Friday, January 17, 2025
Novel

അഖിലൻ : ഭാഗം 6

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഇന്നേക്ക് രണ്ടു ദിവസമായി ശാരിഎന്നോട് മിണ്ടിയിട്ട്… ഒറ്റപ്പെടലിന്റെ വേദന ശരിക്കും അനുഭവിച്ചു.. മടിച്ചു മടിച്ചു ആണെങ്കിലും കോളേജിലേക്ക് പോയി.

എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യുമെന്ന സംശയത്തിൽ ആയിരുന്നു ഞാൻ.

കഴിവതും എല്ലാവരിൽ നിന്നും അകന്ന് നിന്നു. ഉച്ച കഴിഞ്ഞു ശാരി എന്റെ അടുത്ത് വന്നു സംസാരിച്ചപോൾ കുറച്ചു ആശ്വാസം തോന്നി.

ഡാ… നമുക്ക് മാമിനെ ഒന്ന് പോയി കണ്ടാലോ.
നീ പോയി കണ്ടു ഒരു ക്ഷമ ഒക്കെ പറയു.

ഹമ്.. പോവാം.

ശാരിക്ക് ഒപ്പം ഓഫീസിൽ ചെന്നുവെങ്കിലും അകത്തു അഖിലൻ സാറിനെ കണ്ടതും എന്റെ ധൈര്യമെല്ലാം ചോർന്നു തുടങ്ങി.

ഡാ സാറ്..

സാരമില്ല… ഇതൊരു ചാൻസ് ആണ്.. അറിയാതെ പറഞ്ഞു പോയ തെറ്റുകൾക്ക് സാറിനോട് കൂടി മാപ്പ് പറയാം.

അത് വേണോ .. എന്നെ കണ്ടാൽ…

അയാൾ എന്ത് വേണമെങ്കിലും പറയട്ടെ… നീ ഒന്നും മിണ്ടാൻ പോകണ്ട.. പോവുക… മാമിനോട്‌ പറയാൻ ഉള്ളത് പറഞ്ഞിട്ട് പോരുക.

അപ്പൊ നീ വരുന്നില്ലേ..?

അത് വേണ്ടഡാ …നീ തന്നെ പോകുന്നതാ നല്ലത് .

വിറക്കുന്ന കൈകളോടെ പതുക്കെ ഡോറിൽ തട്ടിയപ്പോൾ അകത്തേക്കു വരാൻ ക്ഷണം ഉണ്ടായി.എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാമായിരുന്നു.

എന്തിനടി ഇപ്പോൾ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്..

എന്നെ കണ്ടതും സാർ ശബ്ദമുയർതാൻ തുടങ്ങി. നിറയുന്ന കണ്ണുകളോടെ തല കുമ്പിട്ടു നിൽക്കാനേ എനിക്കപ്പോൾ ആകുമായിരുന്നുള്ളൂ.

എന്റെ നിൽപ്പും ഭാവവും കണ്ടിട്ട് ആവണം മാം എന്റെ അടുത്തേക്ക് വന്നു.

എന്താ കൃഷ്ണേന്ദു .?

കുനിഞ്ഞു മാമിന്റെ കാലുകളിൽ പിടിച്ചു..
എന്നോട് ക്ഷമിക്കണം മാം.. ഒക്കെ എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിയത് ആണ്.. പറയാൻ പാടില്ലാത്ത ഒരുപാട് വാക്കുകൾ ഞാൻ പറഞ്ഞു ..

മാമിനെ ഒരുപാട് വേദനിപ്പിച്ചു.. ഒക്കെ എന്റെ തെറ്റാ..മാം തരുന്ന എന്ത് ശിക്ഷ വേണമെങ്കിലും ഞാൻ അനുഭവിച്ചോളാം.

എന്റെ കണ്ണുനീർ തുള്ളികൾ മാമിന്റെ കാലുകളിൽ വീണു നനയാൻ തുടങ്ങിയിരുന്നു.

വാ… എഴുന്നേൽക്കു
മാം എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.

കൃഷ്ണേന്ദു ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.

മാം… ഞാൻ… എന്നോട്.

സാരമില്ല കുട്ടി… നിന്നോട് ക്ഷമിക്കാൻ എനിക്കാകും. പൊയ്ക്കോളൂ.

സാറിന് നേരെ നോക്കാതെ പിന്തിരിഞ്ഞു പോകുമ്പോൾ ഞാൻ കേട്ടു എന്നോടുള്ള അമർഷം ടേബിളിൽ ഇടിച്ചു തീർക്കുന്നത്. ആ ഇടി എനിക്കിട്ട് ആണെന്ന് എനിക്കുള്ളതാണ്. . ഇനി ആ മനസിൽ ഒരിക്കലും എനിക്കൊരു സ്ഥാനം ഉണ്ടാകില്ലന്ന് ഉറപ്പായി.

മാം ക്ഷമിച്ചന്ന് അറിഞ്ഞപ്പോൾ ശാരിക്ക് സന്തോഷമായി. എന്നെ കുറേ ബ്രെയിൻ വാഷ് ഒക്കെ ചെയ്തതിന് ശേഷമാണ് അവൾ ക്ലാസിലേക്ക് പോയത്.

ദിവസങ്ങൾ കഴിയും തോറും ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി കൂടാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം ആണ് സീനിയർസ് ക്ലാസിലേക്ക് കയറി വരുന്നത്.

ഈ തവണതെ ആഴ്ചവട്ടത്തിൽ പാടാൻ താല്പര്യമുള്ളവർ ആരെങ്കിലും ഉണ്ടോ.?

ഒരു കുട്ടി ഒഴികെ മറ്റാരും മുന്നോട്ടു വന്നില്ല.
വേറെ ആരെങ്കിലും…?

അവരുടെ കണ്ണുകൾ എന്റെ നേരെ ആണെന്ന് മനസിലായതോടെ ഞാൻ മുഖം കുനിച്ചു.

കൃഷ്‌ണേന്ദുവിന്റെ പേര് എഴുതിക്കോ..

ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ ശാരിയാണ്..

ചുമ്മാ .. ഇരിക്കട്ടെടാ… നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.

പക്ഷേ… എനിക്ക് കഴിയില്ല ശാരി മോളെ.

എന്ത് പറഞ്ഞാലും വെള്ളിയാഴ്ച നീ പാടും. ഇല്ലേൽ….

ശാരി എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എതിരഭിപ്രായം ഉണ്ടാകില്ലന്ന് അവൾക് അറിയാം.

ഒടുവിൽ ആ ദിവസവും വന്നെത്തി. ഒരുപാട് നിർബന്ധിച്ച ശേഷം ഞാൻ ഒരു കവിത ചൊല്ലി. മുരുകൻ കാട്ടാക്കടയുടെ നീ അടുത്തുണ്ടായിരുന്ന കാലം എന്ന കവിതയായിരുന്നു അത്.

“നീ അടുത്തുണ്ടായിരുന്ന കാലം
ഞാൻ എന്നിലുണ്ടായിരുന്ന പോലെ..

നീ അടുത്തില്ലാതിരുന്ന കാലം
ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലെ…

സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
എന്റെ ദുഃഖങ്ങൾ എല്ലാം അകന്ന പോലെ..

നീ അടുത്തുണ്ടായിരുന്ന കാലം…..
കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ…. ”

പാടി മുഴുമിപ്പിക്കും മുൻപേ ഞാൻ കരഞ്ഞു പോയി.

ശാരി ഓടി എന്റെ അടുത്ത് വന്നു..
എന്താടാ ഇത്… എല്ലാവരും നോക്കുന്നു . വാ
അവളെന്നെയും വിളിച്ചു കൊണ്ട് മുകളിലേക്ക് വന്നു.

എന്റെ നന്ദുട്ടാ എന്തു പണിയാ നീ കാണിച്ചത്..ഇനിപ്പോ ഇതിന്റെ കാരണം തിരക്കി ഇറങ്ങും ഓരോന്ന്.

വന്നോട്ടെ… ഞാൻ പറഞ്ഞോളാം അവരോട്.

എന്തെന്ന്…

അത്…അവളോട് മറുപടി പറയും മുൻപേ അവൾ എന്റെ വാ തപ്പി പിടിച്ചു.

ശ്…. മിണ്ടല്ലേ…. അതിന്റെ ബാക്കി ആരോ പാടുന്നു.

ഞാനും കാതോർത്തു… ശെരിയാണ്… ആരോ ബാക്കി പാടുന്നുണ്ട്..

ഹൃദയത്തിൽ തൊട്ട് പാടുന്നത് പോലെ … ഞാൻ കണ്ണടച്ച് കാതോർത്തിരുന്നു .

ഞാൻ ആരാണെന്നു നോക്കിയിട്ട് വരാം.

പുറത്തേക്കു പോയ ശാരി കിതച്ചു കൊണ്ടാണ് ഓടി വന്നത്.

ഡാ… ആരാ പാടുന്നത് എന്നറിയോ…. അഖിലൻ സാറ്.

ഹമ്…ഉള്ളിലെ ഞെട്ടൽ മറച്ചു വച്ചു ഞാൻ ഒന്ന് മൂളി. ഒന്ന് പോയി നോക്കുവാൻ മനസ് പറയുന്നുണ്ടായിരുന്നു. പക്ഷേ സ്വയം നിയന്തിച്ചു … ഇനി എന്തിനാ വെറുതെ …

നിനക്ക് ന്താ ഒരു കുലുക്കവും ഇല്ലാതെ.

ആര് പാടിയാൽ എനിക്കെന്താ … ഞാൻ പിന്നേയും കണ്ണുകൾ ഇറുക്കി അടച്ചു.. പക്ഷേ മനസ് മുഴുവൻ ആ ശബ്ദത്തിൽ ആയിരുന്നു

” നഷ്ടപ്പെടും വരെ നഷ്ടപെടുന്നതിൻ
നഷ്ടമെന്താണെന്നതോർക്കില്ല നാം
നീ അടുത്തുണ്ടായിരുന്നപ്പോളോമലേ..
ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലെ. ”

അവസാന വരികളിൽ തങ്ങി നിൽക്കുകയായിരുന്നു എന്റെ മനസ്. കവിളിലൂടെ ഒളിച്ചിറങ്ങിയ കണ്ണുനീര് ശാരി തുടച്ചു നീക്കിയപ്പോൾ ആണ് കണ്ണ് തുറന്നതു. അവളെ നോക്കി പുഞ്ചിരിക്കാൻ ഒരു ശ്രെമം നടത്തിയെങ്കിലും ഞാൻ തോറ്റു പോയി.

പോട്ടെ… അവളെന്നേ ചേർത്തു പിടിച്ചു.
അടുത്ത ക്ലാസ് അഖിലൻ സാറിന്റെത് ആണ്.അറ്റൻഡ് ചെയ്യാൻ തോന്നാത്തതു കൊണ്ട് ഇറങ്ങി ലൈബ്രറിയിൽ ചെന്നിരുന്നു.

ഓരോ റാക്കുകളിലായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ… അവയുടെ പഴകിയ മണം .. എന്നേക്കാൾ കൂടുതൽ വീർപ്പു മുട്ടുന്നുണ്ടാകും അവക്കെന്ന് തോന്നി പോയി.

റാക്കിൽ നിന്ന് കൈയിൽ കിട്ടിയ ഏതോ ഒന്ന് എടുത്തു കൊണ്ട് ടേബിളിൽ വന്നിരുന്നു. ഒന്ന് രണ്ടു പേജ് മറിച്ചു നോക്കി ….

ഇഷ്ടപ്പെടാതെ തിരിച്ചു കൊണ്ട് വച്ചു മറ്റൊന്നിനു വേണ്ടി തിരച്ചിൽ തുടങ്ങി. ഒടുക്കം ആദ്യം എടുത്തതു തന്നെ എടുത്തു കൊണ്ട് വന്നു. പക്ഷേ വായിക്കാൻ തോന്നിയില്ല.

വെറുതെ ഡെസ്കിൽ തല ചായ്ച് കിടന്നു. അങ്ങനെ കിടന്നപ്പോൾ ആണ് എതിരെ ഇരിക്കുന്ന ആൾ എന്നെ ശ്രെദ്ധിക്കുന്നത് പോലെ തോന്നിയത്.

തല ഉയർത്തി നോക്കിയപ്പോൾ അയാൾ പത്രം വായിക്കുകയാണ്.. മുഖം പത്രതാൽ മറഞ്ഞിരുന്നു.. ആകെ കാണാവുന്നത് ആ കൈകൾ മാത്രം. ഞാൻ പിന്നെയും തല ചായ്ച്ചു കിടന്നു.

കവിത നന്നായിരുന്നു. .. പക്ഷേ പാടി മുഴുമിപ്പിക്കാതൊരു പോക്ക്… അത് നന്നായില്ല

ഹമ്… തല ഉയർത്താതെ തന്നെ മറുപടി മൂളലിൽ ഒതുക്കി

അഖിലനെ ഇഷ്ടമാണ് അല്ലെ . ?

ഞെട്ടലോടെ തല ഉയർത്തി. മുന്നിൽ സുമുഖനായൊരു ചെറുപ്പക്കാരൻ. മുൻപ് എവിടെയും കണ്ടതായി ഓർക്കുന്നില്ല.ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഞാൻ എന്തിന് എന്റെ കാര്യങ്ങൾ പറയണം.
ഇല്ലെന്ന് തന്നെ പറഞ്ഞു.

കള്ളം.പച്ചകള്ളം.. എന്റെ കണ്ണിൽ നോക്കി പറയാമോ അയാളോട് സ്നേഹം ഇല്ലെന്ന് .

ഇല്ല…എനിക്ക് അയാളെ ഇഷ്ടമല്ല..
മുഖത്തു നോക്കാതെയാണ് പറഞ്ഞത്

ഒന്നുമില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഈ പുകിലൊക്കെ … ഇപ്പോഴത്തെ ഈ സങ്കടം എന്തിനാ …

മറുപടി പറയാൻ തോന്നിയില്ല ഇറങ്ങി ഒരോട്ടമായിരുന്നു…അയാൾക് എല്ലാം അറിയാം എന്ന് തോന്നി. വെയ്റ്റിംഗ് ഹാളിലെ ജനലഴികളിലൂടെ അയാൾ ഇറങ്ങി വരുന്നുണ്ടോ എന്ന് നോക്കി നിൽക്കുമ്പോൾ ആണ് താഴെ ശാരിയെ കാണുന്നത്. ഒറ്റ ശ്വാസത്തിൽ ഓടി ചെന്നു കാര്യം പറഞ്ഞു.

അത്രേ അല്ലെ ഉള്ളു.. അതിനു നീ എന്തിനാ ഇറങ്ങി ഓടിയത്

അതല്ലടാ .. അയാളെ ഞാൻ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ല. ഈ കോളേജിൽ പഠിക്കുന്ന ആളല്ല . എനിക്ക് ഉറപ്പ് ആണ്.

വാ… നമുക്ക് പോയി നോക്കാം. ആളെ ഞാൻ കൂടി ഒന്നു കാണട്ടെ.അയാൾ ഇറങ്ങിയില്ലന്ന് ഉറപ്പ് അല്ലെ

ഹമ്

ന്നാ ഞാൻ പോയി നോക്കിയിട്ട് വരാം .അയാളെകുറിച്ചുള്ള സകല ഡീറ്റെയിൽസും കണ്ടു പിടിച്ചു തരാം

ശാരിക്ക് അടയാളങ്ങൾ എല്ലാം പറഞ്ഞു കൊടുത്തിട്ട് ഞാൻ പുറത്തു കാത്തിരുന്നു.

കൂട്ടുകാരി എന്നെ തിരക്കി പോയത് ആണോ

എന്റെ പുറകിൽ നിന്നായിരുന്നു ചോദ്യം. വരാന്തയിലെ തൂണിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു അയാൾ.

അതെയെന്ന് എനിക്ക് അറിയാം. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആരാ നിങ്ങൾ .. ഇവിടെ പഠിക്കുന്നത് ആണോ… അതോ ഇവിടുത്തെ സാർ ആണോ. എന്നെ എങ്ങനെ അറിയാം. താൻ സാറിന്റെ ആരെങ്കിലും ആണോ… അതോ മാമിന്റെ മകൻ ആണോ

ഓഹ് … മതി മതി. ഇരു ചെവികളും പൊതിഞ്ഞു പിടിച്ചു തലയാട്ടി കൊണ്ട് അയാൾ പറഞ്ഞു.
ഇതെങ്ങോട്ടാ ഈ വെള്ളം പൊളിച്ചു വിട്ട പോലെ. ഒരു സാവകാശം ഒക്കെ താ. ഓരോന്നായി പറയാം

ഹമ് പറയു..ക്ക് അറിയണം. എന്നോട് വന്നു ഇതൊക്കെ തിരക്കാൻ ഇയാളാരാ.

ഏട്ടൻ.

ഏട്ടനോ…ആരുടെ.

തന്റെ . എന്താ…എനിക്ക് തന്റെ ഏട്ടൻ ആവാൻ കൊള്ളില്ലേ.

ദേ… ചുമ്മാ തമാശ കളിക്കാതെ കാര്യം പറ.. ആരാ നിങ്ങള്.

ആഹാ … ദേഷ്യം വരുന്നുണ്ടെന്നു തോന്നുന്നല്ലോ.. മിണ്ടാപൂച്ച നിമിഷ നേരം കൊണ്ടല്ലേ പുലികുട്ടി ആയത്. കൊള്ളാം.
ഇതാ നിനക്ക് ചേരുന്നത്… ഈ കരച്ചിലും പിഴിച്ചിലും ഒന്നും നിനക്ക് സെറ്റ് ആകില്ല.

ഇതൊക്കെ പറയാൻ താൻ ആരാ.?

പറഞ്ഞല്ലോ ഏട്ടൻ ആണെന്ന് . പിന്നെ വന്ന കാര്യം .. അഖിലനോട്‌ അങ്ങനെ ഒരു ഇഷ്ടം ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി പറയുന്നില്ല. പോട്ടെ.

ഞാൻ എന്തെങ്കിലും പറയും മുൻപേ അയാൾ നടന്നു കഴിഞ്ഞിരുന്നു. അപ്പോഴേക്കും ശാരിയും ഇറങ്ങി വന്നു.

അങ്ങനെ ഒരാളെ ഞനെങ്ങും കണ്ടില്ല അവിടെ. നിനക്ക് ചുമ്മാ തോന്നിയത് ആവും.

ഇല്ലെടാ . അയാൾ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു. ദേ ഇപ്പോൾ ഗേറ്റ് കടന്നതേ ഉള്ളു.വാ….

ഞങ്ങൾ പുറത്തു ചെന്നു നോക്കിയെങ്കിലും അയാളെ അവിടെ എങ്ങും കണ്ടില്ല.

എവിടെടാ…

അറിയില്ല… ഇങ്ങോട്ട് ആണ് വന്നത്.

പെട്ടന്ന് പുറകിൽ ഒരു ബൈക്കിന്റെ ഹോൺ അടിക്കുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ ചിരിക്കുന്ന മുഖം.

ഡാ…. ഇതാ അയാള്..

പക്ഷേ ശാരി നോക്കുമ്പോഴേക്കും അയാൾ ഹെൽമെറ്റിന്റെ കറുത്ത ചില്ല് താഴ്ത്തിയിരുന്നു.
ശാരി പെട്ടന്ന് ബൈക്ക് നമ്പർ നോട്ട് ചെയ്തു
KL09AK3439

ഡാ പാലക്കാട്‌ രെജിസ്ട്രേഷൻ…ആള് ന്തായാലും പാലക്കാട്‌കാരൻ ആയിരിക്കും .
പക്ഷേ അയാൾക് എന്തായിരിക്കും ഇവിടെ കാര്യം.

ഞാനും അതായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.. ഇവിടെ വരെ എന്നെ തേടി വരാൻ മാത്രം ആരായിരിക്കും അയാൾ.

ഏട്ടൻ….

ആ ശബ്ദം കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5