Tuesday, December 17, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 43

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

കാത്തിരിപ്പാണ് നന്ദൂട്ടാ… നമ്മുടെ പ്രണയത്തിന്റെ സാഫല്യത്തിനായി.. വയറിൽ കൈ ചേർത്തവൾ പറഞ്ഞു.. അവളിൽ നിന്നൊരു നറു പുഞ്ചിരി അവനിലേക്കും പകർന്നു കിട്ടി… പിന്നീടുള്ള ദിവസങ്ങൾ അത്രയും കാത്തിരിപ്പായിരുന്നു… കുഞ്ഞിനായുള്ള കാത്തിരിപ്പ്… വയറുവലുതാകുന്നതിനൊപ്പം തന്നെ വസുവിന്റെയും കണ്ണന്റെയും പ്രതീക്ഷകളും വളർന്നു തുടങ്ങിയിരുന്നു… ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ്… പ്രണയത്തിന്റെ ബാക്കി പത്രം.. വാക്കുളാൽ വരച്ചിടുക എന്നത് അസാധ്യം തന്നെയാണത്..

തന്റെ ഉള്ളിലെ സ്ത്രീയോടൊപ്പം അഥവാ ഉള്ളിലെ ജീവന്റെ തുടിപ്പിനൊപ്പം വളരുകയായിരുന്നു വസുവിലെ അമ്മയും.. കണ്ണനിലെ അച്ഛനും… ജയപ്രകാശും മാധവും എപ്പോഴും യാത്രയിൽ ആയിരുന്നത് കൊണ്ട് തന്നെ സുമയും സുദേവും കണ്ണന്റെ വീട്ടിൽ തന്നെയായിരുന്നു താമസം. ഹരിയും മെച്ചപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളു.. മാത്രമല്ല പ്രസവകാലത്തുള്ള ചടങ്ങുകളിലൊന്നും കണ്ണനും വസുവിനും യാതൊരു വിധ താല്പര്യങ്ങളും ഉണ്ടായിരുന്നില്ല.. പിരിഞ്ഞിരിക്കാനും രണ്ടുപേർക്കും കഴിയാത്തത് കൊണ്ട് തന്നെ എല്ലാവരും ഒരുമിച്ചു നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി.. ഹരി പതിയെ പതിയെ പഴയ ആരോഗ്യമൊക്കെ വീണ്ടെടുത്തു തുടങ്ങിയിരുന്നു..

ഓരോ അടിവെച്ചു നടക്കാനൊക്കെ കഴിയും.. എങ്കിലും അധികം സ്‌ട്രെയിൻ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. അപ്പൂട്ടന്റെ കളിചിരികൾ മാത്രമായിരുന്നു അവളുടെ ലോകം.. സുദേവിന്റെയും ഹരിയുടെയും പിണക്കം ഒരുവിധം ഉരുകി തുടങ്ങിയിരുന്നു.. അഥവാ മറ്റുള്ളവരുടെ മുന്നിൽ അതങ്ങനെ നിലനിന്നില്ല… പകരം നാലു ചുവരുകൾക്കുള്ളിൽ ഹരിയും സുദേവും തീർത്തും അപരിചിതരായി തന്നെ തുടർന്നു.. ശീതയുദ്ധം… മരണത്തേക്കാൾ തങ്ങളിൽ വേരൂന്നി കാർന്നു തിന്നുന്നു. ഇനിയും ഈ വേദന സഹിക്കണോ? എല്ലാം വസുവിനോട് തുറന്നു പറഞ്ഞാലോ…

ഹരിയുടെ ചിന്തകൾ പലതരത്തിൽ ഉഴറികൊണ്ടിരുന്നു.. അന്ന് രാത്രി എന്തൊക്കെ വന്നാലും അവളോട് സംസാരിക്കണം എന്ന ധാരണയിൽ എത്തി.. പതിയെ തന്റെ വാക്സ്റ്റിക്കിൽ കൈകളൂന്നി സുജയുടെ സഹായത്തോടെ വസുവിന്റെ മുറിയുടെ മുന്നിലെത്തി… എന്തിനെന്നറിയാതെ ഒരാശങ്ക തന്നെ പൊതിയുന്നതായി ഹരിക്ക് തോന്നിയെങ്കിലും കാര്യമാക്കിയില്ല… വാതിലിൽ മുട്ടി പുറത്തു തന്നെ കാത്തു നിന്നു… കുറച്ചു സമയം കഴിഞ്ഞാണ് വസു വാതിൽ തുറന്നത്.. ഹരിയെ മുന്നിൽ കണ്ടതും ആദ്യമൊന്ന് അമ്പരന്നു പിന്നെ പുഞ്ചിരിച്ചു.. എന്ത് പറ്റി… ഇങ്ങോട്ടേക്ക് വരാൻ തനിച്ചാണോ വന്നത്?

വസു തിരക്കി.. അല്ല… അമ്മയും ഉണ്ടായിരുന്നു.. എന്നെ ഇവിടെ വിട്ടിട്ട് താഴേക്ക് പോയി. ഞാൻ വന്നത്.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.. വാ അകത്തേക്ക്… വസു അവൾക്കായി വഴി മാറി കൊടുത്തു.. അകത്തു കയറിയതും വാതിൽ അടച്ചു.. തിരിഞ്ഞു നിന്നു… പറയൂ… എന്താണ് ഹരിപ്രിയക്ക് പറയാനുള്ളത്..? നെഞ്ചിൽ കൈകെട്ടി നിന്നുകൊണ്ട് വസു തിരക്കി.. ദേവേട്ടനും കണ്ണേട്ടനും എന്നോട് മിണ്ടീട്ട് ഏകദേശം അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… എനിക്കറിയാം… എല്ലാം എന്റെ തെറ്റ് കൊണ്ടാണെന്ന്.. ഹരി പറഞ്ഞു തുടങ്ങിയതും വസു പറഞ്ഞു.. നന്ദൂട്ടനോട് ഞാൻ പറയാം..

പക്ഷേ സ്വയം തോന്നി മിണ്ടണതാണ് കുറച്ചുകൂടെ നല്ലത്.. പിന്നെ ഇച്ഛനോട് പറയാൻ ഞാൻ ആളല്ല.. കാരണം നിന്നെ സ്നേഹിച്ചു സ്വന്തമാക്കിയതാണ്.. ആ മനസ് അത്രമേൽ നീറണമെങ്കിൽ നിന്റെ ചതി വളരെ വലുതായിരിക്കില്ലേ? വസു തന്റെ അഭിപ്രായം പറഞ്ഞു.. തിരിച്ചൊന്നും പറയാനാകാതെ കണ്ണുനീർ വാർക്കാൻ മാത്രമേ ഹരിക്കായുള്ളു.. ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്.. എന്നെ ജീവനേക്കാളേറെ സ്നേഹിച്ച നിന്റെ ഏട്ടനോടും… എന്നെ സ്വന്തമായി കണ്ട നിന്നെയും ഞാൻ ഒരുപാട് നോവിച്ചു.. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും.. മാപ്പു പറയാൻ മാത്രമേ എനിക്കിപ്പോൾ കഴിയൂ..

ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ഹരി പറഞ്ഞു.. ഒരുപക്ഷെ.. നിന്റെ കണ്ണീരിന്റെ ഫലമാകാം ഇങ്ങനെയൊക്കെ എനിക്ക്… ഞാൻ നിന്നെ ഒരിക്കലും ശപിച്ചിട്ടില്ല… ഇപ്പോഴും.. നീ അങ്ങനെയാണോ ധരിച്ചുവെച്ചിരിക്കുന്നത്? ദേഷ്യം തോന്നിയെങ്കിലും അത് മറച്ചു വെച്ചു വസു ചോദിച്ചു.. പുഞ്ചിരിയുടെ നേർത്ത ഒരാവരണം എടുത്തണിഞ്ഞു കൊണ്ട് ഹരി ചോദിച്ചു ഞാൻ നിന്റെ ഏട്ടനോട് ചെയ്ത ചതി എന്താണെന്ന് നിനക്ക് അറിയേണ്ടേ? എന്നെ ജീവനായി സ്നേഹിച്ച മനുഷ്യനെ ഞാൻ എങ്ങനെയാ ചതിച്ചതെന്ന് നിനക്കറിയേണ്ടേ? കരച്ചിൽ ചീളുകൾക്കിടയിൽ വാക്കുകൾ കുരുങ്ങി കിടന്നെങ്കിലും വസു അവയെല്ലാം നന്നായി തന്നെ കേട്ടിരുന്നു..

വേണ്ടാ… എനിക്കത് അറിയാൻ താല്പര്യമില്ല… വസു പറഞ്ഞു.. അത് നിങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്നാൽ മതി… ഇനിയും നിന്നെ വെറുക്കാൻ നീ ആയി തന്നെ കുഴി കുഴിക്കരുത്.. പിന്നീട് ഒന്നും പറയാതെ ഹരി ആ മുറിയിൽ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും കാണുന്നത് അവളെ നോക്കി നിൽക്കുന്ന കണ്ണനെയാണ്.. ഏട്ടാ.. ഞാൻ… വസുവിനോടൊന്നു സംസാരിക്കാൻ.. അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി കൊണ്ട് കണ്ണൻ അവളെയും കൊണ്ട് അവളുടെ മുറിയിലേക്ക് ചെന്നു… ഈ സമയമത്രയും വസുവും ആലോചനയിൽ ആയിരുന്നു.. എന്തായിരിക്കും ഹരിപ്രിയ ചെയ്ത ആ വലിയ ചതി..

കൂടുതൽ സ്‌ട്രെയിൻ ചെയ്താൽ തനിക്കും ഉള്ളിൽ കിടക്കുന്ന ആൾക്കും നന്നല്ലെന്ന് ഡോക്ടർ പറഞ്ഞത് മനസിലേക്ക് പാഞ്ഞെത്തിയതും അതെല്ലാം മനഃപൂർവം മറക്കാൻ പരിശ്രമിച്ചു.. എങ്കിലും പെട്ടന്നാണ് വയറ്റിൽ എന്തോ ആന്തൽ വന്നത്… പറഞ്ഞറിയിക്കാൻ കഴിയാത്ത വണ്ണം വേദന ശരീരത്തിൽ പിടി മുറുക്കുന്നതും അറിയാൻ കഴിഞ്ഞിരുന്നു.. കണ്ണനെ വിളിക്കാൻ ശ്രമിച്ചെങ്കിലും വേദനയാൽ നാക്ക് വിലങ്ങുന്നത് പോലെ തോന്നി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹരിയുടെ മുറിയിൽ എത്തിയതും കണ്ണൻ ദേഷ്യത്തോടെ അവളോട് ചോദിച്ചു.. നിനക്കിനിയും മതിയായില്ലേ… നീ ആഗ്രഹിച്ചതുപോലെ എല്ലാം ആയില്ലേ? ഇനിയും എന്താ വേണ്ടേ?

ഏട്ടാ.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചല്ല അങ്ങോട്ടേക്ക് ചെന്നത്.. എന്ത് വിചാരിച്ചായാലും അല്ലെങ്കിലും ഇനിയും അവളെ വേദനിപ്പിക്കരുത്.. നീ ഒരിക്കൽ ചെയ്ത പ്രവർത്തിയുടെ വേദനയിൽ നിന്നും ഇപ്പോഴും കരകയറുകയാണവൾ.. ഏട്ടൻ എന്നോട് ക്ഷമിക്കണം.. ദേവേട്ടൻ വേദനിപ്പിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല… ഹരി ഏങ്ങി കൊണ്ട് പറഞ്ഞു… അവൻ അഭിനയിച്ചില്ലല്ലോ ഹരി… ഉള്ളിൽ ഒന്ന് വെച്ചു മറ്റൊന്ന് പുറമേ കാണിച്ചില്ലല്ലോ.. അക്കാര്യത്തിൽ സന്തോഷിക്ക് നീ.. ഏട്ടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ.. പറിച്ചെറിയാൻ കഴിയാത്തത് കൊണ്ടാ ഞാൻ… ഹരി പറഞ്ഞു തുടങ്ങിയതും സുജയുടെ ഉച്ചത്തിലുള്ള വിളിയാണ് കേട്ടത്..

ഓടി പാഞ്ഞു മുകളിലേക്ക് എത്തിയതും കണ്ടു കട്ടിലിൽ ഇരുന്നു വേദനയാൽ പിടയുന്ന വസുവിനെ.. മോനെ ഞാൻ മോൾക്കുള്ള പാലുമായി വന്നതായിരുന്നു അപ്പോഴാണ് മോളിങ്ങനെ പിടയുന്നത് കണ്ടത്.. സുജ ആധിയോടെ പറഞ്ഞു… ലെച്ചു നീ ഓക്കേ അല്ലേ? കണ്ണുകൾ നിറഞ്ഞു തൂവുന്നത് കാര്യമാക്കാതെ അവൻ ചോദിച്ചു.. എനിക്കൊന്നൂല്ല… നന്ദൂട്ടാ… മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നതും അവളുടെ കണ്ണുകൾ നിറയുന്നതും കണ്ണൻ ഒട്ടൊരു ഭയത്തോട് കൂടെ നോക്കി കണ്ടു.. അമ്മേ… സുധിയോട് ഒന്നിങ്ങോട്ട് വരാൻ പറയൂ.. മോനെ സുധിയും സുമയും അവരുടെ വീട് വരെ പോയേക്കുവാ.. ഞാൻ വേഗം വിളിക്കാം.. സുജ പറഞ്ഞു… ഒന്നൂല്ലടാ… സ്‌ട്രെയിൻ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതല്ലേ…

കണ്ണൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.. നന്ദൂട്ടാ.. നമ്മുടെ കുഞ്ഞിനെന്തെങ്കിലും.. ബോധം മറയുമ്പോഴും വസുവിന്റെ കൈകൾ കണ്ണനിൽ ഭദ്രമായിരുന്നു.. പിന്നീട് ഒന്നും ചിന്തിക്കാൻ നിൽക്കാതെ വസുവിനെ തന്റെ കൈകളിൽ കോരിയെടുത്തു താഴേക്കിറങ്ങിയപ്പോൾ തന്നെ സുധി വണ്ടിയുമായി എത്തിയിരുന്നു.. ബോധരഹിതയായി കിടക്കുന്ന വസുവിനെ കണ്ടതും സുമയ്ക്ക് തന്റെ വേദനയടക്കാൻ കഴിഞ്ഞില്ല.. ഇതേ സമയം അവന്റെ ഹൃദയമിടിപ്പും ഏറുകയായിരുന്നു… എന്തിനെന്നില്ലാത്തൊരു ഭയം അവനെ വന്നു മൂടി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഡോക്ടർ പുറത്തേക്കിറങ്ങി… പേടിക്കാനൊന്നും ഇല്ല ഹരിനന്ദ്.. ക്രിറ്റിക്കൽ സ്റ്റേജ് തരണം ചെയ്തിട്ടുണ്ട്… എന്തോ ആ കുട്ടിക്ക് ബ്ലഡ് പ്രഷർ കൂടുതലായിരുന്നു.. ഡെലിവറി ഉടൻ പ്രതീക്ഷിക്കാം.. ഇനി ഇതുപോലെ സ്‌ട്രെയിൻ കൊടുക്കരുത്… ഇല്ല ഡോക്ടർ… അവളെ ഒന്ന് കാണാൻ.. വെയിറ്റ് ചെയ്യൂ ഹരിനന്ദ്.. അത്രയും പറഞ്ഞദ്ദേഹം അകത്തേക്ക് പോയി.. നിമിഷങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു.. ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നു.. ഫോൺ ചെയ്തു കൊണ്ടിരുന്ന കണ്ണൻ ഫോൺ പോക്കറ്റിൽ വെച്ചു അങ്ങോട്ടേക്ക് ചെന്നു.. പെൺകുട്ടിയാണ്…

അവനെ നോക്കി നേഴ്സ് പുഞ്ചിരിയോടെ പറഞ്ഞു.. കണ്ണൻ ആ കുഞ്ഞിനെതന്റെ കൈകളിലേക്ക് ഏറ്റു വാങ്ങി നെറുകയിൽ മെല്ലെ മുത്തി.. കുഞ്ഞു വസുവിൽ നിറഞ്ഞ പുഞ്ചിരി അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു.. കണ്ണുനീർ വന്നു ചാലിട്ടൊഴുകിയപ്പോൾ അവ തുടച്ചു മാറ്റി… കുഞ്ഞിനെ കൺകുളിർക്കെ കണ്ടുകൊണ്ട് അവളെ തിരികെ ഏൽപ്പിച്ചു… മറ്റെല്ലാവർക്കും കാണാൻ വേണ്ടി മാറിനിന്നു.. വസുവിനെ മുറിയിലേക്ക് മാറ്റിയതും ഓടി ചെന്നവളുടെ അരികിൽ ചേർന്നിരുന്നു… കണ്ണനെ കണ്ടതും അവൾ മെല്ലെ എഴുന്നേറ്റ് ആ നെഞ്ചോട് ഒട്ടി ഇരുന്നു.. പേടിച്ചു പോയോ നന്ദൂട്ടാ…

അവനിൽ നിന്നടർന്നു മാറി കൊണ്ടവൾ ചോദിച്ചു.. ഇല്ലെന്ന് കണ്ണുചിമ്മി കാണിച്ചു മെല്ലെ പുഞ്ചിരിച്ചു… സുധിയും ഹരിയും സുമയും സുജയുമെല്ലാം കുഞ്ഞിനെ മാറി മാറിയെടുത്തു കൊഞ്ചിച്ചു കൊണ്ടിരുന്നു.. അമ്മേ… കുഞ്ഞിനെ കൈകളിൽ എടുത്തു നിൽക്കുന്ന സുമയെ നോക്കി വസു വിളിച്ചു… ആദ്യമൊന്ന് അമ്പരന്നെങ്കിലും സുമ പതിയെ അവളുടെ അരികിലെത്തി പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.. മോളെ… നീ എന്നോട് ക്ഷമിക്കടി… കണ്ണന്റെ അവസ്ഥയും അതിന്റെ കാരണക്കാരി നീയാണെന്നും ഹരി പറഞ്ഞപ്പോൾ… പെട്ടന്ന് ദേഷ്യത്തിന്റ പുറത്തു പറഞ്ഞതാണ്.. സാരമില്ല പോട്ടെ… ഈ അഞ്ചു വർഷക്കാലവും അമ്മയെ ഞാൻ വേദനിപ്പിച്ചില്ലേ.? എന്നോട് ക്ഷമിക്ക് അമ്മേ…

എന്റെ സ്വന്തം അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടി എന്നെ ഇത്രത്തോളം സ്നേഹിക്കില്ലായിരിക്കും ചിലപ്പോൾ.. സാരമില്ല… പറയാൻ പാടില്ലാത്തത് ഞാൻ അല്ലേ പറഞ്ഞത്.. പക്ഷേ നീ ഇല്ലാതെ എനിക്ക് പറ്റില്ലായിരുന്നു മോളെ.. അവളുടെ നെറുകയിൽ ഉമ്മവെച്ചവളെ ചേർത്തു നിർത്തി.. അങ്ങോട്ടേക്ക് കയറി വന്ന ജയനും ഇത് കണ്ട് സന്തോഷത്താൽ കണ്ണ് തുടച്ചു.. വീട്ടിലേക്ക് വന്നതും കുഞ്ഞിനെ താഴെ വെക്കാതെ കൊണ്ടു നടക്കുകയാണ് രണ്ടച്ഛന്മാരും അമ്മമാരും.. അപ്പൂട്ടൻ ഉറങ്ങാൻ വേണ്ടി മാത്രമാണ് അവളെ വിട്ടു പോയിരുന്നുള്ളു.. കുഞ്ഞി കണ്ണും പൂട്ടി ഉറങ്ങുന്ന കുഞ്ഞു വസുവിനെ നോക്കി നിൽക്കാനാണ് അവനെന്നും ഇഷ്ടം.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മോളെ… നിന്റെ അച്ഛന്റെതായിട്ടെന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം നിന്റെ മോളുടെ പേരിലേക്ക് ഞാൻ മാറ്റി എഴുതിയിട്ടുണ്ട്.. നിങ്ങൾ പണ്ട് താമസിച്ചിരുന്ന വീടൊഴികെ.. വാസുവിന് നേരെ ഫയൽ നീട്ടി കൊണ്ട് ജയൻ പറഞ്ഞു.. ഞാൻ അതൊന്നും ചോദിച്ചില്ലല്ലോ അച്ഛാ… എനിക്കറിയാം സ്വത്തിനു വേണ്ടിയല്ല നിങ്ങൾ എന്നെ നോക്കിയതെന്നൊക്കെ.. വസു പറഞ്ഞു.. അത് ശരിയായിരിക്കാം.. പക്ഷേ.. എന്റെ പേരകുട്ടീടെ നൂലുകെട്ടിന് അവൾക്കുള്ള എന്റെ സമ്മാനം ഇതാണ്… വസുവിന്റെ തൊട്ടരികിൽ ഇരിക്കുന്ന കണ്ണന്റെ മടിയിലുള്ള കുഞ്ഞിനെ നോക്കി ജയപ്രകാശ് പറഞ്ഞു..

ചടങ്ങിനായി പുറത്തു നിന്നും ആരും തന്നെ ഉണ്ടായിരുന്നില്ല.. പാറുവും നിക്കിയും മഹിയും നീരജയും തലേന്ന് തന്നെ വന്ന് അവിടെ കൂടിയിരുന്നു.. അന്ന് മുഴുവൻ അവരാണ് കുഞ്ഞിന്റെ കാര്യങ്ങൾ അത്രയും നോക്കിയിരുന്നത്.. ഇനിയെന്തായാലും ചടങ്ങുകൾ ആരംഭിക്കാം അല്ലേ? മാധവ് പറഞ്ഞതും സ്വർണനൂലിൽ കറുത്ത ചരടും കോർത്തുകൊണ്ട് കുഞ്ഞിന്റെ അരയിൽ കെട്ടി കണ്ണൻ.. വെറ്റിലയും ചേർത്തുചെവിയിൽ വെച്ചു പേരു വിളിച്ചു…

കണ്ണൻ വിളിച്ച പേര് കേട്ടതും വസു ഞെട്ടി അവനെ നോക്കി… അവിടെ കൂടി നിന്നിരുന്നവരുടെ മുഖത്തെല്ലാം വിവേചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു.. പിന്നെ വസുവിന്റെ മുഖം കണ്ടതും അവർക്ക് മനസിലായി ഇത് കണ്ണന്റെ തീരുമാനം മാത്രമാണെന്ന്.. തന്നെ മാത്രം നോക്കി ഇരിക്കുന്ന വസുവിനെ കണ്ടതും അവളെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചു.. കുഞ്ഞിന്റെ മറുചെവിയിലും പേര് വിളിച്ചു…

കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി.. ❤️🌸😊 അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 42