Sunday, January 5, 2025
Novel

ആദ്രിക : ഭാഗം 5

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

ഓരോന്ന് ആലോചിച്ചു എങ്ങനെയോ നേരം വെളുപ്പിച്ചു……..ഇന്ന്‌ അമ്പലത്തിൽ പോയി എല്ലാം നല്ല രീതിയിൽ തന്നെ നടക്കണേ എന്ന് പ്രാർത്ഥിക്കണം….ആ സ്വപ്നം സത്യം ആവരുതെ ദൈവമേ ….

രാവിലെ തന്നെ എണീറ്റു കുളിച്ചു ഒരു കരിപ്പച്ച കളർ ബ്ലൗസും അതേ കരയുള്ള സെറ്റ്സാരീ ഉടുത്തു.

മുടി അഴിച്ചു കുളിപ്പിന് ഇട്ടു. കണ്ണിൽ കൺമഷി എഴുതി ഒരു കറുത്ത പൊട്ടും തൊട്ടു ഒരുങ്ങി ഇറങ്ങി.

അച്ഛൻ ആലുവ വരെ കൊണ്ടുവന്നു ആക്കാം എന്ന് പറഞ്ഞു.

ആറരക്ക് മുൻപേ തന്നെ ഞങ്ങൾ ആലുവയിൽ എത്തി.

ഞങ്ങൾ ചെന്ന് കുറച്ചു കഴിഞ്ഞതും ചേച്ചിയും അച്ഛനും അമ്മയും രണ്ടു പീക്കിരികളും വന്നു.

ചേച്ചിക്ക് രണ്ടു കുട്ടികൾ ആണ് ഒരു പെണ്ണും ഒരു ആണും. മാളുവും കണ്ണനും.

ചേച്ചിയുടെ അച്ഛൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ചേച്ചി മുൻപിലും അമ്മയും പിള്ളേരും പുറകിലും ആയിരുന്നു. അച്ഛനോട് യാത്ര പറഞ്ഞു ഞാനും വണ്ടിയിൽ കയറി.

അച്ഛനെയും അമ്മയെയും നേരിട്ട് കാണുന്നത് ആദ്യം ആയിട്ടാണെകിലും എല്ലാവരേയും ഫോണിൽ കൂടെ വിളിച്ചു നല്ല പരിചയം ആണ്.

പിള്ളേരെ നേരിട്ട് അറിയാം. ബാങ്കിൽ എന്തെങ്കിലും പരിപാടികൾ ഉള്ളപ്പോ ചേച്ചി പിള്ളേരെയും കൊണ്ട് വരും അങ്ങനെ അവരുമായി നല്ല കമ്പനി ആണ്.

അങ്ങനെ ഞങ്ങൾ എല്ലാരും കൂടി മേക്കാടിലേക്ക് യാത്ര തിരിച്ചു……

യാത്രയിൽ അച്ഛൻ മേക്കാട് അമ്പലത്തിന്റെ ഐതിഹ്യം പറഞ്ഞു തന്നു.

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധന കേന്ദ്രമാണ് തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന പാമ്പു മേക്കാട്ടുമന. ഐതിഹ്യങ്ങൾ നിറഞ്ഞ പാമ്പുമേക്കാട് ഒരു കാലത്ത് മേക്കാട് മാത്രമായിരുന്നു.

സർപ്പാരാധന ആരംഭിച്ചത്തിൽ പിന്നെ ആണ് പാമ്പുമേക്കാട് എന്നറിയപെടാൻ തുടങ്ങിയത്.

ദാരിദ്ര്യ ദുഃഖത്തിനു നിർവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലം നീണ്ടു നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു.

ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയിൽ മാണിക്യകല്ലുമായി പ്രത്യക്ഷപെടുകയും വരങ്ങൾ നൽകുകയും ചെയ്തു എന്നാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓല കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെ ആണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.

കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ നൂറും പാലും ആണ് പ്രധാന വഴിപാട്.

ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തോടെ ഞാനും അച്ഛൻ പറഞ്ഞ കഥ കേട്ടിരുന്നു. അവിടെ എത്തുന്ന വരെ ഞാനും എന്തൊക്കെയോ കലപില പറഞ്ഞു കൊണ്ടേ ഇരുന്നു.

എന്റെ വർത്തമാനം കേട്ടു ബിന്ദുചേച്ചി ഇടക്ക് ഇടക്ക് പുറകിലേക്ക് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. പാവം എനിക്ക് എന്ത് പറ്റി എന്നാവും.

ഇന്നലെ അഭിയേട്ടനെ കണ്ടതുമുതൽ മറന്ന കളിച്ചിരികൾ എല്ലാം തിരിച്ചു വന്നപോലെ….

അമ്പലത്തിൽ എത്തിയതും ഞങ്ങൾ തൊഴാൻ കയറി.

വൃശ്ചികമാസം ആയതിനാൽ നല്ല തിരക്ക് ഉണ്ടായിരുന്നു കൂടാതെ അവധി ദിവസവും.

ഇടക്ക് ചേച്ചി എന്നെ വലിച്ചു കൊണ്ട് എന്റെ മാറ്റത്തിനു ഉള്ള കാരണം ചോദിച്ചിരുന്നു.

അഭിയേട്ടനെ കണ്ട കാര്യം പറഞ്ഞപ്പോൾ ചേച്ചിക്കും സന്തോഷമായി.

മാളുവും കണ്ണനും എന്റെ കൈയിൽ തൂങ്ങി ആയിരുന്നു നടപ്പ്. അമ്പലത്തിൽ കയറി തൊഴുതു ഞങ്ങൾ കുറച്ചു നേരം പുറത്ത് ഇരുന്നു.

അപ്പോഴാണ് തൊട്ട് അടുത്തു നിന്ന ഒരു ചേച്ചിയുടെ കൈയിൽ ഇരുന്നു വാവിട്ടു കരയുന്ന ഒരു കുറുമ്പിയെ കണ്ടത്. ഒരു വയസു ആയിട്ടില്ല എന്ന് തോന്നുന്നു.

കുഞ്ഞിപുരികവും കണ്ണും നല്ല കട്ടിക്ക് എഴുതിയിരിക്കുന്നു. കവിളിൽ ഒരു കുഞ്ഞി കുത്തും . മുടി എല്ലാം നെറ്റിയിലേക്ക് വീണു കിടക്കുന്നു.

ഇടക്ക് ആ ചേച്ചി അതൊക്കെ ഒതുക്കി വെക്കാൻ നോക്കുന്നുണ്ട് പക്ഷേ ആ കുറുമ്പി അത് ഒന്നും സമ്മതിക്കുന്നില്ല.

ആ ചേച്ചിയെ പോലെ നല്ല സുന്ദരി വാവ ആര് കണ്ടാലും ഒന്ന് കൊഞ്ചിക്കാൻ തോന്നും .

ഇടക്ക് ആ ചേച്ചി അച്ഛ വരും എന്ന് പറയുമ്പോ ആ കുറുമ്പി ഒന്ന് അടങ്ങും കുറച്ചു നേരം കഴിയുമ്പോൾ പിന്നെയും തുടങ്ങും കരയാൻ.

അത് കണ്ടു കുറച്ചു നേരം നിന്നതും ബിന്ദു ചേച്ചി വിളിച്ചു അപ്പുറത്തേക്ക് മാറി നിൽക്കാം എന്ന് പറഞ്ഞു.

എന്തോ ആ വാവയെ കണ്ടു കൊതി തീർന്നില്ലായിരുന്നു. മനസില്ലാ മനസോടെ കുറച്ചു മാറി ഞങ്ങൾ നിന്നു.

അവിടെ നിന്നാലും അവരെ നല്ലപോലെ കാണാൻ പറ്റുമായിരുന്നു….

കുറച്ചു കഴിഞ്ഞതും ആ ചേച്ചിയുടെ അടുത്ത് ഒരു ചേട്ടൻ വന്നു നിൽക്കുന്നത് കണ്ടു.

പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം മനസിലായില്ല. വാവയെ എടുത്തതും അവളുടെ കരച്ചിൽ നിന്നു ആ കുറുമ്പിയുടെ അച്ഛൻ ആവും എന്ന് ഞാൻ ഊഹിച്ചു.

വാവയെ എടുത്തു ആ ചേച്ചിയെയും വിളിച്ചു തിരിഞ്ഞു നടന്ന ആളെ കണ്ടതും ഞാൻ അറിയാതെ തന്നെ എന്റെ നാവിൽ നിന്നും ആ പേര് ഉച്ചരിച്ചു “അഭിയേട്ടൻ “………

അച്ഛൻ പറഞ്ഞത് പോലെ അഭിയേട്ടൻ ഇന്ന് ഒരു കുടുംബമായി ജീവിക്കുന്നു. മാറി നിന്നതുകൊണ്ട് അഭിയേട്ടൻ എന്നെ കണ്ടിട്ടുണ്ടാവില്ല. ഉറക്കെ ഒന്ന് കരയണം എന്ന് തോന്നി പക്ഷേ അടക്കി നിന്നു.

ചേച്ചി പല തവണ മൗനത്തിന്റെ കാരണം ചോദിച്ചു എങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. ഒഴിഞ്ഞ സ്ഥലത്തു ഞങ്ങൾ ഇരുന്നു.

പിള്ളേർ ഇപ്പോഴും കാര്യമായ കളി ചിരിയിൽ ആണ് ചേച്ചിയും അച്ഛനും അമ്മയും എല്ലാം അവരുടെ കൂടെ ചേർന്നു എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ എനിക്ക് മാത്രം ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.

മനസിൽ നിറയെ ആ രംഗം മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു ആ ചേച്ചിയെയും വാവയെയും ചേർത്തു പിടിച്ചാണ് അഭിയേട്ടൻ നടന്നു പോവുന്നത്.

എത്രയൊക്കെ അടക്കി നിർത്താൻ നോക്കിയിട്ടും കണ്ണു രണ്ടും നിറഞ്ഞു തൂവികൊണ്ടേ ഇരുന്നു. അവര് കാണാതെ തന്നെ ഞാൻ അവയെ തുടച്ചു നീക്കി.

“”ദേ മോളെ അവിടെ നോക്കിയേ നമ്മുടെ സുദേവ് അല്ലെ അത് “”” ചേച്ചിയുടെ വിളിയാണ് ആലോചനയിൽ നിന്നും എന്നെ ഉണർത്തിയത് ചേച്ചി പറഞ്ഞ ഭാഗത്തേക്ക്‌ ഞാനും നോക്കി.

സുദേവ്….. കൂടെ സുദേവിന്റെ അച്ഛനും അമ്മയെയും പോലെ തോന്നിക്കുന്ന രണ്ടുപേരും ഒരു അച്ചാച്ചനും അമ്മമ്മയും ഉണ്ടായിരുന്നു. അവർ എല്ലാവരും ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്….

“ഹ്മ്മ് മ്മ്മ് ഇത് ഒരു പെണ്ണുകാണൽ തന്നെ….. “ബിന്ദു ചേച്ചി ആണ്… അവരിൽ നിന്നും നോട്ടം മാറ്റി ഞാൻ ചേച്ചിയെ നോക്കി.

“””ഞാൻ അന്നേ നിന്നോട് പറഞ്ഞില്ലേ ആൾക്ക് നിന്നോട് എന്തോ ഉണ്ടെന്നു ഇപ്പൊ കണ്ടില്ലേ നായിക പോയ വഴിയേ നായകൻ വന്നിരിക്കുന്നത്.

അതും വീട്ടുകാരെ കൂട്ടി. അടുത്ത് തന്നെ ഞങ്ങൾക്ക് എല്ലാർക്കും ഒരു കല്യാണം കൂടാമല്ലോ “””””

ചേച്ചിയുടെ വാക്കുകൾ അപ്പോഴും ചെവിയിൽ മുഴങ്ങി കേട്ടു.

ആളുടെ നോട്ടത്തിൽ എനിക്കും പലപ്പോഴും എന്തോ ഉള്ളത് പോലെ തോന്നിട്ടുണ്ട്. ഇപ്പൊ ഇതും കൂടെ ആയപ്പോൾ എന്റെ സംശയങ്ങൾ ശരി വെക്കുന്നത് പോലെ തോന്നി.

ഒരു ധൈര്യത്തിനായി ഞാൻ ചേച്ചിയുടെ കൈകളിൽ മുറുകെ പിടിച്ചു അപ്പോഴേക്കും അവർ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ നടന്നടുത്തു..

പിന്നീട് നോക്കിയപ്പോഴൊന്നും അഭിയേട്ടനെ അവിടെ കണ്ടില്ല… അല്ല ഇനി കണ്ടിട്ടും കാര്യമില്ല.. സ്വപ്നത്തിൽ കണ്ടത് പോലെ അഭിയേട്ടന് വേറെ അവകാശി വന്നിരിക്കുന്നു..

സുദേവ് ആണെങ്കിൽ വീട്ടുക്കാരെയും കൂട്ടിയാണ് വന്നിരിക്കുന്നത്…

എന്താണ് ഉദ്ദേശം എന്നറിയില്ല…ഇനി ചേച്ചി പറഞ്ഞത് പോലെ പെണ്ണ് കാണൽ പരുപാടി ആയിരിക്കോ….

എനിക്ക് ആണെങ്കിൽ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി ഇനിയും പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..

സുദേവിനെ അവിടെ കാണുന്നില്ല പക്ഷെ വീട്ടുക്കാരുടെ നോട്ടം ഇപ്പോഴും എന്റെ നേർക്കാണ്….

അപ്പോഴും മനസിൽ നിറയെ അഭിയേട്ടൻ ആയിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ഒരു ശില കണക്കെ ഞാൻ ഇരുന്നു …

 

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4