Sunday, December 22, 2024
Novel

വാസുകി : ഭാഗം 1

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

“നിഴലളക്കണം പെണ്ണേ നീ….
നിന്നെയളക്കുന്നുണ്ടവൻ !”

അയാൾ അവളെ നോക്കി പാടി കൊണ്ടിരുന്നു. കൗതുകം തോന്നിയ അവൾ കുറച്ച് കൂടി അയാളുടെ അടുത്തേക്ക് നീങ്ങി.അയാളുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

“നന്നായി പാടുന്നുണ്ടല്ലോ? ”

അയാൾ ഒന്ന് ചിരിച്ചു. പിന്നെയും പാടാൻ തുടങ്ങി.

“എന്റെ മോനും പാട്ട് വല്യ ഇഷ്ടാ.. എന്റെ പാട്ട് കേട്ടാലേ അവനു ഉറക്കം വരുമായിരുന്നുള്ളു. പക്ഷേ…” അവൾ ഒന്ന് നിർത്തി. . അയാൾ പക്ഷേ അവളുടെ വാക്കുകൾ ശ്രെദ്ധിക്കുന്നു പോലുമില്ലായിരുന്നു.

“ഈ വരി മാത്രേ അറിയൂ..? ബാക്കി ഇല്ലേ.?
എപ്പോഴും ഒരേ വരികൾ!”.
മടുപ്പ് തോന്നി തുടങ്ങിയപ്പോൾ അവൾ പുറത്തേക്കു കണ്ണു നട്ടിരുന്നു. വരാന്തയുടെ അങ്ങേ തലക്കൽ മനുവിനെ കണ്ടതോടെ അവൾ എഴുനേറ്റു.

ഒ.പി ക്ക് മുന്നിൽ നിർത്തിയിട്ട് പോന്നതാണ്. കാണാഞ്ഞു തിരക്കി വന്നതാവും. അവൾ കൈ കൊണ്ട് വരുന്നെന്നു ആഗ്യം കാട്ടി. അയാൾ അപ്പോഴും പാടികൊണ്ട് ഇരിക്കുകയാണ്.

“പാവം.. ഭ്രാന്ത്‌ ആണെന്ന് തോന്നുന്നു. ഏയ് പാട്ട്കാരാ… ഞാൻ പോട്ടെ. എന്റെ ഏട്ടൻ വന്നു.”

അകലെ നിൽക്കുന്ന മനുവിനെ അവൾ ചൂണ്ടി കാട്ടി. മനുവിനെ കണ്ടതും അയാളുടെ മുഖത്തു ഭയം നിറഞ്ഞു. പോകാനാഞ്ഞ അവളുടെ കൈയിൽ അയാൾ ബലമായി പിടിച്ചു.

“മരണമാണവൻ.. മോള് പോവണ്ട. അവൻ കൊല്ലും.. പോവണ്ട…പോവണ്ട.”

അയാളുടെ പിടി വിടുവിക്കാൻ അവൾ ആവുന്നത് ശ്രെമിചെങ്കിലും അയാൾ ഒന്നു കൂടി ബലമായി പിടിക്കുകയാണ് ചെയ്തത്.

“ഏട്ടാ ….ഓടി വാ. ” അവൾ കരഞ്ഞു കൊണ്ട് കൈ വിടുവിക്കാൻ ശ്രെമിച്ചു. ഓടി വരുന്ന മനുവിനെ കണ്ടതും അയാൾ അവളെ നെഞ്ചോടു ചേർത്ത് ഇരു കൈകളും കൊണ്ട് പൊതിഞ്ഞു പിടിച്ചു.

“നീ പോ…ദൂരെ പോ.. വിട്ടു തരില്ല ഞാൻ എന്റെ മോളെ. കൊല്ലും. നീ കൊല്ലുമിവളെ”.

കൊച്ചു കുഞ്ഞിനെ എന്ന പോലെ അയാൾ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

“വിടാൻ പറ മനുവേട്ടാ… പേടിയാവുന്നു.” അവൾ മനുവിന്റെ കൈ പിടിച്ചു വലിക്കാൻ തുടങ്ങി.
ബഹളം കേട്ട് രണ്ടു അറ്റന്റർമാർ ഓടി വന്നു അവളെ അയാളിൽ നിന്ന് പിടിച്ചു മാറ്റി.

“ഇത്ര വയലന്റ് ആകുന്നവരെ ചങ്ങലക്കിടണം. അല്ലാതെ തുറന്നു വിടുകയല്ല വേണ്ടത്. ഇവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?” മനു അവരോടു തട്ടിക്കയറി.

“അയാൾ അത്ര പ്രശ്നമുള്ള ആളൊന്നും അല്ല. എവിടെയെങ്കിലും ഇരുന്നു പാടുമെന്നതൊഴിച്ചാൽ വേറെ ശല്യങ്ങൾ ഒന്നുമില്ല. പക്ഷേ ഇന്നെന്തു പറ്റി എന്നറിയില്ല”. അവരിലൊരാൾ പറഞ്ഞു.

“അറിയില്ല പോലും. തനിക് ഒക്കെ ഇവരെ നോക്കൽ അല്ലാതെ വേറെന്താഡോ പണി. ഓരോ വട്ടൻമാരെ തുറന്നു വിട്ടിട്ട് ഒടുക്കം ആരുടെയെങ്കിലും കഴുത്ത് ഞെരിച്ചു കഴിയുമ്പോൾ അയ്യോ അയാള് പാവമായിരുന്നു എന്നും പറഞ്ഞു വന്നോണം.”

“സോറി സാർ.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ലല്ലോ? ”

“ഓഹോ … ഒന്നും പറ്റാത്തതാണ് ഇപ്പോൾ പ്രശ്നം അല്ലെ? “.മനു വിടാനുള്ള ഭാവം ഇല്ലായിരുന്നു.

“സാരമില്ല ഏട്ടാ… എനിക്കൊന്നും പറ്റിയില്ലല്ലോ.” അവൾ ഇടക്ക് കയറി .

“അപ്പോൾ ഇതോ.? ” മനു അവളുടെ കൈ ഉയർത്തി. അയാളുടെ കൈ വിരൽ പാടുകൾ അവളുടെ കൈയിൽ ചുവന്നു കിടപ്പുണ്ടായിരുന്നു. കഴുത്തിനും അവൾക് നല്ല വേദന തോന്നി.

“പോവാം ഏട്ടാ.. സുഖമില്ലാത്ത ആളല്ലേ? ”

“ഭ്രാന്ത്‌ മൂത്തു അയാൾ നിന്നെ കൊന്നിരുന്നെങ്കിലോ? ഇവർ സമാധാനം പറയുമായിരുന്നോ?”. മനു അറ്റൻഡറെ നോക്കി പല്ലിറുമ്മി.

“സാറ് ചൂടാവൊന്നുo വേണ്ട. ഇവിടെ വന്നപ്പോൾ സാറിന്റെ ഭാര്യയും ഇതു പോലെ തന്നെ ആയിരുന്നു. അതൊന്നു ഓർത്താൽ കൊള്ളാം.”
അയാൾ മനുവിനെ രൂക്ഷമായി നോക്കി കൊണ്ട് വാർഡിലേക്ക് കയറി.

“അയാളെന്താ ഏട്ടാ പറഞ്ഞെ.. എനിക്ക് ഭ്രാന്ത്‌ ആയിരുന്നോ.. പറ ഏട്ടാ… എനിക്ക് ഭ്രാന്ത്‌ ആയിരുന്നോ? ”

“ഇല്ല മോളെ… മോൾക്ക് ഒന്നുമില്ല. അയാള് വെറുതെ.. വാ നമുക്ക് ഡോക്ടറെ കാണാൻ പോവാം ”

അവൾ പിന്തിരിഞ്ഞു തോമസ് കിടക്കുന്നിടത്തെക്ക് നോക്കി.

“കൊല്ലും… അവൻ നിന്നെ കൊല്ലും..” അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവൾ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന മനുവിന്റെ കൈകളിലേക്ക് നോക്കി ഒന്നു കൂടി അവനോടു ചേർന്നു നടന്നു.

ഒ.പി ക്ക് മുന്നിൽ തന്റെ നമ്പർ തെളിയുന്നതും കാത്തു അവൾ മനുവിന്റെ ഒപ്പമിരുന്നു.

ഭ്രാന്ത്‌ ആയിരുന്നോ എനിക്ക്?
എന്നായിരിക്കും തുടങ്ങിയത്..? ഇങ്ങോട്ട് പോരുമ്പോൾ ഏട്ടൻ പറഞ്ഞത് ഉറക്കകുറവിന് ഡോക്ടറെ കാണാം എന്നല്ലേ? ഉറങ്ങാത്തതു കൊണ്ടാണ് പല കാഴ്ചകളും കാണുന്നത് എന്നല്ലേ… എന്നിട്ട്… എന്നിട്ടിപ്പോ ആരോ പറയുന്നു എനിക്ക് ഭ്രാന്ത്‌ ആയിരുന്നുവെന്ന്. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ഓരോ തവണയും ഓടി മാറുന്ന ചുവന്ന അക്കങ്ങളിൽ നോക്കി കിടന്നു.

“വാ.. നമ്മുടെ നമ്പർ ആയി. “അവളും മനുവും അകത്തു കയറി ഡോക്ടറെ കണ്ടു.

“എനിക്ക് ഭ്രാന്ത്‌ ആണോ ഡോക്ടർ ?”. കയറി ചെന്ന പാടെ അവൾ ചോദിച്ചു

അവളുടെ ചോദ്യത്തിൽ ആദ്യം ഒന്നു പകച്ചുവെങ്കിലും ഡോക്ടർ ചിരിച്ചു കൊണ്ട് അവളോട് ഇരിക്കാൻ പറഞ്ഞു.

“Mr.മനു പുറത്ത് നിന്നോളു..ഞാൻ വിളിക്കാം. ”

“പറയു ഡോക്ടർ… എനിക്ക് ഭ്രാന്ത് ആയിരുന്നോ? എനിക്കറിയണം ഡോക്ടർ.. എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന്?”.

ഡോക്ടർ പറയുന്നത് എല്ലാം ശ്രെദ്ധയോടെ അവൾ കേട്ടിരുന്നു. പിന്നെ ഒന്നും മിണ്ടാതെ പുറത്ത് ചെന്നു മനുവിനോട് ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞു.

“എങ്ങനെ ഉണ്ട് ഡോക്ടർ അവൾക്ക്..?”

“നൗ ഷീ ഈസ്‌ ആൾറൈറ് മനു.കാര്യങ്ങൾ ഒക്കെ ഉൾകൊള്ളാൻ പാകത്തിന് മനസ് ഒരുങ്ങിയിട്ടുണ്ട് ആ കുട്ടിക്ക്. ഇനി ഭൂതകാലത്തിലെ ഓർമ്മകൾ അവളെ തളർത്തില്ല. ”

“താങ്ക്സ് ഡോക്ടർ.. താങ്ക്യൂ സോ മച്ച്.. ”

പുറത്ത് എല്ലാം അറിഞ്ഞുള്ളു നീറി ഇരിക്കുകയായിരുന്നു അവൾ. പാവം മനുവേട്ടൻ… ഒരുപാട് കഷ്ടപെട്ടു തന്നെ കൊണ്ട്.എന്നിട്ടും ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടല്ലോ… ഈ അനാഥ പെണ്ണിനെ സംരക്ഷിക്കുന്നുണ്ടല്ലോ. കണ്ണ് നിറയുന്നത് മറ്റുള്ളവർ കാണാതെ ഇരിക്കാൻ അവൾ സാരി തുമ്പു കൊണ്ട് മുഖം തുടച്ചു.

“വാസുകി… ”

അവൾ മുഖമുയർത്തി നോക്കി.

“എന്റെ ദേവന്റെ മോളല്ലേ ഇത് … മോള്… മോള് ജീവനോടെ ഉണ്ടല്ലോ.. ഭാഗ്യം.ആ കാട്ടാളൻ കൊന്നു കളഞ്ഞേന്നാ ഞങ്ങൾ കരുതിയേ ”

തന്നെ തലോടി കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ കൈകൾ അവൾ തട്ടി ദൂരെ കളഞ്ഞു.

“ആരാ നിങ്ങൾ..? ഞാൻ വാസുകി അല്ല. അശ്വതിയാ.. അശ്വതി മനുശങ്കർ ”

“അല്ല മോളെ.. മോള് വാസുകിയാ… എന്റെ ഏട്ടന്റെ മോള്. ”

“നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസിലാവില്ലേ..
എനിക്ക് നിങ്ങളെ അറിയില്ല. നിങ്ങൾ പറയുന്ന ദേവനെയും അറിയില്ല. ”

അപ്പോഴേക്കും മനു പുറത്ത് ഇറങ്ങി വന്നു.

“മനുവേട്ടാ ദേ ഈ സ്ത്രീ… “അവൾ ഓടി മനുവിന്റെ അടുത്തേക്ക് ചെന്നു.

“സാരമില്ല.. സുഖമില്ലാത്ത സ്ത്രീ ആയിരിക്കും.നമുക്ക് പോകാം ”

“മോളെ.. വാസുകി… പോവല്ലേ മോളെ. ” ആ സ്ത്രീ കരഞ്ഞു കൊണ്ട് അവളുടെ പുറകേ ചെന്നു.

“ഇത് വല്യ ശല്യം ആയല്ലോ.. ഒന്നു പിടിച്ചു കൊണ്ട് പോവോ? ”

പെട്ടെന്ന് ആ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ അങ്ങോട്ട്‌ ഓടി വന്നു.

“നമ്മുടെ സൂമോള് ഏട്ടാ..” ആ സ്ത്രീ അവർക്ക് നേരെ കൈ ചൂണ്ടി. അപ്പോഴേക്കും മനു അവളെ കാറിൽ കയറ്റിയിരുന്നു.

(തുടരും )