Friday, November 22, 2024
Novel

അനാഥ : ഭാഗം 2

എഴുത്തുകാരി: നീലിമ

“എന്റെ അമ്മ സുന്ദരിയായിരുന്നു. അമ്മയെ കാണാൻ സിനിമയിലെ ശ്രീവിദ്യയെപ്പോലെയാണെന്ന് മുത്തിയമ്മ എപ്പോഴും പറയുമായിരുന്നു. അമ്മ മരിക്കുമ്പൊ എനിക്ക് 5 വയസായിരുന്നു. അപ്പൂട്ടന് രണ്ടും. അമ്മയ്ക്ക് എന്തോ അസുഖമുണ്ടായിരുന്നു എന്നല്ലാതെ അതെന്തായിരുന്നു എന്നു മനസിലാക്കുവാനുള്ള പ്രായമൊന്നും എനിക്കുണ്ടായിരുന്നില്ല… അമ്മ അന്ന് കൂടുതൽ സുന്ദരിയായിരുന്നു.അമ്മ ഉറങ്ങുകാണെന്നാണ് ഞാൻ കരുതിയത്.

അമ്മയോട് കണ്ണു തുറക്കാൻ പറഞ്ഞ് കെട്ടിപ്പിടിച്ച് കരഞ്ഞ എന്നെ ചേർത്ത് പിടിച്ച് ‘അമ്മയിനി ഒരിക്കലും വരില്ല മക്കളേ’ എന്നു പറഞ്ഞു തന്നത് അയൽപക്കത്തെ മുത്തിയാണ്, അമ്മയുടെ ഒരകന്ന ബന്ധു. അപ്പൂട്ടൻ മുത്തിയുടെ മകളുടെ കൈയിൽ ആയിരുന്നു…. അവൻ കുഞ്ഞായിരുന്നില്ലേ…. ഒന്നും അറിയാത്ത പ്രായം…. അച്ഛൻ ഒന്നും മിണ്ടാതെ ഒരേ ഇരിപ്പായിരുന്നു. ഒന്നു കരഞ്ഞു പോലുമില്ല. പിന്നീട് മുത്തിയായിരുന്നു ഞങ്ങളെ നോക്കിയത്…. ഞങ്ങൾ മുത്തിയമ്മ ന്നു വിളിച്ചു.അതുവരെയുള്ള അച്ഛനെയല്ല പിന്നെ ഞങ്ങൾ കണ്ടത്. എപ്പോഴും മദ്യപാനം… ജോലിക്ക് പോകാതെയായി.അമ്മയുടെ മരണം അച്ഛനെ മുഴു കുടിയനാക്കി മാറ്റി.

എന്റെ… എന്റെ അമ്മയോടൊപ്പം ഞങ്ങളുടെ ആ പഴയ സ്നേഹമുള്ള അച്ഛനും മരിച്ചിരുന്നു…… “. ഹൃദയത്തിൽ ഒരായിരം കത്തികൾ കുത്തിയിറക്കും പോലെ തോന്നി. ഞാൻ മറ്റേതോ ലോകത്തെത്തിയതു പോലെ…. എന്റെ അമ്മയുടെ വെള്ള പുതപ്പിച്ച ശരീരം ഞാൻ കണ്ടു…..ഞാൻ ഉറക്കെ കരഞ്ഞു പോയി. ” കരയാതിരിക്കൂ…. ഞാൻ എന്താ ഇപ്പൊ പറയുക? കരയാതിരിക്കെടോ…. ” അദ്ദേഹം എന്റെ അടുത്തുള്ള കസേരയിൽ ഇരിക്കുകയാണ്. ഞാൻ കുറച്ചു സമയമായി കരയുകയായിരുന്നു എന്നു തോന്നുന്നു. അദ്ദേഹം അടുത്ത് വന്നിരുന്നത് പോലും ഞാൻ അറിഞ്ഞില്ല. ആ മുഖം ഇപ്പൊ ശാന്തമാണ്. അത് തുടർന്നു പറയാനുള്ള ഊർജ്ജമാണ് എനിക്ക് നൽകിയത്.ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി.

” മദ്യപാനം മാത്രമല്ല, ദേഹോപദ്രവവും തുടങ്ങി, എന്റെ അപ്പൂട്ടനെപ്പോലും വെറുതെ വിട്ടില്ല. മുത്തിയമ്മ ഇല്ലാത്തപ്പോഴൊക്കെ ഞങ്ങളെ ഉപദ്രവിക്കും. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ മുത്തിയമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടി മുത്തിയമ്മയും ഞങ്ങളുടെ വീട്ടിലായി താമസം. അതോടെ അച്ഛൻ മുത്തിയമ്മയുടെ മുന്നിൽ വച്ചും ഞങ്ങളെ തല്ലാൻ തുടങ്ങി. അച്ഛൻ മുത്തിയമ്മയേയും ചീത്ത പറയും ചിലപ്പൊ തല്ലുകേം ചെയ്യും. ഒന്നു രണ്ടു വർഷങ്ങൾ അങ്ങനെ കടന്നു പോയി. അച്ഛനെ വെറുത്തു തുടങ്ങിയ നാളുകൾ. ഒരു ദിവസം ഉറങ്ങാൻ കിടന്ന മുത്തിയമ്മ ഉണർന്നില്ല. മരിച്ചതാണോ, അച്ഛൻ കൊന്നതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. അന്ന് എനിക്ക് 7 വയസ്സ്.

മുത്തിയമ്മ മരിച്ചതിന്റെ പിറ്റേന്ന് അച്ഛൻ എന്നെയും കൂട്ടി പുറത്തു പോയി. അപ്പൂനെ വീട്ടിലിട്ട് പൂട്ടി. എന്നെ എങ്ങോട്ടാ കൊണ്ടു പോകുന്നേന്ന് ഞാൻ ഒത്തിരി തവണ ചോദിച്ചു. ഒന്നും പറഞ്ഞില്ല. മുഖത്ത് ദേഷ്യം മാത്രമായിരുന്നു. ഒരു വലിയ വീട്ടിലേയ്ക്കാണ് അച്ഛൻ എന്നേം കൂട്ടി പോയത്. ഒരു ഭംഗിയുള്ള ആൻറിടെ അടുത്ത് എന്നെ ഏൽപ്പിച്ചു. അച്ഛൻ പോകാൻ തുടങ്ങിയപ്പോ ‘എന്നേം അപ്പൂട്ടന്റെ അടുത്തേയ്ക്ക് കൊണ്ട് പോ’ ന്നും പറഞ്ഞ് ഞാൻ കരഞ്ഞ് കൊണ്ട് പുറകെ ഓടി. അച്ഛൻ ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല. ഞാൻ ആ വീടിലെ ജോലിക്കാരിയായിരുന്നു എന്ന് പിന്നീടാണ് മനസിലായത്.പക്ഷേ, അവിടെ എനിക്ക് സന്തോഷമായിരുന്നു.

അടിയില്ല, വഴക്കില്ല, ചെറിയ ജോലികൾ ചെയ്യണമെങ്കിലും കഴിക്കാൻ മൂന്നു നേരം ഭക്ഷണം, പഴയതാണെങ്കിലും ഉടുക്കാൻ നല്ല വസ്ത്രം…. അമ്മ പോയ ശേഷം അടിയും വഴക്കും മാത്രം അറിഞ്ഞിരുന്ന , ഉടുക്കാൻ ഒരു നല്ല വസ്ത്രമോ കഴിക്കാൻ നല്ല ആഹാരമോ കിട്ടാതിരുന്ന എനിക്ക് സന്തോഷിക്കാൻ അത് ധാരാളമായിരുന്നു. അവിടുത്തെ ജോലിക്കാരിക്ക്, എന്നെ വല്യ ഇഷ്ടമായിരുന്നു. ഞാൻ ജാനമ്മ എന്നാ വിളിച്ചിരുന്നെ. എന്റെ ജോലികൾ കൂടി വീട്ടുകാർ കാണാതെ ചെയ്തു തരും. എന്റത്രയുള്ള ചെറുമകൾ അവർക്കുണ്ടെന്നും,നീയും എന്റെ ചെറുമകളാണെന്നും പറയും.

അപ്പൂട്ടനെ ക്കുറിച്ചോർത്തായയിരുന്നു എന്റെ പേടി. അവനെക്കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. …..” എന്റെ വിഷമം പകുതി മാറിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന കണ്ണുനീരിന് ശമനം വന്നിരുന്നു. ” എല്ലാ മാസവും അച്ഛൻ വരും. എന്നെ തിരക്കുകയോ ഒന്നു നോക്കുകയോ പോലും ചെയ്യില്ല. എന്റെ ശമ്പളം വാങ്ങാനാണ് വരുന്നതെന്ന് ജാനമ്മയാ പറഞ്ഞത്. എല്ലാത്തവണയും ഞാൻ അച്ഛനടുത്തേയ്ക്ക് ഓടും അപ്പൂനെക്കുറിച്ച് ചോദിക്കും, അച്ഛൻ ഒന്നും പറയാതെ പോകും. അന്ന് ഞാൻ കുറേ കരയും , എന്റെ അപ്പൂനെ ഓർത്ത്….. പിന്നീട് ഇടയ്ക്ക് അച്ഛനോടൊപ്പം ഒരു സ്ത്രീയും വരാൻ തുടങ്ങി… അവർ ആരാണെന്ന് മാത്രം എനിക്ക് മനസിലായില്ല. രണ്ട് വർഷം ഞാൻ അവിടെ കഴിഞ്ഞു.

എന്റെ ശമ്പളം മുടങ്ങാതെ അച്ഛൻ വാങ്ങി പോയി. എനിക്ക് അവിടെ പറയത്തക്ക വിഷമങ്ങൾ ഒന്നും ഇല്ലായിരുന്നു. ജാനമ്മ, അവർക്ക് ഞാൻ ചെറുമകളെപ്പോലെയാണെങ്കിലും എനിക്കവർ അമ്മയായിരുന്നു. ഒരു ദിവസം അച്ഛനും ആ സ്ത്രീയും കൂടി വന്നു. എന്നെ അവിടെ നിന്നും കൂട്ടിക്കൊണ്ട്‌ പോകാൻ. ജാനമ്മയെ പിരിയാൻ വിഷമം ഉണ്ടായിരുന്നെങ്കിലും എന്റെ അപ്പുട്ടനെ കാണാല്ലോന്ന് ഓർത്തപ്പൊ സന്തോഷം തോന്നി. അവര് വന്ന വണ്ടിയിൽ എന്റെ അപ്പൂം ഉണ്ടായിരുന്നു. മെലിഞ്ഞുണങ്ങി ശരീരം മുഴുവൻ മുറിവുകളുമായി എന്റെ അപ്പു…… ” ഞാൻ വീണ്ടും കരഞ്ഞു പോയി. ” അപ്പൂട്ടാ ന്ന് വിളിച്ച് ഞാൻ ഓടിച്ചെന്നു.

എന്റെ ആ വിളി മതിയായിരുന്നു അവനെന്നെ തിരിച്ചറിയാൻ. ഇച്ചേയീന്ന് വിളിച്ച് അവനെന്നെ കെട്ടിപ്പിടിച്ചു. നിലവിളിക്കുകയായിരുന്നു പാവം. ‘ഇച്ചേയി എന്തിനാ അപ്പൂനെ ഒറ്റയ്ക്കാക്കി പോയേ? അപ്പു അന്ന് എന്തോരം കരഞ്ഞൂന്നോ? അച്ഛനും ചെറിയമ്മേം എന്നെ എന്നും തല്ലും, ചീത്ത പറയും, കൈ കൊണ്ടും വടി കൊണ്ടും തല്ലും. ചെറിയമ്മ ദേഷ്യം കൂടുമ്പൊ ബ്ലേഡും കത്തീം വച്ച് വരയും. അപ്പൂന് ഒത്തിരി നോവും….. ദേ… ഇത് കണ്ടോ? കുഞ്ഞൂനെ ഞാൻ കരയിച്ചൂന്ന് പറഞ്ഞ് ചെറിയമ്മ പൊള്ളിച്ചതാ…….’ അവന്റെ വിഷമങ്ങൾ എല്ലാം കൂടി പാവം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

അവന്റെ കുഞ്ഞിത്തുടയിലേയ്ക്ക് ഞാൻ നോക്കി. മെലിഞ്ഞുണങ്ങിയ ആ തുടയിൽ ചട്ടുകത്തിന്റെ പാട് ഞാൻ കണ്ടു. അത് കരിഞ്ഞു തുടങ്ങിയിരുന്നു.എന്റെ ഹൃദയം തകർന്നു പോയി. ഞാൻ ആ സ്ത്രീയെ ദേഷ്യത്തിൽ നോക്കി. അപ്പോഴാണ് അവരുടെ കൈയിൽ ഉറങ്ങുന്ന കുഞ്ഞിനെ ഞാൻ കണ്ടത്. എന്റെ അപ്പൂട്ടന്റെ കുഞ്ഞിലത്തെ രൂപമാണ് എന്റെ മനസിലേയ്ക്ക് വന്നത്. അപ്പു അച്ഛനെപ്പോലെയും ഞാൻ അമ്മയെപ്പോലെയും ആണെന്ന് മുത്തിയമ്മ പറയുമായിരുന്നു. അത് അച്ഛന്റെ കുഞ്ഞായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു എങ്കിലും ഇപ്പോൾ എനിക്ക് അതറിയാം. ‘കണ്ടുടനെ പരാതി പറഞ്ഞു കഴിഞ്ഞോ? പറഞ്ഞോ പറഞ്ഞോ ഇന്നൂടെ രണ്ടിനേം സഹിച്ചാ മതിയല്ലോ ‘ ന്ന് അവര് ദേഷ്യത്തിലാ അപ്പൂനോട് പറഞ്ഞേ.. അവര് പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായില്ല.

ചിലപ്പൊ ഞങ്ങളെ കൊല്ലാൻ കൊണ്ടുപോവുകയായിരിക്കും. ഇവരുടെ കൂടെ ജീവിക്കുന്നതിനെക്കാൾ മരണമാണ് നല്ലതെന്ന് ആ പ്രായത്തിലും എനിക്ക് തോന്നി. ഞാൻ അപ്പൂന്റെ മുറവുകൾ തടവിക്കൊടുത്തു. എന്റെ ഹൃദയം നീറിപ്പൊടിയുന്നുണ്ടായിരുന്നു.ഞങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു. വണ്ടി ഓടിക്കൊണ്ടിരുന്നു. അച്ഛനാണ് വണ്ടി ഓടിച്ചത്. അപ്പൂട്ടൻ കരഞ്ഞ് തളർന്ന് എന്റെ മടിയിൽ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. ഒരു വലിയ വീടിന് മുന്നിൽ വണ്ടി നിന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്. ഞങ്ങൾ ഒരു പാട് യാത ചെയ്തൂന്ന് തോന്നി.

അപ്പു അപ്പോഴും ഉറക്കമായിരുന്നു. ഒരു തടിച്ച സ്ത്രീ വീടിന് പുറത്തുണ്ടായിരുന്നു. അച്ഛൻ വണ്ടിയിൽ നിന്നിറങ്ങി അവരോട് സംസാരിച്ച ശേഷം തിരികെ വന്ന് എന്നേം അപ്പൂനേം ആ വീട്ടിലേയ്ക്ക് കൊണ്ടു പോയി. പഴയ അനുഭവം വച്ച് അവിടെ ഞങ്ങളെ ജോലിക്ക് നിർത്താൻ ആണെന്ന് മനസിലായി. അവർ അച്ഛന് കുറച്ചധികം കാശ് കൊടുക്കുന്നത് കണ്ടു. ‘മര്യാദയ്ക്ക് അടങ്ങി ഒരുങ്ങി ഇവിടെ കഴിഞ്ഞോണം, അച്ഛ അമ്മേ ന്ന് കരഞ്ഞാലേ അവര് നല്ല അടി വച്ചുതരും’ ന്ന് പറഞ്ഞ് അച്ഛൻ പോയി. കറുത്തു തടിച്ച ഒരു സ്ത്രീ, കണ്ടാൽ തന്നെ പേടിയാകും ഒപ്പം ഒരു ജോലിക്കാരിയും.

അവരുടെ ഭർത്താവ് ഗൾഫിലാണെന്ന് ഇടയ്ക്കെപ്പോഴോ ജോലിക്കാരി പറയുന്ന കേട്ടു. ജോലിക്കാരിയും എന്റെ ജാനമ്മേപ്പോലെ ആയിരുന്നില്ല. രണ്ടു പേരും കൂടി ഞങ്ങളെക്കൊണ്ട് ആ വീടിലെ മുഴുവൻ ജോലിയും ചെയ്യിക്കും കുട്ടികളാണെന്ന പരിഗണന പോലും തരാതെ….. ഒപ്പം ചീത്തയും തല്ലും. ഞങ്ങൾ വന്ന ശേഷം ജോലിക്കാരിക്ക് സുഖമായിരുന്നു. അവർക്ക് പറയത്തക്ക ജോലിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനും ഏതിനും ചീത്ത പറയും. ചീത്തയേക്കാൾ കൂടുതൽ തല്ലാണ് കിട്ടാറ്. ആദ്യം കൈ കൊണ്ട് തല്ലും.. കവിളിലും കൈയിലും തുടയിലുമൊക്കെ തല്ലും… എന്നിട്ടും ദേഷ്യം തീർന്നില്ല എങ്കിൽ വടി എടുക്കും.

ഒന്നുകിൽ അത് ഒടിയുന്നതു വരെ തല്ലും, അല്ലെങ്കിൽ തുട പൊട്ടി രക്തം വരുന്നതു വരെ….. കഴിയുന്നതും ,കൂടുതൽ അടിയും ഞാൻ വാങ്ങും.. പാവം എന്റെ അപ്പു, അവൻ ഇത്രനാളും ചെറിയമ്മേടെന്ന് കുറേ അടി വാങ്ങിയതല്ലേ… കരഞ്ഞ് കരഞ്ഞ് ഉറങ്ങിയ നാളുകൾ… ഉടുക്കാൻ നല്ല വസ്ത്രം ഇല്ല, കഴിക്കാൻ ആഹാരമില്ല… പൈപ്പിലെ പച്ചവെള്ളം മാത്രം കുടിച്ച് വിശന്ന് പൊരിഞ്ഞ് ഉറങ്ങിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ഛൻ പോലും ഉപേക്ഷിച്ച ഞങ്ങളെ അവർക്ക് എന്തും ചെയ്യാമായിരുന്നു. പക്ഷേ ഞങ്ങളുടെ ശമ്പളം വാങ്ങാൻ അച്ഛൻ വരാത്തത് എന്നെ അത്ഭുതപ്പെടുത്തി.

പിന്നീടെപ്പോഴോ അറിഞ്ഞു അവർ ഞങ്ങളെ വിലയ്ക്ക് വാങ്ങിയതാണെന്ന്…. അടിമകൾ…. സ്വന്തം മക്കളെ വിറ്റ അച്ഛൻ! എനിക്ക് അത്ഭുതം തോന്നി. മദ്യം മനുഷ്യനെ ഇത്രയേറെ ദുഷ്ടനാക്കുമോ? ഞങ്ങൾ രക്ഷപ്പെടുമോന്ന് പേടിച്ചാകും അടുക്കളയാണ് ഞങ്ങൾക്ക് ഉറങ്ങാൻ അനുവദിച്ച സ്ഥലം. ചൂട് കാരണം ജനാല തുറന്നിട്ടാണ് കിടക്കാറ്. ഒരു ദിവസം രാത്രി ഞങ്ങൾ ക്ഷീണിച്ച് ഉറങ്ങുകയാണ്. മൂക്കിലേക്ക് മദ്യത്തിന്റെ രൂക്ഷഗന്ധം അടിച്ചപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്. പെട്ടെന്ന് അച്ഛനെയാണ് ഓർമ്മ വന്നത്.

എനിക്ക് ഇത്രയേറെ വെറുപ്പുണ്ടാക്കുന്ന ഗന്ധം വേറെയില്ല. നിലാവെളിച്ചത്തിൽ ഞാൻ കണ്ടു എന്റെ അരികിലായി ആരോ കിടക്കുന്നത്. ശരിക്കും ഭയന്ന് വിറച്ചു പോയി. രണ്ടു കൈകൾ നീണ്ടു വന്ന് എന്നെ വരിഞ്ഞു മുറുക്കി. പേടി കാരണം നിലവിളിക്കാൻ പോലും ശബ്ദം പൊങ്ങിയില്ല. ആരോ ഞങ്ങളെ കൊല്ലാൻ വന്നതാണെന്നാണ് എനിക്ക് തോന്നിയത്. ആ 9 വയസുകാരിക്ക് അത്രേ അറിയുമായിരുന്നുള്ളൂ. മദ്യത്തിന്റെ രൂക്ഷ ഗന്ധമുള്ള ആ മുഖം എന്റെ മുഖത്തിന്നടുത്തേയ്ക്ക് വന്നപ്പോൾ സർവ്വ ശക്തിയുമെടുത്ത് ഞാൻ ഉറക്കെ നിലവിളിച്ചു….. ”

തുടരും….

അനാഥ : ഭാഗം 1