Saturday, November 23, 2024
Novel

നിയോഗം: ഭാഗം 47

രചന: ഉല്ലാസ് ഒ എസ്

“തനുക്കുട്ടാ…. പൊന്നേ….. അമ്മേടെ ചുന്ദരി വാവേ….” പദ്മ ആണെങ്കിൽ കുഞ്ഞിനെ കുളിപ്പിച്ചു എടുത്തു കൊണ്ട് വന്നത് ആണ്.. ഇളം പിങ്ക് നിറം ഉള്ള ഒരു കുഞ്ഞുടുപ്പ് ആണ് ഇടുവിച്ചത്.. കണ്ണെഴുതി, പുരികം വരച്ചു, വലിയൊരു പൊട്ടും കുത്തി കൊടുത്തിട്ട് അവൾ കുഞ്ഞിന്റെ കവിളിൽ തുരു തുരെ ഉമ്മ വെച്ചു. “എന്നും ഈ സമയത്ത് ഉറങ്ങി വീഴുന്ന ആളാണല്ലോ… ഇന്ന് എന്തെ പറ്റിയത്…” അമ്മ പറയുമ്പോൾ പദ്മയും ഓർത്തത് അത് ശരിയാണല്ലോ എന്നാണ്. “ഇനി പനിക്കാനോ മറ്റൊ ആണോ അമ്മേ…. ” അവൾക്ക് സംശയം ഏറി. “ഹേയ്…. ഇല്ല കുട്ടി…. വാവയ്ക്ക് ഒരു മൂക്കടപ്പ് പോലും ഇല്ലാലോ….”

“മ്മ്…” “നി ഇത്തിരി പാല് കൊടുക്ക്… ഉറങ്ങിക്കോളും ന്നേ….” അതും പറഞ്ഞു കൊണ്ട് അവർ ഇറങ്ങി വെളിയിലേക്ക് പോയി.. അമ്മ പറഞ്ഞത് പോലെ ഒക്കെ ചെയ്തു.. പക്ഷെ…. കുഞ്ഞുവാവ ഉറങ്ങാതെ ചിരിച്ചും കളിച്ചും കിടന്നു. 11മണി ആയി കാണും സമയം.. മുറ്റത്തു ഒരു കാറ്‌ വന്നു നിന്നത് പദ്മ ജനാലയിൽ കൂടി കണ്ടു. അച്ഛനും അമ്മയും.. അവളുടെ നെഞ്ചിടിപ്പ് ഏറി. കുഞ്ഞിനെ എടുത്തു മാറോടു ചേർത്തു അവൾ കട്ടിലിൽ ഇരുന്നു. “ആഹ്… ആരൊക്കെ ആണിത്… കയറി വരൂ ട്ടോ…” അച്ഛൻ അവരെ അകത്തേക്ക് ക്ഷണിക്കുന്നുണ്ട്.. “ഗിരീജേ .. ഇതു ആരൊക്കെ ആണെന്ന് നോക്കിയേ…..

മോളെ ഇങ്ങട് വിളിക്കൂ ” അമ്മയോടൊപ്പം മുറിയിലേക്ക് സീതമ്മ യും വരുന്നുണ്ട്…. രണ്ട് മാസം മുന്നേ കണ്ടത് ആണ് കുഞ്ഞിനെ… എന്നിട്ടും സീത കൈ നീട്ടിയപ്പോൾ കാലുകൾ രണ്ടും അടിച്ചു കൊണ്ട് കുഞ്ഞ് അവരുടെ കൈലേക്ക് ചെന്നു. “ആഹാ… അച്ഛമ്മയെ മറന്നില്ല അല്ലേ എന്റെ വാവ… ഇതാണ് ഗിരീജേ പറയുന്നത്, രക്തം രക്തത്തെ തിരിച്ചു അറിയും എന്ന് .. അത് എവിടെ കൊണ്ട് പോയി ഒളിച്ചാലും…..” അവസാനം പറഞ്ഞ വരികൾ പദ്മയെ നോക്കി ആയിരുന്നു അവർ പറഞ്ഞത്…. “അമ്മ ഇരിക്ക്….” “ഹമ്… അച്ഛനെ കണ്ടില്ലേ….. ഉമ്മറത്ത് ഇണ്ട്…” . സീത പറഞ്ഞപ്പോൾ പദ്മ മറുപടി ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു.

സീത പക്ഷെ കുഞ്ഞിനെ എടുത്തു കൊണ്ട് അയാളുടെ അരികിലേക്ക് ചെന്നു. “പൊന്നേ…… അച്ചാച്ചന്റെ സുന്ദരി കുട്ടി…..” ആയാളു കുഞ്ഞിനെ തുരു തുരു ഉമ്മ വെച്ചു. “പദ്മ എവിടെ…” അകത്തേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചതും അവൾ വാതിക്കലേക്ക് വന്നു.. “ഞാൻ ഇവിടെ ഉണ്ട് അച്ഛാ ” “ഹമ്….. കണ്ടില്ല്യ.. അതോണ്ട് ചോദിച്ചതാ ” അവർക്ക് പദ്മയോട് ഉള്ളിന്റെ ഉള്ളിൽ ചെറിയ നീരസം പോലെ ഉണ്ട്… അത് നന്നായി അവൾക്ക് അറിയുകയും ചെയ്യാം.. അതൊന്നും കാര്യം ആക്കാതെ പദ്മ അവിടെ തന്നെ നിന്നു ഗിരിജ ആണെകിൽ വേഗം തന്നെ ചായയും പലഹാരവും ഒക്കെ എടുത്തു കൊണ്ട് വന്നു മേശമേൽ നിരത്തി..

പദ്മയുടെ അച്ഛൻ അവരെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു.. സീത ആണെങ്കിൽ കുഞ്ഞിനെ താഴെ വെയ്ക്കാതെ കൊഞ്ചിക്കുക ആണ് അപ്പോളും ഗിരിജ അടുക്കളയിലേക്ക് പോയി.. ഊണിനു ഇത്തിരി കൂടി കൂട്ടാൻ ഒക്കെ വെയ്ക്കാൻ ആയിട്ട്.. പദ്മ ആണെകിൽ അമ്മയെ സഹായിക്കാനായി ചെന്നു എങ്കിലും അവർ മനഃപൂർവം അവളെ ഒഴിവാക്കി.. അമ്മയുടെ അരികിലേക്ക് ചെല്ലാൻ പറഞ്ഞു. മനസില്ല മനസോടെ പദ്മ സീതയുടെ അടുത്ത് വന്നു.. അപ്പോളേക്കും മുറിയിലേക്ക് കാർത്തിയുടെ അച്ഛനും കയറി വന്നു… “മോളെ……” അയാൾ വിളിച്ചു… പദ്മ മുഖം ഉയർത്തി.. “എന്താ അച്ഛാ….” “ഇന്നലെ കോടതി യിൽ നിന്നും എന്തൊക്കെയോ പേപ്പർ വന്നു എന്ന് അറിഞ്ഞു….

മോളുടെ അറിവോടെ ആണെന്ന് ഞങ്ങൾക്ക് മനസിലായി…..എന്താണ് ഇനി പദ്മയുടെ ഉദ്ദേശം… …” അയാൾ സൗമ്യമായി തന്നെ ആണ് ചോദിച്ചത്.. “അച്ഛാ….. എല്ലാ കാര്യങ്ങളും, ഞാൻ മുന്നേ പറഞ്ഞത് ആണല്ലോ .. എപ്പോളും ആവർത്തിച്ചു പറഞ്ഞു കൊണ്ട്, എന്തിനാണ് മുഷിയുന്നത്…” “കാര്യം ഉണ്ട് മോളെ…..ജീവിതം എന്ന് പറയുന്നത് ഈശ്വരൻ തരുന്ന വരധാനം ആണ്… അതിൽ മംഗല്യ ഭാഗ്യം എന്ന് ഉള്ളത് ചെറിയ കാര്യം അല്ല…. നിന്നേ ഇവിടെ വന്നു കണ്ടു ഇഷ്ടപ്പെട്ടു, നാലാൾ അറിഞ്ഞു താലി ചാർത്തി കൊണ്ട് പോയവൻ ആണ് എന്റെ മകൻ… നിസാര പ്രശ്ങ്ങളുടെ പേരിൽ ആണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയതു… നിന്നോട് ചോദിക്കാതെ എന്റെ കാർത്തി ഒരു തീരുമാനവും എടുത്തിട്ടില്ല….

എല്ലാം നിന്റെ സമ്മതത്തോടെ ആയിരുന്നു താനും … എന്നിട്ടും നി ആ വിട്ടിൽ നിന്നും ഇറങ്ങി പോന്നപ്പോൾ എന്റെ മകനും ഞാനും ഇവളും ഒക്കെ ഒരുപാട് നിന്നേ തിരിച്ചു വിളിച്ചു… പക്ഷെ നി വന്നില്ല…. പിന്നെ ഡോക്ടർ um പറഞ്ഞു, ആ സമയത്ത് നിന്റെ മനസിന്റെ സംഘർഷം കൊണ്ട് ആവും എന്നൊക്കെ.. അതുകൊണ്ട്…. ഇനി അവിടെ വന്നിട്ടൊരു പ്രശ്നം ഉണ്ടാവേണ്ട എന്ന് കരുതി ഞങ്ങൾ എല്ലാവരും പിന്നെ നിന്നേ നിർബന്ധിക്കാനും വന്നില്ല… ശരിയല്ലേ സീതേ ” അയാൾ ഭാര്യയെ നോക്കിയപ്പോൾ അവർ തല കുലുക്കി.. എന്റെ മകൻ എന്ത് മാത്രം വിഷമിച്ചു എന്ന് ഉള്ളത് മറ്റാരെ കാളും എനിക്ക് അറിയാം… നന്നായിട്ട്… ഓരോ ദിവസവും അവൻ തള്ളി നീക്കാൻ പാട് പെടുക ആയിരുന്നു..

കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞു ഞങ്ങൾ അവനെ സമാധാനിപ്പിച്ചു. പക്ഷെ….. ഈ കുട്ടി ഉണ്ടായിട്ട് ഒന്ന് അതിനെ എടുക്കാനോ, ലാളിക്കാനോ, ഒന്നും എന്റെ മകനു സാധിച്ചിട്ടില്ല… ഓരോ നിമിഷവും ഉരുകി ഉരുകി കഴിയുക ആണ് അവൻ.. ഇതിനി ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല പദ്മ…. ഒരു തീരുമാനം ഉണ്ടാവണം.. അതിനാണ് ഞങ്ങൾ രണ്ടാളും കൂടി ഇവിടേക്ക് വന്നത്.. “എന്റെ തീരുമാനം ഞാൻ അറിയിച്ചു കഴിഞ്ഞു അച്ഛാ ” പദ്മ മെല്ലെ പറഞ്ഞു.. “മാറ്റം ഇല്ല…. അല്ലേ പദ്മ ” . ഇല്ലന്ന് അവൾ ചുമൽ ചലിപ്പിച്ചു. “ശരി… ശരി.. ഇത്രയും പറഞ്ഞിട്ടും മോളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലെങ്കിൽ പിന്നെ പുതിയ കര്യങ്ങൾ ഒന്നും എനിക്ക് പറയാനും ഇല്ല…..

പക്ഷെ ഒരു കാര്യം കൂടി ഇണ്ട് കേട്ടോ എനിക്ക് പറയാന് … അത് വിട്ടു പോയി.. അച്ഛൻ അതു പറഞ്ഞപ്പോൾ പദ്മ മുഖം ഉയർത്തി അയാളെ നോക്കി. “ഈ കുഞ്ഞിന്റെ കാര്യത്തിൽ എങ്ങനെ ആണ് . ഇതു എന്റെ മകന്റെ രക്തം ആണ്…. നിന്നേ പോലെ തന്നെ അവകാശം ഉള്ളവൻ ആണ് അവനും…അതുകൊണ്ട് കുഞ്ഞിനെ ഞങ്ങൾക്ക് വേണം… ” അത് കേട്ടതും പദ്മ അയാളെ ഉറ്റു നോക്കി. ഇങ്ങനെ ഒരു കാര്യാ അവൾ ആലോചിച്ചു പോലും ഇല്ലായിരുന്നു… പാല് കുടി പോലും മാറാത്ത കുട്ടിയാണ്. അങ്ങനെ അമ്മയിൽ നിന്നും വേർപ്പെടുത്തി കൊണ്ട് പോകാൻ പറ്റുമോ.. “പദ്മ… ഞങ്ങൾ ഇറങ്ങുന്നു… എത്രയും പെട്ടന്ന് കുഞ്ഞിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ഉണ്ട്..

എന്റെ മകനും അവന്റ കുഞ്ഞിന്റെ ഒപ്പം ജീവിക്കാൻ അവകാശവും അധികാരവും ഉണ്ട്…. ഞങ്ങൾ ഞങ്ങളുടെ വഴിക്കും ഒന്ന് നീങ്ങുവാ….. ഇനി അറിഞ്ഞില്ല, കേട്ടില്ല… എന്നൊന്നും പറയാൻ ഇട വരരുത്….” അതും പറഞ്ഞു കൊണ്ട് അയാൾ എഴുന്നേറ്റു. സീതെ…. നമ്മൾക്ക് എന്നാൽ ഇറങ്ങിയാലോ “ഹമ്… പോവാം രാമേട്ടാ….” കുഞ്ഞിന്റെ കവിളിൽ ഒന്നൂടെ ഉമ്മ വെച്ചിട്ട് അയാൾ ഉമ്മറത്തേക് ഇറങ്ങി. “ഇറങ്ങുവാണോ… ഊണ് കഴിച്ചിട്ട് പോവാ കേട്ടോ….. കറികൾ ഒക്കെ ആയി ” ഗിരിജ വേഗം തന്നെ അവർക്കരികിലേക്ക് വന്നു. “അതൊക്ക പിന്നെ ആവാം ഗിരീജേ…. അമ്മ അവിടെ ഒറ്റയ്ക്ക് ആണ്…

കുറച്ചു ദിവസം ആയിട്ട് ആകെ ക്ഷീണം ആണേ… അതോണ്ടാ ” രാമകൃഷ്ണൻ മാരാർ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു. പെട്ടന്ന് ആണ് പദ്മയുടെ അച്ഛൻ വന്നത്. അയാൾ പുറത്തേക്ക് പോയത് ആയിരുന്നു. ഊണ് കഴിക്കാതെ അവരെ പറഞ്ഞയക്കാൻ അയാൾ ഒരുക്കം അല്ലായിരുന്നു. വളരെ അധികം നിർബന്ധിച്ചു കൊണ്ട് അവരെ തിരികെ അകത്തേക്ക് കയറ്റി. ഭക്ഷണം ഒക്കെ കഴിച്ചിട്ട് ആണ് രണ്ടാളും അവിടെ നിന്നു പോയത്. “എന്തെങ്കിലും നടക്കുമോ ഏട്ടാ ” പോകുo വഴിയിൽ സീത ഭർത്താവിനെ നോക്കി. “വരട്ടെ… നോക്കാം .. ഏത് വരെയും പോകും എന്ന്…” അത്രമാത്രം പറഞ്ഞു കൊണ്ട് അയാൾ വണ്ടി ഓടിക്കുന്നതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. —-**

കുഞ്ഞിന്റെ പുതിയ ഫോട്ടോസ് കണ്ടു കൊണ്ട് ഇരിക്കുക ആണ് മീനുട്ടി… സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതിനാൽ കാർത്തി ഇതുവരെ ആയിട്ടും വന്നില്ല.. “അമ്മേ…. ഏടത്തി ടെ ഛായ ആണ് അല്ലേ തനുക്കുട്ടന് ” “മ്മ് . അതേപോലെ തന്നെ ആണ്.. ഞങ്ങളെ കണ്ടതും ചാടി ഇങ്ങട് വന്നു…. പാവം എന്റെ കുഞ്ഞ്…” “മരിക്കും മുൻപ് എനിക്ക് ഒന്ന് കാണാൻ കഴിയുമോ സീതേ ” അച്ഛമ്മ വന്നപ്പോൾ മീനു അവരെ യും ഫോട്ടോ കാണിച്ചു. ഫോട്ടോയിൽ നോക്കി അവർ കരഞ്ഞു. “എന്റെ പൊന്നിനെ ഈ അച്ഛമ്മ എന്ന് കാണും……” . അവർ വിതുമ്പി. മീനുട്ടി ക്കും അമ്മയ്ക്കും അത് കണ്ടു സങ്കടം ആയിരുന്നു… “അമ്മേ…. നമ്മുടെ കുഞ്ഞിനെ ഉടനെ ഇവിടെ കൊണ്ട് വരും..ഈ വിട്ടിൽ വളരും ആ കുഞ്ഞ്…

അമ്മ അതോർത്തു വിഷമിക്കേണ്ട….” . മകൻ അതു പറയുമ്പോൾ അവർ അയാളെ നോക്കി. “നേരാണോ മോനേ ” “ഹമ്….” എല്ലാവരും ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ കാർത്തി യുടെ വണ്ടി വന്നു നിന്നു. അച്ഛനും അമ്മയും കൂടി പോയത് അറിഞ്ഞ അവൻ ക്ഷോഭിച്ചു.. ആരും അവനോട് മറുപടി ഒന്നും പറഞ്ഞതുമില്ല.. മീനുട്ടി അവന്റെ ഫോണിലേക്ക് ഫോട്ടോസ് എല്ലാം സെന്റ് ചെയ്തു.. അതിൽ തന്നെ നോക്കി ഏറെ നേരം കാർത്തി മുറിയിൽ തന്നെ ഇരുന്നു… അപ്പോളേക്കും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ദേവു ആണ്. “ഹെലോ… ദേവു….” “കാർത്തിയേട്ടാ…. ഏട്ടൻ വീട്ടിൽ ഉണ്ടോ ”

“ഉവ്വ്…. എന്താണ് ദേവു ” “ഞാൻ നാട്ടിൽ വന്നു….. എനിക്ക് അവിടേക്കൊന്ന് വരാൻ ആയിരുന്നു…” “ആഹാ… നി എപ്പോൾ എത്തി.. എന്നിട്ട് വിനീത് ഒന്നും പറഞ്ഞില്ലാലോ ” “ഞാനാ പറഞ്ഞത്… ആരോടും ഇപ്പൊ ഒന്നും പറയേണ്ട ന്ന്….” “മ്മ്… ശരി ശരി.. നി വാ…” അവൻ ഫോൺ കട്ട്‌ ചെയ്ത്.. ” മിഴികൾ വല്ലാതെ നിറഞ്ഞു നിൽക്കുന്നു.. “എന്താ അമ്മേ….” “നിങ്ങള് രണ്ടാളും….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…