താദാത്മ്യം : ഭാഗം 42

Spread the love

എഴുത്തുകാരി: മാലിനി വാരിയർ

“സിദ്ധുവേട്ടാ.. ദാ ചായ…” അവന്റെ വാടിയ മുഖം കണ്ടതും മിഥു അവനുള്ള ചായയുമായി അവരുടെ മുറിയിലേക്ക് ചെന്നു. “ഏട്ടന്റെ ഫ്രണ്ടിന് ഇപ്പൊ എങ്ങനയുണ്ട്..” അവൾ ചായ ഗ്ലാസ്‌ അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവനെ നോക്കി.. “ഇപ്പൊ കുഴപ്പമില്ല… അന്ന് ഞാൻ ഇവിടെ നിന്നപ്പോ ഒരാളെ കൂട്ടികൊണ്ട് വന്നില്ലേ..ഓർമ്മയുണ്ടോ..? ” സിദ്ധു ചായ കുടിച്ചുകൊണ്ട് അവളെ നോക്കി.. “അതെ… ഓർമ്മയുണ്ട്.. പക്ഷെ പേര് കിട്ടുന്നില്ല.. കണ്ടാൽ മനസ്സിലാകും.. അയാൾക്ക് എന്ത് പറ്റി..” അവൾ ഓർത്തുകൊണ്ട് മറുപടി പറഞ്ഞു. “ഉം.. അവനാണ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ഉള്ളത്..” “ഈശ്വരാ… അയാളല്ലേ… അന്ന് ഉത്സവത്തിന് നാട്ടിൽ വന്നിരുന്നെന്ന് പറഞ്ഞത്..”

“അതെ… അത് മാത്രമല്ല.. അവനെയാണ് മൃദുല സ്നേഹിക്കുന്നത്.. അവന്റെ പേര് ഋഷി..” സിദ്ധു പറഞ്ഞതും മിഥു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.. “സിദ്ധുവേട്ടൻ എന്താ പറഞ്ഞത്…..” അവൾ വിശ്വസിക്കാനാകാതെ ചോദിച്ചു.. “അതെ… മിഥു.. അവനും അവളെ സ്നേഹിക്കുന്നുണ്ട്..” “ഇല്ല സിദ്ധുവേട്ടാ.. അവൻ മിലുനെ സ്നേഹിച്ചിട്ടൊന്നുമില്ല..അവൻ അവളെ പറ്റിക്കുവായിരുന്നു… ” മിഥു ദേഷ്യത്തോടെ പറഞ്ഞു.. “മിഥു… നീ ദേഷ്യപ്പെടുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകും..പക്ഷെ നിനക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്..ഞാൻ പറയുന്നത് നീ ഒന്ന് സമാധാനത്തോടെ കേൾക്ക്..”

അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.അവൾ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവനെ നോക്കി.. ഋഷി ആദ്യംമുതലേ മൃദുലയെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മിഥു അവനെ ആശ്ചര്യത്തോടെ നോക്കി.. നടന്നതെല്ലാം സിദ്ധു പറഞ്ഞു തീർക്കുന്നത് വരെ മിഥു ക്ഷമയോടെ അവനെ കേട്ടിരുന്നു.. “അപ്പൊ.. ഋഷി മൃദുലയുടെ പ്രണയം നിരസിക്കാൻ ശക്തമായ എന്തോ കാരണമുണ്ട്..അല്ലെ സിദ്ധുവേട്ടാ…” “അതെ മിഥു… ആദ്യം അതെന്താണെന്ന് കണ്ടുപിടിക്കണം.. അവനെക്കാൾ നല്ലൊരു പയ്യനെ നമ്മുടെ മിലുവിന് കിട്ടില്ല..വേറെയാർക്കും നമ്മുടെ മിലുവിനെ സന്തോഷത്തോടെ നോക്കാൻ കഴിയില്ല…” സിദ്ധു പറഞ്ഞതും മിഥുവും അതിന് തലയാട്ടി.

“സത്യസന്ധമായ പ്രണയം ഒരിക്കലും തോറ്റു പോകില്ല.. സിദ്ധുവേട്ടാ..” അവന്റെ വാടിയ മുഖത്തേക്ക് നോക്കി അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.. അവനും അവളുടെ കരത്തിൽ മൃദുലമായ് അമർത്തി. ***** നാളുകൾ വേഗത്തിൽ കടന്നു പോയി, അന്ന് ഋഷിയെ ഡിസ്റ്റാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ട് പോവുകയാണ്.. ഈ ഒരാഴ്ച കാലമായി എന്നും സിദ്ധുവും അവനെ കാണാൻ ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു. സേതു പറഞ്ഞതനുസരിച്ച് ഋഷിയെ കാണാൻ അവന്റെ വീട്ടിലേക്ക് വന്നതാണ് സിദ്ധു. ഋഷി പുഞ്ചിരിയോടെ അവനെ സ്വാഗതം ചെയ്തു..

നടന്നതെല്ലാം അവനോട് ചോദിച്ചറിയാൻ കൂടിയാണ് സിദ്ധു അന്നവിടെ പോയത്. “ഋഷി… എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്…” സിദ്ധു പറഞ്ഞു തുടങ്ങിയതും, “സിദ്ധു എന്നോട് ചോദിക്കാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം.. അത് ഞാൻ സിദ്ധുവിനോട് പറയാൻ ഇരിക്കുവായിരുന്നു…രണ്ട് മാസം മുൻപായിരുന്നു സിദ്ധു ഇതെന്നോട് ചോദിച്ചിരുന്നതെങ്കിൽ ഞാനിത് സിദ്ധുവിനോട് പറയില്ലായിരുന്നു… ഇന്ന് എന്തായാലും ഞാൻ അത് പറയും.. അന്ന് മൃദുലയോട് എന്റെ ഇഷ്ടം പറയാനാണ്.. ഞാൻ ആവേശത്തോടെ ഇറങ്ങിയത്.. പക്ഷെ….” ഋഷി പറഞ്ഞു മുഴുവിക്കും മുന്നേ സിദ്ധുവിന്റെ ഫോൺ ശബ്‌ദിച്ചു.. സിദ്ധു ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി..

“മിഥു…ഞാൻ ഇങ്ങോട്ടേക്കാണ് വന്നിരിക്കുന്നതെന്ന് അവൾക്കറിയമല്ലോ.. പിന്നെന്തിനായിരിക്കും വിളിക്കുന്നേ..” എന്ന് ചിന്തിച്ചുകൊണ്ട്, “ഋഷി ഒരു മിനിറ്റ്..” എന്ന് പറഞ്ഞ് അവൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു. “സിദ്ധുവേട്ടാ… വേഗം വീട്ടിലേക്ക് വാ…” മിഥുവിന്റെ ശബ്ദത്തിൽ ഒരു തരം ഭയം കലർന്നിരുന്നു.. “എന്ത് പറ്റി മിഥു…” സിദ്ധു സംശയത്തോടെ ചോദിച്ചു.. “ഇങ്ങോട്ട് വാ സിദ്ധുവേട്ടാ… പ്രധാനപ്പെട്ട കാര്യമാണ്.. നേരിട്ട് പറയാനുള്ളതാ…സിദ്ധുവേട്ടൻ ഒന്ന് വേഗം വാ..” എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചതും, സിദ്ധുവിന് സംശയം കൂടി.. അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്ന പരിഭ്രമത്തിന്റെ തീവ്രത അവൻ മനസ്സിലാക്കി.

“ഋഷി.. എനിക്ക് അത്യാവശ്യമായി വീട്ടിലേക്ക് പോണം…” സിദ്ധു പരിഭ്രമത്തോടെ പറഞ്ഞതും.. “ശരി സിദ്ധു.. ഇതിനെപ്പറ്റി നമുക്ക് പിന്നെ സംസാരിക്കാം.. സിദ്ധു പോയിട്ട് വാ..” എന്ന് പറഞ്ഞ് അവൻ സിദ്ധുവിനെ പറഞ്ഞയച്ചു.. അടുത്ത പതിനഞ്ച് മിനിറ്റിനുള്ളിൽ സിദ്ധു വീട്ടിൽ എത്തി ചേർന്നു..മഹേന്ദ്രനും ശോഭയും സന്തോഷത്തോടെ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. “വാ… സിദ്ധു… നിന്നെ കാത്തിരിക്കുവായിരുന്നു..ഇരിക്ക്…” മഹേന്ദ്രൻ വിടർന്ന മുഖത്തോടെ അവനെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. സിദ്ധുവും പുഞ്ചിരിയോടെ കസേരയിൽ ഇരുന്നു..

“സിദ്ധു.. ഇന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന ശ്രീറാം, എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. അവന്റെ മോനെ നമ്മുടെ മിലുവിനെ കല്ല്യാണം കഴിച്ചു കൊടുക്കുമോ എന്ന് ചോദിച്ചു.. പയ്യനെ എനിക്ക് ചെറിയ വയസ്സ് മുതലേ അറിയാം.. വളരെ നല്ല പയ്യനാണ്..ഇപ്പൊ ഇവിടെ സ്വന്തമായി ഒരു ബിസ്സ്നെസ്സ് ചെയ്യുവാ..റാം പെട്ടെന്ന് ചോദിച്ചപ്പോ, എനിക്ക് എന്ത് പറയണമെന്ന് അറിയാതെ ഷോക്ക് ആയി പോയി..പക്ഷെ ഇതുപോലൊരു നല്ല ആലോചന കൈവിടാനും മനസ്സ് വന്നില്ല..അതുകൊണ്ട് വീട്ടുകാരോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു.. അതാ മിഥൂനെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ച് നിന്നോട് വേഗം വരാൻ പറഞ്ഞേ..”

മഹേന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞെങ്കിലും സിദ്ധു എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്നു. അവൻ മിഥുനയെ മുഖമുയർത്തി നോക്കി.. അവൾ കണ്ണീർ പൊഴിച്ചുകൊണ്ട് നിസ്സഹായായി അവനെ നോക്കി നിൽക്കുകയാണ്.. “അമ്മാവാ.. ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. ഇത്ര തിരക്ക് പിടിച്ച് മിലുവിന്റെ കല്യാണം നടത്തേണ്ട കാര്യമുണ്ടോ..? ഇപ്പൊ പഠിപ്പ് കഴിഞ്ഞ് അവൾ ജോലിക്ക് പോകാൻ തുടങ്ങിയല്ലേ ഉള്ളൂ.. കുറച്ചു കഴിയട്ടെ അമ്മാവാ..” ഒരു മടിയോടെ ആണെങ്കിലും അവനത് പറഞ്ഞൊപ്പിച്ചു..

“ഞാനും അതാലോചിക്കാതിരുന്നില്ല സിദ്ധു.. പക്ഷെ ശോഭയ്ക്ക് അവളെ ജോലിക്ക് വിടാൻ താല്പര്യമൊന്നുമില്ല.. ഇതാകുമ്പോ പയ്യനും ഇവിടെ അടുത്ത് തന്നെ അല്ലേ എന്നാ നിന്റെ അമ്മായി പറയുന്നേ..പിന്നെ നമുക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധമാണിത്..അതാ ഞാൻ ആലോചിക്കാമെന്ന് വിചാരിക്കുന്നത്..” മഹേന്ദ്രൻ തന്റെ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞപ്പോൾ സിദ്ധുവിന് അതിനെ എതിർക്കാൻ തോന്നിയില്ല.. “ശരി..അമ്മാവാ.. ഒരു വാക്ക് മിലുവിനോട് കൂടി ചോദിക്കാം..

അവൾക്ക് സമ്മതമാണെങ്കിൽ അവരോട് വരാൻ പറയാം..” അവസാന ശ്രമമെന്നോണം സിദ്ധു പറഞ്ഞതും മഹേന്ദ്രൻ അവനെ നോക്കി പുഞ്ചിരിച്ചു.. “എന്റെ മോള് ഒരിക്കലും എന്റെ വാക്കിന് എതിര് പറയില്ല സിദ്ധു..” മഹേന്ദ്രൻ സൗമ്യമായി പറഞ്ഞു.. “അമ്മാവാ.. ഇതവളുടെ കല്യാണക്കാര്യമാണ്… അവളുടെ ഇഷ്ടം അറിഞ്ഞിട്ട് പോരെ ഒരു തീരുമാനമെടുക്കാൻ.. എനിക്ക് വേണ്ടിയെങ്കിലും ഒരു വാക്ക് അവളോട്‌ ചോദിച്ചിട്ട്.. തീരുമാനിക്കാം… അമ്മാവാ…” ഒരപേക്ഷയോടെ സിദ്ധു പറഞ്ഞതും മഹേന്ദ്രനും അത് ശരിവെച്ചു..

തുടരും… എക്‌സാം ആണ്… അത്‌കൊണ്ടാണ് വൈകുന്നത്…

താദാത്മ്യം : ഭാഗം 41

-

-

-

-

-