Friday, November 22, 2024
Novel

ഭാര്യ-2 : ഭാഗം 11

എഴുത്തുകാരി: ആഷ ബിനിൽ

“ശാലു.. നീ…. നിന്നോടിത് ആരു പറഞ്ഞു..?” “എന്റെ ഉണ്ണിയേ ഇന്ന് രാവിലെ മുതൽ ഇവിടുത്തെ സംസാര വിഷയം ഇതാണ്. നീ ഒഴികെ ഇവിടെ മറ്റെല്ലാവരും അറിഞ്ഞു കഴിഞ്ഞു. നമ്മുടെ സുഷമ മേടത്തിന്റെ ഹസ്ബൻഡിന്റെ ചേച്ചിയുടെ വീടിന് അടുത്താണത്രെ നിന്റെ രാജേഷിന്റെ വീട്. അവിടെയും ന്യൂസ് എത്തി കാണാൻ ചാൻസ് ഉണ്ട്.” നീലു തളർന്നിരുന്നുപോയി. അനീഷിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനർത്ഥം അയാളെ പ്രണയിക്കുന്നു എന്നല്ല.

പ്രണയം പോലൊരു വികാരം ഇതുവരെ ആരോടും തോന്നിയിട്ടുപോലും ഇല്ല. ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് എത്ര ക്രൂരമാണ്..! രാജേഷുമായുള്ള കല്യാണം മുടങ്ങിയാൽ വലിയ വിഷമം ഒന്നും ഉണ്ടാകില്ല, പക്ഷെ ഈ കാരണം കൊണ്ട് മുടങ്ങിയാൽ അതൊരു തീരാവേദനയാകും. അനീഷ് അറിഞ്ഞിട്ടുണ്ടാകുമോ ഇതൊക്കെ..? അയാൾക്കും താൻ കാരണം ഇത്തരം അപവാദങ്ങൾ സഹിക്കേണ്ടി വരുന്നുണ്ടാകുമോ? ഇനി അയാൾ മനപൂർവം..? ഹേയ്.. ഒരിക്കലുമില്ല. അയാൾ അത്തരത്തിൽ ഒരാളല്ല. എന്തായാലും വീട്ടിലേക്ക് പോകുന്നതിന് മുൻപ് അനീഷിനെ കാണാൻ തന്നെ നീലു നിശ്ചയിച്ചു.

ഊണ് കഴിഞ്ഞു സീറ്റിൽ ഇരിക്കുന്നതിന് മുൻപാണ് തന്നെ നോക്കുന്ന കണ്ണുകളിലെ പുച്ഛം അവൾ ശ്രദ്ധിക്കുന്നത്. അതിന്റെ അർത്ഥവും കാരണവും ഇപ്പോൾ മനസിലാകുന്നുണ്ട്. നീലു ആർക്കും മുഖം കൊടുക്കാതെ സ്വന്തം ജോലി തുടർന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് എൻജിനീയർ സതീഷ് ഒരു ഫയലും കൊണ്ടുവന്നു. മുൻപ് ഒന്നുരണ്ടു വട്ടം ഉടക്കിയിട്ടുണ്ടെങ്കിലും നീലു അയാളോട് ദേഷ്യം കാണിക്കാറില്ലായിരുന്നു. അയാളോടെന്നല്ല, ആരോടും. ഫയൽ തന്നിട്ടും സതീഷ് പോകാതെ തിരിഞ്ഞു കളിക്കുന്നത് കണ്ടു:

“എന്തേ സതീഷ്? എന്തെങ്കിലും പറയാൻ ഉണ്ടോ?” അയാൾ ഒന്ന് പരുങ്ങി: “ഹേയ്.. ഇല്ല മേഡം. ഞാനീ ടേബിൾ ഒന്നു നോക്കിയതാണ്. ഉണ്ണിക്ക് ഒരെണ്ണം വേണം എന്നു പറഞ്ഞിരുന്നെ…” “ഓഹ് അതാണോ..” സതീഷ് അവളെ ചിരിച്ചു കാണിച്ചു പോകാൻ ഇറങ്ങി. പിന്നെ എന്തോ ആലോചിച്ചെന്നപോലെ തിരിഞ്ഞുനിന്നു: “കല്യാണം എപ്പോഴെക്കാ മേഡം?” “ഒരു രണ്ടു മാസം കൂടിയുണ്ട് സതീഷ്…” നീലു പുഞ്ചിരിച്ചു. സതീഷിന്റെ മുഖത്തെ ഭാവം അപ്പോൾ അവൾക്ക് മനസിലായില്ല: “ശോ.. വേണ്ടായിരുന്നു മേഡം.” “എന്തൂട്ട്..?” നീലു അമ്പരന്നുപോയി. “അല്ല… ഇവിടെയിപ്പോൾ ആകെ കാണാൻ കൊള്ളാവുന്നതും ബോഡി മെയിന്റയിൻ ചെയ്യുന്നതും ആയ ഒരു ലേഡി സ്റ്റാഫ് മേഡം മാത്രമേയുള്ളൂ.

ഇനി മേഡം കൂടി കല്യാണം കഴിച്ചു പ്രസവിച്ചു അവിടെയും ഇവിടെയുമൊക്കെ തടി വച്ചു വയറും ചാടി വന്നാൽ…….” “ഷട്ടപ്പ്….” നീലു അവനെ മുഴുമിക്കാൻ അനുവദിക്കാതെ ചാടി എഴുന്നേറ്റു. “പിന്നെ.. ഞാൻ പറയുന്നതാണ് ഇപ്പോൾ കുറ്റം. ചെറിയ ചെക്കന്മാരെ കറക്കി എടുത്തു അവരുടെ കൂടെ നാട് നിരങ്ങുന്നതിൽ ഒരു കുഴപ്പവും ഇല്ല.. അവന് ഉള്ളതൊക്കെ എനിക്കും ഉണ്ട് മേഡം. ഒരു അവസരം തന്നാൽ ഞാൻ തെളിയിച്ചു തരാം” ചെവിയടക്കം പുകയുന്ന രീതിയിൽ ഒരെണ്ണം പൊട്ടിച്ചു നീലു. സാധാരണ പെണ്ണുങ്ങളുടെ അടി പോലെയല്ല, സതീഷിന്റെ കണ്ണിൽ പൊന്നീച്ച പാറി. “എന്റെ മുന്നിൽ തെളിയിക്കാൻ നീ ആയിട്ടില്ല സതീഷ്.

പോയി ജോലി എടുക്കു” സതീഷ് ഒന്നും മിണ്ടാനാകാതെ തിരിഞ്ഞു നടന്നു. താടി ഉള്ളതുകൊണ്ട് അടി കിട്ടിയ കാര്യം കാണാൻ കഴിയില്ല. അത്രയും ഉപകാരം. അനീഷിനെ കാണാൻ ഉറപ്പിച്ചാണ് ഇറങ്ങിയത് എങ്കിലും ഓഫീസിനടുത്തെ തട്ടുകടയിലോ ഓപ്പോസിറ്റ് ഉള്ള ജയിൽ പ്രോഡക്ട്സ് വിൽക്കുന്ന ഔട്ട്ലെറ്റിലോ അവനെ കാണാൻ കഴിഞ്ഞില്ല. തട്ടുകടയിലെ ആളോട് തിരക്കി. “അയാൾ ബൈക്കും എടുത്ത് എവിടേക്കോ പോയല്ലോ മോളെ.. നല്ല ടെന്ഷനിൽ ആയിരുന്നെന്ന് തോന്നുന്നു.” നീലു ഫോണെടുത്തു വിളിച്ചു നോക്കിയെങ്കിലും റിങ് ചെയ്യുന്നതല്ലാതെ അവൻ അറ്റൻഡ് ചെയ്തില്ല.

അവൾക്ക് ആധി കയറിതുടങ്ങി. താൻ കേട്ടതൊക്കെ അനീഷും കേട്ടിട്ടുണ്ടാകും. നാട്ടിൻപുറത്തുകരൻ ആണ്. സർവോപരി നിഷ്കളങ്കനും. ഇത്തരം ഒരു അപവാദം താങ്ങാൻ കഴിയുന്നുണ്ടാകില്ല. ഇനി തന്നെ കാണുന്നില്ല എന്നു തീരുമാനിച്ചിട്ടുണ്ടാകും. നീലുവിന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറയാൻ തുടങ്ങി. അപമാനവും അനീഷിന്റെ തിരോധാനവും അവളെ തളർത്തി. 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 വീട്ടിലേക്കുള്ള ഗേറ്റ് കടന്നതും മുന്നിലെ കാർ ശ്രദ്ധയിൽ പെട്ടു. പാർക്കിങ്ങിൽ നിർത്തിയ ആ വണ്ടിയിൽ നിന്ന് രാജേഷിന്റെ അച്ഛനും അമ്മയും ഇറങ്ങിവന്നു. അവരെല്ലാം അറിഞ്ഞു കാണുമെന്ന് നീലുവിന് ഉറപ്പായി. കല്യാണം വേണ്ടന്ന് പറയാനുള്ള വരവാണ്.

അവർ ഇത് വേണ്ടെന്ന് വച്ചാലും വിഷമമില്ല പക്ഷെ താൻ കാരണം അച്ഛനും അമ്മയും ഇനിയും അപമാനിക്കപ്പെടുന്നത് താങ്ങാൻ കഴിയില്ല. “എന്നെപോലെ ഒരു മകളെ ദത്തെടുത്തത് അവർക്ക് ദുഃഖം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.. എന്തൊരു ജന്മമാണ് ഭഗവാനേ ഇത്.. പിടിച്ചുകയറുംതോറും നിലയില്ലാ കയത്തിലേക്ക് വലിച്ചിടുകയാണോ നീയെന്നെ?” നീലു മനസാലെ കരഞ്ഞു. “മോളിന്ന് നേരത്തെ എത്തിയോ?” രാജേഷിന്റെ അമ്മയുടെ ചോദ്യമാണ് നീലുവിനെ ഉണർത്തിയത്. സ്‌കൂട്ടർ സ്റ്റാൻഡിൽ ഇട്ട് അവൾ ഇറങ്ങി. “ഹേയ്. എന്നും ഈ നേരത്ത് വരാറുണ്ട് അമ്മേ..” അവൾ ആ അച്ഛനും അമ്മക്കും ഒരു വിളറിയ ചിരി സമ്മാനിച്ചു.

അപ്പോഴേക്കും വീട്ടുകാർ വന്ന് അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ ആയി. ആ നേരം നോക്കി നീലു അകത്തേക്ക് കടന്നു. “വരു വരൂ. എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ..?” “കുട്ടികൾ രണ്ടാളും ആശുപത്രിയിൽ നിന്ന് വന്നതറിഞ്ഞു. ഒന്ന് കാണാമല്ലോ എന്ന് കരുതി ഇറങ്ങിയതാണ്.” രാജേഷിന്റെ അച്ഛൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ പറയുന്നത് നീലു കേട്ടിരുന്നു. “ആദ്യം തന്നെ കാര്യം പറയേണ്ട എന്നു കരുതിക്കാണും” അവൾ മുറിയിലേക്ക് പോയി. ബാഗ് കട്ടിലിൽ വലിച്ചെറിഞ്ഞു അതിന്റെ ക്രാസിയിൽ ചാരിയിരുന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു. തോളിൽ ഒരു കരസ്പര്ശം തോന്നിയപ്പോഴാണ് മിഴികൾ തുറന്നത്.

പ്രതീക്ഷിച്ചതുപോലെ മീനാക്ഷി ആണ്. “എന്താ നീലു? എന്തു പറ്റി നിനക്ക്..?” “ഹേയ്.. ഒന്നുമില്ല ഏടത്തി” നീലു പുഞ്ചിരിക്കാൻ ശ്രമിച്ചു. “അതല്ല. എന്തോ പ്രശ്നം ഉണ്ടെന്ന് നിന്റെ മുഖം കണ്ടാൽ അറിയാം. ഓഫീസിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?” ആരോടെങ്കിലും ഒന്ന് മനസു തുറന്നാൽ അല്പം ആശ്വാസം കിട്ടും എന്നു നീലുവിന് തോന്നി. പക്ഷേ പറഞ്ഞു തുടങ്ങുന്നതിന് മുൻപേ ഗീത മുറിയിലേക്ക് കയറി വന്നു. “നീ ഇതുവരെ മുഖം പോലും കഴുകിയില്ലേ നീലു? അവര് അവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് നേരം എത്രയായി? വേഗം പോയി റെഡിയായി വായോ” അവർ മകളെ ശകാരിച്ചു. “നീ പോയി മുഖമൊക്കെ കഴുകി ഫ്രഷ് ആയി വാ.

നമുക്ക് പിന്നെ സംസാരിക്കാം.” മീനാക്ഷി പറഞ്ഞു. നീലു മനസ്സില്ലാ മനസോടെ എഴുന്നേറ്റ് ഫ്രഷ് ആയി ഒരു ചുരിദാർ എടുത്തിട്ടു. രോഗീസന്ദർശനം കഴിഞ്ഞ് എല്ലാവരും സ്വീകരണമുറിയിൽ ഇരിക്കുകയാണ്. “വാ മോളെ. ഇരിക്ക്..” രാജേഷിന്റെ അമ്മ അവളെ ക്ഷണിച്ചു. അവൾ അവർക്കരികിൽ പോയിരുന്നു. വിനുക്കുട്ടൻ ഓടി വന്ന് മടിയിൽ ഇരുന്നു. ഒപ്പം മാളൂട്ടിയും ധ്യാനും. ഒടുവിൽ അവർ തമ്മിൽ വഴക്കായി. മീനാക്ഷി എല്ലാത്തിനും സ്നാക്സും കൊടുത്തു അപ്പുറത്തേക്ക് വിട്ടു. “ഹരീ.. മോളെ കുറിച്ചു ചിലത് കേട്ടു. അതൊന്ന് ഇവിടെ വന്ന് പറയാനും കൂടിയാണ് ഞങ്ങളിപ്പോ വന്നത്” രാജേഷിന്റെ അച്ഛൻ മുഖവുരയില്ലാതെ പറഞ്ഞു.

“എന്താ സുഗുണാ..? എന്താ കാര്യം?” “പറയാം. അതിന് മുൻപ് മോളെ. നിനക്ക് അനീഷുമായി എന്താ ബന്ധം..?” നീലു ഞെട്ടിത്തരിച്ചുപോയി. കല്യാണം മുടങ്ങും എന്നുവരെ മനസിൽ ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനൊരു പരസ്യ വിചാരണ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. “അച്ഛാ.. ഞാൻ.. എനിക്ക്.. നിങ്ങളെ എങ്ങനെയാണ് പറഞ്ഞു മനസിലാക്കേണ്ടത് എന്നെനിക്കറിയില്ല. അനീഷ് എന്റെയൊരു നല്ല സുഹൃത്താണ്. ഒരു ദിവസം രാത്രി വണ്ടി ഓഫ് ആയി പോയപ്പോൾ എന്നെയിവിടെ കൊണ്ടുവന്ന് വിട്ടിട്ടുണ്ട്. ഓഫീസിന്റെ എതിരെയുള്ള ജയിലിന്റെ പുതിയ ബ്ലോക്ക് പണിയുടെ സൂപ്പർവൈസർ അയാളാണ്.

അതുകൊണ്ട് ഇടക്കിടെ കാണാറുണ്ട്. പിന്നെ അന്ന് ഷൊർണൂർ അമ്പലത്തിൽ എന്നെ കൊണ്ടാക്കിയതും തിരികെ കൊണ്ടുവന്നതും അയാളാണ്. ഇതൊക്കെയാണ് എനിക്ക് അയാളുമായുള്ള ബന്ധം.” “ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങളല്ലേ?” ശിവപ്രസാദ് ചോദിച്ചു. അയാളും മറ്റെല്ലാവരും ഈ ചോദ്യം ചെയ്യലിന്റെ കാരണം അറിയാതെ പകച്ചിരിക്കുകയായിരുന്നു. “അറിയാം ശിവേട്ടാ. മോളുടെ കൂടെ ജോലി ചെയ്യുന്നൊരു കുട്ടിയുടെ ചേച്ചി നമ്മുടെ കോളനിയിൽ താമസിക്കുന്നുണ്ട്. സാധാരണ കണ്ടാൽ കണ്ട ഭാവം നടിക്കാതെ പോകുന്ന ആളാണ്. ഇന്ന് എന്നെ കാണാൻ വന്നിരുന്നു.

മോൾക്ക് ഒരാളുമായി ബന്ധം ഉണ്ടെന്നും ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നതാണ് ഞങ്ങളുടെ മകന്റെ ഭാവിക്ക് നല്ലതെന്നും പറയാൻ. കാര്യം കേട്ടപ്പോഴേ അനീഷിനെ ആണ് ഉദ്ദേശിക്കുന്നത് എന്നു മനസിലായി. ഇത്രനാളും ഇല്ലാത്ത താല്പര്യം ഞങ്ങളുടെ മകന്റെ കാര്യത്തിൽ അവർ കാണിച്ചപ്പോഴേ പാര പണിയാൻ ആണ് വരവെന്ന് ബോധ്യമായി. മോളെ വിളിച്ചു സംസാരിക്കാം എന്നാണ് ആദ്യം കരുതിയത്. രാജേഷ് ആണ് പറഞ്ഞത് നേരിട്ട് ഇവിടെ വരെയൊന്ന് വരാൻ.” അവർ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു പോയിരുന്നു നീലു. രാജേഷിന്റെ അമ്മ അവളുടെ പുറത്ത് തടവി അശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഒട്ടുനേരം കഴിഞ്ഞാണ് നീലു ഒന്ന് സമാധാനപ്പെട്ടത്. “അയ്യേ.. ഇത്രേയുള്ളൂ ഉണ്ണീ നീയ്..? നല്ല ധൈര്യം ഉള്ള കുട്ടി ആണെന്നാ ഞാൻ കരുതിയിരുന്നത്. ഇതിപ്പോ കൊച്ചു കുട്ടികളെപ്പോലെ.. ശെയ്.. മോശം മോശം.. ആരെന്തു പറഞ്ഞാലും ഞങ്ങൾക്ക് നിന്നെ വിശ്വാസം ആണ് മോളെ.” അവർ അവളെ കളിയാക്കി. സത്യത്തിൽ ഇപ്പോഴാണ് ചെമ്പമംഗലത്തെ എല്ലാവരുടെയും ശ്വാസം നേരെ വീണത്. നീലുവിന്റെ സ്‌പെഷ്യൽ ഇഞ്ചി ചായയും കുടിച്ചാണ് രാജേഷിന്റെ അച്ഛനും അമ്മയും മടങ്ങിയത്. വല്യച്ഛൻ തനിക്ക് കണ്ടുപിടിച്ച കുടുംബം തെറ്റിയിട്ടില്ല എന്ന് നീലുവിന് ബോധ്യമായി. അവർ ഇറങ്ങിയ ഉടനെ രാജേഷ് വിളിച്ചു.

അവനോട് സംസാരിച്ചുകൂടി കഴിഞ്ഞപ്പോൾ മനസ് ശാന്തമായി. അപ്പോഴാണ് അനീഷിനെ ഓർമ വന്നത്. ഇപ്പോഴും റിങ് ഉണ്ടെങ്കിലും അവൻ ഫോൺ എടുക്കുന്നില്ല. വീണ്ടും നിരാശ വന്നു മൂടാൻ തുടങ്ങി. നീലു തനുവിന്റെ മുറിയിലേക്ക് പോയി. കാശി എത്തിയിട്ടില്ല. പൊടിക്കുഞ്ഞു നല്ല ഉറക്കമാണ്. തനു വെറുതെ പാട്ട് കേട്ടു കിടക്കുന്നു. നീലു അവൾക്കരികിൽ ചെന്നിരുന്നു. “നീലു..” അവൾ മുഖമുയർത്തി നോക്കി. “എന്താടി..?എന്താ നിനക്ക് ഇത്രമാത്രം വിഷമം? എല്ലാം കലങ്ങി തെളിയാൻ പോകുകയല്ലേ?” നീലു അനീഷിന്റെ കാര്യം അവളോട് പങ്കുവച്ചു. അവൻ കൂടെയുള്ളപ്പോൾ താൻ എത്ര ഹാപ്പി ആണെന്നും അവന്റെ സാന്നിധ്യം നൽകുന്ന പൊസിറ്റിവിറ്റി എത്രമാത്രം ആണെന്നും.

ഒപ്പം, രാജേഷിനോട് തനിക്ക് ഫീലിംഗ്‌സ് ഒന്നും തോന്നാത്തതും. “നീലു.. രാജേഷ് ആയാലും അനീഷ് ആയാലും നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക് തന്നെ വരും. അതിൽ നീ എത്ര ടെൻഷൻ അടിച്ചിട്ടും ഒരു കാര്യവുമില്ല. അനീഷ് പെട്ടന്ന് അങ്ങനെയൊക്കെ കേട്ടത്തിന്റെ ഷോക്കിൽ ആയിരിക്കും ഫോൺ എടുക്കാത്തത്. കുറച്ചു കഴിയുമ്പോ തിരിച്ചു വിളിക്കും. ഇനി വിളിച്ചില്ലെങ്കിൽ, അതിനർത്ഥം അവന് നിന്റെ ലൈഫിലെ റോൾ കഴിഞ്ഞു എന്നാണ്. എത്രയോ ആളുകൾ ഉണ്ട്, ഒരു കാലത്ത് നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ ആയിരുന്നവർ. ഇപ്പോൾ എവിടെയാണ് എന്നുപോലും നിശ്ചയം ഇല്ലാത്തവർ.

അവരിൽ ഒന്നായിരിക്കും ചിലപ്പോൾ അവനും.” നീലു ആധിയോടെ തനുവിനെ നോക്കി. “അങ്ങനെ ആണെന്നല്ല, ആണെങ്കിലും അതത്രയെ ഉള്ളൂ എന്ന് മനസിലാക്കണം നീ.” തനുവിനോട് സംസാരിച്ചു കുഞ്ഞുങ്ങളുടെ കൂടെ കുറേനേരം കളിച്ചും കഴിഞ്ഞപ്പോൾ നീലുവിന് മനസൊന്നു ശാന്തമായപോലെ തോന്നി. 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 പിറ്റേന്ന് നീലു ഓഫീസിൽ നിന്ന് വന്നപ്പോഴേക്കും ഒരു പുതിയ വാർത്ത ഉണ്ടായിരുന്നു ശിവന്റെ കയ്യിൽ. “മോളെ.. കല്യാണത്തിന് മുഹൂർത്തം കുറിപ്പിച്ചു കേട്ടോ. മേയ് 12ന് ആണ് തിയതി. മലയാള മാസം മേടം 29. എന്നുവച്ചാൽ കല്യാണത്തിന് ഇനി നാല്പതിരണ്ടു ദിവസം മാത്രം…” അച്ഛന്റെ വാക്കുകൾ കേട്ട് നീലു ഒരു സ്വപ്നത്തിൽ എന്നവണ്ണം നിന്നു.

“അപ്പോൾ ഇനി അധികം ദിവസം ഇല്ലല്ലോ ഏട്ടാ. ഡ്രസ് എടുക്കണം, ആഭരണങ്ങൾ ഇപ്പോഴത്തെ ഫാഷൻ അനുസരിച്ചു മാറ്റി വാങ്ങണം, ഓഡിറ്റോറിയം ബുക് ചെയ്യണം, അതിഥികളെ ക്ഷണിക്കണം.. കാര്യങ്ങൾ ഒരുപാടല്ലേ.?” “അതേയതെ. ഇവിടുത്തെ അവസാനത്തെ കല്യാണം അല്ലെ. കെങ്കേമം ആക്കണം നമുക്ക്.” “അച്ഛാ ഇത്ര പെട്ടന്ന് എന്നൊക്കെ പറയുമ്പോൾ. പ്രത്യേകിച്ചു ഏട്ടൻ ഈ അവസ്ഥയിൽ നിൽക്കുമ്പോൾ..” നീലു ചോദിച്ചു. “അതിനിപ്പോ എന്താ നീലു.? ഒരാഴ്ച കൂടി കഴിഞ്ഞാൽ പ്ലാസ്റ്റർ എടുക്കാം പിന്നെ ഒരു രണ്ടാഴ്ച കൊണ്ട് ഞാൻ നോർമൽ ആകും.” അവൻ പറഞ്ഞു. പിന്നെ എല്ലാവരും കല്യാണ ചർച്ചകളിലേക്ക് കടന്നു. കുടുംബത്തിൽ എല്ലാവരുടെയും സന്തോഷം നീലുവിൽ ആശങ്കയാണ് നിറച്ചത്.  (തുടരും)-

ഭാര്യ-2 : ഭാഗം 10