Friday, January 17, 2025
Novel

തനിയെ : ഭാഗം 11

Angel Kollam

ജിൻസി ലീവിന് വീട്ടിലെത്തുമ്പോൾ ജാൻസി കോളേജിൽ പോയിരിക്കുകയായിരുന്നു. അന്നമ്മയ്ക്ക് ജോലിയില്ലാത്തതിനാൽ വീട്ടിലുണ്ടായിരുന്നു. ജിൻസിയെ കെട്ടിപിടിച്ചു കൊണ്ട് അന്നമ്മ പറഞ്ഞു. “ജാൻസിയും നിന്റെ പപ്പയും തമ്മിൽ എന്നും വഴക്കാണ്. അവൾക്ക് ഭയങ്കര മനപ്രയാസമുണ്ട് ” “അവൾക്ക് ഈ വർഷം കൂടെയല്ലേ കോഴ്സ് ഉള്ളൂ. അത് കഴിയുമ്പോൾ ഞാനവളെ പൂനെയിലേക്ക് കൊണ്ട് പോകാം ”

അഞ്ചു മണി ആകാറായപ്പോൾ നാൻസി സ്കൂളിൽ നിന്നും വന്നു. അവളുടെ പഴയ പ്രസരിപ്പൊന്നും ഇപ്പോൾ മുഖത്തില്ല. ഏത് സമയത്തും ചിന്തയാണെന്നാണ് അമ്മ പറഞ്ഞത്. ജിൻസി തന്റെ കുഞ്ഞനിയത്തിയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. “എന്താ എന്റെ മോൾക്ക് പറ്റിയത്?” “പപ്പാ ഒരിക്കലും നന്നാവില്ലെന്ന് മനസ്സിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അത്കൊണ്ടല്ലേ ഓരോ ദിവസം കഴിയുംതോറും നമ്മുടെ ദുഃഖം ഏറി വരുന്നത് ” “എല്ലാം ശരിയാകും മോളെ ”

“എവിടെ ശരിയാകാനാണ് ചേച്ചി. പപ്പയുടെ സ്വഭാവം മാറത്തില്ല, എനിക്കുറപ്പാണ്. ചേച്ചി നഴ്സിംഗ് പഠിക്കാൻ പോയതിന് ശേഷം, വല്ലപ്പോഴും ഇവിടെ ലീവിന് വരുമ്പോൾ മാത്രം പപ്പയെ സഹിച്ചാൽ മതിയല്ലോ? പക്ഷേ ഞങ്ങളുടെ കാര്യം അതുപോലെയാണോ? സ്ഥിരം ഈ തെറിവിളി കേൾക്കാനല്ലേ ഞങ്ങളുടെ യോഗം?” കോളേജിൽ നിന്നും വന്നപ്പോൾ ജാൻസിയ്ക്കും അതേ ചോദ്യമായിരുന്നു ജിൻസിയോട് ചോദിക്കാനുണ്ടായിരുന്നത്. രണ്ടുപേരുടെയും പരിഭവം കേട്ടതിനു ശേഷം ജിൻസി അവരോട് പറഞ്ഞു.

“നോക്ക്, നമ്മൾ എവിടുന്നാണ് നമ്മുടെ ജീവിതം ആരംഭിച്ചതെന്ന് നിങ്ങൾ മറന്നു പോകരുത്. നമ്മൾ പണ്ട് മരിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് വെറും പത്തു വയസ്സ് മാത്രമായിരുന്നു പ്രായം. മരിക്കാൻ പേടിയാണെന്ന് പറഞ്ഞു ജാൻസി കരഞ്ഞപ്പോളാണ് അമ്മ ആ തീരുമാനം മാറ്റിയത്. നമ്മൾ നശിച്ചു പോകുമെന്നാണ് എല്ലാവരും കരുതിയത്, പക്ഷേ അമ്മയുടെ കഠിനാധ്വാനവും ദൈവകൃപയും കൊണ്ട് മാത്രമാണ് നമ്മൾ ജീവിതത്തിൽ ഇത്രയെങ്കിലും നേടിയത്. തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ അഭിമാനിക്കാനുള്ളത് എന്തൊക്കെ ദൈവം തന്നിട്ടുണ്ട്.

പിന്നെയിപ്പോൾ ആത്മഹത്യയെ പറ്റി ചിന്തിക്കുന്നതെന്തിനാ?” “ചേച്ചി, ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് സത്യം തന്നെയാണ്. പക്ഷേ, അന്നും ഇന്നും പപ്പാ അതുപോലെ തന്നെയാണ് ” “പപ്പയ്ക്ക് മാറ്റമുണ്ടാക്കണമെന്ന് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ, അതിന് പപ്പാ കൂടി മനസ്സ് വയ്ക്കണം ” “എന്നാലും ഈ നശിച്ച ജീവിതത്തിനോട്‌ വെറുപ്പ് തോന്നുവാ ” “മോളെ, തോറ്റു കൊടുക്കാൻ എളുപ്പമാണ്, പക്ഷേ പൊരുതി നേടിയെടുക്കാൻ നല്ല ധൈര്യം വേണം.

ഇതിലും വല്യ പ്രതിസന്ധികളെ തരണം ചെയ്തു വന്നവരല്ലേ നമ്മൾ? പിന്നെന്താ ഇപ്പോൾ നീയിങ്ങനെ തളർന്നു പോകുന്നത്?” “അറിയില്ല ചേച്ചി, മനസ്സിൽ ഭയങ്കര ദുഃഖം ” “നമുക്കൊരു ധ്യാനത്തിന് പോകാം. നിങ്ങളുടെ രണ്ടാളുടെയും മനസിന് കുറച്ചു ആശ്വാസം ലഭിക്കും ” “അമ്മയെ തനിച്ചാക്കി ഞങ്ങൾ എങ്ങോട്ടേക്കും വരുന്നില്ല ” “ഒരു ദിവസത്തെ ധ്യാനത്തിനാണ് നമ്മൾ പോകുന്നത്. രാവിലെ പോയിട്ട്, വൈകിട്ട് തിരികെ വരും.

അത്രയും നേരത്തിനുള്ളിൽ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല ” “ഉം ” അവർ മൂന്നുപേരും കൂടി സഭയുടെ ധ്യാനകേന്ദ്രത്തിൽ പോയി. അവിടത്തെ പ്രഥമ പുരോഹിതൻ ജെയിംസ് എന്ന് പേരുള്ളൊരു സന്യാസി അച്ചനായിരുന്നു. അദേഹത്തിന്റെ ധ്യാനപ്രസംഗം അവർക്ക് മൂന്നുപേർക്കും ഒരുപാട് ആശ്വാസം നൽകി. തിരിച്ചു പോകാൻ വേണ്ടി ബസ് കയറിയപ്പോളും അച്ചന്റെ വാക്കുകൾ ജിൻസിയുടെ കാതുകളിൽ മുഴങ്ങി കേട്ടു. “പാപിയെ വെറുക്കാനല്ല, പാപത്തെ വെറുക്കാനാണ് കർത്താവ് പറഞ്ഞിരിക്കുന്നത്.

ഒരുവൻ പാപം ചെയ്താൽ ആ പാപത്തിൽ നിന്നും അവനെ വിമുക്തനാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് ” പപ്പയോടു മദ്യപാനം നിർത്താൻ തങ്ങളെല്ലാവരും പലയാവർത്തി പറഞ്ഞിട്ടുള്ളതാണ്. ഇതുവരെ തങ്ങളുടെ വാക്ക് കേട്ടിട്ടില്ല. ഇനി ഒരിക്കൽ കൂടി പറഞ്ഞു നോക്കിയാലോ? അതായിരുന്നു ജിൻസിയുടെ മനസ്സിൽ. ധ്യാനം കഴിഞ്ഞു വീട്ടിലെത്തിയതും നാൻസി എല്ലാവരോടുമായി പറഞ്ഞു. “ഞാൻ കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു ” അന്നമ്മയും ജിൻസിയും അമ്പരപ്പോടെ അവളെ നോക്കി.

“നീ എന്താ നാൻസി ഈ പറയുന്നത്?” “ജീവിതത്തിൽ വിവാഹ ജീവിതം മാത്രമല്ല നമുക്ക് സന്തോഷം തരുന്നത്, സന്യാസ ജീവിതവും സന്തോഷം നൽകും. പപ്പയ്ക്ക് നല്ല സ്വഭാവം കിട്ടാൻ വേണ്ടിയാണ് ഞാൻ ഈ തീരുമാനം എടുത്തത് ” “നീ മഠത്തിൽ പോയാലോന്നും പപ്പയുടെ മനസ്സ് മാറുമെന്ന് തോന്നുന്നില്ല ” “എന്തായാലും ഞാനെന്റെ തീരുമാനം മാറ്റുന്നില്ല. പ്ലസ് ടു കഴിയുമ്പോൾ എന്നെ മഠത്തിലാക്കിയാൽ മതി ” നാൻസിയുടെ വാക്കുകൾ കടുത്തതായിരുന്നു. അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

രാത്രിയിൽ, ജോസഫ് ചുവടുറയ്ക്കാതെ കയറി വന്നു. ജിൻസി അയാളോട് സംസാരിക്കാൻ തുനിഞ്ഞെങ്കിലും അന്നമ്മ വിലക്കി. രാവിലെ ജോസഫ് ജോലിക്കിറങ്ങുമ്പോൾ ജിൻസി അയാളുടെ മുന്നിലെത്തി. “പപ്പാ, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ” “ഉം? എന്താ?” “ഈ കള്ള് കുടിച്ചു ബോധമില്ലാതെ നടക്കുന്നതാണോ പപ്പാ ജീവിതം? ഞങ്ങളെ സ്നേഹിച്ചു, ഞങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് പപ്പയ്ക്ക് ആഗ്രഹമില്ലേ?”

ജോസഫ് മറുപടി പറയാതെ മുന്നോട്ട് നടന്നപ്പോൾ ജെയിംസ് അച്ചന്റെ വാക്കുകൾ ജിൻസിയുടെ കാതിൽ വീണ്ടും മുഴങ്ങി. ‘ പാപിയെ സ്നേഹിക്കൂ, പാപത്തെ വെറുക്കൂ ‘. ജിൻസി ജോസെഫിന്റെ പിന്നാലെയെത്തി, അയാളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “പപ്പയെ ഞങ്ങൾക്കിഷ്ടമാണ് പപ്പാ, ഞങ്ങൾക്കും പപ്പയുടെ സ്നേഹം വേണം ” ജിൻസിയുടെ തൊണ്ട ഇടറി, വാക്കുകൾ പുറത്തേക്ക് വന്നില്ല.

ജോസഫ് ഒരുനിമിഷം അമ്പരന്നു പോയി. ജിൻസി വർഷങ്ങളായിട്ട് തന്നോടൊരു വാക്ക് പോലും സംസാരിച്ചിട്ടില്ല. അവളാണിപ്പോൾ തന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചിരിക്കുന്നത്. ജോസഫ് തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് നോക്കി. അവൾ പതിഞ്ഞ ഒച്ചയിൽ സംസാരിക്കുന്നുണ്ട്. “പപ്പാ ഞങ്ങളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്, അതെല്ലാം മദ്യത്തിന്റെ പുറത്തു ചെയ്തതാണെന്ന് ഞങ്ങൾക്കറിയാം. ഇനിയെങ്കിലും പപ്പാ ഞങ്ങളെ സ്നേഹിക്കണം ” ജോസഫ് എല്ലാവരുടെ മുഖത്തേക്ക് നോക്കി. എല്ലാവരുടെയും മുഖത്ത് അപേക്ഷാഭാവം ആയിരുന്നു.

“എനിക്കൊന്നാലോചിക്കണം ” ഇത്രയും പറഞ്ഞിട്ട് അയാൾ പുറത്തേക്ക് പോയി. “നിന്റെ പപ്പയുടെ മനസൊന്നും മാറാൻ പോകുന്നില്ല, ഇനി പപ്പയെ ഉപദേശിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞായിരിക്കും വൈകിട്ടത്തെ തെറിവിളി ” പക്ഷേ അന്ന് വൈകുന്നേരം പതിവിന് വിപരീതമായി ജോസഫ് മദ്യപിക്കാതെയാണ് വീട്ടിലെത്തിയത്. തന്റെ ഇടുപ്പിലിരുന്ന കുപ്പി മേശപുറത്തു വച്ച് കൊണ്ട് ജോസഫ് എല്ലാവരോടുമായി പറഞ്ഞു.

“ഈ കുപ്പി കൂടി കുടിച്ചു കഴിഞ്ഞാൽ ഞാനിനി ഒരു തുള്ളി മദ്യം കൈകൊണ്ടു തൊടത്തില്ല ” എല്ലാവർക്കും അമ്പരപ്പായിരുന്നു. ജോസഫ് വാക്ക് മാറ്റുമെന്ന് ജിൻസിയ്ക്ക് ഉറപ്പായിരിന്നു. അതുകൊണ്ട് അവൾ ബുദ്ധിപൂർവം അവനോട് ചോദിച്ചു. “പപ്പാ നമുക്ക് കുടി നിർത്താനുള്ള ഇൻജെക്ഷൻ എടുത്താലോ?” ജോസഫ് ഒരുനിമിഷം ആലോചനയോടെ ഇരുന്നിട്ട് പിന്നെയതും സമ്മതിച്ചു. പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ജോസെഫിനെ വാളകത്തുള്ള ഡീ അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്തു.

ഒരു മാസത്തെ ട്രീറ്റ്മെന്റിന് വേണ്ടി മുപ്പത്തിനായിരം രൂപ ചിലവാകുമായിരുന്നു. അന്നമ്മ വട്ടമെത്താറായ ഒരു ചിട്ടി മുൻകൂട്ടി തരണമെന്ന് ലില്ലിയോട് പറഞ്ഞപ്പോൾ, ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ലില്ലി പൈസ കൊടുത്തു. പത്തു ദിവസത്തെ ലീവ് കഴിഞ്ഞപ്പോൾ ജിൻസി തിരിച്ചു പൂനെയിലേക്ക് പോയി. ഇത്തവണ ലീവ് കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ ജിൻസിയ്ക്ക് കൂട്ടുകാരോട് പറയാൻ ഒരു സന്തോഷവാർത്ത ഉണ്ടായിരുന്നു.

ജിൻസിയുടെ സന്തോഷത്തിൽ ടിന്റുവും എയ്ഞ്ചലും പങ്ക് ചേർന്നു. ഒരു മാസത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞു ജോസഫ് തിരികെ വന്നു. ഇനി രണ്ടു മാസം കൂടി മരുന്ന് കഴിക്കണം. ജോസഫ് ഇനിയും കൂട്ടുകാരോടൊപ്പം ചേർന്നാൽ പഴയ സ്വഭാവത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അന്നമ്മ അയാളുടെ കൂട്ടുകാരെ വീട്ടിലേക്ക് വരുന്നത് വിലക്കി. മരുന്ന് കഴിയുന്നത് വരെ ജോസഫ് ജോലിക്കും പോയില്ല. അന്നമ്മ ജോലിക്ക് പോയി കിട്ടുന്ന പൈസയ്ക്കാണ് അയാൾക്ക് കൂടി ചിലവിന് കൊടുത്തത്.

ഏകദേശം ആറു മാസം കടന്നു പോയി. നാൻസിയുടെ പ്ലസ് ടു പരീക്ഷ കഴിഞ്ഞു. അവളുടെ ആഗ്രഹപ്രകാരം അവൾ മഠത്തിൽ ചേർന്നു. ജാൻസിയുടെ പഠനവും കഴിഞ്ഞു, അവൾ ടൗണിലെ ഹോസ്പിറ്റലിൽ ലാബ് ടെക്‌നിഷ്യനായി ജോലിക്ക് ചേർന്നു. ജിൻസിയ്ക്ക് ചെറിയ ഒരു തുകയാണ് ശമ്പളം കിട്ടുന്നത്, അതുകൊണ്ട് വിദ്യാഭ്യാസലോണിന്റെ അടവുകൾ കൃത്യമായി അടയ്ക്കുന്നുണ്ട്. അടുത്ത തവണ ലീവിന് വരുമ്പോൾ മദ്യപിക്കാതെ നിൽക്കുന്ന ജോസെഫിനെ കണ്ടപ്പോൾ ജിൻസിയ്ക്ക് ഒരുപാട് സന്തോഷം തോന്നി.

തങ്ങളുടെ ജീവിതത്തിൽ ഇനി സന്തോഷം മാത്രമായിരിക്കുമെന്ന് ആ അമ്മയും മക്കളും ചിന്തിച്ചു. പക്ഷേ ആ സന്തോഷത്തിന് ഈ ആറുമാസത്തെ കാലാവധി മാത്രമേ ഉള്ളൂവെന്ന് വൈകാതെ അവർ തിരിച്ചറിഞ്ഞു. ഒരുദിവസം രാത്രിയിൽ ജോലി കഴിഞ്ഞെത്തിയ ജോസഫ് ബോധരഹിതനായി നിലത്ത് വീണു. അന്നമ്മ പെട്ടന്ന് തന്നെ ഓടിപ്പോയി വണ്ടി വിളിച്ചു കൊണ്ട് വന്നു. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴിയ്ക്ക് കാറിൽ വച്ച് ജോസെഫിന് ഫിറ്റ്സ് വന്നു. ഒരു നേഴ്സ് ആയത് കൊണ്ട് പെട്ടന്ന് തന്നെ ജിൻസിയ്ക്ക് കാര്യം മനസിലായി.

ജോസെഫിന് എന്തോ അപകടം സംഭവിച്ചെന്ന് കരുതി കരയുന്ന അന്നമ്മയുടെ മുഖത്തേക്ക് ജിൻസി സഹതാപത്തോടെ നോക്കി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ജോസെഫിനെ പരിശോധിച്ചിട്ട് ഡോക്ടർ അന്നമ്മയോടും മക്കളോടുമായി പറഞ്ഞു. “മദ്യപാനം നിർത്താനുള്ള മെഡിസിൻ എടുത്തതിനു ശേഷം വീണ്ടും മദ്യപിച്ചപ്പോൾ ശരീരം പ്രതികരിച്ചതാണ്. ഇനിയിപ്പോൾ ഇടയ്ക്കിടെ ഇങ്ങനെ വരാൻ സാധ്യതയുണ്ട് ”

അന്നമ്മയുടെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. തങ്ങളുടെ ജീവിതം വീണ്ടും ഇരുളടഞ്ഞത് അവർ തിരിച്ചറിഞ്ഞു. ജോസഫ് വീണ്ടും പഴയതിനേക്കാൾ കൂടുതൽ മദ്യപിക്കാൻ തുടങ്ങി. ഭ്രാന്തമായി ഓരോന്ന് കാട്ടി കൂട്ടാൻ തുടങ്ങി. അന്നമ്മ അപ്പോളും അയാളെ ചികിൽസിക്കാൻ വേണ്ടി വാങ്ങിയ ചിട്ടിയുടെ കടം വീട്ടിക്കഴിഞ്ഞിട്ടില്ലായിരുന്നു. ജീവിതത്തിലെ പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അന്നമ്മയ്ക്കും മക്കൾക്കും മനസിലായി, തോറ്റു കൊടുക്കാനല്ലായിരുന്നു പൊരുതി ജയിക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.

ജോസപ്പും അന്നമ്മയും തമ്മിലുള്ള വഴക്ക് വീണ്ടും വീട്ടിലെ നിത്യസംഭവമായി. ജീവിതത്തിൽ ഒറ്റപ്പെടുന്നതിന്റെ നൊമ്പരം ജാൻസിയെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. ജാൻസിയുടെ മാനസികാവസ്ഥ ജിൻസി മനസിലാക്കി. അവൾ ഒറ്റയ്ക്കാണെന്നുള്ള തോന്നൽ ഇല്ലാതാക്കുകയാണ് വേണ്ടത്, അതിനു വേണ്ടി എന്ത് ചെയ്യണമെന്ന് ജിൻസി ആലോചിക്കാൻ തുടങ്ങി.

തുടരും.. 

തനിയെ : ഭാഗം 10