Wednesday, December 18, 2024
Novel

കൗസ്തുഭം : ഭാഗം 1

എഴുത്തുകാരി: അഞ്ജു ശബരി


കോടമഞ്ഞു ഇറങ്ങുന്ന സമയം ആയതിനാൽ പരസ്പരം ഒന്നും കാണാൻ പറ്റാതെ നൗഫൽ വണ്ടി നിർത്തി…

“എന്താ ഇക്കാ വണ്ടി നിർത്തിയത്.. ”

“വഴി കാണാൻ പറ്റുന്നില്ല അനു… അതാണ് ഒതുക്കിയത്… ”

അവൾ തന്റെ ജാക്കറ്റ് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി…

മഞ്ഞു ജാക്കറ്റിനുള്ളിലേക്കു അരിച്ചിറങ്ങി വന്നപ്പോൾ അവൾ തന്റെ രണ്ടു കൈകൾ കൊണ്ട് തിരുമ്മി ചൂട് പിടിപ്പിക്കാൻ നോക്കി…

പുലരിയുടെ പൊൻവെളിച്ചം ഭൂമിയിലേക്ക് വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു…

പിന്നെ പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു അവൾ നിന്നു…

അപ്പോഴേക്കും നൗഫൽ അടുത്തുള്ള ചെറിയ ചായക്കടയിൽ നിന്ന് ചായ വാങ്ങി അനുവിന് കൊടുത്തു…

കോടമഞ്ഞു ഇറങ്ങി വരുമ്പോൾ മുന്നിലേക്ക് ഉള്ള വഴി കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു…

കുമളി പതിമൂന്ന് കിലോമീറ്റർ…

ചൂട് ചായ ഊതികുടിക്കുമ്പോൾ തന്റെ മുന്നിലുള്ള ദിശാസൂചികയിൽ അനുരാധയുടെ കണ്ണുകൾ ഉടക്കി…

*************************************

“ചേട്ടത്തി….മറിയാമ്മ ചേട്ടത്തി… നിങ്ങളിതെവിടെ പോയി കിടക്കുവാ… ”

നവിയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടിപ്പോയ ചേട്ടത്തിയുടെ കയ്യിൽ നിന്നും അരിക്കലം താഴേക്ക് വീണു…

“എന്റെ കർത്താവെ.. ഇന്നെന്താണോ പ്രശ്നം… ഇനിയിപ്പോ ഇതും കണ്ടോണ്ട് കേറി വന്നാൽ പിന്നെ അത് മതി… ”

ചേട്ടത്തി വേഗം കുനിഞ്ഞു കലമെടുത്തു വെച്ചു…

” ഇന്നെന്താ പൊട്ടിച്ചത്.. ”
ശബ്ദം കേട്ട് ചേട്ടത്തി തലയുയർത്തി നോക്കി…

കയ്യും കെട്ടി വാതിൽക്കൽ നിൽക്കുന്ന നവിയെ കണ്ടപ്പോൾ അവരൊന്നു ഞെട്ടി..

“അത് പിന്നെ കുഞ്ഞേ അലുമിനിയം കലം ആണ്… ”

“ഓഹ് അതെന്തായാലും നന്നായി… ”

“അല്ല കുഞ്ഞ് എന്തിനാ എന്നെ വിളിച്ചത്.. ”

“ഓഹ് അപ്പൊ കേട്ടു.. സമയം എത്രയായി എന്നറിയുമോ… ഫാമിലേക്കു പോകുന്നതിനു മുന്നേ എനിക്കൊരു കട്ടൻ കാപ്പി വേണമെന്ന് ചേട്ടത്തിക്ക് അറിയില്ലേ… ”

“കുഞ്ഞേ ചേട്ടത്തി എണീക്കാൻ കുറച്ചു വൈകിപ്പോയി… ഇച്ചിരി നേരം ഇരിക്കാമെങ്കിൽ ഞാൻ വേഗം കാപ്പി തിളപ്പിച്ച്‌ തരാം.. ”

“ഇനിയാ കാപ്പി കൊണ്ട് പോയി നിങ്ങടെ കെട്ട്യോന് കൊണ്ട് കൊടുക്ക്‌… ”

കലിപ്പിച്ചു അത്രേം പറഞ്ഞു കൊണ്ട് നവനീത് പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ കയറി…

“കുഞ്ഞേ… ”

“എന്താ… ”

“എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ പക്ഷേ അതിയാൻ… വേണ്ട കുഞ്ഞേ… സ്വർഗത്തിൽ ആണെങ്കിലും അതിയാന്റെ ഓർമ്മകൾ മാത്രമാണ് എനിക്ക് സ്വന്തമായി ഉള്ളത്…”

അന്നമ്മ ചേട്ടത്തി തോർത്തിന്റെ അറ്റം കൊണ്ട് കണ്ണു തുടച്ചു…

ബൈക്കിന്റെ മിററിൽ കൂടി ഈ കാഴ്ച്ച കണ്ടിട്ടും കാണാത്ത പോലെ നവി ബൈക്ക് എടുത്ത്…

അത്‌ കണ്ടോണ്ടാണ് ശ്രീനി അങ്ങോട്ട് വന്നത്…

“മറിയാമ്മച്ചി എന്ത് പറ്റി… ഇന്നും അവൻ ചീത്ത പറഞ്ഞോ… ”

“എന്നെപറഞ്ഞോട്ടെ മോനെ ഞാൻ കേൾക്കും പക്ഷേ ഇന്ന്… അതിയാനെ പറഞ്ഞപ്പോൾ അത്‌ കൊണ്ടത് എന്റെ ചങ്കിലാണ്… കൂടെയുള്ള കാലത്തോളം എനിക്കൊരു കുറവും വരുത്താതെ അദ്ദേഹം നോക്കി… ”

“ആ മനുഷ്യൻ പോയതിന് ശേഷമാണ് ഞാൻ ആകെ ഒറ്റപെട്ടു പോയത്… ”

“ചേട്ടത്തിക്ക് അറിയാമല്ലോ അവനൊരു കാട്ടാളൻ ആണ്… ആരോടും മര്യാദക്ക് സംസാരിക്കില്ല… എന്താണാവോ ഇവൻ ഇങ്ങനായി പോയത്… ”

“അതൊന്നും സാരമില്ല മോനെ… കുറച്ചു ദേഷ്യം കൂടുതൽ ഉണ്ടെന്നേ ഉള്ളു നവികുഞ്ഞിന്റെ മനസ്സിൽ ഒന്നുമില്ല… അതാണല്ലോ ആരുമില്ലാത്ത എന്നെ കൂട്ടികൊണ്ട് വന്നു ഇവിടെ നിർത്തിയത്… ”

“ചേട്ടത്തി വിഷമിക്കല്ലേ… പോട്ടെ അവൻ വിഷമിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കാം.. ഞാൻ ഫാമിലോട്ട് ചെല്ലട്ടെ ചെല്ലാൻ താമസിച്ചാൽ അത് മതി അവന്‌.. ”

ചേട്ടത്തിയോട് യാത്ര പറഞ്ഞു ശ്രീനി ഫാമിലേക്കു പോയി…

*****************************************

“നേരം ഇത്രയും ആയിട്ടും ഈ പശുക്കൾക്കൊന്നും കൊടുത്തില്ലേ.. നീയൊക്കെ ഇവിടെന്തു ചെയ്യുവാ… മര്യാദക്ക് ഒരു പണിയുമെടുക്കില്ല പൈസ വാങ്ങിക്കാൻ സമയത്ത് എത്തുമല്ലോ… ”

“സാർ അത് രാവിലെ കറന്റ്‌ ഇല്ലാരുന്നു അതുകൊണ്ട് പാല് കറക്കാൻ വൈകി…അതാണ്.. ഒക്കെയും താമസിച്ചത്… ”

“ഓഹ് അപ്പൊ നിങ്ങളുടെ ഭാഗത്ത്‌ തെറ്റൊന്നുമില്ലല്ലോ കറന്റ്‌ ആണ് കുഴപ്പം അല്ലെ… ഇവിടെ രണ്ടു ജനറേറ്റർ ഉണ്ടല്ലോ അത് എവിടെ.. ”

“അത്… സാർ… ”
“എന്താ പ്രമോഷ് മറുപടി ഇല്ലേ ”

“സാർ അത്.. ഡീസൽ തീർന്നു പോയി.. ”

“എല്ലാത്തിനും ഓരോരോ മുടന്തൻ ന്യായങ്ങൾ ഉണ്ടാലോ..പൊയ്ക്കോ എന്റെ മുന്നീന്ന്.. ”

“നവീ… എന്തായിത്… ”

നവനീത് തിരിഞ്ഞു നോക്കിയപ്പോൾ ശ്രീനിധ് ആയിരുന്നു അത്…

“നീയിതെവിടാരുന്നു ഏഴുമണിക്ക് പാല് കമ്പനിയിൽ എത്തിക്കണം എന്ന് അറിയില്ലേ… ”

“അതിന് ഏഴു മണി ആകുന്നതല്ലേ ഉള്ളു… ”

നവി ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം ആറു നാല്പത്…

“അതുകൊണ്ടെന്താ നിനക്ക് കുറച്ചു നേരത്തെ വന്നുകൂടെ… ”

“എന്റെ നവി നീയെന്തിനാ എപ്പോഴും ഇങ്ങനെ ചൂടാവുന്നത്… രാവിലെ തന്നെ ആ മറിയാമ്മ ചേട്ടത്തിയെ കരയിച്ചു ഇപ്പൊ ഇവിടുത്തെ ജോലിക്കാരോട്… നിനക്ക് എല്ലാവരോടും കുറച്ചു കൂടി സൗമ്യമായി പെരുമാറിക്കൂടെ… ”

അതിന് മറുപടി പറയാതെ ശ്രീനിയെ ഒന്നു കനപ്പിച്ചു നോക്കിയിട്ട് ഓഫീസിലേക്ക് പോയി…

“ഓഹ് ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…. ”

“മുരുകാ… ലോഡ് കയറ്റിയോ… ”

“ആമാ സാർ… ”

ശ്രീനി ലോഡുമായി കമ്പനിയിലേക്ക് പോയി…

ടെമ്പോ അകന്നു പോകുന്നതും നോക്കികൊണ്ട് നവി ഓഫീസ് റൂമിന്റെ ജനാലക്ക് അരികിൽ ഉണ്ടാരുന്നു…

“ശ്രീനി… ഞാനിങ്ങനൊന്നും ആയിരുന്നില്ല… ആക്കിയതാ എന്നെ എല്ലാവരും കൂടി… ”

“കെഞ്ചി കാലു പിടിച്ചു കരഞ്ഞു പറഞ്ഞതല്ലേ എല്ലാവരോടും… പക്ഷേ… ഒരിക്കൽ പോലും ആരും ഈ നവിയെ മനസ്സിലാക്കിയില്ല… ”

“എന്റെ അമ്മ പോലും… ”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു നവി പുറത്തേക്ക് ഇറങ്ങി തന്റെ ബുള്ളറ്റ് എടുത്ത് പോയി….

*************************************

പാലപ്പത്തിന്റെ മാവ് ചട്ടിയിലേക്കു ഒഴിച്ചു ചുറ്റിച്ചു മൂടി വെച്ചിട്ട് തിരിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം മറിയാമ്മ ചേട്ടത്തി കേട്ടത്…

“ഇതാരാ ഇപ്പൊ…?? ”

അവർ ക്ലോക്കിലേക്കു നോക്കി സമയം ഏഴര…

“നവി മോൻ വരാൻ ഒൻപതു മണി ആകുമല്ലോ… ഇതിപ്പോ ആരാണാവോ എന്റെ കർത്താവെ… ”

അവർ കൈകൾ തുടച്ചു പുറത്തേക്ക് നടന്നു…

വാതിൽ തുറന്നപ്പോൾ അവിടെ നവി നിൽക്കുന്നത് കണ്ടു…

“യ്യോ മോനെന്താ നേരത്തെ… ഇവിടെ ഒക്കെ ആകുന്നതേ ഉള്ളു… ”

“അയ്യോ എന്റെ അപ്പം… ”

അപ്പം കരിയുന്നത് പോലെ തോന്നിയപ്പോൾ അവർ അകത്തേക്ക് ഓടി…

“അമ്മച്ചി… ” നവി വിളിച്ചു..

ആരോ പിടിച്ചു നിർത്തിയത് പോലെ അവർ നിന്നു…

“അമ്മച്ചി എന്നോട് ക്ഷമിക്കണം… ഞാനപ്പോഴത്തെ ദേഷ്യത്തിന്… ”

“യ്യോ മോനെന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്… ഈ ലോകത്ത് സ്വന്തവും ബന്ധവും ആയിട്ട് എനിക്കാരുമില്ല.. ”

“സ്വന്തം എന്ന് പറയാൻ കർത്താവ് തമ്പുരാൻ എനിക്കൊരു കൊച്ചിനെ തന്നില്ല… പക്ഷേ എന്റെ വിഷമം കണ്ടു മാതാവ് കൊണ്ടുതന്നതാ മോനെ നിന്നെ… എനിക്ക് നീയെന്റെ മോൻ തന്നെയാ ഞാൻ പ്രസവിക്കാത്ത എന്റെ സ്വന്തം മോൻ… ”

അതും പറഞ്ഞവർ മുഖം പൊത്തി കരഞ്ഞു…

നവി വന്നു അവരെ ചേർത്ത് പിടിച്ചു…

“അമ്മച്ചി കരയല്ലേ.. അമ്മച്ചിക്കറിയാമല്ലോ എന്റെ സ്വഭാവം പല സമയത്തും എനിക്ക് തന്നെ പിടിക്കില്ല…

“പറയാൻ പാടില്ലാത്തത് ആണ് പറഞ്ഞതെന്നറിയാം… എന്തോ വല്ലാത്ത കുറ്റബോധം അതാണ് ഞാൻ വേഗം തിരിച്ചു വന്നത്… ”

“അപ്പോഴേ എന്റെ മറിയാമ്മച്ചി എനിക്ക് നല്ല തലവേദന.. രാവിലത്തെ കട്ടൻ മുടങ്ങിയത് കൊണ്ടാവും… എനിക്കൊരു കട്ടൻകാപ്പി ഇട്ടുതാ ”

“ദാ ഇപ്പൊ കൊണ്ടുവരാം… ”

അവർ വേഗം അടുക്കളയിലേക്ക് ഓടി…

************************************

“ഹാവു അങ്ങനെ ആ മെമ്പറുടെ പുറകെ നടന്നതിന് ഫലമുണ്ടായി…ജീവാ ആ ഡോക്ടർ എപ്പോ എത്തും ”

“എത്തേണ്ട സമയമായി പ്രദീപേട്ടാ… അവരെയും പറഞ്ഞിട്ട് കാര്യമില്ല ഈ കുഗ്രാമത്തിലേക്ക് വരാൻ പട്ടണത്തിൽ ജീവിച്ചവർക്ക് താല്പര്യമുണ്ടാവുമോ ”

“അത് നേരാ ജീവാ ഇവിടെ റേഞ്ചും ഇന്റർനെറ്റും ഒന്നുമില്ലല്ലോ ചെറിയ പിള്ളേർക്കൊന്നും ഇങ്ങോട്ട് വരാൻ താൽപ്പര്യമുണ്ടാവില്ല… ”

“പ്രായമായ ആളാണോ ചേട്ടാ ഡോക്ടർ… ”

“അറിയില്ല… നീ വേഗം മുറി വൃത്തിയാക്കി വെക്ക് ഞാനൊന്ന് പുറത്തേക്ക് ഇറങ്ങി നോക്കട്ടേ അവർ വഴിയറിയാതെ കറങ്ങുന്നുണ്ടാവും… ”

പെട്ടെന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ട് അവർ രണ്ടുപേരും പുറത്തേക്കിറങ്ങി…

ഒരു കാർ വന്നു നിന്നു….

അതിൽ നിന്നും അവൾ പുറത്തിറങ്ങി….

തുടരും…