Wednesday, May 1, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

അത്രയും പറഞ്ഞുകൊണ്ട് തന്റെ ഫോൺ ഗാലറിയിൽ ഉള്ള വസുവിന്റെ ഫോട്ടോയിലേക്ക് കണ്ണുംനട്ടിരുന്നു അവൻ. മെല്ലെ അവളുടെ ചുണ്ടുകളിൽ തത്തികളിച്ചിരുന്ന പുഞ്ചിരി അവനിലേക്കും വ്യാപിച്ചു. കണ്ണുകടച്ചുകൊണ്ട് അവളെയുമോർത്ത് അവൻ പുറത്തേക്ക് നോട്ടമയച്ചു. പിന്നെ പതിയെ പതിയെ ആ മിഴികൾ കൂമ്പിയടഞ്ഞു. എങ്കിലും കൂടുതൽ തെളിമയോട് വസുവിന്റെ ചിത്രം അവനിൽ ഉണർന്നിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 എത്രയും പെട്ടന്ന് തന്നെ നക്ഷത്രങ്ങളേ കാവൽ വായിച്ചു തീർക്കണമെന്നും, തിരികെ കൊടുക്കുമ്പോൾ അതിൽ തന്റെ കത്തും വെയ്ക്കണം എന്ന ചിന്തകൊണ്ടായിരുന്നു ഓരോ ദിവസവും അവൾ തള്ളി നീക്കികൊണ്ടിരുന്നത്.. ഈ ദിവസങ്ങളിൽ അത്രയും അവൾ നോക്കി കാണുകയായിരുന്നു അനന്തനെ. തന്നോട് ഒരളവിൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാതെ, ഒഴിഞ്ഞു മാറി നടക്കുന്നു. അവന്റെ ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ഒക്കെയും സ്റ്റാഫ് റൂമിന് മുൻപിലൂടെ വെറുതെ നടക്കുക എന്നത് വസുവിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നല്കുന്ന ഒന്നാണ്.. അനന്തനെ കാണുക എന്ന ലക്ഷ്യം ഒന്നുമാത്രമാണ് അതിന് പിന്നിലെന്ന് കൂട്ടുകാർക്ക് പിടികിട്ടിയെങ്കിലും, അവളുടെ ഇഷ്ടത്തിൽ സ്വാതന്ത്രത്തിൽ കൈകടത്താനവർ മുതിർന്നില്ല .. മാത്രമല്ല മൗനമായി മാത്രമേ ആ പ്രണയത്തെയവർ നോക്കി കണ്ടുള്ളു.

അത്രയും നിർമലമായ ഒരു അരുവിപോലെയായിരുന്നു വസുവിന്റെ പ്രണയം ഒഴുകികൊണ്ടിരുന്നത്. ഇടതടവില്ലാതെ അവ മറ്റൊന്നിനെയും ശല്യം ചെയ്യാതെ എന്തിനധികം എത്തിച്ചേരേണ്ട പുഴയെ പോലും ആ ഒഴുക്ക് ശല്യപെടുത്തിയിട്ടില്ല. എല്ലാവർക്കും വസു ഒരു വായാടിയായിരുന്നു. പക്ഷെ അനന്തന് അരികിൽ നിൽക്കുമ്പോൾ അവളുടെ മൗനം പോലും വാചാലമാകുന്നത് പോലെ.. ഇടക്കിടക്ക് വാക്കുകൾക്ക് നേരിടേണ്ടി വരുന്ന ക്ഷാമം. ഉതിർന്നു വരുന്ന വാക്കുകൾക്ക് മുറിവുകൾ സംഭവിക്കുന്നു.. ആ ഒരാളുടെ മാത്രം നിശ്വാസമേൽക്കുമ്പോൾ രോമകൂപങ്ങൾ പോലും വിറകൊള്ളുന്നത്. ഉള്ളിൽ പ്രണയപ്പനി മുറുകുമ്പോൾ പൊള്ളിപ്പിടയുന്ന ശരീരത്തിന് കൂട്ടായി വിരുന്നെത്തുന്ന കുളിരും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായി മാറുകയായിരുന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഏകദേശം രണ്ടുമൂന്നു ദിവസങ്ങൾ എടുത്താണെങ്കിലും പുസ്തകം വായിച്ചു തീർത്തു തിരികെ നൽകി. പുസ്തകത്തിനുള്ളിൽ അവളെഴുതിയ കുറിപ്പ് വെക്കാനും മറന്നില്ല. അടുത്തതായി പറഞ്ഞേൽപ്പിച്ചിരുന്ന പുസ്തകം അന്നകരേനിനയായിരുന്നു. കുറെ തിരഞ്ഞെങ്കിലും പുസ്തകം കിട്ടിയത് ഹരിക്കായിരുന്നു. അവളുടെ കയ്യിൽ നിന്നും പുസ്തകം തട്ടിപ്പറിച്ചു വാങ്ങി. ആകാംഷയുള്ളിലടക്കിപിടിച്ചു. കുറിപ്പുണ്ടെങ്കിൽ മറ്റാരും അറിയരുതെന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്. വൈകുന്നേരമാകാനുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് വസു. ഇടക്കൊന്നുരണ്ടു തവണ അനന്തനെ കണ്ടെങ്കിലും, കൂടികാഴ്ചയെല്ലാം പുഞ്ചിരിയിലൊതുക്കി അവൻ നടന്നു നീങ്ങുകയാണുണ്ടായത്. വൈകീട്ട് സുദേവ് കൊണ്ടുപോകാൻ വന്നതും എന്നത്തേക്കാളും ഉത്സാഹം വസുവിന്റെ മുഖത്തുണ്ടായിരുന്നു. പൊതുവെ വൈകുന്നേരങ്ങളൊക്കെ അവൾക്ക് വിരഹമാണ് നൽകിയിരുന്നത്. എന്നാൽ ആ പുസ്തകത്തിൽ ഒളിച്ചിരിക്കുന്ന പ്രിയപ്പെട്ടവന്റെ എഴുത്തിനെ അറിയാൻ അതിത്രീവ്രമായി തന്നെ അവളുമാഗ്രഹിച്ചിരുന്നു.

കടലാസ്കഷ്ണങ്ങളിലൂടെ പ്രണയം കൈമാറുക എന്നാൽ കേൾക്കുന്നവർക്കും കാണുന്നവർക്കും പരിഹാസമായോ ചിലപ്പോൾ കളിയാക്കാനുള്ള കാരണമോ ആയിരിക്കാം.. എന്നാൽ പ്രണയത്തിന്റെ മഷി പുരണ്ട വാക്കുകൾ.. നാസികയോട് ചേർത്താഗന്ധം ഉള്ളിലേക്കാവാഹിക്കുമ്പോൾ വർഷങ്ങള്ക്കിപ്പുറം മരുഭൂമിയിൽ മഴപെയ്യുമ്പോൾ നാമ്പിടുന്ന കള്ളിമുൾചെടി പോലെ, വരണ്ടുകിടക്കുന്ന തന്റെ ഹൃദയത്തിലും ഒരു മഴ പെയ്യാറുണ്ട് .. പ്രണയത്തിന്റെ ഇളം നാമ്പുകൾ കതിരിടാറുണ്ട്. ഒരേ ഒരെഴുത്തുകൊണ്ട് തന്റെ ഹൃദയം അവനു പണയപെട്ടുപോയിരിക്കുന്നു.. എത്ര വിചിത്രമാണത്.. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു…. സ്റ്റീരിയോയിൽ ഒഴുകിയെത്തിയ പാട്ടിന്റെ വരികളിൽ മുങ്ങിതാണു പോയി വസുവും. ഹരി ഇറങ്ങി യാത്ര ചോദിച്ചപ്പോഴാണ് അവൾ അതിൽ നിന്നും മുക്തയാവുന്നത്.. പിന്നീടുള്ള കുറച്ചു നേരം അനന്തനിൽ നിന്നും ചിന്തകൾ പറിച്ചുനട്ടു. സുദേവുമായി സംസാരിച്ചിരുന്നു. വീട്ടിൽ എത്തിയതും അച്ഛനും അമ്മയും വേഷം മാറി നിൽക്കുന്നത് കണ്ടു കാര്യമെന്താണെന്ന് തിരക്കി. ഹരിയെ പെണ്ണ് ചോദിക്കാൻ അങ്ങോട്ടേക്ക് പോകാൻ നിൽക്കുവാണെന്നറിഞ്ഞതും വേഗം പോയി ഡ്രസ്സ് മാറി വന്നു. പതിവില്ലാതെ നല്ല രീതിയിൽ ഒരുങ്ങി വരുന്ന സുധിയെ കണ്ടതും കളിയാക്കാൻ വസു മറന്നില്ല.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹരിയുടെ വീട്ടിലെത്തിയതും അവരെ സ്വീകരിക്കാനെന്നോണം ഒരുങ്ങി നിൽക്കുന്ന മാധവിനേം സുജയേം കണ്ടതോട്കൂടെ ഏകദേശം കാര്യങ്ങളൊക്കെ വസു ഊഹിച്ചു. രണ്ടു വീട്ടുകാരും എല്ലാം ഉറപ്പിച്ചത് പോലെ ആയിരുന്നു സംസാരമത്രയും. അകത്തേക്ക് കയറിയതും വസു വേഗം ഹരിയുടെ മുറി ലക്ഷ്യമാക്കി. അകത്തു ടെൻഷൻ അടിച്ചു നടക്കുന്ന ഹരിയെ കണ്ടതും കുസൃതിയോടെ അവളെ വട്ടം കെട്ടിപ്പിടിച്ചു. എന്താണെന്റെ ഏട്ടത്തിക്ക് ഇത്ര ടെൻഷൻ.? ദേവേട്ടന് എന്നെ ഇഷ്ടമായിരുന്നെന്ന് എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.. ഹരി പറഞ്ഞൊപ്പിച്ചു. ഓഹ്.. അതാണോ കാര്യം. താഴേക്ക് വാ അപ്പോൾ വിശ്വസിക്കാലോ. അത്രയും പറഞ്ഞു വസു താഴേക്ക് പോയി. കുറച്ചു കഴിഞ്ഞതും ഹരിയെ വിളിച്ചുകൊണ്ട് സുജ വന്നു. വല്ലാത്തൊരു പരിഭ്രമത്തോടെയാണ് ഹരി വന്നത്. അതുകൊണ്ട് തന്നെ കൂടുതൽ മുഷിപ്പിക്കേണ്ടെന്ന് വച്ചു. സുധിക്ക് കാര്യമായിട്ടൊന്നും ഹരിയോട് സംസാരിക്കാനില്ലെന്ന് പറഞ്ഞു.

എല്ലാം നേരത്തെ അറിയുന്നതല്ലേ. വിവാഹം കോഴ്സ് കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചത് കൊണ്ട് സംസാരിക്കാൻ ഇനിയും സമയമുണ്ടല്ലോ. എന്ന പക്ഷമായിരുന്നു രണ്ടുപേർക്കും. കണ്ണനെ അവിടെയൊന്നും കാണാത്തത് കൊണ്ട് അവന്റെ അഭിപ്രായമെന്താണെന്ന് അറിയണമല്ലോ എന്ന നിർദ്ദേശം സുമംഗല പറഞ്ഞതും, സുധി ഇടപെട്ടു. അവനോട് കാര്യങ്ങളൊക്കെ ആദ്യമേ ധരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഹരിക്കും ആശ്വാസമായി. യാതൊരു വിധതടസവും അവന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല. അവനെവിടെ പോയെന്ന് ജയപ്രകാശ് ചോദിച്ചതും, സിറ്റിയിലുള്ള ഹോസ്പിറ്റലിൽ ജോലി ശരിയായിട്ടുണ്ടെന്നും പറഞ്ഞു വിളിച്ചതുകൊണ്ട് കുറച്ചു മുൻപേ ഇറങ്ങിയൊള്ളു എന്ന് മാധവ് മറുപടി നൽകി. കണ്ണന് മറ്റൊരു ബന്ധമുണ്ടെന്നാണ് അവൻ പറഞ്ഞത്. ഇല്ലെങ്കിൽ വസുവിനെ അവനു വേണ്ടി ചോദിക്കാനായിരുന്നു തന്റെ ആഗ്രഹം എന്ന് സുജയും കൂട്ടി ചേർത്തു. അത് കേട്ടതും വസു ഹരിയെ നോക്കി. ഒന്നുമില്ലെന്നവൾ കണ്ണടച്ച് കാണിച്ചു. കണ്ണന് വേറെ ബന്ധമുണ്ടെന്ന് ആരു പറഞ്ഞു.?

സുദേവാണ് അത് ചോദിച്ചത്. അത് ഞാൻ വിവാഹകാര്യത്തെ കുറിച്ചു പറഞ്ഞപ്പോൾ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അവളെ മാത്രേ കൂടെ കൂട്ടുള്ളു എന്നൊക്കെയാ പറഞ്ഞെ.. പിന്നെ ഞാൻ നിർബന്ധിക്കാനും നിന്നില്ല. സുജ മറുപടി പറഞ്ഞു. അവന്റെ ഇഷ്ടത്തിന് ഇനി എതിര് നിൽക്കുന്നില്ല. അതാണ് നല്ലത്. ഇഷ്ടമില്ലാത്തത് അടിച്ചേൽപ്പിക്കണ്ടല്ലോ. അവന്റെ ഇഷ്ടം പോലെ ഇഷ്ടമുള്ള പെൺകുട്ടിയെ കൂടെ കൂട്ടട്ടെ അല്ലേ. മാധവിന്റെ ചോദ്യത്തിന് എല്ലാവരും പുഞ്ചിരിച്ചു കൊണ്ടുതന്നെ മറുപടി കൊടുത്തു. പുറത്തു പറഞ്ഞില്ലെങ്കിലും വസുവൊഴികെ എല്ലാവരുടെ ഉള്ളിലും അതുതന്നെയായിരുന്നു ആഗ്രഹമെന്ന് ആ പുഞ്ചിരി പറയാതെ പറഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയ വസുവിനു മാത്രം ഇരട്ടി മധുരമായിരുന്നു. ഇല്ലെങ്കിൽ എല്ലാവരും തന്നെ നിർബന്ധിച്ച് കണ്ണനെ കൊണ്ട് വിവാഹം കഴിപ്പിച്ചേനെ. എല്ലാവരുടെ മുഖത്തുനിന്നും അത് നടക്കാതെ പോയതിലുള്ള വിഷമം താനും നോക്കി കണ്ടതാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലെത്തിയതും ക്ഷീണം കാരണം കുളിച്ചുമാറ്റി വന്ന് കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റപ്പോൾ സമയം കുറെ കഴിഞ്ഞിരുന്നു. വെറുതെ ഇരുന്നു ഫോൺ പരതി. ഗ്രൂപ്പിൽ ചർച്ചാവിഷയം ഹരിയുടെ കല്യാണം തന്നെയായായിരുന്നു. മെസ്സേജുകൾ നോക്കി കണ്ണ് കഴച്ചപ്പോൾ, സ്റ്റാറ്റസുകൾ എടുത്തു നോക്കി നന്ദൻ സർ എന്ന നമ്പറിൽ കണ്ണുടക്കിയതും എന്താണെന്നറിയാൻ എടുത്തു നോക്കി. ഒന്നു പിണങ്ങിയിണങ്ങും നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2) പൂം പുലർകണി പോലെയേതോ പേരറിയാപ്പൂക്കൾ നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം കണ്ടു തീർന്നതും അവളിലും ഒരു പുഞ്ചിരി മുന്നിട്ടു നിന്നു. എന്റെ പ്രിയപ്പെട്ട പാട്ടാണ് എന്നും പറഞ്ഞതിന് റിപ്ലൈ നൽകുമ്പോൾ അവന്റെ മറുപടിക്കായി കണ്ണുകൾ ഇൻബോക്സിൽ പരതുകയായിരുന്നു. തിരിച്ചെന്നത്തേയുമ്പോലെ ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കിയപ്പോൾ, അവളുടെ ഹൃദയം പരിഭവത്താൽ തുടികൊട്ടികൊണ്ടിരുന്നു. എന്തിനാണീ അവഗണന. താൻ ഇടിച്ചുകയറി ചെല്ലുമെന്ന് ഭയന്നാണോ. ഒരിക്കലുമില്ല എന്റെ കത്തുകൾക്ക് ഉടമ നിങ്ങളാണെങ്കിൽ എന്റെ ഹൃദയത്തിന്റെ ഉടമയും നിങ്ങളായിരിക്കും.

ഒരു പേപ്പർ കഷ്ണത്തിലേക്ക് അത്രയും കുറിച്ചു വച്ചു അവൾ. പതിയെ എഴുന്നേറ്റ് ബാഗിൽ അന്ന കരേനിന തിരഞ്ഞു. അതിൽ തനിക്കായി ഒളിഞ്ഞിരുന്ന കുറിപ്പെടുത്തു നോക്കി.. മുറിഞ്ഞു പോകുന്ന വാക്കുകളും മൗനങ്ങളും ഇടക്കൊക്കെ സംഗീതമാണ്.. രണ്ടുപേർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന സംഗീതം. പരതുന്ന മിഴികളെ അതിന്റെ വഴിക്ക് വിടൂ.. മനസിനെ പരിധിയിൽ നിർത്തു. അടിമപ്പെട്ടു പോകരുത്. ചങ്ങലകണ്ണിയുടെ ബന്ധനങ്ങളില്ലാതെ നമുക്ക് പേരറിയാത്ത ഈ ബന്ധനത്തെ ബന്ധിച്ചിടാം.. പുറകിലായി ഇങ്ങനെ കുറിച്ചിരിക്കുന്നു. വസിഷ്ഠ ലക്ഷ്മി നീയെനിക്ക് എന്നും എപ്പോഴും പ്രിയപെട്ടവളാകും. എന്റെ പ്രണയത്തിന്റെ ആത്മാവിന്റെ ഒരേയൊരാവകാശി. മറ്റാർക്കും പകുത്തു നൽകാൻ കഴിയാത്തത്രയും ആഴത്തിൽ ഞാൻ നിന്നെ പ്രണയിക്കുന്നു. ബ്രാക്കറ്റിലായി ചന്ദനമരങ്ങൾ എന്നെഴുതിയിട്ടുണ്ടായിരുന്നു. കുറച്ചു നേരം തലപുകഞ്ഞാലോചിച്ച ശേഷം മനസിലായി അടുത്തതായി എടുക്കേണ്ട പുസ്തകമാണ് കുറിച്ചു വെച്ചിട്ടുള്ളതെന്ന്.

മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ. പ്രിയപ്പെട്ട എഴുത്താണ്. പണ്ടൊരിക്കൽ വായിച്ചിട്ടുമുണ്ട്. എന്തായാലും അതുതന്നെ എടുക്കാം. വീണ്ടും വീണ്ടും ആ വരികളുടെ ആഴത്തിലേക്ക് മുങ്ങിക്കൊണ്ട് അവയെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ ശ്രമിക്കുകയായിരുന്നു അവളപ്പോൾ. അരിച്ചിറങ്ങിയ നിലാവെളിച്ചതോടൊപ്പം അകമ്പടിയായി വന്ന ചെമ്പകമണമുള്ള കാറ്റിനെ പുൽകാൻ അവളുടെ മനസ് വെമ്പൽ കൊണ്ടു. തന്റെ പ്രിയപ്പെട്ടവന്റെ മണം.. അനന്തൻ അടുത്ത് വരുമ്പോൾ എപ്പോഴും കിട്ടി കൊണ്ടിരുന്നത് ഈ മണമാണ്. ഒരു പ്രത്യേകതരം ചെമ്പകമണം. കുറിപ്പിന് മറുപടിയെന്നോണം നേരത്തെ എഴുതി വച്ചതിന്റെ പുറകിലായി അവളും കുറിച്ചു.. ചന്ദനമരങ്ങളിൽ നമ്മുടെ പേരറിയാത്ത നൊമ്പരവും പെയ്തു തോരട്ടെ.. കാത്തിരിക്കുന്നു.. ചന്ദനമരങ്ങൾ പ്രണയം പൊഴിക്കുന്ന നാളിനായി.. വസിഷ്ഠ ലക്ഷ്മി അത്രയുമെഴുതി കുറിപ്പ് ഭദ്രമായി മടക്കി പുസ്തകത്തിൽ വച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദൂരെ നിന്നുമെത്തിയ ചെമ്പകഗന്ധത്തെ ഹൃദയത്തിലേക്കാവാഹിച്ചു കൊണ്ട്, അവൻ തന്റെ കയ്യിലിരുന്ന പുസ്തകത്തെ പുഞ്ചിരിയോടെ നോക്കി. “ചന്ദനമരങ്ങൾ ” അവൻ പതിയെ വായിച്ചു. എന്റെ മാത്രം സിഷ്ഠ… അവന്റെ മനസ്സും ശരീരവും ഒരുപോലെ മന്ത്രിച്ചു.. ഇഷ്ടമാവുന്നെങ്കിൽ രണ്ടുവരി കുറിക്കുക.. ചെമ്പകം പൂക്കും കാത്തിരിക്കുക… 😊 അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8