Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 16

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


ഭൂമിയെ വിഴുങ്ങിയ ഇരുട്ടിനെ തന്റെ സ്വർണ്ണ വാളാൽ വെട്ടി മായ്ച്ചുകൊണ്ട് സൂര്യൻ ലോകമെങ്ങും പ്രഭ ചൊരിഞ്ഞു. ആ പ്രഭാതം കൂടുതൽ മനോഹരമായി തോന്നിച്ചു. എന്നും പുലരിയെ ആസ്വദിച്ചുകൊണ്ട് നോക്കുന്ന സിദ്ധു, അന്ന് അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

അവൻ വെറുതെ തെളിഞ്ഞ മാനത്തേക്ക് കണ്ണെറിഞ്ഞു നിന്നു. മിഥുനയുടെ വാക്കുകൾ അവന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അവൾ പറഞ്ഞതെല്ലാം നൂറുശതമാനം ശരിതന്നെയാണെന്ന് അവനു തോന്നി.

“നിന്റെ അമ്മയെ രക്ഷിക്കാൻ വേണ്ടി ഒരു പെണ്ണിന്റെ ജീവിതം തുലച്ചു കളഞ്ഞല്ലോ..? ”

അവന്റെ മനസ്സ് വീണ്ടും വീണ്ടും അവനെ ശകാരിച്ചുകൊണ്ടിരുന്നു.

“സിദ്ധു… ”

ചെറു പുഞ്ചിരിയോടെ കയ്യിൽ കാപ്പിയുമായി വന്ന അമ്മയെ കണ്ടതും അവന്റെ മുഖത്ത് പരിഭവം നിറഞ്ഞു.

“അമ്മ എന്തിനാ വെറുതെ.. ഈ പടിക്കളെല്ലാം കയറി മുട്ട് വേദനിപ്പിക്കുന്നെ… ഞാൻ കുറച്ചു കഴിഞ്ഞ് താഴേക്ക് വരില്ലേ… ”

അവൻ വിഷമത്തോടെ ചോദിച്ചു..

“അതൊന്നും സാരമില്ലടാ.. നീ ഇത് കുടിക്ക്, എന്നിട്ട് കുളിച്ചിട്ട് വാ.. പ്രാതൽ കഴിക്കാം.. ”

അവർ വാത്സല്യത്തോടെ പറഞ്ഞു.

“ശരി.. ഞാൻ ദാ വരുന്നു.. ”

അവന്റെ മറുപടി കേട്ടതും അവർ മെല്ലെ പ്രയാസപ്പെട്ട് താഴേക്ക് നടന്നു..

സിദ്ധു നാട്ടിൽ എത്തിയിട്ട് അന്നേക്ക് ഏഴ്‌ ദിവസം കഴിഞ്ഞിരുന്നു. വന്ന അന്ന് മുതൽ മകന്റെ മുഖം വാടിയിരിക്കുന്നത് മീനാക്ഷി തിരിച്ചറിഞ്ഞു. തന്റെ മകന്റെ ഈ അവസ്ഥയ്ക്ക് കാരണം താൻ തന്നെയാണ് എന്ന കുറ്റബോധം അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

മിഥുനയെ അവളുടെ പഠിപ്പിനായി വീട്ടിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ സിദ്ധു മീനാക്ഷിയോട് മിഥുനയുടെ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. അതറിഞ്ഞ നിമിഷം അവരുടെ മനസ്സുലഞ്ഞു… അന്നത്തെ ആ സാഹചര്യത്തിൽ താൻ തന്റെ മകന്റെ കല്യാണത്തെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.. അതിന്റെ ഫലമായി തന്റെ ഏട്ടന്റെ മകളുടെ ജീവിതം താൻ തന്നെ നശിപ്പിച്ചല്ലോ എന്നോർത്ത് വിഷമിച്ചു..

ആ വിവാഹത്തിൽ ഒട്ടും വിഷമമില്ലാതിരുന്ന ഒരേയൊരാൾ മഹേന്ദ്രൻ മാത്രമാണ്. തന്റെ മകൾക്ക് വേണ്ടി താൻ തിരഞ്ഞെടുത്ത ജീവിതം നന്നായി തന്നെ വരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒരു ദിവസം എല്ലാം മാറും, തന്റെ മരുമകന്റെ നല്ലഗുണം അന്ന് തന്റെ മകൾ തിരിച്ചറിയും എന്നദ്ദേഹം വിശ്വസിച്ചു.

“ടാ അളിയാ… രണ്ട് മൂന്ന് ദിവസമായല്ലോ നിന്നെ പാടത്തേക്ക് കണ്ടിട്ട്..? തീരെ വയ്യെങ്കിൽ കൂടി പാടത്തേക്ക് വരുന്ന നിനക്ക് ഇതെന്ത് പറ്റി…? ”

സിദ്ധുവിനെ കണ്ടതും വിജയ് ഗൗരവത്തോടെ ചോദിച്ചു.

“ഏയ്… മനസ്സിന് നല്ല സുഖമില്ല.. പാടത്തേക്ക് വന്നാലും, ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ… അതാ വരാത്തെ… ”

സിദ്ധു മറുപടി പറഞ്ഞു.

“എന്താടാ ഇത്… നീ ആകെ കോലം കെട്ട് പോയാലോ… മുഖമൊക്കെ വാടി.. നിന്നെ ഇങ്ങനെ കാണുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല… ആർകെങ്കിലും വല്ല പ്രശ്നം വന്നാൽ ആദ്യം വന്ന് നിൽക്കുന്ന നീ, ഇപ്പോ ഇങ്ങനെ തളർന്ന് നിൽക്കുന്നത് കാണാൻ എനിക്കാവില്ല… നീ ഇപ്പോഴും ആ ശ്രീലക്ഷ്മിയെ ആലോചിച്ചു ഇരിക്കുവാണോ…? ”

അവനൊരല്പം മടിയോടെ ചോദിച്ചു..

“ഏയ്… അതൊന്നുമല്ലടാ… അവൾക്ക് കല്യാണത്തിന് താല്പര്യമില്ലെന്ന് അറിഞ്ഞ ആ നിമിഷം തന്നെ അവളെ ഞാനെന്റെ മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞു.. മിഥുനയുടെ കഴുത്തിൽ താലി കെട്ടിയ ആ നിമിഷം തന്നെ ഞാനെന്റെ എല്ലാ ഇഷ്ടങ്ങളും ഉപേക്ഷിച്ചു.. ”

അവന്റെ വാക്കുകൾ വിജയ്ക്ക് ആശ്വാസമേകി എങ്കിലും തന്റെ സ്നേഹിതന്റെ മനസ്സിനെ അലട്ടുന്ന വിഷമം എന്തെന്നറിയാൻ അവൻ ആഗ്രഹിച്ചു. ശ്രീലക്ഷ്മിയെ മറക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയാണ് സിദ്ധു എന്നണ് അവൻ ചിന്തിച്ചത്.

“എന്നാലും, അവൾക്ക് താല്പര്യമില്ലായിരുന്നെങ്കിൽ നേരത്തെ പറയാമായിരുന്നു… അങ്ങനെ ആയിരുന്നെങ്കിൽ മിഥുനയുടെ ജീവിതം ഇങ്ങനെ ചോദ്യ ചിഹ്നം പോലെ നിൽക്കില്ലായിരുന്നു.. ”

സിദ്ധു വിഷമത്തോടെ പറഞ്ഞു..

“ടാ.. ചിലപ്പോ അത് പറയാനായിരിക്കും അവൾ നിന്നോട് അമ്പലത്തിൽ വരാൻ പറഞ്ഞത്.. ”

വിജയ് സംശയത്തോടെ പറഞ്ഞു.

“അതെ…. അന്ന് കൃത്യസമയത്ത് അവിടെ എത്തിയിരുന്നെങ്കിൽ ഇത് ഇത്രയും വഷളാകില്ലായിരുന്നു.. പക്ഷെ അവൾക്കത് മറ്റൊരവസരത്തിൽ എന്നോട് പറയാമായിരുന്നില്ലേ… ”

“എനിക്കൊന്നും മനസ്സിലാവുന്നില്ലടാ…
പറയാതിരിക്കാൻ മാത്രം അത്ര നിസാരമായ കാര്യമല്ലല്ലോ അത്.. അവളത് പറയണമെന്ന് വിചാരിച്ചിരുന്നെങ്കിൽ ഉറപ്പായും പറയേണ്ടതായിരുന്നു..

അതൊക്കെ വിട്… ശ്രീലക്ഷ്മി അല്ല നിന്റെ പ്രശ്നമെങ്കിൽ.. നീ എന്തിനാ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത്.. ഞാൻ കരുതി അവൾ പോയത്തിൽ മനംനൊന്തിരിക്കുകയാണെന്ന്.. പക്ഷെ നീ ഇത്രയും പറഞ്ഞതിൽ നിന്നും അതല്ല കാര്യമെന്ന് എനിക്ക് മനസ്സിലായി… എന്നോട് പറ.. എന്താ നിന്റെ പ്രശ്നം…?”

അവൻ അവന്റെ തോളിലേക്ക് കൈവെച്ചുകൊണ്ട് ചോദിച്ചു…

“എന്താടാ… അതെന്താണെന്ന് നിനക്കും അറിയില്ലേ… ഓരോ നിമിഷവും ഞാൻ ഉരുകി കൊണ്ടിരിക്കുന്നത് മിഥൂനെ കുറിച്ചോർത്താട… ”

ദൂരെ മാനത്തേക്ക് നോക്കികൊണ്ട് സിദ്ധു മറുപടി പറഞ്ഞു..

“മിഥുനയെ കുറിച്ചോർത്തോ..? നീ എന്താ ഈ പറയുന്നേ…? അതല്ലേ നീ അവളുടെ പഠിപ്പ് മുടങ്ങിക്കൂടാ എന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്.. പിന്നെന്താ…?

പഠിപ്പ് കഴിഞ്ഞാൽ എന്തായാലും അവളെ കെട്ടിച്ചു വിടില്ലേ.. അതിപ്പോ കുറച്ചു നേരത്തെ കഴിഞ്ഞു.. അത്രയല്ലേ ഉള്ളൂ.. ! അതിന് നീ എന്തിനാ ഇത്രമാത്രം വിഷമിക്കുന്നെ… ”

വിജയ് സൗമ്യമായ് ചോദിച്ചു..

“എന്താടാ നീ പറയുന്നത്..
അവളുടെ പൂർണ്ണ സമ്മതമില്ലാതെ അവൾക്കു ഒട്ടും ഇഷ്ടമല്ലാത്ത, അവൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു വിവാഹമാണ് നടന്നത്…
ടാ…
എല്ലാ പെൺകുട്ടികൾക്കും അവരുടെ കല്യാണത്തെ കുറിച്ചും ഭർത്താവാകാൻ പോകുന്നവനെ കുറിച്ചും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാവും. മിഥുവിനും അങ്ങനെ തന്റെ ഭാവിയെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ കാണില്ലേ… എന്നാൽ അതെല്ലാം തകർത്ത് ഒറ്റ നിമിഷംകൊണ്ട് അവളുടെ ജീവിതം തലകീഴായ് മാറിയില്ലേ… ഇതിനേക്കാൾ വലിയ മറ്റെന്ത് ശിക്ഷയാണ് ഒരു പെണ്ണിന് കിട്ടാനുള്ളത്. അവളെ ഞാനെന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ബലിയാടാക്കിയല്ലോ എന്നോർത്ത് ഓരോ നിമിഷവും കുറ്റബോധത്താൽ നീറുകയാണ് എന്റെ മനസ്… ”

സിദ്ധു മിഴി നിറച്ചുകൊണ്ട് പറഞ്ഞു.

“സിദ്ധു… എന്തിനാടാ കരായണേ….
നീ എന്തൊക്കെയാ ഈ പറയുന്നേ..
നിനക്ക് എന്താടാ ഒരു കുറവ്, സൗന്ദര്യമുണ്ട് നല്ല അറിവുണ്ട് അതിനേക്കാൾ നിന്റെ നല്ല സ്വഭാവം… നിനക്ക് തുല്യം നീ മാത്രമേ ഉള്ളൂ അളിയാ…
നിന്റെ ജീവിതവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്..,
അതൊക്കെ മറന്ന് അവൾക്കു വേണ്ടി നീ ഇത്രയൊക്കെ ചിന്തിക്കുന്നുണ്ടെങ്കിൽ, നിന്നെക്കാൾ മികച്ച എന്താടാ അവൾക്ക് കിട്ടേണ്ടത്..
അവൾ ഇഷ്ടപ്പെട്ട് കണ്ടെത്തിയാൽ പോലും നിന്നെ പോലെ സ്നേഹമുള്ള ഒരുത്തനെ അവൾക്ക് കിട്ടില്ല…
നിന്നെ അവൾക്ക് ഭർത്താവായി കിട്ടിയത് അവളുടെ ഭാഗ്യം കൊണ്ടാ… ”

സ്നേഹിതന്റെ സങ്കടം മനസ്സിലാക്കിക്കൊണ്ട് വിജയ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“അല്ലടാ… ഇന്നത്തെ കാലത്ത് അവളെ പോലൊരു പെണ്ണിനെ കാണുന്നത് തന്നെ അപൂർവമാണ്.. സഹോദരിയുടെ ജീവിതത്തെ രക്ഷിക്കാൻ, മറ്റൊന്നിനെ കുറിച്ചും അലിചിക്കാതെ, ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ ജീവിതം തന്നെ ബലി നൽകാൻ തയ്യാറായവളാണ് മിഥു..

അന്ന് നടന്നതെല്ലാം എന്റെ മിഥു എന്നോട് പറഞ്ഞു..കേട്ടപ്പോൾ ഞാനാകെ തരിച്ചു പോയെടാ…

അമ്മാവൻ… മിലുനെയാണ് എന്നെ കല്യാണം കഴിക്കാൻ നിർബന്ധിച്ചത്.. എന്നാൽ മിഥു, മിലുവിന്റെ ജീവിതം നശിക്കരുതെന്ന് ആഗ്രഹിച്ച്, ആ ഒറ്റ നിമിഷത്തിൽ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചു..

ഇന്നത്തെ കാലത്ത് കൂടപ്പിറപ്പിന് വേണ്ടി ഇത്രയും വലിയ ത്യാഗം ആരെങ്കിലും ചെയ്യുമോ..?
മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കുന്നത് പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ അനിയത്തിക്ക് വേണ്ടി ഇങ്ങനൊരു തീരുമാനമെടുത്ത അവളെ പോലൊരു പെണ്ണിനെ ഞാൻ ആദ്യമായാണ് കാണുന്നത്..

ആ നിമിഷം ഞാൻ തീരുമാനിച്ചതാണ്, അവളെ പോലൊരു നല്ല പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം ഇല്ലാതാകരുതെന്ന്.. ഇപ്പോഴും ഞാൻ ആലോചിക്കുന്നത് അത് തന്നെയാണ്… അവൾ ജീവിതത്തെ കുറിച്ച് കണ്ട സ്വപ്‌നങ്ങളെല്ലാം ഞാൻ നിറവേറ്റി കൊടുക്കും…”

പറഞ്ഞവസാനിപ്പിച്ചുകൊണ്ട് സിദ്ധു തന്റെ കൂട്ടുകാരനെ നോക്കി..

“നീ എപ്പോഴും പറയാറുണ്ടല്ലോ.. നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും തക്കതായ ഒരു കരണമുണ്ടെന്ന്.. അത് പോലെ തന്നെയാണ് ഈ കല്യാണവും.
ഉറപ്പായും ഈ കല്യാണം നിന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തും..
നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കുറപ്പുണ്ട്..”

വിജയുടെ ആശ്വാസവാക്കുകൾ കേട്ട് മനസ്സിലെ വേദന കടിച്ചമർത്തി സിദ്ധു ചിരിക്കാൻ ശ്രമിച്ചു…

*************

“ഹേയ്.. മിഥു.. കല്യാണം കഴിഞ്ഞ ഉടനെ ക്ലാസ്സിലേക്ക് വന്നല്ലോ.. ”

അവളുടെ കൂട്ടുകാരിയുടെ ആക്ഷേപ വാക്കുകൾ കേട്ട് മിഥുന അവളെ ദേഷ്യത്തോടെ തുറിച്ചു നോക്കി..

“പ്രിയേ… നിനക്ക് വേറൊരു പണിയുമില്ലേ..
വെറുതെ എന്തിനാ അവളുടെ മെക്കിട്ടു കേറുന്നേ.. നിന്റെ ചെക്കൻ ദേ ആ ഗേറ്റിന്റെ മുന്നിലിരുന്ന് വായ്നോക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി.. നീ ആദ്യം അവനെ പോയി നോക്ക്.. ”

മീര ചിരിച്ചുകൊണ്ട് തന്നെ അവൾക്ക് ചുട്ട മറുപടി കൊടുത്തു.. അത് കേട്ടതും പ്രിയ ഒന്നും മിണ്ടാതെ ചമ്മിയ മുഖത്തോടെ സ്ഥലം കാലിയാക്കി..

“മിഥു… ഇന്നെന്തിനാടി നീ ക്ലാസ്സിൽ വന്നേ.. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ.. കണ്ടില്ലേ അവള് കളിയാക്കുന്നത്.. ”

മീര സമാധാനത്തോടെ ചോദിച്ചു..

“കളിയാക്കട്ടെ മീരേ.. എല്ലാർക്കും തട്ടിക്കളിക്കാനുള്ള ഒന്നായി എന്റെ ജീവിതം..
എന്ത് ചെയ്യാനാ.. എന്റെ വിധി.. ”

വിരക്തിയോടെ മിഥുന പറഞ്ഞു..

“അതിനും മാത്രം ഇപ്പോ ഇവിടെ എന്താ സംഭവിച്ചേ… എന്തിനാ ഈ മടുപ്പ്..
എന്നായാലും ഒരിക്കൽ എല്ലാവരും കല്യാണം കഴിക്കും, നിനക്ക് അതിത്തിരി നേരത്തെ കഴിഞ്ഞു. അത്രയല്ലേ ഉള്ളൂ.. അതിന് ഇത്രയും വിഷമിക്കേണ്ട കാര്യമില്ല.. ”

മീര അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“ഇല്ലടി.. എനിക്ക് അത് അത്ര നിസാരമായി കാണാൻ കഴിയില്ല.. എനിക്ക് സിദ്ധുവിനെ ചെറുപ്പം മുതലേ ഇഷ്ടമല്ല.. അങ്ങനെയുള്ള എനിക്ക് എങ്ങനെ അയാളെ എന്റെ ഭർത്താവായി കാണാൻ കഴിയും..?
അത് മാത്രമല്ല…
എന്റെ സ്വപ്നം നമ്പർ വൺ ഫാഷൻ ഡിസൈനർ ആവണം എന്നാണ്.. പക്ഷെ അയാൾക്ക് ആ നാടാണ് സ്വർഗം.. അത് വിട്ട് അയാൾ എങ്ങോട്ടും പോകില്ല..
പാരമ്പര്യം, സംസ്കാരം, നാട്, കൃഷി., ഇതിനെയെല്ലാം ചുറ്റിപറ്റിയാണ് അയാളുടെ ജീവിതം. അങ്ങനെയുള്ള ഒരാൾ എങ്ങനെ എന്റെ സ്വപ്‌നങ്ങൾ സഫലമാകാൻ സമ്മതിക്കും..

എന്റെ പഠിപ്പ് തീരുമ്പോ ഞാനും അങ്ങോട്ട്‌ പോകും, ഒരു ശരാശരി സ്ത്രീയെ പോലെ ഭർത്താവ്, അമ്മായിയമ്മ, അടുക്കള എന്നൊക്കെ പറഞ്ഞ് എന്റെ ജീവിതവും പാഴായി പോകും ”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“മിഥു… അദ്ദേഹം കൃഷി ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലേ…? നഗരത്തിൽ ജനിച്ചു വളർന്നത് കൊണ്ട് ഗ്രാമത്തിൽ ജീവിക്കാൻ കഴിയില്ലെന്നാണോ നീ കരുതുന്നത്.. ”

മീര കണ്ണുകൾ ഉയർത്തികൊണ്ട് അവളോട് ചോദിച്ചു..

“ശ്ശേ… ശ്ശേ.. ഒരു ജോലിയേയും ഞാൻ ഒരിക്കലും കുറച്ചു കണ്ടിട്ടില്ല.. അത് പോലെ തന്നെയാണ് ആ നാടും..
ഞാൻ പറയുന്നത് എന്റെ അംബീഷനെ കുറിച്ചാണ്. അങ്ങനെ ഒരു സ്ഥലത്ത് നിന്നുകൊണ്ട് ഞാനെങ്ങനെ എന്റെ ഫീൽഡിൽ സക്‌സസ്സ് ആകും..

പിന്നെ സിദ്ധു.. അയാളെ അംഗീകരിക്കാൻ എനിക്കൊരിക്കലും കഴിയില്ല..സ്വന്തം താല്പര്യത്തിന് വേണ്ടി ഒരു പെണ്ണിന്റെ ജീവിതത്തെ കുറിച്ച് പോലും ചിന്തിക്കാതെ, എന്റെ ജീവിതം നശിപ്പിച്ച അയാളെ എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല…”

അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“ശരി.. ശരി.. നിന്നോട് സംസാരിച്ച് ജയിക്കാൻ എനിക്കാവില്ല.. എന്തോ..
ഏതോ ഒരു കാരണത്താലാണ് നിങ്ങൾ രണ്ടുപേരും ചേർന്നിരിക്കുന്നത്.. ഈ ബന്ധം നിങ്ങളെ എങ്ങനെ മാറ്റാൻ പോകുകയാണെന്ന് കണ്ടറിയാം..

അതൊക്കെ വിട്.. എനിക്ക് വിശക്കുന്നു.. ആദ്യം പോയി എന്തെങ്കിലും കഴിക്കാം..
വാ….. ”

അവളെ ചിന്തകളിൽ നിന്നും വഴിതിരിച്ചു വിട്ടുകൊണ്ട് മീര അവളോടൊപ്പം ക്യാന്റീനിലേക്ക് നടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15