയെ എഴുന്നേറ്റു…സമയം നോക്കിയപ്പോഴാണ് അഞ്ചു മണി കഴിഞ്ഞത് അവന് മനസ്സിലായത്…

അവൻ വേഗം അടുക്കളയിൽ ചെന്ന് സൈറയ്ക്കും തനിക്കും ഓരോ കാപ്പിയും കുഞ്ഞുങ്ങൾക്ക് പാലും തിളപ്പിച്ചാറ്റി കുപ്പികളിലാക്കിയതുമായി മുറിയിലേക്ക് ചെന്നു…

അവൻ പതിയെ സൈറയെ തട്ടിയുണർത്തി…അവൾ പെട്ടന്ന് പിടഞ്ഞെഴുന്നേറ്റത്തും കുഞ്ഞുങ്ങളും കൂടെ എഴുന്നേറ്റു…

ഉറക്കം മുറിഞ്ഞതിന്റെ ആലസ്യത്തിൽ അവർ ഉറക്കെ കരയാൻ തുടങ്ങി…കാശി ആമിയെയും സൈറ ആദിയെയും എടുത്തു….അപ്പോൾ തന്നെ അവരുടെ കരച്ചിലും നിന്നു..

കാശി കുഞ്ഞുങ്ങളുടെ കയ്യിലേക്ക് കുപ്പികൾ വച്ചുകൊടുത്തു…അവർ അത് നുണഞ്ഞുകൊണ്ട് മുറിയ്ക്ക് പുറത്തേക്കോടി…

സൈറ പോകാനായി നിന്നതും അവൻ അവളുടെ കയ്യിലേക്ക് കാപ്പി വച്ചു കൊടുത്തു..എന്നിട്ട് അവളെ ബെഡിലേക്ക് ഇരുത്തി…അവൻ അവളുടെ മടിയിലേക്ക് കയറി കിടന്നു…

സൈറയുടെ കൈകൾ അവന്റെ മുടിയെ തലോടിക്കൊണ്ടിരുന്നു…ആ ഇരുപ്പിൽ അവർ വീണ്ടും ഒന്ന് മയങ്ങിപ്പോയി…

******************************

എന്തൊക്കെയോ ശബ്ദം കേട്ടുകൊണ്ടാണ് സൈറയും കാശിയും മയക്കം വിട്ടുണർന്നത്…അവർ കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് അവരെ നോക്കി പുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങളായിരുന്നു..

എന്നാൽ പിന്നെ ചുറ്റും നോക്കിയപ്പോഴാണ് ആ നിഷ്കളങ്കതയുടെ അർത്ഥം അവർക്ക് മനസ്സിലായത്…

ആ മുറി മുഴുവനും അവരുടെ കളിപ്പാട്ടങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു…അവർ കിടന്ന ബെഡിലേക്ക് നോക്കിയപ്പോൾ അവിടെ അവർ കിടന്ന ഭാഗമൊഴികെ ബാക്കിയുള്ള ഭാഗത്തെ ബെഡ്ഷീറ്റ് നീങ്ങി അതിൽ പാൽ കുപ്പിയും കുഞ്ഞുങ്ങളുടെ ബിൽഡിങ് ബ്ലോക്സും പിന്നെ അവിടെ ഡ്രസിങ് ടേബിളിന്റെ മുകളിലിരുന്ന കാശിയുടെ പമോലീവിന്റെ ഷേവിങ്ങ് ക്രീമും ഒക്കെ ആ ബെഡിൽ ഉണ്ടായിരുന്നു..

ആ ഡ്രസിങ് ടേബിളിന്റെ ഇടതു വശത്തുള്ള കസേര കണ്ടപ്പോഴേയ്ക്കും ആ ക്രീം എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നതിനെക്കുറിച്ചൊരു ധാരണ ഇരുവർക്കും ഉണ്ടായി……..

നിലം മുഴുവനും അവരുടെ ബോളുകളും പാവകളും അങ്ങനെയുള്ള സകല സാധനങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു…

തന്റെ മുറിയുടെ കോലം കണ്ട് കാശി വായും പൊളിച്ചിരുന്നു…സൈറ അവന്റെ വായ അടച്ചു വച്ചുകൊണ്ട് തലയ്ക്ക് കയ്യും കൊടുത്തിരുന്നു….കാശിയുടെ ചിന്ത മുഴുവനും ഇവരുടെ കുരുത്തക്കേടുകൾ ആയിരുന്നു………

സൈറയുടെയും കാശിയുടെയും മുഖഭാവം കണ്ട കുഞ്ഞാമിക്കും കുഞ്ഞാദിക്കും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് മനസ്സിലായതിനാലവണം അവർ ഓടി വന്ന് ബെഡിൽ കയറി…

കയറിയപ്പോൾ ചവിട്ടിയത് ഷേവിങ് ക്രീമിൽ ആയിരുന്നു…അത് വകവയ്ക്കാതെ ആ കാലുകളുമായി അവർ ഇരുവരും ഓടി കാശിയുടെയും സൈറയുടെയും ദേഹത്തേയ്ക്ക് കയറി…

ആ ക്രീം മുഴുവനും അവരുടെ ദേഹത്തായി…എന്നാൽ കുഞ്ഞുങ്ങൾ അതൊന്നും അറിയാതെ അവരുടെ കഴുത്തിൽ കയ്യിട്ട് തോളോട് ചേർന്നിരുന്നു..

സൈറയ്ക്കും കാശിയ്ക്കും ഇത് കണ്ടിട്ട് ചിരിയാണ് വന്നത്. .അവർ പെട്ടന്ന് തന്നെ പൊട്ടിച്ചിരിച്ചു…അവരുടെ ചിരി കണ്ട് തോളിലേക്ക് ചാഞ്ഞ കുഞ്ഞുങ്ങളും അവരെ നോക്കി ചിരിച്ചു..

സൈറ വേഗം തന്നെ രണ്ടുപേരെയും വാരിയെടുത്തുകൊണ്ട് അവരെ വൃത്തിയാക്കുവാനായി ബാത്റൂമിലേക്ക് കയറി…പോകുന്ന വഴി കാശിയോട് മുറി വൃത്തിയാക്കുവാൻ പറയുവാനും മറന്നില്ല…

കാശി മുറിയൊക്കെ വൃത്തിയാക്കിയപ്പോഴേക്കും ഒരു വിധം നനഞ്ഞു കുളിച്ച് സൈറ രണ്ടു കുഞ്ഞുങ്ങളെയും തൂക്കിയെടുത്തുകൊണ്ട് പുറത്തേയ്ക്ക് വന്നു…കാശിയുടെ കോലം കണ്ട് സൈറയും സൈറയുടെ കോലം കണ്ട് കാശിയും പൊട്ടിച്ചിരിച്ചു….ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞുങ്ങളും അവരോടു കൂടെ ആ ചിരിയിൽ പങ്കു ചേർന്നു…..

അവൾ ഇട്ടിരുന്ന വസ്ത്രം മുഴുവനും നനഞ്ഞിരുന്നു…അവൾ കുഞ്ഞുങ്ങളെ വേഗം തന്നെ കട്ടിലിൽ കിടത്തി…അപ്പോഴേക്കും കാശി കിടക്കവിരി മാറ്റിയിരുന്നു…

അവരെ വസ്ത്രം ധരിപ്പിക്കാനായി അലമാര തുറന്നപ്പോഴാണ് കാശി കുഞ്ഞുങ്ങൾക്കുള്ള വസ്ത്രവുമായി വന്നത്…

“മറിയാമ്മോ… ദാ പിടിച്ചോ..ഇവർക്കുള്ള വസ്ത്രങ്ങളാണ്… പക്ഷെ ഇപ്പൊ ഇവർ ഇങ്ങനെ നടക്കട്ടെ..നമ്മൾ വസ്ത്രം മാറിയിട്ട് ഇവരെ മാറ്റിയുടുപ്പിച്ചാൽ മതി….ഇല്ലേൽ എന്തെങ്കിലും കുരുത്തക്കേട് ഇവർ കാണിക്കും…”

അത് പറഞ്ഞുകൊണ്ട് അവരെ നോക്കിയതും പതുക്കെ ഒരു പുഞ്ചിരിയോടെ അവരുടെ കണ്ണുകൾ അടഞ്ഞുപോകുന്നതാണ് അവർ കണ്ടത്..

അത്രയും നേരം കളിച്ചതിന്റെ ക്ഷീണവും ഒന്ന് കുളിച്ചപ്പോൾ ശരീരത്തിന് ലഭിച്ച തണുപ്പും എല്ലാം കൂടെ അവരെ നല്ലൊരു ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി…

കാശി മറ്റൊരു കവർ കൊണ്ടുവന്ന് സൈറയ്ക്ക് കൊടുത്തു..എന്നിട്ട് കുഞ്ഞുങ്ങളുടെ നെറ്റിയിൽ ഓരോ മുത്തം കൊടുത്തതിന് ശേഷം അവൻ സാമിന്റെ മുറിയിലേക്ക് പോയി…

കാശി പോയ ഉടനെ സൈറ വാതിൽ അടച്ചു കുറ്റിയിട്ടു…കുഞ്ഞുങ്ങളെ നേരെ കിടത്തിയതിന് ശേഷം അവരുടെ ഇരു വശങ്ങളിലും തലയിണകൾ വച്ചുകൊടുത്തു…എന്നിട്ട് അവൾ കാശി കൊടുത്ത ആ കവർ തുറന്നു നോക്കി..

അതിൽ പൊൻമാൻ നീലക്കളറിലുള്ള ഒരു സാരിയായിരുന്നു…അതിന്റെ മുന്താണിയിൽ ഒരു വലിയ മയിൽപ്പീലി ഉണ്ടായിരുന്നു…കൂടാതെ നെഞ്ചിന്റെ ഭാഗത്തായി സ്വർണ നിറത്തിലുള്ള കല്ലുകളും…അതിന് ചേരുന്ന പച്ച നിറത്തിലുള്ള ഡബിൾ ഷെയ്ഡഡ് ബ്ലൗസ് ആയിരുന്നു ഉണ്ടായിരുന്നത്…ബ്ലൗസ് ബോട്ട് നെക്ക് രീതിയിൽ ബാക്ക് ഓപ്പൺ ആയിരുന്നു…കഴുത്തിന്റെ വശങ്ങളിലായി മുത്തുകളും ഉണ്ടായിരുന്നു..

അവൾക്കത് ഒത്തിരി ഇഷ്ടമായി…അവൾ വേഗം തന്നെ കുളിച്ചു ആ സാരീ ഉടുത്തുകൊണ്ട് അണിഞ്ഞൊരുങ്ങി…അതിന് ചേരുന്ന വിധത്തിലുള്ള മാലയും ജിമിക്കിയും വളകളും ഉണ്ടായിരുന്നു…അതെല്ലാം അവൾ അണിഞ്ഞു…കൂടെ അവളുടെ രൂദ്രേട്ടൻ അവളുടെ കയ്യിൽ ഇട്ടുകൊടുത്ത മരിയ എഴുതിയിരിക്കുന്ന മോതിരവും..

താലി അവൾ പുറത്തേയ്ക്കെടുത്തിട്ടു…അവൾ പുറത്തിറങ്ങിയപ്പോൾ കണ്ടു തന്നെയും പ്രതീക്ഷിച്ചുകൊണ്ട് അതേ നിറമുള്ള ഷർട്ടും അതിന് ചേരുന്ന കരയുമുള്ള മുണ്ടും ഉടുത്തുകൊണ്ട് നിൽക്കുന്ന കാശിയെ..

ഇരുവരുടെയും കണ്ണുകൾ വിടർന്നു…അവൻ അവന്റെ കൈകൾ വിരിച്ചു…സൈറ ഓടിച്ചെന്ന് അവന്റെ മാറോടണഞ്ഞു ….അവൻ അവളുടെ നെറ്റിയിൽ ചുംബിക്കാനായി തുടങ്ങിയപ്പോഴേക്കും ആദിയുടെ ശബ്ദം അവരുടെ കാതുകളിൽ അലയടിച്ചു…
അവൾ വേഗം അവനെ തള്ളിമാറ്റി കുഞ്ഞുങ്ങളുടെ അടുക്കലേക്ക് ഓടി…പിറകെ അവനും..

അവിടെ ചെന്നപ്പോൾ അവർ രണ്ടുപേരും മൂക്കിൽ വിരൽവച്ചു തമ്മിൽ “ചേം” എന്ന് പറഞ്ഞു കളിയാക്കുന്നതാണ് കണ്ടത്…അവരെ കുളിപ്പിച്ചിട്ട് ആകെ നാപ്കിൻ മാത്രമേ ധരിപ്പിച്ചിരുന്നുള്ളൂ…രണ്ടുപേരും സ്വയം നോക്കാതെ മൂക്കിൽ വിരൽവച്ചു കളിയാക്കുന്ന തിരക്കിലായിരുന്നു..

ഇത് കണ്ടപ്പോഴേയ്ക്കും കാശിക്കും സൈറയ്ക്കും ചിരി വന്നു..കാശി വേഗം തന്നെ ആദിയെയും അവന്റെ വസ്ത്രങ്ങളും എടുത്തുകൊണ്ട് മുൻപിലത്തെ മുറിയിലേക്ക് പോയി മാറ്റിച്ചു..

അവനായ് കാശി ഒട്ടിക്കാവുന്ന രീതിയിലുളള ഒരു കുഞ്ഞു മുണ്ടും ഷർട്ടും ആയിരുന്നു വാങ്ങിയിരുന്നത്…

ആമിയ്ക്കാണെങ്കിൽ ഒരു കുഞ്ഞുടുപ്പ്…അതിൽ മനോഹരമായ രീതിയിൽ മുത്തുകൾ പിടിപ്പിച്ചിരുന്നു…കയ്യിൽ ഒന്ന് രണ്ട് കരിവളകളും തലയിൽ പൂ വച്ച ഒരു ബാൻഡും ഉണ്ടായിരുന്നു…ഇരുവർക്കും പൊൻമാൻ നീല നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെയായിരുന്നു എടുത്തിരുന്നത്…

അവർ എല്ലാവരും ഒന്നിച്ചു നല്ലൊരു ഫോട്ടോയെടുത്തതിന് ശേഷം സൈറയുടെ ഫ്‌ളാറ്റിലേക്ക് ചെന്നു…

******************************

സൈറയുടെ ഫ്‌ളാറ്റിൽ എല്ലാവരും തകൃതിയായി പണിയിലായിരുന്നു…അലങ്കാരത്തിന്റെ കാര്യങ്ങളെല്ലാം സാമും മിയായും ഏറ്റെടുത്തു…

അങ്ങനെ എല്ലാം കഴിഞ്ഞതും അവരെ വിളിക്കാൻ സാം പോകാൻ തുടങ്ങിയപ്പോഴാണ് കോളിങ് ബെൽ കേട്ടത്…

അവൻ തുറന്നു നോക്കിയതും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന കാശിയെയും സൈറയേയും കുഞ്ഞുങ്ങളെയുമാണ് കണ്ടത്…

അവർ എല്ലാവരും ആ വേഷത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…

“പപ്പേ..” എന്നും വിളിച്ചുകൊണ്ട് ആദി സാമിന്റെ മേലേക്ക് ചാടിയപ്പോഴാണ് അവൻ ഞെട്ടിയത്…അവൻ വേഗം ആദിയെ കൈകളിലേന്തി അകത്തേയ്ക്ക് ചെന്നു…അവന്റെ മുഖഭാവം കണ്ട് ചിരിച്ചുകൊണ്ട് കാശിയും സൈറയും അവനെ അനുഗമിച്ചു……….

അകത്തെ ഒരുക്കങ്ങൾ ഒക്കെ കണ്ടപ്പോൾ ഇരുവരുടെയും കണ്ണുകൾ ആകാംക്ഷയാൽ വിടർന്നു…അത്ര ഭംഗിയായി അവിടം മുഴുവനും അലങ്കരിച്ചിരുന്നു…..

സൈറ തന്റെ അപ്പയും അമ്മയും മരിച്ചതിന് ശേഷം ആദ്യമായി ആയിരുന്നു അവളുടെ ജന്മദിനം ആഘോഷിച്ചത്…അവരുടെ അഭാവം…അത് അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു നൊമ്പരമായി കിടന്നു…എങ്കിലും അവൾ അതെല്ലാം തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുടെ സഹായത്താൽ അതി വിദഗ്ധമായി മറച്ചു…….

അവർ ഊണുമുറിയിലേക്ക് ചെന്നപ്പോഴേക്കും കണ്ടു തങ്ങളുടെ ഫോട്ടോ വച്ച് ഉണ്ടാക്കിയിരിക്കുന്ന അതിമനോഹരമായ കേക്ക്…….

“പ്പാ… മ്മാ….ദേ….”…കുഞ്ഞാദിയും കുഞ്ഞാമിയും ആ കേക്ക് കണ്ട് അത്ഭുതത്തോടെ സൈറയേയും കാശിയെയും കാണിച്ചു കൊടുത്തു…
അവർ ചിരിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കോരോ മുത്തങ്ങൾ സമ്മാനിച്ചു……..

അപ്പോഴേക്കും എല്ലാവരും കുളിയൊക്കെ കഴിഞ്ഞു വന്നു…എല്ലാവർക്കും അവരെ കണ്ടപ്പോൾ തന്നെ സന്തോഷമായി…

“അതേ…മക്കളെ..നമുക്ക് കേക്ക് മുറിച്ചാലോ…”..ലില്ലി എല്ലാവരോടുമായി ചോദിച്ചു…

ഉടനെ തന്നെ മിയ പോയി കത്തിയെടുത്തുകൊണ്ട് വന്ന് സൈറയുടെ കയ്യിൽ കൊടുത്തു…അവൾ ആ കത്തി കാശിയുടെ കയ്യോട് ചേർത്തു പിടിച്ചു…കുഞ്ഞുങ്ങളെ ഒരു കൈ കൊണ്ട് എടുത്ത് മറു കൈ കൊണ്ട് അവർ ആ കേക്ക് മുറിച്ചു…

കാശി ആദ്യം തന്നെ ഒരു കഷണം എടുത്ത് സൈറയ്ക്ക് കൊടുത്തു..എന്നിട്ട് അത് അവളുടെ കയ്യിൽ ഇരുന്ന ആമിയ്ക്കും പിന്നെ ആദിയ്ക്കും കൊടുത്തു..സൈറയും അതുപോലെ തന്നെ…ആദ്യം കാശിക്കും പിന്നെ ആദിയ്ക്കും അവസാനം ആമിയ്ക്കും അവൾ അത് നൽകി…

പിന്നീട് സാം അത് മുറിച്ചു ഓരോരുത്തർക്കായി നൽകി…ആ സമയം കൊണ്ട് ലില്ലിയും ജീനയും കുഞ്ഞുങ്ങൾക്ക് എരിവില്ലാത്ത സൂപ്പ് കൊടുത്തു..

അതിന് ശേഷമാണ് അവർ ബിരിയാണി കഴിച്ചത്…നല്ല കുരുമുളക് ചേർത്ത് വരട്ടിയെടുത്ത ആട്ടിറച്ചി ദം അടിച്ച ബിരിയാണിയും കൂടെ നല്ല ആട്ടിൻ തല സൂപ്പും.. എല്ലാം അവർ തൃപ്തിയോടെ കഴിച്ചു…കുഞ്ഞുങ്ങളെ നോക്കാനുള്ളതുകൊണ്ട് സാമും മിയയും ആദ്യമേ കഴിച്ചിരുന്നു…അവർ കുഞ്ഞുങ്ങളുമായി സാമിന്റെ ഫ്‌ളാറ്റിലേക്ക് പോയിരുന്നു..

എല്ലാവരും കഴിച്ചു കഴിഞ്ഞു അടുക്കളയൊക്കെ വൃത്തിയാക്കിയതിന് ശേഷം കിടക്കാനായി പിരിയാൻ തുടങ്ങി..

സാമും മിയയും അപ്പോഴേക്കും ഉറക്കാൻ ശ്രമിച്ചിട്ടും ഉറങ്ങാതെ അവരുടെ മുടിയിലും താടിയിലും ഒക്കെ പിടിച്ചു വലിച്ചു കളിക്കുന്ന കുഞ്ഞുങ്ങളുമായി തിരികെ വന്നിരുന്നു…

ഇതിനോക്കെ തന്റെ കൊച്ചുമക്കളെക്കൊണ്ട് പകരം വീട്ടിക്കും എന്നൊക്കെ സാം ആമിയോടും ആദിയോടും പറയുന്നുണ്ടായിരുന്നു…

എല്ലാവരും അവരവരുടെ മുറിയിലേക്ക് പോകാൻ നേരമാണ് ജാനകി ആ കാര്യം പറഞ്ഞത്……

(തുടരും….)

അറിയാതെ : ഭാഗം 24