Thursday, December 19, 2024
Novel

കവചം 🔥: ഭാഗം 36

രചന: നിഹ

എല്ലാവരും കൂടെയുള്ള ധൈര്യത്തിൽ അവർ മുന്നോട്ട് നടന്നു . പ്രശ്നങ്ങളൊന്നും കൂടാതെ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൽ നടന്ന സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു . ചന്ദ്രൻ്റെ ഒരു അവശേഷിപ്പ് പോലും ആകാശത്ത് കാണാൻ കഴിഞ്ഞില്ല . അത്രമേൽ ആകാശം കാർമേഘത്താൽ മൂടപ്പെട്ടിരുന്നു. ഇരുളിമയിൽ മെഴുക് തിരി വെട്ടം പോലെ ചൂട്ട് വെളിച്ചം പ്രകാശിച്ചു. അവ കൂടാതെ ഒന്ന് രണ്ട് പേരുടെ കൈകളിൽ ടോർച്ചും ഉണ്ടായിരുന്നു. കാറ്റിൻ്റെ ശക്തിയിൽ വെളിച്ചം അണഞ്ഞുപോയാൽ ഒരു മുൻകരുതലായിരുന്നു അത് . തിരികെ നടന്നപ്പോൾ എന്തൊക്കെയോ ചാടുകയും ഓടി മറയുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു.

ദൂരെ നിന്നും നേരത്തെ ശബ്ദത്തിൽ പുള്ളുകളുടെ കൂവൽ കേൾക്കുന്നുണ്ടായിരുന്നു. ചെവിയുടെ ഉള്ളിൽ വന്ന് കരയുന്നത് പോലെ ചീവീടുകളുടെ ശബ്ദം കാതിലേയ്ക്ക് തുടച്ചു കയറി കൊണ്ടിരുന്നു. അപകടമൊന്നും കൂടാതെ മനയുടെ പടിക്കൽ എത്തിയപ്പോഴാണ് ആതിരയുടെ ശ്വാസം നേരെയായത്. പതിയെ ഹൃദയമിടിപ്പും നേരെയായി വരുന്നുണ്ടായിരുന്നു. താൻ ഭയപ്പെട്ടത് പോലെ തൻ്റെ മനസ്സ് പറഞ്ഞത് പോലെ അഹിതം ഒന്നും സംഭവിക്കാത്തത് അവൾക്ക് ആശ്വാസമായി . കുറെ ദൂരം നടന്നതിനാൽ രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു .

മണിക്കൂറോളം നിൽക്കേണ്ടി വന്നതിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. കാവിൽ നിന്നും വന്നതേ കുളിച്ച് ഫ്രഷായിട്ട് രണ്ടാളും കിടക്കാൻ പോയി. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല . ഫോണിൽ കുട്ടിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന അനന്തനെയാണ് മുറിയിലേയ്ക്ക് വന്നപ്പോൾ ആതിര കണ്ടത് . ആ നിമിഷം അവൾക്കും സങ്കടം തോന്നി. അവരുടെ രണ്ടുപ്പേരുടെയും ഇടയിൽ ചൂടുപ്പറ്റി കിടന്നാണ് വേദ ഉറങ്ങാറുള്ളത്. കുഞ്ഞിയില്ലാത്ത ഓരോ നിമിഷവും അവളെ കാണാനും കൊഞ്ചിക്കാനും തലോടാനുമൊക്കെ അവരുടെ മനസ്സ് വെമ്പി. ”

മോള് ഇപ്പോ ഉറങ്ങി കാണും അല്ലേ ? അതോ ഉറങ്ങാതെ കിടക്കുവാണോ…” ആശങ്ക പോലെ ആതിര അവനെ നോക്കി . ” മോള് കിടന്നു ആതീ… ഗൗരിയുടെ കൂടെയാ …ഞാൻ വിളിച്ചിരുന്നു..” ” ഇത് പറഞ്ഞപ്പോളാ ഓർത്തത് ഏട്ടാ.. ഗൗരിയ്ക്ക് എന്തോ മാറ്റമുണ്ട് അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ അമ്മയും ഏട്ടത്തിയും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു…” ആതിരയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. ” ആണോ അവൾക്ക് എന്താ മാറ്റം…? എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?” അനന്തൻ ഒരുവേള നിശബ്ദനായിരുന്നു. ” നമ്മുടെ ഇവിടെ നിന്നും അവൾ പോയില്ലേ അതിന്റേതാ… അവൾ ഒരു സ്വപ്നം കണ്ടു. അതിനെ കുറിച്ച് ഓർത്ത് പേടിയിലാ പെണ്ണ്..

. വിളിച്ചപ്പോൾ തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും ഇവിടെ നിന്നും മാറുന്ന കാര്യം…. നമ്മുടെ കാര്യം ഓർത്ത് അവൾക്ക് നല്ല പേടിയുണ്ട് ഏട്ടാ…” അവൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ആതിര പറഞ്ഞു. ” തീർത്തും ഒതുങ്ങി കൂടി സങ്കടപ്പെട്ടിരിക്കുന്ന അവളുടെ പെരുമാറ്റം കണ്ടിട്ട് അവർക്കെല്ലാം സംശയം…. അവൾ വല്ല പ്രണയത്തിലും ചെന്ന് ചാടിയോന്ന്.. അതായിരിക്കും ഏട്ടനോട് ഒന്നും പറയാത്തത്…” ” അവള് എല്ലാവരോടും ഇവിടത്തെ കാര്യങ്ങൾ പറയുമോ ആതീ..” തെല്ലൊരു ആശങ്കയോടെ അവൻ അവളെ നോക്കി. ” ഇല്ല അവള് പറയില്ല …

എനിക്ക് വാക്ക് തന്നിട്ടുണ്ട് .. പക്ഷേ നമ്മുടെയൊക്കെ ജീവൻറെ കാര്യമായതുകൊണ്ട് അവളുടെ മനസ്സ് മാറുമോയെന്ന് പറയാനും വയ്യ…” തനിക്ക് തന്ന വാക്ക് തെറ്റിച്ച് അവൾ എന്തെങ്കിലുമൊക്കെ പറയുമോയെന്ന് ആതിരക്കും ആശങ്കയുണ്ടായിരുന്നു. ” ദേവകി ചേച്ചിയും രാമേട്ടനും നമ്മളിൽ നിന്നും എന്തോ ഒളിച്ചു വയ്ക്കുന്നില്ലേ? അവർ ഒന്നും വിട്ടു പറയുന്നില്ല….പക്ഷേ എന്തൊക്കെയോ രഹസ്യങ്ങളുണ്ട്…” ആതിര പറഞ്ഞപ്പോൾ, താനും പലവട്ടം പല കാര്യങ്ങളും ചോദിച്ചിട്ട് അതെല്ലാം തന്നിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച രാമേട്ടനെയാണ് അവനും ഓർമ്മവന്നത്. ” ഉം…”

അനന്തൻ ഗൗരവത്തിൽ മൂളി. ” ഞാനന്ന് ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ അടച്ചിട്ടിരിക്കുന്ന ഒരു മുറി ഉണ്ടായിരുന്നു.. ചരട് കെട്ടിയിരിക്കുന്ന ഒരു മുറി … അതിന്റെ കതകിൽ മഞ്ഞളും കുങ്കുമവും പിന്നെ എന്തൊക്കെയോ പൊടികളും ചാലിച്ച് വരച്ചു വച്ചിട്ടുണ്ട്. എന്തോ എനിക്ക് തോന്നുന്നു അവിടെയൊക്കെ നമ്മൾ അറിയാൻ പാടില്ലാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്…” ” അങ്ങനെയൊരു മുറിയുണ്ടോ അവിടെ… ” അനന്തൻ അതിശയത്തോടെ ചോദിച്ചു. ” ആ… അങ്ങനെയൊരു മുറി അവിടെയുണ്ട്…” കുറച്ചുനേരത്തേയ്ക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല അവർ ആലോചനയിലായിരുന്നു. ” വാ .. വന്ന് ഉറങ്ങാൻ നോക്ക് ..

നാളെ അമ്പലത്തിൽ പോകാനുള്ളത് അല്ലേ ? ” അനന്തൻ പറഞ്ഞപ്പോഴാണ് നാളെ നാഗപൂജ ചെയ്യുന്ന കാര്യം അവൾ ഓർത്തത്. ഓരോന്നോർത്ത് അവൾ അനന്തന്റെ അരികിൽ പോയി കിടന്നു. നല്ല ക്ഷീണം ഉള്ളതിനാൽ കിടന്നതെ അവൾ ഉറങ്ങിപ്പോയി. എന്നാൽ രാമന്റെ വീടിനുള്ളിലെ അടച്ചിട്ട മുറിയിലെ രഹസ്യത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു അവൻ . അവർ അറിയാനും മനസ്സിലാക്കാനും ഈ മനക്കുള്ളിൽ ധാരാളം രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് അവന് മനസ്സിലായി. എന്നാൽ അതെല്ലാം എന്തുകൊണ്ടാണ് തങ്ങളിൽ നിന്നും അവർ മറച്ചുവയ്ക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അനന്തന് കണ്ടെത്താൻ കഴിഞ്ഞില്ല. 🌿🌿🌿♥️♥️🌿🌿🌿♥️♥️🌿🌿🌿♥️♥️

അടുക്കളയിൽ നിന്നും പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ആതിര രാവിലെ ഉണർന്നത്. കണ്ണ് ചിമ്മി തുറന്ന് അവൾ നോക്കിയപ്പോൾ അനന്തൻ നല്ല ഉറക്കത്തിലാണ്. കുറച്ചുനേരം കൂടി അവൾ മടിപിടിച്ചു കിടന്നിട്ട് എഴുന്നേറ്റ് താഴേക്ക് പോയി . അടുക്കളയിൽ ദേവകി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ” ദേവേച്ചി… ചായ റെഡിയായോ..? ” ശബ്ദം കേട്ട് ദേവകി തിരിഞ്ഞുനോക്കി. പുഞ്ചിരിയോടെ പുറകിൽ നിൽക്കുന്ന ആതിരയെ നോക്കി അവരും ചിരിച്ചു. ” ഇപ്പോ തരാട്ടോ… ” ” വേണ്ട ചേച്ചി .. ഞാൻ എടുത്തു കുടിച്ചോളാം..” ദേവകിയെ ബുദ്ധിമുട്ടിപ്പിക്കാതെ അവൾ തന്നെ ചായ എടുത്തു. ” ഇന്ന് കാവിൽ പോകേണ്ടി വരും … തിരുമേനിയെ കണ്ടിട്ട് പോകാം …” ചായ കുടിച്ചു കൊണ്ടിരുന്ന ആതിരയെ നോക്കി ദേവകി . വീണ്ടും കാവിൽ പോകുന്ന കാര്യം ഓർത്തപ്പോൾ ആതിരയുടെ മനസ്സിൽ ഭയം വന്ന് കൂടി.

താൻ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെയാണ് കാവിലേക്കുള്ള വഴിയും പരിസരവുമെന്ന് ഇന്നലെ പോയപ്പോൾ അവൾക്ക് ബോധ്യപ്പെട്ടതാണ്. വീണ്ടും വീണ്ടും പേടിപ്പെടുത്തുന്ന ആ ഇടത്തിലേക്ക് പോകാൻ ആതിരയ്ക്ക് ഒട്ടും താല്പര്യം തോന്നിയില്ല. ഇന്നലെ തന്റെ പുറകിലൂടെ മിന്നിമാഞ്ഞ ആ രൂപത്തിന്റെ കാര്യമോർത്തതെ ആതിരയുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ” ഇന്നല്ലേ ആയില്യം നാള് ഇന്ന് നാഗങ്ങൾക്ക് പ്രത്യേക പൂജയും വഴിപാടും ഒക്കെയുണ്ട്. തിരുമേനി പറഞ്ഞത് ഓർക്കുന്നില്ലേ ഇന്നാണ് കാവിൽ പോയി നാഗങ്ങളെ പ്രീതിപ്പെടുത്തേണ്ടത്…” ആതിര ചിന്തയിൽ മുഴങ്ങിയിരിക്കുന്നത് കണ്ട് അവളുടെ തോളിൽ തട്ടി ദേവകി അവളോട് പറഞ്ഞു.

” അമ്പലത്തിൽ പോകാം…. കാവിലേക്ക് പോകാൻ എനിക്ക് പേടി തോന്നുവാ ചേച്ചി.. ” ആതിര സങ്കടത്തോടെ ദേവകിയെ നോക്കി. ” ഇന്നുകൂടി പോയാൽ മതിയല്ലോ മോളെ.. പേടി ഒന്നും തോന്നണ്ട.. എല്ലാം നല്ലതുപോലെ തന്നെ നടക്കും…” അവളെ ആശ്വസിപ്പിച്ചു കൊണ്ട് ദേവകി അവൾക്ക് ധൈര്യം പകർന്നു. ” രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് …ഇത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുവാട്ടോ.. മോളും പോയി കുളിച്ച് റെഡിയാക്കണം..” ” എന്നാൽ ഞാൻ പോയി അനന്തേട്ടനെ ഒന്ന് വിളിക്കട്ടെ… ചേച്ചി പോക്കോ…” ആതിര മുറിയിലേയ്ക്ക് പോയി . ” അനന്തേട്ടാ… ഏട്ടാ എഴുന്നേൽക്ക്..” ആതിര അവനെ കുലുക്കി വിളിച്ചു. അനന്തൻ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു.

” ശ്ശോ … ഏട്ടാ.. ഇങ്ങോട്ട് എഴുന്നേറ്റ് വാ..” ആതിര ചിണുങ്ങി കൊണ്ട് അവനെ വിളിച്ചു. അവന്റെ മുടിയിലും താടിയിലും പിടിച്ചു വലിച്ചു അവൾ കുസൃതി കാട്ടിക്കൊണ്ടിരുന്നു. ” ഈ പെണ്ണ് മനുഷ്യനെ കിടന്നു ഉറങ്ങാൻ സമ്മതിക്കില്ലല്ലോ…” കണ്ണു തുറന്നു കൊണ്ട് അവൻ അവളെ വലിച്ച് ബെഡിലെക്കിട്ടു. ” അനന്തേട്ടാ….” അവളെ ഒന്നും പറയാൻ സമ്മതിക്കാതെ അവൻ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു. അവൻ്റെ നോട്ടം അവളുടെ ചുണ്ടുകളിൽ പതിഞ്ഞതും ആതിര അവളുടെ മുഖം തിരിച്ചു ” വിട്ടേ എന്നെ… ദേ അമ്പലത്തിൽ പോകാനുള്ളതാണ്.. മാറങ്ങോട്…” അവൻറെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ട ആതിര അവന്റെ കൈ ബലമായി തട്ടി മാറ്റി കൊണ്ട് എഴുന്നേറ്റ് മാറി.

” ഓ… അമ്പലത്തിൽ പോകണമല്ലേ.. തൽക്കാലം നീ രക്ഷപ്പെട്ടു… നിന്നെ എന്റെ കൈയിൽ കിട്ടും മോളേ…” കളള ചിരിയോടെ അവൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു. ” അതിന് മുന്നേ യക്ഷിക്കൊച്ച് നമ്മളെ വറുത്തു കോരും മോനേ….” “നമ്മുക്ക് അവളെ പാലമരത്തിൽ തളക്കാടി പെണ്ണേ…” ആതിര പോകുന്നതും നോക്കി ചിരിയോടെ അവൻ പറഞ്ഞു. ” ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും പോയി ടീ കുടിക്കാൻ നോക്ക്.. എന്നിട്ട് വേണം കുളിച്ച് അമ്പലത്തിൽ പോകാൻ.. ഇനി മടിപിടിച്ച് കിടക്കരുത്..” അനന്തനോട് പറഞ്ഞിട്ട് അവൾ കുളിക്കാനായി പോയി. ദേവകിയും രാമനും വന്നപ്പോഴേക്കും ആതിരയും അനന്തനും റെഡിയായിരുന്നു. അമ്പലത്തിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു.

നാഗ ദൈവങ്ങൾക്ക് പൂജയും വഴിപാടും നടത്താനായി ഒരുപാട് ഭക്തജനങ്ങൾ അമ്പലത്തിൽ വന്നിരുന്നു. ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത്… നാഗരാജ ഗായത്രി മന്ത്രം ഉയർന്നു കേട്ടുകൊണ്ടിരുന്നു. അവർ തൊഴുത് വഴിപാടുകൾ നടത്തി. തിരുമേനിയെ കണ്ട് നിർദേശങ്ങൾ സ്വീകരിച്ച് തിരികെ മനയിലേക്ക് മടങ്ങി. ഇനി കാവിലേയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മൂന്നുപേർക്കും പേടി തോന്നി. നാഗ തറയിൽ വിളക്ക് വച്ച് ചെയ്യേണ്ട കർമ്മങ്ങൾ തിരുമേനി പ്രത്യേകം പറഞ്ഞയച്ചതാണ്. അവരുടെ സംരക്ഷണത്തിനായി ഗുരുസ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരിയെ കൂടെ അയച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ തങ്ങളും സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തോടെ അവർ മൂന്നുപേരും കാവിലേക്ക് പുറപ്പെടാൻ തയ്യാറായി.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…