Sunday, January 5, 2025
Novel

നിൻ നിഴലായ് : ഭാഗം 9

എഴുത്തുകാരി: ശ്രീകുട്ടി

” പുള്ളിക്കാരനെ ഞാൻ ആദ്യം കാണുന്നത് ഒന്നര മാസം മുൻപ് ശിവാനിയെന്ന ഞങ്ങളുടെ ശിവയുടെ വിവാഹദിവസമായിരുന്നു. തലേദിവസമേ അങ്ങെത്തിയേക്കണമെന്ന് അവൾ നേരത്തെ പറഞ്ഞിരുന്നതിനാൽ ഞാൻ കെട്ടും പാണ്ടവുമൊക്കെ മുറുക്കിയെങ്കിലും ഒറ്റക്കങ്ങനെ വല്ലോടത്തും പോയി തങ്ങണ്ട എന്ന എന്റെ നേരാങ്ങളയുടെ ഉത്തരവിനടിയിൽ അച്ഛനും അമ്മയും ഏകകണ്ഠമായി ഒപ്പിട്ടതോടെ എന്റെയാ പ്ലാൻ പൊളിഞ്ഞു. പിന്നെ കാലത്ത് ആറുമണിക്ക് വീട്ടിൽ നിന്നിറങ്ങാൻ പ്ലാനിട്ടു.

പക്ഷേ നമ്മുടെ ചങ്കിന്റെ കല്യാണമല്ലേ എല്ലാവരും ഒരുപോലെ സാരിയുടുത്ത് പോയേക്കാമെന്നുള്ള മറ്റ് ചങ്ക് തെണ്ടികളുടെ ഒടുക്കത്തെ ആഗ്രഹം കാരണം എന്റെ ആ പ്ലാനും വളരെ ദയനീയമായി പരാജയപ്പെട്ടു. സാരി കണ്ടിട്ടുണ്ടെന്നല്ലാതെ ഇന്നുവരെ ഉടുത്തിട്ടില്ലാത്ത എനിക്കുണ്ടോ സാരിയുടുക്കാൻ അറിയുന്നു. പിന്നെ മ്മടെ ചങ്കത്തിയും നാത്തൂനും കൂടിയായ ജാനിയെ കിടക്കപ്പായയിൽ നിന്നും വിളിച്ചുപൊക്കി എങ്ങനെയൊക്കെയോ സാരിയൊക്കെ ഉടുത്തുകെട്ടിയപ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരുന്നു. എന്തായാലും എങ്ങനെയൊക്കെയോ ഒൻപതരക്ക് ഓഡിറ്റോറിയത്തിലെത്തി.

” ഞങ്ങളിത്രേം നേരം നിന്നെ നോക്കിയിരിക്കുവായിരുന്നു എന്നാപ്പിന്നെ എല്ലാരുമായല്ലോ നമുക്ക് പോയി ശിവേയൊന്ന് കണ്ടിട്ട് വരാം. ” എന്നെ കണ്ടതും കസേരയിൽ നിന്നും എണീറ്റുകൊണ്ട് ദിവ്യ പറഞ്ഞു. ” അത് ശരിയാ മണ്ഡപത്തിൽ ഇറങ്ങുമ്പോൾ കാണാമെന്നുള്ള മോഹമൊന്നും വേണ്ട. താലികെട്ട് സമയത്ത് ക്യാമറമാൻമാരുടെ ബാക്ക് മാത്രേ ബാക്കിയുള്ളവർക്ക് കാണാൻ പറ്റു. ” ദിവ്യയുടെ വാക്കുകൾ ശരി വച്ചുകൊണ്ട് ബാക്കിയെല്ലാം കൂടെ എണീറ്റു. ഞങ്ങൾ ചെല്ലുമ്പോൾ ശിവ ഒരുക്കമൊക്കെ കഴിഞ്ഞ് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആ കൂട്ടത്തിൽ ഞങ്ങളും കൂടി. കല്യാണപ്പെണ്ണിന്റെ കൂടെ കുറേ ഫോട്ടോയൊക്കെയെടുത്ത് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് നമ്മുടെ കഥാനായകൻ അകത്തേക്ക് വന്നത്. ” ആഹ് എടീ ഇത് അരുണേട്ടൻ ഏട്ടന്റെ ഫ്രണ്ടാണ്. ” പെട്ടന്ന് അകത്തേക്ക് വന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അടുത്ത് നിന്നിരുന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശിവ പറഞ്ഞു. തന്നെ നോക്കി കോരിത്തരിച്ച് നിൽക്കുന്ന ഞങ്ങളൊരുകൂട്ടം പിടക്കോഴികളെ നോക്കി പുള്ളിക്കാരനും ഒന്ന് പുഞ്ചിരിച്ചു . കൂടിനിന്ന പിടക്കോഴികളുടെ എല്ലാം ഉള്ളിൽ പടപടാന്ന് ലഡ്ഡു പൊട്ടി.

കറുപ്പ് ഷർട്ടും മടക്കിക്കുത്തിയ മുണ്ടുമൊക്കെ ഉടുത്ത് കട്ടത്താടിയൊക്കെ വച്ച വെളുത്തുതുടുത്ത് മൂക്കിന്റവിടൊരു മറുകൊക്കെയുള്ള പുള്ളിയെ കണ്ടതും മ്മടെ റിലേ പോയി. നീല ഞരമ്പുകൾ എഴുന്ന് നിന്നിരുന്ന ചെന്നിയിലൂടെ ചാലിട്ടൊഴുകിയ വിയർപ്പ് പുറം കൈ കൊണ്ട് തുടച്ചുമാറ്റി ചിരിക്കുന്ന അങ്ങേരടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ” എടീ വാ പോകാം ” പെട്ടന്നുള്ള അല്ലിയുടെ വിളി കേട്ട് ഉള്ളിൽ എണീറ്റ് നിന്ന് ഡാൻസ് കളിച്ചുകൊണ്ടിരുന്ന കാട്ടുപിടക്കോഴിയെ തല്ക്കാലം ഉറക്കിക്കിടത്തിയിട്ട് ഞാൻ പതിയെ മനസ്സില്ലാ മനസ്സോടെ അവരോടൊപ്പം മണ്ഡപത്തിന് മുന്നിൽ വന്നിരുന്നു.

അപ്പോഴും ആ ചിരിയിൽ മയങ്ങിയിരിക്കുകയായിരുന്നു ഞാൻ. ” ഒരു പൊളിച്ചേട്ടൻ അല്ലേഡീ ” ” ശരിയാ ആ ചിരി ഓഹ്…. എനിക്ക് വയ്യ ” ഇങ്ങനെ പോകുന്നു മ്മടെ ചങ്ക് കോഴികളുടെ കമന്റുകൾ. ” വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോടീ ” സ്വതവേ അസൂയ ഒട്ടുമില്ലാത്തതുകൊണ്ടും പിന്നെ നമ്മുടെ നായകനെ എനിക്കൊട്ടും ഇഷ്ടപ്പെടാതിരുന്നത് കൊണ്ടും ഞാൻ മനസ്സിൽ പറഞ്ഞു. അവളുമാർ ഓരോന്ന് പറയുമ്പോഴും എനിക്ക് ദേഷ്യം സഹിക്കാനെ കഴിഞ്ഞില്ല. അതിനൊക്കെ ഇടയിലും എന്റെ കണ്ണും മനസ്സും പുള്ളിക്കാരനെ തപ്പി ഓഡിറ്റോറിയം മുഴുവൻ തേരാപാരാ ഓടിക്കോണ്ടിരുന്നു.

പക്ഷേ കക്ഷിയുടെ പൊടിപോലും അവിടെങ്ങും കാണാനില്ലായിരുന്നു. അങ്ങനെ താലികെട്ടൊക്കെ കഴിഞ്ഞ് ഊട്ട് പുരയിലെത്തുമ്പോൾ വിളമ്പുകാരുടെ കൂട്ടത്തിൽ ഞാനിത്രേം നേരം തേടി നടന്ന മുഖം. അപ്പോഴത്തെയൊരു സന്തോഷം ജീവിതത്തിൽ അന്നുവരെ അനുഭവിച്ചിട്ടില്ലാത്തതായിരുന്നു. അടുത്ത് വന്നൊരു പുഞ്ചിരി സമ്മാനിച്ച് ഇലത്തുമ്പിൽ വിളമ്പിയ കടുമാങ്ങാ അച്ചാർ എന്താണെന്ന് കൂടി നോക്കാതെ ഞാൻ വാരിത്തിന്നു. പിന്നീട് സാമ്പാറും തോരനും വിളമ്പി വന്നപ്പോഴും ആളുടെ മുഖത്ത് ആ പുഞ്ചിരി അതുപോലെ തന്നെയുണ്ടായിരുന്നു. പിന്നീട് ഓഡിറ്റോറിയത്തിന്റെ പല ഭാഗത്ത്‌ വച്ച് കാണുമ്പോഴും ആളുടെ കണ്ണുകൾ എന്നെ ചുറ്റിപറന്നുകൊണ്ടിരുന്നത് ഞാനറിഞ്ഞിരുന്നു.

അതൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഒന്ന് രണ്ട് ദിവസം ആ പുഞ്ചിരി ഉള്ളിലൊരു കുളിർമഴ പെയ്യിച്ചിരുന്നു. പിന്നെ പതിയെ അതൊക്കെ മറന്നിരുന്നു പക്ഷേ ഇങ്ങനെ തേടി വരാനും മാത്രം ആ മനസ്സിൽ ഞാൻ വേരോടിയിരുന്നോ ??? ” ” നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം കേട്ടോ മോളേ … ” ആ ശബ്ദമാണ് അപർണയെ ഓർമകളിൽ നിന്നുമുണർത്തിയത്. അരുണിന്റെ അച്ഛൻ വേണുഗോപാലിന്റെതായിരുന്നു ആ ശബ്ദം. അത് കേട്ട് അരുൺ ഒരു ചിരിയോടെ പതിയെ എണീറ്റ് മുറ്റത്തേക്ക് ഇറങ്ങി. ഒപ്പം അപർണയും. മുറ്റത്തിന്റെ ഓരത്തെ അശോകത്തിന്റെ ചുവട്ടിൽ അതേ ചിരിയോടെ തന്നെ അവൻ നിന്നിരുന്നു. “

ഇപ്പോഴും അമ്പരപ്പ് മാറിയില്ലേ ?? ” അവനരികിലായ് തല കുമ്പിട്ട് നിന്നിരുന്ന അവളോടായി അരുൺ ചോദിച്ചു. മറുപടിയായി ഒരു പുഞ്ചിരി അവളുടെ അധരങ്ങൾ സമ്മാനിച്ചു. ” എന്നെ ഓർമയുണ്ടായിരുന്നോ ??? ” എന്തോ ആലോചിച്ചുകൊണ്ട് പെട്ടന്ന് അവൾ ചോദിച്ചു. ” മറന്നെങ്കിലല്ലേ ഓർക്കേണ്ടതുള്ളൂ…. ” ഒരു കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു. ” അന്നവിടെ വച്ച് മനസ്സുകൊണ്ട് ഒപ്പം കൂട്ടിയതാണ് ഈ കിലുക്കാംപെട്ടിയെ ” അവന്റെ വാക്കുകൾ അത്ഭുതത്തോടെയായിരുന്നു അവൾ കേട്ടുനിന്നത്. കുറച്ച് സമയം കൂടിക്കഴിഞ്ഞ് അവർ മടങ്ങുമ്പോൾ ജാനകിയുടെ പിന്നിൽ നിന്നിരുന്ന അപർണയുടെ നോട്ടം അവനെ തേടിയെത്തി.

മിഴികൾ കൊണ്ട് അവളോട് യാത്ര പറഞ്ഞ് ഒരു കുസൃതിച്ചിരിയോടെ അവൻ കാറിലേക്ക് കയറി. ആ കാർ അകന്നുപോകുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാതെ തുള്ളിത്തുളുമ്പുകയായിരുന്നു അപർണയുടെ ഉള്ളം. എല്ലാവരും പോയിക്കഴിഞ്ഞ് മുറിയിലെത്തിയ ജാനകി ചെറിയൊരു തലവേദന പോലെ തോന്നി പതിയെ കിടക്കയിലേക്ക് കിടന്നു. വളരെ വേഗം അവൾ ഉറങ്ങിയും പോയി. പിന്നെയും കുറേ സമയം കൂടിക്കഴിഞ്ഞായിരുന്നു അഭി അങ്ങോട്ട്‌ വന്നത്. ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന ജാനകിയെക്കണ്ട് അവൻ പതിയെ വാതിലടച്ചിട്ട് ബാത്‌റൂമിലേക്ക് പോയി.

ബാത്‌റൂമിൽ പോയിട്ട് തിരിച്ച് വന്ന് ഡ്രസൊക്കെ മാറ്റിയിട്ടും അവളങ്ങനെ തന്നെ കിടക്കുന്നത് കണ്ട് അവൻ പതിയെ അവളുടെ അരികിലേക്ക് ചെന്ന് തന്റെ വലതുകരം നീട്ടി അവളുടെ നെറ്റിയിൽ തൊട്ടുനോക്കി. ” എന്താ ??? ” തണുത്ത കരസ്പർശം നെറ്റിയിലനുഭവപ്പെട്ടതും മിഴികൾ തുറന്ന് അവനെ തുറിച്ചുനോക്കി അവൾ ചോദിച്ചു. ” തട്ടിപ്പോയോന്നറിയാൻ നോക്കിയതാ ” ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം അവളിൽ നിന്നും മറച്ചുകൊണ്ട് അവൻ പറഞ്ഞു. ” എന്നെ തട്ടാനാ പ്ലാനെന്ന് എനിക്ക് നന്നായറിയാം. പക്ഷേ ആ വിചാരമങ്ങ് എട്ടായിട്ട് മടക്കി പോക്കറ്റിൽ തന്നെ വച്ചോ ” പറഞ്ഞുകൊണ്ട് അവൾ അവനെതിർവശം ചരിഞ്ഞ് കിടന്ന് വീണ്ടും മിഴികളടച്ചു. ” ഇവളെയൊക്കെ നോക്കാൻ .

ചെന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ” പിറുപിറുത്തുകൊണ്ട് അഭി പുറത്തേക്ക് പോയി. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. അരുണിന്റെയും അപർണയുടെയും ജാതകങ്ങൾ ഒത്തുനോക്കി നിശ്ചയത്തിനുള്ള മുഹൂർത്തവും കുറിച്ചു. നിശ്ചയം പ്രമാണിച്ച് അടുത്ത ചില ബന്ധുക്കളോടൊപ്പം ജാനകിയുടെ അച്ഛനമ്മമാരും ശ്രീമംഗലത്തേക്ക് എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചാണ് നിശ്ചയത്തിനുള്ള വസ്ത്രങ്ങളൊക്കെ എടുക്കാൻ പോയത്. ആദ്യം എല്ലാവരും കൂടി സാരി സെക്ഷനിലേക്കാണ് പോയത്. പിങ്ക് നിറത്തിൽ സിമ്പിളായിട്ടൊരു സാരിയായിരുന്നു അപർണയ്ക്ക് സെലക്ട് ചെയ്തത്.

എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെയെടുത്ത് ശ്രീമംഗലത്ത് തിരിച്ചെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. വന്നുകയറിയുടനെതന്നെ തലവേദനയാണെന്ന് പറഞ്ഞ് ജാനകി മുകളിലേക്കും അപർണ ഫോണുമായി ഗാർഡനിലേക്കും പോയി. സിന്ധുവും ശ്രീജയും കൂടി രാത്രിയിലത്തേക്കുള്ള ആഹാരമുണ്ടാക്കാൻ അടുക്കളയിലേക്ക് കയറി. അല്പനേരം കൂടി മേനോനും മഹാദേവനുമൊപ്പം ഹാളിലിരുന്നിട്ട് അഭിയും പതിയെ റൂമിലെത്തി. ഡോറ് തുറന്ന് അകത്തേക്ക് കയറുമ്പോൾ ജാനകി നടുവിൽ കൈ വച്ചുകൊണ്ട് ബെഡിൽ കിടന്നിരുന്നു. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും അവളുടെ നടുവിന്റെ വേദന തീർത്തും മാറിയിരുന്നില്ല.

കുറച്ച് നേരം എന്ത് ചെയ്യണമെന്നാലോചിച്ച് നിന്നതിന് ശേഷം അവൻ ടേബിളിലിരുന്ന ഓയിൻമെന്റുമെടുത്ത് അവളുടെയരികിൽ ചെന്നിരുന്നു. പെട്ടന്ന് തിരിഞ്ഞുനോക്കിയ ജാനകി അവനെക്കണ്ട് വീണ്ടും മിഴികൾ പൂട്ടിക്കിടന്നു. അഭിജിത്ത് പതിയെ ഓയിൻമെന്റ് തേച്ച് അവളുടെ നടുവിൽ നന്നായി ഉഴിഞ്ഞു. അപ്പോഴേക്കും കണ്ണുകൾ തുറന്ന അവൾ അവനെ അത്ഭുതത്തോടെ നോക്കിക്കിടക്കുകയായിരുന്നു. പെട്ടന്നന്നാണ് അഭിയുടെ ഫോൺ ചിലച്ചത്. അവൻ വേഗം ഫോൺ കയ്യിലെടുത്തു. ശ്രദ്ധയുടെ നമ്പറിൽ നിന്നുമാണ് കോളെന്ന് കണ്ടതും അവനൊരു പരുങ്ങലോടെ ജാനകിയെ നോക്കി.

അവളിൽ പക്ഷേ ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ” ഹലോ…. ” ” ഹലോ മോനെ ഞാൻ ശ്രദ്ധയുടമ്മയാ. ” ” എന്താ ആന്റി ??? ” ” മോനെ ശ്രദ്ധ….. ” അവരുടെ വാക്കുകൾ തേങ്ങലിൽ മുങ്ങിപ്പോയി. ഒരു ഞെട്ടലോടെ അഭി ബെഡിൽ നിന്നും ചാടിയെണീറ്റു. ” എന്താ ആന്റി ??? അവൾക്കെന്ത്‌ പറ്റി ??? ” അങ്കലാപ്പോടെ അവൻ ചോദിച്ചു. അവന്റെ പരവേശം കണ്ട് ജാനകിയും അങ്ങോട്ട്‌ തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. പെട്ടന്ന് അഭി ഫോൺ ബെഡിലേക്കിട്ട് റൂം തുറന്ന് പുറത്തേക്ക് പോയി. അവന്റെ വെപ്രാളം കണ്ട് താഴെ ഹാളിലിരുന്നവരെല്ലാം എന്താ സംഭവിച്ചതെന്നറിയാതെ ഇരിക്കുകയായിരുന്നു. “

എന്താ മോളേ ഇവനിതെങ്ങോട്ടാ ഈ രാത്രി ഇത്ര തിടുക്കപ്പെട്ട് ??? ” അവന്റെ പിന്നാലെ താഴേക്ക് വന്ന ജാനകിയോടായി ശ്രീജ ചോദിച്ചു. മറ്റുള്ളവരുടെ കണ്ണുകളും അപ്പോൾ അവളിലേക്ക് തന്നെയായിരുന്നു. ” എന്താന്നറിയില്ല ശ്രദ്ധയുടെ അമ്മ വിളിച്ചിരുന്നു. ” ആരുടെയും മുഖം ശ്രദ്ധിക്കാതെ പറഞ്ഞിട്ട് അവൾ മുകളിലേക്ക് തന്നെ തിരികെപ്പോന്നു. ” പലപ്പോഴും തോന്നും അഭിയേട്ടന്റെ ഉള്ളിലെവിടെയോ ഞാനുണ്ടെന്ന്. ആ മനസ്സിൽ എന്നോട് സ്നേഹമുണ്ടെന്ന്. ഒന്ന് സ്നേഹിച്ചുതുടങ്ങുമ്പോഴേക്കും വീണ്ടും എന്നിൽ നിന്നും വഴുതിപ്പോവുകയാണല്ലോ എന്റെ ദേവി… “

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ചിന്തകൾ അവളുടെ ഉള്ള് ചുട്ടുപൊള്ളിച്ചു. കണ്ണുനീർ കവിളിലൂടൊഴുകി നെഞ്ചിൽ പതിച്ചുകൊണ്ടിരുന്നു. അഭിജിത്ത് ശ്രദ്ധയുടെ വീടിന്റെ മുന്നിലെത്തുമ്പോൾ പ്രധാനവാതിൽ തുറന്ന് കിടന്നിരുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ബെഡ്റൂമിൽ ബോധമറ്റ് തറയിൽ വീണുകിടക്കുന്ന ശ്രദ്ധയുടെ തലയും മടിയിൽ വച്ചിരുന്ന് നിലവിളിക്കുകയായിരുന്നു സുധ. അവളുടെ ഇടതുകൈത്തണ്ടയിൽ നിന്നൊഴുകിയിറങ്ങിയിരുന്ന രക്തം അവർക്ക് ചുറ്റുപാടും ഒഴുകിപ്പരന്നിരുന്നു. ” മോനെ എന്റെ മോള്…. ” വാതിൽക്കൽ അഭിയുടെ തല കണ്ടതും സുധ കരഞ്ഞുകൊണ്ട് പറഞ്ഞു.

” ശ്രദ്ധ…. ശ്രദ്ധ……” അവളുടെ അരികിലേക്കിരുന്ന് ആ കവിളിൽ തട്ടിക്കോണ്ട് അവൻ വിളിച്ചു. പക്ഷേ അവൾ കണ്ണുകൾ തുറക്കുകയോ പ്രതികരിക്കുകയോ ഉണ്ടായില്ല. അവൻ വേഗം അവളെ വാരിയെടുത്തുകൊണ്ട് പുറത്തേക്ക് നടന്നു. തൂങ്ങിക്കിടന്നിരുന്ന അവളുടെ കയ്യിൽ നിന്നും അപ്പോഴും രക്തം ഇറ്റുവീണുകൊണ്ടിരുന്നിരുന്നു. ഹോസ്പിറ്റൽ ബെഡിലേക്ക് അവളെ കിടത്തുമ്പോഴേക്കും അവളിലെ ജീവന്റെ തുടിപ്പുകൾ വളരെ നേർത്തിരുന്നു. ICU വിന് മുന്നിലെ നിരത്തിയിട്ട കസേരകളിലൊന്നിൽ തളർന്നിരിക്കുമ്പോൾ ചുണ്ടിലെപ്പോഴുമൊരു കുസൃതിച്ചിരിയൊളിപ്പിച്ച അവളുടെ മുഖമായിരുന്നു അവന്റെയുള്ള് നിറയെ.

അപ്പോഴേക്കും വിവരമറിഞ്ഞ് മേനോനും മഹാദേവനും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു. ” ആ കുട്ടിയുടെ ബോഡിയിൽ നിന്നും ഒരുപാട് ബ്ലഡ് നഷ്ടപ്പെട്ടിട്ടുണ്ട്. എത്രയും വേഗം AB നെഗറ്റീവ് ബ്ലഡറേഞ്ച് ചെയ്യണം. ” കുറെ സമയം കഴിഞ്ഞ് ICU വിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് പറഞ്ഞു. ” അതോർത്ത് പേടിക്കണ്ട എന്റെ സെയിം ഗ്രൂപ്പാണ് . ” എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സുധയോടായി മഹാദേവൻ പറഞ്ഞു. ആ വാക്കുകൾ കേട്ട് അയാൾക്ക് നേരെ നോക്കി കണ്ണീരോടെ ആ പാവം സ്ത്രീ ഇരുകൈകളും കൂപ്പി. അവരെ നോക്കി മൃദുവായൊന്ന് പുഞ്ചിരിച്ചിട്ട്‌ മഹാദേവൻ വേഗം ലാബിലേക്ക് പോയി. പിന്നെയും കുറേ സമയം കൂടി കടന്നുപോയി.

പരസ്പരം ഒന്നും മിണ്ടുന്നില്ലെങ്കിലും എല്ലാവരും ICU വിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു. പെട്ടന്ന് ആ ഗ്ലാസ്‌ ഡോർ തുറക്കപ്പെട്ടു. ” ശ്രദ്ധയ്ക്ക് ബോധം വന്നു അഭിജിത്തിന്റെ ഒന്ന് കാണണമെന്ന് പറയുന്നു. ” പറഞ്ഞിട്ട് നേഴ്സ് അകത്തേക്ക് കയറിപ്പോയി. എല്ലാവരെയും ഒന്ന് നോക്കിയിട്ട് അഭി പതിയെ അകത്തേക്ക് കയറി. അവനടുത്തേക്ക് ചെല്ലുമ്പോൾ അവൾ കണ്ണുകൾ തുറന്നുതന്നെ കിടന്നിരുന്നു. ” തീർന്നില്ല അല്ലേ ??? ” അവനെ കണ്ടതും ഇടറിയ സ്വരത്തിൽ നിറമിഴികളോടെ അവൾ ചോദിച്ചു. ” നീയെന്ത്‌ ഭ്രാന്താഡീയീ കാണിച്ചത് ?? ” അവന്റെ മറുചോദ്യം കേട്ട് അവൾ വല്ലാത്തൊരു ചിരി ചിരിച്ചു. ” ഞാനെന്തിനാ അഭിയേട്ടായിനി ജീവിക്കുന്നത് ???

എല്ലായിടത്തും തോറ്റ ഞാൻ ജീവിക്കുന്നതിലിനിയെന്താ അർഥം ??? എന്തിനാ എനിക്ക് പോലും വേണ്ടാത്ത എന്റെയീ ജീവനെയിങ്ങനെ പിടിച്ചുനിർത്തിയേക്കുന്നത് ??? എന്നെയൊന്ന് മരിക്കാനെങ്കിലും അനുവദിക്കഭിയേട്ടാ…. ” നെഞ്ച് തകർന്നെന്നപോലെ ബെഡിൽ തലയിട്ടുരുട്ടി അവൾ പൊട്ടിക്കരഞ്ഞു. ” നീയിതെന്തൊക്കെയാ ശ്രദ്ധ ഈ പറയുന്നത് എന്നെയിങ്ങനെ ശിക്ഷിക്കല്ലേഡാ ” പറഞ്ഞതും അവനവളെ വാരിപ്പുണർന്നിരുന്നു. “

സാർ പ്ലീസ് ഒരുപാട് സംസാരിക്കാൻ പാടില്ല. പ്ലീസൊന്ന് പുറത്ത് പോണം ” പെട്ടന്നങ്ങോട്ട് വന്ന ഡ്യൂട്ടി നേഴ്സിന്റെ നിർബന്ധത്തിന് വഴങ്ങി അവളെ വിട്ട് പുറത്തേക്ക് പോരുമ്പോഴും അവന്റെ നെഞ്ച് വിങ്ങുകയായിരുന്നു. പുറത്തിറങ്ങി ആരോടും ഒന്നും പറയാതെ അവൻ ഹോസ്പിറ്റലിന് വെളിയിലേക്ക് പോയി. അവന്റെ പിന്നാലെ ഓടി വന്ന മേനോനും മഹാദേവനും പുറത്തെത്തും മുന്നേ അഭിയുടെ കാർ മിന്നൽ വേഗത്തിൽ ഹോസ്പിറ്റൽ ഗേറ്റ് കടന്നിരുന്നു. ആ കാർ ചെന്ന് നിന്നത് നഗരമധ്യത്തിലെ ബാറിന് മുന്നിലായിരുന്നു. അപ്പോഴും ശ്രീമംഗലത്തിന്റെ പൂമുഖത്ത് അവനെക്കാത്തൊരു പെൺഹൃദയം വഴിക്കണ്ണുമായിരുന്നിരുന്നു.

തുടരും…..

നിൻ നിഴലായ് : ഭാഗം 1

നിൻ നിഴലായ് : ഭാഗം 2

നിൻ നിഴലായ് : ഭാഗം 3

നിൻ നിഴലായ് : ഭാഗം 4

നിൻ നിഴലായ് : ഭാഗം 5

നിൻ നിഴലായ് : ഭാഗം 6

നിൻ നിഴലായ് : ഭാഗം 7

നിൻ നിഴലായ് : ഭാഗം 8