Saturday, January 18, 2025
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

“ഹരീ… നീയിവിടെ ഉണ്ടായിരുന്നോ… ഞാനെവിടൊക്കെ നോക്കി..” പിന്നിൽ ശ്രീയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു.

” ന്താടാ…ഒരു വല്ലായ്മ..” നെറ്റി ചുളുക്കി ശ്രീ ഹരിക്ക് നേരെ കൈ നീട്ടി.

” ഏയ്..ഒന്നൂല്യടാ..” ശ്രീയുടെ കൈ പിടിച്ചു പടവുകൾ കേറി അയാൾ.

” ടാ… ആ ഇടക്കാട്ട് മാരാർ എത്തിയിട്ടുണ്ട്… ഞാൻ മെല്ലെ ഇങ്ങുപോന്നു. ഇപ്പോ കാണണ്ടാ ന്നു വെച്ചു.”

” മ്മ്….” ഹരിയൊന്നു അമർത്തിമൂളി. പിന്നെ കുളത്തിനു കരയിൽ നിന്നു ചുറ്റുപാടും ഒന്നു വീക്ഷിച്ചു. അയാളുടെ മനസിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു.

അന്നുവരെയും ഒന്നും മറച്ചുവച്ചിട്ടില്ലാത്ത തന്റെ പാതി ജീവനായ ശ്രീകാന്ത് പോലും അറിയാതെ……!!

ശ്രീയോടൊപ്പം വയനശാലചുറ്റി വയലിലൂടെ ഹരി വീട്ടിലേക്ക് നടന്നു അപ്പോഴും അയാളുടെ കണ്ണുകൾ ഒരു പുലിയുടെ ദൃഷ്ട്ടിപോലെ ചുറ്റുപാടുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.

തൊടിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അരവിന്ദൻ തലകുത്തി വീണ പൊട്ടക്കിണറിന്റെ അരുകിൽ ഹരിയൊന്നു നിന്നു.

” മ്മ് ..ന്താടാ…” ശ്രീ സംശയത്തോടെ ഹരിയെ നോക്കി.

” ഏയ്…ഒന്നുല്ല്യാ ടാ.. ഈ കുഴി ഒന്നു നികത്തണം…”

“മെല്ലെ പോരെ…”

” പോരാ… നോക്കട്ടെ ആരേലും കിട്ടുമോന്നു…” പിന്നെയും പലതും പറഞ്ഞുകൊണ്ട് അവർ വീട്ടിലേക്ക് നടന്നു. തൊഴുത്തിന്റെ അരികിലൂടെ മുറ്റത്തേക്ക് കയറുമ്പോൾ ഹരിയുടെ മുഖത്തു കണ്ട ആലോചനാഭാവം ശ്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഹരിയോട് യാത്ര പറഞ്ഞു ശ്രീ വീട്ടിലെത്തുമ്പോൾ ചാരു കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“ശ്രീയേട്ടാ..നാളെ മുതൽ ഉണ്ണിക്കുട്ടന് വ്രതാണ്… അവനെക്കൊണ്ട് പറ്റ്വോ…” അയാളുടെ പുറകെ അകത്തേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചു.

“മ്മ്..” അയാളൊന്നു മൂളി.

” എന്താ ശ്രീയേട്ടാ..ന്തേലും പ്രശ്നണ്ടോ..”

ഓടിവന്ന അമ്മുക്കുട്ടിയെ എടുത്ത് മടിയിൽ വച്ചുകൊണ്ട് സെറ്റിയിലേക്ക് ചാഞ്ഞ ശ്രീകാന്തിന്റെ കയിൽ പിടിച്ചുകൊണ്ട് ചാരു അരികത്തേക്കിരുന്നു.

അല്പനിമിഷം അയാൾ മിണ്ടതെയിരുന്നു.

” ശ്രീയേട്ടാ…ന്താ ഒന്നും പറയാതെ…”

” മ്മ്…ന്തൊക്കയോ ഉണ്ട് ചാരു…ഹരിയുടെ മട്ടും ഭാവവും …എനിക്കെന്തോ പേടി തോന്നുന്നുണ്ട്…എന്നോട് പറയാതെ അവൻ എന്തൊക്കയോ കണക്കുകൂട്ടൽ നടത്തുന്ന പോലെ..” അയാൾ തലക്കുമുകളിൽ കറങ്ങുന്ന ഫാനിലേക്ക് ദൃഷ്ടിയുറപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

ചാരു പേടിച്ചു പോയി.

” ശ്രീയേട്ടാ…” അവൾ അയാളുടെ കൈകളിലെ പിടി ഒന്നുകൂടി മുറുക്കി.

” മ്മ്..സാരമില്ലെടി….ഞാൻ വിട്ടുകൊടുക്കില്ല.. നീ പേടിക്കണ്ട…ഇത്ര വർഷം ഞാൻ നോക്കിയില്ലേ….” അയാൾ എന്തോ ചിന്തിച്ചുകൊണ്ട്പറഞ്ഞു.

” ഹോ..ആ സമയത്തു തന്നേ അരവിന്ദനും ഇവിടെ ഇല്യാണ്ടായി…ശ്രീയേട്ടാ..അവര് എന്നുവരുമെന്നു വല്ലോം പറഞ്ഞാരുന്നോ…വിളിക്ക്യോ മറ്റോ ചെയ്തോ…” ചാരു ആകാംഷയോടെ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

” മ്മ്..വരും…അവർ രണ്ടുപേരും വരും….” അയാൾ കടുത്ത ആലോചനയിലാണെന്നു ചാരുവിന് മനസിലായി. അവളുടെ ഹൃദയം വല്ലാത്തൊരു ആശങ്കയിൽ പിടയാൻ തുടങ്ങിയിരുന്നു.

ഉറക്കമില്ലാത്ത രാത്രികളാണല്ലോ വരാൻ പോകുന്നത് എന്നോർത്തു അവൾ വല്ലാതെ അസ്വസ്ഥയായി. ‘ മഹാദേവാ.. ആപത്തൊന്നും വരുത്തരുതെ’ ..അവൾ നിശബ്ദമായി പ്രാർത്ഥിച്ചു.
************ ********* **********

അത്താഴത്തിനിരിക്കുമ്പോഴാണ് ഗോമതിക്ക് ഹരിയോട് സംസാരിക്കാൻ അവസരം കിട്ടുന്നത്. അവനരുകിൽ ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു. ഹരി ഉണ്ണിക്കുട്ടന്റെ പാത്രത്തിലേക്ക് കഞ്ഞിയും തോരനും അച്ചാറും വിളമ്പി അവന്റെ മുഖത്തേക് നോക്കി പുഞ്ചിരിച്ചു.

” ഉണ്ണിക്കുട്ടന് പേടിയുണ്ടോ..”

“ഇല്ലച്ചേ… നിക്ക് പേടിയില്ല്യാ…”

“മ്മ്..മിടുക്കൻ…നാളെ മുതൽ മോന് വ്രതാനുഷ്ഠാനം ആണ്…വെളുപ്പിനെ കുളിക്കണം…പിന്നെ അമ്പലത്തിൽന്നു ശാസ്ത്രീകൾ വന്നു പറഞ്ഞുതരും ന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടതെന്നു… ഒക്കേ മുറതെറ്റാതെ ചെയ്യണം…മോന്റെ കൊച്ചു നു വേണ്ടിയാണട്ടോ..” അയാൾ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അവൻ തലയാട്ടി കേട്ടുകൊണ്ടും.

എല്ലാം കേട്ട് ഗോമതി നെഞ്ചിലൊരു പിടപ്പുമായി അവർകരുകിലിരുന്നു.

” ഹരീ… കുട്യോളു പോയിട്ട് വിളിക്ക്യോ പറയ്യോ മറ്റോ ചെയ്തോ…” അവർ ആകാംഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി. ഇന്നലെ ഡൽഹിക്ക് പോയേന് ശേഷം വിളിച്ചിട്ടില്ല്യ മ്മേ… മ്മ് വിളിക്കട്ടെ…. അവിടൊക്കെ ങ്ങനെയ്യാ കാര്യോന്ന് നമുക്ക് അറിയില്ലാലോ..മ്മ്..”

മൂവരും കഴിച്ചിട്ട് എഴുന്നേൽക്കുമ്പോഴാണ് ഫോണ് മണിയടിച്ചത്.

“ഏട്ടാ..ഞാനാണ്…”ഹരിയുടെ ശബ്ദം കേട്ടതും അരവിന്ദൻ പറഞ്ഞു.

“പോയകര്യം ന്തായി…”

ഹരിയും അരവിന്ദനും സംസാരിക്കുന്നതു കേട്ടുകൊണ്ട് ഗോമതിയും ഉണ്ണിക്കുട്ടനും അടുത്തിരുന്നു.

” അപ്പൊ ,ഇനി കുറച്ചൂടെ കാര്യങ്ങൾ ഉണ്ട് ..ല്ലേ…? …മ്മ് സരല്ല്യാ…ഉത്സവത്തിന് തലേന്നായാലും ഇങ്ങു എത്തിയാൽ മതി… ”
കുറച്ചു നേരം കൂടി വർത്തമാനം പറഞ്ഞിരുന്നിട്ട് അവർ ഫോണ് വച്ചു.

ഗോമതി ഉണ്ണിക്കുട്ടനുമായി ഉറങ്ങാൻ പോകുന്നത് നോക്കിനിന്നിട്ട് ഹരി മെല്ലെ അരവിന്ദന്റെ മുറിയിലേക്ക് നടന്നു.

മേശമേൽ അടുക്കിവച്ചിരുന്ന പുസ്തകങ്ങൾക്ക് മീതെക്കൂടി അയാൾ വിരലുകളോടിച്ചു. അതിനിടയിൽ നിന്നും അയാളൊരു പുസ്തകം വലിച്ചെടുത്തു പേരുവായിച്ചു. ‘അംങ്ഷ്യൻറ് പ്രോമിസ്’ , ജയശ്രീ മിശ്ര….

ഹരി ജനാലകൾ തുറന്നിട്ട് പുറത്തെ വയലിലേക്ക് മിഴിപാകി…കഴിഞ്ഞ പതിനെട്ട് വർഷം അരവിന്ദന്റെ സാമ്രാജ്യം….അയാൾ മുറിയാകെ ഒന്നു കണ്ണോടിച്ചു. കയ്യിലിരുന്ന ബുക് അയാളൊന്നുകൂടി മറിച്ചു നോക്കി.

അതിൽ നിന്നും ഊർന്നുവീണ് തറയിൽ കിടന്നു വിവാഹ വേഷത്തിൽ ഇന്ദുമിത്ര അയാളെ നോക്കി പുഞ്ചിരിച്ചു.

അയാൾ കുനിഞ്ഞു ഫോട്ടോ കയ്യിലെടുത്തു. തിരിച്ചും മറിച്ചും നോക്കി..പിന്നിൽ എഴുതിയിരുന്ന അക്ഷരങ്ങളിലൂടെ അയാളുടെ മിഴികളോടി. ‘ ഇന്നലെ ഒരു സ്വപ്നത്തിലാണ് നമ്മൾ കണ്ടുമുട്ടിയത്… നീയെനിക്ക് കഥകൾ പറഞ്ഞുതന്നു.. ഞാനോ നിന്നെക്കുറിച്ചുള്ള ആശകൾ കൊണ്ട് ഒരാകാശഗോപുരം തീർത്തു… ഉറക്കം ഓടിപ്പോയി, സ്വപ്നം തീർന്നും പോയി, നമുക്ക് മുകളിൽ മധ്യാഹ്നാം പാതിയിൽ നിന്നും മുഴുവനാകുന്ന ഉണർവ്… ഇനി നമുക്ക് വേർപിരിഞ്ഞേ പറ്റു…ഇനിയും മറ്റൊരു സ്വപ്നത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയാൽ… അന്നും നീയെന്നരുകിൽ ഇരുന്നു കഥകൾ പറഞ്ഞു തരണം അന്ന് നമ്മുടെ കൈകൾ മറ്റൊരു ആകാശ ഗോപുരം പണിയട്ടെ– ‘ജന്മാന്തര വാഗ്ദാനങ്ങൾ’ , ജയ്ശ്രീ മിശ്ര.

ഹരിശങ്കറിന് തൊണ്ടയിൽ ശ്വാസം വന്നു അടയുന്നതുപോലെ തോന്നി.

ഇന്ദുവിന്റെ വിവാഹ പന്തലിൽ അവൻ എത്ര വേദനയോടെ ആയിരിക്കും നിന്നിട്ടുണ്ടാവുക…അയാൾ ഫോട്ടോ തിരികെ ബുക്കിൽ വെച്ചു മേശമേലേക്ക് വച്ചിട്ട് കട്ടിലിൽ നീണ്ടുനിവർന്ന് കിടന്നു കണ്ണുകളടച്ചു. എപ്പോഴോ ഉറക്കം അയാളെത്തേടിയെത്തി.

********** *********** ********
ഒരുറക്കം കഴിഞ്ഞു ഇന്ദു കണ്ണു തുറക്കുമ്പോൾ മേശമേലേക്ക് തലചായ്ച്ചു അരവിന്ദൻ നല്ല ഉറക്കത്തിൽ ആയിരുന്നു.

ഭിത്തിയിലേക്ക് ചാരിയിരുന്നു അവൾ അരവിന്ദനെ കണ്ണിമയ്ക്കാതെ നോക്കി.

സിദ്ധുവിനൊപ്പം ഒരു മുറിയിൽ ഉറങ്ങിയിരുന്ന ആ നാലുദിവസങ്ങൾ അവളുടെ ഓർമയിലേക്ക് ചിറകടിച്ചെത്തി.

കൈപ്പത്തിയിലേക്ക് മുഖമണച്ചു വെച്ചു ഉറങ്ങാൻ ഇവരെ രണ്ടുപേരെയും ഏതു ദൈവമാണ് പഠിപ്പിച്ചത് എന്നവളോർത്തു.

ശെരിക്കും കൂടെയുള്ളത് സിദ്ധു ആണോ അരവിന്ദനാണോ എന്നവൾ ഒരുമാത്ര സംശയിച്ചു. അരവിന്ദനെ ഉണർത്താതെ മെല്ലെ ബെഡിൽ നിന്നിറങ്ങി ബാത്‌റൂമിലേക്ക് നടന്നു അവൾ.

കുളിച്ചു വസ്ത്രം മാറി എത്തുമ്പോഴേക്കും അരവിന്ദൻ ഉണർന്നിരുന്നു.

” ന്തേ…എഴുന്നേറ്റപ്പോ വിളിച്ചില്ല്യ…” അവൻ വാച്ചെടുത്ത് സമയം നോക്കിക്കൊണ്ട് അവളോട് ചോദിച്ചു.

” മ്മ്..അരവിന്ദൻ നല്ല ഉറക്കായിരുന്നില്ല്യേ… ഉറങ്ങട്ടെന്നു വച്ചു.” ബാഗിൽ നിന്നും ഹെയർ ഡ്രയെർ എടുത്തുകൊണ്ട് കണ്ണാടിക്കു മുന്നിലേക്ക് നടന്നു അവൾ.

മുഖം കഴുകി തുടച്ചുകൊണ്ട് മുറിയിലേക്ക് വരുമ്പോൾ അവൾ മുടിയുണക്കുന്നത് കണ്ട വിടർന്ന മിഴികളോടെ അവളെത്തന്നെ നോക്കി നിന്നു അരവിന്ദൻ.

” മ്മ്..ന്തേ… അവൾ പുഞ്ചിരിയോടെ കണ്ണാടിയിലൂടെ അവനെ നോക്കി.

പെട്ടന്ന് അവനൊരു ചമ്മൽ തോന്നി .
” ഏയ്…ഒന്നുല്ല്യാ..ആദ്യയിട്ടാണെ ഇങ്ങനെയൊക്കെ…ഒരു പെണ്കുട്ടിയുടെ മുറിയിൽ..നിക്കിതൊന്നും പരിചയല്ല്യ… ഞാൻ വേണമെങ്കിൽ… പുറത്തു… കിടന്നോളം..” അവൻ ചമ്മൽ മറച്ചു വതിൽക്കലേക്ക് കൈ കാട്ടി.

ഇന്ദു അവനു നേരെ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു…

” പുറത്തു എവിടെ… കോറി ഡോറിലോ അതോ ബാൽക്കണിയിലോ..? ” പൊട്ടിവന്ന ചിരി കടിച്ചമർത്തി അവൾ കപട ഗൗരവത്തിൽ അവനെ നോക്കി.

പിന്നെ ഡ്രെയർ ഡ്രസിങ് ടേബിളിന് മുകളിലേക്ക് വച്ചിട്ട് അരവിന്ദന്റെ മുൻപിൽ ചെന്നു നിന്നു.

അരവിന്ദൻ വല്ലാത്തൊരു അവസ്ഥയിലായി.
പ്രാണനുതുല്യം സ്നേഹിക്കുന്ന പെണ്ണാണ് മുന്നിൽ നിൽക്കുന്നത്. അവസ്ഥയും സാഹചര്യവും മറന്നുപോകുമോ എന്നവൻ ഭയന്നു. ഒരടി പിന്നിലേക്ക് മാറി പെട്ടന്ന് അവളിൽ നിന്നും നോട്ടം മാറ്റി തിരിയാൻ തുടങ്ങി.

അവൾക്ക് അവന്റെ മുഖത്തെ പാരവശ്യം പെട്ടന്ന് മനസിലായി. അവന്റെ കയ്യിൽ പിടിച്ചു നിർത്തി കണ്ണുകളിലേക്ക് നോക്കി.

“നോക്കു അരവിന്ദാ…ഇവിടെ ..ഈ സിറ്റിയിൽ , ഇപ്പോ നമുക്ക് നമ്മൾ മത്രേയുള്ളൂ… പരസ്പരം വിശ്വസിക്കാൻ, സ്നേഹിക്കാൻ, ഒറ്റപെടുത്താൻ ഒക്കെ…ജീവിതം ഏതൊക്കെയോ വഴികളിലൂടെ വലിച്ചിഴച്ചു ഒടുവിൽ നമ്മളെ ഒരു കൂരക്കു കീഴിൽ എത്തിച്ചു…മറ്റൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഈ നിമിഷങ്ങൾ..ഈ ദിവസങ്ങൾ എനിക്കേറ്റവും സന്തോഷം നല്കിയേനെ..പക്ഷെ…എനിക്ക് കുറച്ചുകൂടെ സാവകാശം തരണം…” അവളൊന്നു നിർത്തി പിന്നെ തുടർന്ന്,

“..അരവിന്ദനെ എനിക്ക് ഇഷ്ട്ടമാണ്..പക്ഷെ.. അതു ഒരിക്കലും സിദ്ധുവിനെ മറന്നിട്ടാകില്ല. സിദ്ധുവിനു എന്താണ് സംഭവിച്ചതെന്ന് അറിയണം… അതിനു ശേഷം എനിക്ക് മനസ് ഒന്നു പാകപ്പെടുത്തിയെടുക്കണം…. അരവിന്ദന് വേണ്ടി…അതുവരെ… അതുവരെ…എനിക്ക് വിശ്വസിച്ചു കൂടെ നിർത്താൻ വേറെ ആരുമില്ല…എനിക്ക് കുറച്ചു സമയം കൂടി തരണം…പ്ലീസ്…” അവളുടെ മുഖത്തെ ദീനത കണ്ടപ്പോൾ അരവിന്ദന് താൻ തീരെ ചെറുതായിപോകുന്നതുപോലെ തോന്നി.

അവൻ അവളുടെ കൈപിടിച്ചു തന്റെ കൈപ്പത്തി അതിനു മേലേക്ക് അമർത്തിവച്ചു.

അവളുടെ കണ്ണുകളിൽ നോക്കി നിന്നു.

“ഇന്ദുനു…വിശ്വസിക്കാം ..ഞാൻ എന്നും കൂടെ ഉണ്ടാകും. ഇന്ദുവിന്റെ ഹൃദയം എന്ന്‌ എന്നെ വേണമെന്ന് ആഗ്രഹിക്കുന്നോ അന്നുവരെ ഞാൻ നല്ലൊരു കൂട്ടുകാരൻ ആയിരിക്കും..വാക്ക്..” അവൻ പുഞ്ചിരിച്ചു. അവളും.

വേഷം മാറി ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി അവർ.

ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൾ മെല്ലെ അവന്റെ കൈ പിടിച്ചു. അവളെ നോക്കിയപ്പോൾ പടിക്കെട്ടുകളിലേക്ക് വിരൽ ചൂണ്ടിയവൾ.

ഒരു പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് അവൾക്കൊപ്പം പടികളിറങ്ങാൻ തുടങ്ങി അരവിന്ദൻ.

താഴെ റസ്റ്റോറന്റിൽ അവൾക്കെതിരെ ഇരിക്കുമ്പോൾ അരവിന്ദൻ നിശ്ശബ്ദനായിരുന്നു. ഭക്ഷണം വരാൻ വെയിറ്റ് ചെയ്യുമ്പോളാണ് ഇന്ദു അരവിന്ദന്റെ മൗനം ശ്രദ്ധിക്കുന്നത്.

” അരവിന്ദന് വിഷമായോ ഞാൻ പറഞ്ഞത്.” അവൾ ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു.

” മ്ഹൂം… ഇല്ല്യാ ഇന്ദു…”

” പിന്നെന്തേ പെട്ടന്ന് മൗനമായി..”

” ഏയ്…ഞാൻ നാട്ടിലെ കാര്യങ്ങൾ ആലോചിക്യാരുന്നു…ഹരിയേട്ടൻ അവിടെ ന്തൊക്കെ ആക്കിയിട്ടുണ്ടാവും ന്നൊരു നിശ്ചയല്ല്യല്ലോ എനിക്കേ… അതിന്റൊരു …”

അവൾ മറുപടി ഒന്നും പറഞ്ഞില്ല.

” അരവിന്ദാ….എനിക്കൊരു വാക്ക് കൂടി തരുവോ…”

” ..ഇന്ദു..പറയു…” അവൾ ഒന്നു മൗനമായി.

” അതു..” മെല്ലെ അവൾ അവന്റെ കൈകൾക്ക് മേലേക്ക് കൈയമർത്തി. “ഇനിയൊരു വേർപാട് കൂടെ എനിക്ക് താങ്ങാൻ വയ്യ അരവിന്ദാ…സിദ്ധു പോയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു…ഇനി അരവിന്ദൻ കൂടി…ഏട്ടനെ നമുക്ക് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാം….എടുത്തുചാടി ഒന്നിനും നിൽക്കല്ലേ…പ്ലീസ്.. എനിക്കുവേണ്ടി..എനിക്കുവേണ്ടി..അരവിന്ദാ”
അവളുടെ ശബ്ദം നേർത്തു നേർത്ത് ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

അരവിന്ദൻ മെല്ലെ അവളുടെ കൈകൾ ക്കടിയിൽ നിന്നും തന്റെ കൈ വലിച്ചെടുത്തു, പിന്നെ പിന്നിലേക്ക് ചാരിയിരുന്നു മാറിൽ കൈകൾ പിണച്ചു വച്ചു ആലോചനയോടെയിരുന്നു.

” അരവിന്ദാ…പ്ലീസ്…” അവൾ പിന്നെയും കേണു.

അവനൊന്നും മിണ്ടിയില്ല.

ഭക്ഷണം വന്നു. നിശ്ശബ്ദമായിരുന്നു കഴിക്കാനാരംഭിച്ചു. എന്തൊക്കയോ കഴിച്ചെന്നുവരുത്തി അവർ എഴുന്നേറ്റ്‌ ഫ്രഷ് ആയി.

ഇനിയെവിടെക്ക് എന്ന മട്ടിൽ അരവിന്ദൻ ഇന്ദുവിനെ നോക്കി. അവളുടെ ഉത്സാഹമൊക്കെ കെട്ടടങ്ങിയിരുന്നു അപ്പോഴേക്കും.

തിരികെ മുറിയിൽ വന്നു കേറുമ്പോൾ അരവിന്ദന് ചെറിയ കുറ്റബോധം തോന്നി, അവളോട് ഒന്നും പറയാതിരുന്നതിൽ. അവൻ ചെന്നു സെറ്റിയിലേക്ക് അമർന്നു. ഇന്ദു വെറുതെ ജനാലക്കരുകിൽ ചെന്നു നഗരത്തിന്റെ തിരക്കുകളിലേക്ക് മിഴിപാകി നിന്നു.

” ഇന്ദു…”

അവൾ മെല്ലെ തിരിഞ്ഞു.

” ഇവിടെ വന്നിരിക്കുവോ…” അരവിന്ദൻ അരികിലേക്ക് കൈ കാണിച്ചു. അവൾ മെല്ലെ ചെന്നവന്റെ അരികിലിരുന്നു.

അവൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

” ഇന്ദു..നിന്നെയെനിക്ക് ഒരുപടിഷ്ട്ടാണ്, നീ എന്നോട് അവശ്യപ്പെടുന്നതിനൊക്കെ ഞാനൊരുപാട് വില കല്പിക്കുന്നുമുണ്ട്.. പക്ഷെ….ഹരിയേട്ടനെ തെറ്റുപറയാനോ കുറ്റപ്പെടുത്താനോ എനിക്കാവില്ല…ഒക്കെ ഇന്ദുവിന് അറിയാല്ലോ. ഒരിക്കലും ഞാൻ ഏട്ടനെ പറഞ്ഞു തിരുത്താൻ ശ്രമിക്കില്ല , ഈ കാര്യത്തിൽ…അതിനിനി ഇപ്പോ എന്റെ ജീവൻ കൊടുക്കേണ്ടി വന്നാലും… പക്ഷെ…ഇന്ദുവിന് ഞാനൊരു വാക്ക് തരാം.. ഇന്ദുവിനെ തനിച്ചാക്കാൻ ഞാനായിട്ട് ശ്രമിക്കില്ല.

…ഏട്ടൻ എന്താണ് തീരുമാനിച്ചിരിക്കുന്നത് ന്നെനിക്കറിയില്ല്യാ…പക്ഷെ..ന്റെയുള്ളിൽ വ്യക്തമായ തീരുമാനങ്ങളുണ്ട്…ചന്ദ്രോത്ത് മൃദുലക്ക് വേണ്ടി ചിലതൊക്കെ ഞാൻ കരുതി വച്ചിട്ടുണ്ട്.” അയാൾ പറഞ്ഞു നിർത്തി അപ്പോഴയാളുടെ മുഖത്ത് കണ്ട ഭാവം ഇന്ദുവിനെ പേടിപ്പിച്ചു.

” അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ ഇന്ദു..ന്റെ ഏട്ടന് വേണ്ടി..അച്ഛനും അമ്മയ്ക്കും അച്ഛച്ഛനും വേണ്ടി…സിദ്ധുനു വേണ്ടി… പിന്നെ…നിന്നേം എന്നേം ഈ നിലയിൽ ആക്കിയവരോട്‌…. അത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ ഇന്ദു…” അയാളുടെ ചോദ്യങ്ങൾക്കൊന്നും അവളുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു. അയാൾ മെല്ലെ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു… പിന്നെ അതിലേക്ക് മുഖം താഴ്ത്തി.

” ..ന്നോട്… അരുതെന്ന് പറയരുത്… ദയവായി..” അയാൾ അവളോട് കെഞ്ചി.

ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

“ഇല്ല അരവിന്ദാ…ഇല്ല..അരവിന്ദന്റെ ആഗ്രഹം നടപ്പാക്കിക്കോളൂ… ഞാനെതിർക്കില്ല…” അവളയാളുടെ മുഖത്തു ഇരുകൈകളും അമർത്തിപ്പിടിച്ചു. പിന്നെ അയാളുടെ ശിരസിന് മീതെ മുഖം ചേർത്ത് വിങ്ങിവിങ്ങി കരഞ്ഞു.

രാത്രിയുടെ ഏതോ യാമത്തിൽ ഫോണ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു അരവിന്ദൻ ഞെട്ടിയുണരുമ്പോൾ തോളിൽ ഇന്ദു തല ചായ്ച്ചിരുന്നു ഉറങ്ങുവാണ്. അവളെ ഉണർത്താതെ മെല്ലെ സെറ്റിയിലേക് ചരിയിരുത്തി ഫോണെടുത്തു നോക്കി.

അഖിലിന്റ് കാൾ ആയിരുന്നത്.

” ഹാലോ സർ” അരവിന്ദൻ കോൾ അറ്റൻഡ് ചെയ്തു.

” ഹാ…അരവിന്ദ്…ഉറക്കത്തിൽ ഡിസ്റ്റർബ് ആയെങ്കിൽ ക്ഷെമിക്കണം. ഞാൻ വിളിച്ചത് നാളെ രാവിലെ ഒരു യാത്ര ഉണ്ടാവും . ഷാർപ് 11.30 ക്ക് റെഡി ആയിരിക്കണം, ചേതൻ വന്നു pic ചെയ്യും. ഒക്കെ ?”

” ഒക്കെ സർ…”

” ഒക്കെ. സീ യൂ ടുമോറോ മോർണിങ്…” അയാൾ ഫോണ് വെച്ചു തിരിഞ്ഞു നോക്കുമ്പോ കണ്ണുകൾ മിഴിച്ചു തന്നെ നോക്കിയിരിക്കുന്ന ഇന്ദുവിനെയാണ് കണ്ടത്.

ചുമരിലെ ക്ലോക്കിലേക്ക് സമയം നോക്കിയപ്പോൾ 3.40 എന്നു കണ്ടു.

“ആരാ അരവിന്ദാ…ന്താ…” ഉറക്കച്ചടവോടെ ഇന്ദു അവനെ നോക്കി.

കാര്യം പറഞ്ഞുകൊണ്ട് അവൻ അവൾക്കരുക്കിലേക്ക് ഇരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളുടെ ഉറക്കം ഓടിപ്പോയിരുന്നു.

” ഇന്ദു..നേരം വെളുക്കാൻ സമയം ഇനിയുമുണ്ട്…ഒന്നുടെ ഉറങ്ങിക്കോളൂ…” അരവിന്ദൻ അലിവോടെ അവളുടെ നെറുകയിൽ തലോടി. പിന്നെ ചെന്നു ബെഡ് വിരിച്ചു പുതപ്പ് നേരെയാക്കിവച്ചു. ഇന്ദു അതു നോക്കിയിരുന്നു. അവൾക്ക് അവനോട് വല്ലാത്ത സ്നേഹം തോന്നി…എത്ര ബുദ്ധിമുട്ടുന്നു അരവിന്ദൻ തനിക്കുവേണ്ടി.

അവൾ മെല്ലെ ചെന്നു ബെഡിലേക്ക് കയറി.

പുതപ്പെടുത്ത് പുതയ്ക്കുന്ന അവളെ നോക്കിക്കൊണ്ട് അരവിന്ദൻ സെറ്റിയിലേക്ക് ചാഞ്ഞു. മുഖാമുഖം നോക്കി കിടന്നവർ പതിയെ ഉറക്കത്തിലാണ്ടുപോയി.
********** ************ ************

പിറ്റേന്നു രാവിലെ 11 മണി.

റെഡി ആയി മുറിപൂട്ടി ലിഫ്റ്റ് കയറി താഴെ വന്നു ലോബിയിലേക്ക് നടന്നു അരവിന്ദനും ഇന്ദുവും. എവിടേക്കാകും യാത്ര എന്നറിയാതെ രണ്ടുപേരും വിമ്മിഷ്ട്ടപ്പെട്ടിരുന്നു.

” അരവിന്ദാ..എവിടേക്കാണെന്നൊന്നും പറഞ്ഞില്ലല്ലോ അല്ലെ..? ” അതും കൂടെ കൂട്ടി രാവിലെ മുതൽ അഞ്ചാമത് തവണയാണ് അവൾ അരവിന്ദനോട് ഇതുതന്നെ ചോദിക്കുന്നത്.

” മ്മ്…ഇല്ലാടോ… ന്തിനാണ് ഇങ്ങനെ പേടിക്കുന്നെ..ഞാനില്ല്യേ കൂടെ…” അവൻ അവളെ ഓരോ തവണയും ആശ്വസിപ്പിച്ചു.

ഏതാണ്ട് 20 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ എൻട്രൻസ് കടന്നു ചേതനും കൂടെ ആർപ്പിതും റിസപ്‌ഷനിലേക്ക് കടക്കുന്നത് കണ്ട് ഇന്ദു എഴുന്നേറ്റു. അപ്പോഴേക്കും അരവിന്ദനും അവരെ കണ്ടു കഴിഞ്ഞിരുന്നു.

സൈനീക വേഷത്തിൽ അവരെക്കണ്ട് അവിടെ ഉണ്ടായിരുന്നവരോക്ക് നോക്കുന്നുണ്ടായിരുന്നു. ഇന്ദുവും ആ വേഷത്തിലവരെ കണ്ടു വിസ്മയത്തോടെ നോക്കി.

” ഹാലോ സർ…” അവർ വേഗം ചേതന്റെ അരികിലേക്കെത്തി.

“ഗുഡ്മോർണിങ് മേം സാബ്.. അരവിന്ദ്…” അയാൾ അരവിന്ദന് കൈകൊടുത്തു കൊണ്ട് പറഞ്ഞു.

” ഒക്കെ.. റെഡി അല്ലെ…ലറ്റ്സ്‌ ഗോ…?”

പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്തുകൊണ്ട് അർപ്പിത് എത്തി. സൈനീക വാഹനം കണ്ടു അരവിന്ദനും ഇന്ദുവും ആശ്ചര്യപ്പെട്ടു നോക്കുന്നുണ്ടായിരുന്നു. അതിലേക്ക് കയറുമ്പോൾ ഇന്ദുവിന് ദേഹം കുളിർന്നു. സിദ്ധു അരികിലുള്ളതു പോലെ തോന്നി. നാലുപേരെയും വഹിച്ചുകൊണ്ട് വാഹനം റോഡിലേക്കിറങ്ങി.
********** *********** *********

ജീപ്പ് ഡൽഹി കന്റോണ്മെന്റിലേക്ക് കടന്നതോടെ ഇന്ദുവിനെ വിറക്കാൻ തുടങ്ങി. അവൾ അരവിന്ദന്റെ കയിൽ മുറുകെ പിടിച്ചു. അവൻ അവളുടെ കൈക്കുമേലെ കൈചേർത്തു പിടിച്ചു ഒരു ധൈര്യത്തിനു എന്നപോലെ.

കടന്നു പോകുന്ന വഴികളിൽ ഒക്കെ ആർമി ഗോൾഫ് കോഴ്സ്, ഡിഫെൻസ് സർവിസ് ഓഫീസർ ഇൻസ്റ്റിറ്റ്യൂട്ട്, സൈനീക ഭവൻ , എയർഫോഴ്‌സ് പബ്ലിക് സ്കൂൾ, പിന്നെയും മനസ്സിലാവാത്ത ഏതൊക്കെയോ ഇൻസ്റ്റലേഷ്‌ണുകൾ ഒക്കെ കാണുന്നുണ്ടായിരുന്നു.

അരവിന്ദന്റെയും ഇന്ദുവിന്റെയും ഹൃദയം കരക്ക് പിടിച്ചിട്ട മീനുകളെ പോലെ പിടക്കുന്നുണ്ടായിരുന്നു. അവൾ ഇടക്കിടെ മുഖം ഒപ്പിക്കിണ്ടിരുന്നു.

പെട്ടന്നാണ് അവളുടെ കണ്ണുകൾ ഒരു ബോർഡിൽ ഉടക്കിയത്. ഉള്ളിലുയർന്ന ആന്തൽ അവളുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീണു..’ ആർമി..റീസേർച്ച് ആൻഡ് റെഫറൽസ് ഹോസ്പിറ്റൽ…..’

പെട്ടന്ന് ചേതൻ ഒന്നു തിരിഞ്ഞു നോക്കി.

അവൾ മറഞ്ഞു പോകുന്ന ആശുപത്രിയുടെ നിഴലിലേക്ക് തിരിഞ്ഞു തിരിഞ്ഞു നോക്കി.

അരവിന്ദൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു നിറഞ്ഞ കണ്ണുകളുയർത്തി അവൾ അരവിന്ദനെ നോക്കി. അവൻ സാരമില്ല എന്നു തലയിലക്കി കാണിച്ചു.

അവസാനം ഇന്ത്യൻ ആർമിയുടെ ആസ്ഥാന മന്ദിരത്തിന് വെളിയിൽ ജീപ്പ് നിർത്തി ചേതൻ അരവിന്ദനും ഇന്ദുവുമായി ഇറങ്ങി.

ചുറ്റും നോക്കിയ ഇന്ദുവിന്റെയും അരവിന്ദന്റെയും നെഞ്ചിടിച്ചു പോയി.

ജീപ്പ് മെല്ലെ അവരേകടന്നുപോയി.

” വരു…” ചേതന്റെ ശബ്ദം അവരെ ഉണർത്തി.

എൻട്രൻസ് ഇൽ നിന്ന സെക്യൂരിറ്റി ഗർസ്ഡ് ചേതനോട് ന്തൊക്കയോ സംസാരിച്ചു.

ചേതൻ മറുപടി പറഞ്ഞുകൊണ്ട് എന്തൊക്കയോ കാട്ടിക്കൊടുക്കുന്നത് നോക്കി അവർ നിന്നു.

അവസാനം അവരെ അടുത്തേക്ക് വിളിച്ചു ഐഡി ചെക് ചെയ്തു.

ശേഷം വയർലെസ് എടുത്ത് ആരോടോ എന്തോ സംസാരിച്ചു.

പിന്നീട് അവരെ അകത്തേക്ക് പോകാൻ അനുവദിച്ചു.

അകത്തേക്ക് കടക്കുമ്പോൾ ഇന്ദുവിന്റെ കാലുകൾ വിറപൂണ്ടിരുന്നു. അരവിന്ദന്റെ കൈകളിൽ ബലം കൊടുത്ത അവൾ അവർക്കൊപ്പം നടന്നു.

ഓഫീസിൽ കെട്ടിടത്തിലേക്ക് കടക്കുന്നതിനു മുൻപ് വീണ്ടും സെക്യൂരിറ്റി ചെക്കിങ് നടന്നു.

മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ പുറത്തുകടക്കുമ്പോൾ അവരുടെ മൊബൈൽ ഫോണ് റൂം കീ ഒക്കെ അടങ്ങുന്ന ബാഗ് വാങ്ങി വെച്ചു അവർ .

എവിടേക്ക് നോക്കിയാലും യൂണിഫോം ധാരികളായ സൈനികർ തലങ്ങും വിലങ്ങും നടക്കുന്നു.

‘ തിരികെ ഇറങ്ങുമ്പോൾ അതു കിട്ടും’ ന്നു ഇന്ദുവിനെ സമാധാനിപ്പിച്ചു ചേതൻ അവരെയും കൂട്ടി അകത്തേക്ക് നടന്നു.

ആർമി സ്റ്റാഫ് ന്റെ ബൂട്ടുകളുടെ മുഴക്കം ഇന്ദുവിനെ പേടിപ്പെടുത്തികൊണ്ടേ ഇരുന്നു.

ലിഫ്റ്റിറങ്ങി നെടുനീളത്തിലുള്ള കോറിഡോർ വഴി നിശ്ശബ്ദയായി നടക്കുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

അവസാനം വലിയൊരു ഹാളിൽ എത്തിപ്പെട്ടു അവിടെ ക്യാപ്റ്റൻ അഖിൽ സുദർശൻ യൂണിഫോമിൽ അവരെയും കാത്തു നിൽക്കുന്നിണ്ടായിരുന്നു.

” മിത്ര…കം… അരവിന്ദ്…”അയാൾ അരവിന്ദിനെയും മിത്രയെയും കൂട്ടി ലെഫ്റ്റ് തിരിഞ്ഞു വീണ്ടും നടന്നു.

ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പാസ്സ് ചെയുന്ന സൈനികരെ കാണുമ്പോൾ ഇന്ദു അരവിന്ദന്റെ കയ്യിൽ പിടി മുറുക്കും. അരവിന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

കോറിഡോറിൽ ഒരു വശം ചെന്നപ്പോൾ ഡോറിന് അരുകിൽ തോക്കേന്തിയ സെക്യൂരിറ്റി ഗാർഡ്‌സ് നില്ക്കുന്നതു കാണാൻ തുടങ്ങി.

ഇന്ദു നെയിം ബോർഡും വായിച്ചു.

വൈസ് ചീഫ് ഓഫ് ദ ആർമി സ്റ്റാഫ്.

ക്യാപ്റ്റൻ അഖിൽ സെക്യൂരിറ്റിയോട് എന്തോ പറഞ്ഞു. പിന്നെ ഐഡി കൂടെ വേറെന്തോ പേപ്പറുകൾ ഒക്കെ കാണിച്ചു . സെക്യൂരിറ്റി അതു വെരിഫൈ ചെയ്തതിനു ശേഷം. അറ്റെന്ഷനായി പിന്നെ ഡോർ തുറന്നുപിടിച്ചു.

അവർ നാലുപേരും അകത്തേക്ക് കടന്നു.

ചുറ്റിലും ഓരോ ക്യാബിനുകൾ ആയിരുന്നു.
ഇന്ദു ഓരോന്നായി വായിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

ഡെപ്യൂട്ടി ചീഫ് ഓഫ് ദ ആർമി.
അഡ്ജുറ്റൻഡ്‌ ജനറൽ.
ക്വാർട്ടർ മാസ്റ്റർ ജനറൽ.
മാസ്റ്റർ ജനറൽ ഓഫ് ഓർനിനൻസ്.
മിലിട്ടറി സെക്രട്ടറി.
എൻജിനീയർ ഇൻ ചീഫ്….ഏഴു പ്രിൻസിപ്പൽ സ്റ്റാഫ്. അവളുടെ കണ്ണുമിഴിഞ്ഞു പോയി.

ഓരോ ക്യാബിന്റെയും മുന്നിലൂടെ പാസ്സ് ചെയ്യുമ്പോൾ സെക്യൂരിറ്റി സ്റ്റാഫ് ന്റെ നോട്ടം അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

അവസാനം കണ്ട റൂമിന്റെ വാതിൽ മുകളിൽകണ്ട ബോർഡിലേക്ക് ഇന്ദുവിന്റെ മിഴികൾ തറഞ്ഞു.

ചീഫ് ഓഫ് ആർമി സ്റ്റാഫ് ( COAS )
ഇന്ത്യൻ ആർമി
( ജനറൽ……….name )
(Year)

അവളുടെ കാലുകൾ ആ വാതിലിനു മുന്നിൽ തറഞ്ഞുപോയി.

അടുത്ത നിമിഷം വാതിൽക്കൽ നിന്ന സെക്യൂരിറ്റി ഗാർഡ് കൈ ഉയർത്തി കടന്നു പോകു എന്നു ആംഗ്യം കാണിച്ചു.

കൂടെ ഇന്ദുവിനെ കാണാതെ അരവിന്ദൻ തിരിഞ്ഞു നോക്കി. പെട്ടന്നു പിന്നോട്ടു ചെന്നു അവളുടെ കൈപിടിച്ചു മുന്നോട്ട് വലിച്ചുകൊണ്ട് അഖിലിനെയും ചേതന്റേയും ഒപ്പം നടന്നു.

സെക്യൂരിറ്റി തുറന്നുപിടിച്ച അടുത്തൊരു ഡോറിലൂടെ അകത്തേക്ക് കടന്നു ചെന്നു അവർ. അവിടെ മേജർ സഹ്യാദ്രി ശിവ് റാമും കൂടെ മറ്റേതൊക്കെയോ സൈനീകരും ഇരിക്കുന്നുണ്ടായിരുന്നു. യൂണിഫോമിൽ അദ്ദേഹത്തെ കണ്ട് അരവിന്ദൻ പകച്ചുപോയി.

ഇന്ദു ആ റൂം ആകെയൊന്നു നോക്കി. ഒരുകൂട്ടം സൈനികരുടെ ഇടയിൽ കൂട്ടം തെറ്റി വന്ന ആട്ടിൻകുട്ടി കണക്കെ പേടിയോടെ അവൾ നിന്നു.

എ സി യുടെ നേരിയ മൂളക്കം ഒഴിച്ചു മറ്റൊരു ശബ്ദവും കേൾക്കാനില്ലായിരുന്നു.

എന്തു ചെയ്യണമെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല.

(തുടരും…)

Nb: കഥയിൽ പരാമര്ശിച്ചിരിക്കുന്ന പോലെ ഒരു ആർമി ജനറലിനെ നേരിട്ട് ചെന്നു കാണാൻ സാധിക്കില്ല എന്നാണ് അറിവ്. എന്നാൽ ആർമി ഓഫീസർസിന്റെ ഭാര്യക്ക് അദ്ദേഹത്തോട് നേരിട്ട് പരാതി ബോധിപ്പിക്കാം എന്ന് വായിച്ചിട്ടുണ്ട്. ആ വായനയുടെ അടിസ്ഥാനത്തിൽ കഥയുടെ ആസ്വാദനത്തിനു വേണ്ടി എഴുതി ചേർത്തിരിക്കുന്നതാണ് മേൽ ഭാഗങ്ങൾ. എന്നാൽ അതിൽ പറഞ്ഞിരിക്കുന്ന ഡിപ്പാർട്ട്‌മെന്റുകളും പോസ്റ്റുകളും റിയൽ ആണ്. കഥയായി കണ്ടു സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ– ദീപ ❤️

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16