Saturday, April 27, 2024
Novel

സീമന്തരേഖ : ഭാഗം 5

Spread the love

എഴുത്തുകാരി: RASNA RASU

Thank you for reading this post, don't forget to subscribe!

കണ്ണ് തുറന്ന അനന്തൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. തന്റെ മുറിയല്ലെന്ന് മനസിലായതും കൊട്ടി പിടഞ്ഞെഴുന്നേറ്റു. “”” ഇതെന്താ കാണിക്കണേ.. അവിടെ കിടന്നെ.. തലകറങ്ങും ട്ടോ “”” അവനടുത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്ന സീത അവന്റെ പ്രവൃത്തി കണ്ട് തടഞ്ഞ് നിർത്താൻ ഒരു ശ്രമം നടത്തി. “”” നീയോ… മാറിനിക്കടീ.. ആരാ എന്നെ ഇവിടെ കൊണ്ടാക്കിയത്?””” “”” അതൊക്കെ പറയാം. അതിന് മുമ്പൊന്ന് അവിടെ ഇരുന്നെ.. ഗ്ലൂക്കോസ് കേറ്റാണ്..””” കൈയിൽ പിടിച്ച് കൊണ്ടവൾ അവനെ കിടക്കയിലായി ഇരുത്തി. വീണ്ടും എഴുന്നേറ്റ് പോകാൻ ശ്രമിച്ച അവന്റെ മുമ്പിലായി നിന്നവൾ കണ്ണുരുട്ടി. ”

“” ദേ.. മര്യാദക്ക് അവിടെ ഇരുന്നില്ലെങ്കിൽ സുഖമില്ലാതെ കിടക്കാണെന്നൊന്നും ഞാൻ നോക്കില്ല. നേഴ്സ്നോട് പറഞ്ഞ് ഒരു ഇൻജക്ഷൻ അങ്ങ് വച്ച് തരും””” “””നീയെന്താടീ ആളെ പേടിപ്പിക്കാണോ? അങ്ങോട്ട് മാറിനിൽക്കെടീ ശവമേ…!!””” അവളെ മുന്നിൽ നിന്ന് പിടിച്ച് മാറ്റി കൊണ്ടവൻ പുറത്തേക്ക് നടന്നതും സീത തടയാനായി അവന്റെ പിറകെ വച്ച് പിടിച്ചു. “”” ഇത്ര ധൃതിയിൽ പോകാൻ മാത്രം ആ മുറിയിലെന്താ? മര്യാദക്ക് ഭക്ഷണം പോലും കിട്ടുന്നില്ല. എന്നാലും രക്ഷപ്പെടണമെന്നില്ല. എന്തൊരു ജന്മമാ ഇത്?””” അവൻ കേൾക്കാൻ വേണ്ടി ഉറക്കെ തന്നെയവൾ ആത്മഗതിച്ചു.

ഒന്ന് തിരിഞ്ഞ് നടന്ന് വരുന്ന അവനെ കാൺകെ അവൾ മനസിൽ ഊറി ചിരിച്ചു. മുഖമടച്ച് ഒന്ന് കൊടുത്തതും കണ്ണ് നിറച്ച് കൊണ്ടവൾ അവനെ നോക്കി. “”” കുറച്ച് നേരായി സഹിക്കുന്നു. വേണ്ടാത്ത കാര്യത്തിൽ ഇടപെടാൻ നിൽക്കരുത്. കുറച്ച് ഭക്ഷണം തന്നെന്ന് വച്ച് എന്നെ കേറി ഭരിക്കാം എന്നാണോ? ജോലിക്ക് വന്നവർ അത് ചെയ്യുക..! ഇനി എന്റെ കൺമുമ്പിൽ കണ്ട് പോകരുത് നിന്നെ..””” ഒരു താക്കീത് പോലെ നടന്നകലുന്നവന്റെ മുമ്പിലായി തടസം പോലവൾ വന്ന് നിന്നു. “”” എന്നെ തല്ലാൻ ഒരു മടിയും ഇലല്ലോ.. ഈ പ്രതികരണശേഷിയെന്താ വീട്ടിൽ എടുക്കാത്തത്? ഓ.. ഞാൻ ജോലിക്കാരിയാണല്ലോ.. എന്നെ എന്ത് വേണേലും ചെയ്യാലോ.. ചോദിക്കാനും പറയാനും ആരും ഇലല്ലോ?

അവർ സ്വന്തമാണല്ലോ..എന്തായാലും നട്ടെല്ലുണ്ട് എന്ന് മനസിലായി..””” ദേഷ്യത്താൽ തിരിഞ്ഞ് നടക്കുമ്പോഴും ഒരു പിൻവിളി അവൾ പ്രതിക്ഷിച്ചു. ശ്ശെ.. ഇത്രനേരം പറഞ്ഞത് വെറുതെയായോ ഭഗവതി? ഇയാളെ ഒന്ന് അടക്കി നിർത്താൻ എന്തൊക്കെ ചെയ്യണം. നല്ല വേദന.. മാലു പറഞ്ഞപോലെ കാട്ടുമാക്കാൻ തന്നെയാ.. അടി കിട്ടിയ കവിളിൽ മെല്ലെ തടവി കൊണ്ടവൾ തിരിഞ്ഞ് നോക്കി. എന്തോ ചിന്തിച്ച് പുറംതിരിഞ്ഞ് നിൽക്കാണ് അനന്തൻ. നിന്ന സ്ഥലത്ത് നിന്ന് ഒരടി പോലും അനങ്ങിയിട്ടില്ല. അപ്പോൾ പറഞ്ഞത് ആൾക്ക് കൊണ്ടിട്ടുണ്ട്. ദേവിയേ… ഈ ഭദ്രട്ടൻ എവിടെ? എനിക്ക് അധികനേരം ഇയാളെ അടവിട്ട് ഇവിടെ പിടിച്ച് നിർത്താൻ പറ്റില്ല..

നഖം കടിച്ച് കൊണ്ട് ക്യാന്റീൻ ഭാഗത്തേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ഭദ്രൻ എന്തോ കവറും കയ്യിൽ പിടിച്ച് വരുന്നത് കണ്ടത്.. വേഗം അവൾ കണ്ണ് കൊണ്ട് അനന്തനെ കാണിച്ച് കൊടുത്തു. “”” അനന്താ….!!! “”” പിറകിൽ നിന്ന് ഭദ്രന്റെ ശബ്ദം കേട്ടതും അനന്തൻ മനപ്പൂർവ്വം തന്നെ തിരിഞ്ഞ് നോക്കിയില്ല. “”” ടാ…നിനക്ക് എന്നോട് ദേഷ്യമാണെന്നറിയാം.. നീയത് സ്വന്തം ശരീരത്തോട് കാട്ടല്ലേ.. വന്ന് കിടന്നേ..നിനക്ക് നല്ല ക്ഷീണമുണ്ട്. ഭക്ഷണം കഴിച്ചിട്ട് പോകാം””” തോളിൽ പതിയെ ഒന്ന് കൈ വച്ച് കൊണ്ട് ഭദ്രൻ പറഞ്ഞതും അവന്റെ കൂമ്പിനിട്ട് കൈമുട്ട് കൊണ്ട് ഒന്ന് കൊടുത്തു അനന്തൻ. വേദന കൊണ്ട് ഒന്ന് അലറിയ ഭദ്രൻ ചുണ്ടിൽ ഒരു ചിരി വരുത്തി. “””നിനക്ക് പ്രതികാരം ചെയ്യാനെങ്കിലും ആരോഗ്യം വേണ്ടേ..

വാ കഴിക്കാം. നിന്റെ ഇഷ്ടപ്പെട്ട ദോശയും ചമ്മതിയുമാണ്. വെറുതെ പാഴാക്കാതെ വാ..””” “”” ഞാനെങ്ങോട്ടുമില്ല.. വാങ്ങിയവർ തന്നെ കഴിച്ചാൽ മതി””” ദൂരേക്ക് ദൃഷ്ടി പായിച്ച് കൊണ്ട് പറയുന്ന അനന്തനെ ഭദ്രൻ ലാളനയോടെ നോക്കി. “”” അന്നത്തെ നിന്ദിക്കരുത് എന്നാ..! ഒരു മണി വറ്റ് പോലും 2 പേരുടെ വിശപ്പടക്കും എന്ന് പഠിപ്പിച്ച അരവിന്ദൻ മാഷിന്റെ അനിയൻ ചേട്ടന്റെ വാക്കിന് വിലകൽപ്പിക്കില്ലെന്നാണോ?””” ഒരു കുസ്യതിയോടെ ഒളികണ്ണെറിഞ്ഞ് കൊണ്ട് ഭദ്രൻ ചോദിച്ചതും കുറച്ച് നേരം അനന്തൻ നിശബ്ദമായി. ഒന്നും പറയാതെ തിരിച്ച് വാർഡിലേക്ക് കയറുന്ന അവനെ കണ്ടതും ഭദ്രൻ അറിയാതെ ചിരിച്ച് പോയിരുന്നു.

ചമ്രം പടഞ്ഞിരുന്ന് കൊണ്ട് മുഖവും വീർപ്പിച്ചിരിക്കുന്ന അനന്തനെ കാൺകെ സീതക്കും ഭദ്രനും ചിരി പൊട്ടിയെങ്കിലും കൂടുതൽ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി രണ്ടാളും അത് മറച്ചു. “”” എന്നാ ഒരു മണവാ ഭദ്രട്ടാ… വായിൽ വെള്ളമൂറുവാ…””” അനന്തനെ ഒളിഞ്ഞ് നോക്കികൊണ്ട് സീത അഭിനയിച്ചു. “”” ഇവിടത്തെ ക്യാന്റീനിൽ നിന്നാ.. എനിക്കും ഇതിന്റെ മണം അടിച്ചിട്ട് നിൽക്കാൻ മേല്ല. നീയാ പാത്രമെടുത്തേ സീതേ… വേണ്ടവർക്ക് കഴിക്കാം കേട്ടോ..””‘ അനന്തനെ നോക്കി അർത്ഥം വച്ച് പറഞ്ഞ് കൊണ്ട് ഭദ്രൻ ദോശയിൽ ചമ്മന്തി ഒന്ന് തൊട്ട് പിടിപ്പിച്ച് കൊണ്ട് അനന്തന് നേരെ നീട്ടി. ഒറ്റ തട്ട് കൊടുത്ത് കൊണ്ട് കിടക്കയിൽ തിരിഞ്ഞ് കിടന്ന അനന്തനെ നോക്കി ഭദ്രൻ സീതയോട് ആംഗ്യം കാണിച്ചു. ”

“” സീത… ഞാൻ പോവാ.. ഇനി ഞാൻ ഉള്ളത് കാരണം ആരും പട്ടിണി കിടക്കണ്ട. നാണുവേട്ടന്റെ കാർ പുറത്ത് ഉണ്ട്. വീട്ടിലേക്ക് തിരിച്ചതിൽ വന്നാൽ മതി””” അനന്തൻ കേൾക്കാനായി ഒച്ചത്തിൽ വിളിച്ച് പറഞ്ഞ് കൊണ്ട് ഭദ്രൻ താഴേക്കിറങ്ങി. “”” കഷ്ട്ടം ണ്ട് ട്ടോ.. പാവം. സ്വന്തം കൂടപിറപ്പ്കൾ പോലും തിരിഞ്ഞ് നോക്കാത്ത മാഷേയൊക്കെ സഹായിച്ചതിന് ഇങ്ങനെയാണോ പെരുമാറേണ്ടത്?””” “”” എന്നെയാരും മര്യാദ പഠിപ്പിക്കണ്ട””” സീതയ്ക്ക് മറുപടിയായി കനപ്പിച്ച് പറഞ്ഞതും കൂടുതൽ പറയാൻ അവൾക്ക് തോന്നിയില്ല. “”” ശരിയാ.. ജോലിക്കാരിക്ക് നിങ്ങളുടെ ജീവിതത്തിൽ എന്ത് കാര്യം? ഇനി ഞാനൊന്നും പറയുകയുമില്ല.. വേണേൽ കഴിച്ചാൽ മതി. എനിക്ക് വിശക്കുന്നു””

” ദോശ പാത്രത്തിലിട്ട് സീത ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞ് ഒന്ന് കണ്ണ് അനന്തനിലേക്ക് പായിച്ചതും ആള് മുന്നിലെ ദോശയും നോക്കിയിരിക്കാണ്. കൈ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ കൈ പിൻവലിക്കും. “”” ഇയാളിതെന്താ കാട്ടണേ…””” സാരിതലപ്പ് ഇടുപ്പിൽ മുറുക്കി കെട്ടി കൊണ്ട് അവൾ അനന്തന്റെ അരികിലായി ഇരുന്ന് കൊണ്ട് ദോശ അവന് നേരെ നീട്ടി.. “”” എനിക്ക് വേണ്ട…””” മുഖം തിരിച്ച് കൊണ്ട് അവൻ വീണ്ടും പറഞ്ഞതും അവൾക്ക് ദേഷ്യം പെരുത്ത് കയറി. “”” വേണേങ്കിൽ കഴിച്ചോ.. കുറേ നേരായി കോപ്രായം കാണിക്കാൻ തുടങ്ങിയിട്ട്. എനിക്ക് കണ്ടിട്ട് നാല് തരാൻ തോന്നുവാ.. കൈയ്ക്ക് വേദന ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ..

അതിനിങ്ങനെ വിശപ്പ് പിടിച്ച് നിർത്തണോ?””” വീണ്ടും നീട്ടിയതും അവൻ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. കിട്ടിയ അവസരത്തിൽ അവളവന്റെ കൈയ്യിൽ പിടിച്ച് ഒന്ന് നുള്ളി വേദന കൊണ്ട് വാ തുറന്നതും വായിലേക്കങ്ങ് ഭക്ഷണം വച്ച് കൊടുത്തു. “”” ഇതേ ഉള്ളൂ.. എങ്ങാനും തുപ്പാനാണ് ഭാവമെങ്കിൽ ദേ ആ ഗ്ലാസ് കണ്ടോ? തലയ്ക്കെറിയും ഞാൻ..””” കണ്ണുരുട്ടിയതും അവനൊന്ന് പുച്ഛിച്ചു. വിശപ്പ് ഉള്ളതിനാൽ കൂടുതൽ ഗൗരവം പിടിക്കാൻ അവൻ ശ്രമിച്ചില്ല. വാരി കൊടുക്കുന്നതെല്ലാം ആസ്വദിച്ച് കഴിക്കുന്ന അവനെ ചുണ്ടിൽ ഊരി വരുന്ന ചിരിയോടെയവൾ നോക്കി കണ്ടു. കുപ്പിയിലെ വെള്ളം കൊണ്ട് വായ കഴുകിച്ച് കൊടുത്തതും വേഗം പുറത്തേക്കിറങ്ങി ഇല്ലെങ്കിൽ ബഹളം വച്ച് ആശുപത്രിക്കാരെ ബുദ്ധിമുട്ടിക്കും അനന്തേട്ടൻ എന്നവൾക്ക് തോന്നി. ”

“” നമ്മൾ കാറിലായിരുന്നോ വന്നത്?””” മുന്നിലെ സീറ്റിലേക്ക് കയറിയിരുന്ന് കൊണ്ട് അനന്തൻ ചോദിച്ചു. “”” വേണ്ടാതെ വാശിപിടിക്കാൻ പോയിട്ടല്ലേ.. അല്ലെങ്കിൽ ബോധപൂർവ്വം ആശുപത്രിയിലെത്തിയെനേ.. ഇതിപ്പോൾ മൂക്കിന്റെ പാലത്തിന് കൂടി ഒരു ബാൻഡേജ് കിട്ടി””” “”” നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എഴുന്നേറ്റപ്പോഴെ കാറിൽ കയറി പോന്നേനേ.. ഇതിപ്പോൾ തിരിച്ച് പോകാൻ കൈയ്യിൽ പൈസയില്ലാതായി പോയി. അത് കൊണ്ട് മാത്രമാ നിന്നെ ഇത്ര നേരം സഹിച്ചത്””” “”” അത് ശരി.. ഞാൻ വിചാരിച്ചു ഞങ്ങൾ പറഞ്ഞത് കേട്ട് മനസലിഞ്ഞെന്ന്.. താൻ പറഞ്ഞ പോലെ കാട്ടുമാക്കാനാണല്ലോ..

ഈ പറയുന്നത് ഒന്നും തനിക്ക് കേൾക്കിലല്ലോ..””” മറുപടി കേൾക്കാതായപ്പോൾ ഒന്ന് മുന്നിലെ സീറ്റിലേക്ക് എത്തി നോക്കി. അപ്പോഴേക്കും അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് കിടന്നിരുന്നു. വീടെത്തിയിട്ടും എഴുന്നേൽക്കാതായപ്പോൾ തട്ടി വിളിക്കേണ്ടി വന്നു. ഒന്ന് ചുറ്റും നോക്കി കൊണ്ട് അകത്തേക്ക് കയറാൻ ശ്രമിച്ചതും മുന്നിൽ തന്നെ മുഖം ചുളിച്ച് നിൽക്കുന്ന ശാരദാമ്മയെ കണ്ടതും അനന്തൻ വേഗം മുഖം കുനിച്ചു. അവരുടെ നോട്ടം അനന്തനിൽ അസ്വസ്ഥത നിറയ്ക്കുന്നു എന്ന് മനസിലായതും സീത വേഗം അവന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടന്നു.

തന്നെയും താൻ ചേർത്ത് പിടിച്ചിരിക്കുന്ന അനന്തന്റെ കൈയ്യും വെറുപ്പോടെ നോക്കുന്ന ശാരദാമ്മയെ കണ്ടിട്ടും കണ്ട ഭാവം നടിക്കാൻ സീത നിന്നില്ല. “”” അനന്തേട്ടൻ കിടന്നോ..പിന്നെ മരുന്ന് കഴിക്കാനുണ്ട്. ഓയിൽമെന്റ് പുരട്ടാനുണ്ട്.””” അവള് വീണ്ടും പലതും നിർത്താതെ പറഞ്ഞതും അവൻ കലിപ്പോടെ വാതിൽ കൊട്ടിയടച്ചു.. “”” പറഞ്ഞത് വല്ലതും കേട്ടോ ആവോ? ഇനി ഞാൻ തന്നെ പിറകെ നടക്കേണ്ടി വരോ?””” തിരിഞ്ഞ് മുറിയിലേക്ക് കയറാൻ തുടങ്ങിയതും പടി കയറി വരുന്ന ജാനകി ചേച്ചിയിൽ കണ്ണുകൾ പതിഞ്ഞു. ഇഷ്ടക്കേടോടെ തിരിഞ്ഞ് നടക്കാൻ കുനിഞ്ഞതും കൈയ്യിൽ പിടി വീണിരുന്നു. “”” എനിക്കറിയാം മോളെന്നോട് ദേഷ്യത്തിലാണെന്ന്.. ഞാൻ ചെയ്യുന്നത് തെറ്റാണെന്നറിയാം.

പക്ഷേ സ്വയം നോക്കാൻ ത്രാണിയില്ലാത്തവളാണ് ഞാൻ. അനന്തൻ കുഞ്ഞിനെ രക്ഷിക്കാൻ എനിക്ക് കഴിയില്ല. മോളെ തടയാനുള്ള അവകാശവും എനിക്കില്ല. ഞാൻ പറഞ്ഞാലും കുട്ടി ഇനി കേൾക്കില്ല എന്നറിയാം. കഴിയുമെങ്കിൽ അവനെ ഇവിടെ നിന്ന് കൊണ്ട് പോകണം. വയ്യ ഇനിയും എന്റെ കുഞ്ഞ് കിടന്ന് പിടയുന്നത് കാണാൻ. മോൾക്ക് നല്ലതേ വരൂ…””” തലയിൽ കൈവച്ച് അനുഗ്രഹിച്ച് കൊണ്ട് താഴേക്ക് നടക്കുന്ന ജാനകി ചേച്ചിയെ സീത കാര്യമറിയാതെ ഒന്ന് നോക്കി. മാലുവിനെക്കുറിച്ച് ഓർമ വന്നപ്പോൾ നേരെ കുട്ടികളുടെ മുറിയിലേക്ക് ഓടി സീത. മുറിയിൽ പനിച്ച് കിടക്കുന്ന മാലുവിനെയും നോക്കി കരയുന്ന കണ്ണനെ കണ്ടതും സീതക്കും വിഷമമായി.. “”” അയ്യേ… മാലുന്റെ കണ്ണേട്ടൻ കരയുന്നോ.. മാലു മോൾ കളിയാക്കു വേ… ഒന്നുമില്ല മാലുന് ട്ടോ.. ചെറിയ പനിയാ”

“” അവളുടെ കഴുത്തിലായി ഒന്ന് തൊട്ട് നോക്കി കൊണ്ട് സീത കണ്ണനെ മടിയിലിരുത്തി. “”” മാലുമോൾക്ക് മരുന്ന് കൊടുത്തോ കണ്ണാ?””” “”” ജാനകിയമ്മ കൊത്തു.. മാലു ഒങ്ങ്യാ..”” അവളുടെ മാറിലായി തലചായ്ച്ച് കൊണ്ടവൻ ചിണുങ്ങി.. “”” എന്ത് പറ്റി നിനക്ക്? ഒരു ഉഷാറിലല്ലോ..! സുഖമില്ലേ?””” കണ്ണന്റെ നെറ്റിയിൽ ഒന്ന് തൊട്ട് കൊണ്ട് ആധിയോടെയവൾ ചോദിച്ചു. “”” കാ… കാട്ടുമാക്കാന് ചുങ്കായോ? ബേ തന ഉണ്ടോ?””” മുഖം കുനിച്ച് കൊണ്ട് ചോദിക്കുന്ന അവനെ കണ്ടവൾക്ക് ചിരി വന്നു. “”” കാട്ടുമാക്കാനോടല്ലേ ഇത് ചോദിക്കേണ്ടത്? കണ്ണൻ ചോദിച്ചില്ലല്ലോ? പാവം കാട്ടുമാക്കാന് വിഷമമായി കാണും.

കണ്ണൻ ഊതി കൊടുത്താൽ വേദന മാറുമെന്നാ കാട്ടുമാക്കാൻ പറഞ്ഞേ””” “”” ചരിക്കും?””” നിഷ്കളങ്കതയോടെ ഓരോന്ന് ചോദിക്കു ന്ന അവനെ നോക്കി തലയാട്ടിയതും കണ്ണൻ വേഗം മടിയിൽ നിന്നെഴുന്നേറ്റു. “”” ബാ ചേച്ചിയമ്മേ..ഞാൻ കൊതുക്കാം…”” വലിയ ആളെ പോലെ കൈരണ്ടും പിറകിൽ കെട്ടിവച്ച് കൊണ്ട് മുന്നോട്ട് നടക്കുന്ന അവനെ കാൺകെ അവൾ പൊട്ടിചിരിച്ചു. “”” നമുക്ക് മാലു മോൾ എണിച്ചിട്ട് കൊടുക്കാമേ… ഇപ്പോൾ കണ്ണന് കാട്ടുമാക്കാനെ പേടിയില്ലെ?””” തമാശയോടെ അവൾ ചോദിച്ചതും അവൻ വേഗം മുഖം വീർപ്പിച്ചു. “”” നാന്നാ അച്ഛമ്മയോട് പതഞ്ഞേ.. കാട്ടുമാക്കാനെ അച്ഛമ്മ നാൻ പതഞ്ഞിട്ടാ അതിച്ചേ..നമ്മള് ഓടി കതിച്ചില്ലായിന്നോ.. പടി കതറിയപ്പോ മാലു ബീണു..

കാട്ടുമാക്കാൻ മാലു നെ പൊക്കിയപ്പോ നാനാ പേതിച്ച് അച്ഛമ്മയെ ബിതിച്ചേ..ചോറി..””” കണ്ണ് നിറച്ച് കൊണ്ട് പറയുന്ന കണ്ണനെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു. “”” എന്നോടല്ല കണ്ണാ.. കാട്ടുമാക്കാനോടാണ് ചോറി പറയേണ്ടത്..””” അവനെ തോളിലിട്ട് ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞതും മാലുവും ശബ്ദം കേട്ട് എഴുന്നേറ്റിരുന്നു.. രണ്ട് പേരുടെ വിഷമം മാറ്റി ആഹാരവും തമാശയും പറഞ്ഞ് താഴേക്കിറങ്ങിയപ്പോൾ ഹാളിലായി ടിവി കാണുന്ന ശാരദാമ്മയെ കണ്ടതും സീതയുടെ മുഖം ചുളിഞ്ഞു. “”” ഒന്നവിടെ നിന്നെ തമ്പുരാട്ടി…!!””” മുഖം കൊടുക്കാതെ പോകാൻ തിരിഞ്ഞ സീതയെ പിറകിൽ നിന്ന് വിളിച്ച് കൊണ്ടവർ ടി വി ഓഫാക്കി. “”” താനിവിടത്തെ ആരാണെന്ന ബോധം തനിക്ക് ഉണ്ടല്ലോ അല്ലേ?

ഇന്ന് തന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തി എനിക്ക് തീരെ പിടിച്ചിട്ടില്ല. പിന്നെ ജാനകി പറഞ്ഞു നിന്റെ അറിവ് കേട് കൊണ്ടാണെന്ന്..അതാ വെറുതെ വിട്ടത്. എന്തായാലും ഇനി ഇങ്ങനെ ഒരു സംഭവം തന്റെ ഭാഗത്ത് നിന്നുണ്ടായാൽ… ഓർത്ത് വച്ചോ.. ഇവിടെ പലതും നടക്കും..അതിൽ ആവശ്യമില്ലാതെ തലയിടരുത്. ഇനി അവന്റെ മുറിയിൽ നീ കയറിയാൽ ഈ വീട്ടിൽ നിന്ന് പുറത്തായിരിക്കും നിന്റെ സ്ഥാനം.. കുട്ടികളെ നോക്കാൻ വന്നാൽ അത് മാത്രം ചെയ്യുക. ഇവിടെ ഉള്ളവരെ ഭരിക്കരുത്. മ്മമ് പോയിക്കോ….”””” അധികാര ചുവയോടെ കടന്ന് പോയ അവരോട് മറുത്തൊന്നും പറയാൻ സീതയുടെ നാവ് ചലിച്ചിരുന്നില്ല. തിരിച്ച് ഒരു പോക്ക്… വീണ്ടും പഴയ ഓർമകൾ.. കഴിയില്ല.. കണ്ണുകൾ മുകളിലേക്ക് പോയി.

സ്വന്തം ജീവിതത്തിന് മുമ്പിൽ മറ്റുള്ളവരുടെ ജീവിതത്തിന് എന്ത് പ്രസക്തി? തന്റെ നന്മക്കായി അൽപ്പം സ്വാർത്ഥ ആവുന്നതിൽ എന്ത് തെറ്റാണുളളത്? വേണ്ട സീത.. ജാനകി ചേച്ചി പറഞ്ഞത് പോലെ എല്ലാം മറന്നേക്ക്.. അയാൾക്ക് രക്ഷപ്പെടാൻ താൽപര്യമില്ലെങ്കിൽ ഞാനായിട്ടെന്തിനാ ബുദ്ധിമുട്ടണേ.. സ്വന്തം കാര്യം മാത്രം നോക്കുക. മനസ് വീണ്ടും അയാളുടെ നിസഹായതയിലേക്ക് കടന്ന് ചിന്തിക്കുന്തോറും കഷ്ടപ്പെട്ട് തടഞ്ഞ് നിർത്തി കൊണ്ടിരുന്നു അവൾ. വേണ്ട.. സ്വന്തം കാര്യം മാത്രം… പല തവണ മനസിൽ ഉരുവിട്ട് കൊണ്ടവൾ അടുക്കളയിലെ പാത്രങ്ങളിൽ തന്റെ വേദന പങ്ക് വെച്ചു. പല തവണ കണ്ണ് കൊണ്ട് മുകളിലേക്ക് കാണിക്കുന്ന ജാനകി ചേച്ചിയെ പാടെ അവഗണിക്കാൻ ശ്രമിച്ചു.

തളർന്ന് മടിയിൽ കിടക്കുന്ന മാലുവിന്റെ കൂടെ കോലായിൽ ഇരുന്ന് കൊണ്ട് അവൾക്ക് മരുന്ന് കൊടുക്കുമ്പോഴും മനസിൽ അനന്തേട്ടൻ മരുന്ന് കഴിച്ചോ എന്ന വേവലാതി തങ്ങി നിന്നിരുന്നു. മുകളിലേക്ക് പോകുന്ന കണ്ണുകളെ ശാസിച്ച് കൊണ്ട് അടക്കി നിർത്തി. ഒടുക്കം വിവേകത്തിന് മുമ്പിൽ മനസ് തന്നെ വീണ്ടും ജയിച്ചു. മക്കളുടെ കൈയ്യിൽ മരുന്നും വെള്ളവും പുരട്ടാൻ ഉള്ള ഓയിൽമെന്റും കൊടുത്ത് വിടുമ്പോൾ അയാളെ അവസാനമായി ഒന്ന് കാണാനും പൂതി തോന്നി. അവരെ ഉന്തി തള്ളി വിട്ട് കൊണ്ട് അവർക്ക് നിർദ്ദേശം നൽകാനായി മുറിയുടെ വാതിലിൽ ഒളിഞ്ഞു നിന്നു. “”” വാതിൽ തുറ….!!!”

“” കൊട്ടി കൊണ്ട് കണ്ണൻ ശബ്ദമുയർത്തിയതും വാതിൽ ഒരു ശബ്ദത്തോടെ മലർക്കെ തുറക്കുന്നതും കണ്ണ് തിരുമ്മി കൊണ്ട് അയാൾ സന്തോഷത്തോടെ മക്കളെ നോക്കുന്നതും സീത ഒളിച്ചിരുന്ന് കണ്ടു. “”” ഇത് മന്ന്.. ബള്ളം.. ചുങ്കാങ്കണ്ടേ..? കുടിക്ക്””” വലിയ ആൾക്കാരെ പോരെ കണ്ണുരുട്ടി കൊണ്ട് കണ്ണൻ അനന്തന് നേരെ മരുന്ന് നീട്ടി. “”” മക്കളെന്താ ഇവിടെ?””” “”” ആദ്യം മന്ന് കുടി.. ചേച്ചിയമ്മ പറഞ്ഞിണ്ട് മന്ന് കുടിക്കാതെ കാട്ട് മാക്കാനോട് മിന്തരുത് ന്ന്””” വായ പൊത്തി കൊണ്ട് കണ്ണ് കൊണ്ട് മരുന്ന് കുടിക്കാൻ ആംഗ്യം കാണിക്കുന്ന പിള്ളേരെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അനന്തൻ സീതയുടെ മുറിയിലേക്ക് നോക്കി. വാതിലിന്റെ ഇടയിലൂടെ കാണാവുന്ന സാരിതുമ്പ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “”

” എന്നാൽ കഴിക്കാം എന്റെ കുഞ്ഞി മക്കൾ പറഞ്ഞതല്ലേ..””” ഒരു കുസ്യതിയോടെ മരുന്ന് വാങ്ങി വായിലേക്കിട്ട് കൊണ്ട് അനന്തൻ വെള്ളം കുടിച്ചതും മാലുവും കണ്ണനും പരസ്പരം ഒന്ന് നോക്കി കൊണ്ട് പൊത്തിയ കൈ മാറ്റി.. “””കഞ്ഞിട്ടില്ല… ഇനിയും ന്ത് “”” മാലു അനന്തനെ പിടിച്ച് വലിച്ച് കൊണ്ട് അകത്തേക്ക് കയറി അവനെ പിടിച്ചിരുത്തി. ഒന്നും മനസിലാവാതെ രണ്ട് പേരും ചെയ്യുന്നത് നോക്കി നിൽക്കുവായിരുന്നു അനന്തൻ. “””ചേച്ചിയമ്മേ”””” നിർത്താതെയുള്ള കണ്ണന്റെ വിളി കേട്ടാണ് വായിക്കുന്ന പുസ്തകം മാറ്റി വച്ച് കൊണ്ട് സീത എഴുന്നേറ്റത്. “”” എന്താ കണ്ണാ..എന്ത് പറ്റി?അനന്തേട്ടന് വല്ലതും…!!””” ഒരു പരിഭ്രാന്തിയോടെ അവൾ അനന്തന്റെ മുറിയിലേക്ക് നോക്കി. “”” വേഗം ബാ…””

” അവളെ പിടിച്ച് വലിച്ച് കൊണ്ട് മുറിയിലേക്ക് കേറ്റാൻ ശ്രമിച്ചതും അവൾ കയറാതെ പുറത്ത് തന്നെ നിന്നു. മനസിലൂടെ ശാരദാമ്മയുടെ വാക്കുകൾ കടന്ന് പോയി.. *ഇനി അവന്റെ മുറിയിൽ നീ കയറിയാൽ ഈ വീട്ടിൽ നിന്ന് പുറത്തായിരിക്കും നിന്റെ സ്ഥാനം..* എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുന്ന സീതയെ അപ്പോഴേക്കും കണ്ണൻ വലിച്ച് മുറിയിൽ കേറ്റിയിരുന്നു. ഒരു ഞെട്ടലോടെ തിരിഞ്ഞ് പോകാൻ തിരിഞ്ഞ സീത അകത്തെ കാഴ്ച കണ്ട് സ്തംഭിച്ച് നിന്ന് പോയി. എല്ലാം മറന്ന് അവൾ പൊട്ടിചിരിച്ച് പോയി. “”” നോക്കിയേ.. ക്രിസ്മസ് അപ്പൂപ്പ…””” വായ പൊത്തി ചിരിക്കുന്ന കണ്ണനെ നോക്കി കൊണ്ട് ആ മുഖത്തെ വീണ്ടും നോക്കി. മുഖം നിറച്ചും ഓയിൽ മെന്റ് വരച്ച് വെച്ചിട്ടുണ്ട്.

കണ്ണും മൂക്കും വായയും മാത്രമേ ബാക്കിവെച്ചിട്ടുള്ളൂ.. അവനരികിലായി പരുങ്ങി നിൽക്കുന്ന മാലുവിനെ കണ്ടപ്പോൾ പാവം തോന്നി. ആളുടെ സ്വഭാവം വെച്ച് പൊട്ടിതെറിക്കുമോ എന്ന ഭയത്തിലായിരുന്നെങ്കിലും ശാന്തമായി മാലുവിനെ നോക്കി ഒന്ന് ചിരിച്ചതേ ഉണ്ടായിരുന്നുള്ളൂ.. “”” കുറുമ്പി പെണ്ണ്…!!!””” അവളെ എടുത്തുയർത്തി കൊണ്ട് ഇക്കിളിയാക്കിയതും മാലു കുലുങ്ങി ചിരിച്ച് കൊണ്ട് അനന്തന്റെ താടി പിടിച്ച് കളിച്ചു. അവരുടെ കളിചിരികൾ കണ്ട് സീതയുടെ കണ്ണ് നിറഞ്ഞിരുന്നു. രണ്ടാളും കൂടി മുഖം തുടച്ച് കൊടുക്കാൻ അനന്തന് ചുറ്റും കൂടി നിന്നു. അനന്തൻ അവരുടെ ഓരോ ഭാവവും കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

ആദ്യമായാണ് മക്കൾ അവന്റെ അടുത്ത് വരുന്നത് എന്നവൻ ഓർത്തു. ഓർമകൾ പഴയ കാലങ്ങളിലേക്ക് കടന്ന് പോയിരുന്നു. തന്റെ തോളിൽ നിന്ന് ഒരിക്കലും മാറാത്ത മക്കളാണ് ഇത്രയും കാലം ഒരു വീട്ടിൽ ഒരപരിചിതരെ പോലെ തന്നെ നോക്കി കണ്ടത്. കണ്ണുകൾ നിറഞ്ഞൊഴുകി. “”” കാട്ടുമാക്കാന് ബേദന ന്തോ..? കരന്താട്ടോ…””” മാലു അവന്റെ കണ്ണുനീർ തുടച്ച് കൊണ്ട് കെട്ടിപിടിച്ചതും അനന്തൻ ആദ്യമായി വിങ്ങിപൊട്ടി. അത്രയും കാലത്തെ തന്റെ ദുഃഖവും വേദനയും ആ കരച്ചിലിലൂടെയവൻ പെയ്തു തീർത്തു.  (തുടരും)

സീമന്തരേഖ : ഭാഗം 4