അനു : ഭാഗം 2
നോവൽ
എഴുത്തുകാരി: അപർണ രാജൻ
പമ്മി പമ്മി അനു നേരെ ചെന്നത് അടുക്കളയിലേക്കാണ് .
പോകുന്ന വഴിയിൽ വിശപ്പിന്റെ വിളി വന്നാൽ കേൾക്കാതിരിക്കാൻ വയ്യല്ലോ ???
നേരെ ചെന്ന് ഫ്രിഡ്ജ് തുറന്നു …..
ഇന്ന് ഉച്ചയ്ക്ക് അച്ഛൻ എന്തൊക്കെയോ കാര്യമായ രീതിയിൽ തന്നെ അടുക്കളയിൽ പണിയുന്നുണ്ടായിരുന്നു .
അപ്പോൾ പിന്നെ ഇവിടെ ഏതെങ്കിലും ഒരു കോണിൽ എന്റെ കൺവെട്ടത് എത്താത്ത രീതിയിൽ കാർന്നോര് എടുത്തു വച്ചിട്ടുണ്ടാവും …..
അവൾ അടുക്കളയുടെ ഓരോ മുക്കും മൂലയും തപ്പാൻ തുടങ്ങി .
മിസ്റ്റർ ശങ്കർ ……
ഇന്ന് ഉണ്ടാക്കി വച്ചിരിക്കുന്ന ഐറ്റംസ് ഒക്കെ പുഴ്ത്തി വച്ചിരിക്കുകയാണല്ലെ ????
ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ എക്സൈസ്ക്കാരെ വിളിക്കും …..
അവൾ ഓരോ ടിന്നും എടുത്തു നോക്കുന്നതിനിടയിൽ പിറുപ്പിറുത്തുക്കൊണ്ടിരുന്നു .
“ഇതാണോ മോളെ നീ അന്വേഷിക്കുന്നത് ??? ”
പുറകിൽ നിന്നും ശങ്കറിന്റെ ശബ്ദം കേട്ടതും അടുക്കളയിലെ ലൈറ്റുകൾ തെളിഞ്ഞതും ഒന്നിച്ചായിരുന്നു .
ഞെട്ടി തിരിഞ്ഞു നോക്കിയ അനു കണ്ടത് , കൈയിൽ ഇന്ന് ഉണ്ടാക്കിയ കായ വറുത്തതുമായി അവളെ തന്നെ ഒരാക്കി ചിരിയോടെ നോക്കുന്ന ശങ്കറിനെ ……..
അടിപൊളി !!!!!!!!
പെട്ട് സിവനെ !!!!!!!
“അച്ഛ ഉറങ്ങിയില്ലായിരുന്നോ ??? ”
മുഖത്തൊരു അളിഞ്ഞ ചിരിയും ഫിറ്റ് ചെയ്തുക്കൊണ്ട് അനു ചോദിച്ചതും ശങ്കർ പൊട്ടി ചിരിച്ചു ……
“ഇല്ല ……. എന്റെ പൊന്ന് മോള് ഒളിച്ചോടുന്നത് കാണാൻ വേണ്ടിയല്ലേ ഈ അച്ഛൻ ഉറക്കം കളഞ്ഞിരുന്നത് ………. ”
ഒരു കള്ളച്ചിരിയോട് കൂടി ശങ്കർ പറഞ്ഞതും അനു മുഖം വീർപ്പിച്ചുക്കൊണ്ട് ശങ്കറിനെ നോക്കി .
“എനിക്ക് ആ കായ വറുത്തത് ഇങ്ങ് താ ……. ”
ശങ്കറിന്റെ നേരെ കൈ നീട്ടിക്കൊണ്ട് അനു പറഞ്ഞതും അയാൾ ചിരിച്ചു .
“മ്മ് …… കായ വറുത്തത് മാത്രം മതിയോ ??? ”
അനുവിന്റെ നേരെ ഒരു കള്ള ചിരിയോടു കൂടി ശങ്കർ ചോദിച്ചതും , അവൾ മനസ്സിലാവാത്തപ്പോലെ നോക്കി .
“നിനക്ക് ഇഷ്ടപ്പെട്ട ചക്ക വറുത്തത് , പിന്നെ കരൺ മോൾക്ക് ഇഷ്ടപ്പെട്ട കായ വറുത്തത് , പിന്നെ ഇത് ഷാനയ്ക്കും സരൂവിനും ഇഷ്ടപ്പെട്ട കപ്പ വറുത്തത് ……. ”
പുറകിൽ മാറ്റി പിടിച്ച കൈകളിലെ കവറുകൾ അവളുടെ നേരെ നീട്ടിക്കൊണ്ട് ശങ്കർ പറഞ്ഞതും അനുവിന്റെ കണ്ണുകൾ വിടർന്നു .
“അയ്യോ , എന്റെ അച്ഛയാണച്ഛേ മുത്ത് !!!!! ”
ശങ്കറിന്റെ കവിളിൽ മുത്തിക്കൊണ്ട് അനു പറഞ്ഞതും അയാൾ അവളെ നോക്കി കണ്ണുരുട്ടി …..
“എന്നിട്ടാണോടി നീ എന്നോട് പറയാതെ കറങ്ങാൻ പോകുന്നത് ???? ”
കണ്ണുരുട്ടിക്കൊണ്ടുള്ള ശങ്കറിന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു .
“അത് ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലിയോ ??? അല്ല ,,,, എങ്ങനെ മനസ്സിലായി ഞാൻ പോകാന്ന് ???? ”
നെറ്റി ചുളിച്ചുക്കൊണ്ട് അനു ചോദിച്ചതും ശങ്കർ അവളെ നോക്കി ഒന്നിളിച്ചു കാട്ടി …
“നീ കുളിക്കാൻ പോയപ്പോൾ കരൺ മോള് വിളിച്ചായിരുന്നു …… ഞാനാ കാൾ എടുത്തത് ….. ”
ഓ , അപ്പോൾ അങ്ങനെയാണ് എന്റെ പ്ലാൻ ചീറ്റിയത് ….
ചെറ്റ കരൺ !!!!!!
“ഓ എന്തായാലും പൊളിഞ്ഞു …… എങ്കിൽ പിന്നെ എന്റെ ബാഗും എടുത്ത് പുറകെ വാ കാർന്നോരെ …… ”
ശങ്കറിന്റെ കൈയിൽ ഇരുന്ന കവറുകളും വാങ്ങിക്കൊണ്ട് അനു മുന്നിൽ കയറി നടന്നു .
“അയ്യെടാ ……. നിന്റെ ബാഗ് , നിന്റെ ഡ്രസ്സ് , എന്റെ പൊന്ന് മോൾ തന്നെയങ്ങ് എടുത്തു വന്നാൽ മതി ……. ”
ഒന്ന് പുച്ഛിച്ചു പറഞ്ഞുക്കൊണ്ട് ശങ്കർ അവളുടെ മുന്നിൽ കൂടി മുറ്റത്തേക്കിറങ്ങിപ്പോയി .
“ഓ അല്ലേലും എനിക്ക് ഈ കെളവന്റെ സഹായം ഒഞ്ഞും വേണ്ട …… ”
മുഖം കോട്ടിക്കൊണ്ട് അനു പറഞ്ഞതും ശങ്കർ ചിരിച്ചു .
“അല്ലടി മോളെ ….. സരൂനെ കൂട്ടാതെ അല്ലെ നിങ്ങൾ മൂന്നാളും പോകുന്നത് ??? ”
കരണിന്റെ അടുത്തേക്ക് നടക്കുന്ന വഴി ശങ്കർ ചോദിച്ചു .
“അഹ് , അവളുടെ ഏതോ ഒരു ബന്ധു മരിച്ചു പോയി ……. രണ്ട് ദിവസം കഴിഞ്ഞു വരുമെന്നാ അവള് പറഞ്ഞത് ……. ”
ബാഗും തൂക്കി വേച്ചു വേച്ചു വരുന്നതിനിടയിൽ അനു പറഞ്ഞു .
“എങ്കിൽ പിന്നെ നിങ്ങൾക്ക് അവളും കൂടി വന്നിട്ട് ഒന്നിച്ചു പോയാൽ പോരെ ??? ”
“ഏയ് ……. ഇനിയിപ്പോ രണ്ടാഴ്ച കൂടിയല്ലേ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ ഉള്ളു ……. അപ്പോൾ ഇപ്പോ അവിടെ പോയി അതൊക്കെ ഒന്ന് സെറ്റ് ആക്കി എടുക്കണ്ടേ അച്ഛേ …….. ”
അനു പറഞ്ഞതും അതും ശരിയാണെന്ന രീതിയിൽ ശങ്കർ തലയാട്ടി .
. . . .
ഗേറ്റ് കടന്നു പുറത്തേക്ക് ചെന്നതും ശങ്കർ കണ്ടു , റോഡിനരികിനോട് ചേർന്നു നിർത്തിയിട്ടിരിക്കുന്ന ഡസ്റ്ററും , അതിന്റെ ഡോറിൽ ചാരി നിന്ന് കൊണ്ട് ഫോണിൽ കുത്തുന്ന ചുവന്ന മുടിക്കാരിയെയും ….
കരണെന്ന കർണിത് ബേദി …
ആളൊരു പഞ്ചാബിക്കാരിയാണ് .
സുശീൽ ബേദിയുടെയും അർപ്പിതാ ബേദിയുടെയും രണ്ടാമത്തെ പുത്രി …..
ഇരുവരും കോളേജിൽ വച്ചു തുടങ്ങിയ സൗഹൃദമാണ് …..
പിന്നെയും ഉണ്ട് രണ്ട് പേർ ….
ഷാനയെന്ന ഷാന അബ്ദുൽ നാസറും സരൂവെന്ന സൗപർണിക രാജീവും .
സരൂവും അനുവും പത്താം ക്ലാസ്സ് തൊട്ടേ കൂട്ടുക്കാരായിരുന്നു .
“നീ മുടി വെട്ടിയോ ??? ”
തോളോപ്പം കഷ്ടിച്ച് കിടക്കുന്ന കരണിന്റെ മുടി തഴുകിക്കൊണ്ട് ശങ്കർ കപട ദേഷ്യത്തോടെ ചോദിച്ചതും അനു പൊട്ടി ചിരിച്ചുക്കൊണ്ട് ഡിക്കിയിലേക്ക് തന്റെ ബാഗുകൾ എടുത്ത് വച്ചു .
ശങ്കറിന്റെ ചോദ്യം കേട്ടതും കരൺ തന്റെ ഷൂസിന്റെ ഭംഗിയും നോക്കി നിന്നു .
“എന്താടി ചിരിക്കൂന്നേ ??? ”
ശങ്കർ ചോദിച്ചതും അനു മുന്നിലേക്ക് വന്നു .
“ഈ കാര്യം അറിയാൻ ഇനി അച്ഛൻ മാത്രേ ലോകത്തു ബാക്കിയുള്ള ……. ”
അനു പറഞ്ഞത് കേട്ട് കരൺ അവളെ നോക്കി കണ്ണുരുട്ടി .
നീ ഒറ്റിയല്ലേടി കുത്തെ എന്ന രീതിയിലുള്ള കരണിന്റെ നോട്ടം കണ്ട് , ഇത്ര ഒക്കെയെ എന്നെ കൊണ്ട് പറ്റുയെന്ന ഭാവത്തിൽ അനു നിന്നു .
“എന്നാലും എന്നാടി കൊച്ചേ നീ ഈ കാണിച്ചു വച്ചത് ???? ”
മുടിയും വെട്ടി ആ മുടിക്ക് ചോപ്പ് കളറും അടിച്ചു തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന കരണിനെ കണ്ട് ശങ്കറിന് തന്റെ ബിപി കൂടുന്നപ്പോലെ തോന്നി …
“സോറി അങ്കിൾ …… ”
കരൺ ചുണ്ട് മലർത്തി കൊണ്ട് സങ്കടത്തോടെ പറഞ്ഞതും ശങ്കർ ഒന്ന് ചിരിച്ചു .
“കുഴപ്പമില്ല മോളെ …… ഇപ്പോൾ you are looking nice …… ”
അവളുടെ കവിളിൽ തട്ടിക്കൊണ്ട് ശങ്കർ പറഞ്ഞതും അനു പുച്ഛത്തിൽ മുഖം തിരിച്ചു .
അയ്യെടാ ……
ഇപ്പോൾ you are looking nice ന്ന് ……
എന്തൊരു ഓഞ്ഞ ഇംഗ്ലീഷാണ് !!!!
ടീച്ചറായിരുന്നു പോലും ……
ച്ചായ്യ് ലജ്ജാവഹം !!!!!
ശങ്കർ പറഞ്ഞത് കേട്ട് കരണിന്റെ മുഖം ഒന്ന് തെളിഞ്ഞു .
അനുവിനെ പരിചയപ്പെട്ട നാൾ മുതൽ അവളും ശങ്കറിനെ സ്വന്തം അച്ഛനെപ്പോലെ തന്നെയാണ് കാണുന്നത് …..
“എങ്കിൽ ശരി പോയിട്ട് വാ കേട്ടോ …… നിങ്ങൾക്ക് ഉള്ളതൊക്കെ ഞാൻ അനുവിന്റെ കൈയിൽ കൊടുത്തിട്ടുണ്ട് ….. ”
കാറിനകത്ത് കുശുമ്പ് കുത്തി ഇരിക്കുന്ന അനുവിനെ ഏറു കണ്ണിട്ട് നോക്കിക്കൊണ്ട് ശങ്കർ പറഞ്ഞു .
“അപ്പോൾ see you soon uncle …….. ”
കരൺ ശങ്കറിനെ കെട്ടിപിടിച്ചുക്കൊണ്ട് പറഞ്ഞു .
“ടേക്ക് കേർ …….. ”
അവളുടെ തലയിൽ തട്ടി കൊണ്ട് അയാൾ തിരിച്ചും പറഞ്ഞു .
“അപ്പോൾ ശരി എന്റെ കുശുമ്പത്തി , പോയിട്ട് വാട്ടോ …… ”
അനുവിന്റെ മൂക്കിൽ തുമ്പിൽ ചെറുതായി പിടിച്ചു വലിച്ചുക്കൊണ്ട് ശങ്കർ പറഞ്ഞതും അനു കുസൃതി നിറഞ്ഞ ചിരിയോടെ ശങ്കറിനെ നോക്കി തലയാട്ടി .
അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നവരെ ശങ്കർ മുറ്റത്ത് തന്നെ നിന്നു .
“ഷാന എവിടെ ഉണ്ടാവുന്നാ പറഞ്ഞത് ??? ”
അനു കൈയിൽ ഇരുന്ന കവറിൽ നിന്നും ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് എടുത്തു പൊട്ടിച്ചുക്കൊണ്ട് ചോദിച്ചു .
“അവളുടെ ഹൗസിൽ ഉണ്ടാകുമെന്ന് പറഞ്ഞു …….. ”
കരൺ പറഞ്ഞതും അനു ഇരുന്നു ചിരി തുടങ്ങി .
“What ??? !!!”
“ഹൗസ് അല്ല മോളെ വീട് ….. ”
“Both are same …… നാ ….. ”
പുരികം പൊക്കിക്കൊണ്ട് കരൺ ചോദിച്ചതും ഒന്നുല്ലേയെന്ന രീതിയിൽ അനു ബിസ്ക്കറ്റും തിന്ന് ഇരുന്നു .
. . . .
അനസ്വല ശങ്കർ , കർണിത് ബേദി , സൗപർണിക രാജീവ് , ഷാന അബ്ദുൽ നാസർ ഇവർ നാല് പേരും കോളേജിൽ വച്ചു തുടങ്ങിയ കൂട്ട് കെട്ടാണ് …….
ഒരേ കോളേജ് , ഒരേ ക്ലാസ്സ് , ഒരേ ഹോസ്റ്റൽ റൂം …….
അനുവും സരൂവും പത്ത് മുതലേ ഒന്നിച്ചായിരുന്നു .
ഒരേ നാട്ടിലും , ഒരേ സ്കൂളിലും , ഒരേ ക്ലാസ്സിലും , ഒരേ ബെഞ്ചിലും ഇരുന്നു പഠിച്ച കളി കൂട്ടുക്കാർ ……
ഷാനയെയും കരണിനെയും അവർ പരിചയപ്പെടുന്നത് കോളേജിൽ വച്ചാണ് ……
കൂട്ടത്തിൽ സരൂ ഒഴിച്ച് ബാക്കി മൂന്നും നല്ല രീതിയിൽ തന്നെ തല്ലി പൊളികളായിരുന്നു .
ഷാന ഇൻഡീസന്റായ ഡീസന്റായിരുന്നു .
കുറച്ചലമ്പും കുറെ അധികം ആദർശങ്ങളും മര്യാദകളും നോക്കി ജീവിക്കുന്ന ഒരു നല്ല ഒരു ഉമ്മച്ചി കുട്ടി ……
കരൺ ഒരു പഞ്ചാബിക്കാരിയായിരുന്നു ……
വാ തുറന്നാൽ നല്ല പച്ച വെള്ളം പോലെ ഒഴുകുന്ന ഹിന്ദിയും , പിന്നെ കുറെ ഇംഗ്ലീഷ് തെറിയും …….
ആഹാ !!!!!
ഹിന്ദി അറിയാത്ത മൂന്നെണ്ണങ്ങളും കരൺ എന്തെങ്കിലും ചോദിച്ചു അവരുടെ അടുത്തേക്ക് വരുമ്പോൾ പകച്ചു പണ്ടാരമടങ്ങി ഇരിക്കും , എങ്ങനെ എങ്കിലും രക്ഷപെടണമെന്ന വ്യഗ്രതയിൽ ബാത്‌റൂമിലേക്കോ , കാൾ വന്നുന്ന് പറഞ്ഞോ മൂന്നും മൂന്ന് വഴിക്ക് മുങ്ങും …….
ഇത് ഇങ്ങനെ പോയാൽ ശരിയാവില്ലന്ന് പറഞ്ഞു കരൺ തന്നെയാണ് മൂന്നെണ്ണത്തിനും ഹിന്ദി പഠിപ്പിച്ചു കൊടുത്തത് .
ഹിന്ദി പഠിപ്പിച്ചു പഠിപ്പിച്ചു അവസാനം കരൺ മലയാളം പറഞ്ഞു തുടങ്ങി , ഒപ്പം ഇംഗ്ലീഷ് തെറി ഒക്കെ മാറി നല്ല അസ്സല് മലയാളപദങ്ങൾ വായിൽ സ്ഥാനം പിടിച്ചു ……
ക്ലാസ്സ് തുടങ്ങിയപ്പോഴെ എല്ലാവരും കൂടി പ്ലാൻ ചെയ്തു വച്ചതാണ് , ഇങ്ങനെ ഒരു ട്രിപ്പ് ……
ക്ലാസ്സ് കഴിഞ്ഞാൽ എല്ലാവരും അവരുടെ പാട്ടിനു പോകും ……
ഒരേ ഹോസ്പിറ്റലിൽ കിട്ടുമെന്ന് യാതൊരു വിധ ഉറപ്പുമില്ല ……
ഇനി കാണുമെന്നോ , മിണ്ടുമെന്നോ അങ്ങനെ ഒന്നും …
അപ്പോൾ അനുവാണ് ഇങ്ങനെ ഒരു ട്രിപ്പിനെ പറ്റി പറഞ്ഞത് ………
നാല് പേര് മാത്രമായി …….
കേട്ട പാതി കേൾക്കാത്ത പാതി മൂന്നും സമ്മതിച്ചു …….
പ്ലാൻ ഒക്കെ ചെയ്ത് കരൺ പഞ്ചാബിൽ നിന്നും വണ്ടിയെടുത്ത് ഇങ്ങനെ കേരളത്തിലോട്ട് വന്നുക്കൊണ്ടിരുന്നപ്പോഴാണ് ഇടിത്തീപ്പോലെ ആ കാര്യം സരൂ വിളിച്ചു പറഞ്ഞത് .
അവളുടെ ഏതോ ഒരു വല്യച്ഛന്റെ മകന്റെ കെട്ടിയോളുടെ ചേട്ടന്റെ കൊച്ചച്ചന്റെ അച്ഛന്റെ അച്ഛൻ മരിച്ചുവെന്ന് !!!!!
ആ മരിച്ച അച്ഛനും സരൂവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്ന് ഞാനും ഷാനയും ഒരു രാത്രിയും ഒരു പകലും കൂടി കൂടി ചേർന്നു തലകുത്തി ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല ….
അത് വേറെ കാര്യം …….
കരൺ നേരത്തെ തന്നെ വന്നത് കൊണ്ട് പിന്നെ പ്ലാൻ തിരുത്താൻ പറ്റിയില്ല ….
അപ്പോൾ ഷാനയാണ് പറഞ്ഞത് എറണാകുളത്തെ ഫ്ലാറ്റിലേക്ക് പോകാമെന്ന് ….
എന്തായാലും ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ അവിടെ തന്നെയല്ലേ നമ്മൾ താമസിക്കേണ്ടത് , അപ്പോൾ പിന്നെ അവിടെ ചെന്ന് ക്ലീനാക്കി ഇടാമെന്ന് പറഞ്ഞപ്പോൾ പിന്നെ അനുവും കരണും എതിർത്തില്ല ..
അങ്ങനെയാണ് സരൂ ഇല്ലാതെ തന്നെ ഇറങ്ങി തിരിച്ചത് .
രണ്ട് ദിവസം കഴിഞ്ഞാൽ അവൾ വന്നോളും .
അതാണ് ഒരു ആശ്വാസം ……
ഇല്ലെങ്കിൽ പട്ടിണി കിടന്നു ഈ മൂന്ന് ജന്മങ്ങൾ തട്ടി പോകും …….
. . . .
ഷാനയുടെ വീടിനു മുന്നിൽ എത്തിയതും , കരൺ നീട്ടി ഹോണടിക്കാഞാൻ തുടങ്ങി .
“കിടന്നു കൂവല്ലേടി ഹറാം പിറപ്പെ …… ഞാൻ വരുവാ …… ”
ഗേറ്റിൽ നിന്നും ശബ്ദം കേട്ടതും അനു അങ്ങോട്ടെക്ക് നോക്കി .
രണ്ട് വലിയ ബാഗുമായി ഇറങ്ങി വരുന്ന ഷാനയെ കണ്ട് അനു കണ്ണും മിഴിച്ചു കരണിനെ നോക്കി ….
ഇവളെന്നാ സ്ഥിര താമസത്തിന് പോവാണോ ???
“നീ ഇതെങ്ങോട്ടാ …. ”
രണ്ട് കൈയിലും അവളെക്കാളും വലിയ ബാഗ് പിടിച്ചുക്കൊണ്ട് പെൻഗ്വിനെപ്പോലെ തത്തി തത്തി നടന്നു വരുന്ന ഷാനയുടെ നേരെ കൈ കാണിച്ചുക്കൊണ്ട് അനു തിരക്കി ….
“നീ ആ ഡോർ ഒന്ന് തുറന്നെ …… ”
അനു ചോദിച്ചതിന് മറുപടി കൊടുക്കാതെ അവൾ കരണിനോട് പറഞ്ഞു .
ഓ ജാഡ !!!!!
മിണ്ടണ്ടേൽ മിണ്ടണ്ട …..
തന്നെ മൈൻഡ് ചെയ്യാതെയിരുന്ന ഷാനയെ ഒന്ന് പുച്ഛത്തിൽ നോക്കിക്കൊണ്ട് അനു ബിസ്ക്കറ്റ് തീറ്റ തുടർന്നു .
ഷാനയുടെ ഉമ്മയും ഇക്കയും ഇക്കയുടെ ഭാര്യയും ഒക്കെ പുറത്ത് വന്നു നിൽക്കുന്നുണ്ട് …..
അനു അവരെ നോക്കി കൈ വീശി …..
അവർ തിരിച്ചും ……
ബാഗ് ഒക്കെ കയറ്റി വച്ചതും ഷാന തിരികെ അവരുടെ അടുത്തേക്ക് നടന്നു ……
ഉമ്മയെ കെട്ടിപിടിച്ചു , ഇക്കയെ കെട്ടിപിടിച്ചു , ഇത്തയെ കെട്ടിപിടിച്ചു , ഉമ്മയ്ക്ക് ഉമ്മ കൊടുത്ത് , ഇത്തയ്ക്ക് ഉമ്മ കൊടുത്ത് …..
ഇങ്ങനെയാണേൽ ഇവൾ നാട്ട്ക്കാർക്ക് മൊത്തം ഉമ്മ കൊടുക്കുലോ ????
അനു പിറുപ്പിറുത്തുക്കൊണ്ട് ബിസ്ക്കറ്റിന്റെ പാക്കറ്റ് ചുരുട്ടി കൂട്ടി പുറത്തേക്ക് എറിഞ്ഞു .
“അതെ , നിന്നെ കെട്ടി ചെക്കന്റെ വീട്ടിലോട്ട് കൊണ്ട് പോവല്ല ….. ഇങ്ങനെ കരഞ്ഞു ബഹളം വയ്ക്കാൻ …… ”
തല പുറത്തേക്ക് ഇട്ട് അനു വിളിച്ചു കൂവിയതും ഉമ്മയും ഇക്കയും ഇരുന്നു ചിരി തുടങ്ങി .
ഈ ഹമ്ക്ക് !!!!!
ഷാനയുടെ വക കത്തുന്ന ഒരു നോട്ടം കിട്ടിയതും അനു വേഗം തന്നെ ഒന്നും മിണ്ടാതെ നേരെ നോക്കി ഇരുന്നു .
അവളുടെ ഇരുപ്പ് കണ്ടുക്കൊണ്ടാണ് ഷാന കാറിലേക്ക് കയറിയത് .
ഷാന കയറിയതും കരൺ വണ്ടി സ്റ്റാർട്ട് ചെയ്തു .
പുറത്തേക്ക് കൈയും തലയും ഇട്ട് , അപ്പോഴും ഷാന അവർക്ക് റ്റാറ്റാ കൊടുക്കുന്നുണ്ടായിരുന്നു .
. . . . .
“സരൂ എന്ന് വരുംന്നാ പറഞ്ഞത് ?? ”
പുറത്തേക്ക് നോക്കി കൊണ്ട് ഷാന ചോദിച്ചു .
“അവളുടെ പരിപാടി ഒക്കെ കഴിയാൻ ഒന്ന് രണ്ട് ദിവസം പിടിക്കുമെന്നാ അവൾ മെസ്സേജ് അയച്ചത് ….. ”
ചെവിയിലേക്ക് ഹെഡ് സെറ്റ് തിരുകിക്കൊണ്ട് അനു മറുപടി കൊടുത്തു .
“അയിന് ഞാൻ നിന്നോട് അല്ലല്ലോടി ഹമ്ക്കേ ചോദിച്ചത് ??? ”
എടുത്തടിച്ചപ്പോലെയുള്ള ഷാനയുടെ മറുപടി കേട്ടതും അനു ഹെഡ് സെറ്റും വലിച്ചൂരി തിരിഞ്ഞു നോക്കി .
“ആരാണെങ്കിൽ എന്താ അനക്ക് ഉത്തരം കിട്ടിയാൽ പോരെ ??? ”
തിരിച്ചു വീറോടെയുള്ള അനുവിന്റെ ചോദ്യം കേട്ടതും ഷാന പുച്ഛത്തിൽ മുഖം വെട്ടിച്ചു .
അല്ലേലും ഇതിനോട് ഒക്കെ ആര് മിണ്ടുന്നു എന്ന ഭാവത്തിൽ ഇരിക്കുന്ന ഷാനയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുക്കൊണ്ട് അനുവും നേരെയിരുന്നു .
. . . .
അവർ നേരെ പോയത് എറണാകുളത്തെ ഫ്ലാറ്റിലേക്കാണ് .
മൂന്ന് പേർക്കും ഒരേ സ്ഥലത്താണ് ജോലി ശരിയായതെന്നറിഞ്ഞപ്പോൾ നാസറാണ് ഇങ്ങനെ ഒരു ഫ്ലാറ്റ് ഏർപ്പാടാക്കിയത് .
ഇതിന്റെ ഒക്കെ ക്യാഷ് സ്ത്രീധനത്തിൽ നിന്നും ഈടാക്കിക്കൊള്ളാമെന്ന് മൂപ്പനാര് പറഞ്ഞു പോലും .
ഷാനയ്ക്കും അനുവിനും ഒരേ ഹോസ്പിറ്റലിലാണ് കിട്ടിയത് .
എന്നാൽ സരൂവിന് വേറെ ഒരു ഹോസ്പിറ്റലിലും , കരണിന് അവളുടെ സ്വന്തം നാട്ടിൽ തന്നെയുള്ള ഹോസ്പിറ്റലിലുമാണ് കിട്ടിയത് .
റൂം നമ്പർ E 10
വാതിലും തുറന്നു ആദ്യമേ അകത്ത് കയറിയത് ഷാനയാണ് .
അകത്തേക്ക് കയറി വന്നതും കൊണ്ട് വന്ന കൂടും കുടുക്കയും നിലത്തേക്ക് ഇട്ട് , അനു അവിടെ തന്നെ വീണു .
“ചത്തെടി , ഞാൻ ചത്ത് !!!! ”
വെറും നിലത്തു കിടന്നു കൊണ്ട് അനു പറഞ്ഞതും ഷാന വന്ന് അവളുടെ കാലിനിട്ട് നല്ല ഒരു ചവിട്ട് കൊടുത്തു .
“ഈ പൊടി പിടിച്ച നിലത്താണോടി കിടക്കുന്നെ ??? ”
കണ്ണുരുട്ടിക്കൊണ്ട് ഷാന പറഞ്ഞതും അനു വേഗം തന്നെ നിലത്തു നിന്നും എഴുന്നേറ്റു .
ഇനിയും ചവിട്ട് കൊള്ളാൻ വയ്യ …..
“ദെ കണ്ടോ കുണ്ടി മുഴുവനും പൊടിയായി …… ”
സോഫയിലേക്ക് ഇരിക്കാനായി നടന്നു പോകുന്ന അനുവിന്റെ ബാക്കിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ഷാന പറഞ്ഞതും കരൺ ഇരുന്നു ചിരി തുടങ്ങി .
ഷാന പറഞ്ഞത് കേട്ടതും അനു ദേഷ്യത്തിൽ അവളെ തിരിഞ്ഞു നോക്കി .
“എങ്കിൽ പിന്നെ ഞാൻ കുണ്ടി വച്ചു ഇരിക്കണില്ല ……. തല കുത്തി ഇരിക്കാം ….. എന്ത്യേ ?? ”
കണ്ണും ഉരുട്ടിക്കൊണ്ട് അനു പറയുന്നത് കേട്ടതും ഷാനയ്ക്ക് ചിരി വന്നു .
“അഹ് ……. നീ എങ്ങനെയെങ്കിലും ഇരിക്ക് …… ”
പൊട്ടി വന്ന ചിരി പുറത്ത് കാണിക്കാതെ ഷാന ഗൗരവത്തിൽ പറഞ്ഞു .
“ആരെ സ്റ്റോപ്പ് ഇറ്റ് യാർ …… കുറെ നേരം ആയല്ലോ ……. childish behaviour !!!!! ”
അവരുടെ ഇടയിലേക്ക് കരൺ കയറിയതും ബാക്കി രണ്ടും കൂടി അവളുടെ നേരെ തിരിഞ്ഞു .
“നീ ഒന്നെങ്കിൽ ഹിന്ദി പറ , അല്ലെങ്കിൽ മലയാളം പറ , അതും അല്ലെങ്കിൽ ഇംഗ്ലീഷ് പറ …….. ”
“അതന്നെ ……. മൂന്നും കൂടി പറഞ്ഞാൽ , ഇനി നിന്റെ മൂക്ക് ഞാൻ ഇടിച്ചു പരത്തും ……. ”
ഷാന പറഞ്ഞതിന്റെ ബാക്കി എന്നോണം ഇട്ടിരുന്ന ഷർട്ടിന്റെ കൈകൾ തെറുത്ത് കയറ്റിക്കൊണ്ട് അനു പറഞ്ഞതും രണ്ടെണ്ണത്തിനെയും ഒന്നിരുത്തി നോക്കി കൊണ്ട് കരൺ മുറിയിലേക്ക് കയറി പോയി .
പോകുന്ന പോക്കിൽ ഹിന്ദിയിൽ രണ്ട് നല്ല വാക്കും ഉണർത്തിക്കാതിരുന്നില്ല ……
സമയം ഒത്തിരി വൈകിയത് കൊണ്ട് വൃത്തിയാക്കലും മറ്റും നാളെ മതിയെന്ന ഒരു ധാരണയിൽ എല്ലാവരും ഒരു റൂമിൽ തന്നെ കിടന്നുറങ്ങാൻ തുടങ്ങി .
കണ്ണും തിരുമി തലയും മാന്തിക്കൊണ്ട് മുറിക്ക് പുറത്തിറങ്ങിയ അനു കണ്ടത് ബാഹുബലിയിൽ കുന്തം ഏന്തിയ ഭടന്മാർ കാവൽ നിൽക്കുന്നത് പോലെ ഹാളിന്റെ രണ്ട് മൂലയ്ക്കും മുഖം മൂടിയണിഞ്ഞു നിൽക്കുന്ന കരണിനെയും ഷാനയെയുമാണ് .
ആദ്യത്തെ കാഴ്ചയിൽ ഒന്നും മനസ്സിലായില്ലയെങ്കിലും , പിന്നെ നോക്കിയപ്പോഴാണ് രണ്ടും കൂടി മാറാല തൂക്കുവാണെന്ന് അവൾക്ക് മനസ്സിലായത് .
“ആഹാ , നിങ്ങൾ നേരത്തെ തുടങ്ങിയോ ??? എന്നെ എന്ത്യേ വിളിക്കാതെയിരുന്നെ ??? ”
ശബ്ദം കേട്ട് കരൺ നോക്കിയപ്പോൾ കണ്ടത് അവരെ നോക്കി ചിരിയോടെ നിൽക്കുന്ന അനുവിനെയാണ് .
ചോദിച്ചു കഴിഞ്ഞപ്പോഴാണ് അനു അത് ശ്രദ്ധിച്ചത് .
രണ്ടും കൂടി തന്നെ വെറി പിടിച്ച പോത്തിനെപ്പോലെ നോക്കുന്നു .
നോട്ടം കണ്ടിട്ട് അത്ര പന്തിയല്ലല്ലോ ????
അവൾ മനസ്സിൽ പറഞ്ഞു മുഴുവനാക്കിയില്ല , അതിന് മുന്നേ ഷാനയുടെ വായിൽ നിന്നും ഭരണി പാട്ട് തുടങ്ങി .
“ഒരൊറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലോ ഹമ്ക്കേ …… അവളെ നേരത്തെ വിളിച്ചില്ല പോലും …… അന്നെ എത്ര തവണ തൊണ്ട കീറി ഞങ്ങള് വിളിച്ചൂന്ന് അറിയോ ??? എന്നിട്ട് പോത്ത് പോലെ കിടന്നുറങ്ങിട്ട് , മൂട്ടില് സൂര്യനെത്തിപ്പോ എഴുന്നേറ്റു വന്നിട്ട് ചോദിക്കണ ചോദ്യം കേട്ടില്ലേ ???? നിങ്ങള് നേരത്തെ തുടങ്ങിയോന്ന് ”
ഷാന കഴിഞ്ഞതും അനു , അഹ് നെക്സ്റ്റ് എന്ന ഭാവത്തിൽ കരണിനെ നോക്കി.
എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞതിന് ശേഷം കരണും അവളെ നോക്കി അലറി .
“പോയി പല്ല് തേക്കെടി !!!!! ”
ഭാഗ്യം അതെങ്കിലും അവള് മലയാളത്തിൽ പറഞ്ഞുലോയെന്ന രീതിയിൽ നന്ദിപ്പൂർവ്വം അനു കരണിനെ നോക്കി .
പിന്നെ നേരെ ബാത്‌റൂമിലേക്ക് വച്ചു പിടിച്ചു .
ഇനി അതിന് കൂടി തെറി കേൾക്കാൻ വയ്യ ……
ക്ലീനിങും മറ്റതും മറച്ചതും ഒക്കെ കഴിഞ്ഞപ്പോൾ മൂന്ന് പേരും കൂടി പുറത്തേക്ക് ഇറങ്ങി .
ഫ്ലാറ്റിൽ ഒന്നും തന്നെ വന്നപ്പോൾ കഴിക്കാനായി കൊണ്ട് വന്നിരുന്നില്ല .
ആകെ ഉണ്ടായിരുന്നത് ശങ്കർ കൊടുത്തു വിട്ട സാധനങ്ങൾ മാത്രമാണ് .
അത് കൊണ്ടാണ് അവർ വൈകുന്നേരം വരെ പിടിച്ചു നിന്നത് .
ഇനിയും ഒന്നും കഴിക്കാതെയിരുന്നാൽ ശരിയാവില്ലന്ന് പറഞ്ഞു അനുവാണ് അവരെയും കൊണ്ട് പുറത്തേക്കിറങ്ങിയത് .
ഭക്ഷണം കഴിക്കുകയും വേണം , ഒപ്പം ഫ്ലാറ്റ് ഡെക്കറേറ്റ് ചെയ്യാനുള്ള സാമഗ്രികളും വാങ്ങണം .
അതാണ് ലക്ഷ്യം .
മാളിൽ ഒന്നും കയറാതെ പുറത്തുള്ള സാധാരണ കടകളിൽ കയറാമെന്ന് പറഞ്ഞത് അനുവായിരുന്നു .
അതാകുമ്പോൾ നല്ലതും ഉണ്ടാകും , പൈസയും കുറച്ചു കുറവായിരിക്കും .
ഓരോ കടകളിലും കയറി ഓരോന്നും നോക്കി , നൂറ് രൂപയുടെ സാധനം അമ്പത് രൂപയ്ക്ക് തരാൻ പറഞ്ഞിട്ട് തരാത്തവരോട് തെറിയും പറഞ്ഞു ഇറങ്ങി പോരുന്ന ഷാനയെ കണ്ട് , ഇതിന്റെ ഒപ്പം വരുന്നതിനും ഭേദം തുണി ഇല്ലാതെ ഓടുന്നതായെന്ന ഭാവത്തിൽ നിൽക്കുന്ന അനുവിനെ കരൺ അത്ഭുതത്തോടെ നോക്കി .
ഇവിടെ ഒക്കെ ഇങ്ങനെയാണോ എന്ന ഭാവം മുഖത്ത് …….
ഇത് എച്ചി തരമാണെന്ന് എങ്ങനെ പറഞ്ഞു കൊടുക്കും എന്റെ നാരായണ !!!!
കരണിന്റെ മുഖ ഭാവം കണ്ട് അനു മുകളിലേക്ക് നോക്കി നെടു വീർപ്പിട്ടു .
ഷാനയാവട്ടെ ഇതൊന്നും ഗൗനിക്കാതെ കടയായ കട മുഴുവനും കയറി നിരങ്ങുന്നുണ്ട് ……
അവസാനം എന്തൊക്കെയോ വാങ്ങി കൂട്ടി അവർ മാളിലേക്ക് തിരിച്ചു .
കരണിന് ഇതൊക്കെ ആദ്യത്തെ അനുഭവമായത് കൊണ്ട് വായും പൊളിച്ചു അവൾ എല്ലാം നോക്കി കാണുന്നുണ്ട് ….
“I’m starving ……. ”
വയറും തടവിക്കൊണ്ട് കരൺ പറഞ്ഞതും ഷാനയും അനുവും അവളെ ഓടി ചെന്ന് കെട്ടിപിടിച്ചു .
“എന്റെ മുത്തേ , നിനക്ക് ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോടി .?? ”
കണ്ണുകൾ തുടയ്ക്കുന്നപ്പോലെ കാണിച്ചുക്കൊണ്ട് ഷാന പറഞ്ഞതും കരൺ അവരെയും വലിച്ചുക്കൊണ്ട് ഫുഡ് കോർട്ടിലേക്ക് നടന്നു .
എന്തൊക്കെയോ ഓർഡർ ചെയ്തു വാങ്ങി വെട്ടി വിഴുങ്ങി .
“എൻഗേജ്മെന്റ് എങ്ങനെ ഉണ്ടായിരുന്നു ???? ”
ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങാൻ നേരമാണ് ഷാന അത് ചോദിച്ചത് .
അത്രയും നേരം പുഞ്ചിരി നിറഞ്ഞു നിന്ന അനുവിന്റെ മുഖം പെട്ടെന്ന് ഒന്ന് ഇരുണ്ടെങ്കിലും അവൾ വേഗം തന്നെ അത് മറച്ചു പിടിച്ചു .
അവളുടെ ഭാവ മാറ്റം കണ്ട് കരൺ ഷാനയെ ഒന്ന് തറപ്പിച്ചു നോക്കി .
നിനക്ക് ഇപ്പോൾ കാര്യം ചോദിക്കണമായിരുന്നോ ????
സോറി പറ്റി പോയി ……
ഷാന ചെറുതായി നാവ് കടിച്ചുക്കൊണ്ട് പതിയെ പറഞ്ഞു .
“പിന്നെ അടിപൊളിയായിരുന്നു ……. എന്നെ കണ്ടതും കുറച്ചു പേരുടെ മുഖത്ത് സഹതാപം , ചിലരുടെ മുഖത്ത് പുച്ഛം ……. അപ്പച്ചിയുടെ മുഖത്ത് പുച്ഛം , അനിയുടെ മുഖത്തും പുച്ഛം ……. ചെറിയമ്മയുടെ മുഖത്ത് ultimate പുച്ഛം …… രാഗയുടെ മുഖത്താണെങ്കിൽ ultra പുച്ഛം !!!!! ”
കൈയും കാലും അനക്കി കൊണ്ട് അനു പറഞ്ഞതും ഷാനയ്ക്കും അറിയാതെ ചിരി വന്നു .
” അഹ് ……. പിന്നെ ഫുഡ് !!!!!! എന്റെ പൊന്നേ ഒരു രക്ഷയുമില്ലായിരുന്നു ……. ”
അനു പറഞ്ഞതും ഷാന എന്തോന്നെടിയെന്ന രീതിയിൽ അവളെ നോക്കി .
“നീ ഫുഡ് കഴിക്കാനാണോ അങ്ങോട്ട് പോയത് ??? ”
ഷാന ചോദിച്ചതിന് തിരിച്ചു മറുപടി പറയാൻ വേണ്ടി അനു വാ തുറന്നപ്പോഴാണ് കരൺ അവരെ തോണ്ടി വിളിച്ചത് .
“Look , that green shirt …… cute നാ ??? ”
അവരുടെ കുറച്ചപ്പുറമായി ടേബിളിൽ ഇരിക്കുന്ന ഒരു പച്ച ഷർട്ടിനെ ചൂണ്ടി കരൺ പറഞ്ഞതും അനുവും ഷാനയും അങ്ങോട്ടേക്ക് നോക്കി .
ഏതോ ഒരു എല്ലും കൊള്ളി !!!!!
“അയ്യേ അവനോ ??? ഒന്ന് പോടീ !!!!! കണ്ടേച്ചാലും മതി …… വന്നു വന്നു നിന്റെ സെലെക്ഷൻ ഒക്കെ ഫയങ്കര ബോറായി തുടങ്ങിട്ടോ കരണെ …….. ”
കൈയിൽ ഇരുന്ന ഷേക്ക് വലിച്ചു കുടിക്കുന്നതിനിടയിൽ അനു പറഞ്ഞതും ഷാന ഇരുന്നു ചിരിച്ചു .
“What ???? What ‘ s wrong ??? He is looking cute ……. ”
കരൺ അനുവിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു .
” എങ്കിൽ ചെന്ന് ഇഷ്ടമാണെന്ന് പറടി ….. ”
തിരിച്ചു കണ്ണുരുട്ടിക്കൊണ്ട് അനുവും പറഞ്ഞു .
അഹ് , തുടങ്ങി രണ്ടും …..
ഷാന മനസ്സിൽ പറഞ്ഞു കൊണ്ട് ഫോണിൽ നോക്കി ഇരുന്നു .
ഇടപെടാൻ നിൽക്കണ്ട , ഇനി ചിലപ്പോൾ സന്ധിക്ക് ചെല്ലണ നമ്മളെയാവും രണ്ടും കൂടി പിടിച്ചു തിന്നാൻ പോണത് ….
” you tell ….. ”
” പിന്നെ ആ എല്ലും കൊള്ളിയോട് ഒന്നും ഞാൻ പറയില്ല ….. കണ്ടാലും മതി …… ”
പുച്ഛത്തിൽ ഒന്ന് മുഖം വെട്ടിച്ചു കൊണ്ട് അനു പറഞ്ഞതും കരൺ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു .
“Fine then …… if you ‘ ve guts , propose someone , anyone here …… ”
വാശിയോടെ കരൺ പറഞ്ഞത് കേട്ട് ഷാന ഞെട്ടി അനുവിനെ നോക്കി , പിന്നെ കരണിനെയും .
” എനിക്ക് എന്ത് കിട്ടും ??? ”
അനുവിന്റെ ചോദ്യം കേട്ട് ഷാന ചാടി എഴുന്നേറ്റു .
കളി കാര്യമായി തുടങ്ങി ….
“നിനക്ക് എന്താ അനു പ്രാന്താ ??? ”
അനുവിന്റെ നേരെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് ഷാന ചോദിച്ചു .
“ചുമ്മാ ……. ”
അവളുടെ നേരെ കണ്ണിറുക്കിക്കൊണ്ട് അനു പറഞ്ഞതും ഷാന കരണിനെ നോക്കി .
എവിടെ അവിടെയും കണക്കാ …..
ആര് കേൾക്കാൻ ????
അല്ലാഹ് !!!!!
രണ്ടും കൂടി ഇന്ന് ബേജാറാക്കുലോ ????
“ഞാൻ നിന്റെ ഈ ആഴ്ചത്തെ എക്സ്പ്പെൻസ് മുഴുവനും നോക്കാം…… ”
കൈകൾ മാറിൽ പിണച്ചുക്കൊണ്ട് കരൺ പറഞ്ഞത് കേട്ട് , അനുവിന്റെ മുഖം വിടർന്നു .
“Okay ….. ഡീൽ …… ”
കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അനു പറഞ്ഞതും ഷാന തലയിൽ കൈ വച്ചു പോയി .
“എടി ഇവള് വാശി പുറത്ത് എന്തേലും പറഞ്ഞുന്ന് വച്ചു …… ”
“ഏയ് ……. ഇതൊക്കെ ഒരു തമാശ അല്ലെ ??? പിന്നെ ഇവിടെ ആരെന്നെ അറിയാനാ ?? എന്നെ കാണാൻ അല്ലെ പറ്റോള് ? പേര് പോലും അറിയാതെ മുഖം വച്ചു എന്തോ ചെയ്യാനാ ???? ”
ഷാനയെ മുഴുവനും പറയാൻ സമ്മതിക്കാതെ അനു ഇടയിൽ കയറി പറഞ്ഞു കൊണ്ട് കരണിനെ നോക്കി .
“ദെ …. ആ എസ്ക്കലേറ്റർ ഇറങ്ങി വരുന്ന ഫസ്റ്റ് ബ്ലൂ ഷർട്ടിനോട് ഞാൻ i luv u പറയും …… ”
അവരുടെ അടുത്തായുള്ള എസ്ക്കലേറ്ററിലേക്ക് കൈ ചൂണ്ടി അനു പറഞ്ഞതും കരൺ ചിരിച്ചു കൊണ്ട് തലയാട്ടി .
“We ‘ ll see ……. ”
“You ‘ll see ….. ”
“ദെ വരുന്നു ആള് …… ”
അത്രയും നേരം അവരെ രണ്ട് പേരെ തന്നെ നോക്കി നിന്ന ഷാന പെട്ടെന്ന് പറഞ്ഞതും അനു ഞെട്ടി തിരിഞ്ഞു നോക്കി .
അതാ വരുന്നു ബ്ലൂ ഷർട്ട് !!!!
അവരെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇട്ടിരിക്കുന്ന ഷർട്ടിന്റെ കോളർ ഒക്കെ ഒന്ന് പൊക്കി വച്ചു കൊണ്ട് അനു അവന്റെ അടുത്തേക്ക് നടന്നു .
പടച്ചോനെ , തുള്ളി ചാടി ഒക്കെ പോകുന്നുണ്ട് …..
റീത്ത് വാങ്ങിക്കണ്ട ഗതി വരുത്തരുതെ …..
ഷാന മുകളിലേക്ക് നോക്കി കണ്ണുകളടച്ചു .
(തുടരും …….