വേളി: ഭാഗം 14
രചന: നിവേദ്യ ഉല്ലാസ്
തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു… നിരഞ്ജന്റെ ശ്വാസം അവളുടെ പിന്കഴുത്തിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു…അപ്പോളും അവന്റെ കൈകൾ അവളുടെ കൈകളിൽ ഉണ്ടായിരുന്നു… ഹാവൂ വന്നോ ന്റെ മക്കള്, എത്ര നേരം ആയിട്ട് കാത്തിരിക്കുവാ എന്ന് പറഞ്ഞു ഓടിവന്നു മീര…. യാത്ര ഒക്കെ സുഖമായിരുന്നോ മോനെ അവൾ വാത്സല്യത്തോടെ നിരന്ജനെ നോക്കി… സുഖം അമ്മേ… അവൻ മറുപടി കൊടുത്തു.. ആഹ് അര്യേച്ചിയും ഹേമചേച്ചിയും എപ്പോൾ എത്തി.. പ്രിയ അവരുടെ അടുത്തേക്ക് ചെന്നു മാ….. അവളുടെ ഒച്ച കേട്ട നന്ദിനി കൂട്ടിൽ നിന്ന് കരഞ്ഞു…
വരുന്നേടി…. എന്നും പറഞ്ഞു പ്രിയ തൊഴുത്തിലേക്ക് പോയി… അവറ്റകളുടെ സ്നേഹം കണ്ടോ ദേവ.. കല്യാണ തലേന്ന് വരെയും അതിനെ ഒക്കെ നോക്കി പരിപാലിച്ചത് മോൾ അല്ലെ…ആ നന്ദി ഉണ്ട് ആ പയ്യിന്…നാണിയമ്മയുടെ ആ വർത്തമാനം മീരക്ക് കുറച്ചിലായി പോയി.. നിരഞ്ജന്റെ കേൾക്കൽ ആണ് അവർ അത് പറഞ്ഞത്… പ്രിയേ… നീ വന്നു മോനെ കൂട്ടികൊണ്ട് പോയെ…. അവിടെ എന്തെടുക്കുവാ.. മീര വിളിച്ചപ്പോൾ പ്രിയ ഓടിയെത്തി…. അവർക്ക് രണ്ടാൾക്കും കൂടി മീര നല്ല ഒരു മുറി ഒരുക്കിയിരുന്നു…
ഏട്ടൻ റസ്റ്റ് എടുക്ക് …ഇനി നാളെ അങ്ങട് മടങ്ങാം…ഒരുപാട് യാത്ര ചെയ്തതല്ലേ മടുത്തു കാണും….അവൾ നിരഞ്ജനെ നോക്കികൊണ്ട് പറഞ്ഞു… ശരിക്കും അവനു പോകാൻ മനസ്സില്ലായിരുന്നു..ഈ നാട് വല്ലാതെ ആകർഷിക്കുന്നു എന്ന് അവൻ ഓർത്തു… അതോ ഈ നാട്ടിൻപുറത്തുകാരിയോ….. എല്ലാവരും കൂടി നിർബന്ധച്ചപ്പോൾ ഒടുവിൽ അവൻ അവിടെ അന്ന് നിൽക്കാം എന്ന് പറഞ്ഞു സമ്മതിച്ചു. കിരൺ ഇടക്ക് നിരഞ്ജനോട് സംസാരിക്കാൻ അടുത്തുവന്നിരുന്നു… പ്രിയയെ അവിടെ കണ്ടതും കിരൺ അവളെ അടിമുടിനോക്കുകയാണ്… നിരഞ്ജന് ആണെങ്കിൽ അവന്റെ നോട്ടം അത്രക്ക് അങ്ങ് പിടിച്ചില്ല..ഇടയ്ക്കെല്ലാം അവന്റെ കണ്ണുകൾ അവളെ തഴുകി തലോടുന്നു.. എനിക്ക് ഒന്ന് കിടക്കണമരുന്നു അവൻ പറഞ്ഞപ്പോൾ കിരൺ ഇറങ്ങിപ്പോയി…
അത്താഴം കഴിഞ്ഞു എല്ലാവരും നട്ടുവർത്തമാനം ഒക്കെ പറഞ്ഞു ഉമ്മറത്തു ഇരിക്കുകയാണ്… പ്രിയയെ മാത്രം അവിടെ ഒന്നും കണ്ടില്ല… നിരഞ്ജൻ കുറെ നേരമായി അവളെ കണ്ണുകൊണ്ട് തിരയുകയാണ്.. പക്ഷെ ആളിത് എവിടെ പോയി എന്ന് അവനു മനസിലായില്ല. എന്നാലേ,മോൻ ഇനി പോയി ഉറങ്ങിക്കോ… ക്ഷീണം കാണില്ലേ എന്ന് പറഞ്ഞു ദേവൻ അവനെ ഉറങ്ങാൻ പറഞ്ഞുവിട്ടു… മുറിയിലേക്ക് പോയ നിരഞ്ജൻ പെട്ടന്നാണ് ചായ്പിൽ നിക്കുന്ന പ്രിയയെ കണ്ടത്.. പതിയെ അവൻ അങ്ങോട്ട് പോയി… ഇടുങ്ങിയ ഒരു മുറിയാണ് അത്…അവിടെ നിറയെ പ്രിയയുടെ തുണികളും ട്രോഫികളും ഒക്കെ വാരിവലിച്ചു ഇട്ടിരിക്കുന്നു..
അതൊക്കെ അടുക്കി വെയ്ക്കുകയാണ് അവൾ.. ഇതെന്തിനാ ഈ റൂം ഇപ്പോൾ ക്ളീൻ ചെയുന്നത് എന്ന അവന്റെ ചോദ്യത്തിന് മുൻപിൽ അവൾ ഒന്ന് തല ഉയർത്തി നോക്കി.. ഇതായിരുന്നു ഏട്ടാ എന്റെ മുറി… അവൾ പറഞ്ഞു… നിരഞ്ജന് അത്ഭുതം തോന്നി….ഇത്രയും വലിയ വീട്ടിൽ ഇത്രമാത്രം മുറികൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഈ ഇടുങ്ങിയ മുറിയിൽ ആണോ ഇവൾ കഴിഞ്ഞത്… അപ്പോൾ ഇന്ന് തങ്ങൾക്ക് വേണ്ടി റെഡി ആക്കിയ മുറിയോ.. അവളോട് ചോദിക്കാൻ തുടങ്ങും മുൻപ് ദേവൻ അവിടേക്കു വന്നു.. പോയി കിടക്കു പ്രിയ മോളെ… നിരഞ്ജൻ മോൻ ആകെ മടുത്തു കെട്ടോ… അങ്ങനെ അവർ രണ്ടുപേരും കൂടി മുറിയിലേക്ക് പോയി..
പ്രിയ സാധാരണ പോലെ തന്നെ അന്നും നിലത്തായിരുന്നു കിടന്നത്… പിറ്റേ ദിവസം രാവിലെ അവർ രണ്ടുപേരും കൂടി അമ്പലത്തിൽ പോയി… നാണിയമ്മയും ഉണ്ടായിരുന്നു കൂടെ.. നടക്കാൻ ഉള്ള ദൂരം ഒള്ളു ഏട്ടാ… വണ്ടി എടുക്കണോ… പടിപ്പുര കടന്നതും അവള് ചോദിച്ചു. വേണ്ടടോ, നമ്മൾക്ക് മെല്ലെ നടക്കാം…. അധികം വെയിൽ ഒന്നും ആയിട്ടില്ല, ചെറിയ കുളിരും തണുപ്പും ഒക്കെ ഉള്ളത് കൊണ്ട് അവനു ആ നടത്തം ഇഷ്ടം ആയിരുന്നു. ഒരു മെറൂൺ കളർ ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്.. ഈറൻ മുടിയുടെ തുമ്പ് കെട്ടിയിട്ടു കൊണ്ട്, തുളസി കതിരും ചൂടി, മുന്നേ നടക്കുന്ന പ്രിയയെ,നിരഞ്ജൻ ഇടയ്ക്ക് എല്ലാം പാളി നോക്കി. അല്ലാ ഇതാര് പ്രിയമോളോ,
സുഖം ആണോ കുട്ടി നിനക്ക്.. അമ്പലത്തിൽ പൂവ് കെട്ടി കൊണ്ടിരുന്ന വാരസ്യാരൂ അവളെ കണ്ടതും ഉറക്കെ ചോദിച്ചു… ഉവ്വ്.. സുഖം. അവൾ അവരുടെ അടുത്തേക്ക് നടന്നു ചെന്നു. തുളസി മാല മേടിച്ചു കൊണ്ട് അവരോടും തിരികെ ഓരോരോ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അപ്പോളേക്കും തിടപ്പള്ളിയിൽ നിന്നും തിരുമേനിയും ഇറങ്ങി വന്നു. പ്രിയ ആണെങ്കിൽ നിരഞ്ജനെ അവർക്ക് ഒക്കെ പരിചയപ്പെടുത്തി കൊടുത്തു. അല്ലേലും നമ്മുടെ ഭഗവാൻ വലിയവൻ ആണെന്നെ… ഈ കുട്ടിയെ അങ്ങനെ ഒന്നും കൈ വിടാൻ ഭഗവാന് സാധിക്കില്ല.. അതല്ലേ ഏറ്റവും നല്ലോരു ബന്ധം തന്നെ ചേർത്തു കൊടുത്തേ….
നിരഞ്ജനെ നോക്കി തിരുമേനി പറഞ്ഞു. അത് കേട്ടതും വേദനയോടെ കൂടി മന്ദഹസിക്കുന്ന പ്രിയയെ കാങ്കെ അവന്റെ ഉള്ളിലും നൊമ്പരം പടർന്നു. അമ്പലത്തിൽ തൊഴുത്തിട്ട് ഇറങ്ങിയപോൾ പ്രിയ അവളുടെ നൃത്തവിദ്യാലയം നിരഞ്ജനെ കാണിച്ചു കൊടുത്തു.. ഏട്ടാ ഇവിടെ ഉള്ള കുറച്ചു കുട്ടികൾക്ക് ഞാൻ നൃത്തം പഠിപ്പിച്ചു കൊടുത്തിരുന്നു ട്ടോ… ദെ ആ കാണുന്ന ശിവരഞ്ജിനി എന്നെഴുതിയ ബോർഡ് കണ്ടൊ.. അവിടെ ആയിരുന്നു ക്ലാസ്സ് എടുക്കുന്നത്. അവൾ ചൂണ്ടിയ ഭാഗത്തേക്ക് അവൻ നോക്കി. അപ്പോൾ ആണ് അവൻ അറിയുന്നത് പോലും പ്രിയ ഒരു ഡാൻസർ ആണെന്ന്…
ഏട്ടാ.. ഈ ആൽമര തണലിൽ ഒന്നു വിശ്രമിക്കാമോ…ഞാൻ ഇപ്പോൾ വരാം.. ഒരു പത്തു മിനിറ്റ് കെട്ടോ.. അവന്റ അനുവാദം ലഭിച്ചതും പ്രിയ ഡാൻസ് പഠിപ്പിക്കുന്ന സ്ഥലത്തേക്ക് നടന്നു പോയി.. അവിടുത്തെ കുട്ടികളോട് വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കുവാരുന്നു പ്രിയ… നാണിയമ്മയും നിരഞ്ജനും തമ്മിൽ അപ്പോൾ സംസാരിക്കുവാരുന്നു… ഈ അനാഥകുട്ടിയെ കൈവിടല്ലേ മോനെ..നാണിയമ്മ പറയുന്നത് കേട്ട് നിരഞ്ജൻ അവരെ തുറിച്ചു നോക്കി… അനാഥയോ… ആരാ പ്രിയയുടെ കാര്യം ആണോ പറയുന്നത്…. അവൻ ചോദിച്ചു.. അതെ മോനെ.. മോന് ഇത് ഒന്നും അറിയില്ലേ….. ഇല്ല അമ്മൂമ്മേ.
“എന്റെ കുട്ടി ആരും ഇല്ലാത്തവൾ ആണ്.. അച്ഛനും അമ്മയും ചെറുപ്പത്തിലേ പോയി മോനെ, പിന്നെ ഈ ദേവൻന്റെ വീട്ടിൽ ആയിരുന്നു…ഒരു വേലക്കാരിയ്ക്ക് കൊടുക്കേണ്ട പരിഗണന പോലും എന്റെ കുട്ടിയ്ക്ക് അവളുടെ ചെറിയമ്മയു മക്കളും കൊടുത്തിട്ടില്ല,മോന്റെ കൈയിൽ ദേവൻ അവളെ ഏൽപ്പിക്കുന്നത് വരെ ലോകത്ത് ആരും അനുഭവിക്കാത്ത നരകയാതനകൾ ആണ് ആ കുട്ടി സഹിച്ചത് മുഴുവൻ.. ആ മീര ഉണ്ടല്ലോ ….. അവൾ ഒരു യക്ഷി ആയിരുന്നു… പാവം പ്രിയ മോളെ അവള് കൊല്ലാകൊല ചെയ്യുകയായിരുന്നു. കുഞ്ഞു നാളിൽ മുതൽ എന്റെ പ്രിയമോൾ ആ വീട്ടിൽ കിടന്നു എരിഞ്ഞു അടങ്ങുന്നത് ഈ മുത്തശ്ശി എത്രയോ തവണ കണ്ടു മോനെ……..
അതിനു തന്റെ സങ്കടം പറയാൻ പ്പോലും ഈ ലോകത്തു ആരും ഇല്ലായിരുന്നു. ഒടുവിൽ.. ഒടുവിൽ.. ന്റെ കുട്ടി മനസ് തുറന്നു ചിരിച്ചത് എന്ന് ആണെന്ന് അറിയുമോ…. മോനും ആയി ഉള്ള വിവാഹം ഉറപ്പിച്ചു കഴിഞ്ഞു.. അന്ന് എന്നോട് പറഞ്ഞു, ന്റെ കഷ്ടകാലം ഒക്കെ കഴിഞ്ഞു അമ്മൂമ്മേ…. ഈശ്വരൻ എനിക്ക് ആയി ഒരാളെ കണ്ടെത്തി കഴിഞ്ഞു എന്ന്.. അന്ന് എന്നെ കെട്ടിപിടിച്ചു അവൾ ചിരിച്ചു. ഒരുപാട് ഒരുപാട് എന്നോട് സംസാരിച്ചു.. സന്തോഷത്തോടെ കൂടി. . ഒരിക്കലും അവളുടെ കണ്ണിൽ നിന്ന് ഇനി കണ്ണീർ വരരുത് മോനെ.. അത് മാത്രം ഒള്ളു എന്റെ മോനോട് ഈ അമ്മൂമ്മയ്ക്ക് പറയുവാന്. ഒരു യുഗം മുഴുവൻ കരഞ്ഞു തീർത്തത് ആണ് എന്റെ കുട്ടി.. പാവം ആണ് എന്റെ കുട്ടി..
മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്നവൾ ആണ്. അതിനു വേണ്ടി സ്വന്തം ജീവിതം പോലും മാറ്റി വെയ്ക്കും… അത്രയ്ക്ക് മനസ്സിൽ നന്മ ഉള്ളവൾ ആണ്.. .. .നാണിയമ്മ അവളുടെ ജീവിതകഥ പറഞ്ഞപ്പോൾ അവനു കണ്ണ് നിറഞ്ഞു വന്നു… ഈശ്വരാ.. ഈ പാവം പെൺകുട്ടി ഇനിയും ഈ ദുരിതത്തിലേക്ക്…. മീര എന്ന സ്ത്രീയുടെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവൾക്ക്… ഇടുങ്ങിയ മുറിയിൽ അവൾ കിടന്നതല്ല, മീര കിടത്തിയത് ആണെന്ന് അവനു മനസിലായി… പാവത്തിനെ തന്റെ അമ്മയും ബാക്കി എല്ലാവരും ചേർന്ന് ചതിച്ചല്ലോന്നു ഓർത്തപ്പോൾ അവനു കലശലായ ദേഷ്യം വന്നു.. ഇവളുടെ മുൻപിൽ നിസഹായനായി നില്ക്കാൻ മാത്രമേ തനിക്ക് ഇപ്പോൾ കഴിയു എന്ന് അവൻ ഓർത്തു..……. (തുടരും )