Sunday, December 22, 2024
Novel

അനുരാഗം : ഭാഗം 6

എഴുത്തുകാരി: അഞ്ജലി അഞ്ജു


കണ്ണു തുറക്കുമ്പോൾ അടുത്ത് പാറു ഉണ്ടായിരുന്നു. നന്നായി പേടിച്ചെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.

“അനു ഇപ്പോ എങ്ങനെ ഉണ്ട്? ”

“എനിക്ക് എന്താ പറ്റിയത്. ഞാൻ എങ്ങനെ ഇവിടെ…”

കോളേജിലെ സിക്ക് റൂമിലായിരുന്നു ഞാൻ.

“ഞാൻ നിന്നെ കാണാതെ താഴേക്ക് തിരക്കി വരുമ്പോൾ രേഷ്മ ചേച്ചിയാണ് പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്. നിന്നെ ലാബിലേക്ക് പോകുന്ന വഴിയിൽ വീണു കിടക്കുന്നത് കണ്ടിട്ട് സീനിയേഴ്സ് ആണ് ഇവിടെ ആക്കിയത്.”

“ലാബിലേക്ക് പോകുന്ന വഴിയിലോ? ഞാൻ അതിന് ലാബിൽ ആയിരുന്നല്ലോ.”

“ലാബിലോ നീ എന്തിനാ മെക്കിന്റെ ലാബിൽ പോയത്.”

“അത് ശ്രീയേട്ടനെ നോക്കി പോയതാ. പുള്ളി അവിടെ കാണും എന്നാ കരുതിയത്. പക്ഷെ അവിടെ ആരും ഇല്ലായിരുന്നു.

തിരിച്ചു പോകാൻ പോയപ്പോ തലയുടെ പിന്നിൽ അടി കൊണ്ട പോലെ തോന്നി. ദേ ഇപ്പോഴും എനിക്ക് അവിടെ വേദനിക്കുന്നുണ്ട്.”

“അടിച്ചെന്നോ? നിന്നെ ആരടിക്കാൻ ആണ്.?അല്ലെങ്കിലും നീ കിടന്നത് ആ വഴിയിൽ അല്ലേ. ബി പി കുറഞ്ഞതാവും.. നിനക്ക് ഇടക്ക് ഇങ്ങനെ ഉണ്ടാവാറുണ്ടല്ലോ. ബാക്കി ഒക്കെ നിന്റെ തോന്നലാവും.”

“അല്ല പാറു അടി കൊണ്ട് ഞാൻ വീണപ്പോൾ ആരോ എന്നെ കോരി എടുത്തിരുന്നു. അയാളുടെ ആ ഗന്ധം ഇപ്പോളും എനിക്ക് ഓർമ ഉണ്ട്.”

“ആരെടുക്കാനാ നീ ഓരോന്നും ആലോചിച്ചു ഉണ്ടാക്കുവാ. ഇനി അത് ശ്രീയേട്ടൻ ആണെന്നും നീ പറയുവല്ലോ?”

“അയ്യോ ഞാൻ അത് പറയാൻ വരുവായിരുന്നു.”

“ദേ ഒറ്റ ഇടി വെച്ചു തന്നാൽ ഉണ്ടല്ലോ. വയ്യെന്നെന്നും നോക്കില്ല. നിന്റെ വട്ട് കേൾക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.

ഓരോ കൊറിയൻ സീരിയലും കണ്ട് ഓരോന്നും പറയുവാ. ഇതേ ജീവിതം ആണ് ഇതിൽ അങ്ങനെ ഒന്നും നടക്കില്ല. നീ വാ നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം.”

“അതൊന്നും വേണ്ടെടാ.ഇപ്പോ കുറഞ്ഞല്ലോ. നമുക്ക് ഹോസ്റ്റലിൽ പോകാം. ഒന്നു കിടക്കുമ്പോ എല്ലാം മാറും.”

പാറുവിനോട് ഞാൻ പറഞ്ഞത് സത്യം ആയിരുന്നു. തലയ്ക്കു പിറകിൽ അടി കൊണ്ടതും ആരോ എന്നെ എടുക്കുന്നതും ഞാൻ അറിഞ്ഞതാണ്. പിന്നെ ഒന്നും ഓർമ ഇല്ല. ചിലപ്പോൾ ശ്രീയേട്ടൻ കണ്ടിട്ട് എന്നെ അവിടുന്ന് പുറത്ത് കൊണ്ട് കിടത്തിയതാവും.

എന്നാലും അതല്ല വഴിയിൽ ഇട്ടിട്ട് പോകുവോ അങ്ങനെ ആണെങ്കിൽ. ഇതിന്റെ സത്യാവസ്ഥ മനസിലാക്കണം വഴിയൊക്കെ ഉണ്ട് അവസരം കിട്ടട്ടെ.

കുറച്ചു പദ്ധതികൾ ഞാൻ പ്ലാൻ ചെയ്തിരുന്നു. പാറുവിനോട് ഞാൻ അത് പറഞ്ഞില്ല. അവൾ അറിഞ്ഞാൽ കുളമാക്കി കയ്യിൽ തരും. ഒരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരുന്നു.

അങ്ങനെ ഓരോ ദിവസങ്ങളും കടന്നു പോയി അവസാന എക്സാം ആയിരുന്നു ഇന്ന്. അപ്പോളാണ് ലൈബ്രറിയുടെ മുന്നിൽ ചേട്ടൻ നിൽക്കുന്നത് കണ്ടത്.

“പാറു നമുക്ക് ലൈബ്രറി വരെ ഒന്ന് പോകാം.”

“ലൈബ്രറിയിലോ എന്തിന്?”

“അവിടെന്തിനാ പോകുന്നത് ബുക്ക്‌ എടുക്കാൻ.”

“നമ്മൾ ഇത് വരെ അവിടെ പോയിട്ടില്ലല്ലോ അത് മാത്രം അല്ല എക്സാം തീർന്നല്ലോ..”

“നീ വരുന്നുണ്ടോ?”

“വാ പോകാം.”

ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു.

“ഓഹോ ഇതായിരുന്നോ കാര്യം. മോളേ അനു നിന്റെ ബുക്ക്‌ ആണോ ദേ ആ നിക്കുന്നത്?”

ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു.
ചേട്ടന്റെ അടുത്തേക്ക് എത്തിയതും എന്റെ ഉള്ളിലെ കലാകാരി ഉണർന്നു. പിന്നെ ഒന്നും നോക്കിയില്ല ബോധം കേട്ട പോലെ ഒരു വീഴ്ച ആയിരുന്നു.

പെട്ടെന്ന് തന്നെ രണ്ടു കൈകൾ എന്നെ താങ്ങിയത് ഞാൻ അറിഞ്ഞു.ശ്രീയേട്ടൻ എന്നെ പിടിച്ചെന്ന് ഓർത്തപ്പോൾ വല്യ സന്തോഷം തോന്നി.

ശോ പക്ഷെ അന്ന് പിടിച്ച ആൾ ഇതല്ല! അയാളുടെ ആ ഗന്ധം അത് ഇതായിരുന്നില്ല. ചിലപ്പോൾ തോന്നൽ ആണെങ്കിലോ.

ഞാൻ പയ്യെ ഒളികണ്ണിട്ടു നോക്കി. പക്ഷെ ശെരിക്കും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ ശ്രീയേട്ടൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിക്കുന്നുണ്ട്. അപ്പോ എന്നെ പിടിച്ചതാരാ.

ഞാൻ പയ്യെ ആ മുഖത്തേക്ക് നോക്കി. ദൈവമേ റിഷി ചേട്ടൻ !..
ആളുടെ മുഖത്തു വല്ലാത്ത പരിപഭ്രമം.

അഭിനയിച്ചതാണെന്ന് അറിയിക്കണ്ട ചിലപ്പോൾ ഞാൻ ബാക്കി ഉണ്ടാവില്ല. ശെരിക്കും അപ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നി. ശ്രീയേട്ടനെ എനിക്ക് പേടിയില്ല പക്ഷെ റിഷി ചേട്ടനോട് അങ്ങനെയല്ല. ബഹുമാനം കൊണ്ടാവും.

ഞാൻ പയ്യെ ബോധം വന്ന പോലെ അഭിനയിച്ചു കൊണ്ട് പാറുവിനെ പിടിച്ചു. ഭിത്തിയിൽ ചാരി താഴെ ഇരുന്നു.

“എന്താടോ എന്ത് പറ്റി ആശുപത്രിയിൽ പോകണോ?”

“വേണ്ട.എനിക്ക് ഇടക്ക് ബിപി കുറയാറുണ്ട്.”

“കഴിഞ്ഞ ദിവസവും ഇങ്ങനെ ഉണ്ടായല്ലോ.. ഒന്ന് ആശുപത്രിയിൽ പൊയ്ക്കൂടേ?”

“ദൈവമേ എനിക്ക് തലകറങ്ങിയത് കോളേജ് മൊത്തോം അറിഞ്ഞോ. ഇങ്ങേരു അവിടെയും ഉണ്ടായിരുന്നോ?”

“ഒന്നുമില്ല ചേട്ടാ ഇപ്പോ റെഡി ആയി.”

ഞാൻ പയ്യെ വയ്യാത്തത് പോലെ പാറുവിനെ താങ്ങി ക്ലാസ്സിലേക്ക് പോയി.

“ഡീ റിഷി ചേട്ടൻ പോയോ നീ ഒന്ന് നോക്കിക്കേ?”

“ഇല്ലെടാ ആളവിടെ നോക്കി നിൽക്കുന്നുണ്ട്.”

എനിക്ക് ഒരു വല്ലായ്മ തോന്നി പുള്ളിക്ക് ഇനി എന്നെ എങ്ങാനും.. അങ്ങനെ വരില്ല ഞാൻ കട്ട ലോക്കൽ പുള്ളിക്ക് എങ്ങനെ ഇഷ്ടം വരാനാ.

“ഡാ എങ്ങനെ ഉണ്ട് മാറിയോ?”

“പൊട്ടിക്കാളി ഞാൻ ആക്ട് ചെയ്തതല്ലേ..”

“എന്തോന്ന്??”

“ശ്രീയേട്ടൻ എന്നെ പിടിക്കാൻ ചേച്ചി ചുമ്മാ കാണിച്ചതല്ലേ അതൊക്കെ. എല്ലാം ആ റിഷി ചേട്ടൻ നശിപ്പിച്ചു.ഇങ്ങേർ എപ്പോ നമ്മുടെ പുറകിൽ വന്നു. ശ്രീയേട്ടന് ഒന്ന് കണ്ടപ്പോ ഓടി വന്നു പിടിക്കായിരുന്നു.”

പാറുവിന്റെ കിളിയൊക്കെ പറന്നു നിക്കുവാണെന്ന് മുഖം കണ്ടപ്പോൾ തോന്നി.

“ദുഷ്ടേ ഞാൻ എത്ര പേടിച്ചെന്നോ. നിനക്ക് ഒന്ന് പറയാൻ വയ്യാരുന്നോ.”

“പറഞ്ഞാൽ നീ നശിപ്പിച്ചേനെ.”

“അല്ല പാറു ഞാൻ വീണപ്പോൾ ശ്രീയേട്ടന്റെ ഭാവം എന്തായിരുന്നു. പുള്ളിക്ക് സങ്കടായോ?”

“ഒന്ന് പൊക്കോണം. നിനക്ക് ശെരിക്കും വയ്യെന്ന് വിചാരിച്ചു ഞാൻ വേറെ ആരെയും നോക്കിയില്ല. അല്ലെങ്കിലും അയാൾ അടുത്തേക്ക് പോലും വന്നില്ലല്ലോ. അത് വെച്ചു നോക്കുമ്പോ റിഷി ചേട്ടന് അതിലും സ്നേഹം ഉണ്ട്. പാവം എത്ര കെയറിങ് ആണ്. അനു പുള്ളിക്ക് നിന്നെ ഇഷ്ടം ആണോ? അന്ന് വയ്യാതായപ്പോളും ആ സിക്ക് റൂമിന് മുന്നിൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു.”

“മോളേ നീ ആയിട്ട് പറഞ്ഞൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. പുള്ളിക്ക് ഒന്നും ഇല്ല.”

“ഞാൻ ഒന്നും പറയണില്ല.”

“എന്നാലും അങ്ങേർക്ക് എന്നെ ഒന്നു പിടിക്കായിരുന്നു. അല്ലെങ്കിൽ എങ്ങനെ ഉണ്ട് ആശുപത്രിയിൽ പോണോ എന്ന് ചോദിക്കായിരുന്നു.”

“ചോദിച്ചിട്ട് എന്തിനാ??”

“ചോദിച്ചാൽ ആ നിമിഷം ഞാൻ കൂടെ പോകില്ലേ.. ആ പിന്നെ അങ്ങനെ പോകുമ്പോ നിന്നെ കൊണ്ട് പോകില്ല കേട്ടോ ഞങ്ങൾക്ക് പ്രൈവസി വേണം.”

“അല്ലെങ്കിലും ആര് വരുന്നു. വെറുതെ അല്ല അങ്ങേരു മൈൻഡ് പോലും ചെയ്യാഞ്ഞത് ഇതൊക്കെ അല്ലേ മനസിലിരുപ്പ്.”

അന്ന് പിന്നെ വായിനോക്കാൻ ഒന്നും നിന്നില്ല ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5