Wednesday, January 22, 2025
Novel

അഗ്നി : ഭാഗം 1

എഴുത്തുകാരി: വാസുകി വസു


“ചേട്ടാ ഒരു വോഡ്കാ പൈന്റ് രണ്ടെണ്ണം”

എന്റെ ശബ്ദം കേട്ട് ബില്ലടിക്കുന്ന ചേട്ടൻ തലയുയർത്തി….

“ങേ…”

അയാളുടെ മുഖത്ത് അവശ്വസനീയത പടർന്നു..

“ആർക്കാ രണ്ടു പൈന്റ്”

“ഞങ്ങൾക്ക്”

അപ്പോഴാണ് ആ ചേട്ടൻ എന്റെ പിന്നിൽ നിന്ന ടെസ്സയെ ശ്രദ്ധിച്ചത്…

“അത്…അത്…പിന്നെ പെങ്ങളെ

അയാൾ തലചൊറിഞ്ഞു..

” എന്താണ് ചേട്ടാ പ്രശ്നം ”

ഞാൻ അമർഷത്തോടെ കാരണം തിരക്കി…

“അല്ല നിങ്ങൾക്ക് തന്നാൽ പ്രശ്നമാകുമൊ”

“എന്ത് പ്രശ്നം.. ചേട്ടൻ രണ്ടു വോഡ്കാ ഇങ്ങെടുത്തെ.ഞങ്ങൾക്ക് പോയിട്ട് പണിയുണ്ട്”

ആ ചേട്ടൻ പിന്നെയും മടിച്ചു നിന്നു…

“എന്താണ് സേട്ടാ..ഞങ്ങൾ പെണ്ണുങ്ങൾ വോഡ്കാ കുടിച്ചാൽ ഇറങ്ങൂല്ലെ”

ഞങ്ങൾ രണ്ടു പേരും കൂടി ബഹളം തുടങ്ങി. പിന്നിൽ അധികം ക്യൂവില്ല…

“MGM ന്റെ വോഡ്ക.രണ്ടെണ്ണം”

എടുത്ത് കൊടുക്കുന്ന ചെറുപ്പക്കാരനോട് ആ ചേട്ടൻ ഉറക്കെ പറഞ്ഞു. ഞാൻ ടെസ്സയെ കണ്ണിറുക്കി കാണിച്ചു…

“.640 രൂപ”

700 രൂപ ഞാൻ പേഴ്സിൽ നിന്ന് എടുത്തു കൊടുത്തു.. ബാക്കി ചേട്ടനെടുത്തോ…

“എനിക്ക് ആരുടെയും ഓദാര്യം ആവശ്യമില്ല”

“പിന്നെ താനെന്തിനാടാ ഞങ്ങൾക്ക് മുന്നിൽ വേലയിറക്കിയത്.മേലിലിത് കാണിച്ചാലുണ്ടല്ലോ അപ്പോൾ പറഞ്ഞേക്കാം”

വോഡ്കാ പൈന്റ് ഞാൻ ജീൻസിന്റെ രണ്ടു പോക്കറ്റിലും തിരുകി..

ടെസ്സയെന്നെ പിടിച്ചു വലിച്ചു മുന്നോട്ട് നടത്തി…

ക്യൂവിൽ നിൽക്കുന്ന ചേട്ടന്മാർ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു.അതിലൊരു വഷളന്റെ നോട്ടം എന്റെ നെഞ്ചിലായിരുന്നു.

അത് കണ്ടിട്ട് ഞാനൊന്ന് കൂടി ഞെളിഞ്ഞു നടന്നു…

‘ഇവന്റെയൊക്കെ ഒൗദാര്യം നമുക്ക് എന്തിനാടീ ടെസ്സേ.ഗവണ്മെന്റ് മദ്യം വിൽക്കുന്നത് കാണാനല്ല വിൽക്കാനാണ്”

എന്റെ കലിപ്പ് തീരുന്നില്ല.ഷൂസിട്ട കാൽ നിലത്തേക്ക് ചവുട്ടി ഞാൻ അരിശം തീർത്തു..

“നീയൊന്ന് അടങ്ങടീ അഗ്നി”

“എങ്ങനെ അടങ്ങാനാടി..എന്റെ നാക്ക് ചൊറിഞ്ഞു വരുന്നു”

ഞങ്ങൾ നടന്ന് ബുളളറ്റ് വെച്ചിരുന്ന സ്ഥലത്തെത്തി…ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരുപൈന്റെടുത്ത് ടെസ്സക്ക് നേരെ നീട്ടി.

അവൾ ജീൻസിന്റെ കീശയിലാക്കി…

ഞാൻ ബുളളറ്റിൽ കയറി കിക്കറടിച്ച് സ്റ്റാർട്ടാക്കി.ന്യൂ മോഡൽ ബുളളറ്റാണ്..500 CC .വില ഏകദേശം 2:10 lak …

ഡിഗ്രി ഫൈനൽ ഇയറാകുമ്പോൾ വാങ്ങിത്തരാമെന്ന് പപ്പ വാഗ്ദാനം ചെയ്തിരുന്നു. എന്റെ ആഗ്രഹത്തിനു മമ്മി എതിരായിരുന്നു.

പാവം ഒരുപാട് എതിർത്തു നോക്കി.നടന്നില്ല…

എനിക്ക് ഏട്ടനൊന്നുമില്ല.ഉണ്ടെങ്കിൽ ബുളളറ്റ് വേണമെന്ന് ഞാൻ നിർബന്ധം പിടിക്കില്ല.ഞാൻ പപ്പക്കും മമ്മിക്കും കൂടിയൊരൊറ്റ സന്താനമാണ്….

ടെസ്സക്ക് ഏട്ടനും.. ഏട്ടന്റെ കൂടെ ഗമയിൽ അവൾ ബുളളറ്റിൽ വരുന്നത് കാണുമ്പോൾ എനിക്കും കൊതിയായിരുന്നു ഇതുപോലൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന്.

എങ്കിൽ ഏട്ടനില്ലെങ്കിൽ പകരം ബുളളറ്റ് സ്വന്തമായിട്ടുണ്ടെങ്കിൽ എനിക്ക് ഓടിച്ചു നടക്കാം.

അങ്ങനെയാണ് പപ്പയെ ചട്ടം കെട്ടി ബുളളറ്റ് വാങ്ങിയത്…

“ടീ കയറിക്കോ”

“ഞാൻ എപ്പഴേ കയറി”

പിന്നിൽ നിന്ന് ടെസ്സയുടെ മറുപടിയെത്തി….

ഇടത് കാലിനാൽ ഫസ്റ്റ് ഗിയർ താഴോട്ടാക്കി ക്ലച്ച് റിലീസ് ചെയ്തു ആക്സിലേറ്റർ കൊടുത്തതോടെ ബുളളറ്റ് നീങ്ങിത്തുടങ്ങി….

അടുത്ത സ്റ്റെപ്പിൽ സെക്കന്റ് ഗിയർ മുമ്പോട്ടാക്കി ബുളളറ്റ് പതിയെ സ്പീഡാക്കി….

“പറപ്പിച്ചോ മുത്തേ”

പിന്നിൽ നിന്ന് ടെസ്സ ആവേശം പകർന്നതോടെ ബുളളറ്റ് കുതിച്ചു പാഞ്ഞു…

ഇന്ന് ടെസ്സയുടെ പിറന്നാളാണ്.

ചെലവ് ചെയ്യുന്നതിൽ പുതുമ കണ്ടെത്താനാണ് ഇന്ന് വോഡ്കയാക്കിയത്.

സാധാരണ ഞങ്ങൾ ബിയറിൽ ഒതുക്കയാണ് പതിവ്….

ട്രിവാൻഡ്രം സെന്റ് ഇമ്മാനുവൽ കോളേജിലെ ഡിഗ്രി ഫൈനൽ സ്റ്റുഡന്റ്സാണു ഞാനും ടെസ്സയും.ഞാൻ തൃശ്ശൂർക്കാരിയും അച്ചായത്തി തനി പാലാക്കാരിയും…

ഞങ്ങൾ ഹോസ്റ്റലിലാണ് താമസിച്ചു പഠിക്കുന്നത്..ഇന്ന് ഞായറാഴ്ച ദിവസം കൂടിയാണ്. ടെസ്സ പളളിയിൽ പോലും പോകാതെയാണ് കൂടെ വന്നത്…

ഹോസ്റ്റൽ മേറ്റ് രണ്ടെണ്ണം കൂടിയുണ്ട്..

നിത്യയും ഗംഗയും.അവരും ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ്..

രാത്രിയായിട്ട് വോഡ്കയുടെ ലഹരി നുണയാൻ…

അരമണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ ഹോസ്റ്റലിൽ എത്തി.ജീൻസിന്റെ പോക്കറ്റിൽ വോഡ്കാ സേഫാണ്.

വാർഡൻ ചേച്ചിക്ക് കുറച്ചു പൈസ കൊടുത്ത് ഒതുക്കിയട്ടുണ്ട്.അതിനാൽ പേടിക്കേണ്ട….

ബുളളറ്റ് ഞങ്ങൾ പതിവായി സൂക്ഷിക്കാറുളളയിടത്ത് വെച്ചിട്ട് ഹോസ്റ്റലിൽ കയറി…

“കിട്ടിയോടി ഐറ്റം”

ഞങ്ങളെ കണ്ടതോടെ നിത്യയുടെ ചോദ്യം.

തളളവിരൽ ഉയർത്തികാട്ടി ഞാൻ സിഗ്നൽ നൽകി…

“ഡൺ”

“രാതിയാകട്ടെ നമുക്ക് പരിപാടി തുടങ്ങാം”

ഞങ്ങളുടെ സംസാരം ഇത്രയായിട്ടും ഗംഗ മൈൻഡ് ചെയ്യാതെ മാറി നിൽക്കുന്നു….

“ഇവളെന്താടി ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ”

“എടീ അവടെ കാമുകൻ തേച്ച്..കുറച്ചു മുമ്പ് വിളിച്ച് പറഞ്ഞതെയുള്ളൂ പിരിയാമെന്ന്”

നിത്യയുടെ സംസാരത്തിന്റെ ശൈലി ഞങ്ങളെ ചിരിപ്പിച്ചു…

നിത്യ ചളിയടിക്കാൻ മിടുക്കിയാണ്.എപ്പോഴും ഹാപ്പി മൈൻഡ്…

“ഓ അവളോടെത്ര പറഞ്ഞാലും മനസിലാകില്ല.ഞാനന്നെ പറഞ്ഞതാ അവനെ വിശ്വസിക്കരുത്.അവൻ പണി തരുമെന്ന്.

അപ്പോൾ ഇവളെന്താ പറഞ്ഞത്.എന്റെ കാമുകൻ എല്ലാവരെയും പോലെയല്ലെന്ന്”

എനിക്ക് ശരിക്കും ദേഷ്യം വന്നു…

“അത് വിടെടി അഗ്നി.അവളിത്രക്കും സങ്കടപ്പെട്ടിരിക്കുമ്പോൾ ആശ്വസിപ്പിക്കുകയാണു നമ്മൾ ചെയ്യേണ്ടത്”

“ടെസ്സേ എനിക്ക് അത്രയും സങ്കടമുളളതിനാലാ പറഞ്ഞത്.ഗംഗ കോളേജിന്റെ പ്രതീക്ഷയാണ്.അവളെ കാത്തൊരു കുടുംബതന്നെ ഉറ്റുനോക്കിയിരിപ്പുണ്ട്”

ഞങ്ങൾ അപ്പോഴാണ് ഗംഗ കരയുന്നത് കണ്ടത്.അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി…

“സോറി ഗംഗാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.സങ്കടം കൊണ്ടാ ..വിട്ടേക്ക്…

” എന്നാലും അവൻ എന്നെ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിയുന്നില്ല അഗ്നി..ഒരുപാട് സ്നേേഹിച്ചു ഞാനവനെ…വിശ്വസിച്ചു. എന്നിട്ടും..”

തേങ്ങിക്കരയുന്ന ഗംഗ ഞങ്ങളുടെ മൂഡ് കളയുമെന്ന് ഉറപ്പായി…

“നീ വിഷമിക്കാതെ..നാളെ നമുക്കൊരു വഴി കണ്ടെത്താം”

ഒരുപാട് ടൈം എടുത്തു ഗംഗയെ ഒന്ന് സമാധാനിപ്പിക്കാൻ..ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ ഇക്കാലത്ത്…

“ഹൊ..സമ്മതിക്കണം”

ഓരോന്നും പറഞ്ഞു ഞങ്ങൾ സമയം തള്ളി നീക്കി…

ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ കിടന്നുറങ്ങി.എഴുന്നേൽക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞു…..

പതിയെ ഓരോരുത്തരായി കുളിമുറിയിൽ കയറി ഫ്രഷായി‌…സമയം സന്ധ്യ കഴിഞ്ഞു. റൂമിൽ സെലിബ്രേറ്റിനുളള ഒരുക്കങ്ങൾ ഞങ്ങൾ തുടങ്ങി കഴിഞ്ഞു…

സമയം കടന്നു പോകുന്നില്ലല്ലോ എന്ന ദേഷ്യത്തിലായിരുന്നു ഞങ്ങൾ…

നൈറ്റിലെ ഫുഡ് ഞങ്ങൾ ബ്രഡ് & ജാം ആക്കി..പറഞ്ഞു കേട്ടിട്ടുണ്ട് മദ്യപാനത്തിനു ബ്രഡ് സൂപ്പറാണെന്ന്….

“ടീ എങ്കിൽ തുടങ്ങാം”

ടെസ്സക്ക് ധൃതിയായി…

അവൾ തന്നെ നാലുഗ്ലാസ് സംഘടിപ്പിച്ചിരുന്നു…

അതു നാലും മുറിയിലെ ടേബിളിൽ നിരത്തി…

ധാൽ മിച്ചർ പൊട്ടിച്ച് ചെറിയ പ്ലേറ്റിലാക്കി..

പിന്നെ കടുമാങ്ങാ അച്ചാറും…

“ഒഴിക്കെടി”

വോഡ്കയുടെ അടപ്പ് തുറന്ന് രണ്ടു പെഗ്ഗ് കണക്കാക്കി നാലു ഗ്ലാസിലും ഞാൻ തുല്യമായി ഒഴിച്ചു…

“നിനക്ക് മുമ്പ് വല്ല ബാറിലുമായിരുന്നോ പണി”

നിത്യയുടെ കമന്റിനു ഞാൻ ചിരിച്ചു….

സെവനപ്പ് കുപ്പിയുടെ മൂടി തുറന്നു വെച്ചു…

“എല്ലാവരും അവരവരുടെ ഇഷ്ടത്തിനു ഒഴിച്ചോ”

ഗംഗ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ വിട്ടില്ല..അവളെയും നിർബന്ധിപ്പിച്ചു കുടിപ്പിച്ചു…

“ചിയേഴ്സ്..ഞങ്ങൾ നാലു പേരും ഗ്ലാസ് കൂട്ടി മുട്ടിച്ചിട്ട് കുടി തുടങ്ങി..

ഒരു പ്ലൈന്റ് പെട്ടെന്ന് തീർത്തു.അത്യാവശ്യം ലഹരിയായതിനാൽ അടുത്ത പൈന്റ് പിന്നെയൊരു ദിവസത്തേക്ക് മാറ്റിവെച്ചു…

അച്ചാറു കൊതിച്ചിയാണ് ഗംഗ അവളത് കാലിയാക്കി…തൊട്ടു നക്കി…

ബ്രഡും ജാമും മിക്സ് ചെയ്തു ഞങ്ങൾ കഴിച്ചു….

” ടീ നമുക്ക് രാത്രിയിൽ ഒന്ന് കറങ്ങിയാലൊ”

“എന്റെ പൊന്നേ ഞങ്ങളില്ലേ”

നിത്യയും ഗംഗയും തൊഴുതു…

“നീയൊക്കെ പിന്നെയെന്തിനാടീ വരിക”

“ടെസ്സേ നീ വരുന്നുണ്ടോ”

“ഞാൻ റെഡി”

ടെസ്സ കട്ട ചങ്കാണെന്റെ ഏതിനും കൂടെയുണ്ട് അവൾ…

യാതയെനിക്ക് ഒരു ലഹരിയാണ്.ടെസ്സക്ക് അതറിയാം‌‌‌…

ഞങ്ങൾ രാത്രി സവാരിക്കുളള ഒരുക്കങ്ങൾ തുടങ്ങി… ഞാനും ടെസ്സയും ബ്ലാക്ക് ജീൻസും ബ്ലാക്ക് ടീ ബനിയനും ധരിച്ചു….

“ശരിയെടീ ഗുഡ് നൈറ്റ്..

ഞങ്ങൾ വെളുപ്പിനേയിങ്ങെത്താം”

എല്ലാവരും ഉറക്കമായതോടെ ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ചാടി.ഗേറ്റിന്റെ സ്പെയർ ചാവി ഞങ്ങൾ മുമ്പേ അടിച്ചു മാറ്റിയിരുന്നു…

ഞാനും ടെസ്സയും കൂടി ബുളളറ്റ് പതിയെ ഉരുട്ടി ഗേറ്റിനു വെളിയിൽ കൊണ്ട് വന്നു…ഗേറ്റ് ലോക്ക് ചെയ്തു ഞങ്ങൾ ബുളളറ്റിൽ കയറി….

നേരെ കൊല്ലം ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു ഞങ്ങളുടെ ബുളളറ്റ്.

വോഡ്കായുടെ ലഹരിയും തണുത്ത കാറ്റിന്റെ സുഖസ്പർശവും യാത്ര കൂടുതൽ ലഹരിയായി….

അരമണിക്കൂർ പിന്നിട്ടു..പെട്ടെന്ന് എന്റെ കാൽ ബ്രേക്കിൽ അമർന്നു…

“ദേ അതു കണ്ടോടി നീ…”

ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ടെസ്സ നോക്കി….

“ഹൈവേ പോലീസിന്റെ ചെക്കിങ്…

ആദ്യമൊന്ന് പകച്ചെങ്കിലും ബുളളറ്റ് ഞാൻ പെട്ടെന്ന് തിരിച്ച് വിട്ടു…ഞങ്ങളുടെ പിന്നാലെ ഹൈവേ പോലീസും”

തുടരും….