ആനന്ദ് കാരജ് : ഭാഗം 7- അവസാനഭാഗം
നോവൽ
എഴുത്തുകാരി: തമസാ
കണ്ണകന്നാൽ മനസ് അകന്നു എന്നല്ലേ…
അപ്പോൾ ഡോക്ടർ എന്നെയും മറന്നുകാണും എന്ന് ഞാൻ കരുതി.. വൈകിയാണെങ്കിലും ഒന്ന് വിളിക്കാൻ തോന്നിയല്ലോ എന്ന് ആദ്യ ദിവസം വിളിച്ചപ്പോൾ തന്നെ അവൾ പറഞ്ഞിരുന്നു…
പിന്നെ ഓരോ ദിവസവും ഉള്ളിലെ പ്രണയം വർധിച്ചു വർധിച്ച്, നെഞ്ച് നിറഞ്ഞപ്പോളാണ് സ്നേഹം, നെഞ്ചിനു മീതേ നിന്റെ രൂപത്തിൽ പരന്നത്…
എനിക്കൊന്ന് ഉറക്കെ കരയണം എന്ന് തോന്നി …
ചെയ്യാത്ത തെറ്റിനാണ് ഈ ശിക്ഷ അനുഭവിക്കുന്നത്…
ടാറ്റൂ കണ്ടതിന്റെ ഉൾപ്രേരണയിലാവും, രണ്ടു പോലീസ്‌കാർ വന്നെന്നോട് ഞങ്ങളുടെ ബന്ധത്തെക്കുറിച്ചും എങ്ങനെ ഇവിടെ വരെ എത്തി എന്നൊക്കെ ചോദിച്ചു.. എല്ലാം പറഞ്ഞു…
ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ടു വീട്ടുമുറ്റത്തെത്തിയിട്ട് ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെട്ട പക്ഷികളാണ് ഞങ്ങളെന്ന്….
ജാതിയും മതവും കുലവും ഗോത്രവും ഭാഷയും അതിർത്തിയും നോക്കാതെ പ്രണയിച്ചവർ…. അറിയില്ല…. പറഞ്ഞു തീർക്കാൻ നാവിനു ബലമില്ലെന്ന് തോന്നി..
ഞാൻ വിചാരിച്ചപോലെ താരയുടെ സുഹൃത്തുക്കൾ ആയിരുന്നില്ല ഇവര്…. ബാബയെക്കൊണ്ട് എനിക്കെതിരെ ഒരു വാക്കെങ്കിലും പറയിക്കാൻ ഉള്ള കുതന്ത്രം…
എനിക്കൊന്ന് വീട്ടിലേക്ക് വിളിക്കണം എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു..
അച്ഛനെ വിളിച്ചപ്പോൾ താര അവിടേയ്ക്കും വിളിച്ചിരുന്നു എന്നു പറഞ്ഞു… ബലമായി അവളെ തട്ടിക്കൊണ്ടു വരാൻ ഞാൻ ശ്രമിച്ചത്രേ.. ഏതായാലും കെട്ടിയ കാര്യം ഒന്നും പറഞ്ഞില്ല… ഇനി നിന്നാൽ എന്നെ കൊല്ലുമെന്ന് അവരെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വീട്ടിലേക്ക് ചെല്ലാൻ അമ്മ അന്ന് തിരക്ക് കൂട്ടിയത്…
ആ ഒരു രാത്രി സ്റ്റേഷനിൽ എങ്ങനെയൊക്കെയോ ഞാൻ തള്ളിനീക്കി… കേസ് ചാർജ് ചെയ്തില്ല അവർ… എനിക്ക് നൽകിയ ഔദാര്യം… എന്റെ മുൻപിൽ വെച്ച് തന്നെ അവളോട് സത്യാവസ്ഥ ചോദിക്കുമെന്നും, ഞാൻ പറഞ്ഞതുമായി പൊരുത്തക്കേട് ഉണ്ടെങ്കിൽ അവർ മേൽ നടപടി ക്രമങ്ങളിലേക്കും പോകുമെന്ന് പറഞ്ഞു…
ഉത്തരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലിലേക്ക് എന്നെയും കൂട്ടി പോലീസ് സംഘം എത്തി… ചെന്നപ്പോൾ തന്നെ മുറ്റത്ത് വെച്ച് ധാരയെ കണ്ടു.. അയാൾ ഓടി വന്ന് എന്തൊക്കെയോ പുലമ്പി…
അവളെയും കൂടെ കൂട്ടി ഒരുമിച്ചു ജീവിക്കാൻ അയാൾ അനുവദിക്കില്ലെന്ന്…
അതിനാർക്ക് വേണം നിന്റെ സമ്മതം.. എന്റെ ഭാര്യയെ കൂടെ കൂട്ടാൻ എനിക്ക് അവളുടെ അപ്പന്റെ പോലും സമ്മതം വേണ്ട.
കുറച്ചു ദിവസങ്ങൾ കൊണ്ട് അനുഭവിച്ചവ എന്നെ ഭ്രാന്തനെപ്പോലെ ആക്കിയിരുന്നു… നഷ്ടങ്ങളുടെ വേദനയും ജീവന്റെ വിലയും ഞാനീ ദിവസങ്ങൾ കൊണ്ട് അറിഞ്ഞിരുന്നു…
ധാരയെയും കൂടെ കൂട്ടി മുറിയിൽ ചെല്ലുമ്പോൾ അവളുടെ കൈ ഉള്ളം കയ്യിൽ പിടിച്ചു ബാബയും അടുത്ത് അമ്മിജാനും ഇരിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ എല്ലാവരെയും മറന്നപോലെ ഓടി എന്നോട് ഒട്ടി നിന്ന് കുറേ കരഞ്ഞു… അടി കൊണ്ട് പൊട്ടിയ എന്റെ മുഖത്തെ മുറിവിന്മേൽ ഓരോ തുള്ളി കണ്ണുനീരിറ്റിച്ച് അവൾ മരുന്നാകുന്നുണ്ടായിരുന്നു..
ഇത്രയും സ്നേഹിക്കുന്ന ഇവരെയാണോ നിങ്ങൾ അകറ്റാൻ നോക്കിയതെന്ന് SI ബാബയോട് ചോദിച്ചു… ബാബാ നൂറു കാര്യങ്ങൾ അവരോട് പറയുന്നുണ്ടായിരുന്നെങ്കിലും തിരിച്ചു കിട്ടിയ ജീവനെയും ജീവന്റെ പാതിയെയും കൊതിതീരെ കാണുന്നതിനിടയിൽ ഞങ്ങൾ രണ്ടും അതൊന്നും അറിഞ്ഞിരുന്നില്ല…
उत्तरा, हम यहां आपके खिलाफ हुई हत्या के प्रयास की जांच करने आए थे | please cooperate with us.
( നിങ്ങൾക്ക് എതിരേ നടന്ന കൊലപാതക ശ്രമത്തെ കുറിച്ച് അന്വേഷിക്കുവാനാണ് ഞങ്ങൾ വന്നത്.. ദയവായി സഹകരിക്കണം )
OK Sir, physically and mentally I am ok… you can ask… (ഉത്തര )
അയാൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവൾ തൃപ്തികരമായ രീതിയിൽ മറുപടി നൽകി.. എന്റെ മേൽ ചെറുതായി പോലും സംശയ ദൃഷ്ടി ഏൽക്കാതിരിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു…. എന്നെ ജയിലിൽ ആക്കിയത് വരെ അവൾ അറിഞ്ഞിരുന്നു.. ഇനി എന്നെ രക്ഷപെടുത്താൻ ആർക്കും പറ്റില്ലെന്ന് താരാ അവളെ വെല്ലുവിളിച്ചിരുന്നുത്രേ … ബാബയോടും ഉമ്മിയോടും അവർ ചോദിച്ചു. അന്ന് താരയുടെ സുഹൃത്തുക്കളായ പോലീസ്കാർ എന്ന് പറഞ്ഞതുകൊണ്ടാണ് ബാബാ ഞാൻ ആണ് അവളുടെ അവസ്ഥയ്ക്ക് കാരണം എന്ന് ഇവരോട് പറഞ്ഞത്…ഇനിയും ഞാൻ മകൾക്കൊരു ശല്യം ആകുമോ എന്നോർത്ത്.
क्या आप थारा सिंह के खिलाफ लिखित याचिका दायर करने के लिए तैयार हैं?
( താര സിങ്ങിനെതിരെ ഒരു പരാതി എഴുതി നൽകാൻ നിങ്ങൾ തയ്യാറാണോ? )
हाँ साब, मुझे उनसे इस तरह के नाटक की उम्मीद नहीं थी .. मुझे विश्वास था। वास्तव में आजाद मेरी बेटी को हमेशा बचा रहा था। लेकिन मैं यह नहीं देख सकता |
(അതേ സർ, അവനിൽ നിന്നും ഞാനിങ്ങനെ ഒരു നാടകം ഒരിക്കലും പ്രതീക്ഷിച്ചില്ല.. എനിക്ക് വിശ്വാസമായിരുന്നു.. സത്യത്തിൽ ആസാദ് എപ്പോഴും എന്റെ മകളെ സഹായിക്കുകയാണ് ചെയ്തത്. അത് ഞാൻ മനസിലാക്കാതെ പോയി )
പശ്ചാത്താപത്താൽ ബാബയുടെ കണ്ണ് നിറഞ്ഞു.. അവരുടെ പരാതിയിൽ താരയെ അറസ്റ്റ് ചെയ്തു… താരയെയും കൊണ്ട് പോലീസ് പോയി… അപ്പോഴാണ് ഇന്ന് ഡിസ്ചാർജ് ആണെന്ന് ഞാൻ അറിയുന്നത്.. വൈകിട്ട് ആയപ്പോഴേക്കും അവർ വീട്ടിലേക്ക് മടങ്ങി… ആദ്യം മടി തോന്നിയെങ്കിലും ബാബയുടെ നിർബന്ധത്തിൽ ഹോട്ടലിൽ ചെന്നു ബുള്ളറ്റും എടുത്തു ഞാനും കൂടെ ചെന്നു…
ആദ്യമൊക്കെ എന്നോട് അടുക്കാൻ ആ വീട്ടിൽ ആർക്കും പറ്റുന്നുണ്ടായിരുന്നില്ല.. പിന്നെ പതിയെ ഞങ്ങളുടെ സ്നേഹം കണ്ടു കണ്ട് എല്ലാവരും പതിയെ മിണ്ടിത്തുടങ്ങി….
വിവാഹ ശേഷം ആദ്യമായി ദമ്പതികൾ പെൺവീട്ടിൽ എത്തുമ്പോൾ ഉപഹാരങ്ങളും നല്ല ഭക്ഷണവും നൽകി സ്വീകരിക്കും… ആദ്യം വന്ന് കേറിയത് ദുരന്തം കൊണ്ട് ആയിരുന്നല്ലോ.. ആഘോഷിക്കാൻ പറ്റാതെ പോയതൊക്കെ ഞങ്ങൾ അവിടെ വെച്ച് ആഘോഷിച്ചു… സന്തോഷം നിറഞ്ഞൊരു രാത്രി ആയിരുന്നു അത്..
വിവാഹം കഴിഞ്ഞ് രണ്ടര മാസങ്ങൾക്കു ശേഷം അങ്ങനെ വീണ്ടും ഞങ്ങൾ സമാധാനായൊരു ജീവിതം തുടങ്ങാൻ പോവുകയാണ്… ഉത്തരാ സ്വയംവര കഥ ഓർത്ത് പതിയെ ഒന്ന് മയങ്ങിയപ്പോളാണ് അവൾ റൂമിലേക്ക് വന്ന് വാതിലടച്ചത്… നാട്ടിലേക്ക് നാളെ വൈകിട്ട് തന്നെ പോവണോ, മുറിവൊക്കെ നന്നായി ഉണങ്ങിയിട്ട് പോരേ എന്ന് ചോദിച്ചിട്ടും അവൾ സമ്മതിച്ചില്ല… ഇനി ഇവിടെ നിക്കാൻ വയ്യ എന്ന്…
കുറച്ചു കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ട് ചെന്നു നോക്കിയപ്പോൾ അവളുടെ ആങ്ങളമാരാണ്… നാളെ എന്റെ കൂടെ പോരും എന്നറിഞ്ഞപ്പോൾ അവർക്ക് സഹിക്കാൻ പറ്റുന്നില്ല…. ഇത്രയും നാൾ അവളെ നേരെ ചൊവ്വേ സ്നേഹിക്കാൻ പറ്റിയിട്ടില്ല അവരുടെ അമ്മയെ പേടിച്ചിട്ട് .. പിന്നെ അതൊരു ശീലം ആയിപ്പോയി.. പക്ഷേ ഇപ്പോൾ കണ്മുന്നിൽ നിന്ന് അകന്ന് പോവുന്നു എന്ന് ഓർക്കുമ്പോൾ അവർക്ക് പറ്റുന്നില്ല… ഞങ്ങളെല്ലാവരും കൂടി റൗണ്ട് ആയി ബെഡിൽ ഇരുന്നു സംസാരിക്കുകയായിരുന്നു… മുറിഞ്ഞു പോയ മുടി ലെവലാക്കി വെട്ടിയിട്ട് പോവാൻ ഓർക്കണം എന്ന് പറഞ്ഞു മൂത്ത ചേട്ടൻ അവളുടെ തലയിൽ തലോടുന്നുണ്ട്…. ആദ്യമായി അവൾ ഭാഗ്യവതി ആണെന്നെനിക്ക് തോന്നി…
അവരുടെ സ്നേഹം കണ്ടപ്പോൾ മനസ്സിൽ തീരുമാനിച്ചു, രണ്ടു ദിവസം കൂടി ഇവിടെ നിന്നിട്ടേ അവളെ കൊണ്ട് പോവുകയുള്ളു എന്ന്.. ക്ലാസ്സ് ഏതായാലും ഈ ആഴ്ച കൂടി ഉള്ളു… അതാണെങ്കിൽ പോവാനും പറ്റില്ല.. പിന്നെ സ്റ്റഡി ലീവ് കഴിഞ്ഞ് പിന്നെയാണ് ലാസ്റ്റ് എക്സാം.. വീട്ടിൽ പോയി എല്ലാം സെറ്റ് ആക്കി മടങ്ങി വരാൻ സമയമുണ്ട്…
ഉത്തരാ….
എന്താ ഡോക്ടർ?
നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ?
എന്തിന്… ഒന്നുകൊണ്ട് ഉണ്ടായ പുകിലൊന്നും പോരേ ഡോക്ടർക്ക്…
അതല്ല.. ഞാൻ അന്ന് ഒന്നും ആസ്വദിച്ചിട്ടുണ്ടായിരുന്നില്ല… എനിക്ക് നന്നായി ഒന്ന് അറിയണം ആനന്ദ് കാരജ് എന്താണെന്ന് സന്തോഷത്തോടെ… പൂർണ മനസ്സോടെ… വല്ല വഴി ഉണ്ടെങ്കിൽ പറഞ്ഞു താടോ..
उसने क्या क़हा? (എന്താണ് പറഞ്ഞത്? )
അവളുടെ ഇളയ ആങ്ങളയാണ്.
आपकी बहन के पति ने कहा कि वह फिर से शादी करना चाहता है। आप चुप क्यों हैं?
(നിങ്ങളുടെ പെങ്ങളുടെ ഭർത്താവ് പറയുവാ അദ്ദേഹത്തിന് ഇനിയും കല്യാണം കഴിക്കണം എന്ന്, നിങ്ങളെന്താ ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരിക്കുന്നത് )
അപ്പോഴേക്കും രണ്ടാമത്തെ അളിയൻ ഇടപെട്ടു..
हम जानते हैं, वह कभी भी आपसे ज्यादा लड़की से प्यार नहीं कर सकता। फिर वह कैसे एक दूसरे से शादी कर सकता है। एक और चाल का उपयोग करें |
(നിന്നെക്കാൾ കൂടുതൽ വേറെ ഒരാളെയും സ്നേഹിക്കാൻ അളിയന് പറ്റില്ലെന്നറിയാം ഞങ്ങൾക്ക്.. പിന്നെങ്ങനെ വേറെ വിവാഹം ചെയ്യും.. നീ വേറെ വല്ല ട്രിക്കും ഇറക്ക്.. )
मैं तुम्हारी बहन से फिर से शादी करना चाहता हूं। क्योंकि उस दिन मैंने उस पल का आनंद नहीं लिया था। लेकिन अब मैं उसे फिर से अपने पूरे दिल से स्वीकार करना चाहता हूं |
(ഞാൻ അവളെ ഒന്നുകൂടി കെട്ടാൻ ആഗ്രഹിക്കുന്നു… അന്നെനിക്ക് ആ നല്ല നിമിഷങ്ങളൊന്നും ആസ്വദിച്ചില്ല.. പക്ഷേ ഇപ്പോൾ പൂർണമനസോടെ അവളെ ഒരിക്കൽ കൂടി മനസറിഞ്ഞു സ്വീകരിക്കണം എന്ന് തോന്നുവാ )
ठीक है मैं आपकी मदद करूँगा .. बाबा के हरमंदिर साहिब कमेटी के साथ कुछ रिश्ते हैं .. मैं उनसे बात करूँगा … वह आपकी इच्छा पूरी करेंगे
(ഓകെ ഞാൻ ഹെല്പ് ചെയ്യാം.. ബാബയ്ക്ക് ഹർമന്ദിർ സാഹിബിലെ കമ്മിറ്റികാരുമായി നല്ല ബന്ധം ഉണ്ട്.. ഞാൻ സംസാരിക്കാം.. തന്റെ ആഗ്രഹം നടത്തി തരാം )
അതുകേട്ടതും ഞാൻ ഓടിച്ചെന്ന് അളിയനെ കെട്ടിപ്പിടിച്ചു.. അളിയൻ മുത്താണ്… ഉമ്മ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നാണ് അങ്ങനെ ഞങ്ങളുടെ രണ്ടാം കെട്ട് ദിവസം… മനസ്സറിഞ്ഞുള്ള ആനന്ദ് കാരജ്… സന്തോഷത്തോടെ ഉള്ള ഒന്നുചേരൽ…
അതിന് നാട്ടിൽ നിന്ന് എല്ലാവരെയും വിളിച്ചു.. അച്ഛനെയും അമ്മയെയും ഓൾറെഡി രണ്ടാം കെട്ട് മോഹം തോന്നിയതെ എല്ലാം പറഞ്ഞു കൺവിൻസ് ചെയ്യിച്ചിരുന്നു… നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഉത്തരയെ അവർക്ക് ജീവനാണ്..
ഒരു മോള് ഇല്ലാത്തതിന്റെ കുറവ് നികത്താൻ കാത്തിരുക്കുകയാ അവർ.. . നേരിട്ട് കാണും വരെ ഉത്തരയെ അവർക്ക് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് അവർ ഇങ്ങോട്ട് പറഞ്ഞു..
അന്ന് ഫോട്ടോ കണ്ടത് മതിയെന്ന്…. ഇനി നേരിട്ട് കണ്ടു സ്നേഹിച്ചോളാം ഞാൻ ഇടക്കാരൻ ആയി നിൽക്കണ്ടെന്ന്… മോളേ കിട്ടുമെന്നായപ്പോൾ ഞാൻ പുറത്ത്…
ഇന്നലെ വൈകിട്ടോട് കൂടി നാട്ടിൽ നിന്ന് എല്ലാവരും എത്തിയത് കൊണ്ട് ബാബയുടെ മറ്റൊരു വീട്ടിൽ താമസിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുത്തു ഞാനും അവരുടെ കൂടെക്കൂടി..
ഹർമന്ദിർ സാഹിബിൽ ചെല്ലുമ്പോൾ ആദ്യമായെത്തുന്നത് പോലെ ഒരു സുഖം തോന്നി എനിക്ക്… മനസിലേക്ക് എന്റെ കോളിനുള്ള അവളുടെ റിങ് ടോണും മറുപടിയും ഓർമ വന്നു…
ഞാൻ തന്നെയാണ് അവളുടെ പ്രാർത്ഥന എന്ന്….
“ഇക് ഓംകാർ സത്‌നാം കർത്താർപുരഖ്
നിർഭയ് നിർവൈർ അകാൽ മുരത്
അജൂനി സായിഭം ഗുരുപർസാദ് ജപ്
ആദ് സച് ജുഗത് സച്
ഹേ ഭി സച് നാനക്ക് ഹോ സേ ഭി സച് ”
–
അവന്റെ പേര് സത്യമാണ്, അവൻ സ്രഷ്ടാവാണ്, അവൻ നിർഭയനാണ്, അവൻ ആരെയും വെറുക്കുന്നില്ല, അമർത്യനാണ്, ജനനത്തിനും മരണത്തിനും അതീതനാണ്, സ്വയം പ്രകാശിതനാണ്, ഗുരുവിന്റെ കൃപയാൽ സമ്പന്നമാണ് (വഴിപാടുകളോടെ). ഭാവിയിലും സത്യം സത്യമായി തുടരുമെന്ന് സത്ഗുരു നാനക് പറയുന്നത് ശരിയാണ്…
ഓരോ പ്രാർത്ഥനയിലും ഒരുപാട് അർത്ഥം ഉണ്ട്..
വരന്റെയും വധുവിന്റെയും ആളുകൾ ഒരുമിച്ച് പരസ്പരം ആശംസിച്ചു –
വാഹെഗുരുജി കാ ഖൽസാ
വാഹെഗുരുജി കി ഫത്തേഹ്..
ഗുരുഗ്രന്ഥ സാഹിബിനടുത്ത് നിന്ന് ഒരിക്കൽ ചെയ്ത ഓരോ ചടങ്ങുകൾ പിന്നെയും ചെയ്തിട്ടും അലോസരം തോന്നിയില്ല.. മനസ്സിൽ ഞാനൊരു പുതുമണവാളൻ തന്നെ ആയിരുന്നു…
എല്ലാ ചടങ്ങും കഴിഞ്ഞ് കാരയും കഠാരയും പിടിച്ചവൾക്കൊപ്പം നിൽക്കുമ്പോൾ വല്ലാത്തൊരു സുഖം തോന്നി… അഭിമാനം…
അതികം ഒന്നും മനസിലായില്ലെങ്കിലും വീട്ടുകാരും നല്ല സുഹൃത്തുക്കളായിട്ടുണ്ട്… നാസിക് ധോലും ആഘോഷവുമായി ഞങ്ങളുടെ ആനന്ദ് കാരജ് അങ്ങനെ വീണ്ടും കഴിഞ്ഞു….
💚💚💚💚💚💚💚💚💚💚💚💚💚
ഇന്ന് ഞങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലേക്ക് മടങ്ങി വരികയാണ്.. ബുള്ളെറ്റ് ഇന്നലെ തന്നെ അയച്ചു.. വീട്ടുകാരെയും അവളെയും കൂട്ടി എല്ലാ ചടങ്ങുകളും പൂർത്തിയാക്കി, ഞങ്ങൾ യാത്ര തിരിച്ചു.. അവർക്കൊക്കെ നല്ല വിഷമം ഉണ്ടായിരുന്നു ഞങ്ങൾ പോന്നപ്പോൾ..
റെയിൽവേ സ്റ്റേഷനിൽ നിന്ന് അവളെയും പുറകിലിരുത്തി വരുമ്പോളാണ്, അടുത്തുള്ള ശിവന്റെ അമ്പലത്തിൽ നിന്നും വിവാഹം കഴിഞ്ഞൊരു ജോഡി പുറത്തേക്ക് സെറ്റും മുണ്ടും, സ്വർണക്കര മുണ്ടും കസവു പുതച്ച് പടികളിറങ്ങി വരുന്നത് കണ്ടത്….
അപ്പോൾ തന്നെ വന്നു അടുത്ത ചോദ്യം…
ഡോക്ടർ, നമുക്ക് കേരളാ സ്റ്റൈലിൽ ഒന്നുടെ കെട്ടിയാലോ ജാൻ?
പകച്ചു പണ്ടാരടങ്ങിപ്പോയി… രണ്ടര മാസത്തിനിടയ്ക്ക് കല്യാണം മാത്രേ തന്നെയും പിന്നെയും നടന്നിട്ടുള്ളൂ.. ഇനി പിന്നെയും കല്യാണമോ… പിന്നൊന്നും നോക്കിയില്ല… അടുത്തുള്ള പാടത്തേക്ക് വണ്ടി ചേർത്തു നിർത്തി ആമ്പൽ കുളവും ഞാറു നടുന്നതും കാട്ടിക്കൊടുത്തു …തല തണുക്കാഞ്ഞിട്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്…
അതിനിടയിലൂടെ കുഞ്ഞു തുമ്പിയെ പോലെ ചിറക് വിരിച്ചവൾ പാറി നടന്നു… കൂടെ ഞാനും…
അത്താഴം കഴിച്ചു കഴിഞ്ഞ് പഞ്ചാബിലേക്ക് ഒരു കോളും വിളിച്ച് ഇത്രയും ദിവസത്തെ പ്രണയവും കാത്തിരിപ്പും ആഘോഷിച്ചേക്കാം എന്ന് വിചാരിച്ചപ്പോൾ ദേ പിന്നെയും…
” ഡോക്ടറേ, എപ്പോഴാ കെട്ടുന്നതെന്ന് പറയ് ”
അതോ… അതൊരു പ്രശ്നമുണ്ട് കേരളത്തില്… ഞങ്ങൾക്ക് ഇവിടെ ആദ്യരാത്രി കഴിഞ്ഞാലേ മൂന്നാം കെട്ട് കെട്ടാൻ പറ്റുള്ളൂ… അല്ലെങ്കിൽ അമ്പലത്തിൽ വെച്ച് കെട്ടാൻ സമ്മതിക്കൂല..
അങ്ങനെ ഒക്കെ ഉണ്ടല്ലേ…
പിന്നേ…. ആസാദിന്റെ കാന്താരിക്ക് അതൊക്കെ ഞാൻ പറഞ്ഞു തരില്ലേ…
മ്മ്.. എനിക്ക് അറിയാം ഡോക്ടർ പാവമാ…
അതേ അതേ…. പഞ്ചപാവമാ….
💕
ഉത്തരാ, നീയൊരു കടലാണ്…
ഞാൻ, നിന്നിൽ നിന്നെത്ര ഉയരങ്ങളിലേക്ക് പോയാലും തിരിച്ചു നിന്നിലേക്ക് തന്നെ പെയ്തിറങ്ങുന്ന നീർതുള്ളിയും…
ഉത്തര,
നീയൊരു സൂര്യകാന്തിയല്ല…..
മറിച്ചൊരു സൂര്യനാണ്…
ഞാനാകും ഭൂമിയിൽ ഇരുളും പകലും
നിറയ്ക്കുന്ന പ്രച്ഛന്ന സൂര്യൻ….
ആസാദ്..
സ്വതന്ത്രൻ…
പക്ഷേ, നിനക്കറിയുമോ ഉത്തരാ..
നിന്നിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവനാണ് ആസാദ്… നിന്നിൽ തുടങ്ങി നിന്നിൽ തീർന്നു കൊഴിഞ്ഞുവീണാൽ പോലും നിന്റെ പ്രണയത്തിൽ നിന്നിലെ അടിമത്തത്തെ കൊതിക്കുന്നവൻ..
💕 ശുഭം 💕