കടലിനക്കരെ : ഭാഗം 4
എഴുത്തുകാരി: സജി തൈപ്പറമ്പ്
ഇവിടെ നിന്ന് അബുദാബിയിലേക്ക് എത്ര ദൂരമുണ്ട്? കമ്പനി വക ക്യാൻറീനിൽ, ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ , കൂടെ ജോലി ചെയ്യുന്ന, മലയാളം ഭാഗികമായി സംസാരിക്കുന്ന , ചൈനക്കാരിയോട് അശ്വതി ചോദിച്ചു . ഷാർജ റ്റു അബുദാബി ,വൺ സിക്സ്റ്റി കിലോമീറ്റർ ഒൺലി ങ്ഹേ, അത്രയുള്ളോ ? അതിശയോക്തിയോടെ അശ്വതി ചോദിച്ചു. യെസ് മാം, ഇവിടുന്ന് എപ്പോഴും അങ്ങോട്ടുള്ള ബസ്സ് കിട്ടും, വാട്ട് ഹാപ്പെൻഡ്? ഹേയ് ഒന്നുമില്ല അശ്വതിയുടെ മനസ്സിൽ കിടന്ന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ, അവളെ ശ്വാസം മുട്ടിച്ചു.
രാവിലെ കമ്പനിയുടെ മുന്നിൽ എംഡി യുടെ കാറ് കാണാതിരുന്നത് കൊണ്ട് ,അദ്ദേഹം ലീവാണോന്നറിയാനാണ്, അടുത്തിരുന്ന യാങ്ങ്ചൂയിയോട് വെറുതെ ഒരു കുശലം ചോദിച്ചത്. അപ്പോഴാണ് എംഡി അബുദാബിയിൽ ഒരു മീറ്റിംഗിന് പോയെന്നും ഉച്ചകഴിഞ്ഞ് തിരിച്ച് വരുമെന്നും അവൾ പറഞ്ഞത്. ങ്ഹേ അബുദാബിയിലേക്ക് കാറിൽ പോയോ? താനപ്പോൾ ജിജ്ഞാസയോടെ ചോദിച്ചു. യെസ് മാം ,അവര് കാറിലാണ് പോയത് യാംങ്ങ്ചൂയി തറപ്പിച്ച് പറഞ്ഞപ്പോഴാണ്, ഷാർജയിൽ നിന്നും അബുദാബിയിലേക്കുള്ള ദൂരമെത്രയാണെന്ന് ,അശ്വതി അവളോട് ചോദിച്ചത്.
ഷാർജയിൽ നിന്നും ബസ്സ് മാർഗ്ഗം പോകാവുന്ന അബുദാബിയിലേക്ക് ഷൈജുവും കാമുകിയും ഫ്ളൈറ്റിൽ പോയെന്ന്, സിജോ പറഞ്ഞത് എന്ത് കൊണ്ടായിരിക്കും? അശ്വതിയുടെ മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി. സിജോ, തന്നോട് കള്ളം പറഞ്ഞതാവുമോ? ഹേയ്, തൻ്റെ ഭർത്താവിനെ കുറിച്ച് അയാൾക്ക് അങ്ങനെയൊരു വാർത്ത സൃഷ്ടിക്കേണ്ട കാര്യമുണ്ടോ ,തന്നെയും ഷൈജുവിനെയും തമ്മിൽ തെറ്റിച്ചിട്ട് അയാൾക്ക് എന്ത് കിട്ടാനാ ,ഇനി അഥവാ തന്നോട് എന്തെങ്കിലും ആകർഷണം തോന്നിയത് കൊണ്ടാണെങ്കിൽ, ഇത് വരെ ,അയാൾ തന്നോട് ,ഒരു വാക്കോ, നോക്കോ കൊണ്ട് മോശമായി പെരുമാറിയിട്ടില്ല അപ്പോൾ പിന്നെ അയാളേ സംശയിക്കേണ്ട കാര്യമുണ്ടോ ?
അങ്ങനെയൊരു ചോദ്യം അവളുടെ മനസ്സിനെ അലട്ടിയപ്പോൾ അതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാൻ അന്ന് മുതൽ അശ്വതി , സിജോയെ, അയാളറിയാതെ നിരീക്ഷിക്കാൻ തുടങ്ങി. ഒരു വെള്ളിയാഴ്ച ദിവസം പൊതു അവധിയായിരുന്നത് കൊണ്ട് ,സിജോ കൂട്ടുകാരോടൊപ്പം പുറത്ത് പോയ സമയത്ത്, അശ്വതി ഫ്ളാറ്റ് വൃത്തിയാക്കാനായി സാധനങ്ങളൊക്കെ അടുക്കി വയ്ക്കുമ്പോഴാണ്, ബെഡ്റൂമിലെ ഷെൽഫിലിരുന്ന ഡയറിയിൽ നിന്നും ഒരു കളർ ഫോട്ടോ താഴെ വീണത് കൗതുകത്തോടെ അതെടുത്ത് നോക്കിയ അശ്വതി ,ഞെട്ടിവിറച്ച് പോയി.
ഏതോ ഒരു പാർക്കിൽ വച്ച് നാല് കൂട്ടുകാർ ചേർന്നെടുത്ത ഫോട്ടോ ആയിരുന്നത് , ആ ഗ്രൂപ്പ് ഫോട്ടോയിൽ , അടുത്ത ഫ്ളാറ്റിലെ ഷെഫീറിനെയും ,ബിജുവിനെയും കൂടാതെ, സിജോയുടെ തോളിൽ കൈയ്യിട്ട് നില്ക്കുന്നത് , തൻ്റെ ഭർത്താവ് ഷൈജുവാണെന്നറിഞ്ഞ നിമിഷം, തല കറങ്ങി താഴെ വീണ് പോകുമെന്നവൾക്ക് തോന്നി . അപ്പോൾ തൻ്റെ ഭർത്താവുമായി സിജോയ്ക്കും, കൂട്ടുകാർക്കും നേരത്തെ പരിചയമുണ്ടായിരുന്നോ? എന്നിട്ട് അതും തന്നിൽ നിന്ന് അവർ മറച്ച് വച്ചെങ്കിൽ,ഷൈജുവിനെ കാണാതായത് ,ഇവരറിഞ്ഞിട്ട് തന്നെയാവണം തൻ്റെ ഭർത്താവിൻ്റെ തിരോധാനത്തിൽ സിജോയ്ക്കും,
കൂട്ടുകാർക്കും വ്യക്തമായ പങ്കുണ്ടെന്ന് അവൾക്ക് ബോധ്യമായി പക്ഷേ, അദ്ദേഹത്തിനെ ഇവർ എന്ത് ചെയ്തെന്നറിയണമെങ്കിൽ താനിനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും ,അല്ലാതെ അവിവേകം കാണിച്ചാൽ, ഒരു പെണ്ണായ തനിക്ക്, എന്തും ചെയ്യാൻ മടിയില്ലാത്ത, സിജോയുടെയും ,കൂട്ടുകാരുടെയും മുന്നിൽ ,പിടിച്ച് നില്ക്കാൻ കഴിയില്ലന്ന് അവൾക്ക് ബോധ്യമായി അറിഞ്ഞിടത്തോളം, സിജോ തന്നിൽ നിന്നും എന്തൊക്കെയോ മറച്ച് വയ്ക്കുന്നുണ്ട് ,അതിൻ്റെ പിന്നിലെ ദുരൂഹതകൾ ചികഞ്ഞെടുത്താലേ, ഷൈജുവിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ,തനിക്ക് ഒരു ഏകദേശ ധാരണയുണ്ടാവുകയുള്ളു, എന്ന് മനസ്സിലാക്കിയ അശ്വതി,
ക്ഷമയോടെ സിജോയുടെ ഓരോ നീക്കവും നിരീക്ഷിച്ചു. അതിനായി അവൾ, സിജോയുടെ ഫോൺ കോളുകൾ പരിശോധിക്കാനുള്ള ശ്രമം തുടങ്ങി ഒരു ദിവസം സിജോ, കുളിക്കാൻ കയറിയ തക്കം നോക്കി ,അശ്വതി അവൻ്റെ ഫോണിലെ, ഓട്ടോമാറ്റിക്ക് റെക്കോർഡിങ്ങ് ഓൺ ചെയ്ത് വച്ചു അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ റെക്കോഡ് ചെയ്യപ്പെട്ട കോളുകൾ സിജോ അറിയാതെ അശ്വതി പ്ളേ ചെയ്ത് നോക്കിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കേൾക്കാൻ കഴിഞ്ഞില്ല പക്ഷേ ഒരു ദിവസം അവൾ പ്രതീക്ഷിച്ചിരുന്ന ആ സംഭാഷണം അശ്വതിയുടെ കാതുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു.
പ്രവാസി മലയാളി കൂട്ടായ്മയുടെ സെക്രട്ടറി നെജീബ്, സിജോയുമായി സംസാരിക്കുന്ന റെക്കോർഡിങ്ങായിരുന്നത് സംഭാഷണത്തിൽ, നജീബ് ഒരു നാണയത്തെക്കുറിച്ച് ചോദിക്കുന്നതും, അത് ഇത് വരെ അശ്വതിയിൽ നിന്നും തനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ്, സിജോ നജീബിനോട്പറഞ്ഞത് . അപ്പോഴാണ്, താൻ നാട്ടിൽ നിന്ന് വരാനൊരുങ്ങുമ്പോൾ ഷൈജു, തന്നെ വിളിച്ച് വളരെ രഹസ്യമായി പറഞ്ഞ കാര്യം അശ്വതിയുടെ മനസ്സിലേക്കോടി വന്നത് ങ്ഹാ ,അശ്വതീ.. എൻ്റെ അലമാരയുടെ ട്രേയിൽ 111 എന്നെഴുതിയ ഒരു നാണയം സൂക്ഷിച്ച് വച്ചിട്ടുണ്ട് നീ ഇങ്ങോട്ട് പോരുമ്പോൾ അത് വളരെ രഹസ്യമായി എൻ്റെ കയ്യിൽ കൊണ്ട് തരണം ,
ഒരു കാരണവശാലും നിൻ്റെ ബാഗിലോ സ്യൂട്ട്കെയ്സിലോ വയ്ക്കരുത് നിൻ്റെ ശരീരത്തിലെവിടെയെങ്കിലും ഒളിച്ച് വച്ച് വേണം അത് കൊണ്ട് വരാൻ അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നീയിവിടെയെത്തിയിട്ട് ഞാൻ പറയാം ,ഒരു കാരണവശാലും അത് നഷ്ടപ്പെടുത്തരുത് ഇത്ര ആത്മാർത്ഥമായിട്ട് അതിന് മുമ്പ് അദ്ദേഹം തന്നോട് സംസാരിച്ചിട്ടില്ലെന്ന് താനന്ന് ഓർക്കുകയും ചെയ്തു എന്തായാലും, അദ്ദേഹം പറഞ്ഞത് പോലെ ,അതിൻ്റെ പ്രാധാന്യമുൾക്കൊണ്ട്, താനന്ന് ആ നാണയം തൻ്റെ ബോക്സ് രൂപത്തിലുള്ള താലിയുടെ ഉള്ളിൽ സൂക്ഷിച്ച് വച്ച് കൊണ്ടാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത് എന്താക്കെ നഷ്ടപ്പെട്ടാലും തൻ്റെ കഴുത്തിൽ എപ്പോഴും കിടക്കുന്ന ,
അദ്ദേഹമണിയിച്ച കെട്ട്താലി താൻ നഷ്ടപ്പെടുത്തില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ് ആ നാണയം അവിടെ തന്നെ ഭദ്രമായി സൂക്ഷിച്ച് വച്ചത് . നജീബ്, സിജോയോട് പറഞ്ഞതും ആ നാണയത്തെക്കുറിച്ച് തന്നെയാണെന്ന് അശ്വതി ഉറപ്പിച്ചു പക്ഷേ, ആ നാണയത്തിന് എന്താണിത്ര പ്രത്യേകത? അതിനി വിലപിടിപ്പുള്ള വല്ല ലോഹവുമാണോ? അങ്ങനെയാണെങ്കിൽ ,സ്വന്തം കൂട്ടുകാരനെ ഇല്ലായ്മ ചെയ്ത് തട്ടിയെടുക്കാനും മാത്രം, വില പിടിപ്പുള്ളതാണോ അതിൻ്റെ മൂല്യം അതിന് വേണ്ടി അവർ തൻ്റെ ഭർത്താവിനെ കൊന്ന് കാണുമോ സങ്കടവും ജിജ്ഞാസയും കൊണ്ട് അശ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അല്പം കഴിഞ്ഞ് എന്തോ തീരുമാനിച്ചുറച്ച പോലെ അശ്വതി എഴുന്നേറ്റു
അപ്പോഴേക്കും സിജോ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്നിറങ്ങി വന്നു സിജോ നമുക്കിന്ന് ഔട്ടിങ്ങിന് പോയാലോ ഓഹ് അതിനെന്താ പോയേക്കാം എങ്ങോട്ടാ പോകേണ്ടതെന്ന് പറഞ്ഞാൽ മതി നമുക്കിന്ന് ബീച്ചിൽ പോകാം എനിക്കവിടുത്തെ കടലിലേക്ക് നീണ്ട് കിടക്കുന്ന പാലത്തിൽ നിന്ന് അല്പം കാറ്റ് കൊള്ളണം ആഹാ കൊള്ളാമല്ലോ എന്താ വല്ല കവിതയുമെഴുതാൻ പ്ളാനുണ്ടോ ഹേയ് ഒരു മോഹം, അത്ര തന്നെ ഓകെ ഞാൻ ദേ ഇപ്പോൾ റെഡിയായ് വരാം സിജോ, കമ്പനി വക കാറിലാണ് അശ്വതിയുമായി ബീച്ചിലേക്ക് പോയത്. ഇനി ഞാൻ ഡ്രൈവ് ചെയ്യട്ടെ, കുറച്ച് ദൂരമല്ലേയുള്ളു ? കടൽപാലമെത്താറായപ്പോൾ, അശ്വതി സിജോയോട് ചോദിച്ചു.
ങ്ഹേ? അശ്വതിക്ക് ഡ്രൈവിങ്ങറിയാമോ ? ഉം, അദ്ദേഹമെന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ,ആദ്യം ചോദിച്ചത് ഡ്രൈവിങ്ങ് അറിയാമോന്നാ ,ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, എങ്കിൽ കല്യാണത്തിന് മുമ്പ് ലൈസൻസെടുക്കമെന്ന് എന്നെ നിർബന്ധിച്ചത് കൊണ്ടാണ്, ഞാൻ കഷ്ടപ്പെട്ട് പഠിച്ച് ലൈസൻസെടുത്തത് പക്ഷേ ,അവിടുത്തെ ലൈസൻസിവിടെ പറ്റില്ല കേട്ടോ? മാത്രമല്ല ഇവിടെ ലഫ്റ്റ് ഹാൻ്റ് ഡ്രൈവാ അതൊക്കെ എനിക്കറിയാം, ഇത് കുറച്ചല്ലേയുള്ളു ,ഞാനൊന്ന് ഡ്രൈ ചെയ്ത് നോക്കട്ടെ അശ്വതിയുടെ ആഗ്രഹപ്രകാരം സിജോ, ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി വലത് വശത്തേക്ക് മാറി ഇരുന്നപ്പോൾ, അശ്വതി ഇടത് വശത്ത് കയറിയിട്ട് ,കാറ് മുന്നോട്ടെടുത്തു.
കടൽപാലത്തിലൂടെ മുന്നോട്ട് നീങ്ങിയ കാറിന് സ്പീഡ് കൂടുന്നത് കണ്ട്, സിജോയ്ക്ക് പരിഭ്രമം തുടങ്ങി . അശ്വതി.. പതിയെ, ഇനിയും മുന്നോട്ട് പോയാൽ നമ്മൾ നേരെ നടുക്കടലിൽ ചെന്ന് വീഴും അതെനിക്കറിയാം സിജോ, അതിന് വേണ്ടി തന്നെയാണ് ഞാൻ സ്പീഡ് കൂട്ടിയത് അശ്വതിയുടെ ശബ്ദം മാറിയതും മുഖത്ത് ഗൗരവംനിറഞ്ഞതും, സി ജോയെ പരിഭ്രാന്തനാക്കി. അശ്വതി തമാശ കാണിക്കല്ലേ വണ്ടി നിർത്ത്… വണ്ടി നിർത്താൻ … സിജോയുടെ അലർച്ചയോടൊപ്പം പാലത്തിൻ്റെ എഡ്ജിൽ താഴേക്ക് പതിക്കാൻ പാകത്തിൽ ,മുൻ ടയറുകൾ തറയിലുരഞ്ഞ്, കാറ് നിന്നു.
എന്താ അശ്വതീ.കാണിക്കുന്നത് വണ്ടി പുറകോട്ടെടുക്ക് ഇല്ല അതിന് മുമ്പ് എനിക്ക് ചിലതറിയാനുണ്ട് ,എൻ്റെ ഭർത്താവിനെ നിങ്ങളെല്ലാവരും ചേർന്ന് എന്ത് ചെയ്തു ങ് ഹേ അയാളാ ശ്രീലങ്കക്കാരിയുമായി… നിർത്തൂ.. ഞാനാ പഴയതൊട്ടാവാടി പെണ്ണല്ല, എല്ലാമറിഞ്ഞിട്ടാണ് ഞാൻ ചോദിക്കുന്നത് താനിത് കണ്ടോ? അശ്വതി ബാഗിലിരുന്ന ആ ഗ്രൂപ്പ് ഫോട്ടോ ,സിജോയെ കാണിച്ചപ്പോൾ അയാൾ ഞെട്ടിത്തരിച്ചു പോയി ഞാനൊന്ന് ആക്സിലേറ്ററിൽ കാലമർത്തിയാൽ നമ്മളൊരുമിച്ച് ഈ നടുക്കടലിൽ മുങ്ങിത്താഴും അത് വേണ്ടെങ്കിൽ നടന്നത് മുഴുവൻ എന്നോട് പറഞ്ഞോ വേണ്ടാ…
വേണ്ട അശ്വതി, ഞാനെല്ലാം പറയാം ,ഷൈജുവിന് ഒന്നും സംഭവിച്ചിട്ടല്ല, അയാളെ ഞങ്ങൾ ഷഫീറിൻ്റെ ഫ്ളാറ്റിൽ തടങ്കലിൽ വച്ചിരിക്കുകയാണ് തടങ്കലിലോ എന്തിന്? പറയാം എല്ലാം ഞാൻ പറയാം ഇവിടെ എല്ലാ വർഷവും ദുബായ് ഫെസ്റ്റ് നടക്കാറുണ്ട് ,അപ്പോൾ അവിടെ നിന്നും പർച്ചേസ് ചെയ്യുന്ന സാധനങ്ങൾക്കൊപ്പം ഒരു സമ്മാനകൂപ്പണും എല്ലാവർക്കും ലഭിക്കും, ഇത്തവണ കൂപ്പണിന് പകരം നാണയ രൂത്തിലുള്ള നമ്പരെഴുതിയ ചെറിയ ടോക്കണായിരുന്നു നല്കിയത്, ഷൈജുവും അന്ന് കല്യാണത്തിന് വേണ്ട സ്വർണ്ണമാല പർച്ചേയ്സ് ചെയ്തപ്പോൾ അവനും നാണയം കിട്ടിയിരുന്നു ഞാനന്ന് നാട്ടിലായിരുന്നു
അതിൻ്റെ നറുക്കെടുപ്പ് നടന്നപ്പോൾ ഒന്നാം സമ്മാനമായ നൂറ്റമ്പത് കോടിയോളം വരുന്ന ഇന്ത്യൻ മണി സമ്മാനമായി ലഭിച്ചത് ഷൈജുവിൻ്റെ കൈയ്യിലിരുന്ന നാണയത്തിനാണെന്ന് അവൻ വിളിച്ച് പറഞ്ഞപ്പോൾ അവിശ്വസനീയതയോടൊപ്പം അസൂയയും എനിക്ക് തോന്നിയിരുന്നു അങ്ങനെ എത്രയും പെട്ടെന്ന് നീ തിരിച്ച് ഷാർജയിലെത്തണമെന്നും അവൻ്റെ വൈഫ്, സമ്മാനമടിച്ച നാണയവുമായി ഇന്ത്യൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും, നമുക്കൊന്ന് അടിച്ച് പൊളിക്കാമെന്നും പറഞ്ഞ് ഷൈജു എനിക്ക് ഫോൺ ചെയ്തിരുന്നു അങ്ങനെയാണ് ഞാനും അശ്വതിയും തമ്മിൽ വിമാനത്തിൽ വച്ച് കണ്ട് മുട്ടുന്നത് ,
അശ്വതി ഭർത്താവിനെക്കാണാൻ വരികയാണന്ന് പറഞ്ഞപ്പോഴെ താൻ ഷൈജുവിൻ്റെ ഭാര്യയാണെന്ന് എനിക്ക് മനസ്സിലായിരുന്നു പക്ഷേ അപ്പോൾ ഞാൻ അറിയാത്ത ഭാവം നടിച്ചത് എൻ്റെ മനസ്സിലപ്പോൾ ചെകുത്താൻ കടന്ന് കൂടിയത് കൊണ്ടായിരുന്നു പത്ത്തലമുറ തിന്ന് മുടിച്ചാലും തീരാത്ത സ്വത്ത് കൈയ്യിൽ വന്ന സന്തോഷത്തിന് ഷൈജു ചിലപ്പോൾ ഞങ്ങൾക്കെല്ലാം കുറച്ച് ചിലവ് ചെയ്യുമായിരിക്കും പക്ഷേ ഷൈജുവിൻ്റെ കൈയ്യിൽ നിന്നും ആ നാണയം അടിച്ച് മാറ്റിയാൽ നൂറ്റമ്പത് കോടി എനിക്ക് കിട്ടില്ലേ എന്ന ചിന്ത എന്നെ കൊണ്ട് ക്രൂരമായ ചില തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു.
പക്ഷേ ഒറ്റയ്ക്ക് ഞാൻ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് ,ഞാൻ സഹായത്തിനായി ഷെഫിറിനെയും ബിജുവിനെയും നജീബിനെയും കൂട്ട് പിടിച്ചത് ഷാർജ എയർപോർട്ടിലിറങ്ങുന്ന അശ്വതിയെ സ്വീകരിക്കാൻ വരുന്ന ഷൈജുവിനെ തടയാനും ഷൈജു അശ്വതിയെ ചതിച്ചെന്ന നുണക്കഥയുണ്ടാക്കി നിങ്ങളെ തമ്മിൽ അകറ്റാനും അങ്ങനെ നിസ്സഹായ ആയ അശ്വതിക്ക് എൻ്റെ ഫ്ളാറ്റിൽ അഭയം കൊടുക്കാനും ഞങ്ങൾ തമ്മിൽ ഗൂഡാലോചന നടത്തി അങ്ങനെയാണ് എയർപോർട്ടിൽ നിന്ന് ആദ്യമിറങ്ങിയ ഞാൻ ഷൈജുവിനെ അശ്വതികാണാതെ തടഞ്ഞ് വച്ചതും, ഷെഫിറും നെജീബും ബിജുവും കൂടി മറ്റൊരു കാറിലെത്തി ഷൈജുവിനെ ഫ്ളാറ്റിൽ തന്ത്രപൂർവ്വം എത്തിച്ച് പൂട്ടിയിട്ടതും എൻ്റെ ഭർത്താവിനെ പൂട്ടിയിട്ടാൽ നിങ്ങൾക്കെങ്ങനെ നാണയം കിട്ടാനാ,
അതെൻ്റെ കൈവശമല്ലേ? അതേ അത് കൊണ്ടാണ് അശ്വതിയെ എന്നോടൊപ്പം താമസിപ്പിച്ചത് ,ആ നാണയം തൻ്റെ ബാഗിലുണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു എന്നെങ്കിലും അശ്വതി ബാത്റൂമിൽ കയറുന്ന തക്കത്തിന് ബാഗിൽ നിന്നും നാണയമെടുക്കാമെന്ന് കരുതിയെങ്കിലും അശ്വതി എപ്പോഴും മുറി പൂട്ടിയതിന് ശേഷം കുളിക്കാൻ കയറിയിരുന്നത് കൊണ്ട് എനിക്കത് കൈക്കലാക്കാൻ കഴിഞ്ഞില്ല അല്ല അത് കൈക്കലാക്കിയാലും നിങ്ങളതിന് ശേഷം ഷൈജുവിനെ മോചിപ്പിക്കുമ്പോൾ നിങ്ങൾക്കെതിരെ ഷൈജു കേസ് കൊടുക്കില്ലേ?അപ്പോൾ നിങ്ങൾ പിടിക്കപ്പെടില്ലേ?
ഇല്ല അതിന് മുമ്പ് പണവുമായി രാജ്യം വിടാനായിരുന്നു ഞങ്ങളുടെ പ്ളാൻ ,അതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും ഞങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു ,ഇവിടുന്ന് ആദ്യം ക്യാനഡയിലെത്താനും അവിടെയെത്തിയതിന് ശേഷം അശ്വതിയെ ഫോണിൽ വിളിച്ച് ഷൈജുവിനെക്കുറിച്ചുള്ള വിവരങ്ങൾ പറയാനുമായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത് അങ്ങനെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പറന്ന് നടക്കാനും ആഡംബര ജീവിതം നയിക്കാനുമായി ഞങ്ങൾ സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയായിരുന്നു, ഇത്രയും ദിവസം കൊള്ളാം സിജോ, കുറച്ച് പണത്തിനും സുഖജീവിതത്തിനും വേണ്ടി നീ നിൻ്റെ ഉറ്റ സുഹൃത്തിനെയും ഭാര്യയുമാണ് ഇത്രയും നാൾ വഞ്ചിച്ചത് നീയത് കൊണ്ട് മാപ്പർഹിക്കുന്നില്ല ,
എനിക്ക് എത്രയും വേഗം തിരിച്ച് ഫ്ളാറ്റിലെത്തണം ,എൻ്റെ ഭർത്താവിനെ മോചിപ്പിക്കണം അതിന് ഞാൻ ഷാർജ പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട് , ദാ നീ പുറകിലേക്ക് തിരിഞ്ഞ് നോക്കു, ആ വരുന്ന പോലീസ് വാഹനങ്ങളിൽ ഒന്ന് നിന്നെ ജയിലിലേക്ക് കൊണ്ട് പോകാനും മറ്റേത് എന്നെ എൻ്റെ ഭർത്താവിൻ്റെയരികിലെത്തിക്കാനുമാണ് ,അവിടെ കാവലിരിക്കുന്ന നിൻ്റെ കൂട്ടുകാരെയും നിനക്ക് കൂട്ടിനായി അവർ ജയിലിലെത്തിച്ച് തരും അശ്വതി പറഞ്ഞ് തീരുമ്പോഴേക്കും സൈറൺ മുഴക്കി കൊണ്ട് പോലീസ് വാഹനങ്ങൾ കാറിന് പിന്നിൽ വന്ന് നിന്നു.
അവസാനിച്ചു.