Wednesday, December 18, 2024
Novel

ഭാര്യ-2 : ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

ആദ്യമായി ഇത്തരം ഒരു ഉദ്യമത്തിനു കടക്കുന്നതിന്റെ എല്ലാ ടെൻഷനും SIക്ക് ഉണ്ടായിരുന്നു. സിനിമകളിൽ ഒക്കെ വില്ലനെ കാണുമ്പോൾ പുറകിലേക്ക് പോയി ഭിത്തിയിൽ തട്ടി നിൽക്കുന്ന നായികയെ ആണ് അയാൾ കണ്ട് ശീലിച്ചത്‌. ഇതിവിടെ നീലു വടിപോലെ നിൽക്കുകയാണ്. അത് കണ്ട് ചെറിയ വിറയൽ തോന്നിയെങ്കിലും അയാളത് പുറത്തു കാണിച്ചില്ല. നീലു ഈ സമയം കൊണ്ട് നെയിം പ്ളേറ്റ് നോക്കി അയാളുടെ ഫുൾ നെയിം പഠിച്ചുവച്ചു. SI ധൈര്യം സംഭരിച്ചു വരുന്നത് കണ്ടതോടെ അവൾ സംസാരിച്ചു തുടങ്ങി: ” “അനിരുദ്ധൻ കെ….” സാറേ.. എന്റെ ഭീഷണി എന്നൊക്കെ പറഞ്ഞാൽ ചില പീറ പിള്ളേരെപ്പോലെ എന്റെ ഏട്ടൻ വന്ന് സാറിനെ അങ്ങു മൂക്കിൽ കയറ്റി കളയും എന്നൊന്നും അല്ല.

എന്നെ തൊട്ടാൽ, പിന്നൊരു പെണ്ണിനേയും തൊടാൻ സാറിന്റെ ഈ കൈ പൊങ്ങില്ല. അപ്പോ… സാർ ആലോചിച്ചു തീരുമാനിക്ക്, എന്തു വേണം എന്ന്. ഞാൻ പുറത്തു കാണും” ഉറപ്പോടെ പറഞ്ഞു നീലു അയാളുടെ മറുപടിക്ക് കാത്തു നിൽക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് പോയി. അവിടെ ഉണ്ടായിരുന്ന പകുതിയിലധികം പോലീസുകാരും അകത്തെന്താണ് നടക്കുന്നത് എന്നറിയാൻ വാതിലിന് മുൻപിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ ആയാലും കുടുംബശ്രീ മീറ്റിങ്ങിൽ ആയാലും മലയാളി മലയാളി തന്നെ..! നീലു ഇറങ്ങി വരുന്നത് കണ്ടതോടെ അവർ ചിതറിയോടി മച്ചിലേക്കും തറയിലേക്കും നോക്കി നിന്നു. എല്ലാവരിലും ഒരു ചമ്മൽ പ്രകടമായിരുന്നു.

നീലു ആരെയും കൂസാതെ ആദ്യം ഇരുന്ന ബെഞ്ചിൽ പോയിരുന്നു. SI ആണെങ്കിൽ നീലു പറഞ്ഞ വാക്കുകളുടെ അർത്ഥം ആലോചിച്ചു അവിടെ തന്നെ നിന്നുപോയിരുന്നു. അവളുടെ പുറകെ പോയി പിടിച്ചു വലിച്ചു കൊണ്ടുവരാൻ മനസ് പറയുന്നുണ്ടെങ്കിലും തോന്നുംപടി പ്രവർത്തിക്കാൻ ഇത് പഴയ നിക്കർ പോലീസിന്റെ കാലം ഒന്നും അല്ല എന്ന ബോധ്യം അയാൾക്കുണ്ട്. നീലു വളരെ സ്‌ട്രോങ് ആയ സ്ത്രീ ആണെന്ന് നന്നായി മനസിലായിട്ടുമുണ്ട്. കൂടാത്തതിന് DIGയുടെ അനിയത്തിയും. ഇതൊന്നും പോരാത്തതിന്, പെണ്ണ് കേസിലെങ്ങാൻ പെട്ട് പോയാൽ പിന്നെ ഈ തൊപ്പിയും കസേരയും അകലെ നിന്ന് കണ്ടുകൊണ്ടിരിക്കാൻ മാത്രമേ പറ്റൂ.

“എന്നാലും.. അവളെന്താ അങ്ങനെയൊക്കെ പറഞ്ഞത്? ഇനി അവളുടെ കയ്യിൽ തോക്ക് വല്ലതും കാണുമോ..? ഹെയ്…” അയാൾ ഓരോന്നും ആലോചിച്ചും കണക്ക് കൂട്ടിയും സ്വന്തം കസേരയിലിരുന്നു. അധികം വൈകാതെ നീലുവിനെ ജാമ്യത്തിൽ ഇറക്കാൻ വക്കീൽ എത്തി. കാശിയുടെയും തനുവിന്റെയും നീലുവിന്റെയും ഒക്കെ പൊതു സുഹൃത്തായ സുദീപ് ആണ് വന്നത്. അവൾക്ക് സപ്പോർട്ട് ചെയ്യുന്ന ഡോക്യുമെന്റസ് എല്ലാം കാശി സമർപ്പിച്ചു കഴിഞ്ഞിരുന്നു. ഇനി വിജിലൻസിന്റെ മുൻപാകെ മൊഴി കൊടുത്താൽ മാത്രം മതി. പോകും മുൻപ് നീലുവിന്റെ കടുത്ത നോട്ടം താങ്ങാനാകാതെ SI തലകുനിച്ചു. “അപ്പോ പോട്ടെ സാറെ. ഞാൻ ഇവിടൊക്കെ തന്നെ കാണും.

കാണാം…” സിനിമാ സ്റ്റൈലിൽ അങ്ങനെ രണ്ടു ഡയലോഗും വച്ചു കാച്ചിയിട്ടാണ് ഇറങ്ങിയത്. പാർക്കിങ്ങിൽ കിടന്ന സുദീപിന്റെ കാറിനരികിലേക്ക് അവർ നടന്നു. ഫോൺ തിരിച്ചു കിട്ടിയതോടെ നീലു വീട്ടിലും കാശിയെയും ഏട്ടന്മാരെയും ഒക്കെ വിളിച്ചു വിവരം പറഞ്ഞു. ഓഫീസിൽ ലീവും പറഞ്ഞു. “അയാൾക്ക് ഒന്നു പൊട്ടിക്കാൻ വയ്യായിരുന്നോ?” “നിനക്കെങ്ങനെ അറിയാം?” നീലു അത്ഭുതത്തോടെ ചോദിച്ചു. ഡാൻസ് സ്‌കൂളിലെ വിഷയം അവിടെ കഴിഞ്ഞു എന്ന ധാരണയിൽ SIയുടെ കാര്യം അവൾ ആരോടും പറഞ്ഞിരുന്നില്ല. “ആ റൈറ്റർ കൃഷ്ണരാജ് എന്റെ ഒരു സുഹൃത്താണ്. പുള്ളി പറഞ്ഞു. ആൾ സ്ത്രീവിഷയത്തിൽ സ്വല്പം മുൻപിൽ ആണെന്നും നിന്നെ അയാൾക്കൊരു നോട്ടം ഉണ്ടെന്നും. എന്തോ മുൻവൈരാഗ്യം മനസിൽ വച്ചു പെരുമാറുന്നത് പോലെ തോന്നുന്നെന്ന്.”

“ഹ്മ്മ.. പൊട്ടിക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്താൽ അയാളുടെ ഉള്ളിലെ ഭയം മാറി പക നിറയും. ഈ ഭയം ആണ് എനിക്ക് ആവശ്യം. അതാണ് എനിക്കിഷ്ടം.” “നിനക്ക് ഒരു മാറ്റവും ഇല്ലല്ലേ..” രണ്ടാളും ചിരിച്ചു. “ഡീ.. നിന്റെ ന്യൂസ് ആദ്യം പബ്ലിഷ് ചെയ്തത് മലയാളഭൂമി ചാനലിലെ പുതിയ റിപ്പോർട്ടർ സാജൻ എന്നൊരുത്തൻ ആണ്. ചാനൽ മാപ്പ് പറഞ്ഞു ന്യൂസ് വന്നു കഴിഞ്ഞു. സാജനെതിരെ മാനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട് ഞാൻ. നീയുമായി ഒരു സെറ്റിൽമെന്റ് പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ഓഫീസിൽ ഇരുത്തിയിട്ടുണ്ട്.” “എന്നെ കുറെ വെള്ളം കുടിപ്പിച്ചതല്ലേ. അവിടെ ഇരിക്കട്ടെ. നമുക്ക് പോയി എന്തെങ്കിലും കഴിക്കാം. നല്ല വിശപ്പ്…” നീലു വയറു തിരുമിക്കൊണ്ടു പറഞ്ഞു.

“എന്നാൽ പിന്നെ നിളയിൽ പോകാം. നല്ല ഇഡ്ഡലി കിട്ടും” സുദീപ് പറഞ്ഞു. രണ്ടാളും കൂടി ഭക്ഷണം കഴിച്ചു വിജിലൻസ് ഓഫീസിൽ പോയി മൊഴി കൊടുത്തു ഉച്ചയോട് അടുപ്പിച്ചാണ് സുദീപിന്റെ ഓഫീസിൽ എത്തിയത്. സാജൻ അവിടെ തന്നെ വേര് പിടിച്ചതുപോലെ ഇരിപ്പുണ്ടായിരുന്നു. ചാനലിൽ പുതിയതായ തനിക്ക് ഒരു വില ഇല്ലാത്തത് കൊണ്ട് ഒന്ന് ഷൈൻ ചെയ്യാൻ ആണ് കേട്ടപാതി കേൾക്കാത്ത പാതി എടുത്തു ചാടി ന്യൂസ് എയർ ചെയ്യിച്ചത്. ഇപ്പോൾ പുലിവാലാകും എന്നു മനസിലായപ്പോൾ ചാനലുകാർ മാപ്പ് പറഞ്ഞു തലയൂരി. സാജൻ പെടുകയും ചെയ്തു. നീലുവിന്റെയും സുദീപിനെയും കണ്ടപ്പോൾ അയാൾ ഭവ്യതയോടെ എഴുന്നേറ്റ് നിന്നു.

അവർ അയാളെ നോക്കാതെ അകത്തേക്ക് കയറി കുറച്ചു നേരം വെറുതെ സംസാരിച്ചിരുന്നു. പിന്നെ പ്യൂണിനെ വിട്ട് അയാളെ വിളിപ്പിച്ചു. “മേഡം.. എനിക്കൊരു അബദ്ധം പറ്റിയതാണ്. കേസ് ആക്കരുത്. ചാനലിൽ കയറിയിട്ട് മാസം മൂന്ന് ആകുന്നതേയുള്ളൂ. വീട്ടിൽ ഭാര്യയും മോനും പ്രായമായ മാതാപിതാക്കളും ഒക്കെ ഉള്ളതാണ്.” “സാജൻ ഈ പറഞ്ഞപോലെ പ്രായമായ മാതാപിതാക്കൾ എന്റെ വീട്ടിലും ഉണ്ട്. വിവാഹിത അല്ലാത്തത് കൊണ്ട് ആവശ്യത്തിൽ കൂടുതൽ അപവാദങ്ങൾ ഇതുവരെ ഞാൻ കേട്ട് കഴിഞ്ഞു. ഇപ്പോൾ തന്നെ ചാനൽ വാർത്ത പിൻവലിച്ചിട്ടും പല ഓൺലൈൻ പോർട്ടലുകളും എന്നെ കുറിച്ചു എഴുതി പിടിപ്പിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ..?

എന്റെ സ്‌കൂൾ കാലത്തെ പ്രണയം മുതൽ ഇടുന്ന വസ്ത്രത്തിന്റെ വില വരെ അവര് ചർച്ച ചെയ്യുകയാണ്. ഞാൻ നടത്തിയ നൃത്ത പരിപാടികളുടെ വീഡിയോ ഒക്കെ അശ്ലീലം ചേർത്തു വിളമ്പി രസിക്കുകയാണ്. എന്റെ അവിഹിത ബന്ധങ്ങൾ കണ്ടു പിടിക്കാൻ നെട്ടോട്ടം ഓടുകയാണ്. നിങ്ങൾ ഒരാൾ കാരണം ആണ് ഇതെല്ലാം ഇപ്പോൾ സംഭവിച്ചത്. എന്നിട്ട് ഞാൻ ക്ഷമിക്കണം അല്ലെ?” പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും നീലു കിതച്ചു പോയിരുന്നു. സാജൻ മറുപടിയൊന്നും പറയാൻ ഇല്ലാതെ തല താഴ്ത്തി. “സാജൻ.. ഈ കേസിന്റെ പിന്നാലെ നടന്നു കളയാൻ എനിക്ക് സമയം ഇല്ലാത്തത് കൊണ്ട് ഞാൻ ഇതിവിടെ അവസാനിപ്പിക്കുകയാണ്.” സാജന്റെ മുഖം പ്രകാശമാനമായി. നീലു തുടർന്നു:

“പക്ഷെ ഇനിയെങ്കിലും ഒരു വാർത്ത കൊടുക്കുന്നതിന് മുൻപ് അതിന്റെ വിശ്വാസ്യത പരിശോധിച്ചു ഉറപ്പ് വരുത്തണം. മലയാളി എന്ത് കാണണം, എന്ത് അറിയണം എന്ന തീരുമാണിക്കുന്നവർ ആണ് നിങ്ങൾ ജേണലിസ്റ്റുകൾ. നിങ്ങൾ കുറേക്കൂടി ജാഗ്രത പുലർത്തണം. തൊഴിലിനോട് ആത്മാർഥതയും.” “ഞാൻ ശ്രദ്ധിച്ചുകൊള്ളാം മേഡം..” “ഹ്മ്മ.. എങ്കിൽ സാജൻ പൊയ്ക്കോളൂ” അയാൾ നീലുവിനോടും സുദീപിനോടും നന്ദി പറഞ്ഞു എഴുന്നേറ്റ് പോയി. നീലു അടുത്ത ബസിൽ കയറി വീട്ടിലേക്ക് പോയി. ഇടയിൽ പലരും സംശയത്തോടെ നോക്കുന്നത് കണ്ടു.

എല്ലാവർക്കും അവൾ തന്റെ ഏറ്റവും മനോഹരമായ പുഞ്ചിരി സമ്മാനിച്ചു. വീട്ടിൽ ഏട്ടനും ഏടത്തിയും അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഒക്കെ കാത്തു നിൽക്കുകയായിരുന്നു. എല്ലാവരെയും ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു. പിറ്റേന്ന് ഓഫീസിലും ചർച്ച നീലു തന്നെ ആയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലരും അവളെ വിമർശിച്ചു. പുരുഷന്മാർക്ക് ആയിരുന്നു കൂടുതൽ താല്പര്യം. “ഇത്രയും ഒക്കെ ആയിട്ടും ഒരുങ്ങിക്കെട്ടി ഉള്ള വരവിന് ഒരു കുറവും ഇല്ല..” “അത് തന്നെ. ഇതിപ്പോ ചേച്ചിയുടെ ഹസ്ബൻഡ് DIG ആയതുകൊണ്ട് കൊള്ളാം. നമ്മൾ ഒക്കെ ആണെങ്കിൽ അകത്തുപോയി കിടക്കേണ്ടി വന്നേനെ.” “അയാള് കാണാനും ചുള്ളൻ ആണല്ലോ. ഇനിയിപ്പോ അയാൾ ഉള്ളതുകൊണ്ടാണോ വേറെ കെട്ടാത്തത് എന്ന് ആർക്കറിയാം.”

അതുകൂടി കേട്ടതോടെ നീലുവിന്റെ ക്ഷമ കേട്ടു. അവൾ മേശയിൽ ശക്തിയായി അടിച്ചുകൊണ്ട് അവരുടെ ശ്രദ്ധ തിരിച്ചു: “സതീഷും ലിജോയും ഒന്നിങ്ങു നോക്കിക്കേ” അവർ എന്താണ് അവളുടെ നീക്കം എന്നറിയാതെ പകച്ചു. “ഇന്നലെ നടന്ന സംഭവത്തിൽ ഞാൻ തെറ്റുകാരി അല്ലെന്ന് എന്നെപോലെ തന്നെ നിങ്ങൾക്കും അറിയാം. ഇനിയും എന്റെ മുന്നിൽ നിന്ന് കുരച്ചാൽ, നിങ്ങളൊക്കെ എനിക്ക് അയച്ച വാട്‌സ്ആപ്പ് മെസേജുകൾ മാത്രം മതി നിന്റെയൊക്കെ പകൽ മാന്യതയുടെ മുഖമൂടി അഴിഞ്ഞു വീഴാൻ. വെറുതെ എന്നെ കൊണ്ട് അത് ചെയ്യിക്കരുത്.” സതീഷും ലിജോയും മുഖത്തോടുമുഖം നോക്കി. രണ്ടു പേരുടേയും മുഖം വിളറി വെളുത്തിരുന്നു.

“എന്തിനാ സാറേ അതിന്റെ വായിൽ നിന്ന് കേൾക്കാൻ നിക്കുന്നത്..?” സുഷമ എന്ന സ്റ്റാഫ് ചോദിച്ചു. പറയുന്നതിന് ഉടനടി മറുപടി കിട്ടുന്നത് കൊണ്ട് നീലുവിനോട് കൊമ്പുകോർക്കാൻ അവിടുത്തെ സ്ത്രീജനങ്ങൾ പൊതുവെ മുതിരാറില്ല. സംഭവബഹുലമായ ആ ദിനവും കടന്നുപോയി. വൈകുന്നേരം ഇറങ്ങാൻ നേരം വണ്ടി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഓഫ്..! ബസിന് പോകാം എന്ന് കരുതി പുറത്തേക്കിറങ്ങി. റോഡിൽ നിൽക്കുമ്പോൾ ഇടതു വശത്തെ ചെറിയ തട്ടുകടയിൽ അവിടുത്തെ കച്ചവടക്കാരനോട് ചിരിച്ചും സംസാരിച്ചും ചായ കുടിക്കുന്ന ചെറുപ്പക്കാരനിൽ കണ്ണുകൾ തറഞ്ഞു. അനീഷ്..! ഇവനെ കാണുമ്പോൾ എല്ലാം വണ്ടി ഓഫ് ആകുകയാണല്ലോ… നല്ല ശകുനം. എന്തായാലും പോയി ഒന്ന് സംസാരിച്ചു കളയാം. ഒരു നന്ദി പറയാമല്ലോ. “അനീഷ്…”  (തുടരും)-

ഭാര്യ-2 : ഭാഗം 4