Monday, April 29, 2024
Novel

അറിയാതെ : ഭാഗം 9

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 സാം പതിയെ എഴുന്നേറ്റു..തന്റെ മൂരി നിവർത്തി…. “ഇച്ചിരി നേരം വിശ്രമിച്ചിട്ട് കഥ ബാക്കി പറയാവേ കാശിച്ചായാ…ഒറ്റയിരിപ്പ് ഇരുന്നിട്ട് നടു വേദനിക്കുന്നു….” “ഓ..ശെരിയെ…”..അതും പറഞ്ഞുകൊണ്ട് അവൻ ഒന്ന് ചിരിച്ചു… മിയായാണെങ്കിൽ കുഞ്ഞുങ്ങളുടെ പിന്നാലെ ഓടിനടന്നുകൊണ്ടിരുന്നു… കാശിയാണെങ്കിൽ ശ്യാമുപ്പയേയും മീനമ്മയെയും കുറിച്ച് ചിന്തിച്ചുകൊണ്ട് പതുക്കെ ആ പുല്ലിലേയ്ക്ക് തല ചായ്ച്ചു…

അവൻ ചെറുതായി ഒന്ന് മയങ്ങിപ്പോയിരുന്നു….സാം ആണ് അവനെ വിളിച്ചുണർത്തിയത്… “കാശിച്ചായാ…എഴുന്നേറ്റെ….ബാക്കി കഥ അറിയണ്ടേ…” കാശി പതിയെ കണ്ണ് ചിമ്മി തുറന്നു..അപ്പോഴാണ് അവൻ ഉറങ്ങിയിരുന്നുവെന്ന് മനസ്സിലായത്… അവൻ എഴുന്നേറ്റ് ചുറ്റും നോക്കി…അവൻ കുഞ്ഞുങ്ങളെയാണ് നോക്കുന്നതെന്ന് മനസ്സിലാക്കിയ സാം അവനോട് കുഞ്ഞുങ്ങൾ കുറച്ച് മാറി മിയയുടെ അടുക്കൽ ഉണ്ടെന്ന് പറഞ്ഞു… അങ്ങനെ അവൻ ബാക്കി കഥ പറഞ്ഞു തുടങ്ങി…

രാത്രിയായി…താഴെ നിന്നും പപ്പയുടെയും ചേട്ടന്മാരുടെയും ഉച്ചത്തിലുള്ള സംസാരം അവൻ കേൾക്കുന്നുണ്ടായിരുന്നു.. “എന്റപ്പാ…ഞാൻ നമ്മുടെ ഈ ശ്യാമൂനെക്കൊണ്ട് അന്തോണിച്ചന്റെ മോളെ കല്യാണം കഴിപ്പിക്കാം എന്ന് പറഞ്ഞതിന്റെ കാര്യം എന്തായിരുന്നു എന്നറിയുവോ….” ജോർജ്ജ് നാക്ക് കുഴഞ്ഞുകൊണ്ട് ചോദിച്ചു… “ഓ…അതെന്നാ കാരണമാണെന്നൊന്നും എനിക്കറിയാൻ മേല…പുറത്ത്, എല്ലാവരുടെയും മുന്നിൽ ഞാൻ നല്ല പിള്ളയാ…അതുകൊണ്ട് തന്നെ ഇത്തിരി ഭക്തിയുള്ള കുടുംബം..

അത് മാത്രേ ഞാൻ നോക്കിയുള്ളൂ….” ഇത് കേട്ടതും ജോർജ്ജും ജേക്കബും ഒന്ന് ചിരിച്ചു…. “അപ്പൊ അപ്പൻ ഭക്തിയാണല്ലേ നോക്കിയേ..പക്ഷെ ഞങ്ങൾ നോക്കിയത് മറ്റൊന്നാ…” കുഴഞ്ഞ നാവുകൊണ്ട് ജേക്കബ് സംസാരിച്ചു തുടങ്ങി.. “പണം…നല്ല പൂത്ത പണം….അപ്പനറിയാലോ ഞങ്ങൾ കഴിഞ്ഞു പോകുന്നത് അത്യാവശ്യം റൗഡിത്തരം കാണിച്ചും പാരമ്പര്യ സ്വത്തും ഒക്കെ കൊണ്ടാണെന്ന്… കാശിനു വേണ്ടി തന്നെയാ നല്ല സ്വത്തുള്ള കുടുംബത്തിലെ ചേടത്തിയെയും അനിയത്തിയെയും ഞങ്ങൾ കെട്ടിയത്…

അവസാനം അവളുമാർക്ക് പൈസ തരാൻ മടിയാന്നെ… അപ്പോൾ അവൻ നല്ല കാശൊള്ള വീട്ടീന്ന് കെട്ടിയാൽ അവനെ ഒന്ന് ചാക്കിട്ട് പിടിച്ച് പണം ഊറ്റാം എന്ന് കരുതി….” ഇതെല്ലാം കേട്ട് ശ്യാമുപ്പയുടെ മുഖത്ത് ദേഷ്യവും സങ്കടവും പുച്ഛവും ഒരുപോലെ വിരിഞ്ഞു..ഇത്രയും നാൾ സ്വന്തമെന്ന് കരുതി സ്നേഹിച്ച്‌ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്തുകൊടുത്തത് ഇതുപോലുള്ളവർക്ക് വേണ്ടിയായിരുന്നല്ലോ എന്നോർത്ത് അവന്റെ ഹൃദയത്തിൽ വിഷമം ഉണ്ടായി.. തൽക്കാലത്തേക്ക് അവൻ അതെല്ലാം മറന്നു..

പോകാനുള്ള തയാറെടുപ്പുകൾ നടത്തി…ത്രേസ്യാമ്മ അവന് നൽകിയ കൊന്ത എടുത്തണിഞ്ഞു…എന്നിട്ട് താഴത്തെ സംസാരം തീരാനായി കാത്തിരുന്നു… താഴെ അവർ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൻ പതിയെ താക്കോലിട്ട് വാതിൽ തുറന്നു…എന്നിട്ട് പതിയെ പതിയെ പടികളിറങ്ങി താഴെയെത്തി…അവിടെ അവനേക്കാത്ത് നിറകണ്ണുകളോടെ ത്രേസ്യാമ്മയും തന്റെ ചേട്ടന്മാരുടെ ഭാര്യമാരായ സിസിലിയും റോസിലിയും ഉണ്ടായിരുന്നു…

അവരും അവന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.. അവൻ ശബ്ദമുണ്ടാക്കാതെ പിൻവാതിൽ വഴിയിറങ്ങി മുന്നിൽ ചെന്നു…അവിടെ അവനെ കാത്ത് കാറിൽ ജേക്കബും മാത്യൂസും ഉണ്ടായിരുന്നു… അവൻ അവരുടെ കൂടെ അവന്റെ മീനൂട്ടിയുടെ വീട്ടിലേക്ക് തിരിച്ചു..അവളെ ബാൽക്കണിയോട് ചേർന്നുള്ള മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് അവിടെയും ഇവിടെയും വീട് അടിച്ചു തൂക്കാൻ വരുന്ന ശാന്തേച്ചി പറഞ്ഞിരുന്നതായി സിസിലിയേച്ചി പറഞ്ഞത് അവൻ ഓർത്തു…

അവൻ അവളുടെ വീട്ടിൽ എത്തി മതിൽ ചാടി അവളുടെ മുറിയുടെ താഴെ എത്തി….എങ്ങനെ അങ്ങോട്ടേക്ക് കയറും എന്ന് ആലോചിച് നിന്നപ്പോഴാണ് ഒരു ഏണി അവന്റെ കണ്ണിൽ തടഞ്ഞത്… അവൻ വേഗം തന്നെ ആ ഏണിയുടെ സഹായത്തോടെ ബാൽക്കണിയിൽ എത്തി…അവൻ നോക്കിയപ്പോൾ അവൾ ആ ബാൽക്കണിയുടെ ഒരു മൂലയിൽ ഇരുന്ന് മുട്ടിനോട് തന്റെ തലകൾ ചേർത്തുവച്ച് കിടന്നുറങ്ങുന്നതാണ് കണ്ടത്… കരഞ്ഞു തളർന്ന് ഉറങ്ങിയതാണെന്ന് അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവന് മനസ്സിലായി…

അവൻ അവളെ പതിയെ തട്ടി വിളിച്ചു…അവൾ പതിയെ കണ്ണ് തുറന്നു…അവനെ കണ്ട് അവൾ ഒന്ന് ഞെട്ടി…സ്വപ്‌നമാണെന്ന്‌ കരുതിയെങ്കിലും പിന്നീട് സത്യമാണെന്ന് മനസ്സിലായി…. അവൻ വേഗം അവളെയുംകൊണ്ട് താഴെയിറങ്ങി എറണാകുളത്തേക്ക് വച്ചു പിടിച്ചു…യാത്രയിലുടനീളം അവൾ അവന്റെ മാറിൽ മുഖം ചേർത്ത് വച്ചിരുന്നു… അങ്ങനെ ഒരു 2 മണിക്കൂറിന് ശേഷം അവർ എറണാകുളത്തെത്തി…അന്ന് അവർ രണ്ടുപേരും ജീനയുടെ വീട്ടിൽ തങ്ങി… പിറ്റേന്ന് രാവിലെ തന്നെ അവർ രെജിസ്റ്റർ ഓഫീസിൽ ചെന്ന് വിവാഹിതരായി…..അങ്ങനെ ശ്യാമുപ്പ മീനമ്മയുടെ കഴുത്തിൽ മിന്ന് ചാർത്തി…

“ഹോ…അപ്പൊ സംഭവ ബഹുലമായ വിവാഹം ആയിരുന്നല്ലേ അവരുടേത്..” കാശി ചോദിച്ചു “അതെന്നെ…അവരുള്ളപ്പോൾ എപ്പോഴും അത് പറഞ്ഞ് ചിരിക്കുമായിരുന്നു…” സാം മറുപടി പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണിൽ ഉറഞ്ഞുകൂടിയ നീർത്തുള്ളികളെ അവൻ ശ്രദ്ധിച്ചു… അപ്പോഴേക്കും മിയ വന്നിരുന്നു…അവളുടെ വലതു തോളിലായി ഉറങ്ങുന്ന ആദിയും ഇടതു കയ്യിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കയ്യിൽ ഒരു ഡയറി മിൽക്കും നുണഞ്ഞുകൊണ്ട് കുഞ്ഞാമിയും ഉണ്ടായിരുന്നു…

അവളുടെ മുഖം മുഴുവനും ചോക്ലേറ്റ് ആയിരുന്നു… മിയ ഒരുവിധത്തിൽ അവിടെയിരുന്നു..സാം അപ്പോഴേക്കും ആദിയെ അവളുടെ കയ്യിൽ നിന്നും വാങ്ങി…ആമിയാണെങ്കിൽ കാശിയെ പോയി ചുറ്റിപ്പിടിച്ചുകൊണ്ട് മിഠായി കഴിച്ചുംകൊണ്ടിരുന്നു… “സാമേ..ബാക്കി പറ…” അവൻ വീണ്ടും പറഞ്ഞു തുടങ്ങി…

അങ്ങനെ വീട്ടുകാരുടെ ഇംഗിതത്തിന് എതിരായി വിവാഹം ചെയ്ത ശ്യാമുപ്പയെയും മീനമ്മയെയും വീട്ടിൽ നിന്നും പുറത്താക്കി…ഇരു വീട്ടുകാർക്കും അങ്ങനെയൊരു കുഞ്ഞില്ലെന്ന് പറഞ്ഞ് അവർ എന്നെന്നേക്കുമായി അവരെ കൈയൊഴിഞ്ഞു… അങ്ങനെ അവർ ജീവിച്ചു തുടങ്ങി…ശ്യാമുപ്പയുടെ സി.എ ഫേമിന് നല്ല ക്ലയന്റ്‌സ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവർക്ക് നല്ല ലാഭം ഉണ്ടായിരുന്നു…

അതുകൊണ്ട് തന്നെ മീനമ്മ പഠനം തുടർന്നു… ആ സമയം മീനമ്മയും ഞങ്ങളുടെ അമ്മമാരും ഹൗസ് സർജൻസി ആയിരുന്നു..അവർ വിവാഹിതരായെങ്കിലും മീനമ്മ ജീനമ്മയുടെ കൂടിയായിരുന്നു താമസിച്ചത്… അങ്ങനെ അവരുടെ പഠനം കഴിഞ്ഞ് മൂവരുടെയും വിവാഹം എറണാകുളം ഇടപ്പള്ളി പള്ളിയിൽ വച്ച് ഒന്നിച്ചു നടത്തി… ശ്യാമുപ്പ മീനമ്മയുടെ സ്വപ്നം നേടാനായി കുടുംബ ജീവിതം തുടങ്ങാൻ അൽപ്പം വൈകി…അതായത് സൈറമ്മ ഉണ്ടാകുന്നതിന് മുന്നേ മീനമ്മ ഗൈനക്കോളജിസ്റ്റ് ആയിരുന്നു…

എന്റെയും ഇവളുടെയും അമ്മമാർ ഞങ്ങളുടെ ചേട്ടന്മാർക്ക് ജന്മം നൽകിയതിന് ശേഷമാണ് തുടർപഠനം നടത്തിയത്… അങ്ങനെ നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സൈറമ്മയുണ്ടായി…അതേ സമയം തന്നെയാണ് ഞങ്ങളും ജനിച്ചത്… ആദ്യം ഞാൻ..പിന്നെ സൈറ..അവസാനം മിയാ…ഞങ്ങൾ ഏതിനും ഒന്നിച്ചായിരുന്നു..എല്ലാത്തിനും കൂട്ടായി ചേട്ടന്മാരും… അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് മീനമ്മ വീണ്ടും ഗർഭിണി ആയത്…

ഞങ്ങൾക്കെല്ലാവർക്കും ഒരു കുഞ്ഞാവ വരുന്നതിന്റെ സന്തോഷമായിരുന്നു… വീർത്തു വരുന്ന മീനമ്മയുടെ വയറിനെ ഞങ്ങൾ അത്ഭുതത്തോടെ വീക്ഷിച്ചു…എപ്പോഴും മീനമ്മയുടെ കൂടെ നടക്കാനും കുഞ്ഞാവയോട് കുശലം പറയാനും ഞങ്ങൾ ശ്രദ്ദിച്ചു… എന്നാൽ ഒരു ദിവസം മീനമ്മ ചെറുതായി ഒന്ന് വീണു…ശക്തമായല്ലെങ്കിലും വയറടിച്ചാണ് വീണത്…ഒരു ഗൈനക്കോലോജിസ്റ്റായ മീനമ്മയ്ക്ക് കുഞ്ഞു പോയത് മനസ്സിലായിരുന്നു..

എന്നാലും എന്തെങ്കിലും അത്ഭുതം നടന്നാലോ എന്നുള്ള പ്രതീക്ഷയിൽ കഠിന വേദന സഹിച്ചു ഞങ്ങളോടൊപ്പം ആശുപത്രിയിൽ വന്നു.. അവിടെ ചെന്നപ്പോൾ അറിഞ്ഞ വാർത്ത അക്ഷരാർത്ഥത്തിൽ ഞങളെ ഞെട്ടിച്ചു…കുഞ്ഞും പോയി കൂടാതെ ഗര്ഭപാത്രത്തിന് ഇനിയൊരു കുഞ്ഞിനെ കൂടെ വഹിക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടിരുന്നു…

ആ ആശുപത്രി വരാന്തയിലിരുന്ന് കരയുന്ന ശ്യാമുപ്പയുടെയും മീനമ്മയുടെയും സൈറയുടെയും മുഖം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്… പിന്നീട് അവർക്കെല്ലാം സൈറയായിരുന്നു…അതിന് ശേഷം സൈറയ്ക്ക് കാണുന്ന കുഞ്ഞുങ്ങളോടെല്ലാം അതിയായ വാത്സല്യമായിരുന്നു…തെരുവിലലയുന്ന അനാഥ കുഞ്ഞുങ്ങളെയൊക്കെ നോക്കി അവൾ കണ്ണ് നിറഞ്ഞു നിൽക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്…

അങ്ങനെ വർഷങ്ങൾ കടന്നുപോയി…ഞാനും സൈറയും എറണാകുളം മെഡിക്കൽ കോളേജ് വിദ്യാർഥികളായി…മിയ ചെന്നൈയിലേക്കും പഠിക്കാനായി പോയി.. മെഡിക്കൽ കോളേജിൽ ഞങ്ങൾ അത്യാവശ്യം പഠിക്കുന്നതുകൊണ്ടും പിന്നെ അവിടെയുള്ള അധ്യാപകർക്കെല്ലാം ഞങ്ങളുടെ അമ്മമാരെ പരിചയം ഉള്ളതുകൊണ്ടും മിക്ക ആധ്യാപകരുടെയും ചെല്ല കുട്ടികളായിരുന്നു ഞങ്ങൾ.. അന്നാണ് ഞങളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ കൂട്ട് വന്നത്…വീണ..വീണ നമ്പ്യാർ…നമ്പ്യാർ ഗ്രൂപ്സിന്റെ ഉടമകളിലൊന്നായ രമേശ് നമ്പ്യാരുടെ മകൾ വീണ….

“ഇഹ്ഹ്…അപ്പോൾ സാമേ നീ പറഞ്ഞു വരുന്നത് അച്ഛന്റെ സുഹൃത്തായ സുരേഷ് നമ്പ്യാരുടെ ചേട്ടൻ രമേഷ് നമ്പ്യാരുടെ മകളെപറ്റിയാണോ..” “അതേ ഇഛായാ…ഇച്ഛായന് വേണ്ടി ആലോചിച്ച മീരാ നമ്പ്യാരുടെ കസിൻ സഹോദരിയായ വീണാ നമ്പ്യാർ..” “ഹാം…ബാക്കി പറ…”

അങ്ങനെ വീണയും ഞങളുടെ കൂടെ കൂടി…അങ്ങനെ സന്തോഷപൂര്ണമായിരുന്നു ഞങളുടെ ദിവസങ്ങൾ….സൈറയാണെങ്കിൽ ഒരു മൊട്ടുസൂചി വാങ്ങുകയാണെങ്കിൽ പോലും വീണയോട് പറയുമായിരുന്നു.. ഇപ്പോഴും അതിൽ ഒരു മാറ്റവും ഇല്ല…എന്ന് വച്ച് ഞങ്ങളെ അവൾ തഴഞ്ഞോന്നുമില്ല…ഞങ്ങളെ മൂന്ന് പേരെയും അവൾ എന്നും ചേർത്തുപിടിച്ചിരുന്നു…. ആയിടക്കാണ് വീണയുടെ സഹോദരൻ വരുൺ നമ്പ്യാർ സൈറയെ പ്രൊപ്പോസ് ചെയ്യുന്നത്…

എന്നാൽ കൂട്ടുകാരിയുടെ സഹോദരൻ തന്റെയും സഹോദരൻ ആണെന്ന് പറഞ്ഞവൾ ഒഴിഞ്ഞെങ്കിലും അവൻ അവളെ വിടാതെ പിന്തുടർന്നു… അവസാനം ഒരു ദിവസം അവൻ അവളെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ അവന്റെ കരണം നോക്കിയടിച്ചു…അതവനിൽ പകയായി വളർന്നെങ്കിലും വീണ ഇടപെട്ട് അതൊക്കെ ഒത്തുതീർപ്പാക്കി…പിന്നീടെന്നും അവൻ ഞങ്ങളുടെ സഹോദരസ്ഥാനീയനായിരുന്നു…

അങ്ങനെ ഞങ്ങളുടെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി…. ഇതിനിടയിൽ ശ്യാമുപ്പയാണെങ്കിൽ ഗർഭിണികൾക്കും കുട്ടികൾക്കും ക്യാൻസർ രോഗികൾക്കും മാത്രമായൊരു ആശുപത്രി പണിയാനായി എറണാകുളത്ത് തന്നെ നല്ലൊരു സ്ഥലം കണ്ടെത്തിയിരുന്നു..കാരണം ഞങ്ങളുടെ അമ്മമാർ ഈ മൂന്ന് മേഖലകളിലുമാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. .

അതിന്റെ കൂടെ ആ സ്ഥലവും കൂടാതെ ശ്യാമുപ്പയ്ക്കുള്ള എല്ലാ സ്ഥാപനജംഗമ വസ്തുക്കളും സൈറയുടെ പേരിലേക്ക് മാറ്റിയിരുന്നു…ആ ആധാരത്തിൽ ശ്യാമുപ്പ ഒരു നിയമാവലി ചേർത്തിരുന്നു… “എന്റെ മകൾ സൈറയ്ക്ക് ഇരുപത്തിയേഴ് വയസ്സിനു മുന്നേ വിവാഹം കഴിഞ്ഞാൽ എന്റെ വസ്തുക്കളെല്ലാം അവൾക്കും അവളുടെ കുടുംബത്തിനും ഉള്ളതാകുന്നു..അത് അവർക്ക് ക്രയവിക്രയം ചെയ്യുവാൻ കഴിയുന്നതല്ല…

ക്രയവിക്രയം ചെയ്യുവാനുള്ള അവകാശം അവർക്ക് ആദ്യം ജനിക്കുന്ന കുഞ്ഞിന് 18 വയസ്സ് തികയുമ്പോൾ മാത്രമേ കഴിയുകയുള്ളൂ…എന്നാൽ ഇരുപത്തയേഴ് വയസ്സിന് ശേഷമാണ് വിവാഹം എങ്കിൽ ഈ സ്വത്തുക്കളെല്ലാം ആർക്ക് വേണമെങ്കിലും കൈമാറ്റം ചെയ്യുവാൻ കഴിയുന്നതാണ്…..” ************************************************************************************** “അതിന്റെയർത്ഥം..???” കാശി ചോദിച്ചു… “അത് വഴിയേ മനസിലാകും….”.. സാം പറഞ്ഞു… **************************************************************************************

അങ്ങനെ എല്ലാം അവളുടെ പേരിലേക്ക് എഴുതി വച്ചതിന്റെ നാലാം ദിവസം ശ്യാമുപ്പ ഒരു അപകടത്തിൽ മരണമടഞ്ഞു…അതറിഞ്ഞ മീനമ്മ ഹൃദയാഘാതം നിമിത്തം മരണത്തിന് കീഴടങ്ങി… ഒറ്റ നിമിഷം കൊണ്ട് അവൾ ഒറ്റപ്പെട്ടതുപോലെ തോന്നി…എന്നാലും അവൾ അവളുടെ മനസ്സിനെ കൈവിട്ടില്ല…തന്റെ അപ്പനും അമ്മയും തന്നെ ഒരു ഓങ്കോളജിസ്റ്റായി കാണുവാൻ ആഗ്രഹിച്ചിരുന്നതിനാൽ ആ സ്വപ്നത്തിന്റെ പിന്നാലെ പോകുവാനായി അവർ ഇറങ്ങിത്തിരിച്ചു…

എന്നാൽ അവിടെ അവളുടെ ലക്ഷ്യം തെറ്റിക്കാനായി അവളുടെ വല്യ പപ്പമാർ വന്നു…നിയമ സാധുതകൾ ഉപയോഗിച്ച് ഞങ്ങൾക്കെന്തെങ്കിലും ചെയ്യുവാൻ ആകുന്നതിനു മുന്നമേ അവളെ അവർ ബന്ധുക്കൾ ആണെന്നുള്ള അവകാശം വച്ച് പിടിച്ചുകൊണ്ടുപോയി…. അവരുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു..ജോർജ്ജിന്റെ മകനായ…അവളുടെ സഹോദരസ്ഥാനത്ത് നിൽക്കേണ്ടുന്നവനായ ടോമിയെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുക..എന്നാൽ ആ സ്വത്തുക്കൾ മുഴുവനും അവരുടെ പേരിൽ വന്ന് ചേരുമല്ലോ എന്നവർ ചിന്തിച്ചു…

എന്നാൽ അതിനു മുന്നേ അവൾ രക്ഷപെട്ട് ഞങ്ങളുടെ അടുക്കൽ എത്തിയിരുന്നു…ഞങളുടെ പപ്പമാർ ഇടപെട്ട് പോലീസിൽ പരാതിപ്പെട്ട് അവളുടെ സുരക്ഷാ ഞങ്ങൾ ഉറപ്പാക്കി… അവരുടെ മരണശേഷം ഒരിക്കലും അവൾ ഒറ്റയ്ക്കാണെന്നുള്ള തോന്നൽ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരുന്നു… എം.ഡി. യും ഞങ്ങൾ എറണാകുളത്ത് തന്നെയാണ് ചെയ്തത്…പരീക്ഷാ സമയങ്ങളിൽ ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറും.

അവൾക്ക് കൂട്ടായി വീണയും ഉണ്ടായിരുന്നു… അങ്ങനെ ഞങളുടെ എം.ഡി അവസാന വർഷ പരീക്ഷ കഴിഞ്ഞ അന്ന് അവൾ ഹോസ്റ്റലിലേക്ക് തിരികെ ചെന്ന് ബാഗ് ഒക്കെ എടുത്തു വയ്ക്കുന്നതിനിടയിലാണ് ഒരാൾക്കൂട്ടം ഗേറ്റിന്റെ അവിടെ നിൽക്കുന്നത് കണ്ടത്… .അവളും അങ്ങോട്ടേക്ക് ചെന്നു..അവിടെ അവൾ കണ്ടു..ജനിച്ചിട്ട് അധികം സമയം പോലും ആകാത്ത ഒരു കുഞ്ഞിനെ…എല്ലാവരും നോക്കിനിൽക്കെ അവൾ ആ കുഞ്ഞിനെ വാരിയെടുത്തു… അതൊരു ആണ്കുഞ്ഞാണെന്ന് അവൾക്ക് മനസ്സിലായി..

എല്ലാവരും അവളെത്തന്നെ ശ്രദ്‌ച്ചുകൊണ്ടിരുന്നു…വീണയും അവളുടെ അടുക്കൽ വന്നു… “ഈ കുഞ്ഞിനെ നമുക്ക് എവിടെയെങ്കിലും ഏല്പിച്ചാലോ…” വാർഡൻ ചോദിച്ചു… “വേണ്ടാ….”..പെട്ടന്നാണ് സൈറ ഉത്തരം പറഞ്ഞത്… “ഇവൻ വളരും…എന്റെ മകനായി…എന്റെ അദ്രിയേലായി…എന്റെ ആദിയായി…” അവൾക്കെന്തോ ആ കുഞ്ഞിനോടൊരു അടുപ്പം തോന്നി..ഒരുതരം ആത്മബന്ധം..അതുകൊണ്ടാണ് അവൾ അവനെ വിടാതെ ചേർത്ത് പിടിച്ചത് തന്നെ…

അവിടെക്കൂടി നിന്ന എല്ലാവരും ഞെട്ടലോടെയാണ് ആ തീരുമാനം കൈക്കൊണ്ടത്…കാരണം സുന്ദരിയും വിദ്യാഭ്യാസ യോഗ്യതയും ഉള്ളൊരു അവിവാഹിതയായ പെണ്കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ്‌ വന്നാൽ അവളുടെ ഭാവി ജീവിതം ചോദ്യ ചിഹ്നത്തിലാകുമല്ലോ… വാർഡനും അവിടെയുള്ള അവളുടെ കൂട്ടുകാരും വീണയുമെല്ലാം ആ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കൊണ്ട് ചെന്നാക്കുവാനായി അവളെ ഉപദേശിച്ചു…

അപ്പോഴെല്ലാം അവൾ അവളുടെ നിലപാടിൽ ഉറച്ചു നിന്നു…ഞാൻ ഓടിപ്പിടിച് വണ്ടിയുമായി എത്തിയപ്പോഴേക്കും അവൾ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു…എന്നിട്ട് വണ്ടിയിലേക്ക് അവളുടെ പെട്ടിയെല്ലാം എടുത്തുവച്ചു…വീട്ടിലേക്ക് വണ്ടി തിരിച്ചു.. ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും അവിടെ രണ്ട് അമ്മമാരും അപ്പന്മാരും ഉണ്ടായിരുന്നു…. അവൾ കുഞ്ഞുമായി അകത്തേക്ക് ചെന്നിട്ട് പപ്പമാരുടെ കാൽക്കീഴിൽ ഇരുന്നു…

“പപ്പൂസേ…”..അവൾ വിളിച്ചു… എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിൽ അവൾ പപ്പമാരെ വിളിക്കുന്ന പേരാണ് പപ്പൂസ് എന്നുള്ളത്… “പറഞ്ഞോടി സൈറാമ്മേ…”….എന്റെ പാപ്പാ അവൾക്ക് അനുമതി കൊടുത്തു… “അതേ…ഈ കുഞ്ഞാദിയെ ഞാൻ എന്റെ മകനായി വളർത്തിക്കോട്ടെ…പ്ലീസ്…എനിക്കെന്തോ ഈ കുഞ്ഞിനെ കാണുമ്പൊൾ തന്നെ…എന്തോ ഒരു സങ്കടം….അവൻ എന്റെ മാറിലെ ചൂടുപറ്റി വളരട്ടെ…

ഞാൻ നോക്കിക്കൊള്ളാം…എന്റെ പഠനം ഒക്കെ കഴിഞ്ഞില്ലേ…” ജേക്കബ് ഇത് കേട്ടിട്ട് എന്തോ ആലോചിച്ചു…അദ്ദേഹത്തിന്റെ ആലോചന വിൽപ്പത്രത്തെപ്പറ്റി ആകും എന്നുള്ളതുകൊണ്ട് തന്നെ മാത്യൂസ് ജേക്കബിനെ സമാധാനിപ്പിക്കാനെന്നോണം അദ്ദേഹത്തിന്റെ കയ്യിൽ ഒന്നമർത്തി…

“അല്ല സാമേ…ആ വിൽപത്രം…ഇരുപത്തിയേഴ് വയസ്സ്…എനിക്കത് എന്താണെന്ന് മനസ്സിലാകുന്നില്ല”…കാശി ആമിയുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു… ആമി കാശിയുടെ മടിയിൽ.ഇരുന്ന് ഉറങ്ങിപ്പോയിരുന്നു… “ആ…അത് ഞാൻ പറയാം.കാശിച്ചായാ….”..മിയാ ചാടിക്കയറി പറഞ്ഞു… മിയാ പറഞ്ഞു തുടങ്ങി… ശ്യാമുപ്പയും മീനമ്മയും മരിക്കുന്നതിന് മൂന്ന് നാല് ദിവസം മുന്നേ…അതായത് ഈ വിൽപത്രം എഴുതിയ അന്ന് ഞാൻ ചെന്നൈയിൽ നിന്നും എല്ലാവർക്കും ഒരു സർപ്രൈസ് വിസിറ്റ് ആകട്ടെ എന്നോർത്തുകൊണ്ട് പറയാതെയാണ് നാട്ടിലേക്ക് വന്നത്…

ഞാൻ നേരെ പപ്പമാരുടെ ഓഫിസിലേക്കാണ് പോയത്…അവിടെച്ചെന്ന് അവരെ ഞെട്ടിക്കാം എന്നോർത്തപ്പോഴാണ് അകത്തുനിന്നുള്ള സംസാരം ഞാൻ ശ്രദ്ധിക്കുന്നത്…അത് കഴിയാനായി ഞാൻ കാത്തിരുന്നു… “ജോ…മാത്തൂ…എടാ…എന്റെ അവസാനം അടുത്തു എന്നൊരു തോന്നൽ..ഒരു നെഗേറ്റിവ് വൈബ്രേഷൻ ഇല്ലേ.. അത് കുറച്ച് ദിവസമായി എന്റെ ഉള്ളിൽ കിടന്ന് ഇങ്ങനെ….എന്തോ പോലെ. .” ജോ എന്നാൽ ജേക്കബും മാത്തൂ എന്നാൽ മാത്യൂസും ആണ്…അവരുടെ ശ്യാമു ആണ് ശ്യാമുപ്പ…

“ഒന്ന് പോയേ ശ്യാമു…നിന്റെയൊരു തോന്നൽ…മിണ്ടാതിരി”..ജോ പറഞ്ഞു.. “അതല്ലെടാ…നിങ്ങൾ എന്താ മനസ്സിലാക്കാത്തെ…” “ആ..ഞങ്ങൾക്കൊന്നും മനസ്സിലാകില്ല…അല്ല നീ ഇത് പറയാനാണോ ഞങ്ങളെ വിളിച്ചു വരുത്തിയത്…”…മാത്തു ചോദിച്ചു.. “അയ്യോ..അല്ലെടാ…ഞാൻ പ്രധാനപ്പെട്ട ഒരു കാര്യം പറയാനായിട്ടാ ….” അവർ ഒന്നുകൂടെ ശ്യാമുവിനോട് ചേർന്നിരുന്നു…. ശ്യാമു പറഞ്ഞു തുടങ്ങി… “കുറച്ച് ദിവസം മുൻപ് എന്റെ ചേട്ടന്മാർ എന്നെ കാണാൻ വന്നിരുന്നു…അവരുടെ സ്ഥിതി മോശമാണെന്നും സഹായിക്കണം എന്നെല്ലാം പറഞ്ഞുകൊണ്ട്…..

പക്ഷെ അവർ എത്ര പറഞ്ഞിട്ടും ഞാൻ കൂട്ടാക്കിയില്ല…കാരണം അപ്പനോ അമ്മയോ ജീവിച്ചിരുപ്പുണ്ടാർന്നെങ്കിൽ ഞാൻ സഹായിച്ചേനെ…ഇത് ഇവരുടെ കുത്തഴിഞ്ഞ ജീവിതം കണ്ട് മനം നൊന്താണ് അപ്പനും അമ്മയും മരിച്ചത്…ചേച്ചിമാർക്കാണെങ്കിൽ വീട്ടിൽ ഒരു സ്ഥാനവുമില്ല…എല്ലാം ഇവരുടെ തീരുമാനത്തിനനുസൃതമായിട്ടാണ് നടക്കുന്നത്… അതുകൊണ്ട് തന്നെ ഞാൻ തീർത്തും സഹായിക്കാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞു… അപ്പോഴേക്കും അവരുടെ ഭാവം മാറി…

പിന്നെ ഭീഷണിയായി…ഒന്നിലും ഞാൻ മുട്ട് മടക്കില്ല എന്ന് കണ്ടതുകൊണ്ടാകും അവസാനം എന്നെ കൊന്നിട്ടയാലും ആശുപത്രി നിർമ്മിക്കാനായുള്ള സ്ഥലവും പിന്നെ വീടിരിക്കുന്ന സ്ഥലവും എല്ലാം അവർ കൈക്കലാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്…” ഇതെല്ലാം കേട്ട് അന്തിച്ചിരിക്കുകയാണ് ജോയും മാത്തുവും… ശ്യാമു തുടർന്നു…. “അതുകൊണ്ട് ഞാൻ ഒരു കാര്യം ചെയ്തു…എന്റെ സർവ സ്വത്തുക്കളും ഞാൻ സൈറയുടെ പേരിലേക്ക് മാറ്റി…” “ചെ…നീ എന്ത് മണ്ടത്തരമാണ് കാണിച്ചേ…

ഇനി അവർ നമ്മുടെ മോൾടെ പിന്നാലെയാകിയല്ലേ..”..മാത്തു പൊട്ടിത്തെറിച്ചു….ജോയുടെയും മുഖഭാവം അത് തന്നെയായിരുന്നു…. “ഞാൻ ഒന്ന് പറഞ്ഞുതീർക്കട്ടെ…”..എന്ന് പറഞ്ഞുകൊണ്ട് ശ്യാമു തുടർന്നു…. “ഞാൻ എഴുതി വച്ചെങ്കിലും അതിൽ പ്രത്യേകമായി ഒരു കാര്യം കൂടെ എഴുതി ചേർത്തിട്ടുണ്ട്….അതിങ്ങനെയാണ്… എന്റെ മകൾ സൈറയ്ക്ക് ഇരുപത്തിയേഴ് വയസ്സിനു മുന്നേ വിവാഹം കഴിഞ്ഞാൽ എന്റെ വസ്തുക്കളെല്ലാം അവൾക്കും അവളുടെ കുടുംബത്തിനും ഉള്ളതാകുന്നു..അത് അവർക്ക് ക്രയവിക്രയം ചെയ്യുവാൻ കഴിയുന്നതല്ല…

ക്രയവിക്രയം ചെയ്യുവാനുള്ള അവകാശം അവർക്ക് ആദ്യം ജനിക്കുന്ന കുഞ്ഞിന് 18 വയസ്സ് തികയുമ്പോൾ മാത്രമേ കഴിയുകയുള്ളൂ…എന്നാൽ ഇരുപത്തയേഴ് വയസ്സിന് ശേഷമാണ് വിവാഹം എങ്കിൽ ഈ സ്വത്തുക്കളെല്ലാം ആർക്ക് വേണമെങ്കിലും കൈമാറ്റം ചെയ്യുവാൻ കഴിയുന്നതാണ്…..” “ഇതിന്റെ അർഥം എന്നതാ…” ജോ ചോദിച്ചു… ശ്യാമു തുടർന്നു.. “അതായത്…അവളുടെ വിവാഹം ഇരുപത്തിയേഴ് വയസ്സിന് മുന്നേയെങ്കിലും നടക്കണം….

വിവാഹത്തിന് ശേഷം എല്ലാം അവളുടെ കയ്യിൽ തന്നെ നില നിൽക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനൊരു കാര്യം എഴുതിചേർത്തിരിക്കുന്നത്… അതായത് ആദ്യത്തെ കുഞ്ഞിന് 18 വയസ്സാകാതെ അവർക്കിത് വിൽക്കാൻ കഴിയില്ല…അപ്പോൾ സ്വാഭാവികമായും ഇതിൽ നിന്നും ഒരു ആദായം അവൾക്കുണ്ടാകും… ഇനി വിവാഹം കഴിഞ്ഞില്ലെങ്കിൽ അവൾ അവളുടെ ഇഷ്ടപ്രകാരം ജീവിച്ചോട്ടെ… പിന്നെ എന്റെ ചേട്ടന്മാർ വന്ന് എന്നെ ഭീഷണിപ്പെടുത്തിയ കാര്യം ഒക്കെ അവളോട് പറയണം…എങ്കിലേ അവൾ ഒരു വിവാഹത്തിന് സമ്മതിക്കൂ…നല്ലൊരു പയ്യനെ കണ്ടുപിടിക്കണം…

ഇനി ഞാൻ എങ്ങാനും മരിച്ചാൽ എന്റെ ചേട്ടന്മാർ ചിലപ്പോ അവളുടെ പിന്നാലെ വരും..പക്ഷെ അവളുടെ വിവാഹം അപ്പോഴേക്കും കഴിഞ്ഞാൽ ഇങ്ങനൊരു കുരുക്കുള്ളതുകൊണ്ട് അവർക്ക് അവളെ ഒന്നും ചെയ്യാൻ കഴിയില്ല…കാരണം ആ വസ്തു കൊണ്ട് അവർക്ക് ഒരു പ്രയോജനവും ഉണ്ടാകില്ലല്ലോ…അവരുടെ പേരിലേക്ക് മാറ്റാൻ പോലും കഴിയില്ല… പക്ഷെ ഇരുപത്തിയേഴാം പിറന്നാൾ കഴിഞ്ഞാൽ ബലം പ്രയോഗിച്ചാണെലും അവളുടെ അടുക്കൽ നിന്നും സ്വത്ത് കൈക്കലാക്കാൻ അവർ ശ്രമിച്ചേക്കും…

അതുകൊണ്ടാണ് അതിന് മുന്നേ അവളുടെ വിവാഹം വേണമെന്ന് ഞാൻ വാശി പിടിക്കുന്നത്… പിന്നെ കൂടെ വേറൊരു കാര്യവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്… “എന്റെ മകൾ സൈറയ്ക്ക് മക്കൾ ഉണ്ടാകാതെ വന്നാൽ ഈ സ്വത്തുക്കൾ മുഴുവനും അവളുടെ കാലശേഷം ഇടപ്പള്ളിയിലുള്ള കാരുണ്യ ട്രസ്റ്റിന് കൈമാറുന്നതായിരിക്കും…” അതാവുമ്പോൾ ഉപകാരപ്രദമാകും വണ്ണം എല്ലാം കൈമാറ്റം ചെയ്തു എന്നുള്ള നിർവൃതി ലഭിക്കും….”…

“ഇതാണ് ഞാൻ അന്ന് കേട്ടത്…”..മിയാ പറഞ്ഞു… “അപ്പോൾ സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയായിരുന്നല്ലേ അങ്ങനൊരു കാര്യം…കൊള്ളാം….പക്ഷെ സൈറയ്ക്ക് കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഇരുപത്തിയേഴ് വയസ്സാകുമെന്നല്ലേ പറഞ്ഞത്…അപ്പോൾ…” കാശി ചോദിച്ചു.. “അത് അറിയില്ല ഇഛായാ…കർത്താവ് എന്തേലും കണ്ടിട്ടുണ്ടാകും…അല്യോ മിയാമോ…” സാം ഒന്ന് സൈറ്റ് അടിച്ചുകൊണ്ട് മിയായോട് പറഞ്ഞു.. അവൾ തിരികെ ഒന്ന് പുഞ്ചിരിച്ചു… “അപ്പോൾ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത്…ഹാ…ആദിയെ വളർത്താനുള്ള അനുമതി….” സാം തുടർന്നു…

ഒരു കുഞ്ഞ്‌ വന്നാൽ ഇരുപത്തിയേഴ് വയസ്സിനു മുന്നേ വിവാഹം സാധ്യമാകുമോ എന്നവർ ഭയന്നു..എന്നാലും അവളുടെ കണ്ണിൽ ആദിയെ കാണുമ്പോഴുണ്ടാകുന്ന തിളക്കം കാണുമ്പോൾ അവർക്ക് വിസ്സമ്മതിക്കാൻ കഴിയുന്നില്ലയിരുന്നു.. അവസാനം അവർ പാതി സമ്മതത്തോടെ തലയാട്ടി… “എന്റെ പപ്പൂസുകളെ…നിങ്ങൾ വിഷമിക്കേണ്ട…നമുക്ക് എല്ലാം ശെരിയാക്കാന്ന്… ഇരുപത്തിയേഴ് വയസ്സിന് മുന്നേ വിവാഹം… ഇരുപത്തിയേഴിന് മുന്നേ നടന്നില്ലെങ്കിൽ നമുക്കൊരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാന്നെ..

എന്നിട്ട് ആദിമോൻ ഞങ്ങളുടെ മകനാണെന്ന് വച്ചു കാച്ചാം…പിന്നെ അപ്പെടെ സ്വപ്നം പൂവണിയാൻ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ… എന്നിട്ട് വേണം അപ്പയുടെ സ്വപ്ന ഭൂമിയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരാശുപത്രി തുടങ്ങാൻ….”.. അവളുടെ പറച്ചില് കേട്ട് എല്ലാവരും ചിരിച്ചു…അവസാനം എല്ലാവരും സമ്മതിച്ചപ്പോഴേക്കും അവൾ വേഗം തന്നെ കുഞ്ഞിന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുവാനായി എന്നെയും വിളിച്ചുകൊണ്ട് പോയി… കുഞ്ഞിന്റെ ടർക്കി,പാമ്പേഴ്‌സ് എന്ന് വേണ്ട സകല സാധനങ്ങളും…

കൂടെ ഗൂഗിൾ നോക്കി കുഞ്ഞിന് കുടിക്കാനായി നിഡോയും വാങ്ങി… വീട്ടിൽ എത്തിയപ്പോഴേക്കും ആദിക്കുട്ടൻ വിശന്നിട്ട് കരയുകയായിരുന്നു…അവൾ വേഗം തന്നെ വെള്ളം ചൂടാക്കി അതിൽ നിഡോ കലക്കി ആറ്റി കുപ്പിയിലാക്കി അവന് കൊടുത്തു…അവൻ കുടിക്കുന്ന കണ്ട അവളുടെ കണ്ണ് നിറഞ്ഞു… എന്നാൽ ഒരു ഡോക്‌ടർ എന്ന നിലയിൽ ആ കുഞ്ഞിന് നിഡോ കലക്കി കൊടുക്കാൻ അവളുടെ മനസ്സനുവദിച്ചില്ല…അതിനാൽ തന്നെ അവൾ പിറ്റേന്ന് രാവിലെ തന്നെ എന്നെയും കൂട്ടി ഞങ്ങളുടെ മമ്മിമാരുടെ സുഹൃത്തായ ഗൈനക്കോലോജിസ്റ്റ് ജാനകി, ജാനകി രാധാകൃഷ്ണ മേനോനെ ചെന്ന് കണ്ടു…

(തുടരും……) എന്ന് നിങ്ങളുടെ സ്വന്തം, അഗ്നി🔥

അറിയാതെ : ഭാഗം 10