Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 7

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഏട്ടൻ !

. എന്താ നീ പറഞ്ഞെ… ആരുടെ ഏട്ടൻ..? ശാരി എന്നെ അത്ഭുതത്തോടെ നോക്കി.

അയാൾ പറഞ്ഞതാ ശാരിമോളെ… ഏട്ടൻ ആണെന്ന്.

ആരുടെ.?

ആർക്കറിയാം… വാ നമുക്ക് പോകാം. അയാളായി അയാള്ടെ പാടായി.

എടാ അങ്ങനെ പോയാൽ എങ്ങനെയാ… നമുക്ക് അറിയണ്ടേ അത് ആരാണെന്ന്?

എന്തിനു… അയാൾ ആരായാലും നമുക്ക് എന്താ .

അതല്ല നന്ദു… ഇങ്ങനെ ഒരാൾ വന്നു ചുമ്മാ ഓരോന്ന് ചോദിച്ചു പോവാന്ന് വച്ചാൽ… ഇനി അയാൾക് അഖിലൻ സാറുമായി ന്തേലും ബന്ധം ഉണ്ടെങ്കിലോ.

സാറിനെയെ ഞാൻ വേണ്ടന്ന് വച്ചു… പിന്നെ എന്തിനാ…

ചിരിച്ചു കൊണ്ടാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും ഒടുവിൽ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു. അത് മനസിലാക്കിയിട്ട് ആവണം ശാരി എന്നെയും കൂട്ട് ക്ലാസ്സിലേക്ക് നടന്നു.

ഇങ്ങനെ ഉഴപ്പി നടന്നാൽ ശെരിയാവില്ല.. ഇനി ക്ലാസ്സ്‌ ഒന്നും കട്ട് ചെയ്യരുത്.. കേട്ടല്ലോ.

ഓഹ്… ഉത്തരവ് മേഡം.. അടിയൻ അനുസരിച്ചോളാമേ.

കൈ കൂപ്പി തൊഴുതു കൊണ്ടുള്ള എന്റെ പറച്ചിൽ കേട്ട് അവളെന്നെ അടയ്ക്കാനായി പിന്നാലെ വന്നു. ഓടി ക്ലാസ്സിൽ കയറിയ ഞാൻ പെട്ടന്ന് തറഞ്ഞു നിന്ന് പോയി. ക്ലാസ്സിൽ അഖിലൻ സാർ. നിൽക്കാനും പോകാനും വയ്യാത്ത അവസ്ഥയിൽ ആയി ഞാൻ.

സർ… ഞാൻ.. കയറിക്കോട്ടെ..

മറുപടി ഒന്നും പറയാതെ കയ്യിലുള്ള ബുക്കിലേക്ക് നോക്കി നില്ക്കുകയാണ് സാർ.
കുറച്ചു നേരം നിന്ന ശേഷം ഞാൻ ബെഞ്ചിൽ പോയി ഇരുന്നു.

സാറിന്റെ പാട്ട് സൂപ്പർ ആയിരുന്നു.
ബോയ്സ്ന്റെ സൈഡിൽ നിന്ന് ആരോ പറഞ്ഞപ്പോൾ അയാൾ ഒരു ഭാവഭേദവും കൂടാതെ ഒരു നന്ദി പറഞ്ഞു.

നന്ദി പറയുമ്പോൾ അറ്റ്ലീസ്റ്റ് ഒന്ന് ചിരിക്കുകയെങ്കിലും ചെയ്‌തുടെ ഇയാൾക്കു..
ഞാൻ മനസിൽ വിചാരിച്ചു.

ആരെങ്കിലും ഒരു ടെക്സ്റ്റ്‌ തന്നെ..

ഓഹ്… അപ്പൊ അത് കൂടി എടുക്കാതെ ആണോ പഠിപ്പിക്കാൻ വന്നേക്കുന്നെ..?

പെട്ടന്ന് ആണ് അയാൾ എന്റെ അടുത്തേക് വന്നത്. സാർ എന്റെ അടുത്ത് വന്നതും എന്റെ നെഞ്ചിടിപ്പ് കൂടി. എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അയാൾ എന്റെ ടെക്സ്റ്റ്‌ എടുത്തു കൊണ്ട് പോയി.

ഈശ്വരാ… ഇന്നത്തോടെ എന്റെ കാര്യം കഴിഞ്ഞു.
ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു.

സാർ…

അയാൾ എന്നെ എന്താണെന്നുള്ള ഭാവത്തിൽ നോക്കി.

എന്റെ ടെക്സ്റ്റ്‌…

സാർ എന്നോട് അവിടെ ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു ടെക്സ്റ്റ്‌ മറിക്കാൻ തുടങ്ങി. പെട്ടന്ന് സാറിന്റെ ഭാവം മാറുന്നത് കണ്ട ഞാൻ തല കുനിച്ചിരുന്നു.
അയാൾ ഇപ്പോൾ എന്നെ കടിച്ചു കീറുമെന്നു എനിക്ക് തോന്നി.. പക്ഷേ പ്രതീക്ഷക്ക് വിപരീതമായി പഠിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ അത്ഭുതപെട്ടു.

ഡ്രാക്കുളയുടെ പടത്തിന് ചുവട്ടിൽ അയാളുടെ പേരെഴുതിയിരിക്കുന്നത് അയാൾ കണ്ടു കാണില്ലേ… എനിക്ക് സംശയമായി.
ഇനിപ്പോ ആരെയും അറിയിക്കാതെ ഒറ്റക് പൊരിക്കാൻ ആയിരിക്കോ…ഈശ്വരാ…. കാത്തോണേ.

ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങാൻ നേരം സാർ ഒന്നും പറയാതെ പോയപ്പോഴാണ് എനിക്ക് ആശ്വാസമായതു. ഭാഗ്യം… രക്ഷപെട്ടു.
ഓടി ചെന്നു ഞാൻ ടെക്സ്റ്റ്‌ എടുത്തു നോക്കി. അതിലെ ആദ്യത്തെ പേജ് നഷ്ടപെട്ടിരുന്നു. അയാളാവും കീറിയത്.. അല്ലെങ്കിലും അത് കീറി കളയാൻ ഇരുന്നത് ആണ്. അതിപ്പോ ആര് ചെയ്താൽ എന്താ. ബാഗുമെടുതു പുറത്തു ഇറങ്ങുമ്പോഴേക്കും ശാരി എന്റെ അരികിലേക്ക് വന്നു.

എന്താ .. ഭയങ്കര സന്തോഷത്തിൽ ആണല്ലോ.?

അതേടാ… അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു.

എന്താടി പെണ്ണെ… കാര്യം പറ.

ഗ്രീൻ സിഗ്നൽ കിട്ടി മോളെ…. അവൾ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു.

എപ്പോ .?

കുറച്ചു മുൻപ് വന്നു പറഞ്ഞു.

അവൾ കുറേ നാളായി ഒരുത്തന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. ആ പ്രേമം പൂത്തുലഞ്ഞ സന്തോഷത്തിൽ ആണ് കക്ഷി.

കൊള്ളാലോ ..അപ്പോൾ ചിലവ് ഉണ്ട്.

അതിനെന്താ.. ഇപ്പോൾ തന്നെ ചെയ്യാം.
നമുക്ക് ഉദയയിൽ പോവാം.
ഞങ്ങളുടെ ഇഷ്ട ബേക്കറി ആണ് ഉദയ.

ഓക്കേ.. ഡൺ .

ഞാൻ വിപിനെ കൂടി വിളിക്കാം.നിനക്ക് പരിചയപെടാലോ. ശാരി ഒരു കള്ള ചിരിയോടെ പറഞ്ഞു

ഉവ്വ മോളെ…. എന്റെ പേരും പറഞ്ഞു സൊള്ളാൻ അല്ലെ. വിളിക്ക്.. വിളിക്ക്.
അധികം വൈകാതെ വിപിനും ബേക്കറിയിലേക്ക് വന്നു.

ഞാൻ സ്വയം പരിചയപെടുത്തി.

അറിയാം.. താൻ കോളേജിൽ ഫേമസ് അല്ലെ.. ഡ്രാക്കുളക്ക് പിന്നാലെ നടക്കുന്ന കാര്യം ഒക്കെ എല്ലാവർക്കും അറിയാം.

വിപിൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.

ശാരി മോളെ… ഞാൻ കുട എടുത്തില്ല.. ഇപ്പോൾ വരാം..
ഞാൻ പെട്ടന്ന് അവിടെ നിന്നിറങ്ങി പോന്നു. സത്യത്തിൽ കുട എന്റെ ബാഗിൽ തന്നെ ഉണ്ടായിരുന്നു. മുകളിലെ സെക്ഷനിൽ ആയിരുന്നു ഞങ്ങൾ ഇരുന്നത്. താഴെ ഇറങ്ങി വന്നപ്പോഴാണ് ഞാൻ അയാളെ കാണുന്നത്.
ആ പാലക്കാട്ടുകാരൻ ഏട്ടനെ.

തിരക്ക് ഇല്ലെങ്കിൽ കുറച്ചു നേരം ഇരുന്നിട്ട് പോടോ .

എന്നെ കണ്ടതും ചിരിയോടെ അയാൾ ക്ഷണിച്ചു. ഞാൻ അത് വകവെക്കാതെ പുറത്തേക്കു ഇറങ്ങി അടുത്തുള്ള ബുക്ക്‌ഷോപ്പിന് മുൻപിൽ വന്നു നിന്നു.ഒപ്പം അയാളും.

ഒരാൾ വിളിക്കുമ്പോൾ ഇങ്ങനെ ഇറങ്ങി പോരുകയാണോ ചെയ്യുന്നത്.. ഇതൊക്കെ മോശം സ്വഭാവം അല്ലെ നന്ദു.

താൻ ആരാ… താനെന്തിനാ എന്റെ പിന്നാലെ നടക്കുന്നത്…

അല്പം ദേഷ്യത്തോടെ തന്നെയാണ് ചോദിച്ചത്.

ഞാൻ പറഞ്ഞല്ലോ ഏട്ടൻ ആണെന്ന്.
അയാൾ ഒരു ചിരിയോടെ പറഞ്ഞു.

ആരുടെ ഏട്ടൻ… എനിക്ക് ഇങ്ങനെ ഒരേട്ടൻ ഇല്ല.

വേണ്ട . പക്ഷേ എനിക്ക് ഇങ്ങനെ ഒരു അനിയത്തി കുട്ടി ഉണ്ട്.. നിന്നെ പോലെ വാശിക്കാരി… കുറുമ്പി…അഖിലനെ ജീവനായിരുന്നു അവൾക്കും.
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്നിട്ട്….
ഞാൻ അറിയാതെ ചോദിച്ചു പോയി.

എന്ത്..? അയാൾ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.

അനിയത്തിയുടെ കാര്യം പറഞ്ഞില്ലേ .. ആ കുട്ടി ഇപ്പോൾ എവിടെയാ..

പറയാം… സമയം ഉണ്ടല്ലോ. ഇപ്പോൾ വീട് പറ്റാൻ നോക്ക്. മഴ വരുന്നു.
എന്നെ നോക്കി ഒന്ന് ചിരിചിട്ട് അയാൾ ബൈക്കുമെടുത്ത് പോയി.

ഛേ…. ഇത്തവണയും പേര് ചോദിക്കാൻ വിട്ടു.
എനിക്ക് നിരാശ തോന്നി. ഒപ്പം അയാളെ കുറിച്ച് കൂടുതൽ അറിയണമെന്നും.

അന്ന് മുഴുവൻ അയാൾ ആയിരുന്നു മനസിൽ. ശാരി ആണേൽ വന്നപ്പോൾ മുതൽ വിപിന്റെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.എനിക്ക് അയാളെ കുറിച്ച് അവളോട് പറയാൻ ഒരവസരം കിട്ടിയില്ല. ഒടുക്കം ദേഷ്യം വന്നപ്പോൾ ഞാൻ അവളോട്‌ പൊട്ടിത്തെറിച്ചു.

ഇവിടെ ഒരാൾ ടെൻഷൻ അടിച്ചു ചാവാറായി… അപ്പോഴാ അവള്ടെ ഒരു വിപിൻ പുരാണം. ഒന്ന് നിർത്തോ..

ആദ്യം ഒന്ന് പകച്ചു പോയെങ്കിലും ശാരി എന്റെ അരികിൽ വന്നിരുന്നു.

സോറി… എന്റെ നന്ദൂട്ടൻ പറ എന്താ നിന്റെ പ്രശ്നം.

കുന്തം.. ഒരു വിപിനെ കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ട അല്ലെ.

നീ എന്റെ മുത്തല്ലേ മോളെ… പറ…എന്താ എന്റെ കുട്ടിക്ക്..

ഞാൻ അവളോട് എല്ലാം വിശദമായി പറഞ്ഞു.

ഇത്രയൊക്കെ നടന്നോ… ഞാൻ അറിഞ്ഞില്ലല്ലോ. അവൾ അത്ഭുതത്തോടെ പറഞ്ഞു.

അതെങ്ങനെയാ .. മനസ് മുഴുവൻ അവിടെ അല്ലെ.. അപ്പൊ എന്നെയും എന്റെ കാര്യങ്ങളും മറക്കും.

ചെറിയ കുശുമ്പ് ഉണ്ടല്ലേ… അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. എനിക്ക് സങ്കടം തോന്നി.

നീ സന്തോഷത്തോടെ ഇരിക്കുന്നതാ ശാരിമോളെ എനിക്ക് ഇഷ്ടം.. അതിനു എനിക്ക് എന്തിനാ കുശുമ്പ്.

അയ്യോ… ന്റെ പൊന്നേ… ഞാൻ ചുമ്മാ പറഞ്ഞേയാ.. നീ പറ.. എന്താ…. നിനക്ക് അയാളെ കുറിച്ച് അറിയണം അത്രേ അല്ലെ ഉള്ളു. നമ്മളിപ്പോ അംഗസംഘ്യ കൂടുതൽ ഉണ്ടല്ലോ.. നമുക്ക് തിരക്കാം. നീ സമാധാനമായി ഇരിക്ക്. അവൾ എന്നെ സമാധാനിപ്പിച്ചു. അവളെയും കെട്ടിപിടിച്ചാണ് ഞാൻ ഉറങ്ങിയത്. രാവിലെ ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഞാൻ പോയി നോക്കി.
ശാരി കുളിക്കാൻ കയറിയിരിക്കുകയായിരുന്നു. .

ടാ … നിന്റെ ഫോൺ അടിക്കുന്നു.

നോക്കി നിക്കാതെ എടുക്ക് പെണ്ണെ. അവളുടെ അനുമതി കിട്ടിയതോടെ ഞാൻ കാൾ എടുക്കാൻ ചെന്നു. പക്ഷേ ഞാൻ എത്തും മുൻപേ കാൾ കട്ട് ആയി. അപ്പോഴേക്കും ശാരിയും ഇറങ്ങി വന്നു.

ആരാഡാ

അറിയില്ല.. കട്ടായി. ചിലപ്പോൾ നിന്റെ വിപിൻ ആവും

ഹ്മ്മ്… പോയി കുളിക്ക്. സമയം പോകുന്നു.
ഫോണും പിടിച്ചു നിൽക്കുന്ന എന്നെ അവൾ തള്ളി ബാത്‌റൂമിലാക്കി .
പെട്ടന്ന് ഫോൺ ചിലക്കാൻ തുടങ്ങി.
ഞാനതു അവളെ ഏല്പിച്ചിട്ട് കുളിക്കാൻ കയറി.

നന്ദൂട്ടാ… നിനക്കാ കാൾ.

ഞാൻ പെട്ടന്ന് ഡോർ തുറന്നു ഇറങ്ങി വന്നു.

ആരാ ..

അറിയില്ല.. നീ കുളിക്കാന്ന് പറഞ്ഞപ്പോൾ പിന്നെ വിളിച്ചോളാംന്ന് പറഞ്ഞു.

ആണോ… അതിപ്പോ ആരാ എന്നെ ഫോൺ വിളിക്കാൻ .

ആരെങ്കിലും ആവട്ടെ… നീ കുളിച്ചിട്ട് വാ പെണ്ണെ… സമയം പോകുന്നു. അവൾ ദൃതി വക്കാൻ തുടങ്ങി.

കുളി കഴിഞ്ഞു ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ആണ് അടുത്ത കാൾ.

നിനക്കാ… സെയിം നമ്പർ ആണ്..
ശാരി ഫോൺ എനിക്ക് കൈമാറി.

ഏട്ടനാ മോളെ… മോള് റെഡി ആയോ.

പരിചയമില്ലാത്ത ശബ്ദം.
ആരാ…? എനിക്ക് മനസിലായില്ല..

മനസിലായില്ലേ … ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ആളെ മനസിലായി.

താനോ… തനിക് എങ്ങനെ ഈ നമ്പർ കിട്ടി.

അതൊക്കെ കിട്ടി. എനിക്ക് മോളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… ഉച്ചക്ക് മോള് പള്ളിയുടെ അടുത്ത് വരണം. ഏട്ടൻ എല്ലാം പറയാം.

ഫോൺ കട്ടായി.

ആരാടാ..

അയാളാ..ഞാൻ പറഞ്ഞില്ലേ… ആ ഏട്ടൻ.
അയാൾക് എന്നോട് എന്തോ സംസാരിക്കണംന്ന്.
എന്തായിരിക്കും അയാൾക് പറയാൻ ഉള്ളത് ..?

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6