Thursday, December 19, 2024
Novel

അറിയാതെ : ഭാഗം 18

നോവൽ
എഴുത്തുകാരി: അഗ്നി


രാധാകൃഷ്ണനും ജാനകിയും ഉടനെ തന്നെ ഫ്‌ളാറ്റിലേക്ക് തിരിച്ചു… തങ്ങൾ അറിഞ്ഞ കാര്യങ്ങൾ അവർ അവരുടെ ഉള്ളിലൊതുക്കി… ഫ്‌ളാറ്റിൽ എത്തിയതിന് ശേഷമാണ് രാധാകൃഷ്ണനും ജാനകിയും ഇരുവരുടെയും ഫോണുകളിൽ കാശി വിളിച്ചിരിക്കുന്നതായി ശ്രദ്ധിച്ചത്…അവർ തിരികെ വിളിച്ചപ്പോൾ സൈറയും കാശിയും.വരാൻ അൽപ്പം വൈകുമെന്ന് പറഞ്ഞു… അത് ഒരു രീതിയിൽ പറഞ്ഞാൽ ജാനകിയ്ക്ക് ഒരു ആശ്വാസമായി തോന്നി…

അവർ വേഗം തന്നെ കുഞ്ഞുങ്ങൾക്കായി വാങ്ങിയ രണ്ട് മിഠായിയുമായി അവരുടെ അടുക്കലേക്ക് ചെന്നു… എന്നാൽ ആദിയും ആമിയും സൈറയേയും കാശിയെയും കാണാത്തതിലുള്ള വാശിയിൽ കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയിരുന്നു..അതിനാൽ തന്നെ ജാനകി അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം അവർക്ക് ഇരുവശവുമായി വച്ചിരുന്ന തലയിണ ഒന്നുകൂടെ നേരെയാക്കിവച്ച്‌ അടുക്കളയിലേക്ക് നടന്നു… *

കാശിയുടെ കറുത്ത ജീപ്പ് കൊമ്പസ് ഓരോ ഹെയർ പിൻ വളവുകളും കയറിക്കൊണ്ടേയിരുന്നു….കയറ്റം കയറുന്തോറും കോടയുടെ സാന്നിദ്ധ്യം വർധിച്ചുകൊണ്ടേയിരുന്നു… കാശിയുടെ ചെറു വിരലുകൾ സൈറയുടേതുമായി കൊരുത്തു….കുറച്ചുനേരം അവൻ അങ്ങനെയിരുന്ന് തന്നെ വണ്ടിയോടിച്ചു… അപ്പോഴാണ് അവൻ ഒരു ചെറിയ പെട്ടിക്കട കണ്ടത്…

അവൻ വേഗം വണ്ടി അവിടെ നിറുത്തി…സൈറയെ വണ്ടിയിൽ ഇരുത്തിയിട്ട് അവൻ അവിടെച്ചെന്ന് രണ്ട് ചൂട് കട്ടൻ ചായ വാങ്ങി വണ്ടിയിലേക്ക് ചെന്നു.. അവൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് സൈറയ്ക്ക് ഒരു ഗ്ലാസ് നീട്ടി…അവൾ അത് പുഞ്ചിരിയോടെ വാങ്ങി ഊതി ഊതി കുടിക്കുവാൻ തുടങ്ങി…ആ സമയം അവരുടെ കൈകൾ തമ്മിൽ ചൂട് പകർന്നുകൊണ്ടിരുന്നു…

അതിന് കൂട്ടായി എഫ്.എമ്മിൽ നിന്ന് വരുന്ന ഗാനവും.. 🎶ആംഖോൻ മേ തേരി അജബ് സി അജബ് സി അദായീൻ ഹേ ഹോ ആംഖോൻ മേ തേരി അജബ് സി അജബ് സി അദായീൻ ഹേ… ദിൽ കൊ ബന്ധാനെ ജോ പതങ് സാസ് സേ… യെ തേരി വോ ഹവായീൻ ഹേ🎶 അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു….

ഇരുവർക്കും അവരുടെ നോട്ടം പിൻവലിക്കാൻ കഴിഞ്ഞില്ല…അവർ സത്യം പറഞ്ഞാൽ ആ ഗാനത്തിന്റെ അകമ്പടിയോട് കൂടെ കണ്ണുകൾ കൊണ്ട്..നോട്ടം കൊണ്ട് പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു….. പെട്ടന്നാണ് തന്റെ കയ്യിലിരുന്ന ഗ്ലാസ്സിലെ ചൂട് കട്ടൻ കാശിയുടെ കയ്യിലേക്ക് തുളുമ്പിയത്….അത് അപ്രതീക്ഷിതമായതിനാൽ അവൻ ഒന്നു ഞെട്ടി… അവൻ തന്റെ കണ്ണുകളെ പിൻവലിച്ചു..സൈറയും…. അവൾ വേഗം ചായ കുടിച്ചതിനുശേഷം ഗ്ലാസ്സ് അവന്റെ കയ്യിൽ കൊടുത്തു..

കാശി ചായയുടെ ഗ്ലാസ്സും പണവും കടക്കാരന് കൊടുത്തതിനു ശേഷം വണ്ടിയിലേക്ക് തിരികെ വന്ന് വീണ്ടും വണ്ടിയോടിച്ചു തുടങ്ങി… ****************************** നന്ദി ഹിൽസിലേക്കുള്ള യാത്ര രാവിലെയാകുന്നതാണ് ഏറ്റവും നല്ലത്…രാവിലെ വളരെ ശാന്തവും കുളിര് കോരുന്നതുമായ ഒരു അന്തരീക്ഷവുമായിരിക്കും അവിടെ.. ആ ഒരു ചുറ്റുപാടിൽ ആദിത്യന്റെ പ്രഭാത കിരണങ്ങൾ പൊട്ടി വിടരുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്…

എന്നാൽ തനിക്ക് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഒരു മനസ്ഥിതി അല്ലാത്തതിനാൽ തന്നെയാണ് താൻ ഇരുവർക്കും ഒഴിവുള്ള സമയം നോക്കി അങ്ങോട്ടേക്ക് പുറപ്പെട്ടതെന്ന് കാശി ഓർത്തു…ആവിടെ ചെല്ലുമ്പോൾ തന്നെ എന്തോ ഒരു പൊസിറ്റിവിറ്റി തന്നെ പൊതിയുന്നതായി അവന് തോന്നും.പണ്ടൊരിക്കൽ കൂട്ടുകാരുടെ കൂടെ വന്ന ഓർമ്മയിൽ അവനൊന്ന് ചിരിച്ചു… അവൻ സൈറയെ ഇടയ്ക്കൊക്കെ നോക്കുന്നുണ്ടായിരുന്നു..അവൾ പുറമെയുള്ള കാഴ്ചകൾ കാണുന്ന തിരക്കിലായിരുന്നു..

അവരുടെ നന്ദി ഹിൽസിലേക്കുള്ള യാത്രയിൽ പാതകൾ ഇടുങ്ങി ഇടുങ്ങി വന്നു…ഈ വഴി പരിചിതമല്ലാത്തവർ സ്വയം വണ്ടിയോടിച്ചു വരരുതെന്ന മുന്നറിയിപ്പുകൾ ഗൂഗിളിൽ കണ്ടതിന്റെ കാരണം ഇതാകുമെന്ന് അവൻ ഊഹിച്ചു… അങ്ങനെ ഓരോ വഴികളും താണ്ടി അവസാനം അവർ വ്യൂ പോയിന്റിലെത്തി…അവിടെ സൂര്യൻ തന്റെ വർണ്ണങ്ങളാൽ മേഘപാളികൾക്ക് മിഴിവേകിക്കൊണ്ടിരുന്നു…അസ്തമയ സൂര്യന്റെ ചെഞ്ചായം അവിടെയെങ്ങും നിറഞ്ഞിരുന്നു…

സൈറയും കാശിയും വണ്ടിയിൽ നിന്നും ഇറങ്ങി…അവർ പതിയെ അസ്തമയം കാണുവാനായി പോയി.. സൂര്യന്റെ ചെഞ്ചായം പതിയെ മാഞ്ഞു തുടങ്ങി…അതിന് മീതെ കരിനിഴലായി… മിന്നുന്ന താരകങ്ങളുടെയും ചന്ദ്രനെയും അകമ്പടിയോട് കൂടെ രാത്രി തന്റെ വരവറിയിച്ചു…കൂടെ നല്ല തണുത്ത കോടയും.. അവർ ആ സമയമത്രെയും തങ്ങളുടെ കൈകൾ കോർത്തുകൊണ്ടായിരുന്നു നിന്നിരുന്നത്…അവർ താരകങ്ങളെയും ചന്ദ്രനെയും നോക്കിക്കൊണ്ട് അവിടെ നിന്നു…

ഇടയിൽ കാശിയുടെ നോട്ടം ആകാശത്തേയ്ക്ക് നോക്കി നിൽക്കുന്ന സൈറയിലേക്കെത്തി…അവളുടെ കണ്ണുകൾ നിറഞ്ഞതിനാലാവണം തിളങ്ങുന്നുണ്ടായിരുന്നു….അവളുടെ സൗന്ദര്യം ആ നിലാവെളിച്ചത്തിൽ ഒന്നുകൂടെ ജ്വലിച്ചതായ്‌ അവന് തോന്നി..തണുപ്പിനാൽ അവളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു…

അവൻ വേഗം അവളെ അടുത്തുള്ള ഒരു കല്ലിൽ ഇരുത്തി വേഗം വണ്ടിയിലേക്ക് ചെന്ന് താൻ നേരത്തെ തന്നെ കരുതിയിരുന്ന ജാക്കറ്റ് കൊണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു… അവൾ അത് ഒരു പുഞ്ചിരിയോട് കൂടെ വാങ്ങി …കൂടെ വാച്ചിൽ സമയവും നോക്കി..സമയം ആറേമുക്കാൽ കഴിഞ്ഞിരുന്നു… കാശി അവളുടെ അടുക്കൽ ഇരുന്നു..എന്നിട്ട് പറഞ്ഞു തുടങ്ങി… “മറിയാമ്മേ…നമ്മൾ ഇന്നിവിടെ വന്നത് എനിക്ക് നിന്നോട് ഇന്ന് ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്…അത് കൊണ്ടാണ്…

മറ്റൊന്നുമല്ല…എന്റെ കഴിഞ്ഞകാല ജീവിതം…പാത്തുവിന്റെ കൂടെയുണ്ടായിരുന്ന എന്റെ ജീവിതം നീ അറിയണം എന്ന് തോന്നി…ഇത്രയും ദിവാസമായി നീ ചോദിക്കാത്ത സ്ഥിതിയ്ക്ക് ഞാൻ തന്നെ പറയാമെന്ന് വിചാരിച്ചു…” “അത് രൂദ്രേട്ടാ..മറ്റൊന്നും കൊണ്ടല്ല…രൂദ്രേട്ടന് പറയാൻ എപ്പോൾ തോന്നുന്നുവോ അപ്പോൾ പറയട്ടെ എന്ന് ഞാൻ ചിന്തിച്ചതുകൊണ്ടാണ്…അതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു…” കാശി ഒന്ന് ചിരിച്ചു…

മാനത്തേയ്ക്ക് നോക്കി തന്റെ കൈകൾ മടക്കി തലയുടെ പുറകിലേക്ക് പിടിച്ച് അവിടെ നക്ഷത്രങ്ങളെ നോക്കി ചിരിച്ചും കൊണ്ട് പറഞ്ഞു തുടങ്ങി…. തന്നോട് എല്ലാം സൈറയോട് പറഞ്ഞുകൊള്ളുവാൻ അനുവാദം കൊടുത്തെന്നപോലെ ഒരു നക്ഷത്രം കാശിയെ നോക്കി ഒന്ന് ചിമ്മി… ****************************** ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ കൊമേഴ്സ് എടുത്തത് തന്നെ വലുതാകുമ്പോൾ അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തണം എന്ന ആഗ്രഹം മനസ്സിൽ വനതുകൊണ്ടാണ്…

എന്നാൽ അതിൽ എനിക്ക് പഠിക്കാനുണ്ടായിരുന്ന ഇകോണോമിക്സിനോട് എനിക്ക് ഒരു പ്രത്യേക താല്പര്യം തോന്നിയതിനാൽ ഞാൻ സ്‌കൂൾ ജീവിതം കഴിഞ്ഞയുടൻ തന്നെ അച്ഛനോട് ചോദിച്ചിട്ട് ഡൽഹി സ്‌കൂൾ ഓഫ് ഇക്കോണോമിക്സിൽ ചേരുവാൻ തീരുമാനിച്ചു… അതിനായി എല്ലാ കാര്യങ്ങളും ഒരുക്കിയിരുന്നു…നല്ല മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അഡ്മിഷന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…

അങ്ങനെ ഞാൻ ഡൽഹി എന്ന വൻ നഗരത്തിന്റെ ഒരു ഭാഗമായി തീർന്നു…ഞാൻ ചേർന്ന സമയത്ത് എനിക്ക് സീനിയേഴ്സ് ആയ ചില മലയാളികൾ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞങ്ങളുടെ ബാച്ചിലും വീണ്ടും ഞങ്ങളുടെ ജൂനിയേഴ്‌സ് ആയി വന്ന ആരിലും മലയാളികൾ ഉണ്ടായിരുന്നില്ല… അങ്ങനെ ഞാൻ മൂന്നാം വർഷമായി…

ക്ലാസ്സുകൾ തുടങ്ങി ഒരു മാസം പിന്നിട്ടു…അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ വരാന്തയിലൂടെ നടക്കുമ്പോഴാണ് ഒരു സ്വരം എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്… അതിന്റെ ഉറവിടം തേടി ഞാൻ നടന്നു…അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…

(തുടരും….)

അറിയാതെ : ഭാഗം 19