Friday, November 15, 2024
Novel

അലീന : ഭാഗം 12- അവസാനിച്ചു

എഴുത്തുകാരി: സജി തൈപ്പറമ്പ്

കേട്ടോ മറിയാമ്മച്ചീ … ലക്ഷണം കണ്ടിട്ട്, ഇത് ആൺ കുട്ടിയാണെന്നാണ് എനിക്ക് തോന്നുന്നത് ,എൻ്റെ മൂത്ത മോൾക്കും ,അലീനക്കുഞ്ഞിൻ്റെ പോലത്തെ ചെറിയ വയറായിരുന്നു എന്നാലും കല്യാണി ,അലീനയ്ക്കിത് ഏഴാം മാസമല്ലേ? വയറിന് വലിപ്പമില്ലാത്തത് കൊണ്ട് കൊച്ചിന് തൂക്കക്കുറവ് വല്ലതുമുണ്ടാകുമോന്നാ എൻ്റെ പേടി അങ്ങനൊന്നുമുണ്ടാവില്ല , മറിയാമ്മച്ചി ധൈര്യമായിട്ടിരിക്ക്, മാളിയേക്കലെ സിബിച്ചൻ്റെ ആരോഗ്യവും, അലീനക്കുഞ്ഞിൻ്റെ സൗന്ദര്യവുമുള്ള ഒരു രാജകുമാരനായിരിക്കും വരാൻ പോകുന്നത് ,നോക്കിക്കോ?

മറിയാമ്മയുടെ കാലിൽ കുഴമ്പ് തേച്ച് തടവികൊടുക്കുന്നതിനിടയിൽ കല്യാണി ഉറപ്പിച്ച് പറഞ്ഞു. അലീന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ സിബിച്ചൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതിൻ്റെ ഭാഗമായി, അവൾക്ക് പൂർണ്ണ വിശ്രമം കൊടുത്തത് കൊണ്ട് ,അടുക്കള ജോലിക്ക് വീണ്ടും കല്യാണിയെ നിയമിച്ചു അലീനയുടെ പിന്മാറ്റം ചേട്ടത്തിമാരിൽ മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും, സ്കറിയാ മാഷിൻ്റെയും മറിയാമ്മയുടെയും പിന്തുണ കൂടി അവൾക്കുണ്ടെന്നറിഞ്ഞപ്പോൾ റെയ്ച്ചലും സൂസിയും , തത്ക്കാലം പത്തി മടക്കിയെങ്കിലും ,അലീന റെസ്റ്റ് എടുത്ത് തുടങ്ങിയതോടെ ചേട്ടത്തിമാരുടെ ജോലി ഭാരം വർദ്ധിച്ചു.

അവളെ കല്യാണം കഴിച്ച് കൊണ്ട് വന്നതിന് ശേഷം അടുക്കള ജോലി കൂടാതെ കുട്ടികളുടെ കാര്യങ്ങളും കൂടി അവള് നോക്കിയിരുന്നത് കൊണ്ട് സൂസിക്കും, റെയ്ച്ചയിലും ബുദ്ധിമുട്ടില്ലാതെ കൃത്യസമയത്ത് തന്നെ ഓഫീസിൽ പോകാൻ കഴിയുമായിരുന്നു ഇപ്പോഴാണ് അലീനയുടെ കുറവ് അവർക്ക് ശരിക്കും മനസ്സിലായത് ഒരു പോം വഴിക്കായ് അവർ സ്കറിയാ മാഷിനെ സമീപിച്ചു. ഡാഡീ .. ഡാഡിക്കറിയാമല്ലോ ഞങ്ങളും ഗർഭിണിയായിട്ട് ആദ്യത്തെ മൂന്നാല് മാസങ്ങൾ മാത്രമാണ് റെസ്റ്റെടുത്തത് ,അത് കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ അടുക്കള ജോലിയുൾപ്പെടെ മറ്റെല്ലാ ജോലികളും ചെയ്യുമായിരുന്നു ഇപ്പോൾ അലീനയ്ക്ക് ആറ് മാസം കഴിഞ്ഞില്ലേ?

ഇനി ശരീരമിളകി എന്തെങ്കിലും ജോലി ചെയ്യാതിരുന്നാൽ പ്രസവ സമയത്ത് വലിയ ബുദ്ധിമുട്ടായിരിക്കും സിബിച്ച നോടിക്കാര്യം നേരിട്ട് പറഞ്ഞാൽ ഞങ്ങളോടവൻ തട്ടിക്കയറും അത് കൊണ്ട് ഡാഡി അവനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ഹ ഹ ഹ ,കാള വാല് പൊക്കുന്നത് മൂത്രമൊഴിക്കാനാണെന്ന് എല്ലാവർക്കുമറിയാം ,അലീന, റെസ്റ്റെടുക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾക്കിപ്പോൾ ജോലി ഭാരം കൂടിയല്ലേ? അതല്ലേ നിങ്ങളിങ്ങനെ കറങ്ങി മൂക്കിൽ തൊടാൻ നോക്കുന്നത് അതല്ല ഡാഡി ,അലീനയുടെ സഹായം കൂടിയുണ്ടെങ്കിൽ ഞങ്ങൾക്ക് സമയത്ത് ഓഫീസിൽ പോകാമായിരുന്നു ,

വേറൊന്നും വേണ്ട കുട്ടികളുടെ കാര്യങ്ങളെങ്കിലും നോക്കി അവരെ സ്കൂളിലേക്ക് ഒരുക്കി വിട്ടാൽ മതിയായിരുന്നു ,അവൾക്ക് ഞങ്ങളെപ്പോലെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ? അപ്പോൾ അതാണ് കാര്യം എങ്കിൽ ഞാനവളെ വിളിച്ച് ഇപ്പോൾ തന്നെ പറയാം മോളേ അലീനേ… ഇങ്ങോട്ടൊന്ന് വന്നേ .. എന്താ ഡാഡി? മോളെ, ദേ ഇവര് പറയുന്നത് ,നിനക്ക് ജോലിയൊന്നുമില്ലാത്തത് കൊണ്ട് ഇനി മുതൽ നീ ഇവരുടെ കുട്ടികളുടെ കാര്യമെങ്കിലും നോക്കണമെന്നാണ് , എന്നാലേ ജോലിയുള്ള അവർക്ക് രണ്ട് പേർക്കും കൃത്യസമയത്ത് ജോലിക്ക് പോകാൻ കഴിയൂന്ന്,

മോളെന്ത് പറയുന്നു അവര് പറയുന്നത് ഇത് വരെയുള്ള കാര്യമല്ലേ ഡാഡി, പക്ഷേ നാളെ മുതൽ ഞാനും ഇവരെ പോലെ ഓഫീസിൽ പോകാൻ തുടങ്ങുവല്ലേ? ങ്ഹാ … അങ്ങനെ പറഞ്ഞ് കൊടുക്ക് മോളേ …, കേട്ടോ സൂസീ ,റെയ്ച്ചലേ ..? രണ്ട് പേരും കേൾക്കാൻ വേണ്ടി പറയുവാ , കുറച്ച് മുമ്പ് അലീനയുടെ വീട്ടിൽ നിന്നൊരു ഫോൺ കോൾ വന്നിരുന്നു ,അവൾക്ക് റവന്യൂ ഡിപ്പാർട്ട്മെൻറിൽ എൽ ഡി ക്ളർക്കായി ജോയിൻ ചെയ്യാനുള്ള അപ്പായിൻ്റ്മെൻറ് ഓർഡർ വന്നിട്ടുണ്ടെന്ന്, കല്യാണത്തിന് മുമ്പെങ്ങാണ്ട് എഴുതിയ ടെസ്റ്റാണ് ,അതിൻ്റെ നിയമനങ്ങൾ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം ,പിന്നെ ,ഈയവസ്ഥയിൽ അവളെ ജോലിക്ക് വിടുന്നതിനോട് ആദ്യം എനിക്ക് വലിയ താത്പര്യമില്ലായിരുന്നു,

പിന്നീട് ഞാനോർത്തു ,അവളൊരുപാട് കഷ്ടപ്പെട്ട് എഴുതി കിട്ടിയൊരു ജോലിയല്ലേ? സ്വന്തമായി ഒരു വരുമാനമുണ്ടാകുക എന്ന് പറയുന്നത്, ഏതാരു സ്ത്രീക്കും സ്വന്തം കാലിൽ നില്ക്കാനുള്ള കരുത്ത് നല്കും, മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും വേണ്ടി തല കുനിക്കേണ്ടി വരില്ല, ആരും ഒരിക്കലുമവളെ അടുക്കളക്കാരിയായി തരംതാഴ്ത്തുകയുമില്ല, അത് കൊണ്ട് ഞാൻ പറഞ്ഞു മോളെന്തായാലും നാളെ തന്നെ പോയി ജോയിൻ ചെയ്തോളാൻ ഇപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ, നാളെ മുതൽ കുറച്ച് നേരത്തെ എഴുന്നേറ്റ് ശീലിച്ചാൽ മക്കളുടെ കാര്യവും നോക്കി സമയത്ത് ഓഫീസിൽ പോകാൻ പറ്റും ,ഇനിയിപ്പോൾ അതേ ഉള്ളു ഒരു മാർഗ്ഗം അല്ല ഡാഡീ…

ഇനി അവളുടെ പ്രസവത്തിന് മൂന്ന് മാസം തികച്ചില്ല ഈ സാഹചര്യത്തിൽ അവളെങ്ങനെ ജോലിക്ക് പോകും അതിനെന്താ നാളെപോയി ജോയിൻ ചെയ്താൽ , രണ്ട് മാസം അവൾക്കെന്തായാലും ജോലിക്ക് പോകാൻ പറ്റും ,അത് കഴിഞ്ഞിട്ട് ആറ് മാസം പ്രസവാവധിയുണ്ടല്ലോ ,ബാക്കി കാര്യങ്ങൾ നമുക്ക് അന്നേരം ആലോചിക്കാം ,ഇപ്പോൾ എല്ലാവരുടെയും പരാതി തീർന്നല്ലോ ?ഇനി എല്ലാവരും പോയി അവരവരുടെ ജോലി നോക്കിക്കോ ചെല്ല് മരുമക്കളുടെ പരാതികൾക്ക് സ്കറിയാ മാഷ് ,വളരെ ലാഘവത്തോടെയാണ് പരിഹാരം കണ്ടത് .

###############$$$$$$### അങ്ങനെ ഇനിമുതൽ എനിക്കും എല്ലാ മാസവും ശബ്ബളം കിട്ടും അല്ലേ സിബിച്ചാ… രാത്രിയിൽ അവനെ പറ്റിച്ചേർന്ന് കിടക്കുമ്പോൾ, അലീന സന്തോഷത്തോടെ പറഞ്ഞു. ഉം എല്ലാം നമ്മുടെ മോൻ്റെ ഭാഗ്യം ങ്ഹേ? അപ്പോഴേക്കും മോൻ തന്നെയാണെന്നങ്ങ് ഉറപ്പിച്ചോ? ആയിരിക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നു അങ്ങനെയാണെങ്കിൽ, സ്കറിയാ മാഷിൻ്റെ ചെറുമക്കളിൽ ആദ്യത്തെ ആൺതരിയായിരിക്കുമത്, അവനിവിടെ രാജകുമാരനെ പോലെ വാഴും ഉം ശരിയാ അല്ലേ സിബിച്ചാ… ഞാനത് ഇപ്പോഴാ ചിന്തിച്ചത് അതിരിക്കട്ടെ ശബ്ബളം കിട്ടിയാൽ നീയത് എന്ത് ചെയ്യാനാ പ്ളാൻ?

ഞാനെന്ത് ചെയ്യാനാ ,കിട്ടുന്നതെത്രയാണെങ്കിലും അത് മുഴുവൻ സിബിച്ചൻ്റെ കയ്യിലേക്ക് തരും അത് വേണ്ട അലീന .. നിന്നെ കഷ്ടപ്പെട്ട് വളർത്തി ഇത്രയൊക്കെ പഠിപ്പിച്ച നിൻ്റെ മാതാപിതാക്കളാണ് ശരിക്കും അതിന് അർഹതപ്പെട്ടവർ ,മാളിയേക്കൽ സിബിച്ചന് ദൈവം അനുഗ്രഹിച്ച് ഇഷ്ടം പോലെ വരുമാനമുണ്ട്, അത് കൊണ്ട് നിനക്ക് കിട്ടുന്ന ശബ്ബളം മുഴുവനായി നീ അമ്മയെ ഏല്പിക്കണമെന്നാണ് എൻ്റെ അഭിപ്രായം,നിനക്കാവശ്യമുള്ളതൊക്കെ വാങ്ങിത്തരാൻ ഞാനുണ്ടല്ലോ? പക്ഷേ നിൻ്റെ വീട്ടിൽ അച്ഛൻ്റെ പെൻഷൻ കൊണ്ട് മാത്രം ഒന്നുമാവില്ല ഒഹ് എൻ്റെ സിബിച്ചാ … ഇത് ഞാൻ അങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നു ഉം നിൻ്റെ മനസ്സ് എനിക്കറിയാം പെണ്ണേ ..

അയാൾ അവളെ ആശ്ളേഷിച്ചു. ദിവസങ്ങൾ കടന്ന് പോയി ,അലീനയ്ക്ക് ഡോക്ടർ പറഞ്ഞത് പ്രകാരം പിറ്റേന്നാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാകേണ്ടത്, പക്ഷേ രാത്രിയായപ്പോൾ അവൾക്ക് പെയിൻ തുടങ്ങി വേദന കലശലായപ്പോൾ, സിബിച്ചൻ വേഗം കാറിറക്കി സ്കറിയാ മാഷിനെ കൂടാതെ ഹോസ്പിറ്റലിലേക്ക് പോകാൻ റെയ്ച്ചലും സൂസിയുമുണ്ടായിരുന്നു. അവിടെ ചെന്നയുടനെ അലീനയെ ലേബർ റൂമിലേക്ക് കയറ്റി മണിക്കൂറുകൾക്ക് ശേഷം ലേബർ റൂമിനുള്ളിൽ നിന്നും ആ സന്തോഷ വാർത്ത പുറത്ത് വന്നു.

അലീനയ്ക്ക് ആൺകുട്ടിയാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് കൊണ്ട് വന്ന പഞ്ഞിക്കെട്ട് പോലെയിരിക്കുന്ന ചോരക്കുഞ്ഞിനെയെടുക്കാൻ എല്ലാവരും മത്സരിച്ച് മുന്നോട്ട് വന്നു ,മാളിയേക്കൽ തറവാട്ടിലെ ആദ്യ ആൺതരിയെ അവിടെ കൂടിയവരെല്ലാം കൗതുകത്തോടെ നോക്കി നിന്നു. എൻ്റെയും, എൻ്റെ ആൺമക്കളുടെയുമൊക്കെ കാലം കഴിയുമ്പോൾ, മാളിയേക്കൽ തറവാടിൻ്റെ പാരമ്പര്യം നിലനിർത്താൻ, ഇനി എൻ്റെ സിബിച്ചൻ്റെ, രാജകുമാരനുണ്ടാവും, ഇവനെ ഞാൻ സിയോണെന്ന് പേരിട്ട് വിളിക്കുവാ സ്കറിയാമാഷ് അഭിമാനത്തോടെയും ഏറെ സന്തോഷത്തോടെയും പറഞ്ഞു.

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ, സിയോണിൻ്റെ ചുറ്റിനും, ഡേവിസിൻ്റെയും ,ബിനോയിയുടെയും പെൺമക്കളായ അഞ്ച് രാജകുമാരികൾ വട്ടമിട്ട് പറന്നു. എല്ലാം കണ്ടും കേട്ടും സിയോൺ വളർന്നു അവന് മൂന്ന് വയസ്സായപ്പോഴും പതിവ് പോലെ, ആർഭാടമായിത്തന്നെയാണ് ബർത്ത് ഡേ ആഘോഷിച്ചത് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് കുഞ്ഞ് സിയോൺ ഉറക്കമായപ്പോൾ സിബിച്ചൻ അലീനയെ ചുറ്റിപ്പിടിച്ചു. എന്തിനുള്ള പുറപ്പാടാ ,മോൻ ഇന്നലത്തെ പോലെ ഇടയ്ക്ക് ചിലപ്പോൾ ഉണരും ഹേയ്, ഇന്നവന് നല്ല ക്ഷീണമുണ്ട് ഇനിയവൻ രാവിലെയെ ഉണരാൻ സാധ്യതയുള്ളു ,പിന്നെ, അവന് വയസ്സ് മൂന്നായി കെട്ടോ ഇനി നമുക്കൊരു മോളെ കുറിച്ച് ആലോചിച്ച് കൂടെ ഒരു കള്ളച്ചിരിയോടെ സിബിച്ചൻ ചോദിച്ചു.

ഇല്ല സിബിച്ചാ.. ഒരു കടം കൂടി എനിക്ക് ബാക്കിയുണ്ട് ,അത് കൂടി തീർത്താലേ എനിക്കിനി സമാധാനമുള്ളു, അതിന് സിബിച്ചൻ്റെ സമ്മതം എനിക്ക് വേണം എന്താ നീ ഉദ്ദേശിക്കുന്നത്? നമുക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളുo തന്നില്ലേ സിബിച്ചാ… പക്ഷേ നാലഞ്ച് വർഷങ്ങളായി എൻ്റെ സമ്മതം കിട്ടാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരാളുണ്ട് എൻ്റെ ആൻസി, സ്വന്തം ചോരയിൽ പിറക്കുന്ന കുഞ്ഞിനെ വളർത്താൻ വാടകയ്ക്ക് ചേച്ചിയുടെ ഗർഭപാത്രത്തിന് വേണ്ടി വർഷങ്ങളായി തപസ്സിരിക്കുന്ന അവളെ ഇനിയും സങ്കടപ്പെടുത്താൻ എനിക്ക് കഴിയില്ല സിബിച്ചാ.. എന്നെ ഒന്നനുവദിക്കു , നീ ധൈര്യമായി പറഞ്ഞോ അലീനേ ..

നിനക്ക് സമ്മതമാണെന്ന് ,ദൈവം നമുക്ക് തന്ന സൗകര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്തണമെന്നാണ് ,ഡാഡി ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ,നമുക്ക് മകള് കുറച്ച് കഴിഞ്ഞിട്ടായാലും മതി, ആദ്യംആൻസിയുടെ കാര്യം നടക്കട്ടെ അങ്ങനെ, ഒരു പാട് പേർക്ക് താങ്ങും തണലുമേകുന്ന, നന്മ മരങ്ങളായി,അലീനയും സിബിച്ചനും ,നാടാകെ പടർന്ന് പന്തലിച്ചു.

കഥ ഇവിടെ പൂർണ്ണമാകുന്നു. കഴിഞ്ഞ ഓരോ പാർട്ടിലും എന്നെ പിന്തുണച്ച്, പോസിറ്റീവ് എനർജി നല്കി ,എന്നോടൊപ്പം ഈ പന്ത്രണ്ട് ദിവസവും ഉണ്ടായിരുന്ന, എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും, എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു ,നിങ്ങളുടെ സ്വന്തം സജി തൈപ്പറമ്പ്.

അലീന : ഭാഗം 1

അലീന : ഭാഗം 2

അലീന : ഭാഗം 3

അലീന : ഭാഗം 4

അലീന : ഭാഗം 5

അലീന : ഭാഗം 6

അലീന : ഭാഗം 7

അലീന : ഭാഗം 8

അലീന : ഭാഗം 9

അലീന : ഭാഗം 10

അലീന : ഭാഗം 11