Thursday, November 21, 2024
Novel

വാസുകി : ഭാഗം 3

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

എതിരെ വരുന്ന വാഹനങ്ങളിൽ തൊട്ടു തൊട്ടില്ലന്ന പോലെ മനുവിന്റെ കാർ ചീറി പാഞ്ഞു കൊണ്ടിരുന്നു.

വാസുകി കണ്ണുകൾ ഇറുക്കി അടച്ചു.
എന്നോടുള്ള ദേഷ്യമാണ് മനു ഈ കാണിക്കുന്നത് എല്ലാം. പിന്നെ ഞാൻ എന്തെങ്കിലും അറിഞ്ഞോ എന്നുള്ള പേടിയും.

മനുവേട്ടാ…

മനു പെട്ടെന്ന് കാറിന്റെ സ്പീഡ് കൂട്ടി.

മെല്ലെ പോ മനുവേട്ടാ … എനിക്ക് പേടിയാകുന്നു.

ആ ഭ്രാന്തന്റെ മുന്നിൽ പോയി നിന്നപ്പോൾ ഈ പേടി ഒന്നും കണ്ടില്ലല്ലോ.. പിന്നെ ഇപ്പൊ നിനക്ക് എന്തിനാ പേടി.ഞാനും അമ്മയും എത്ര മാത്രം ടെൻഷൻ അടിച്ചുന്ന് നിനക്കറിയോ.?
എന്നിട്ട് ഇപ്പോൾ അവൾക് പേടിയാണ്ന്ന്.

ഞാൻ കാരണമാണല്ലോ അയാൾക് അസുഖം കൂടിയതു എന്ന് ഓർത്തപ്പോൾ ഒരു സമാധാനവും കിട്ടിയില്ല ഏട്ടാ .. അതുകൊണ്ടാ ഞാൻ..

മനു അവളെ ദേഷ്യത്തോടെ നോക്കി.

ഇനി പോവില്ല ഏട്ടാ … സത്യായും ഞാൻ പോവില്ല.

ഒരു നിമിഷം കൊണ്ട് ഒക്കെ കൈ വിട്ടു പോയെന്നാ ഞാൻ കരുതിയത്… ഇത്രയും നാളത്തെ പ്രയത്നങ്ങൾ എല്ലാം വെള്ളത്തിൽ ആയെന്ന്.നീ എല്ലാം അറിഞ്ഞാൽ..

എന്ത്… എന്തിന്റെ കാര്യമാ ഏട്ടൻ പറയുന്നേ.?

മനുവിന് പെട്ടെന്ന് അബദ്ധം പറ്റിയെന്നു മനസിലായി. അത് പിന്നെ… നിന്നെ ഈ നിലയിൽ ആക്കാൻ ഞാൻ ഒരുപാട് കഷ്ടപെട്ടു..

നീ എന്നെ പഴയ പോലെ സ്നേഹിച്ചു വന്നപ്പോഴേക്കും നിന്നെ നഷ്ടപെടുമെന്ന അവസ്ഥ വന്നാൽ ഞാൻ എന്തു ചെയ്യും.

ഹ്മ്മ്… പറഞൊപ്പിക്കാൻ നന്നായി കഷ്ടപെടുന്നുണ്ട്. നല്ല അഭിനയം.
വാസുകി ഉള്ളിൽപറഞ്ഞു.

അയ്യോ മനുവേട്ടാ .. നന്നായി വിയർക്കുന്നുണ്ടല്ലോ… ദാ തുടക്ക്. അവൾ ടവ്വൽ വച്ചു നീട്ടി.

മനു അവളെ സൂക്ഷിച്ചു നോക്കി. ഇവളെന്നെ കളിയാക്കിയത് ആണോ.

ഇനി എന്റെ ഏട്ടനെയും അമ്മയെയും വിട്ടു ഞാൻ എവിടേക്കും പോവില്ലട്ടോ… പോയാലും നിങ്ങളെയും കൊണ്ടേ പോകൂ. അവൾ മനുവിന്റെ കൈകൾക്കിടയിലൂടെ കൈ ചേർത്തു പിടിച്ചു.

നല്ല കുട്ടി… ഏട്ടനോടും അമ്മയും പറയാതെ ഇനി എവിടേം പോവരുത്ട്ടോ. നിനക്ക് എവിടെയെങ്കിലും പോണമെങ്കിൽ ഞങ്ങൾ കൊണ്ട് പോകാം .

അല്ലെങ്കിലും ഇനി ഞാൻ നിങ്ങളെയും കൊണ്ടേ ഏട്ടാ പോകൂ. അവൾ അർത്ഥം വച്ചു പറഞ്ഞു.

മനുവിന് ആശ്വാസം തോന്നി. പഴയ കഥകൾ ഒന്നും അവൾ അറിഞ്ഞിട്ടില്ല. നീ എന്നും ഈ മനുവിന്റെ ഭാര്യ അശ്വതി ആയിരിക്കും..

അനാഥയായ അശ്വതി . നീ എന്റെ ഭാര്യയായി ഇരിക്കുന്നിടത്തോളം കാലം ഈ മനു സേഫ് ആണ് . ഇനി നീ ചത്താലും.

വീടെത്തിയ പാടെ മനുവിന്റെ അമ്മ ഓടി വന്നു. ആരോടും പറയാതെ എവിടെ പോയതാടി
മൂദേവി. .. കുടുംബത്തു ഇരിക്കുന്നവരുടെ സ്വസ്ഥത നശിപ്പിക്കാൻ ഉണ്ടായ ജന്മം.

പെട്ടന്നുള്ള അവരുടെ വരവിലും ചീത്ത പറച്ചിലിലും അവളൊന്നു പരുങ്ങി. അപ്പോൾ ഇതാണ് ഇവരുടെ തനി സ്വഭാവം.. ഇത്രയും നാൾ എന്തൊരു സ്നേഹമായിരുന്നു. ഇപ്പോൾ എല്ലാം പുറത്ത് വന്നു.

നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോടി ഒരുമ്പേട്ടോ ളെ… അവർ വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. മനു അമ്മയെ നോക്കി അരുതേന്ന് കണ്ണു കാണിച്ചു.
പെട്ടെന്ന് അവർ സ്വയം നിയന്ത്രിച്ചു.

അല്ല പിന്നേ… ദണ്ണം കാണത്തില്ലേ.. പൊന്നു പോലെ നോക്കുന്നില്ലേ ഞാനിവളെ .. ഒരു അസുഖ കാരി യാണെന്ന് അറിഞ്ഞിട്ടും എന്റെ മോളെ പോലെ കൊണ്ടു നടക്കുന്നില്ലേ ഞാൻ. അപ്പൊ പിന്നെ കണ്ടില്ലേ സങ്കടം വരാതെ ഇരിക്കോ.

അമ്മ ചീത്ത പറഞ്ഞത് എല്ലാം മോളെ കാണാത്ത സങ്കടത്തിൽ ആണെന്ന് എന്റെ മോൾക് മനസിലാകും. അല്ലേ മോളെ.?
അവർ വാസുകിയുടെ തലയിൽ തലോടി.

ഹ്മ്മ്… സാരല്ല്യ അമ്മേ… നിങ്ങൾക്ക് എന്നോട് ഇത്രേം സ്നേഹം ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത് . ഇനി ഞാൻ നിങ്ങളെ വിട്ടു പോവില്ല അമ്മേ..

എങ്കിൽ മോള് പോയി റസ്റ്റ്‌ എടുക്ക്.. ക്ഷീണം കാണും. അവൾ പടി കയറി പോകുന്നതും നോക്കി അവർ നിന്നു.

എന്തൊരു അഭിനയമാണ് അമ്മയും മകനും. എന്റെ കുടുംബമില്ലാതെയാക്കിയിട്ട് സ്നേഹിക്കാൻ വന്നിരിക്കുന്നു. അവൾക് അവരോട് വെറുപ്പ് തോന്നി.

അവൾ അകത്തു കയറി വാതിൽ കുറ്റിയിട്ട് ബാഗ് തുറന്നു അതിനുള്ളിൽ നിന്ന് ഒരു ആൽബം എടുത്തു. അച്ഛനും അമ്മക്കും ഒപ്പം നിൽക്കുന്ന രണ്ടു പെൺകുട്ടികളുടെ ഫോട്ടോ ആയിരുന്നു ആദ്യത്തേത് . അവൾ അതിൽ പതിയെ വിരലോടിച്ചു.

അമ്മ…. അച്ഛൻ… ചേച്ചി … അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി. അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

നിങ്ങളെ ആരെയും ഓർമ്മയില്ലാതെ ആയിപോയല്ലോ അമ്മേ ഈ മോൾക്ക്..
നിങ്ങളെ ഇല്ലാതെയാക്കിയവരോട് ഞാൻ പകരം ചോദിക്കും..

ഈ വാസുകി ആരാണെന്ന് അവർ അറിയാൻ പോകുന്നതേ ഉള്ളു.

മനുവിന്റെയും ആശ്വതിയുടെയും കല്യാണ ഫോട്ടോ നോക്കി വാസുകി കുറേ കരഞ്ഞു. ചേച്ചിയുടെ ഭർത്താവ് ആണെന്നറിയാതെ ഇത്രയും കാലം അയാളെ സ്നേഹിച്ചു കഴിഞ്ഞ തന്റെ വിധിയെ ഓർത്ത് അവളുടെ ഉള്ളുരുകി.

മനു പടി കയറി വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഡയറി ബെഡിന് അടിയിലെക്ക് വച്ചു.

അശ്വതി എന്താ കിടക്കുന്നില്ലേ?

ഉണ്ട് ഏട്ടാ… ഏട്ടൻ കൂടി വന്നിട്ട് കിടക്കാമെന്ന് കരുതി.

അങ്ങനെ എന്നെ കാത്തിരുന്നു തന്റെ ആരോഗ്യം കളയണ്ട.. ദാ ഇതു കഴിച്ചു കിടക്കാൻ നോക്ക്.
മനുവിന്റെ കൈകളിൽ അവൾക്കുള്ള മെഡിസിൻ ഉണ്ടായിരുന്നു.

അവൾ അത് വാങ്ങി കഴിക്കും പോലെ കാണിച്ചു. ഗുളിക കയ്യിൽ തന്നെ പിടിച്ചു.

ഉറക്കം വരുന്നു മനുവേട്ടാ .. ഞാൻ കിടന്നോട്ടെ.

ഹ്മ്മ്.. മനു ഒരു പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. അവൾ ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷം മനു അമ്മയുടെ മുറിയിലേക്ക് ചെന്നു.

എന്താടാ അവൾ ഉറങ്ങിയോ?

ഉറങ്ങി.. അമ്മേ.

അവൾക് എന്തെങ്കിലും സംശയം ഉണ്ടോടാ..?

ഇല്ല അമ്മേ… അവൾക് എന്നെ നല്ല വിശ്വാസമാ.അവളുടെ സ്നേഹ സമ്പന്നനായ ഭർത്താവ് അല്ലേ ഞാൻ. മനു ഉറക്കെ ചിരിച്ചു.

എത്രയും പെട്ടന്ന് സ്വത്ത്‌ കൈക്കൽ ആക്കിയിട്ടു കൊന്നു കളയണം ആ നശൂലത്തിനെ..മോളെ മോളെന്നു വിളിച്ചു സ്നേഹം കാണിച്ചു എനിക്ക് മടുത്തു.

കുറച്ചു കൂടി കഴിയട്ടെ അമ്മേ… അശ്വതിയുടെ അതെ ഗതി തന്നെ ആണ് ഇവൾക്കും വിധിച്ചിരിക്കുന്നതു..

അല്ലെങ്കിൽ സ്വത്ത്‌ എല്ലാം അനിയത്തിയുടെ പേരിൽ എഴുതി വക്കാൻ അവൾക് തോന്നില്ലായിരുന്നല്ലോ?

വാസുകി വാതിൽ പാളിക്ക് അപ്പുറം മറഞ്ഞു നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

പക്ഷേ ഇവൾക്ക് മുന്നേ തീർത്തുകളയെണ്ട ഒരാളുണ്ട്… ദേവൻ… അവളുടെ തന്ത.
അയാൾ ജീവിച്ചു ഇരിക്കുന്നതു ആപത്തു ആണ്.

മനു ഫോൺ എടുത്തു ആർക്കൊക്കെയോ നിർദേശങ്ങൾ കൊടുത്തു.

വാസുകി ഞെട്ടി പോയി.. തന്റെ അച്ഛനെയും കൊല്ലാൻ ആണ് മനുവിന്റെ തീരുമാനം.. ഒക്കെ തന്റെ പേരിലുള്ള സ്വത്തിനു വേണ്ടി.

പക്ഷേ നിന്റെ കണക്ക് കൂട്ടലുകൾ ഒന്നും നടക്കാൻ പോകുന്നില്ല മനു… നിന്റെ കഷ്ടകാലം തുടങ്ങാൻ പോകുന്നെ ഉള്ളു. വാസുകി അപ്പോൾ തന്നെ രഘുവിന്റെ നമ്പർ ഡയൽ ചെയ്തു വിവരം പറഞ്ഞു .

അച്ഛനെ എത്രയും പെട്ടെന്ന് അവിടുന്ന് മാറ്റണം.
അല്ലെങ്കിൽ മനു… അവൾ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

മോള് പേടിക്കണ്ട… ആരും അറിയാതെ ദേവനെ ഇവുടുന്ന് മാറ്റാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്‌തോളാം. ഇവിടെ എനിക്ക് സഹായിക്കാൻ ആളുണ്ട്..

അങ്കിൾ… എവിടെക്കാ അച്ഛനെ കൊണ്ട് പോകുന്നത്?

ഏറ്റവും സേഫ് ആയിടതേക്ക്… നമ്മുടെ പഴയ എസ്റ്റേറ്റിലേക്ക്..ഈ രഘുവിന്റെ കണ്ണു വെട്ടിച്ചു ആ കുന്നും മലയും കയറി ആരും അങ്ങോട്ട്‌ വരില്ല.

ദേവൻ അവിടെ സേഫ് ആയിരിക്കും മോളെ..

എന്നാ മോള് വച്ചോ… ഞങ്ങൾ എത്തിയിട്ട് വിളിക്കാം.
അവൾ കാൾ കട്ട് ചെയ്തു റൂമിൽ വന്നു കിടന്നു. മനു റൂമിൽ വന്നപ്പോഴേക്കും വെളുക്കാറായിരുന്നു.

രാവിലെ നേരത്തെ തന്നെ വാസുകി ഉണർന്നു. അടുക്കളയിൽ ചെന്നു മനുവിനും അമ്മക്കുമുള്ള കാപ്പി ഇട്ടു .

ആഹാ… മോള് നേരത്തെ എഴുന്നേറ്റു കാപ്പി ഒക്കെ ഇട്ടോ?

എന്നാ മോള് ആ മാവെടുത്ത് ദോശ ചുട്.. എന്നിട്ട് കുറച്ചു ചമ്മന്തിയും മനുവിന് ഒരു ഓംലറ്റും കൂടി ഉണ്ടാക്കി വച്ചേരെ.
പിന്നെ ഉച്ചക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ നമുക്ക് പിന്നെ ഉണ്ടാക്കാം.

അവർ അടുപ്പത്തു നിന്ന് ചായകലം എടുത്തു ചായ പകർന്നു. ഞാൻ മനുവിന് ചായ കൊടുത്തിട്ട് വരാം.
അവർ ചായയും കൊണ്ട് മുറിയിലേക്ക് പോയി.

അമ്മേ……..

വാസുകിയുടെ ഉച്ചത്തിലുള്ള കരച്ചിൽ .
കേട്ടു മനുവും അമ്മയും താഴേക്കു ഓടി.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2