Sunday, December 22, 2024
Novel

അനു : ഭാഗം 8

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“പിന്നെ , എനിക്ക് നിന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതല്ലെ പണി ??? ”

അനുവിന്റെ മുഖത്തേക്ക് നീട്ടി ആട്ടി കൊണ്ട് വിശ്വ പറഞ്ഞതും അനു ഒന്നാക്കി ചിരിച്ചു .

“വേണ്ട , സാറ് കൊണ്ട് പോവണ്ട ……. ഞാൻ ഇവിടെ തന്നെ ഇരുന്നോളാം …… നോ പ്രോബ്ലം …….. പക്ഷേ …… ”

അത്രയും പറഞ്ഞു കൊണ്ട് അനു ഒന്ന് നിർത്തി .

ബാക്കി എന്ന രീതിയിൽ പുരികം പൊക്കിയ വിശ്വയെ പാളി നോക്കി കൊണ്ട് അനു പറഞ്ഞു .

“പക്ഷേ , ചോദിക്കുന്നവരോട് ഞാൻ പറയും , സാറ് എന്നെ ഇവിടെ പിടിച്ചിരുത്തിയതായെന്ന് ……. അല്ല , ഇവിടെ ലേഡി കോൺസ്റ്റബിൾ ഇല്ലേ ??? ”

പുറത്തേക്ക് എത്തി നോക്കി കൊണ്ട് അനു ചോദിച്ചു .

“ലീവാ , അല്ല ഇതൊക്കെ എന്തിനാ നീ ചോദിക്കുന്നെ ??? ”

അവളെ തറപ്പിച്ചു നോക്കി കൊണ്ട് വിശ്വ ചോദിച്ചു .

“അഹ് , അത് കൊള്ളാമല്ലോ സാറെ ……. ഒരു ലേഡി കോൺസ്റ്റബിൾ കൂട്ടിന് ഇല്ലാതെ , പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ ഒരു രാത്രി ഇരുത്തുക …….. ഇനി അത് നാട്ടുകാരൊക്കെ അറിഞ്ഞാൽ എന്താവും ??? ഞാൻ ഒരു കംപ്ലയിന്റ് കൊടുത്താലുള്ള കാര്യം സാറ് ഓർത്തോ ??? സാറിന്റെ ജീവിതം കോഞ്ഞാട്ടയായാലും കുഴപ്പമില്ലന്ന് വയ്ക്കാം …… എന്റെ കാര്യം അങ്ങനെയാണോ ??? നാട്ടുകാര് വല്ലോം പറഞ്ഞാലോ ???? എന്റെ ഹിസ്റ്ററി …….. ച്ചായ്യ് ജീവിതം !!! ”

അവനെ നോക്കി കണ്ണ് നിറച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ തലയിൽ കൈ വച്ചു പോയി .

ഞാൻ കാരണമായിപ്പോയി , ഇല്ലെങ്കിൽ ഇന്ന് നിന്നെ ഞാൻ തട്ടിയേനെടി കള്യാങ്കാട്ട് നീലി …..

അവൻ പിറുപിറുത്തു കൊണ്ട് അവളുടെ മുന്നിൽ കയറി നടന്നു .

“അല്ല , ഇനി ഭവതിയെ താല പൊലി എടുത്തു സ്വീകരിച്ചാലെ വരോളോ ??? ”

വാതിൽക്കൽ നിന്നു അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് വിശ്വ ചോദിച്ചു .

അങ്ങനെ വഴിക്ക് വാ ……

ഉള്ളിൽ ചിരിച്ചു കൊണ്ട് അനു അവന്റെ ഒപ്പം ചെന്നു .

🎆🎆🎆🎆🎆🎆🎆🎆🎆

“മ്മ് ,,,, എങ്ങോട്ടാ ??? ”

ജീപ്പിന്റെ മുന്നിലേക്ക് നടക്കുന്ന അനുവിനെ കണ്ട് വിശ്വ പുരികം പൊക്കി കൊണ്ട് ചോദിച്ചു .

“പുറകെ ഇരുന്നു വരാൻ ഞാൻ കുറ്റവാളി ഒന്നും അല്ല ……. ”

അവനെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് അനു മുന്നിൽ കയറി ഇരുന്നു .

ഗതികേട് അതായത് കൊണ്ട് വിശ്വ പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല …..

പറഞ്ഞാൽ ഇനി വല്ല പീഡനമെന്ന് പറഞ്ഞു കേസ് കൊടുക്കില്ലന്ന് ആര് കണ്ടു ???

ഈ ശവത്തിന്റെ കാര്യമായത് കൊണ്ട് പറയാനും പറ്റില്ല ……

പിറുപിറുത്തു കൊണ്ട് വണ്ടി ഓടിക്കുന്ന വിശ്വയെ കണ്ട് അനുവിന് ചിരി വരുന്നുണ്ടായിരുന്നു .

പാവം !!!!

എന്നെ എടുത്തിട്ട് ചവിട്ടാനുള്ള കലിപ്പാ മുഖത്ത് ഇണ്ട് ..

എന്നിട്ടും കണ്ട്രോൾ ചെയ്തു ഇരിക്കുവാ …

എന്തായാലും കുറയ്ക്കാൻ നിൽക്കണ്ട , കൂട്ടാം ..

“എടൊ , അയ്യോ സോറി , സാറെ വണ്ടി ഒന്ന് നിർത്തിയെ …….. ”

താൻ വൈകുന്നേരം അടി ഉണ്ടാക്കിയ മെഡിക്കൽ ഷോപ്പിന്റെ മുന്നിലെത്തിയതും അനു പറഞ്ഞു .

“മിണ്ടാണ്ട് ഇരിക്കടി ……. ”

അവളെ ഗൗനിക്കാതെ അവൻ വണ്ടി ഓടിക്കുന്നത് തുടർന്നതും അനു ചാടി കയറി ബ്രേക്കിൽ ചവിട്ടി .

“ടി , ടി നീ എന്നേം കൂടി കൊല്ലാൻ നടക്കുവാണോ ??? ”

പുറത്തേക്ക് ഇറങ്ങി നടന്ന അനുവിന്റെ നേരെ വിശ്വ അലറി .

“അഭിമാനത്തിന്റെ പ്രശ്നമാണ് സാറെ ……. ”

അവനെ തിരിഞ്ഞു നോക്കി പല്ല് മുഴുവനും കാണിച്ചു കൊണ്ട് അനു പറഞ്ഞതും , ഇതിലും വലുതൊന്നും ഇനി എന്റെ ജീവിതത്തിൽ വരാൻ ഇല്ലയെന്ന ഭാവത്തിൽ വിശ്വ നെടുവീർപ്പിട്ടു .

“എന്ത് വാങ്ങാൻ പോയതാ ??? ”

തിരികെ വന്ന അനുവിന്റെ കൈയിലെ കവറിലേക്ക് പാളി നോക്കി കൊണ്ട് വിശ്വ ചോദിച്ചു .

“അതോ , രാവിലെ ഞാൻ കുറച്ചു സാധനങ്ങൾ പോയപ്പോൾ അവന് ഒരു ഇളക്കം …… മാറ്റി കൊടുത്തേക്കാമെന്ന് വിചാരിച്ചപ്പോഴാ മറ്റവൻ വന്ന് ഇടയിൽ കയറിയത് ……. ഒന്നും നാളത്തേക്ക് നീട്ടി വച്ച് ഞാൻ ശീലിച്ചട്ടില്ല …… അതോണ്ട് ഒന്ന് ഉപദേശിച്ചു വിട്ടതാ …….. ”

വിശ്വയെ നോക്കി കണ്ണിറുക്കി കൊണ്ട് അനു പറഞ്ഞപ്പോൾ , റീയർ വ്യൂ മിററിലൂടെ കവിളും തലോടി നിൽക്കുന്ന ഒരുത്തനെ അവൻ കണ്ടിരുന്നു .

അവന്റെ നിൽപ്പും അവളുടെ പറച്ചിലും കേട്ട് അവന് ചിരി വന്നു

ഇവളൊക്കെ ഡോക്ടറായത് നന്നായി …..

ഇവള് അടിച്ചു പരിപ്പ് ഇളക്കുന്ന ആൾക്കാരെ ഇവൾക്ക് തന്നെ ചികിത്സിക്കാൻ വേണ്ടിയായിരിക്കും ഇവളുടെ തന്തപ്പടി ഡോക്ടറാവാൻ വിട്ടത് …..

“അതിനും മാത്രം ഇളക്കം തട്ടാൻ താൻ എന്താ വാങ്ങാൻ പോയത് ??? ”

ആകാംഷ അടക്കാൻ വയ്യാതെ വിശ്വ ചോദിച്ചതും അനു ചെറുതായി ഒന്ന് ചിരിച്ചു .

“ക്യുരിയോസിറ്റി …… ഹ്മ്മ് ……. പറയാം ……. moods ……. ”

ഗഹനമായി ഒന്നാലോചിച്ച ശേഷം അനു പറഞ്ഞതും വിശ്വ ഞെട്ടി .

“നോക്കി ഓടിക്ക് സാറെ വണ്ടി പാളുന്നു ….. ”

സീറ്റിൽ മുറുകെ പിടിച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ അവളെ ദയനീയമായി നോക്കി .

“എന്ത്യേ സാറെ സാറിന് വേണോ ??? ”

അവന്റെ നോട്ടം കണ്ടതും ഒരു കള്ള ചിരിയോടെ അനു ചോദിച്ചു ,

അവളുടെ ചോദ്യം കേട്ട് അവൻ പെട്ടെന്ന് തന്നെ ബ്രേക്ക്‌ ചവിട്ടി .

“ഒന്ന് മിണ്ടാതെ ഇരിക്കോ ??? എന്റെ കോൺസെൻട്രേഷൻ പോണൂ …… ”

നിസ്സഹായത നിറഞ്ഞ വിശ്വയുടെ ചോദ്യം കേട്ടതും അനുവിന്റെ നോട്ടം പോയത് പുറത്തെ ഹോട്ടലിലേക്കായിരുന്നു .

“എനിക്ക് മസാലദോശ വേണം ……. ”

വണ്ടി തിരികെ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയ വിശ്വ അത് കേട്ടതും ഞെട്ടി അവളുടെ വയറ്റിലേക്ക് നോക്കി .

ആദ്യം i pills , ഇപ്പോൾ മസാലദോശ ……

വിനായക !!!!!

അവൻ നെഞ്ചത്ത് കൈ വച്ചു പോയി .

“എനിക്ക് വിശന്നിട്ടാ …… അല്ലാണ്ട് വാക്കുൾ എടുത്തിട്ടൊന്നും അല്ല …… ”

തന്റെ വയറിലേക്ക് നീണ്ട വിശ്വയുടെ കണ്ണുകൾ കണ്ടതും ഒരൊറ്റ കുത്തിനു അവന്റെ ഉണ്ട കണ്ണ് രണ്ടും കുത്തി പൊട്ടിക്കാൻ തോന്നിയ ത്വരയെ അടക്കി പിടിച്ചു കൊണ്ട് അനു പറഞ്ഞു .

“പിന്നെ നിനക്ക് മസാലദോശ വാങ്ങി തരുന്നത് അല്ലെ എനിക്ക് പണി ??? ”

അവളുടെ മുഖത്തേക്ക് നോക്കി കൂർപ്പിച്ചു നോക്കി കൊണ്ട് വിശ്വ പറഞ്ഞതും അനു മുഖം വെട്ടിച്ചു .

“മിണ്ടാതെ ഇരിക്കണമെങ്കിൽ മാത്രം മതി ……. ”

ആരോടന്നില്ലാതെ പറഞ്ഞു കൊണ്ട് അനു പുറത്തേക്ക് നോക്കിയതും , വിശ്വ ദേഷ്യത്തിൽ വണ്ടി അടുത്ത് കണ്ട ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി .

ഇനി തിന്നാൻ ഒന്നും കിട്ടിയില്ലന്ന് പറഞ്ഞു , ചെവി തിന്നാൻ വരണ്ട ……

അവളെ നോക്കി മുറുമുറുത്തുക്കൊണ്ട് വിശ്വ വണ്ടി നിർത്തിയതും അനു വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവനെ നോക്കി പല്ലു മുഴുവനും കാണാൻ പാകത്തിന് ഒരു ചിരി ചിരിച്ചു .

അവളുടെ ചിരി കണ്ടതും ചുറ്റിക കൊണ്ട് ഒന്ന് കൊടുക്കാനാണ് വിശ്വയ്ക്ക് തോന്നിയത് .

അവളുടെ ഒരു കോപ്പിലെ ചിരി …..

ഒരൊറ്റ അടിക്ക് നിന്റെ ആ മുപ്പത്തിരണ്ട് പല്ലും ഞാൻ ഇളക്കി എടുക്കുമെടി കള്യാങ്കാട്ട് നീലി ……

ഇങ്ങനെ ഒരെണ്ണത്തിനെ എന്റെ ജീവിതത്തിലേക്ക് കെട്ടി എഴുന്നള്ളിച്ചു വിടാൻ മാത്രം എന്ത് പാപമാണാവോ ഞാൻ ചെയ്തത് ???

തുള്ളി ചാടി പോകുന്ന അനുവിനെ കണ്ട് മുകളിലേക്ക് കൈ കൂപ്പി കൊണ്ട് വിശ്വ മനസ്സിൽ ചോദിച്ചു .

കടയിലേക്ക് കയറി വരുന്ന പോലീസുക്കാരനെ കണ്ട് എല്ലാവരും ഒന്ന് പകച്ചു പോയി .

ഇനി വല്ല റൈഡും ???

പകച്ചു നിൽക്കുന്ന ഹോട്ടൽ ഉടമയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വിശ്വ അനുവിന്റെ അടുത്ത് പോയിരുന്നു .

അപ്പോൾ മാത്രമാണ് അയാളുടെ ശ്വാസം നേരെ വീണത് …

“ഓർഡർ പ്ലീസ് ……. ”

വെയ്റ്റർ വന്നു മെനു കാർഡ് നീട്ടിയതും അനു അതിലൂടെ മൊത്തം ഒന്ന് കണ്ണോടിച്ചു .

മ്മ്ഹ് …..

മസാലദോശ പറയാം ……

കുറെ നാളായി അത് തിന്നിട്ട് ……

“അഹ് , ചേട്ടാ …… രണ്ട് മസാലദോശ , രണ്ട് വട …… പിന്നെ ……. ”

അനു ഓർഡർ ചെയ്യുന്നത് കേട്ട് അത്രയും നേരം ഫോണിലേക്ക് കിടന്നും ഇരുന്നും നോക്കി കൊണ്ടിരുന്ന വിശ്വ വേഗം തല പൊക്കി അവളെ നോക്കി .

ഇവളെന്തിനാ എനിക്ക് വേണ്ടി ഓർഡർ കൊടുക്കുന്നത് ????

ഓഹ് , ഇവരുടെ ഒക്കെ മുന്നിൽ ആളാവാൻ വേണ്ടിയാവും …..

എങ്കിൽ ഇപ്പോൾ ശരിയാക്കി തരാടി മോളെ .

മനസ്സിൽ ഗൂഢമായി ചിരിച്ചു കൊണ്ട് അവൻ അനുവിനെ നോക്കി .

“എനിക്ക് വേണ്ടി ഓർഡർ കൊടുക്കാൻ നിന്നോട് ആരാ പറഞ്ഞത് ??? ”

ശബ്ദം ഇത്തിരി ഉയർത്തി , ദേഷ്യത്തിൽ വിശ്വ ചോദിച്ചത് കേട്ട് , വെയ്റ്റർ ഒന്ന് ഞെട്ടി .

“അതിന് ഞാൻ എനിക്ക് വേണ്ടിയാ ഓർഡർ ചെയ്തത് ……. സാറിന് വേണമെങ്കിൽ സാറ് ഓർഡർ ചെയ്തോ , ഞാൻ എന്തിനാ ചെയ്യുന്നേ ??? ”

വിശ്വയെ നോക്കി പല്ലിളിച്ചു കൊണ്ട് അനു പറഞ്ഞതും വെയ്റ്റർ പൊട്ടി വന്ന ചിരി അടക്കി പിടിച്ചു .

“സാർ , സാറിന് എന്തെങ്കിലും ??? ”

വിളറി വെളുത്തു ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്ന വിശ്വയെ നോക്കി കൊണ്ട് വെയ്റ്റർ ചോദിച്ചു .

“ഒരു ചായ …… ”

വിശ്വ പറഞ്ഞത് കേട്ട് അനു തല കീഴ്പ്പോട്ട് ഇട്ട് പതിയെ ചിരിച്ചു .

പാവത്തിന്റെ , വിശപ്പ് ജീവനും കൊണ്ട് ഓടിയോന്ന് ഒരു ഡൌട്ട് …..

രണ്ട് മസാലദോശയെയും ചിത്ര വധം ചെയ്തു തിന്നുന്ന അനുവിനെ കണ്ട് വിശ്വയുടെ കണ്ണ് തള്ളി വന്നു .

ഇതൊക്കെ എങ്ങോട്ട് പോകുന്നോ എന്തോ ???

നീർക്കോലിയെ പോലെ ഇരുന്നിട്ട് രണ്ട് മസാലദോശയും മൂന്ന് വടയും യാതൊരു ബുദ്ധിമുട്ടും കൂടാതെ തട്ടി കയറ്റുന്ന അനുവിനെ കണ്ട് വിശ്വ തനിക്ക് കിട്ടിയ കാലി ചായയും കുടിച്ച് ഫോണിലും നോക്കി ഇരുന്നു .

നേരെ നോക്കാനുള്ള ത്രാണി അവന് ഉണ്ടായിരുന്നില്ല .

അവളെ കാണുമ്പോഴൊക്കെ പറക്കും തളികയിൽ ബസിലിരുന്നു ഭക്ഷണം കഴിക്കുന്ന ബസന്തിയെ ഓർമ വരുന്നു .

ഇച്ചിരി കറുത്ത കളറും , ആ ആർത്തി പിടിച്ച ഭാവവും ഒക്കെ ഉണ്ടായിരുന്നുവെങ്കിൽ കറക്റ്റ് ബസന്തിയായേനെ , ഇതിപ്പോൾ ആ മുപ്പത്തി രണ്ട് പല്ലും കാട്ടിയുള്ള തൊലിഞ്ഞ ചിരി മാത്രേ ഉള്ളു ….

.

തിന്നുന്നതിനിടയിൽ എരിവ് കയറി വെള്ളം കുടിക്കാൻ തലയുയർത്തിയപ്പോഴാണ് തന്നെ നോക്കി കണ്ണും മിഴിച്ചിരിക്കുന്ന വിശ്വയെ അനു കണ്ടത് .

മ്മ് എന്ത്യേ ???

ഒറ്റ പുരികം പൊക്കി കൊണ്ട് അനു ചോദിച്ചതും വിശ്വ ഒന്നുമില്ലന്ന രീതിയിൽ ചുമൽ അനക്കി കാണിച്ചു .

.

“എടൊ ?? നൂറ് രൂപ എടുക്ക് …… ”

കൈ കഴുകി വന്ന അനുവിന്റെ നേരെ കൈ നീട്ടി കൊണ്ട് വിശ്വ പറഞ്ഞതും അനു കാര്യമെന്തെന്ന് മനസ്സിലാവാതെ അവനെ നോക്കി .

“ബില്ല് ……. ”

കണ്ണും മിഴിച്ചുള്ള അനുവിന്റെ നോട്ടം കണ്ട് വിശ്വ നെറ്റി തിരുമി കൊണ്ട് പറഞ്ഞു .

“എന്റേല് പൈസ ഒന്നും ഇല്ല ……. ”

പുറത്തേക്ക് നോക്കി കൊണ്ട് അനു പറഞ്ഞതും വിശ്വ പല്ലിറുമി .

ശവത്തിന്റെ കൈയിൽ പൈസ ഇല്ലല്ലോ ???

വെറുതെ അല്ല , വലിച്ചു വാരി തിന്നത് .

പിറുപിറുത്തു കൊണ്ട് ജീപ്പിന്റെ അടുത്തേക്ക് നടന്നു വരുന്ന വിശ്വയെ കണ്ട് അനു ചിരിച്ചു .

പോലീസാള് കൊള്ളാം !!!

“അപ്പോൾ താങ്ക്സ് സാറെ , ഫോർ യോർ ലിഫ്റ്റ് and മസാലദോശ ……. ”

ഇറങ്ങുന്നതിനിടയിൽ അവൾ അവനോട് പറഞ്ഞതും വിശ്വ അവളെ നോക്കാതെ പുറത്തേക്ക് നോക്കി .

ഓഹ് കലിപ്പ് …..

താങ്ക്സ് അല്ലെ , വേണ്ടേൽ വേണ്ട ……

ഇമ്മക്ക് നഷ്ട്ടോള്ള പരിപാടി ഒന്നും അല്ലല്ലോ …..

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി .

“അപ്പോൾ സാറെ ……. ”

തിരിച്ചു വണ്ടി എടുക്കാൻ വന്നതും അനു വണ്ടിയുടെ മുന്നിൽ കയറി നിന്നു വിളിച്ചു .

നാശo !!!

“ഇനി എന്താടോ തനിക്കു വേണ്ടേ ??? ഞാൻ ഇനി റൂം വരെ കൊണ്ട് ചെന്നാക്കണോ ??? ”

ഉള്ളിലുള്ള അമർഷം പുറത്ത് കാണിച്ചു കൊണ്ട് തന്നെ വിശ്വ ചോദിച്ചതും അനു ചിരിച്ചു .

“അത് പറയാൻ അല്ല ഞാൻ വന്നത് …… പക്ഷേ സാറായി തന്നെ അങ്ങനെ ഒരു ഒപ്ഷൻ എന്റെ മുന്നിൽ വച്ചത് കൊണ്ട് എന്റെ ഒപ്പം ബാ ……. ”

അനു പറഞ്ഞത് കേട്ട് വിശ്വ സ്വയം തലയ്ക്കിട്ട് കിഴുക്കി .

ഇതിനോടല്ലാതെ നീ ഇങ്ങനെ ഒക്കെ പറയാൻ പോവോടാ ???

അവൻ സ്വയം ചോദിച്ചു കൊണ്ട് അനുവിന്റെ നേരെ നോക്കി .

“നീ ഒക്കെ ഒരു പെണ്ണ് തന്നെയാണോടി ??? ”

പല്ലിറുമിക്കൊണ്ട് വിശ്വ ചോദിച്ചതും അനു അവനെ നോക്കി ചിരിച്ചു .

“സാറിന് അത്ര ഡൌട്ട് ഉള്ള സ്ഥിതിക്ക് , കാണിച്ചു തരാൻ ഒന്നും എനിക്ക് പറ്റില്ല …… സാറിന് ഇങ്ങനെ ഒരു ഡൌട്ട് ഉള്ളത് കൊണ്ട് അത് ക്ലിയർ ചെയ്യേണ്ട ഡ്യൂട്ടി എനിക്കുണ്ട് …… അത് കൊണ്ട് ……. ”

അത്രയും പറഞ്ഞു അവൾ അവനെ നോക്കി .

“അതുകൊണ്ട് ????? ”

“അതുകൊണ്ട് , സാറ് ഒരു താലി വാങ്ങി ഈ കഴുത്തിൽ കെട്ട് ……. ഒരു രണ്ട് മൂന്ന് മാസം …… അത് കഴിഞ്ഞു അറിയാം ഞാൻ പെണ്ണാണോ അതോ ആണാണോയെന്ന് …….. ”

അവനെ നോക്കി കണ്ണിറുക്കി കുസൃതി ചിരിയോട് കൂടി അനു പറഞ്ഞതും വിശ്വ വായും പൊളിച്ചു അവളെ നോക്കി .

🎇🎇🎇🎇🎇🎇🎇🎇🎇🎇

“എന്നിട്ട് ???? ”

ആകാംഷ അടക്ക വയ്യാതെ കരൺ ചോദിച്ചു .

“എന്നിട്ട് എന്താവാൻ ??? അങ്ങേര് കലിപ്പിൽ ഒരു ലുക്ക് വിട്ടിട്ട് , വണ്ടിയും കൊണ്ട് ഒരു പോക്ക് …… ”

ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് അനു സരൂവിന്റെ മടിയിലേക്ക് കിടന്നു .

“എന്നാലും നീ ആ പോലീസ്ക്കാരന്റെ ഒപ്പം വരുമെന്ന് പറഞ്ഞപ്പോൾ , ഞാൻ വിചാരിച്ചില്ല മോളെ , നീ ശരിക്കും അങ്ങേരുടെ ഒപ്പം വരുമെന്ന് ……. ”

അനുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് സരൂ പറഞ്ഞതും അനു ചിരിച്ചു .

“അവനെ അല്ല , അവന്റെ അപ്പനെ വരെ വിറ്റ കാശ് ഈ അനുവിന്റെ കൈയിൽ ഉണ്ട് ……. ”

ഇട്ടിരുന്ന ഷർട്ടിന്റെ കോളർ പൊക്കി കൊണ്ട് അനു പറഞ്ഞതും ഉരുണ്ട് മറിഞ്ഞു താഴെ വീണതും ഒന്നിച്ചായിരുന്നു ..

🎇🎇🎇🎇🎇🎇🎇🎇🎇🎇

“എന്നാലും , നിനക്ക് നിന്റെ പെങ്ങളെ കണ്ടിട്ട് മനസ്സിലായില്ലല്ലോടാ ??? ”

ടീവിയുടെ മുന്നിൽ ഇരുന്നു കൊണ്ട് ശബരി ചോദിച്ചതും മഹി ഒന്നും മിണ്ടിയില്ല .

ശരിയാണ് , അവളെ കണ്ടപ്പോൾ തനിക്ക് മനസ്സിലായില്ല .

എങ്ങനെ മനസ്സിലാവാനാണ് ??

അവസാനമായി താൻ അവളെ കണ്ടത് , അവൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് .

അന്ന് സീത വെല്യമ്മ മരിച്ച അന്ന് …

ഇപ്പോഴും ഓർമയുണ്ട് , നനഞ്ഞു കുതിർന്ന ഒറ്റ മുണ്ട് ഉടുത്തു കൊണ്ട് , ഏങ്ങലടിച്ചു കൊണ്ട് വെള്ളം ഇറ്റു വീഴുന്ന വിറയ്ക്കുന്ന ശരീരവുമായി ചിതയ്ക്ക് തീ കൊളുത്താൻ നിന്നത് .

അവളെ കൊണ്ട് തന്നെ ആ കർമം ചെയ്യിക്കണമെന്ന് വല്യച്ഛന്റെ നിർബന്ധമായിരുന്നു .

അതിന് ശേഷം അവൾ തറവാട്ടിലേക്ക് വന്നിട്ടില്ല .

മുഴുവൻ നേരവും വല്യച്ഛന്റെ ഒപ്പമായിരുന്നു .

അത്രയും നാൾ തന്നെ കണ്ടതും ഓടി വന്നിരുന്നവൾ , രാത്രിയെന്നോ പകലെന്നോ നോക്കാതെ തന്റെ കൈയിൽ തൂങ്ങി നടന്നവൾ പിന്നെ തന്നെ കാണാൻ കൂടി വരാതെയായപ്പോൾ , ഞാൻ തന്നെയാണ് വാശി പിടിച്ചു ബോർഡിങ്ങിൽ ചേർന്നത് .

തന്നെ വേണ്ടാത്തവളെ തനിക്കും വേണ്ടെന്ന ഒരു വാശി …..

അവൾക്കും അറിയാവുന്നതായിരുന്നല്ലോ , അവളില്ലാതെ തനിക്ക് പറ്റില്ലായിരുന്നുവെന്ന് , തന്റെ കിങ്ങിണിയുടെ സ്ഥാനത്തായിരുന്നു അവളെന്ന് ……

എന്നിട്ടും വാശി കാണിച്ചു പോയതല്ലെ ??

പഴയ ഓർമ്മകൾ ഓരോന്നും വീണ്ടും ഓർമയിൽ തെളിഞ്ഞു വരുന്നപ്പോലെ തോന്നിയതും മഹി ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി .

ഇവന് എന്ത് പറ്റി ???

ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ച മഹിയെ കണ്ട് വിശ്വ ശബരിയെ നോക്കി .

അവിടെയും അതെ ഭാവം കണ്ട് വിശ്വ അടുക്കളയിലേക്ക് പോയി .

എന്തോ കാര്യമായ കാര്യമാണ് ….

ഇല്ലെങ്കിൽ പിന്നെ അവൻ അങ്ങനെ എഴുന്നേറ്റു പോവില്ല …

എന്തായാലും ഇപ്പോൾ ചോദിക്കണ്ട ..

കുറച്ചു കഴിയട്ടെ ..

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7