നിന്റെ മാത്രം : ഭാഗം 1

Spread the love

എഴുത്തുകാരി: ആനി

ബസിൽ ഏറ്റവും മുന്നിലായി നീല ജീൻസും ചുവന്ന ബനിയനും, കാതിൽ ഹെഡ്സെറ്റ് ചേർത്ത് വെച്ചു..അരികളിലായി വലിപ്പം കൂടിയ കുറേ പെട്ടികളുമായി പാറി പറന്ന മുടിയിഴകളുമായ് ഇരുന്ന പെൺകുട്ടിയെ കണ്ടപ്പോ തന്നെ ആ ബസിലെ കണ്ടക്ടറായ ഹരിക്ക് ദേഷ്യം ഇരച്ചു കയറി… അതിന്റ ഏറ്റവും പ്രധാനപെട്ട കാര്യം അവൾക്കു അയാളുടെ പഴയ കാമുകിയെപോലെ ചെറുയൊരു മുഖഛായ ഉണ്ടായിരുന്നു എന്നതാണ്… പഴയ അനാവശ്യമായ ചില ഓർമ്മകൾ ഹൃദയത്തിലേക്ക് തള്ളികയറുന്ന പോലെ ഹരിക്കു തോന്നി.. അയാൾ നിന്ന നില്പിൽ വിയർത്തുകുളിച്ചു…

വെറുതെ വെളിയിലേക്ക് നോക്കി ഇരിക്കുന്ന ഈ പീറ പെണ്ണ് എന്റെ ഇന്നത്തെ ഒരു ദിവസം നശിപ്പിച്ചിരിക്കുന്നു.. ഹരി ആരോടൊന്നില്ലാതെ പറഞ്ഞു കൊണ്ടേ ഇരുന്നു… ഇനിയും ആളുകൾ കയറാനില്ല എന്ന് ഉറപ്പു വരുത്തി ബസ് മുന്നിലേക്ക് കുതിച്ചു… ഹരി ഓരോരുടെയും അടുത്തേക്ക് ചെന്നു എവിടേക്കാണ് പോകേണ്ടത് എന്നും കൃത്യമായി ചോദിച്ചുകൊണ്ടേ ഇരുന്നു… അവരെ ചിലരെ അവനു അറിയാവുന്നവരാണ് അവരോടൊക്കെ ഏറ്റവും ഹൃദമായി ചിരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ടിക്കറ്റ് കൊടുക്കയും ചെയ്തു..

ഒറ്റ നോട്ടുകൾ അവന്റെ കയ്യിലേക്കുവരുമ്പോൾ ചിലപ്പോഴൊക്കെ നാണയത്തിന്റെ തുട്ടുകൾ യാത്രകാരുടെകയ്യിലേക്കും പോയ്കൊണ്ടേ ഇരുന്നു… ബസ് വളവുകൾ തിരിഞ്ഞും. ഉയരങ്ങൾ കേറിയും.. ആളുകളെ ഇറക്കിയും കയറ്റിയും മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു… “ഇനി ആരെങ്കിലും ടിക്കറ്റ് വാങ്ങാൻ ഉണ്ടോ”?? എന്ന ഹരിയുടെ ചോദ്യത്തിൽ ചുറ്റും കനത്ത നിശബ്ദത കണ്ടാണ് ഹരി ഏറ്റവും മുന്നിലേക്ക് ചെന്നത്… അലസമായി ഇരിക്കുന്ന ആ പെൺകുട്ടി ഇതുവരെയും ടിക്കറ്റ് എടുത്തില്ല എന്ന് അപ്പോഴാണ് ഹരി ഓർത്തത്….

മൂന്ന് തവണ ഹരി അവളെ വിളിച്ചിട്ടും കേൾക്കാതെ ഹെഡ്സെറ്റിൽ കണ്ണുകൾ അടച്ചു സീറ്റിലേക്ക് തല താഴ്ത്തി കിടക്കുന്നവളെ കണ്ടു ഹരിക്ക് ദേഷ്യം ഇരച്ചു കയറി.. അവളെ കാണുമ്പോഴൊക്കെ ഹരി പണ്ടെപ്പോഴോ ജീവന് തുല്യം സ്നേഹിച്ച ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.. അവൻ നിന്ന നിൽപ്പിൽ ദേഷ്യം കൊണ്ടു വിറച്ചു… വണ്ടി ഏതോ സ്റ്റോപ്പിൽ നിർത്തിയത് കൊണ്ടോ പാട്ട് തീർന്നതുകൊണ്ടോ അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി… ബസിൽ ഉള്ള ആളുകൾ മുഴുവനും അവളെ തന്നെ നോക്കി നിൽപ്പുണ്ട്… ചില പ്രായമായ ആളുകൾ അവളുടെ വസ്ത്രധാരണത്തെ പറ്റിയോ..

ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാം ഇങ്ങനെ ആണെന്നും എല്ലാം അടക്കം പറയുന്നുണ്ട്… അവളെ നോക്കി ഹരി പുച്ഛത്തോടെ പറഞ്ഞു… “സാധാരണ ആരെങ്കിലും ബസിൽ കയറിയാൽ ആദ്യം ചെയ്യുന്നത് ടിക്കറ്റ് എടുക്കുക എന്നതാണ്.. അതാണ് മാന്യത.. ചെയ്യന്ന യാത്രയുടെ കൂലി… ഇനി വേറെ ചിലരുണ്ട്… ബസിൽ പമ്മിയിരിക്കും ചെയ്യുന്ന യാത്രയ്ക്ക് കൂലി കൊടുക്കാതെ… അവരുടെ ഉദ്ദേശം മറ്റുള്ളവരെ പറ്റിച്ചു മിടുക്കരായി ഇരിക്കാം എന്നതാണ്.. ഹരി പറഞ്ഞു തീരുമ്പോൾ ചുറ്റും ആരോ ഉറക്കെ ചിരിച്ചിരുന്നു… അവൾ നിസഹായതയോടെ അവനെ നോക്കി…

അവൾ കണ്ണുമിഴിച്ചു നോക്കുന്നത് കണ്ടു അവൻ വീണ്ടും പറഞ്ഞു.. “കൂടുതൽ അഭിനയിക്കാതെ എടുക്കടി കാശ്… ” അവൾ ഇരുന്ന ഇരുപ്പിൽ നിന്നും ചാടി എണീറ്റു.. ഉയർന്ന ശ്വാസഗതികളോടെ അവൾ വിരൽ ചൂണ്ടി ഹരിയെ നോക്കി പറഞ്ഞു… “മൈൻഡ് യുവർ വേർഡ്‌സ് ” ഒരു പീറ പെണ്ണ് എല്ലാവരുടെയും മുന്നിൽ വെച്ചു തന്നോട് കൈ ചൂണ്ടി സംസാരിക്കുന്നത് കണ്ടു ഹരിക്കു വീണ്ടും ദേഷ്യം ഇരച്ചു കയറി.. അവൻ വീണ്ടും പുച്ഛം വാരിവിതറികൊണ്ട് പറഞ്ഞു.. “ഹഹഹ എന്നാൽ ഒരു കാര്യം ചെയ്യാം നിന്നെ സത്യഭാമ എന്ന് വിളിക്കാം… കള്ളി… പെരുംകള്ളി” ഹരി ഉച്ചത്തിൽ വീറോടെ പറഞ്ഞു…

അവൾ പെട്ടന്ന് വിളറി വെളുത്തു ആദ്യമായി ഒരു പുരുഷൻ എല്ലാവരുടെയും മുന്നിൽ വെച്ചു കള്ളി എന്ന് വിളിച്ചിരിക്കുന്നു… അപമാനത്തോടെ അവൾ നിന്ന നില്പിൽ ഉരുകി ഒലിച്ചു… മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി അവൾ അവനെ നോക്കി വീണ്ടും ഉച്ചത്തിൽ പറഞ്ഞു .. “സൗകര്യം ഇല്ലാ പൈസ തരാൻ… നീ എന്നെ എന്ത് ചെയ്യും… നിനക്ക് ചെയ്യാൻ പറ്റുന്നത് നീ കാണിക്ക്.. ഹരി പെട്ടന്ന് നിശബ്ദനായിപ്പോയ് ആദ്യമായി ഒരു പെണ്ണ് തന്നെ വെല്ലു വിളിച്ചിരിക്കുന്നു… ” നീ പൈസ തന്നില്ലങ്കിൽ ഇപ്പോ കാണുന്ന എന്നെ അല്ലാതെ വേറെ ഒരു മുഖം കൂടി കാണേണ്ടി വരും.. “അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു…

ബസ് മുന്നോട്ട് ആർത്തിരമ്പി പോകുന്നുണ്ട്.. വളവുകളും കുന്നുകളും അത് താണ്ടുന്നുണ്ട്… അവൾ ബസിന്റെ ഏറ്റവും മുന്നിലെ പെട്ടിപ്പുറത്തേക്ക് പോയ്‌ ഇരുന്നു എന്നിട്ട് പറഞ്ഞു.. . ” പൈസ തരുന്നില്ല… നിനക്ക് വേറെ ഏത് മുഖം ആണുള്ളത് എന്ന് എനിക്ക് കാണണം.. എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാനും കാണിച്ചു തരാം.. “അവൾ പുച്ഛിച്ചു കൊണ്ടു മറുപടി പറഞ്ഞു.. അവൻ ഏറ്റവും സൗമ്യമായി പറഞ്ഞു… “നീ പൈസ തന്നാൽ പ്രശ്നം ഇവിടെ തീരും അതല്ല.. പ്രശ്നം ഇനിയും വലുതാക്കാൻ ആയതു ഉദ്ദേശം എങ്കിൽ ഹരി ആരാണെന്ന് മോൾ അറിയും “അവൻ താടി ഉഴിഞ്ഞു കൊണ്ടു മെല്ലെ പറഞ്ഞു…

“പൈസ തരുന്നില്ല നായെ… “അവൾ പല്ലിറുമ്മി പറഞ്ഞു… ഹരിക്ക് നിന്ന നിൽപ്പിൽ ദേഷ്യം ഇരച്ചു കയറി.. അയാളുടെ ഹൃദയം ശക്തമായി ഇടിച്ചു നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു… അവൻ മുന്നോട്ട് ചെന്ന് അവൾക്കരികിലായി ഇരുന്ന വലിപ്പം കൂടിയ പെട്ടികളിൽ ഒന്നെടുത്തു ഓടുന്ന ബസിന്റെ ഒരു വശത്തു നിന്നു പുറത്തേക്ക് എറിഞ്ഞു… ബസിൽ ആരോ വിസിൽ അടിച്ചു.. ഉറക്കെ അടക്കി ആരൊക്കെയോ ചിരിച്ചു… അവൾ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു…. ഹരി അവൾക്കരികിലേക്ക് ചെന്ന് നിന്നു പതിയെ പറഞ്ഞു.. “ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന് അപ്പോൾ നിനക്ക് പറ്റില്ല..

വണ്ടി അടുത്ത സ്റ്റോപ്പിൽ നിർത്തും അപ്പോ തിരികെ പോയ്‌ ബാഗ് എടുത്താൽ മതി… ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. കേട്ടോടി…. ഹരി പറഞ്ഞു നിർത്തിയപ്പോൾ അവൾ നിന്ന നിൽപ്പിൽ നീറി കത്തി… കണ്ണ് ചുവന്നു പകയോടെ ഹരിയെ നോക്കി എന്നിട്ട് പറഞ്ഞു… “നോക്കിക്കോ ഇതിനെല്ലാം ഞാൻ നിന്നോട് പകരം ചോദിക്കും.. നീ എഴുതിവെച്ചോ പത്മിനി ആണ് പറയുന്നത്.. അവൾ പറഞ്ഞു തീർന്നപ്പോ ഒട്ടും വിട്ടുകൊടുക്കാതെ ഹരിയും പറഞ്ഞു.. “ആ കാണാം “…… ബസ് വഴിയമ്പലത്തിനു പിന്നിലായി കൊട്ടാരം പോലെയുള്ള ഒരു വീടിനു മുന്നിലായ് ചവിട്ടി നിർത്തി…

ബസിന്റെ മുതലാളിയുടെ വീടാണവിടെ . വണ്ടിയിലെ ആളുകൾ മുഴുവൻ കൊട്ടാരത്തെ തോൽപ്പിക്കുന്ന വീട്ടിലേക്ക് നോക്കിയിരുന്നു.. വണ്ടിയിൽ ഇരുന്ന പെണ്ണുങ്ങൾ അസൂയയോടെ എന്താല്ലാമോ അടക്കം പറഞ്ഞു. “എന്താണ് മുതലാളി… എന്ത് പറ്റി കൈ കാണിച്ചു നിർത്തിയത് എന്തെങ്കിലും പറയാനോ ഏൽപ്പിക്കാനോ ഉണ്ടോ… ബസിൽ നിന്നിറങ്ങി കൈകൾ ഭവ്യതയോടെ പിണച്ചു കെട്ടി ഹരി മുതലാളിയോട് ചോദിച്ചു…. വെളുത്തു ഉരുണ്ട് സ്വർണ്ണ നിറത്തിലെ ജുബ്ബ ഇട്ട മുതലാളി ബസിനുള്ളിലേക്ക് നോക്കി പറഞ്ഞു…

എന്റെ മകൾ ഈ ബസിൽ ഉണ്ട് അവൾ പഠിത്തം എല്ലാം കഴിഞ്ഞു നാട്ടിലേക്ക് വരുകയാണ്… കാർ വിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല..,,,, ഹരി ഒരു ഞെട്ടലോde ബസിനുള്ളിലേക്ക് നോക്കി.. എരിഞ്ഞു ആളി കത്തുന്ന പകയോടെ ജീൻസിട്ട ആ പെൺകുട്ടി ബസിൽ നിന്നിറങ്ങി വന്നു… മുതലാളി അവളെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോഴും കണ്ണിമ വെട്ടാതെ പകയോടെ അവൾ ഹരിയെ നോക്കി…. ഹരി അപ്പോൾ ഒരു നെഞ്ചിടിപ്പോടെ വീടിന്റെ മുൻവശത്തെ വീട്ടുപേരിലേക്ക് നോക്കി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു.. “പത്മാലയം” (തുടരും )

-

-

-

-

-