Tuesday, December 17, 2024
Novel

മഴപോലെ : ഭാഗം 7

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


” അതുപിന്നെ ഞാൻ …… ”

അർച്ചന വാക്കുകൾക്കായി പരതി.

” എന്തോന്നതുപിന്നെ നിനക്ക് മറുപടി കാണില്ല എനിക്കറിയാം. നീ പറയുന്നതൊക്കെ അനുസരിച്ചിരുന്ന നിനക്ക് വേണ്ടി പലതും ഉപേക്ഷിച്ചിരുന്ന ഒരു സിദ്ധാർഥ് ഉണ്ടായിരുന്നു. പക്ഷേ ഇന്നവനില്ല. .

വർഷങ്ങൾക്ക് മുൻപ് ചങ്ക് പറിച്ചുകൊടുത്ത് സ്നേഹിച്ചവൾ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ ആ ദിവസം അവൻ ചത്തു. അവന്റെ രൂപം മാത്രമുള്ള മറ്റാരോ ആണ് ഇപ്പൊ നിന്റെ മുന്നിലീ നിക്കുന്നത്. ”

അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു. ആ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ തല കുനിച്ചു.

” പിന്നെ നീയെന്താ ചോദിച്ചത് എന്തിനാ കുടിച്ച് നശിക്കുന്നതെന്നോ അതേടി ഞാൻ കുടിച്ച് നശിക്കുക തന്നെയാണ്. ഞാൻ ഇനിയും കുടിക്കും.

എന്തിനാന്നറിയോ നിന്നെ സ്നേഹിച്ച എന്റെയീ ഹൃദയം തന്നെ നശിക്കണം. അത് ചിലപ്പോൾ ഈ സിദ്ധാർഥ് മേനോന്റെ അവസാനമായിരിക്കും.

അതിനി എന്നായാലും അതുവരെ ഞാൻ കുടിക്കും. അത് നീ കാണണം നിന്നെ സ്നേഹിച്ചുവെന്ന കുറ്റം മാത്രം ചെയ്ത ഞാൻ ഉരുകിയുരുകി തീരുന്നത്. അത് കണ്ട് നീ സന്തോഷിക്കണം. ”

അവളുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഗ്ലാസിലെ മദ്യം അവൻ വായിലേക്ക് കമഴ്ത്തി.

” സാർ ഞാനൊന്ന്…….. ”

” നീയൊന്നും പറയണ്ട ഇറങ്ങിപ്പോടീ … ”

എന്തോ പറയാനാഞ്ഞ അവളെ തടഞ്ഞുകൊണ്ട് അലറുകയായിരുന്നു സിദ്ധാർഥ്. നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് അർച്ചന പുറത്തേക്ക് ഓടി. ആ ടേബിളിലെ ഗ്ലാസ്‌ വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

” ആഹാ നീയിവിടെ വന്നിരിക്കുകയായിരുന്നോ ????? ഞാൻ നിന്നെ നോക്കി നടക്കായിരുന്നു ഇത്രേം നേരം. ”

റസ്റ്റ് റൂമിലെ ടേബിളിൽ തല ചായ്ച്ചിരിക്കുന്ന അർച്ചനയുടെ അരികിലേക്ക് വന്നുകൊണ്ട് അലീന ചോദിച്ചു. പെട്ടന്ന് നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ വേണ്ടി മുഖം അമർത്തിത്തുടച്ചുകൊണ്ട് തല ഉയർത്തി അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു അർച്ചന.

” ഏഹ് നീ കരയുവാരുന്നോ എന്താടീ എന്തുപറ്റി ???? ”

അവളുടെ അരികിലേക്ക് ഇരുന്നുകൊണ്ട് അലീന ചോദിച്ചു.

” ഏയ് ഒന്നുല്ലടീ നിനക്ക് വെറുതെ തോന്നുന്നതാ. ഞാൻ വെറുതെയിരുന്നതാ ”

ഉള്ളിലെ നൊമ്പരം പുറത്ത് കാണിക്കാതെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. അലീന വെറുതെയൊന്ന് മൂളി.

” ആഹ് എന്നാ വാ നമുക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം ഞാനിന്നിനി ഫുൾ ഫ്രീയാ സിദ്ധാർഥ് സാർ മീറ്റിംഗ്സ് എല്ലാം ക്യാൻസൽ ചെയ്ത് പമ്പിങ് തുടങ്ങി. ഇന്നിനി ഇതുതന്നെ പണി. ”

അലീന ചിരിയോടെ പറഞ്ഞു.

” ഇതപ്പോ സ്ഥിരമാണോ ? ”

അവളുടെ മുഖത്ത് നോക്കി ആകാംഷയോടെ അർച്ചന ചോദിച്ചു.

” എന്റെ മോളെ ഞാനിവിടെ ജോയിൻ ചെയ്ത് പിറ്റേദിവസം മുതൽ കാണുന്ന കാര്യമാ ഇത്. ഈ ചെറു പ്രായത്തിൽ തന്നെ മറ്റേതൊരു ബിസ്സിനസ്സുകാരനും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ഉയരത്തിൽ നിൽക്കുന്ന ആളാണ് പുള്ളി.

പക്ഷേ പറഞ്ഞിട്ടെന്താ ചില സമയം അങ്ങേരടെ മനസ് അങ്ങേരടെ കയ്യിൽ പോലുമല്ല.

എപ്പോഴും കടിച്ചുകീറാൻ നിൽക്കുന്ന ഈ സ്വഭാവം കാണുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ചിലപ്പോൾ ആലോചിക്കുമ്പോൾ ആ മനുഷ്യൻ വെറുമൊരു പാവമാണെന്ന് തോന്നും. പഠിക്കുന്ന കാലത്തുള്ള ഏതോ ഒരുത്തിയുടെ ഓർമയിൽ സ്വയം ശിക്ഷിച്ച് ജീവിക്കുന്ന ഒരു പാവം.

പക്ഷേ ഇതൊക്കെയാണെങ്കിലും എത്ര ബോധമില്ലെങ്കിലും ഏത് പാതിരാത്രിയിലും പുള്ളിയുടെ കൂടെ ധൈര്യമായി പോകാം . മോശമായി ഒരു നോട്ടം പോലും ഉണ്ടാവില്ല. ”

അലീന പറഞ്ഞുനിർത്തി.

” ആ മനസ്സ് മറ്റാരെക്കാളും തൊട്ടറിഞ്ഞവളല്ലേ ഞാൻ. ആ മനസ്സിൽ ഒരു പെണ്ണുണ്ടെങ്കിൽ അതീ അർച്ചന മാത്രമാണ് അലീന ”

അർച്ചനയുടെ മനസ്സ് മന്ത്രിച്ചു.

” ഹാ നീയിതെന്തോന്നാലോചിച്ചോണ്ടിരിക്കാ ??? എണീറ്റ് വാ മനുഷ്യന് വിശന്നിട്ടുവയ്യ കാണ്ടാമൃഗത്തിന്റെ കാര്യം പറഞ്ഞിരുന്ന് അതുമറന്ന് പോയി ”

അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് എണീക്കുമ്പോൾ അലീന പറഞ്ഞു. അവളെക്കൊണ്ട് കൂടുതൽ ചോദ്യങ്ങൾ ചോദിപ്പിക്കേണ്ടെന്ന് കരുതി അർച്ചനയും അവളുടെ കൂടെ നടന്നു.

കാന്റീനിലെത്തി അലീന ഓർഡർ കൊടുക്കുമ്പോഴും ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അർച്ചന.

സിദ്ധാർദ്ധിനെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ എന്താണ് വഴിയെന്നതായിരുന്നു പിന്നീടുള്ള അർച്ചനയുടെ ചിന്തകൾ മുഴുവൻ.

രാത്രി വളരെ വൈകിയായിരുന്നു സിദ്ധാർഥ് മംഗലത്ത് എത്തിയത്. കാർ പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറുമ്പോൾ കുടിച്ച് അവശനായിരുന്ന അവന്റെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല.

” കണ്ണാ…. ”

ആടിയാടി മുകളിലേക്കുള്ള സ്റ്റെപ്പിനരികിലേക്ക് നടന്ന അവൻ പെട്ടന്ന് നിന്നു. ലിവിങ് റൂമിലെ സോഫയിലിരുന്നിരുന്ന സുമിത്രയെക്കണ്ട് അവൻ തല കുനിച്ചു.

” എന്തിനാ കണ്ണാ നീയിങ്ങനെ നശിക്കുന്നത് ??? ”

കണ്ണീരിൽ കുതിർന്ന അവരുടെ ചോദ്യത്തിന് അവന്റെ കയ്യിൽ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

” ഓരോ ദിവസവും നിന്നെയോർത്തിങ്ങനെ ഉരുകിയുരുകി തീരാനാ എന്റെ വിധി. ആരെ തോൽപ്പിക്കാനാ കണ്ണാ നീയിങ്ങനെ ???? ”

” എല്ലാവരെയും സ്നേഹിച്ചതിന് എനിക്കുതന്നെയുള്ള ശിക്ഷയാ അമ്മേ ഇതൊക്കെ. ഞാനെല്ലാരെയും സ്നേഹിച്ചു. അച്ഛനെ അമ്മയെ പിന്നെ… പിന്നെ പലരെയും.. ”

ഈറനണിഞ്ഞ കണ്ണുകൾ മറച്ചുകൊണ്ട് അവൻ പറഞ്ഞു. അപ്പോൾ മുകളിൽ നിന്നിറങ്ങിവന്ന മഹാദേവനെ കണ്ടതും അവന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു.

” ആഹാ വന്നല്ലോ വിജയി. മകൻ തോറ്റാലെന്താ മംഗലത്ത് മഹാദേവൻ ജയിച്ചല്ലോ ”

അയാളെ നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് അവൻ മുകളിലേക്ക് നടന്നു. ആ പോക്ക് നോക്കി നിന്ന സുമിത്രയുടെ നെഞ്ച് വിങ്ങി.

” സമാധാനായല്ലോ ദേവേട്ടന് എന്റെ കുഞ്ഞിനെ ഈ ഗതിയിലാക്കിയപ്പോ ”

മഹാദേവന് നേരെ നോക്കി കണ്ണീരോടെ അവർ ചോദിച്ചു.

” സുമീ ഞാൻ… ”

” മതി ദേവേട്ടാ ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ദേവേട്ടൻ തന്നെയാണ്. മകൻ പറയാതെ തന്നെ അവനാഗ്രഹിച്ചതെല്ലാം കൊടുത്തു. അവസാനം അവന്റെ ജീവിതം തന്നെ അവനിൽ നിന്നും തട്ടിത്തെറിപ്പിച്ചു. അവന്റെ ആത്മാവിൽത്തന്നെ അലിഞ്ഞവളെയാണ് ദേവേട്ടൻ അവനിൽ നിന്നും പറിച്ചെടുത്തത്. ”

അയാളെ പറയാൻ സമ്മതിക്കാതെ ദേഷ്യവും സങ്കടവും ഇടകലർന്ന സ്വരത്തിൽ സുമിത്ര പറഞ്ഞു നിർത്തി.

” പക്ഷേ സുമീ ആ കുട്ടി … ”

” എന്തായിരുന്നു അതിനൊരു കുറവ് ??
മംഗലത്ത് മഹാദേവന്റത്ര പണമില്ലായിരുന്നു. മറ്റെന്തെങ്കിലും കുറവ് ദേവേട്ടന് പറയാനുണ്ടോ അവളെക്കുറിച്ച് ??? പിന്നെന്തായിരുന്നു മംഗലത്ത് വീടിന്റെ മരുമകളാക്കാൻ അവൾ പോരെന്ന് ദേവേട്ടന് തോന്നാനുള്ള കാരണം ??? ”

അവരുടെ ചോദ്യങ്ങൾക്കൊന്നും അയാളിൽ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

” എന്തിനായിരുന്നു ദേവേട്ടാ ഈ വാശി പണത്തിനായിരുന്നോ ?? അത് കണ്ണനെയും അവന്റെ മൂന്ന് തലമുറയെയും ഇട്ട്മൂടാനുള്ളത് ഇവിടെയുണ്ടായിരുന്നില്ലേ ?

പിന്നിപ്പോ അതിലിരട്ടി അവൻ സമ്പാദിച്ചില്ലേ പിന്നെ അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാൻ പണമൊരു തടസ്സമായിരുന്നോ ?? ദേവേട്ടൻ ആഗ്രഹിച്ചതിലും മുകളിൽ കണ്ണനെത്തി.

നിങ്ങളെക്കാൾ മികച്ച ഒരു ബിസ്സിനെസുകാരനെ വാർത്തെടുക്കുന്നതിൽ നിങ്ങളിലെ ബിസ്സിനെസ്സുകാരൻ വിജയിച്ചു.

പക്ഷേ അന്ന് അവൻ ഹൃദയത്തിൽ സ്വീകരിച്ചവളെ അവനിൽ നിന്നടർത്തിയെടുത്ത നിമിഷം നിങ്ങളിലെ അച്ഛൻ തോറ്റുപോയി ദേവേട്ടാ. ”

സുമിത്രയുടെ വാക്കുകൾ മഹാദേവന്റെ നെഞ്ചിൽ ഇരുമ്പുകൂടം പോലെ ചെന്ന് പതിച്ചു. ഒരു തളർച്ചയോടെ അയാൾ സോഫയിലേക്കിരുന്നു.

മുറിയിലെത്തിയ സിദ്ധാർഥ് നേരെ ബെഡിലേക്ക് വീണു. കിടന്നകിടപ്പിൽ അവന്റെ കണ്ണുകൾ ചുവരിലേ വലിയ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് നീണ്ടു. ക്യാമ്പസിലേ വാകമരച്ചുവട്ടിൽ ചിതറിക്കിടക്കുന്ന ചുവന്ന പൂവുകൾക്കിടയിൽ നിറപുഞ്ചിരിയോടെ തന്നോട് ചേർന്നിരിക്കുന്ന അർച്ചനയുടെ ചിത്രം. അതിൽ തറഞ്ഞുനിന്ന ഈറനണിഞ്ഞ ആ കണ്ണുകൾ പതിയെ അടഞ്ഞു.

” നിന്നോളം ഞാനൊന്നിനെയും സ്നേഹിച്ചിട്ടില്ല അച്ചൂ… ”

പാതിയുറക്കത്തിലും അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

” ഉറങ്ങിയോ ദേവുട്ടീ ? ”

ഫോൺ ചെവിയിൽ ചേർത്ത് വച്ച് അർച്ചന ചോദിച്ചു. അവളുടെ വിരലുകൾ കുളി കഴിഞ്ഞ് പിന്നിൽ വിടർത്തിയിട്ട മുടിയിഴകൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

” ഇല്ല മോളെ നാളെ കൊടുക്കേണ്ട കുറച്ച് തുണികളുണ്ട് ഞാനത് തുന്നുവായിരുന്നു. ”

ചെറു ചിരിയോടെയുള്ള ശ്രീദേവിയുടെ മറുപടി കേട്ടു.

” വേഗം ചെയ്യാനുള്ളതെല്ലാം തീർത്തുവച്ചോ അടുത്ത മാസം ഞാൻ വരുമ്പോ കൂടിങ്ങ് പോരാനുള്ളതാ ”

അർച്ചന പറഞ്ഞു.

” എങ്ങോട്ട് ? ”

” ഹാ അത് കൊള്ളാം ഇങ്ങോട്ട് അല്ലാതെ വേറെങ്ങോട്ടാ ഇവിടെ നമുക്കൊരു ചെറിയ വീടെടുക്കാം ”

അർച്ചനയുടെ വാക്കുകൾ ശ്രീദേവി ചിരിയോടെ കേട്ടിരുന്നു.

” എന്താത്ര ചിരിക്കാൻ ഞാൻ കാര്യായിട്ടാ പറഞ്ഞത് ”

അവൾ കൃത്രിമ ഗൗരവത്തോടെ പറഞ്ഞു.

” അപ്പൊ അവിടത്തന്നങ്ങ് താമസമാക്കാനാണോ പരുപാടി ? ” ശ്രീദേവി.

” പിന്നെന്ത് വേണം ”

അവൾ ചോദിച്ചു.

” നമ്മുടെ നന്ദിനിയൊരു ആലോചനയുടെ കാര്യം പറഞ്ഞിരുന്നു. കേട്ടിട്ട് കൊള്ളാമെന്ന് തോന്നുന്നു. നിന്നെയാരുടെയെങ്കിലും കയ്യിലൊന്ന് പിടിച്ചേൽപ്പിച്ചിട്ട്‌ വേണം എനിക്കൊന്ന് സമാധാനത്തോടെ കണ്ണടക്കാൻ. ”

ശ്രീദേവി പറഞ്ഞു നിർത്തി.

” ഓഹ് ഈ അമ്മ തുടങ്ങി ഒരു കല്യാണവും കണ്ണടപ്പും. ഞാൻ വെക്കുവാ അല്ലേൽ അമ്മയിനി ഇതിന്റെ വാലിൽപ്പിടിച്ച് കരയാൻ തുടങ്ങും. ”

അർച്ചന പറഞ്ഞു. ശ്രീദേവിയും ഒന്ന് മൂളി. അവൾ ഫോൺ കട്ടാക്കിയിട്ട് പതിയെ ബെഡിലേക്ക് കയറിക്കിടന്നു. അപ്പോഴെല്ലാം സിദ്ധുവിന്റെ വാക്കുകൾ അവളുടെ തലച്ചോറിന് ചുറ്റും മൂളിപറന്നുകൊണ്ടിരുന്നു.

” നിന്നെ ഇന്നേലും ഒന്ന് ബോധത്തോടെ കാണാൻ കഴിയോ കണ്ണാ ?? ”

കാലത്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്ന സിദ്ധാർദ്ധിന്റെ പ്ലേറ്റിലേക്ക് കറിയൊഴിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.

” ഓംലെറ്റ്‌ ഇല്ലേ അമ്മേ ??? ”

പെട്ടന്ന് വിഷയം മാറ്റാനായി സിദ്ധാർഥ് ചോദിച്ചു.

” നീ വിഷയമൊന്നും മാറ്റണ്ട ഞാൻ പൊട്ടിയൊന്നുമല്ല . വർഷം രണ്ടുമൂന്നായില്ലേ ഞാനീ പല്ലവി തുടങ്ങിയിട്ട് ചിലപ്പോ ഇന്നെല്ലാം ശരിയായാലോ എന്ന പ്രതീക്ഷയിലാ ഓരോ ദിവസവും കാത്തിരിക്കുന്നത്. ”

വേദനയോടെയുള്ള അവരുടെ വാക്കുകൾ അവനിലും നൊമ്പരമുണർത്തി.

” എന്നാപ്പിന്നെ ഈ ഡയലോഗ് ഒന്ന് മാറ്റിപ്പിടിക്കെന്റമ്മേ ”

ചിരിയോടെ അവൻ പറഞ്ഞു.

” പോടാ തെമ്മാടി എന്നാലും നീ നന്നാവരുത് ”

പറഞ്ഞുകൊണ്ട് സുമിത്ര അവന്റെ പുറത്ത് കളിയായി തട്ടി. പെട്ടന്നാണ് മഹാദേവൻ അങ്ങോട്ട് വന്നത്.

” നീ മതിയാക്കിയോ ??? ”

അയാളെക്കണ്ടതും പ്ലേറ്റ് നീക്കി വച്ച് എണീറ്റ സിദ്ധാർദ്ധിനെ നോക്കി സുമിത്ര ചോദിച്ചു.

” മതിയമ്മേ… ”

പറഞ്ഞുകൊണ്ട് കാറിന്റെ കീയുമെടുത്ത് അവൻ വേഗം പുറത്തേക്ക് നടന്നു. അത് നോക്കി നിന്ന മഹാദേവന്റെ മുഖത്ത് വേദന പ്രകടമായിരുന്നു. അയാളുടെ മുഖത്തെ നിസ്സഹായത കണ്ട് സുമിത്ര സഹതാപത്തോടെ ആ കണ്ണുകളിലേക്ക് നോക്കി.

” എന്നെ കാണുന്നത് പോലും അവനിപ്പോ വെറുപ്പാണല്ലേ സുമീ ? ഞാനിപ്പോ ഇങ്ങോട്ട് വരാതിരുന്നെങ്കിൽ അവൻ ഭക്ഷണമെങ്കിലും മര്യാദക്ക് കഴിച്ചേനെ ”
ആ വാക്കുകൾ സുമിത്രയുടെ ഉള്ള് പൊള്ളിച്ചു.

” സാരമില്ല ദേവേട്ടാ ഞാനവനെ പറഞ്ഞു മനസ്സിലാക്കാം. നമ്മുടെ മോനല്ലേ ? ”

അയാളെ ആശ്വസിപ്പിക്കാനായി അവർ പറഞ്ഞു.

” വേണ്ട സുമീ എനിക്ക് വേണ്ടി സംസാരിച്ച് നീയും അവന്റെ ശത്രുവാകേണ്ട. എന്റെ സ്ഥാനം ഞാൻ തന്നെ കളഞ്ഞതല്ലേ അതിലെനിക്ക് അവനോട് ഒരു ദേഷ്യവുമില്ല.

സത്യത്തിൽ ആ കുട്ടിയെ അവനിത്ര സ്നേഹിച്ചിരുന്നു എന്നെനിക്കറിയില്ലായിരുന്നു സുമി.

ഞാൻ നിസ്സാരമായിക്കണ്ട ആ സംഭവം അവനെയിത്രയും തകർത്തുകളയുമെന്നും ഞാനന്ന് കരുതിയില്ല. ”

മഹാദേവന്റെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നിരുന്നു.

” എല്ലാം ശരിയാകും ദേവേട്ടാ ”

അയാളുടെ ചുമലിൽ കൈ വച്ചുകൊണ്ട് സുമിത്ര പറഞ്ഞു.

” എല്ലാം ശരിയാവണമെങ്കിൽ ഇനിയൊരു വഴിയെ ഉള്ളു സുമീ. ”

എന്തോ തീരുമാനിച്ചുറച്ചത് പോലെ മഹാദേവൻ പറഞ്ഞു.

( തുടരും… )

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4

മഴപോലെ : ഭാഗം 5

മഴപോലെ : ഭാഗം 6