Friday, May 3, 2024
LATEST NEWS

മുല്ലപ്പൂവിന് പൊന്നുംവില; കിലോയ്ക്ക് നാലായിരം രൂപ!

Spread the love

മുല്ലപ്പൂവിന് പൊന്നും വില. വീട്ടുമുറ്റത്ത് നമ്മൾ വളർത്തിയിരുന്ന മുല്ലപ്പൂവിന്‍റെ ഓണക്കാലത്തെ വില കേട്ടാൽ ഞെട്ടിപ്പോകും. ഇന്നലെ ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4,000 രൂപയായിരുന്നു. ഒരു മുഴത്തിന് നൂറു രൂപ. ഓണാഘോഷം ആരംഭിച്ചതിന് ശേഷമാണ് പൂവിന്‍റെ വില ഇത്രയധികം വർദ്ധിച്ചത്. ചിങ്ങമാസാവസാനമായപ്പോഴേക്കും മുല്ലപ്പൂവിന്‍റെ ആവശ്യം വർദ്ധിച്ചു. മാത്രവുമല്ല, ഓണപ്പൂക്കൾ പുറത്തുനിന്നാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.

Thank you for reading this post, don't forget to subscribe!

നിലവിൽ കേരളത്തിൽ ഒരിടത്തും മുല്ലപ്പൂ കൃഷിയില്ല. തമിഴ്നാട്ടിൽ നിന്നാണ് മുല്ലപ്പൂക്കൾ ഇവിടേക്ക് കൊണ്ടുവരുന്നത്. ഇത്തവണ കേരളത്തിനൊപ്പം തമിഴ്നാട്ടിലും പെയ്ത കനത്ത മഴയിൽ പലയിടത്തും പൂക്കൃഷി നശിച്ചു. ഇതെല്ലാം മുല്ലപ്പൂവിന്‍റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. ദിവസങ്ങളുടെ വ്യത്യാസത്തിൽ മുല്ലപ്പൂവിന്‍റെ വില കിലോഗ്രാമിന് 3,000 രൂപയിൽ നിന്ന് 4,000 രൂപയായി ഉയർന്നു.

തമിഴ്നാട്ടിൽ നിന്ന് പാലക്കാട് വഴിയാണ് മുല്ലപ്പൂ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതും മഴമൂലം പൂക്കൃഷി നശിച്ചതുമാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണം. വിള നശിച്ചതിനാൽ പൂക്കളുടെ ലഭ്യതക്കുറവുണ്ട്. മഴ കാരണം മുല്ലമൊട്ടുകൾ പൊടുന്നനെ ക്ഷയിച്ചതും തിരിച്ചടിയായി.