തനുഗാത്രി: ഭാഗം 22
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
“ആരാ എന്ത് വേണം… ”
സെക്യൂരിറ്റി അല്പം ഗൗരവത്തോടെ തനുവിനോട് ചോദിച്ചു…
“എം. എൽ.എ യെ ഒന്ന് കാണണം.. ”
“സോറി… ഇപ്പൊ പറ്റില്ല.. അദ്ദേഹം കുറച്ചു തിരക്കിലാണ്.. ”
“അഡ്വക്കേറ്റ് സണ്ണി ഫിലിപ്പിന്റെ ഭാര്യ വന്നിരിക്കുന്നു എന്ന് പറയും.. എന്ത് തിരക്കാണെങ്കിലും പുള്ളി മാറ്റി വെച്ചോളും.. ”
തനുവിന്റെ വാക്കുകളിൽ പതിവിലും ഉറപ്പ് പ്രതിഫലിച്ചിരുന്നു… അവളുടെ കണ്ണുകളിലും ഒരു പ്രേത്യേക തിളക്കം കാണാമായിരുന്നു..
“ശരി.. വെയിറ്റ് ചെയ്യൂ.. ഞാൻ പറഞ്ഞിട്ട് വരാം.. ”
സെക്യൂരിറ്റി അവളെ തറപ്പിച്ചു നോക്കിക്കൊണ്ട് സദാശിവന്റെ അടുത്തേക്ക് നടന്നു..
“സാർ… ഒരു പെൺകുട്ടി കാണാൻ വന്നിട്ടുണ്ട്.. ”
“ആരാണെങ്കിലും ഇപ്പൊ കാണാൻ പറ്റില്ലെന്ന് പറഞ്ഞേക്ക്.. ”
സദാശിവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് തന്റെ ചാരു കസേരയിൽ പ്രൗഢിയോടെ ഇരുന്നു..
“സാർ.. അത് അഡ്വക്കേറ്റ് സണ്ണിയുടെ ഭാര്യയാണ്.. ”
സെക്യൂരിറ്റിയുടെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അയാൾ ചാടി എഴുന്നേറ്റു..
“എന്ത്…? ”
“അതെ സാർ.. ”
“ഉം… അകത്തേക്ക് വരാൻ പറ… പിന്നെ.. ഇനി ആരെയും അകത്തേക്ക് കയറ്റി വിടണ്ട… ”
“ശരി സാർ… ”
സെക്യൂരിറ്റി ഗേറ്റിനരികിലേക്ക് നടന്നു… അവൾ ഉറച്ച കാൽവെപ്പോടെ മുന്നോട്ട് നടന്നു..
“വരണം വരണം മിസ്സിസ് സണ്ണി ഫിലിപ്പ്…”
നിഗൂഢമായ ചിരിയോടെ സദാശിവൻ അവളെ സ്വീകരിച്ചു..
ഒരു അൻപതു വയസോളം പ്രായമുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു അയാൾ, മുടികൾ നരച്ചു തുടങ്ങിയിരുന്നു.. വെളുത്ത മുണ്ടും ഷർട്ടുമായിരുന്നു വേഷം..
“ഇരിക്ക്…”
അയാൾ മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി പറഞ്ഞു..
“ഹും…”
അവൾ പുച്ഛത്തോടെ അയാളെ നോക്കി..
ശേഷം തുടർന്നു…
“സാർ..നാണമില്ലേ… നിങ്ങൾക്ക് എതിരെ വാദിച്ചാൽ ബ്ലാക്ക് മെയിൽ ചെയ്യുമോ..?
നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെവേണം സാർ… വെറുതെ എന്റെ സണ്ണിയെ ശല്യം ചെയ്യരുത്… നിങ്ങൾക്ക് എന്നെയാണോ വേണ്ടത്… എന്നെ കൊല്ലണോ… കൊന്നോളൂ… പക്ഷെ അത്കൊണ്ട് നിങ്ങൾ രക്ഷപ്പെടും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…? എനിക്ക് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ സണ്ണി വെറുതെ ഇരിക്കുമെന്ന് തോന്നുണ്ടോ നിങ്ങൾക്ക്… നിങ്ങൾ അത്രയ്ക്ക് മണ്ടനാണോ…? ഞാൻ മരിച്ചാലും സണ്ണി ഈ കേസിൽ നിന്ന് പിന്മാറില്ല… നിങ്ങൾക്ക് പിന്നെ സ്വസ്ഥമായൊന്ന് ഉറങ്ങാൻ പോലും കഴിയില്ല..”
തനു സർവ്വ ധൈര്യവും സംഭരിച്ചുക്കൊണ്ട് പൊട്ടിത്തെറിച്ചു.. പെട്ടെന്നുള്ള തനുവിന്റെ പൊട്ടിത്തെറി സദാശിവനെ നിശ്ശബ്ദനാക്കി..
“എന്തിനാണ് സാർ… ഇങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കുന്നത്… പ്രതീക്ഷയോടെയാണ് ഓരോ പൗരനും നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത്… അവരോടു ആത്മാർത്ഥത കാണിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് സാർ നിങ്ങൾക്ക് ഈ സ്ഥാനം… പണമുണ്ടാക്കാനോ… ബംഗ്ലാവ് പണിയാനോ… അതോ… ഭാവി തലമുറയ്ക്ക് വേണ്ടിയോ…”
അയാളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു തുടത്തിരുന്നെങ്കിലും അയാൾ മറിച്ചൊന്നും പറയാതെ അവളെ കേട്ടു നിന്നു..
“എന്റെ അച്ഛനെ സാറിനറിയാമോ…? മാധവൻ നായർ…. നിങ്ങളുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയത് എന്റെ അച്ഛനാണ്… അതിന്റെ പേരിൽ വേണമെങ്കിൽ നിങ്ങൾക്ക് എന്നെ കൊല്ലാം.. പക്ഷെ എന്നെവെച്ച് സണ്ണിയെ ഭീഷിണിപ്പെടുത്താൻ ശ്രമിക്കരുത്… അവൻ പാവമാണ്…. ദേഷ്യക്കാരനാണെങ്കിലും സ്നേഹിക്കാൻ മാത്രമേ അവനറിയൂ… അത്കൊണ്ടാണ് നിങ്ങളിൽ നിന്ന് എന്നെ ഒളിപ്പിക്കാൻ ശ്രമിച്ചത്… ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ ആ നിമിഷം തന്നെ ഞാൻ സാറിന്റെ മുന്നിൽ വരുമായിരുന്നു.. എന്നെ കൊന്നാൽ നിങ്ങൾക്ക് രക്ഷപെടാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ കൊന്നോളൂ…. പക്ഷെ ഒന്നോർക്കണം സാർ… നിങ്ങൾ ഇപ്പോൾ തെറ്റിലൂടെ സമ്പാദിക്കുന്ന ഈ പണം ഒരിക്കലും നിങ്ങൾക്ക് സമാധാനം തരില്ല… സത്യസന്ധനായിരുന്ന എന്റെ അച്ഛനെ പോലും കേവലം സ്വത്തിന്റെ പേരിലാണ് സ്വന്തം കൂടപ്പിറപ്പുകൾ ഇല്ലാതാക്കിയത്… പണം മനുഷ്യനെ അന്ധനാക്കും നിങ്ങളും അതുപോലൊരു അന്ധതയിലാണ്…”
ദേഷ്യത്തോടെയാണ് തനു അത്രയും പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു…
“ആദ്യം ഒരു മനുഷ്യനാകണം സാർ… ”
അത്രയും നേരം കോപത്തോടെ നിന്നിരുന്ന സദാശിവന്റെ മുഖം താണിരുന്നു.. പിന്നിൽ നിറമിഴികളോടെ എല്ലാം കേട്ട് കൊണ്ട് അയാളുടെ ഭാര്യയും…
“ശ്രീ…. ”
പിന്നിൽ നിന്നും കണ്ണന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി… അത്രയും നാൾ ഭയം മാത്രം നിഴലിച്ചിരുന്ന അവളുടെ മുഖത്ത് പുതിയ ഭാവങ്ങൾ കണ്ട് അവൻ അതിശയിച്ചു..
“നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്..”
അവൻ ഗൗരവത്തോടെ അവളുടെ അടുത്തേക്ക് നടന്നു..
“ഞാനല്ലേ സണ്ണി… നിന്റെ ഇപ്പോഴത്തെ പ്രശ്നം…എന്നെക്കുറിച്ചോർത്ത് നീ വിഷമിക്കണ്ട..ഇവർക്ക് എന്റെ ജീവൻ വെച്ചേ വിലപറയാനാവൂ… എന്റെ മനസ്സിന് വിലയിടാൻ ഇവർക്ക് കഴിയില്ല..
ന്യായത്തിന് വേണ്ടി എന്റെ ജീവൻ ബലികൊടുക്കണമെന്നാണെങ്കിൽ ഞാൻ അതിന് തയ്യാറാണ് സണ്ണി… അത് നിനക്ക് വേണ്ടിയാണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു..”
അവൾ നിറകണ്ണുകളോടെ പറഞ്ഞു..
“നീ വാ..”
അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..ശേഷം സദാശിവന്റെ നേരെ തിരിഞ്ഞു…
“വെല്ലുവിളി എനിക്കിഷ്ടമാണ്.. പക്ഷെ അത് നേർക്ക് നേരെ നിന്ന് വേണം.. അല്ലാതെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കാട്ടി ഭീഷണി പ്പെടുത്തിയല്ല. ഇനി ഇതിന്റെ പേരിൽ ഇവളുടെ നേരെ എങ്ങാനും നിന്റെ കൈ പൊങ്ങിയാൽ… മോനെ.. ഇത് വരെ കണ്ട സണ്ണി ആയിരിക്കില്ല ഞാൻ…പിന്നെ… ഈ കേസ് അത് ഞാൻ വാദിച്ചിരിക്കും… അത് ഞാൻ കൊടുത്ത വാക്കാണ്… ”
കണ്ണന്റെ ഗർജനം പോലുള്ള ശബ്ദം ആ വീടിനെ ഒന്നിളക്കി… അവൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു… പുറത്ത് വായിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം തുടച്ചുകൊണ്ട് സർക്യൂരിറ്റി ഭയത്തോടെ അവർക്ക് വേണ്ടി ഗേറ്റ് തുറന്നു കൊടുത്തു..
“കയറ്…”
അവൻ അവളെ ജീപ്പിലേക്ക് കയറ്റി..
“നിനക്ക് ഇത്രയ്ക്ക് ധൈര്യമൊക്കെ ഉണ്ടോ…? എന്തിനും ഏതിനും കണ്ണ് നിറയ്ക്കുന്ന ആ പൊട്ടിപ്പെണ്ണാണോ.. ഇത്…അവരെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ…”
“അവരെന്നെ എന്ത് ചെയ്യാൻ… എന്റെ ധൈര്യത്തിലല്ല ഞാൻ അയാളോട് സംസാരിച്ചത്.. നീയില്ലെ എനിക്ക്… പിന്നെ നിനക്ക് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്…”
അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു…
“ശ്രീ… അരുത്… അങ്ങനൊന്നും പറയരുത്….”
അവൻ വണ്ടി മുന്നോട്ട് നീക്കികൊണ്ട് പറഞ്ഞു..
“സത്യമാണ്… എനിക്ക് നിന്നെ…. അത്രയ്ക്ക്…”
തനു പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരു ലോറി അവരുടെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു….കണ്ണൻ ജീപ്പിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു..
നെറ്റി പൊട്ടി ചോരയൊലിപ്പിച്ചുകൊണ്ട് അവൻ കാറിനടുത്തേക്ക് നടന്നു…
“ശ്രീ….. ശ്രീ…”
മറിഞ്ഞു കിടക്കുന്ന ജീപ്പിനുള്ളിലേക്ക് നോക്കികൊണ്ട് അവൻ വേദനയോടെ വിളിച്ചു… ജീപ്പിനുള്ളിൽ നിന്നും പുറത്തേക്ക് കണ്ട അവളുടെ കൈകൾ രക്തത്തിൽ ചുവന്നു തുടുത്തു… അവന്റെ പേര് പതിച്ച മോതിരത്തിലൂടെ രക്തം ഒലിച്ചിറങ്ങി… ബോധമില്ലാതെ ചോരയിൽ കുളിച്ചുകിടക്കുന്ന ശ്രീയെ വാരിയെടുത്തതുകൊണ്ട് അവൻ ഒരു പ്രാന്തനെ പോലെ അലറി കരഞ്ഞു..
കുറച്ചു സമയങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ… ഐസിയു വിന്റെ മുന്നിൽ നിറകണ്ണുകളുമായി നിൽക്കുകയാണ് കണ്ണൻ..
“ഡാ… നീ ഒന്ന് വിഷമിക്കാതെ ഇരി… തനുവിന് ഒന്നും സംഭവിക്കില്ല… നിന്റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നത് കണ്ടില്ലേ.. വാ ആദ്യം അത് ഡ്രസ്സ് ചെയ്യാം..”
കാർത്തി കണ്ണനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…
“എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലും കുഴപ്പമില്ല.. പക്ഷെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് താങ്ങാൻ പറ്റില്ല… അവനാ ആ സദാശിവൻ… തനുവിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവൻ ജീവനോടെ ഉണ്ടാവില്ല…”
അവന്റെ സങ്കടം ദേഷ്യമായി മാറി..
“നീ ഒന്ന് സമാധാനിക്ക് കണ്ണാ… അവൾക്കൊന്നും വരില്ല… പിന്നെ ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്…”
കാർത്തി കണ്ണന്റെ തോളിൽ കൈവെച്ചു പറഞ്ഞു..
“ആദ്യം ഈ മുറിവൊക്കെ ഒന്ന് ഡ്രസ്സ് ചെയ്യ്…”
അവൻ കണ്ണനെയും കൂട്ടി ക്യാഷ്വാലിറ്റിയിലേക്ക് നടന്നു..
“എന്താ നിനക്ക് പറയാനുള്ളത്..”
“പറയാം.. പക്ഷെ നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്…”
“നീ കാര്യം പറ കാർത്തി…”
“നിങ്ങളെ അപകടപ്പെടുത്താൻ ശ്രമിച്ചത് എം.എൽ.എ സദാശിവനല്ല… ”
“പിന്നെ…”
കണ്ണൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു…
“ലോറി ഡ്രൈവറെ ഞാൻ അറെസ്റ്റ് ചെയ്തു… അവനൊരു വാടക കൊലയാളി മാത്രമാണ്… അവനെ കൊണ്ട് ചെയ്യിപ്പിച്ചത് സദാശിവനല്ല….”
“പിന്നെ… നീയൊന്ന് തെളിച്ചു പറ കാർത്തി..”
തുടരും… (ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അത്‌കൊണ്ടാണ് വൈകുന്നത്. ക്ഷമിക്കുക…)
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹