Thursday, December 19, 2024
Novel

ഒറ്റയാൻ : ഭാഗം 3

എഴുത്തുകാരി: വാസുകി വസു


എനിക്ക് പിന്നെയും ഒരുപാട് വിവരങ്ങൾ ചോദിച്ചറിഞ്ഞാൽ കൊളളാമെന്നുണ്ട്.മൊരടന്റെ നിൽപ്പും ഭാവവും കണ്ടതോടെ എനിക്ക് മതിയായി..

“ദൈവമേ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ.ഹും”

ഫസ്റ്റ് പാർട്ട് ലിങ്ക് താഴെ ചേർത്തിരിക്കുന്നു

ഞാൻ മുഖം വീർപ്പിച്ചു അയാളുടെ മുഖത്തേക്ക് നോക്കി… എന്തൊക്കെ ആയാലും എന്റെ മാനം രക്ഷിച്ചവനാണ് ശരിക്കും ആരാധന തോന്നി.

“എന്താടീ നിന്റെ പേര്”

എടീ എന്ന വിളി എനിക്കിഷ്ടമായി.തന്റേടമുളള ആണൊരുത്തനാണ് ഒറ്റയാൻ..

“വസു…വസുമതി”

“അത് കുറച്ചു പഴഞ്ചൻ പേരാണല്ലോ”

“എനിക്ക് പഴഞ്ചനാ ഇഷ്ടം”

ആദ്യത്തെ എന്റെ പേടി മാറി.ആൾ കണ്ടിട്ട് വല്യ പ്രശ്നക്കാരനാണെന്ന് തോന്നുന്നില്ല. എങ്കിലും ഭദ്രനും ഒറ്റയാനും തമ്മിലുള്ള സഘട്ടനത്തിനു കാരണം എന്തായിരിക്കും..

“ആം പതിയെ ചോദിച്ചു മനസ്സിലാക്കാം”

“ചേട്ടാ എന്നെ വീട്ടിൽ വരെയൊന്നു കൊണ്ട് വിടാമോ”. മടിച്ചാണ് ചോദിച്ചത്

” എന്നോട് ചോദിച്ചിട്ട് അല്ലല്ലോ നീയിങ്ങോട്ട് വന്നത് തനിയെ പോയാൽ മതി ”

“ഹും തനി കാട്ടാളൻ” ഞാൻ പിറുപിറുത്തു…

“നീയെന്തെങ്കിലും പറഞ്ഞോ” ഒറ്റയാൻ രൂക്ഷമായി നോക്കി..

“അത് ചേട്ടാ അവരിനിയും വരുമോന്നൊരു പേടി”

“മം.ശരി”

ഒറ്റയാൻ യമഹ സ്റ്റാർട്ട് ചെയ്തു എന്റെ അടുത്ത് വന്നു…

“പിന്നിൽ കയറിക്കോ”

എന്നെ അപമാനിക്കുന്നത് കണ്ടു രസിച്ചവർക്ക് മുന്നിലൂടെ ഞാൻ ഒറ്റയാന്റെ ബൈക്കിൽ കയറി. അയാളെ മുട്ടാതെ കുറച്ചു അകലമിട്ടാണ് ഞാൻ ഇരുന്നത്.അടുത്ത വഴക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണ്….

“എങ്ങോട്ടാ പോകേണ്ടത്”

ഒറ്റയാൻ എനിക്ക് നേരെ തിരിഞ്ഞു…

“മുന്നോട്ട്.എന്റെ വീട്ടിലേക്ക്”

“ടീ നിന്റെ വീട്ടിലേക്കുള്ള വഴി പറയെടീ”

ഒറ്റയാന്റെ ശബ്ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ ഞാൻ വഴി വ്യക്തമായി പറഞ്ഞു കൊടുത്തു. വീടിന്റെ മുറ്റത്ത് ബൈക്ക് വന്ന് നിന്നു.

യമഹക്ക് നല്ല സൗണ്ടായതിനാൽ എന്റെ വീട്ടിൽ ബൈക്കിൽ വന്നത് ആരെന്നറിയാൻ അയൽപ്പക്കത്ത് തലകൾ പൊങ്ങി തുടങ്ങി. അമ്മയും മുറ്റത്തേക്ക് വന്നു….

“വാ വീട്ടിൽ കയറിയട്ട് പോകാം. അമ്മയെ പരിചയപ്പെടാം”

“ഞാൻ നിന്റെ ക്ഷണം സ്വീകരിക്കാനൊന്നും വന്നതല്ല”

വീട്ടിലേക്ക് വിളിച്ചതിനു ഒറ്റയാൻ എന്നോട് ചൂടായി.അയാൾ ദേഷ്യപ്പെട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.ബൈക്ക് അകന്നു പോകുന്നതും നോക്കി ഞാൻ ആരാധനയോടെ നിന്നു…..

ഞാൻ തിരിഞ്ഞ് അയൽക്കാരെ നോക്കി.അവരെല്ലാം ഇപ്പോഴും ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയാണ്…

“കാഴ്ച കാണാനായി ഇവിടെ വിശേഷമൊന്നും നടക്കുന്നില്ല.ഉണ്ടാകുമ്പോൾ എല്ലാവരെയും അറിയിക്കാം”

ദേഷ്യത്തോടെ പറഞ്ഞതും എല്ലാം തല പിൻ വലിച്ചു…

ഞങ്ങളുടെ വീട്ടിൽ ആരൊക്കെ വരുന്നു പോകുന്നു എന്ന് ചെക്ക് ചെയ്യലാ ഇവന്റെയൊക്കെ പണി.അവരുടെയൊക്കെ പെണ്ണുങ്ങൾ എന്തിനു പോയാലും പ്രശ്നമില്ല. ഇങ്ങനെയും കുറച്ചു തെണ്ടികൾ….

ഞാൻ പഞ്ചസാരയും തേയിലയും അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് കയറി. അമ്മയും എന്റെ പിന്നാലെ വന്നു…

“ആരാടീ അവൻ”. അമ്മയുടെ ചോദ്യം ചെയ്യൽ..

മനപ്പൂർവം ഞാനൊന്നും മിണ്ടിയില്ല.അതുകൊണ്ട് ആയിരിക്കും അമ്മ വീണ്ടും ചോദിച്ചത്.

” ആരാടീ അവനെന്ന്”

“ഏതവൻ..” ഞാൻ പുരികം മുകളിലേക്ക് ചുളിച്ചു….

“നിന്നെ ബൈക്കിൽ കൊണ്ടു വന്നവൻ”

“അയാൾ ആരായാലെന്താ അമ്മക്ക് നഷ്ടമൊന്നും ഇല്ലല്ലോ”

അങ്ങനെയൊരു മറുപടി അമ്മ എന്നിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖത്തെ ഞെട്ടലിൽ നിന്ന് അറിയാൻ കഴിഞ്ഞു…

“നീ പ്രായം തികഞ്ഞ പെണ്ണാണ്. അതെപ്പോഴും ഓർമ്മ വേണം”

അമ്മയുടെ അടിക്കടിയുളള ഉപദേശമാണ്.എനിക്ക് കലി കയറി

“ആരായാലും ഭദ്രനെപ്പോലെയാകില്ല.അയാൾക്ക് അമ്മയേയും പെങ്ങളെയും തിരിച്ചറിയാം”

മുഖം വീർപ്പിച്ചു ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു.അമ്മയോട് വഴക്കിട്ടാലോ ദേഷ്യപ്പെട്ടാലൊ സങ്കടം വന്നാലോ ഞാൻ മുറിയിൽ കയറി കതകടക്കും.അമ്മ വന്ന് വിളിച്ചാലും തുറക്കില്ല.കുറച്ചെങ്കിലും സമാധാനം ലഭിക്കുമല്ലോ…

അമ്മ പാവമാണ്. ജീവിതസാഹചര്യം ഇങ്ങനെ ആക്കിയത്.അച്ഛന്റെ കൂടെ ഇറങ്ങി വന്നതിനാൽ ഇരു വീട്ടുകാരും അകന്നു.കൂലിപ്പണിയും അടുക്കളപ്പണിയും എടുത്തു എന്നെ വളർത്തി.അതിനിടയിൽ എപ്പോഴോ ഭദ്രൻ വീട്ടിൽ വന്നു കയറി..

അമ്മ സുന്ദരിയായിരുന്നു.ആരു കണ്ടാലും ഒന്ന് നോക്കിപ്പോകും.അന്യനാട്ടിൽ നിന്ന് വന്ന ഭദ്രൻ ആദ്യം ഭക്ഷണം ചോദിച്ചാണു വീട്ടിൽ വന്നത്.അങ്ങനെ അൾ വീട്ടിൽ സ്ഥിര താമസമാക്കി….

അനിയന്റെ സ്ഥാനമാണ് അമ്മ ഭദ്രനു നൽകിയത്.വീടിന്റെ തിണ്ണക്കാണു അയാൾ കിടന്ന് ഉറങ്ങിയത്…

ഒരുദിവസം കനത്ത മഴയിൽ തിണ്ണയെല്ലാം നനഞ്ഞപ്പോൾ അമ്മ ഭദ്രനെ വിളിച്ചു ഒഴിഞ്ഞു കിടക്കുന്ന മുറി കൊടുത്തു. മാന്യമായ പെരുമാറ്റവുമായി അമ്മയുടെ വിശ്വാസം നേടിയെടുത്തു…

ഒരിക്കൽ ഞാൻ സ്കൂളുകൾ പോയ സമയത്ത് ഭദ്രൻ അമ്മയെ ബലമായി കീഴടക്കി.അതൊരു തുടക്കം മാത്രമായിരുന്നു. അമ്മ അയാൾക്ക് കീഴ്പ്പെട്ടു…

പതിയെ അയാൾ വീട്ടിൽ അധികാരം സ്ഥാപിച്ചു. അമ്മയെ പണിക്ക് വിടാതെ ഭദ്രൻ വീട്ടിൽ ചിലവിനു നൽകി തുടങ്ങി…

അയാൾ എന്നെ കണ്ടിട്ടാണു ഞങ്ങൾക്ക് ചിലവിനു തരാൻ തുടങ്ങിയതെന്ന് വൈകിയാണ് മനസിലായത്.അപ്പോഴേക്കും ഭദ്രന്റെ പൂർണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞു ഞാനും അമ്മയും…

പലപ്പോഴും അയാളെ വീട്ടിൽ കയറ്റുന്നതിനു ഞാൻ എതിർത്തെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

അയാളുടെ കൊതിയോടെയുളള നോട്ടം എനിക്ക് ശരിക്കും വെറുപ്പായിരുന്നു…അയാളിൽ നിന്ന് രക്ഷപ്പെടാൻ എത്ര ദിവസങ്ങൾ ഒളിച്ചിരുന്നു…

കല്യാണം നടത്താൻ ഭദ്രൻ തീരുമാനം എടുത്തതോടെ ഞാൻ ശരിക്കും പെട്ടു.എന്നെങ്കിലും അയാളെ ആരെങ്കിലും തോൽപ്പിക്കാൻ എത്തുമെന്നു ഞാൻ സ്വപ്നം കണ്ടിരുന്നു. പ്രാർത്ഥിക്കുകയും ചെയ്തിരുന്നു…

പറയാൻ മറന്നു.ഞാൻ ഡിഗ്രി ഫസ്റ്റിയർ ആണ്. കൂടെ നൃത്തവും പഠിക്കുന്നു.എന്നെ പഠിക്കാൻ വിടാൻ ഭദ്രനു താല്പര്യം ഇല്ല. അമ്മയാണു എന്റെ കരച്ചിലു കണ്ടു വിട്ടത്…

പട്ടണത്തിലെ കോളേജിലാണു പോകുന്നത്. ഇപ്പോൾ വെക്കേഷൻ സമയം ആയതുകൊണ്ട് നൃത്ത ക്ലാസിൽ മാത്രം പോകുന്നു….

വയറ് വിശക്കാൻ തുടങ്ങി. ഞാൻ മുറിയിൽ നിന്ന് അടുക്കളയിൽ ചെന്നു.അവിടുത്തെ കാഴ്ച കണ്ട് ഞാൻ ഞെട്ടി.അമ്മ നിലത്ത് വീണു കിടക്കുന്നു. മൂക്കിൽ കൂടി ബ്ലഡ് വരുന്നുണ്ട്..

വിളിച്ചിട്ടും അമ്മ ഉണരാത്തതിനാൽ ഞാൻ പുറത്തേക്കോടി.അയൽക്കാരെ വിളിച്ചാലും വരില്ല.എന്നിട്ടും വിളിച്ചു നോക്കി ആരും ഞങ്ങളുടെ രക്ഷക്ക് എത്തിയില്ല….

പെട്ടെന്ന് എനിക്ക് ഒറ്റയാന്റെ മുഖം ഓർമ്മ വന്നു കരഞ്ഞു കൂവി ഞാൻ കവലയിലേക്കോടി.

അവിടെ എവിടെയെങ്കിലും അയാളെ കാണുമെന്ന് കരുതിയെങ്കിലും എന്റെ പ്രതീക്ഷകൾ തെറ്റി.

ജോസേട്ടനോട് ചോദിച്ചിട്ടും ഒറ്റയാൻ എവിടെ ആണെന്ന് അറിയില്ലായിരുന്നു.കരഞ്ഞു തളർന്ന ഞാൻ വീട്ടിലേക്ക് തിരിച്ചോടി…

“(തുടരും”)

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2