Friday, January 17, 2025
Novel

അനാഥ : ഭാഗം 28

എഴുത്തുകാരി: നീലിമ

മണിക്കൂറുകൾക്ക് വർഷങ്ങളുടെ ദൈർഘ്യം ഉണ്ടെന്ന് തോന്നി…. ലേബർ റൂമിന്റെ പുറത്ത് അക്ഷമനായി ഞാൻ കാത്തിരുന്നു. ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു…. ടെൻഷൻ കാരണം അറ്റാക്ക് വരുമോ എന്ന് വരെ തോന്നി. ഇരിക്കാൻ കഴിയാതെ ഞാൻ കോറിഡോറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഓരോ നിമിഷം കഴിയും തോറും ടെൻഷൻ കൂടിക്കൂടി വന്നു. അപ്പുവും അച്ഛനും കേശുവും ഒക്കെ ഉണ്ട്. എല്ലാരുടെ മുഖത്തും ടെൻഷൻ മാത്രം… ഒരു നേഴ്സ് പുറത്തേയ്ക്ക് വന്നു.

“നിമിഷ മഹേഷ്‌… ” അവർ ഉറക്കെ വിളിച്ചു. ഞാൻ ഓടി അവർക്ക് അരികിൽ എത്തി… “നിമിഷ പ്രസവിച്ചുട്ടോ… പെൺകുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അല്പം കഴിഞ്ഞ് കുഞ്ഞിനെ കാണിക്കാം…. ” എന്റെ മുന്നിൽ നിൽക്കുന്ന അവരുടെ ഇരു വശവും ചിറകു മുളയ്ക്കുന്നത് ഞാൻ കണ്ടു. അവർ തൂവെള്ള വസ്ത്രം ധരിച്ച ഒരു മാലാഖയായി മാറി… ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. ഹൃദയത്തിൽ നിന്നും ഒരു വലിയ കല്ല് എടുത്ത് മാറ്റിയത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ഉള്ളിൽ സന്തോഷത്തിന്റെ വേലിയേറ്റം…. അത് എന്റെ മുഖത്തും പ്രതിഫലിച്ചു… കുറച്ചു കഴിഞ്ഞപ്പോൾ വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു പാവക്കുട്ടിയെ അവർ പുറത്തേയ്ക്ക് കൊണ്ട് വന്നു. ഞാൻ അവളെ കയ്യിൽ വാങ്ങി… പിടിക്കാനൊന്നും അറിയുമായിരുന്നില്ല. അതുകൊണ്ട് അമ്മ കൂടി പിടിച്ചു. ഞാൻ അവളെ എന്റെ നെഞ്ചോരം ചേർത്ത് വച്ച് ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കി. വെള്ളാരം കല്ലുകൾ പോലുള്ള കുഞ്ഞി കണ്ണുകൾ മിഴിച്ചു അവൾ എന്നെത്തന്നെ നോക്കി…. റോസ് നിറമാണ്…. കുഞ്ഞി കൈകളും കാലുകളും ഒക്കെ പൊതിഞ്ഞു വച്ചിട്ടുണ്ട്. മുഖം മാത്രമേ കാണാനാകുന്നുള്ളു.

കുഞ്ഞു മൂക്കും… കുഞ്ഞി ചുവന്ന ചുണ്ടുകളും…ഒരു കുഞ്ഞു ബാർബി ഡോൾ… എന്റെ കുഞ്ഞാറ്റ… ഞാൻ മന്ത്രിച്ചു.. അവളുടെ നെറ്റിയിൽ ഒരു കുഞ്ഞു മുത്തം നൽകി. അവൾ അപ്പോഴും എന്നെത്തന്നെ മിഴിച്ചു നോക്കുകയായിരുന്നു. അപ്പു എന്റെ അടുത്തായി അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നുണ്ട്. അമ്മ മോളേ വാങ്ങി. “മോളേ എപ്പോഴാ റൂമിലേയ്ക്ക് മാറ്റുന്നത്? ” “കുറച്ചു കഴിഞ്ഞേ മാറ്റുള്ളു… ” “ഞങ്ങൾക്ക് കാണാൻ കഴിയുമോ? ”

“റൂമിലേയ്ക്ക് മാറ്റുമ്പോൾ കാണാം അമ്മേ… ” പറഞ്ഞിട്ട് അവർ കുഞ്ഞിനേയും വാങ്ങി അകത്തേയ്ക്ക് പോയി. പിന്നെയും രണ്ട് മണിക്കൂറിനു ശേഷമാണ് നിമ്മിയെ റൂമിലേയ്ക്ക് മാറ്റിയത്. മോളെ നിമ്മിയുടെ അരികിൽ കിടത്തിയിട്ടുണ്ട് .ഞാൻ അവൾക്കരികിലായി ഇരുന്നു… “മഹിയേട്ടാ… നമ്മുടെ മോള്.. നമ്മുടെ കുഞ്ഞാറ്റ… ” അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർ മുത്തുകൾ തിളങ്ങി. ഞാൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു … നിമ്മീ പുഞ്ചിരിയോടെ കണ്ണുകളടച്ചു…

💖💖💖💖💖💖 ഇന്ന് കുഞ്ഞാറ്റ ജനിച്ചിട്ട് 28 ദിവസമായി…  ഞങ്ങളുടെ പൊന്നിന്റെ നൂല് കെട്ട്… ഞങ്ങളുടെ വാവ ജനിച്ചിട്ടുള്ള ആദ്യത്തെ ആഘോഷം.. അധികം ആൾക്കാരെയൊന്നും ക്ഷണിച്ചില്ല.. മഹിയേട്ടന്റെ അടുത്ത കുറച്ചു ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രം…  അച്ഛനും അപ്പുവും കേശുവും.. ഫാദറും … ടീച്ചറമ്മയും ആനന്ദും ഒക്കെ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ ചുന്ദരി മുത്തിനെ രാവിലെ തന്നെ ചെറു ചൂട് വെള്ളത്തിൽ കുളിപ്പിച്ച് പുത്തൻ ഉടുപ്പൊക്കെ ഇടീച്ചു… .. കരി വച്ചു പുരികം വില്ല് പോലെ വളച്ചെഴുതി… നെറ്റിയിൽ മധ്യ ഭാഗത്തു നിന്നു മാറി ഒരു പൊട്ട് കുത്തി… കരി വച്ചു ഒരു ബ്യൂട്ടി സ്പോട്ടു കൂടി ഇട്ടു … കണ്ണ് തട്ടാതിരിക്കാനാ…

ഇപ്പൊ കണ്ടാൽ ശരിക്കും ഒരു പാവക്കുട്ടിയെ പോലെ ഉണ്ട്… മുറ്റത്ത് എത്തുമ്പോൾ നൂലുകെട്ടിനായി എല്ലാം ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു…. നില വിളക്കിനു മുന്നിലുള്ള കുഞ്ഞു പീഠത്തിൽ കുഞ്ഞാറ്റയെയും മടിയിൽ വച്ചു ഞാൻ ഇരുന്നു… ഒരു ചെറിയ താലത്തിൽ അരി വിതറിയിട്ടുണ്ട്… അതിന് മുകളിലായി കുഞ്ഞാറ്റയുടെ അരയിൽ കെട്ടാനുള്ള നൂലും സ്വർണത്തിലുള്ള അരഞ്ഞാണവും മാലയും തളയും വളയും കുറച്ചു കരിവളകളും എല്ലാം നിരത്തി വച്ചിട്ടുണ്ട്. അവളുടെ കുഞ്ഞിക്കാലുകൾ അരിയിലേയ്ക്ക് എടുത്തു വയ്ക്കാനുള്ള നിർദ്ദേശം മുത്തശ്ശിയിൽ നിന്നും കിട്ടി… അപ്പൊ തന്നെ മോള് ഉച്ചത്തിൽ കരയാനും തുടങ്ങി… എനിക്ക് വല്ലാതെ സങ്കടം വന്നു…

മഹിയേട്ടൻ നൂലെടുത്തു അവളുടെ അരയിലേയ്ക്ക് കെട്ടി… എല്ലാരുടെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു… കുഞ്ഞാറ്റക്കുട്ടി മാത്രം നിലവിളി… അവളുടെ മുഖമോക്കെ ആകെ ചുവന്നു… ഞാൻ അവളെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു… കരച്ചിൽ പെട്ടെന്ന് നിന്നു… അവൾ കൂടുതൽ എന്റെ നെഞ്ചിലേയ്ക്ക് പറ്റിച്ചേർന്നു… ഞാൻ അവളുടെ കുഞ്ഞിക്കവിളിൽ  ഒരു മുത്തം നൽകി. മുത്തശ്ശി മഹിയേട്ടന്റെ കയ്യിലായി ഒരു വെറ്റില നൽകി. വാവയുടെ പേരിടീൽ ചടങ്ങാണ്… മഹിയേട്ടൻ അവളുടെ വലതു ചെവിയിലായി വെറ്റില  ചേർത്തു വച്ചു പതിയെ പേര് വിളിച്ചു… മൂന്ന് വട്ടം… നിധി… നിധി… നിധി…. അതേ… ഞങ്ങളുടെ നിധി !!!!

ഈശ്വരൻ ഞങ്ങൾക്കായി കരുതി വച്ചിരുന്ന നിധി ! ഒരിക്കൽ നഷ്ടമാകും എന്ന് ഞങ്ങൾ കരുതിയ ഞങ്ങളുടെ നിധി !അവൾക്ക് ഇതിനേക്കാൾ  മറ്റെന്തു പേരാണ് അനുയോജ്യമാവുക ???? പിന്നെ മാലയും വളയും തളയും അങ്ങനെ ഓരോന്നായി അവളെ അണിയിച്ചു… എല്ലാരും എന്തൊക്കെയോ അവളുടെ കഴുത്തിലും കൈകളിലുമായി അണിയിച്ചു കൊടുത്തു… എന്റെ രാജകുമാരി പൊന്നിൽ കുളിച്ച് എന്റെ നെഞ്ചോരം ചേർന്ന് കിടന്നു… ,

💖💖💖💖💖💖 ഇന്ന് കുഞ്ഞാറ്റയുടെ വാക്‌സിനേഷൻ ആണ്… ഹോസ്പിറ്റലിൽ പോകണം. ഓർക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു. കുഞ്ഞിക്കാലിൽ ഇൻജെക്ഷൻ എടുക്കുമ്പോൾ അവൾക്ക് നോവില്ലേ? അവള് കരയില്ലേ?? ഓർക്കുമ്പോ തന്നെ എനിക്ക് കരച്ചില് വരുന്നു… ഇതിപ്പോ കുഞ്ഞാറ്റയ്‌ക്കാണോ എനിക്കാണോ വാക്‌സിനേഷൻ എന്ന് പറഞ്ഞ് മഹിയേട്ടൻ നല്ലോണം കളിയാക്കുന്നുമുണ്ട്. ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങിയപ്പോഴാണ് അപ്പു വന്നത്. അവനും ഞങ്ങളുടെ ഒപ്പം വന്നു. ഡോക്ടറിനെ കണ്ടു.. ഡോക്ടർ അഞ്ജന മഹാദേവൻ. നിയോനാറ്റോളജിസ്റ്….. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി ഡോക്ടർ… കണ്ടപ്പോൾ തന്നെ ആ ഡോക്ടർ എന്റെ ഏറ്റവും അടുത്ത ബന്ധുവോ സുഹൃത്തോ ഒക്കെ ആണെന്ന് തോന്നി…

ഡോക്ടർ കുഞ്ഞാറ്റയെ പരിശോധിച്ചു…. വേറെ കുഴപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ വാക്‌സിൻ എടുക്കാനായി നഴ്സസ് റൂമിലേയ്ക്ക് പോയി…. സിറിഞ്ചിലൂടെ മരുന്ന് എന്റെ കുഞ്ഞിന്റെ ശരീരത്തിൽ കയറിയപ്പോൾ അവൾ വാവിട്ടു കരഞ്ഞു. എന്റെ കണ്ണുകളും നിറഞ്ഞു… നിറ കണ്ണുകളോടെ ഞാൻ നോക്കിയത് മഹിയേട്ടനെയാണ്‌… ആള് എനിക്ക് മുന്നേ കരയാൻ തുടങ്ങിയെന്നു ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. അതിന്റെ പേരിൽ അപ്പു മഹിയേട്ടനെ കളിയാക്കുന്നുമുണ്ട്. ഞാൻ കുഞ്ഞാറ്റയെ നെഞ്ചോട് ചേർത്തു പിടിച്ചു… അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു വന്നു. എന്റെ നെഞ്ചോട് ചേർന്ന് കണ്ണുകളടച്ചു അവൾ കിടന്നു. op കഴിഞ്ഞ് നഴ്സിനോട് എന്തോ സംസാരിക്കാനായി  ഡോക്ടർ വന്നു…

കുഞ്ഞാറ്റ കരയുന്നത് കണ്ടു എന്റെ അടുത്തേയ്ക്ക് വന്നു… കുഞ്ഞാറ്റയുടെ കയ്യൊക്കെ പിടിച്ചു വച്ചു കളിപ്പിച്ചു… ഞാൻ ഡോക്ടറിനെ തന്നെ നോക്കി… ഒരുപാട് നാളായി പരിചയമുള്ള ഒരാളോടുള്ളത് പോലെ എനിക്ക് ഡോക്ടറിനോട് വല്ലാത്ത അടുപ്പം തോന്നി… ഡോക്ടർ നഴ്സിനടുത്തേയ്ക്ക് പോയപ്പോൾ ഞാൻ മഹിയെട്ടനോടായി പറഞ്ഞു… “മഹിയേട്ടാ… നല്ല ഡോക്ടർ അല്ലേ?  എനിക്ക് എന്തോ വല്ലാത്ത അടുപ്പം തോന്നുന്നു… ആദ്യമായാണ് കാണുന്നതെങ്കിലും നല്ല പരിചയം ഉള്ളത് പോലെ… ” “മ്മ്… അത് ചേച്ചിക്ക് മാത്രമല്ല.. അനിയനും തോന്നുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്… ദേ അങ്ങോട്ട് നോക്ക്… ” മഹിയേട്ടൻ അപ്പൂനെ ചൂണ്ടി കാണിച്ചു പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ അപ്പു ആ ഡോക്ടറിനെ തന്നെ നോക്കി നിൽപ്പാണ്… “നമ്മുടെ അപ്പുക്കുട്ടന്റെ ജാതകം എഴുതിയെന്നല്ലേ അച്ഛൻ പറഞ്ഞത്?? ” “മ്മ്.. അതേ… എന്താ ഇപ്പൊ ചോദിക്കാൻ? ” “അല്ല,  അവന്റെ ജന്മപക്ഷി മയിലാണെന്നു ഇടയ്ക്കെപ്പോഴോ അച്ഛൻ പറയുന്ന കേട്ടു… പക്ഷെ കോഴി ആണെന്നാണ് എനിക്ക് തോന്നുന്നത്… ” മഹിയേട്ടൻ അപ്പൂനെ നോക്കി ചിരിക്കുന്നു… “ദേ.. മഹിയേട്ടാ… എന്റെ അപ്പു വായിനോക്കിയൊന്നും അല്ല.. അവനു ചിലപ്പോ ഡോക്ടറിനെ അറിയുമായിരിക്കും… ഞാൻ ചോദിക്കട്ടെ… ” ഞാൻ കുഞ്ഞാറ്റയെ മഹിയെട്ടന്റെ കയ്യിൽ കൊടുത്ത് അപ്പുവിനടുത്തെത്തി..

“മോനേ… മോനേ അപ്പൂ…” എവിടെ??? ആര് കേൾക്കാൻ??? അവിടെ നോട്ടത്തോട് നോട്ടം… ഈശ്വരാ.. ഇതെങ്ങാനും ആ കൊച്ചോ നഴ്‌സോ കണ്ടാൽ ഇവൻ ഒരു വായിനോക്കി ആണെന്നല്ലേ കരുതുള്ളു??? ഞാൻ കൈ അവന്റെ മുഖത്തിന്‌ സമാന്തരമായി പിടിച്ച് മുകളിലേയ്ക്കും താഴേയ്ക്കും വീശി… “അപ്പൂസേ… ” ഇത്തവണ ആള് സ്വപ്ന ലോകത്തു നിന്നും തിരികെ വന്നു… “അത് പിന്നെ ഇച്ചേയി ഞാൻ ആ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നി.. അതാ നോക്കിയത്… ” “അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ??? ” അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു… ഞങ്ങൾ കുഞ്ഞാറ്റയുമായി തിരികെ വീട്ടിൽ എത്തി…

തുടരും

അനാഥ : ഭാഗം 27