💔 മൊഴിയിടറാതെ 💔 : ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരി: തമസാ


പുഴയുടെ ഇരുവശങ്ങളിലും കുതിച്ചു, തട്ടിപ്പാഞ്ഞുകൊണ്ടിരുന്നു പെരിയാറ്……. സമയം ഇരുട്ടിത്തുടങ്ങി……

കുറച്ചു മുന്നേ പെയ്ത മഴ കാരണം, കഞ്ഞിവെള്ളത്തിന്റെ നിറമാണ് പുഴവെള്ളത്തിന്… നല്ല തണുപ്പും……. നീരിറങ്ങും…. അല്ലേൽ തന്നെ നന്ദ മോള് ഉണ്ടായതിൽ പിന്നെ നടുവേദന ഇല്ലാത്ത ദിവസം ഓർമകളിൽ പോലുമില്ല…..

കുളി കഴിഞ്ഞിട്ട്, ഊരിപ്പിഴിഞ്ഞു കല്ലിലേക്ക് വെച്ചിരുന്ന തുണികൾ വേഗം വേഗം ബക്കറ്റിലേക്ക് പെറുക്കി പെറുക്കി ഇടുന്നതിനിടയിൽ ഗീതുവിന്റെ കണ്ണ് മുകളിലേക്ക് പോയി….

കുഞ്ഞുനന്ദമോളേ പാറക്കുഴിയിൽ കിടത്തിയിട്ടാ അലക്കിക്കുളിച്ചത്… വീട്ടിൽ ഉറക്കികിടത്തിയിട്ട് പോരാൻ ഭയാ….. കാലം നന്നല്ല…. ആരും നോക്കാനും ഇല്ല…. അമ്മ വയ്യാതെ കിടപ്പാ…. ആകെ ഉണ്ടായിരുന്ന ഏട്ടനും പോയി…..

. ആരുമില്ല നന്ദൂട്ടിയേ വിശ്വസിച്ചേൽപ്പിച്ചു പോരാൻ….. അതാണ്‌ ഈ തണുപ്പത്തേക്ക് കുഞ്ഞിനേം കൂട്ടി വന്നത്…… ഒരു വയസ്സായിട്ടേ ഉള്ളു……..

നൈറ്റി അടിപ്പാവാടയിലേക്ക് ഒന്നൂടെ പൊക്കിക്കുത്തി, കാലൊന്ന് കൂടി വെള്ളത്തിൽ മുക്കി ബക്കറ്റുമായി ഗീതു മുകളിലോട്ട് കേറി……

വെടി പൊട്ടിച്ച കുഴികളുള്ള പാറയിൽ, പാളയിൽ കിടക്കുന്ന പോലെ കിടപ്പാണ് നന്ദൂട്ടി…. ബക്കറ്റ് നിലത്തു വെച്ചിട്ട്, നന്ദൂട്ടിയെ പൊക്കി എടുത്ത് തോളിലിട്ടു…..

തണുപ്പേറ്റിട്ടാ… ചെറുതായി ഞരങ്ങിക്കൊണ്ട് കുഞ്ഞ് അവളുടെ കഴുത്തിലേക്കൊട്ടി……അലക്കിയ തുണിയാ ഇട്ടത്….. നാളെ ഒരു തുണി കുറവ് അലക്കിയാൽ മതിയല്ലോ…. പോരാത്തതിന് സമയവും ഇല്ല….

പുതപ്പിച്ചിരുന്ന തുണികൊണ്ട് കുഞ്ഞിനെ അവളൊന്നുംകൂടി പൊതിഞ്ഞു….

ഒരു കൈകൊണ്ടു കുഞ്ഞിനെ താങ്ങി, മറു കൈ കൊണ്ട് കിടത്തിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് മടക്കി തുണികളുടെ മേലേക്ക് നീളത്തിൽ വെച്ചിട്ട് ബക്കറ്റ് എടുത്തു……

ചുറ്റും റബ്ബറിന്റെ ഇരുട്ട് കൂടി ആയപ്പോൾ, മുന്നോട്ട് പോകുന്തോറും ചങ്ക് കിടുങ്ങുന്നുണ്ടായിരുന്നു …..

“അയ്യപ്പസ്വാമീ…. കാത്തോണേ…..”

ഒരു നിമിഷം മനസ്സിൽ അവൾ ജപിച്ചു…..

പെട്ടെന്നായിരുന്നു ചങ്ങല ഇട്ട കലുങ്കിന്റെ അവിടെ നിന്ന് ആരോ ഓടി മാറുന്നത് പോലെ തോന്നിയത്….. പേടിച്ചിട്ട് കയ്യും കാലും വിറച്ചിട്ട് വയ്യാതായി…. മെയ്യ് തളരുന്ന പോലെ….

മോള് എണീക്കാറായി എന്ന് ചുണ്ടുകൾ ചപ്പുന്ന ഒച്ച കേട്ടതേ മനസിലായി….. പിന്നെ പാല് കിട്ടിയില്ലേൽ ബഹളമായിരിക്കും……

മോള് കിടക്കുന്ന ഇടത്തേ വശത്തെ കയ്യിലേക്ക് തന്നെ ബക്കറ്റ് മാറ്റി, ഇങ്ങേ കൈ കൊണ്ട് നന്ദൂട്ടിയുടെ പുറത്ത് മെല്ലെ തട്ടിക്കൊടുത്തുകൊണ്ട് ഗീതു ചുറ്റും നോക്കി …….

നനഞ്ഞ തുണിയുടെ ഭാരവും മോളും കാരണം മുന്നോട്ട് നടക്കാൻ അവൾ നന്നേ പാട് പെട്ടു…. ബക്കറ്റ് അവളുടെ വെള്ളം ഇറ്റിറ്റു വീഴുന്ന തുണികൾക്ക് മീതെ തുടയിൽ ഉരഞ്ഞു കൊണ്ടിരുന്നു …… തോളിലെ നനവ് തട്ടിയിട്ട് ആവും മോളും കരച്ചിലിന് തുടക്കമിട്ടു…… അപ്പോഴും കുറച്ചു മാറി ആളനക്കം പോലെ ഗീതുവിന്‌ തോന്നി…. അത് തന്റെ അടുത്തേക്ക് വരുന്ന പോലെ…

പ്ലീസ്……അടുത്ത്….. അടുത്തേക്ക് വരരുത്…. എന്നെ ഒന്നും ചെയ്യരുത്…….

ഒരു പത്തൊൻപതുകാരിയുടെ വിങ്ങി വിങ്ങി ഉള്ള പറച്ചിൽ കേട്ട് അവളുടെ അടുത്തേക്ക് വരാൻ തുടങ്ങിയ അയാൾ അവിടെ തന്നെ നിന്ന് പോയി….. മുഖം വ്യക്തമല്ലേലും അവളും കണ്ടിരുന്നു, അയാൾ നില്കുന്നത്…..

ബക്കറ്റ് നിലത്തിട്ടിട്ട്, കുഞ്ഞിനേയും ചേർത്ത് പിടിച്ചവൾ മുന്നോട്ട് ഓടി…. തുണിയിൽ നിന്ന് വീണ തുള്ളികൾ ലൂണാറിന്റെ ചെരുപ്പിനെ നനച്ചു കൊണ്ട് അവളുടെ ഓട്ടത്തിന് ശബ്ദം കൊടുത്തു…..

ഒരു വട്ടം തിരിഞ്ഞു നോക്കാൻ അവൾക്ക് പേടിയായിരുന്നു…. തളർന്നു കിടക്കുന്ന അമ്മ, വൈകുന്നേരം ആകുമ്പോഴേക്കും കിടക്കുന്ന തുണിയിലെല്ലാം അപ്പി ഇട്ട് മൂത്രത്തിൽ മുങ്ങി ചീച്ചു കിടക്കുകയാവും…

ഒരു രാത്രി കൂടി മാറ്റി വെച്ചാൽ പിന്നെ നാറിയിട്ട് അലക്കാൻ പറ്റില്ല… അതാണ്‌ സന്ധ്യയ്ക്ക് ആണേലും കൊണ്ട് പോയി അലക്കുന്നത്… ഇന്ന് വൈകി…. ഒത്തിരി തുണിയും ഉണ്ടായിരുന്നു…. മഴക്കാലം കൂടി ആയപ്പോൾ മോള് മുള്ളിക്കൂട്ടുന്ന തുണികൾ തന്നെ ഉണ്ട് ഒരുപാട്…..

ഗീതു തെന്നിക്കൊണ്ട് കുഞ്ഞിനെ അടക്കിപിടിച്ചു കൊണ്ട് ഓടുന്നതയാൾ നോക്കി നിന്നു… കൺവെട്ടത്ത് നിന്നവൾ മറഞ്ഞപ്പോൾ, നിലത്തു മറിഞ്ഞു കിടക്കുന്ന ബക്കറ്റു നേരെയാക്കി മണ്ണായ തുണികളും വാരിയിട്ട് അയാൾ പുഴയിലേക്ക് നടന്നു…

പുഴയിലേക്ക് ഇറങ്ങി നിന്ന് ഓരോ തുണികളായി, വീണ്ടും അലമ്പിപിഴിഞ്ഞവൻ കല്ലിലേക്ക് വെച്ചു…..

നന്ദു മോളുടെ കുഞ്ഞുടുപ്പ് കയ്യിലെടുത്തപ്പോൾ കണ്ണ് നിറഞ്ഞു…..ചുരുട്ടി പിടിച്ചു കൊണ്ട് അതിലേക്ക് നോക്കുന്തോറും സങ്കടം വന്നു …..

💟

വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോഴേക്കും മോളുടെ കരച്ചിൽ ഉച്ചസ്ഥായിയിൽ ആയിരുന്നു….. ഉറക്കം ഞെട്ടി എണീറ്റത് കൊണ്ടാവാം ഏങ്ങലടിച്ചുള്ള കരച്ചിലാണ്…..

ചെന്ന വഴി വാതിലടച്ചു മോളേ കട്ടിലിലേക്ക് കിടത്തി, ഇട്ടിരുന്ന നനഞ്ഞ നൈറ്റിയും തലയിലെ തോർത്തും ഊരി ഒരു മൂലയിലേക്ക് ഇട്ടിട്ട്, ഉണങ്ങിയ ഒരു നൈറ്റി എടുത്തിട്ടു… മുടി ചുരുട്ടിക്കെട്ടി വേഗം കിടക്കയിലേക്ക് കുഞ്ഞിനൊപ്പം കിടന്നു…..

അപ്പോഴേക്കും മോള് തിരിഞ്ഞു വന്നു മാറിലേക്ക് പരതി….. ഉം .. ഉം…. എന്ന് മൂളിക്കൊണ്ട് നന്ദൂട്ടി പാല് നുണഞ്ഞിറക്കുമ്പോഴും ഗീതുവിന്റെ ഉടലിന്റെ വിറ മാറിയിട്ടുണ്ടായിരുന്നില്ല…. തലയിണയിലേക്ക് കണ്ണുനീർ പ്രവഹിച്ചു കൊണ്ടിരുന്നു….
തണുപ്പ് പിടിച്ച കൈ കൊണ്ട് ഒന്നൂടി നന്ദു മോളെ നെഞ്ചോട് ചേർത്ത് പിടിച്ചു………

നീ വലിച്ചു കുടിക്കുന്ന മുലപ്പാലിൽ എന്റെ കണ്ണുനീരിന്റെ ഉപ്പുരസമുണ്ട് നന്ദൂട്ടീ……

മോളുടെ ചുരുണ്ട മുടിയിഴകളിലൂടെ തഴുകുമ്പോൾ അവളുടെ മനസ് നൊന്ത് പറഞ്ഞു ….

അപ്പുറത്തെ മുറിയിൽ അമ്മ കിടപ്പുണ്ട് ……നിർത്താതെ ഉള്ള മൂളിച്ച കേൾക്കാം…. അതും കൂടി നിലച്ചാൽ……. ആരൂല്ല തനിക്ക്… ദൈവം പോലുമില്ല……… ഉണ്ടായിരുന്നേൽ എന്റെ കണ്ണുനീർ കാണാതെ പോകുവായിരുന്നോ…… ചിലപ്പോൾ ദൈവം കണ്ണുപൊട്ടനാവും……. എന്റെ നോവ് മാത്രം കണ്ണിൽ പിടിക്കില്ലാത്ത കണ്ണ് പൊട്ടൻ………

ഗിരിയും ഗീതുവും കുഞ്ഞായിരിക്കുമ്പോൾ അവരുടെ അച്ഛൻ മരിച്ചതാണ്…. പിന്നെ അടുത്തുള്ള മാളികയിൽ ചട്ടീം കലവും ഒക്കെ തേച്ചാണ് രണ്ടു മക്കളെയും അവർ വളർത്തിയത്…… ഗിരി, അനന്തനാഗ പൈയ്യുടെ തടി മില്ലിൽ പണിക്ക് കേറിയപ്പോൾ അവരുടെ വീട്ടിലെ അല്ലലൊക്കെ കുറഞ്ഞു തുടങ്ങി …….നാളുകൾ കഴിയും തോറും ഗിരി കൊണ്ട് വരുന്ന നോട്ടുകെട്ടിന്റെ എണ്ണം കൂടി…… ഗീതുവും അമ്മയും പലവട്ടം ചോദിച്ചെങ്കിലും, പൈ ഉൾപ്പെടെ അവന്റെ കൂടെ ഉള്ളവരൊക്കെ പറഞ്ഞു, അവകാശപ്പെട്ട പൈസയാ….. പേടിക്കേണ്ടെന്ന്……..

കുറേ കഴിഞ്ഞ്, ഗീതു പ്ലസ് ടു കഴിഞ്ഞു നിൽകുന്ന സമയത്താണ് ഗിരിയുടെ കൊലപാതകം……. അനന്തനാഗ പൈയ്യും സഹോദരനും കീരിയും പാമ്പും പോലെ ആണ്….

രണ്ട് കൂട്ടർക്കും സ്മഗ്ലിങ് ഉണ്ടായിരുന്നു…. പക്ഷേ എപ്പോഴും മേൽക്കൈ അനന്തനാഗ പൈയ്ക്ക് ആയിരുന്നു…..

കാരണം എന്താണെന്ന് വെച്ചാൽ, തന്റെ കൂടെ നിൽക്കുന്ന വിശ്വസ്തന്മാരുടെ തലച്ചോറ് ഉപയോഗിച്ച്, ശേഷാദ്രി പൈയ്യുടെ നീക്കങ്ങളെ മുൻകൂട്ടി അറിഞ്ഞിട്ട് ഒറ്റിക്കൊടുക്കും…..ഗിരി ആയിരുന്നു പലപ്പോഴും ഒറ്റികൊടുക്കുന്നത്……

അന്നും ഒറ്റിക്കൊടുത്ത്, രണ്ടരക്കോടി രൂപയാണ് ശേഷാദ്രിക്ക് ഗിരി നഷ്ടം ഉണ്ടാക്കികൊടുത്തത്…… അതിന്റെ വാശിയിലാണ്, പിറ്റേന്ന് രാത്രി സ്വന്തം വീട്ടിലേക്ക് കേറി വന്നു ഗിരിയെ അയാളുടെ ആളുകൾ വെട്ടി നുറുക്കിയത്……

തടുക്കാൻ ചെന്ന അമ്മയ്ക്കും ഉന്തിലും തള്ളിലും ചതവും പൊട്ടലും ഉണ്ടായി……

പക്ഷേ…………

പക്ഷേ അതിലും കഷ്ടമായിരുന്നു ഗീതുവിന്റെ കാര്യം….

അകത്തേക്ക് കേറി വന്ന വഴി, ആ ഗുണ്ടകൾ കണ്ണിൽ കണ്ട ബൾബെല്ലാം അടിച്ചു പൊട്ടിച്ചിരുന്നു…. അടുത്തൊന്നും ജനപ്പാർപ്പ് ഇല്ലാത്തത് അവർക്ക് സൗകര്യമായിരുന്നു…….

ആദ്യം മുറ്റത്തേക്ക് ഇറങ്ങി വന്ന ഗിരിയുടെ ഇടം കാലിൽ തന്നെ ആദ്യത്തെ വെട്ട് കിട്ടി…..

” ആാാാഹ്………………………….. ”

ഗിരിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടാണ് അമ്മയും ഗീതുവും പുറത്തേക്ക് വന്നത്……….

നീ അയാൾക്ക് ഉണ്ടാക്കി കൊടുത്ത ലാഭമാണോ, അതോ നിനക്ക് ഉണ്ടാകാൻ പോകുന്ന നഷ്ടങ്ങളാണോ വലുത് എന്ന് ഇവിടെ കിടന്നു നീ കണക്ക് കൂട്ടിക്കോ………

വിറളി പിടിച്ചു കൊണ്ട് കൂട്ടത്തിലൊരുത്തൻ അത് പറയുമ്പോഴും ഇനി എന്ത് എന്ന് അവർക്ക് മൂന്നിനും മനസിലായില്ല……

ഗീതുവിനെ വലിച്ചടുപ്പിക്കുന്ന മുഖം അപ്പോഴും അവൾക്ക് അപരിചിതമായിരുന്നു….. വിടാൻ പറഞ്ഞുകൊണ്ട് അവൾ കുതറുമ്പോൾ, ഗിരി പുറകിൽ കെഞ്ചുന്നുണ്ടായിരുന്നു പെങ്ങളെ ഒന്നും ചെയ്യല്ലേ എന്ന്….. പക്ഷേ കൂട്ടത്തിൽ ഒരുത്തൻ പിടിക്കപ്പെട്ടതിന്റെ വാശി ആയിരുന്നു അവർക്ക്……

രണ്ടാമത്തെ കാലിലും വെട്ട് കിട്ടി ഗിരി പുളയുമ്പോൾ ആരുടെ നേർക്ക് ആണ് ആദ്യം ഓടേണ്ടതെന്നറിയാതെ ദിക്ക് മുട്ടി ഓടി നടന്നു വട്ടം കറങ്ങിയ ആ അമ്മയെ അവരിലൊരാൾ ഭിത്തിയിലേക്ക് ആഞ്ഞു തള്ളി…… ബോധം കെട്ട്, ചോര ഒലിക്കുന്ന മുഖത്തോടെ അവർ നിലത്തേക്ക് വീണു…..

പാതി മറഞ്ഞു തുടങ്ങിയ ബോധത്തോടെ കിടക്കുമ്പോഴും ഗിരി കാണുന്നുണ്ടായിരുന്നു, തന്റെ പെങ്ങളൂട്ടിയെ പലരും മാറി മാറി ഭോഗിക്കുന്നത്…… ഗീതുവിന്റെ കരച്ചിൽ ആർത്തു പെയ്തിറങ്ങിയിട്ടും ആരും വന്നില്ല…… മനഃപൂർവം ആയിരുന്നുവോ….. എന്തോ…….അവൾ ഒറ്റയ്ക്കായിരുന്നു……….

കഴിഞ്ഞവർ ഓരോരുത്തരായി പടിയിറങ്ങി……

അവസാനത്തെ ശരീരത്തിന്റെയും ബലം താങ്ങി ചതഞ്ഞരഞ്ഞു കിടക്കുമ്പോൾ, കിതയ്ക്കുന്ന ശ്വാസം മാത്രമേ അവളിൽ അവശേഷിച്ചിരുന്നുള്ളു….. അതും, അവൾക്ക് കിട്ടിയ ശാപമായിരുന്നു……..

ഒടുവിൽ അയാളും അവളിൽ നിന്ന് പിൻവാങ്ങി…..ഓരോരുത്തരുടെയും ഇഷ്ടത്തിന് ഉഴുതു മറിച്ചൊരു പാടം പോലെ അവൾ ഞരങ്ങിക്കിടന്നു…..

അടി വസ്ത്രങ്ങൾ പോലുമില്ലാത്ത ശരീരത്തിൽ, പല്ലിന്റെ പാടുകൾ വ്യത്യസ്ത വലിപ്പത്തിൽ കല്ലിച്ച ചോരമേലെ ഇരുന്ന് ഇളിച്ചു കാട്ടി…. മുഖത്തെ മുഖക്കുരുക്കളെ പോലും പൊട്ടിച്ച ചോര പുറത്തേക്കെടുത്തു……. മെല്ലിച്ച തുടയെല്ലുകൾ ഉയർത്താൻ പറ്റാത്തത് പോലെ കോച്ചിപ്പിടിച്ചു…….. അപ്പോഴും ആ കാലുകൾക്ക് നടുവിൽ ചുവപ്പ് പടരുന്നുണ്ടായിരുന്നു……..

തടിച്ച കൺപോളകൾക്കിടയിലൂടെ തനിക്കരുകിൽ നിന്ന് എണീറ്റ് മാറി അരയ്ക്ക് ചുറ്റും കാവി മുണ്ട് പുതയ്ക്കുന്ന അയാളുടെ നിഴലവൾ കണ്ടിരുന്നു………

കൈ അനക്കി, അയാളുടെ കൈക്ക് മേലെ അവൾ വിരലുകൾ വെച്ചു….. അവളുടെ ചുണ്ടുകൾ അനങ്ങുന്നത് അയാൾ കണ്ടിരുന്നു…… തല താഴ്ത്തി അവൾക്ക് അടുത്തേയ്ക്ക് അയാൾ നീങ്ങി……

” പുതപ്പ്…………. ”

പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞത് അയാൾ കേട്ടു….. അകത്തെ മുറിയിലേക്ക് കേറി, വലിയൊരു പുതപ്പെടുത്തു കൊണ്ട് വന്ന്, അയാളവളെ പൊതിഞ്ഞു … മാറിന് മേലെ മുലക്കച്ച പോലെ അത് ഉടുപ്പിച്ചിട്ട് അയാൾ എഴുന്നേറ്റു…..

പുറത്തേക്കിറങ്ങുന്നതിന് മുന്നേ, ഗിരിയുടെ ഏങ്ങലുകൾക്ക് മേലെ അയാൾ കത്തി കുത്തിയിറക്കി….. ആ ശ്വാസവും പൊലിയുന്നത് കണ്ടിട്ട് തിരിഞ്ഞു നോക്കാതെ ജീപ്പിനടുത്തേക്ക് അയാൾ നടന്നു….

(“തുടരും)

-

-

-

-

-