Saturday, January 18, 2025
Novel

അനു : ഭാഗം 47

എഴുത്തുകാരി: അപർണ രാജൻ

അലങ്കാരങ്ങൾ നിറഞ്ഞ ഒരു വീടിനു മുൻപിൽ അനു തന്റെ വണ്ടി നിർത്തിയതും , വിശ്വ മനസ്സിലാവാത്ത രീതിയിൽ അവളെ നോക്കി . ഒന്നെങ്കിൽ കല്യാണം , അല്ലെങ്കിൽ പെര കയറി താമസം …. എന്തായാലും മരണമല്ല .. വണ്ടിയിൽ നിന്നിറങ്ങി കൊണ്ടവൻ ചുറ്റും നോക്കുന്നതിനിടയിൽ സ്വയം പറഞ്ഞു . “വിശ്വാ ….. ” പുറകിൽ നിന്നും അനുവിന്റെ ശബ്ദം കേട്ടതും അവൻ വേഗം തന്നെ തിരിഞ്ഞു നോക്കി . “ഇങ്ങോട്ട് വാ…… ” വണ്ടിയിൽ തന്നെ ഇരുന്നു കൊണ്ട് തന്റെ നേരെ ചൂണ്ടു വിരൽ ചൂണ്ടി വിളിക്കുന്ന അനുവിനെ കണ്ടതും , വിശ്വയുടെ നെറ്റി ചുളിഞ്ഞു . “എന്ത്യേടോ ??? ”

ഷർട്ടിന്റെ കൈ മുട്ടിനു മുകളിലേക്ക് കയറ്റി വച്ചു കൊണ്ടവൻ ചോദിച്ചതും , അനു വണ്ടിയിൽ നിന്നും എഴുന്നേറ്റു കൊണ്ടവന്റെ മുഖത്തേക്ക് നോക്കി . പിന്നെ അവന്റെ ഷർട്ടിലേക്കും ….. ഹ്മ്മ് …… താടയിൽ വിരൽ വച്ചു കൊണ്ട് തന്റെ ഉച്ചി തൊട്ട് പാദം വരെ കണ്ണുകൾ കൂർപ്പിച്ചു വച്ചു നോക്കുന്ന അനുവിനെ കണ്ടതും വിശ്വ സ്വയം തന്നെ ഒന്ന് നോക്കി . എന്തെങ്കിലും പ്രശ്നം ഉണ്ടോ ???? ഡ്രസ്സ്‌ തനിക്ക് ചേരുന്നില്ലെ ആവോ ???? “വിചാരിച്ചപ്പോലെ അല്ല കേട്ടോ …… എല്ലാ നിറവും തനിക്ക് ചേരുന്നുണ്ട് …… ” അനുവിന്റെ പ്രശംസ കേട്ടതും അവന്റെ മുഖം തെളിഞ്ഞു .

തനിക്ക് തോന്നുന്ന കാര്യങ്ങളെല്ലാം തന്നെ വെട്ടി തുറന്നു പറയുന്ന കൂട്ടത്തിലായത് കൊണ്ട് , അനു പറയുന്നത് കേട്ടപ്പോൾ വിശ്വയ്ക്ക് സംശയമൊന്നും തോന്നിയില്ല . “പക്ഷേ സൈസ് ഇത്തിരി കൂട്ടി വാങ്ങാമായിരുന്നു …. ” അവന്റെ വിരിഞ്ഞ നെഞ്ചും , ഒതുങ്ങിയ അരക്കെട്ടിലേക്കും , ഒട്ടി ചേർന്നു കിടക്കുന്ന ഷർട്ടിലേക്ക് നോക്കി നെടു വീർപ്പിട്ടുക്കൊണ്ടവൾ പറഞ്ഞതും വിശ്വ പതിയെ ചിരിച്ചു . “അഹ് ,,,,, നീ വന്നിട്ട് ഇവിടെ തന്നെ നിക്കുവാണോ ?? ദെ അവിടെ എല്ലാവരും …….. ”

അനു പുറത്തു വന്നു നിൽക്കുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടുക്കൊണ്ട് അവളെ വിളിക്കാൻ വേണ്ടി ഓടി വന്ന ഷാന , അനുവിന്റെ ഒപ്പം നിൽക്കുന്ന വിശ്വയെ കണ്ടതും തറഞ്ഞു പോയി . ഇവള് സാറിനെ വിളിക്കാനാണോ രാവിലെ തന്നെ എഴുന്നേറ്റു പോയത് ???? ഷാനയുടെ കൂകി വിളി കേട്ടതും , അനുവും വിശ്വയും ഒരുപോലെ തിരിഞ്ഞു നോക്കി . തങ്ങളെ രണ്ടു പേരെയും കണ്ടു , നിന്നിടത്ത് തന്നെ സ്തംഭിച്ചു നിൽക്കുന്ന ഷാനയെ കണ്ടതും അനു തന്റെ കണ്ണുകൾ ചുഴറ്റി . “വാ ….. അകത്തേക്ക് പോകാം ….. ” അകത്തു ചെന്നതും വിശ്വയ്ക്ക് കാര്യങ്ങൾ ഒരുവിധം മനസ്സിലായി . സൗപർണികയുടെ നിശ്ചയം …….

അവളുടെ അടുത്തൊരു സുഹൃത്തിന്റെ നിശ്ചയത്തിനു തന്നെയും കൂട്ടി വന്നു എന്നതിനേക്കാൾ അവനെ ഞെട്ടിച്ചത് വരന്റെ സ്ഥാനത്തു പന്തലിൽ വന്നു നിൽക്കുന്ന ധീരജിനെ കണ്ടപ്പോഴാണ് . ഇവനെ കാണാൻ അല്ലെ അന്നവൾ ഹിൽ പാലസിൽ പോയത് ????? ധീരജിനെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന വിശ്വയെ കണ്ടു കൊണ്ടാണ് അനു ഷാനയുടെ അടുത്ത് നിന്നും വന്നത് . “ധീരജ് എങ്ങനെ അവിടെ എത്തി എന്നാണോ ???? ” പുറകിൽ നിന്ന് പെട്ടെന്ന് എവിടെ നിന്നോ പൊട്ടി മുളച്ചപ്പോലെയുള്ള അനുവിന്റെ ചോദ്യം കേട്ടതും വിശ്വ ഞെട്ടി തിരിഞ്ഞു നോക്കി .

തന്റെ നേരെ കൈയിലിരിക്കുന്ന ഗ്ലാസ്‌ നീട്ടിക്കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും , അവൻ ഒന്നും മിണ്ടാതെ ഗ്ലാസ്‌ വാങ്ങി തന്റെ ചുണ്ടോടടുപ്പിച്ചു . “എന്നെ ആദ്യമായി പെണ്ണ് കാണാൻ വന്ന വ്യക്തിയാണ് ധീരജ് …….. മുഴുവൻ നേരം കൂടെ ഇല്ലായിരുന്നുവെങ്കിലും താനും കണ്ടതല്ലേ , ഞങ്ങൾ തമ്മിൽ സംസാരിച്ചതൊക്കെ …… അങ്ങേരോട് ഞാൻ അന്നെ പറഞ്ഞതാ , എനിക്ക് താല്പര്യമില്ല …… അവസാനം ശല്യം സഹിക്ക വയ്യാതെയായപ്പോൾ ഞാൻ അങ്ങേരെ അവളുടെ തലയിലേക്ക് വച്ചു കൊടുത്തു …..

നോക്കിയപ്പോൾ എനിക്ക് വലിയ നഷ്ടം ഒന്നുമില്ല …… പോരാത്തതിന് ബ്രോക്കർ പണിക്ക് നിന്നതിനു എനിക്ക് ഒരു അയ്യായിരം രൂപയും കിട്ടി …… ” തന്നെ നോക്കി ഒരുളുപ്പും ഇല്ലാതെ പല്ലിളിച്ചു കൊണ്ട് പറയുന്ന അനുവിനെ കണ്ടതും , വിശ്വയ്ക്ക് ചിരി വന്നു . “ബാ ……. ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി തരാം …… ” മോതിര മാറ്റം കഴിഞ്ഞതും , അനു അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് സ്റ്റേജിലേക്ക് നടന്നു . സ്റ്റേജിൽ നിരന്നു നിൽക്കുന്ന ആൾക്കാരെ കണ്ടതും , വിശ്വ തല ചെരിച്ചു അനുവിനെ നോക്കി . അവളുടെ കൂട്ടുക്കാരിയും , അവരുടെ ബന്ധുക്കളുമാണ് …..

അവളെ അറിയാവുന്ന ഒത്തിരിയാൾക്കാർ ഇവിടെയുണ്ട് ….. എന്നിട്ടും അതൊന്നും കാര്യമാക്കാതെ , തന്നെയും കൊണ്ട് ഇങ്ങോട്ടേക്കു വരുകയെന്ന് പറഞ്ഞാൽ ….. അത്രയും നേരം എന്തൊക്കെയോ പറഞ്ഞു കളിച്ചു ചിരിച്ചു കൊണ്ടിരുന്ന ധീരജും കൂട്ടരും അനുവിനെ കണ്ടതും തിരിഞ്ഞു നോക്കി . അനുവിനെ കണ്ടതും ധീരജ് ചിരിച്ചു കൊണ്ടേഴുന്നേറ്റു . “വരില്ലന്ന് പറഞ്ഞിട്ട് ???? ” “ഒരാളെ പരിചയപ്പെടുത്താൻ വന്നതാ ….. ” പുരികം പൊക്കിക്കൊണ്ട് ധീരജ് ചോദിച്ചതും അവൾ തന്റെ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു .

അപ്പോഴാണ് അനുവിന്റെ പുറകിലായി വന്നു നിൽക്കുന്ന വിശ്വയെ എല്ലാവരും കണ്ടത് . അനുവിന്റെ ഒപ്പമൊരു ആണോ എന്ന ഭാവമായിരുന്നു വിശ്വയെ കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തു തെളിഞ്ഞത് . “ഹായ് ….. ആം വിശ്വ ……. നീല…… അനുവിന്റെ വുഡ്ബിയാണ് …… ” ധീരജിന്റെ നേരെ കൈ നീട്ടിക്കൊണ്ട് വിശ്വ സ്വയം പരിചയപ്പെടുത്തിയതും , അനു പതിയെ പുഞ്ചിരിച്ചു . വിശ്വയെന്ന പേര് കേട്ടതും ധീരജിന്റെ നെറ്റി ചുളിഞ്ഞു . ഇയാളെ അല്ലെ ഞാൻ അന്ന് ഹിൽ പാലസിൽ വച്ചു കണ്ടത് .

ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു വന്നിട്ട് , ഞങ്ങളോട് സംസാരിച്ചു കൊണ്ട് നിന്നയാൾ .. അപ്പോൾ അന്ന് തൊട്ടേ ഇവർ ഇഷ്ടത്തിലായിരുന്നോ ???? അനുവിന്റെ കൈയിൽ കൈ കോർത്തു കൊണ്ട് വിശ്വ പറയുന്നത് കേട്ടതും , സൗപർണികയ്ക്ക് എന്തോ ഒരാശ്വാസമാണ് തോന്നിയത് . കാര്യം ധീരജിന് പഴയപ്പോലെ അനുവിനോട്‌ ഇഷ്ടം ഒന്നുമില്ലങ്കിലും , അനു ഒറ്റയ്ക്കിവിടെ വന്നാൽ ധീരജിന്റെ മനസ്സിലെന്തായിരിക്കുമെന്നോർത്ത് അവൾ ഒത്തിരി ആധി പിടിച്ചിരുന്നു , അന്നേരമാണ് അനുവായി തന്നെ വിശ്വയെ കൂട്ടി കൊണ്ട് വന്നത് .

ആദ്യത്തെ ചളിപ്പെല്ലാം മാറി കിട്ടിയതും വിശ്വ എല്ലാവരോടും നന്നായി തന്നെ സംസാരിച്ചു തുടങ്ങി . എന്തെങ്കിലും ചോദിച്ചാൽ മാത്രം ഉത്തരം പറയുന്ന , അതും നോക്കിയും കണ്ടും മാത്രം ഉത്തരം പറയുന്ന അനുവിന്റൊപ്പം , ഒട്ടേച്ചിയെപ്പോലെ ചിലച്ചുക്കൊണ്ട് നടക്കുന്ന വിശ്വയെ കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു . എന്നാലും ആ ചെക്കന് ആ മിണ്ടാത്ത കുട്ടിയെ എങ്ങനെ ഇഷ്ടമായോ ഭഗവാനെ???? അനുവിനെയും വിശ്വയേയും കണ്ടപ്പോൾ തൊട്ട് സൗപർണികയുടെ മുത്തശ്ശിക്ക് തോന്നിയ സംശയമാണത് .

“ഹലോ …. ” പുറകിൽ നിന്നാരോ വിളിക്കുന്നപ്പോലെ തോന്നിയതുക്കൊണ്ടാണ് വിശ്വ തിരിഞ്ഞു നോക്കിയത് . തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടതും , അവൻ തല തിരിച്ചു പുറകിലേക്ക് നോക്കി . തന്നെ തന്നെയാണോ എന്നുറപ്പാക്കാൻ വേണ്ടി . “ഞാൻ , വിശ്വ ഇവിടെ ഒറ്റയ്ക്കു നിൽക്കുന്നത് കണ്ടുക്കൊണ്ട് വന്നതാണ് ……. ” ആരൊക്കെയോ തന്റെ മുന്നിൽ കൂടി കടന്നു പോകാൻ തുടങ്ങിയതും നിത്യ വിശ്വയുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്നു നിന്നു കൊണ്ട് പറഞ്ഞു .

“എന്നാലും നീ പോലീസിനേം കൊണ്ട് ഇങ്ങോട്ട് വരുമെന്ന് വിചാരിച്ചില്ല കേട്ടോ …… ” കൈയിലിരിക്കുന്ന ഐസ് ക്രീം നക്കുന്നതിനിടയിൽ ഷാന പറഞ്ഞതും അനു ചിരിച്ചു . “അത് മാത്രമാണോ , ഒപ്പം വുഡ്ബിയെന്ന് പറഞ്ഞു ഒരു പരിചയപ്പെടുത്തലും ……. ” കണ്ണാടിയിൽ നോക്കി തന്റെ സാരി ശരിയാക്കുന്നതിനിടയിൽ സരൂ പറഞ്ഞതും , അനു അവളെ തുറിച്ചു നോക്കി . ഞാനാണോ അതിന് വുഡ്ബിയെന്ന് പറഞ്ഞത് , കാക്കി തന്ന താനേ പറഞ്ഞതല്ലേ , എന്ന ഭാവത്തിൽ കണ്ണാടിയിൽ തെളിഞ്ഞു കണ്ട അനുവിന്റെ രൂപത്തെ അവൾ കണ്ടില്ലന്ന് നടിച്ചു കൊണ്ട് തന്റെ പരുപാടി തുടർന്നു .

“എന്നാലും എന്റെ ചേച്ചി ….. ചേട്ടൻ അടിപൊളിയാട്ടൊ …… എന്നാ ബോഡിയാണെന്നെ …… ” ആരെങ്കിലും ഒന്ന് തുടങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞാനിതൊന്നു പറയാൻ എന്ന രീതിയിൽ സൗപർണികയുടെ അനിയത്തി പറഞ്ഞത് കേട്ട് ഷാന കണ്ണും മിഴിച്ചു അവളെ നോക്കി . “അതന്നെ …… അധികം ഓവറല്ലാത്ത ബോഡി …… പോരാത്തതിന് ചേട്ടന് ആ ഷർട്ട് നന്നായി ചേരുന്നുണ്ട് ……. ” അടുത്ത ആളുടെ വക കമന്റ്‌ കിട്ടിയതും , അനു ഒന്നും മിണ്ടാതെ ദീർഘമായിയൊന്നു നിശ്വസിച്ചു .

“മസ്സിലൊക്കെ തെളിഞ്ഞു കാണാം …… നെഞ്ചും bicepsum….. . ” സൗപർണികയുടെ വകയിലെതോ ഒരു കസിൻ പറയുന്നത് കേട്ടതും ഷാനയുടെ വാ പിളർന്നു . എന്റെ റബ്ബേ…!!!!! ഇതുങ്ങളൊക്കെ പ്ലസ് ടുവിൽ പഠിക്കുന്ന പിള്ളേരൊക്കെ തന്നെയാണോ ???? ഇജ്ജാതി പിട കോഴികൾ….!!!!! തന്റെ അനിയത്തിയുൾപ്പെടെ തന്റെ കുടുംബത്തിലുള്ള എല്ലാ കോഴികളും ഒന്നിച്ചു ചേർന്നു വിശ്വയെ വലിച്ചു കീറുന്നത് കേട്ടതും , സരൂ അനുവിനെ നോക്കി . ഇവൾക്കിതെന്തു പറ്റി ???? രണ്ടു പൊട്ടിക്കൽ കൊടുക്കാനുള്ള സമയം കഴിഞ്ഞല്ലോ ???? സൗപർണികയുടെ അതെ സംശയമായിരുന്നു ഷാനയ്ക്കും .

അള്ളാ!!!!! പ്രണയിക്കാൻ തുടങ്ങിയതും ഇവളുടെ സ്വഭാവമൊക്കെ മാറിയോ ????? ജനലിൽ കൂടി താഴേക്ക് തന്നെ നോക്കി നിൽക്കുന്ന അനുവിനെ കണ്ടതും ഷാനയും താഴേക്ക് നോക്കി . ഇവളെന്താ താഴെ തന്നെ നോക്കി നിൽക്കുന്നത് ???? അവിടെ ആരെങ്കിലും തുണി ഇല്ലാതെ നിൽക്കുന്നുണ്ടോ ???? അനുവിന്റെ നോട്ടം പോകുന്നിടത്തേക്ക് , തന്നെ നോക്കിയപ്പോഴാണ് ഷാനയും അത് കണ്ടത് . ഏതോ ഒരു പെണ്ണിനോട് എന്തൊക്കെയോ പറഞ്ഞു പൊട്ടി ചിരിക്കുന്ന വിശ്വ ….. വിശ്വയുടെ അടുത്ത് നിൽക്കുന്ന പെണ്ണ് ആരെന്ന് മനസ്സിലായതും , ഷാന ഞെട്ടി അനുവിനെ നോക്കി . നിത്യയുടെ മുഖം തെളിഞ്ഞു കണ്ടതും അനു വേഗം തന്നെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു വാതിലിലേക്ക് നടന്നു .

ഓ ഒ….. പണി പാളി…..!!!!! ഷർട്ടിന്റെ കൈ മുട്ടിലേക്ക് കയറ്റി വച്ചു കൊണ്ട് പുറത്തേക്ക് നടക്കുന്ന അനുവിനെ കണ്ടതും ഷാനയും വേഗം എഴുന്നേറ്റു . ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്ന അനുവിനെ കണ്ടതും സൗപർണികയുൾപ്പെടെ എല്ലാവരും കാര്യമെന്തെന്നറിയാതെ പരസ്പരം നോക്കി . ഇനി നമ്മളാ ചേട്ടനെ പറ്റി പറഞ്ഞത് കൊണ്ടാണോ ????? വാതിലിന്റെ അടുത്തെത്തിയതും എന്തോ ഓർത്തെന്നപ്പോലെ അനു തിരിഞ്ഞു കിടക്കയിലിരിക്കുന്ന സൗപർണികയുടെ കസിൻസിനെ നോക്കി . തന്നെക്കാൾ വയസ്സിനു മൂത്തവർ തൊട്ട് , ആറാം ക്ലാസ്സ്‌ വരെയുള്ളവർ ഉണ്ട് .

വന്നപ്പോൾ തൊട്ട് കാണുന്നതാണ് , അതിൽ ഒന്ന് രണ്ടു പേരുടെ ഇളക്കം …. “എന്റെ ചെക്കന്റെ അനാട്ടമി പഠിക്കാനല്ല നിങ്ങളൊക്കെ ഇവിടെ വന്നിരിക്കുന്നത് …… ആ ബോഡിയുടെ തിയറിയും പ്രാക്ടിക്കലുമൊക്കെ നോക്കാൻ ഞാൻ ഇവിടെ ഉണ്ട് ……. അതിന് ഞാൻ മാത്രം മതി , അല്ലാതെ വഴിയെ കൂടി പോകുന്നവരുടെ സഹായമൊന്നും എനിക്ക് വേണ്ട …… ” പറഞ്ഞു കഴിഞ്ഞതും വാതിൽ വലിച്ചടച്ചു കൊണ്ട് ഇറങ്ങി പോയ അനുവിനെ കണ്ടതും സരൂവിന്റെ ചുണ്ടത്തൊരു ചിരി വിരിഞ്ഞു . ഇവള് നന്നായിയെന്ന് ആരാ പറഞ്ഞത് ??? കാക്കിക്ക് ആ ഷർട്ട് വാങ്ങി കൊടുത്ത എന്നെ പറഞ്ഞാൽ മതി …….. നാശം പിടിക്കാൻ…..!!!!!

പോകുന്ന വഴിയിൽ സ്വയം തലയ്ക്കിട്ടു കിഴുക്കിക്കൊണ്ട് പോകുന്ന അനുവിനെ കണ്ടതും ഷാനയ്ക്ക് ചിരി വന്നു . ഇവൾക്ക് തലയ്ക്കു പിടിച്ചുവെന്നാ തോന്നുന്നത് ???? “അനു രാഗയെ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ടെന്നേ ……. കലോത്സവത്തിന് അവൾക്ക് കിട്ടേണ്ട സമ്മാനം രാഗയ്ക്ക് കിട്ടിയെന്ന് പറഞ്ഞാണ് അനു അവളെ കുളത്തിൽ തള്ളിയിട്ടത് …….. പാവം രാഗ ……. എത്ര ദിവസം ആണെന്ന് അറിയോ ഹോസ്പിറ്റലിൽ കിടന്നത് ??????? ” നിത്യ പറയുന്നത് കേട്ടതും അവളുടെ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കാനാണ് വിശ്വയ്ക്ക് തോന്നിയതെങ്കിലും , പെട്ടെന്ന് നിത്യയുടെ പുറകിലായി വന്നു കൈ കെട്ടി നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു .

അവളായി വന്നു അവളുടെ കുഴി തോണ്ടി ….. അപ്പോൾ പിന്നെ ഞാൻ ഒന്നും ചെയ്യേണ്ട ആവിശ്യമില്ല …… താനിത്രയൊക്കെ പറഞ്ഞിട്ടും വിശ്വയുടെ മുഖത്തു യാതൊരു വിധ ഭാവമാറ്റവും ഇല്ലന്ന് കണ്ടതും നിത്യ തന്റെ നഖം കടിക്കാൻ തുടങ്ങി . ആഹ് ……. എന്തായാലും ഇത്രയും പറഞ്ഞു , എങ്കിൽ പിന്നെ ബാക്കി കൂടി പറഞ്ഞേക്കാം …. ” ഇതൊക്കെ കേട്ട് കഴിഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ ???? കേൾക്കുന്നവരൊക്കെ ചോദിക്കും അനിയത്തിയോട് ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ ???? ” “അതന്നെ ……. അനിയത്തിയോട് ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യോ എന്റെ റബ്ബേ ????? ”

കഷ്ടമെന്ന രീതിയിൽ തന്റെ താടയിൽ കൈ വച്ചു കൊണ്ട് ഷാന ചോദിച്ചത് കേട്ട് , വിശ്വയ്ക്ക് ചിരി വന്നു . ഷാനയുടെ ശബ്ദം കേട്ടതും , നിത്യ വേഗം തന്നെ തിരിഞ്ഞു നോക്കി . അവളുടെ ഒപ്പം അനുവും കൂടി ഉണ്ടെന്നറിഞ്ഞതും അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി . ഇവളെപ്പോൾ ഇവിടെ വന്നു ???? ഞാൻ പറഞ്ഞത് മുഴുവനും ഇവൾ കേട്ടോ ????? തന്നെ കണ്ടതും ഒന്നും മിണ്ടാതെ തപ്പി തടയുന്ന നിത്യയെ കണ്ടതും , അനുവിന്റെ ചുണ്ടിലൊരു പുച്ഛം കലർന്ന ചിരി തെളിഞ്ഞു . എന്നെ കാണുന്നത് തന്നെ അവൾക്ക് പേടിയാണ് …… എന്നിട്ടാണ് , ഞാനില്ലാത്തപ്പോൾ അവൾ ഈ വക പണി ചെയ്തു കൂട്ടുന്നത് .

“ഞാൻ …… എ…… എന്നെ അമ്മ വിളിക്കുന്നു …… ” അനുവിന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് നിത്യ അകത്തേക്ക് ഓടിയതും , അനു തിരിഞ്ഞു വിശ്വയെ നോക്കി . ഇപ്പോൾ വരാവേ …… “കൊല്ലരുത് …… ” എന്ന ഭാവത്തിൽ തന്നെ നോക്കിയ അനുവിനെ കണ്ടു വിശ്വ അപേക്ഷ പോലെ പറഞ്ഞു . “ജാമ്യത്തിലെടുക്കാൻ വരാമെന്നു പറഞ്ഞു …??? ” പുരികം പൊക്കി കൊണ്ട് അനു ചോദിച്ചത് കേട്ട് , അവൻ ചിരിച്ചു കൊണ്ട് തലയാട്ടി . “നിത്യ ,,, നിന്നെ ആന്റി വിളിക്കുന്നു ……. ” ആരോ വന്നു പറഞ്ഞതും അവൾ വേഗം തന്നെ എഴുന്നേറ്റു . വിശ്വയുടെ അടുത്ത് നിന്ന് പോന്നപ്പോൾ തൊട്ട് , ഇവിടെ പിള്ളേരുടെ ഒപ്പമായിരുന്നു ഇരിപ്പ് .

ഒറ്റയ്ക്കിരിക്കാൻ ഒരു പേടി പോലെ …… താഴേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് , അവൾ ഒരു വശത്തായി നിൽക്കുന്ന അനുവിനെ കണ്ടത് . അവളെ കണ്ടതും , നിത്യയുടെ നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി . എങ്കിലും തന്റെ പേടി പുറത്ത് കാണിക്കാതെ , അവളെ കടന്നു പോകാൻ ഒരുങ്ങിയതും , അനു മനഃപൂർവം കുറുകെ വച്ചിരുന്ന കാലു തട്ടി വീഴാൻ പോയതും ഒരുമിച്ചായിരുന്നു . സ്റ്റെപ്പിലേക്ക് മുന്നും കുത്തി വീഴാൻ പോകുന്നതിന് മുൻപ് തന്നെ അനു അവളുടെ മുടി കുത്തിനു കയറി പിടിച്ചു . എന്തോ തന്റെ തലയിൽ നിന്നും എന്തൊക്കെയോ പറിഞ്ഞു പോകുന്നപ്പോലെ അവൾക്ക് തോന്നി .

വല്ലാത്ത വേദന ……. “ആ…..!!!!!!” നിത്യയുടെ കരച്ചിൽ കേട്ടതും ഷാന തന്റെ ചെവി പൊത്തി . “വിട് ……. വിടാൻ …….!!!!! ” നിത്യയുടെ അലർച്ച കേട്ടതും , അനു പിന്നെ ഒന്നും നോക്കിയില്ല , അവളുടെ മുടിയിലുള്ള തന്റെ പിടി വിട്ടു . “എന്റെ റബ്ബേ…..!!!! ” നിലത്തു ചുരുണ്ട് കൂടി കിടക്കുന്ന നിത്യയെ കണ്ടതും ഷാന വേഗം തന്നെ അനുവിന്റെ കൈയും പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി . “നീ അവളുടെ കരണം നോക്കി ഒന്ന് കൊടുക്കുമെന്ന് വിചാരിച്ചല്ലേടി ഞാൻ ഒപ്പം വന്നത് ???? എന്നിട്ടിപ്പോ നീ എന്താടി മ……മ……മത്തങ്ങേ ചെയ്ത് വച്ചതു ????? ” ടെറസിന്റെ മുകളിലെത്തിയതും ഷാന അനുവിന്റെ നേരെ ചാടി കീറാൻ തുടങ്ങി .

“അവള് കൈ വിടാൻ പറഞ്ഞു ……. ഞാൻ വിട്ടു ……. ” കൂസലില്ലാത്ത അനുവിന്റെ മറുപടി കേട്ട് , ഷാനയ്ക്ക് അവളുടെ കാലിനു വാരി നിലത്തടിക്കാനാണ് തോന്നിയതെങ്കിലും , ഞാൻ വാരാൻ ചെല്ലുന്നതിന് മുൻപ് തന്നെ , തന്നെ അവൾ തൂക്കി ഏറിയുമെന്ന് ഓർത്തതും ഷാന അങ്ങനെയൊരു സാഹസത്തിനു മുതിർന്നില്ല . “നീ ഇങ്ങനെ പേടിക്കൊന്നും വേണ്ട …… അഞ്ചാമത്തെ സ്റ്റെപ്പിൽ നിന്ന് വീണാൽ അവളെ പോലെയുള്ള ചക്കപ്പോത്തൊന്നും ചാവത്തില്ല …….. ” നഖം കടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇടം വലം നടക്കുന്ന ഷാനയെ പിടിച്ചു നിർത്തി കൊണ്ട് അനു പറഞ്ഞതും , ഷാന അവളെ നോക്കി .

ഒന്നും പറ്റില്ലല്ലോലെ എന്ന ഭാവത്തിൽ തന്നെ നോക്കുന്ന ഷാനയെ കണ്ടു , അനു തന്റെ കണ്ണുകൾ ചുഴറ്റിക്കൊണ്ട് പുറത്തേക്ക് നടന്നു . “നിക്ക് …… ഞാനും വരുന്നു ……. ” താഴേക്ക് പോകുന്നതിനിടയിൽ ഏതോ മുറിയിൽ ആൾക്കാരൊക്കെ കൂടി നിൽക്കുന്നത് കണ്ടതും ഷാന അനുവിനെ നോക്കി . ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരട്ടെ ???? ഷാനയുടെ നോട്ടം കണ്ടതും , നോക്കെ നോക്കാതിരിക്കെ എന്താണ്ന്ന് വച്ചാൽ ചെയ്തോ ???? എന്ന രീതിയിൽ തിരിച്ചൊരു നോട്ടം നോക്കി കൊണ്ട് പുറത്തേക്ക് നടക്കുന്ന അനുവിനെ കണ്ടു , ഷാന മുറിയിലേക്ക് എത്തി നോക്കി . മുറിയുടെ ഒത്ത നടുവിലായി ,

കിടക്കയിൽ നീര് വച്ച മുഖവുമായി തല കുമ്പിട്ടിരിക്കുന്ന നിത്യയെ കണ്ടപ്പോഴാണ് അത്രയും നേരം നൂറേ നൂറിൽ പോയി കൊണ്ടിരുന്ന ഷാനയുടെ ശ്വാസം ഒന്ന് നേരെയായത് . ഭാഗ്യം …… ചത്തില്ല ……. പുറത്തേക്കിറങ്ങിയതും അനു കണ്ടത് ധീരജുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന വിശ്വയെയാണ് . “നമ്മുക്ക് പോകാം …… ” വിശ്വയുടെ അടുത്തേക്ക് ചെന്നു കൊണ്ട് അനു ചോദിച്ചതും , ധീരജ് അവളെ നോക്കി . “ഇത്തിരി നേരം കൂടി കഴിഞ്ഞിട്ട് പോകാം …… ” അനുവിനെ നോക്കി കൊണ്ട് ധീരജ് പറഞ്ഞതും , അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി . “ഒത്തിരി ദൂരം പോകാനുണ്ട് …… ”

അറുത്തു മുറിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല ….. എപ്പോഴോ സരൂ പറഞ്ഞത് അവനോർത്തു . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും , അവൾക്ക് തോന്നിയത് ചെയ്തു വച്ചിട്ട് അവൾ ഒരു പോക്കങ്ങു പോകുമെന്ന് ….. അങ്ങനെയുള്ള ആളിനെ ഞാൻ നിർബന്ധിച്ചിട്ടെന്തിനാ ??? അവസാനമായി സരൂവിനെയും ഒന്ന് ചെന്നു കണ്ടിട്ടാണ് അവരിരുവരും അവിടെ നിന്നിറങ്ങിയത് . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഗ്രാമത്തിലേക്ക് നീങ്ങാൻ തുടങ്ങിയതും തന്റെ വയറിൽ ചുറ്റിയ വിശ്വയുടെ കൈയിലേക്ക് അനു പാളി നോക്കി .

കയറിയപ്പോൾ വിശ്വയുടെ കൈ , സ്പർശനെ പാപം ദർശനെ പുണ്യമെന്ന രീതിയിലായിരുന്നു . കുറച്ചു ദൂരം കഴിഞ്ഞതും അതൊക്കെ മാറി കൈ തോളിലേക്ക് ചെക്കേറി , പിന്നെയത് ഇടുപ്പിലേക്ക് നീങ്ങി . ഇപ്പോൾ ധാ ആള് എന്റെ വയറിലും ചുറ്റി പിടിച്ചു തോളിൽ തലയും വച്ചു കണ്ണടച്ച് കിടക്കുന്നു . “ഉറങ്ങിയോ ???? ” “ഇല്ല…… ” മിററിൽ കൂടി തന്റെ തോളിൽ കണ്ണടച്ച് കിടക്കുന്ന വിശ്വയെ പാളി നോക്കി കൊണ്ട് അനു ചോദിച്ചതും , അവൻ കണ്ണുകൾ തുറക്കാതെ തന്നെ മറുപടി പറഞ്ഞു . വിശ്വയുടെ മറുപടി കേട്ടതും , അവൾ ഒന്നുകൂടി അവനെ നോക്കി , കൊണ്ട് തന്റെ വണ്ടിയുടെ സ്പീഡ് കൂട്ടി .

തുടരെ തുടരെയുള്ള വിളി കേട്ടുക്കൊണ്ടാണ് രാഗ മുറിയിൽ നിന്നിറങ്ങിയത് . അമ്മ അടുത്തുള്ള ആരെയോ കാണണമെന്ന് പറഞ്ഞു പോയത് കൊണ്ട് , വാതിലും അടച്ചു മുറിയിൽ കയറി ഇരുന്നതാണ് …. എപ്പോഴോ ഉറങ്ങിപ്പോയി …. പിന്നെ ഇപ്പോഴാണ് എഴുന്നേൽക്കുന്നത് . ഉറക്കത്തിനിടയിൽ അഴിഞ്ഞു പോയ മുടി എടുത്തു ഒതുക്കി വച്ചു കൊണ്ട് അവൾ മുറിക്ക് വെളിയിലേക്കിറങ്ങി . “ആ ….. ദാ വരുന്നു ……. ” വാതിലിലെ മുട്ട് അവസാനിക്കുന്നില്ല മനസ്സിലായതും അവൾ ഉറക്കെ പറഞ്ഞു കൊണ്ട് താഴേക്ക് നടന്നു . അമ്മയോ അച്ഛനോ ആയിരിക്കുമെന്നു കരുതി വാതിൽ തുറന്ന രാഗ തന്റെ മുന്നിൽ നിൽക്കുന്ന നിത്യയെ കണ്ടു ചിരിച്ചു . “നീ ഇന്ന് വരില്ലന്ന് പറഞ്ഞു പോയിട്ട് ……..???? ” തന്റെ നേരെ ചിരിച്ചു കൊണ്ട് നിൽക്കുന്ന രാഗയെ അവഗണിച്ചു കൊണ്ട് നിത്യ അകത്തേക്ക് കയറി .

“എനിക്കൊരു കാര്യം പറയാനുണ്ട് …… ” ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്ന നിത്യയെ കണ്ടതും , അവൾക്ക് എന്തോ അപാകത തോന്നി . സാധാരണ അവളിങ്ങനെയല്ല …. എപ്പോഴും ചിരിച്ചു കളിച്ചു കൊണ്ടാണ് നടക്കുന്നത് . ഇതിപ്പോൾ വളരെ ഗൗരവത്തിൽ …… മാത്രമല്ല , അവളുടെ മുഖമാകെ നീര് വച്ചിരിക്കുന്നപ്പോലെ …… ഇനി വീട്ടിലെന്തെങ്കിലും പ്രശ്നം ….. “എന്താ നിനക്ക് പറയാനുള്ളത് ???? വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ??? ” രാഗയുടെ ആധി നിറഞ്ഞ ചോദ്യം കേട്ടതും , മറുപടിയായി അവളൊന്നു ചിരിച്ചു . പുച്ഛം കലർന്ന ചിരി ….. “ഞാൻ അനുവിനെ കണ്ടിരുന്നു ……. “ (തുടരും …… മൂന്ന് partil തീരും കേട്ടോ ( തീരേണ്ടതാണ് )

അനു : ഭാഗം 46