Saturday, January 18, 2025
Novel

ആനന്ദ് കാരജ് : ഭാഗം 6

നോവൽ
എഴുത്തുകാരി: തമസാ


ചോട്ടീ ….

അവളുടെ ബാബയും അമ്മിയും കൂടി ഓടി വന്ന് എന്റെ കൈകളിൽ നിന്ന് അവളെ പിടിച്ചു മാറ്റാൻ നോക്കി.. പക്ഷേ….. എന്തോ കൈ അകത്താൻ പറ്റുന്നുണ്ടായിരുന്നില്ല… ഡോക്ടർ ആണെങ്കിലും ഞാനും ഒരു മനുഷ്യനാണ്… പ്രിയപെട്ടവളേ നെഞ്ചോട് ചേർക്കാൻ ഇത്തിരി വൈകിപ്പോയ പച്ചയായ മനുഷ്യൻ….

എന്റെ കയ്യിൽ നിന്നും അവളെ ബലമായി വാരി എടുത്ത് താരാ സിംഗ് വീട്ടിലെ കാറിൽ കിടത്തി….അമ്മിയും ബാബയും കൂടെ കേറി… പുറത്തേക്ക് കുതിച്ച ആ വണ്ടിക്ക് പുറകെ ചോര പടർന്നു പിടിച്ച വേഷത്തിൽ ഞാനും എന്റെ ബുള്ളറ്റിൽ തിരിച്ചു…

ഗുർഗോവിന്ദ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ചെന്നു മിന്നും പുറകെയുമായി ഞങ്ങളുടെ വണ്ടികൾ നിന്നു….

അകത്തേക്ക് കേറാൻ നിന്നതും താരാ വന്നെന്നെ വിലക്കി… അയാൾക്ക് ഹോൾഡ് ഉള്ള ഹോസ്പിറ്റൽ ആണെന്നും ഇനിയും അവളുടെ പുറകെ വരാൻ ആണ് ഉദ്ദേശമെങ്കിൽ അവിടെ ഇട്ട് അവളെ തീർക്കുമെന്നും എന്റെ മുഖത്തു നോക്കി സ്വകാര്യമായ് പറഞ്ഞു അയാൾ….

അവളെ ജീവനോടെ തിരിച്ചുകിട്ടുന്നത് വരെ കാത്തിരിക്കേണ്ടത് എന്റെ ആവശ്യമാണ്‌…. വിട്ടുകളഞ്ഞു പോവാൻ വേണ്ടി അല്ല ഞാനീ കയത്തിലേക്ക് എടുത്തു ചാടിയത്..

ദൂരേ മാറി നിൽക്കുന്ന ബാബയെ നോക്കി… ഇല്ല… അവരും ആഗ്രഹിക്കുന്നില്ല എന്നെ…. അമ്മിയും… മുഖം കണ്ടാലറിയാം….

താരായോട് ഞങ്ങളുടെ പ്രണയം വരെ പറഞ്ഞു… പക്ഷേ… ഇനിയും ഞാൻ നിന്നാൽ അയാൾ മർഡെർ അറ്റംപ്റ്റ് എന്ന രീതിയിൽ എനിക്കെതിരെ കേസ് വഴി തിരിച്ചു വിടും എന്ന് കൂടെ വന്നവരുമായി അയാൾ സംസാരിക്കുന്നത് കേട്ടപ്പോൾ മനസിലായി.. മകളെ കൊല്ലാൻ നോക്കിയവനെ വിശ്വസിച്ചിട്ട്,

അവളെ മനസ്സിൽ കാത്ത് കൊണ്ടു നടക്കുന്ന എന്നെ അറിയാതെ പോവുകയാണല്ലോ ബാബാ…

വീണ്ടും താരാ വന്നു… ഭീഷണി… ഇത്തവണ അവിടത്തെ ഒരു ഡോക്ടർ കൂടി ഉണ്ടായിരുന്നു… അയാളെയും കൂട്ടി വന്ന് ആണ് ഭീഷണി….

ഞാൻ മടങ്ങിപ്പോയാൽ ഉത്തരയുടെ ജീവൻ ദാനമായി തരാമെന്ന്… ഈ നാട്ടിൽ അയാൾക്കുള്ള ബലം എനിക്ക് മനസിലായി കഴിഞ്ഞിരുന്നു… തത്കാലത്തേക്ക് മാറുന്നതാണ് നല്ലതെന്ന് മനസിലായത് കൊണ്ട് ഞാൻ നാട്ടിലേക്ക് തിരിച്ചു പോരാൻ റെഡി ആയി…

അറിയില്ല എത്ര മാത്രം തകർന്നു പോയെന്ന്… കൂടെ കൂട്ടാൻ വന്നിട്ട് ഇപ്പോൾ ബലി കൊടുത്ത പോലെ ആയി… ഞാൻ ഇവിടെ നിൽക്കുന്തോറും അയാൾ ട്രീറ്റ്മെന്റ് താമസിപ്പിക്കും…

അതുകൊണ്ട് തൽക്കാലത്തേക്ക് ആണെങ്കിലും പടിയിറക്കം ആണ് നല്ലതെന്നു തോന്നി… ഹോസ്പിറ്റൽ കാണാൻ പറ്റുന്ന ദൂരത്തിൽ റൂം എടുത്തു ഒരു ആഴ്ചയിലേക്ക്…അവളുടെ വീട്ടുകാർ ആരും അറിയാതെ…..

എന്റെ വീട്ടിലേക്ക് വിളിക്കാൻ ധൈര്യം വന്നില്ല …
ഹോസ്പിറ്റലിൽ വിളിച്ചു സുഖ വിവരം അന്വേഷിച്ചു കൊണ്ടിരുന്നു..റിക്കവർ ആയിട്ടുണ്ട്…ബോധം വന്നെന്നും പറഞ്ഞു … താരാ അതും അറിഞ്ഞു …

ആ വഴിയും നിന്നു..ഞാൻ വിളിച്ചാൽ ഒന്നും പറയാതെയായി റിസപ്ഷൻൽ ഉള്ള കുട്ടി…. .

നാട്ടിൽ നിന്ന് അന്നൊരു കോൾ വന്നു, അമ്മയാണ്… എത്രയും പെട്ടെന്ന് മടങ്ങി ചെല്ലണം എന്ന് പറഞ്ഞ്… കാര്യം പറഞ്ഞില്ലെങ്കിലും നിർബന്ധം……

എന്നെ അവൾക്ക് മനസിലാകും… വീട്ടിൽ തിരിച്ചെത്തുന്ന അന്ന് അവളെന്നെ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു… ആ ധൈര്യത്തിലാ തിരിച്ചു പോക്ക്…

പക്ഷേ അതിന് മുൻപ് അവളെ എനിക്കൊന്ന് കണ്ടേ പറ്റുള്ളൂ… ബോധം തെളിഞ്ഞാൽ അവൾ ആദ്യം അന്വേഷിക്കുന്നത് എന്നെയാവും …

അവളെ കണ്ടിട്ടേ പോവുള്ളു എന്ന് ഞാൻ തീരുമാനിച്ചു… നേരിട്ട് ചെന്നാൽ ഉത്തരയെ കാണാൻ അവരെന്നെ സമ്മതിക്കില്ല…

അതിനിടയിലാണ് താരാ ജീപ്പുമായി പുറത്തേക്ക് പോവുന്നത് ഞാൻ കണ്ടത്.. സമയം രാത്രി 8 ആയിരുന്നു.. ഇനിയും അയാൾ മടങ്ങി വരാൻ സാധ്യത ഇല്ല.. പിന്നെ അമ്മിജാൻ ആണ് ഹോസ്പിറ്റലിൽ ഉണ്ടാവുക..

ആ ധൈര്യത്തിൽ വീട്ടിലേക്ക് കൊണ്ട് പോകാനുള്ളവ ബുള്ളറ്റിൽ പാക്ക് ചെയ്തു കെട്ടി വെച്ചിട്ട്, ജാക്കറ്റും റൈഡിങ് ഗ്ലോവ്സ് കയ്യിലിട്ട് ഞാൻ ഇറങ്ങി.. ബുള്ളറ്റ് എടുക്കാതെ നടന്നു ഹോസ്പിറ്റലിലേക്ക് പോയി..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ എല്ലായിടത്തും നിശബ്ദത ആയിരുന്നു… ബാബയുടെ നമ്പറിലേക്ക് വിളിച്ചു… സിം 2 ൽ നിന്ന് വിളിച്ചതുകൊണ്ട് എന്നെ മനസിലായില്ല…

സൗണ്ട് ശ്രദ്ധിച്ചു ഞാൻ ബാബയെ കണ്ട് പിടിച്ചു.. റൂം നമ്പർ 97… വീണ്ടും ഞാൻ വിളിച്ചു റേഞ്ച് കിട്ടുന്നില്ല മാറി നില്കാൻ ബാബയോട് പറഞ്ഞു..

ബാബാ പുറത്തേക്ക് പോയ സമയം കൊണ്ട് ഞാൻ മുറിയിൽ കയറി.. കട്ടിലിൽ ഞരമ്പുകളിലൂടെ കയറുന്ന മരുന്നുകൾക്കൊപ്പം അവൾ മയങ്ങുന്നുണ്ട്.. അമ്മി ബൈസ്റ്റാൻഡേർ ബെഡിൽ തലയ്ക്കു കൈ കൊടുത്തു കിടന്നുറങ്ങുന്നുണ്ട്..

ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു ..

പതിയെ അവളുടെ അടുത്ത് ചെന്നു… മുഖത്ത് ഇപ്പോഴും നല്ല ആലസ്യം കാണുന്നുണ്ട്.. സൈഡ് ചെരിഞ്ഞു കിടക്കുകയാണ്.. മലർന്നു കിടന്നാൽ മുറിവ് നോവും… പാവം…….

നെറ്റിയിൽ ചുംബിച്ചു പിന്തിരിയാൻ ഒരുങ്ങുമ്പോഴേക്കും മുറിയിലെ വെളിച്ചം വീണു…

പുറകിൽ ബാബാ…

” ബാബാ… ഞാൻ തിരിച്ചു പോകുവാണ്.. നാട്ടിലേക്ക്… മടങ്ങി വരും എന്നിൽ നിന്ന് നിങ്ങളവളെ എത്ര ദൂരേക്ക് മാറ്റിയാലും….

എന്റെ അമ്മയോളം ഞാനീ ലോകത്തൊരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ഉത്തരയെ മാത്രമാണ്.. വിട്ടു കളയില്ല…കൊടുക്കുകയുമില്ല… പോട്ടേ… ”

തിരിച്ചു ഹോസ്പിറ്റലിന്റെ വരാന്തയുടെ മുൻ ഭാഗത്ത് എത്തിയതും, കയ്യിൽ കുറേ പൊതിയുമായി താരാ സിംഗ് വരലും ഒരുമിച്ചായിരുന്നു.. പരസ്പരം കണ്ടു… ഞാൻ മുന്നോട്ട് പോവാൻ തുടങ്ങിയതും,

तुम फिर क्यों आए? क्या तुम इतने बहादुर हो?
(നീയെന്തിനു വീണ്ടും വന്നു ? ഇത്രയും ധൈര്യം ഉണ്ടായിരുന്നോ നിനക്ക് ?)

” मुझे अपनी पत्नी को देखने के लिए किसी और की अनुमति की आवश्यकता नहीं है |
(എനിക്ക് എന്റെ ഭാര്യയെ കാണാൻ വേറെ ഒരാളുടെയും അനുമതി ആവശ്യമില്ല)

फिर आपने आखिरी दिनों में उसकी तलाश क्यों नहीं की?
(എങ്കിൽ പിന്നെ എന്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നീ അവളെ അന്വേഷിച്ചില്ല)

मुझे अपनी इच्छाओं से ज्यादा उसकी परवाह है |
(എന്റെ ആഗ്രഹങ്ങളേക്കാൾ ഞാൻ അവൾക്ക്‌ ഭേദമാവാൻ ഞാൻ ആഗ്രഹിച്ചു )

ഞാൻ പറഞ്ഞത് അയാൾക്കിഷ്ടമായില്ല… ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയ വഴക്ക് പിന്നെ കയ്യാങ്കളി ആയി.. ഹോസ്പിറ്റലിന്റെ മുറ്റത്ത്‌ കിടന്ന് അടിയും മറ്റും കണ്ട് സെക്യൂരിറ്റിമാർ വന്നു പിടിച്ചു മാറ്റി..

പക്ഷേ അയാൾ എന്തോ പ്രതികാരം പോലെ ആയിരുന്നു വീണ്ടും വീണ്ടും എന്നെ ഇടിച്ചു കൊണ്ടിരുന്നത് ….കാര്യമായി തന്നേ എനിക്ക് കിട്ടി..

അയാൾക്ക് ഇത് സ്ഥിരം പരിപാടി ആണല്ലോ..

ആശുപത്രിക്കാർ തന്നേ പോലീസിൽ അറിയിച്ചു.. പോലീസ് വണ്ടി വന്നു നിന്നപ്പോൾ അയാളെന്നോട് ഹിന്ദിയിൽ പറഞ്ഞു ഇത് തന്നേ ആയിരുന്നു അയാളുടെ ആവശ്യം എന്ന്.. പകച്ചു പോയി…

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു… ഇതാ ഇപ്പോൾ ആദ്യമായി പോലീസ് സ്റ്റേഷൻ കേറാൻ പോവുന്നു., അതും അന്യ സംസ്ഥാനത്ത്…..

साहब, उसने हमारे बच्चे को मारने की कोशिश की …. साहब कृपया उसे बचा लें
(സർ, ഇയാൾ ഞങ്ങളുടെ കുട്ടിയെ കൊല്ലാൻ ശ്രമിച്ചു…. പ്ലീസ് അവളെ രക്ഷിക്കൂ )

വാദി പ്രതിയാവുന്നത് എന്റെ ലൈഫിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു… SI ആണെന്ന് തോന്നുന്നു എന്റെ അടുത്ത് വന്നു നിന്ന് എന്നോട് ഓരോന്ന് ചോദിച്ചു..

പഞ്ചാബി അല്ലെന്നറിഞ്ഞപ്പോൾ ഇവിടെ വന്ന് ഇവിടെ ഉള്ള പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞായിരുന്നു ആദ്യത്തെ അടി…

പറഞ്ഞു മനസിലാക്കാനുള്ള അവസരം പോലും എനിക്ക് ലഭിച്ചില്ല..

അതിനിടയിൽ താരാ സിംഗ്, ഞാൻ ആണ് അവളെ വെട്ടിയതെന്നും അവളെ കല്യാണം കഴിച്ചത് കൊണ്ട് നാട്ടിൽ എനിക്ക് വേറെ കല്യാണം നിശ്ചയിക്കുവാൻ പ്രശ്നം ആയാലോ,

അതുകൊണ്ട് മനപ്പൂർവം ഉത്തരയെ ഒഴിവാക്കുവാൻ വേണ്ടി ഞാൻ ചെയ്തതാണെന്നൊക്കെ താരാ സിംഗ് പറഞ്ഞു ഫലിപ്പിച്ചു..

പോലീസിന്റെയും താരാ സിംഗിന്റെയും അടിയിൽ ഞാൻ തളർന്നിരുന്നു.. ഒരു തവണ ബാബയെ വിളിച്ചു ചോദിക്കൂ എന്ന് ഞാൻ പറഞ്ഞു..

പക്ഷേ ബാബാ വന്ന് പറഞ്ഞത് അവനാണെന്റെ കുഞ്ഞിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്നായിരുന്നു.. താരാ അത് വളരേ ഭംഗിയിൽ തന്നേ വളച്ചൊടിച്ചു…

അവിടെ വെച്ച് എന്നെ പോലീസ് ജീപ്പിൽ കേറ്റി കൊണ്ട് പോകുന്നതെന്തിനാണെന്ന് ചോദിച്ച ബാബയോട് ഇനി അവൻ മടങ്ങി വരാതിരിക്കാൻ സുഹൃത്തുക്കളായ പോലീസ്‌കാരെ കൊണ്ട് ഒന്ന് പേടിപ്പിച്ചു വിടാൻ ആണെന്ന് താര പതിയെ പറഞ്ഞു..

എന്റെ കഷ്ടകാലം….

വീട്ടിൽ നിന്നെന്തിനാണ് വേഗം വരാൻ പറഞ്ഞതെന്നറിയില്ല.. ഞാൻ എവിടെയാണെന്ന് ഉത്തരയോട് പറഞ്ഞിട്ടുമില്ല . എന്നെ ഇവര് എന്ത് ചെയ്യും ഇനി എന്നൊരറിവും ഇല്ല.. ആകെ കൂടി എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു…

പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തൊട്ട് മാറി മാറി എല്ലാവരുടെയും വക ചത ആയിരുന്നു… പക തീർക്കാൻ ഭാര്യയെ കൊല്ലാൻ വന്ന മലയാളി.. പുറത്ത് ന്യൂസ്‌ വിടരുത്..

അതിന് മുൻപ് ഒരിക്കലും ഇവൻ മറക്കാത്ത സമ്മാനം കൊടുക്കണം എന്ന് അവർ പറയുന്നുണ്ടായിരുന്നു… അടിച്ചിടിച്ച് ഇഞ്ചപ്പരുവം ആയി കിടക്കുമ്പോൾ എന്റെ ഉള്ളിൽ ഹമീദ് അൻസാരി ആയിരുന്നു…

സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട പെൺസുഹൃത്തിനെ നിർബന്ധിതവിവാഹത്തിൽ നിന്ന് രക്ഷിക്കാൻ പാകിസ്ഥാനിൽ പോയ മുംബൈക്കാരൻ….

വർഷങ്ങളോളം പെഷവാർ ജയിലിൽ കിടന്ന അയാളെ പോലെ ആവുകയാണോ ഞാൻ…

രക്ഷിച്ചു കൊണ്ട് പോവാൻ വന്നിട്ട്, എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടണമെങ്കിൽ അവൾ പറയണം ഞാൻ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രക്ഷപെടുത്താൻ ശ്രമിച്ചിട്ടേ ഉള്ളുവെന്നും..

അതിലെല്ലാം ഉപരി ഞാൻ അല്ല അവളെ വെട്ടിയതെന്ന് കൂടി പറഞ്ഞാൽ മാത്രമേ എനിക്ക് രക്ഷപെടാൻ പറ്റുള്ളൂ…

പക്ഷേ ഞാൻ എവിടെയാണെന്ന് അറിയില്ലല്ലോ അവൾക്ക്… മിക്കവാറും ഞാൻ തിരിച്ചു നാട്ടിലേക്ക് പോയി എന്നാവും അവർ അവളോട് പറയുന്നത്… ഈ വേനൽ കൂടി കടന്നു പോയിരുന്നെങ്കിൽ…

രാത്രി ആയി…. വേദനകളുടെ വേലിയേറ്റത്തിൽ ഞാനൊന്ന് മയങ്ങിയിരുന്നു… മുഖത്തേക്ക് ശക്തിയിൽ തണുത്ത വെള്ളം വീണു ഞാൻ ഞെട്ടി എണീറ്റു… ശരീരത്തിലെ മുറിവുകൾ വെള്ളം ചെന്നപ്പോൾ നീറിത്തുടങ്ങിയിരുന്നു…

നനഞ്ഞു കുതിർന്ന്, ആ മൂലയിലിരുന്ന് ഞാൻ വിറച്ചു… എനിക്ക് പുതയ്ക്കാൻ എന്തെങ്കിലും തരാമോ എന്ന് ചോദിച്ചപ്പോൾ രൂക്ഷമായി അവരെന്നെ നോക്കി….

വിറച്ചു കൊണ്ടിരുന്ന എന്റെ നെഞ്ചിൽ അയാൾ വീണ്ടും ചവിട്ടി… ചെരിഞ്ഞു വീണ ഞാൻ പതിയെ നനഞ്ഞ ഷർട്ടും ഇന്നർ ബനിയനും മാറ്റി…

പിഴിഞ്ഞിട്ട് ഒന്നുടെ ഇട്ടാൽ തണുപ്പ് ലേശം കുറവ് തോന്നിയാലോ….

തൊഴിച്ച പോലീസ്കാരൻ എന്റെ അടുത്തു വന്നു നിന്ന് എന്റെ നെഞ്ചിലേക്ക് നോക്കിയിട്ട് മറ്റൊരാളോട് ടോർച്ച് എടുത്തു കൊണ്ട് വരാൻ പറഞ്ഞു…

ദുപ്പട്ടയിട്ടു മുഖം മറച്ച് ഒരു പെൺകുട്ടി… അതിനു താഴെ മൂന്നക്ഷരങ്ങൾ…

അയാൾ എന്റെ ടാറ്റൂവിലേക്ക് ടോർച്ച് അടിച്ചു..

यह कौनसी भाषा है?
(ഇതേത് ഭാഷയാണ്? )

” മലയാളം ”

किसका फोटो?
(വരച്ചിരിക്കുന്ന ഫോട്ടോ ആരുടെയാണ്? )

” മൈ വൈഫ്‌ കി ”

नीचे लिखा नाम?
(താഴെ എഴുതിയിരിക്കുന്ന പേരോ ?)

” വൈഫ്‌ കി നാം …

ഉത്തര ”

എന്നെ നോക്കുന്ന കണ്ണുകളിലെ ഭാവം എനിക്ക് തന്നേ മനസിലായില്ല.. എന്റെ പേര് കഴുത്തിലിട്ടവൾക്ക് പകരമായി കാണിക്കാൻ നെഞ്ചിലെഴുതിയതാണ്…

കൂടെ വിവാഹത്തിന്റെ അന്ന് ദുപ്പട്ടയിൽ പൊതിഞ്ഞിരുന്ന ആ മുഖവും… പക്ഷേ നിന്നെക്കാൾ മുൻപ് ഇവരെ കാണിക്കുവാനായിരുന്നു ഉത്തരാ എന്റെ വിധി..

തുടരും….

ആനന്ദ് കാരജ് : ഭാഗം 1

ആനന്ദ് കാരജ് : ഭാഗം 2

ആനന്ദ് കാരജ് : ഭാഗം 3

ആനന്ദ് കാരജ് : ഭാഗം 4

ആനന്ദ് കാരജ് : ഭാഗം 5