Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 7

നോവൽ: ഇസ സാം


ഞാൻ വീണ്ടും ആ വരികൾ വായിച്ചു….. ഓരോതവണ വായിക്കുമ്പോഴും എബിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു…. നെഞ്ചിൽ ഒരു കുളിര്….അതാണോ പ്രണയം….എബി ആയിരിക്കുമോ….. ഞാൻ ജനാലയിൽ കൂടെ പുറത്തേക്കു നോക്കി.

കാര്യമില്ലാട്ടോ…സാന്ദ്രയുടെ കോട്ടയുടെ കവാടം അങ്ങ് ദൂരെയാണ്…ഞാനിവിടന്നു ജനാലയിൽ കൂടെ നോക്കിയാലും ഒരു വലിയ ഗേറ്റ് മാത്രമേ കാണാറുള്ളു…മിക്കവാറും എബി പോസ്റ്റ് ബോക്സിൽ വെച്ചിട്ടുണ്ടാകും ..അവിടെ നിന്നും ജോസഫേട്ടൻ എടുത്ത ഈ പൂക്കൾ….എബിയോ…..? എബി ആയിരിക്കുമോ?

എന്നെ പറ്റിക്കാൻ ആരെങ്കിലും ചെയ്തതായി കൂടെ……എങ്കിൽ പിന്നെ ഞാനിങ്ങനെ തളിരിതയാകേണ്ട കാര്യമുണ്ടോ…….എന്തായാലും ഞാൻ ഈ കാർഡ് സൂക്ഷിച്ചു വെക്കും…….ഒരു സുഖം….സാന്ദ്രയ്ക്ക് വേണ്ടി ഈ അക്ഷരങ്ങൾ കുറിയ്ക്കാൻ തോന്നിയത് ആരായാലും ഒരുപാട് നന്ദി…… ഒരു കുളിരുണ്ടേ…..അതിങ്ങനെ ഇരിക്കട്ടെ….പ്രത്യേകിച്ചും എബി ആയിരിക്കുമോ എന്ന ചിന്ത പോലും എനിക്ക് ചുറ്റും ഒരായിരം മിന്നാമിനുങ്ങുകൾ തന്നു….

ആ സന്തോഷം കെടുത്താൻ തയ്യാറായില്ല……. എന്നാലും എബിക്കു എന്നോട് അങ്ങനെ ഉണ്ടാവുമോ…ഇല്ലാ തോന്നലാ…ഇത് ആ വായിനോക്കി ചെക്കന്മാർ ആരെങ്കിലും ആവും… എന്റെ ഓരോ ഭ്രാന്ത്…ഞാൻ തന്നെ മിന്നാമിനുങ്ങുകളെ തിരിച്ചു പറഞ്ഞു വിട്ടു… അല്ല പിന്നെ….

പക്ഷെ ബൈബിൾ വചനങ്ങൾ എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു….പള്ളിയിലും…കെമിസ്ട്രി ലാബിലും…ക്‌ളാസ്സിലും….ഒക്കെ…അവസാനത്തേത് എന്റെ മമ്മയുടെ കല്ലറയിലായിരുന്നു…….കുറച്ചു പൂക്കളും ഒരു കാർഡും…

“എന്റെ സാൻട്രയ്ക്ക്…….

നീ എന്നെ ഒരു തികഞ്ഞ മതവിശ്വാസിയാക്കി മാറ്റി…ഇങ്ങനെ പോയാൽ ഞാൻ ഒരു വൈദികനാവുകയേ ഉള്ളൂ……. ദൈവം കൽപ്പിച്ച ഇണകൾ ഞാനും നീയുമാണെങ്കിൽ തീർച്ചയായും നിനക്ക് എന്നിൽ എത്താൻ കഴിയും……

ഇത് എന്റെ അവസാന വചനമാണ്…… നോക്കുക…..
സുഭാഷിതങ്ങൾ 24 :26

നിന്റെ മാത്രം………………………………..”
ആ വരികൾ എന്നിൽ നിറച്ച പ്രണയം താങ്ങാൻ കഴിയാതെ എന്റെ ഹൃദയം വിങ്ങി. ഞാൻ ആ പൂക്കളെ നെഞ്ചോടു ചേർത്തു…… ഞാനാ പൂക്കളിലേക്കു നോക്കി…ഇത് ഒരു പ്രത്യേക ഇനം പൂവാണ്…പള്ളിയുടെ അപ്പുറത്തായുള്ള ഒരു വീട്ടിൽ ഈ പൂക്കൾ ഉണ്ട് …റോഡിലേക്ക് ചാഞ്ഞു കിടക്കാറുണ്ട്…..ഞാൻ വേഗം അവിടേക്കോടി……

ആ പൂക്കൾ തന്നെയാണിതും ഞാൻ ചുറ്റും നോക്കി …അകത്തേക്ക് കടന്നു…ശെരിയാണ് എനിക്ക് വെച്ച പൂക്കൾ എല്ലാം ആ വീട്ടിൽ നിന്നായിരുന്നു…ഞാൻ വേഗം ബെൽ അടിച്ചു…കുറച്ചു കഴിഞ്ഞു ഒരപ്പാപ്പൻ ഇറങ്ങി വന്നു…പുള്ളി അവിടെ ഒറ്റക്ക താമസം എന്നും ആരും പൂ പറിക്കാൻ വന്നിട്ടില്ല എന്നും പറഞ്ഞു…ഞാൻ നിരാശയോടെ മടങ്ങി…… ആ വചനങ്ങൾ എന്തായിരിക്കും
എന്നറിയാൻ എനിക്കാകാംശയായി…

ഒപ്പം എന്റെ മനസ്സു മുഴുവൻ എബി ആയിരുന്നു…തിരിച്ചു നടക്കുന്ന വഴികളും ചുറ്റും ഞാൻ അവനെ അന്വേഷിച്ചു കൊണ്ടേയിരുന്നു….ഞാൻ വേഗം വീട്ടിലേക്കു ചെന്ന്..എന്റെ ഓട്ടം കണ്ടിട്ട് ജോസഫേട്ടൻ വേഗം വഴിമാറി….ഞാൻ പുള്ളിയെ ഇടിച്ചു ഇട്ടെങ്കിലോ….എന്ന്
പേടിച്ചു….അപ്പൻ അന്തം വിട്ടു നോക്കി…..ഞാൻ വേഗം മുറിയിലെത്തി ബൈബിൾ എടുത്തു നോക്കി….
“സത്യസന്ധമായ ഉത്തരം നൽകുന്നത് ചുംബനം നൽകുന്നത് പോലെയാണ്”
സുഭാഷിതങ്ങൾ 24 :26

പലയാവർത്തി വായിച്ചു…..ആ വരികളിൽ എന്തോ ഒളിഞ്ഞു കിടപ്പില്ലേ….. “ദൈവം കൽപ്പിച്ച ഇണകൾ ഞാനും നീയുമാണെങ്കിൽ തീർച്ചയായും നിനക്ക് എന്നിൽ എത്താൻ കഴിയും……”
അതിനർത്ഥം ഞാൻ കണ്ടു പിടിക്കണം എന്നല്ലേ……..

“സത്യസന്ധമായ ഉത്തരം നൽകുന്നത് ചുംബനം നൽകുന്നത് പോലെയാണ്” അതിനര്ഥം ഞാൻ ഉമ്മ കൊടുക്കണം എന്നാണോ…അയ്യടാ …….ഇത് എബിയൊന്നുമായിരിക്കില്ല….അവനിങ്ങനെ ചോദിക്കുമോ……സാൻഡി നീ വെറുതെ കാടുകയറേണ്ട… ചുംബനം പോലെ മൃദലമാണ് സത്യസന്ധമായ ഉത്തരം എന്നാണു… നീ ആളെ കണ്ടു പിടിച്ചു ഇഷ്ടമാണോ ഇല്ലയോ എന്ന് പറയുക അത്രേയുള്ളു….
എന്റെ മനസ്സിൽ എബി തെളിഞ്ഞു തെളിഞ്ഞു വന്നു….

ആ നിമിഷം അത് മായുകയും ചെയ്‌തു ….. എന്തിനാ എബിയെ തന്നെ വിചാരിക്കുന്നേ മറ്റാരെങ്കിലു ആയിക്കൂടെ….എനിക്ക് എബിയെ മതി മാതാവേ…..
എനിക്കൊന്നും കണ്ടു പിടിക്കാനൊന്നും പറ്റിയില്ല… അല്ല ഞാൻ ശ്രമിച്ചില്ല….. എനിക്കതു എബി തന്നതാണ് എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം……

ആ വിശ്വാസം തന്നിരുന്ന ആനന്ദവും കുളിരും ആവേശവും ആ
പ്രണയവും ഒന്നും കളയാൻ ഞാൻ ആഗ്രഹിച്ചില്ല…. എബിയും മാറിയിരുന്നു…ലാബിൽ എന്നോടൊപ്പം വന്നു നിന്ന് അവൻ ചെയ്യാറുണ്ടായിരുന്നു…

കുഞ്ഞു തമാശകൾ ഒക്കെ എന്നോട് പറയുമായിരുന്നു…ചില ദിവസങ്ങളിൽ ക്‌ളാസ് കഴിഞ്ഞു എന്നെ കാത്തു നിൽക്കാറുണ്ടായിരുന്നു….ഒരു പ്രത്യേകതയുമില്ലാത്ത ഒരു
സാധാരണ പെൺകുട്ടിയെ ക്ലാസ്സിലെ തന്നെ ഏറ്റവും സുന്ദരൻ കാത്തു നിൽക്കുക എന്നത് എന്റെ
ക്ലാസ്സിലെ സുന്ദരിമാർക്ക് ഒക്കെ ക്ഷീണമായിരുന്നു…

എബി അടുത്ത് വരുമ്പോഴൊക്കെ എനിക്ക് ഒരു വിറയലും വാക്കുകൾക്കു ക്ഷാമവും ആണ്…പൊതുവേ ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല….. എബി അങ്ങനല്ലാട്ടോ……പക്ഷേ അധികവും അവന്റേതായ ഒരു ശൈലിയാണ്….. അവന്റെ തമാശകളോ ഒക്കെ എനിക്ക് പതുക്കെ ചിരി വരാറുള്ളൂ….അപ്പൊ പറയും…
“നീ ഒരു ട്യൂബലൈട് ആണല്ലേ ……..”

“കുറച്ചു……” ഞാൻ ചമ്മലോടെ പറയും…അപ്പോൾ അവൻ ചിരിച്ചു കൊണ്ട് തലയാട്ടി പറയും “നമ്മുക്ക് ശെരിയാക്കാം…ചന്ദ്രി ..”

“നീ എന്തിനാ എന്നെ ചന്ദ്രി എന്ന് വിളിക്കുന്നേ……. പിന്നെ പറയാം എന്ന് മാത്രം പറയണ്ടാ…….?” ഞാനാണ്…..
അവൻ ചിരിച്ചു…….”ഞാൻ പറയാം…..പക്ഷേ …..നീ പിണങ്ങരുത്……”
“ഇല്ല….നീ പറ…….” ഞാൻ ചിരിയടക്കി……

“ഉറപ്പാണല്ലോ……..” അവൻ വീണ്ടും ചോദിച്ചു…..

“മ്മ്……….ഉറപ്പു……” ഞാൻ പറഞ്ഞു.

“അത് പിന്നെ….പണ്ട് നീ എന്നെ ചീത്ത പറഞ്ഞില്ലേ നിന്റെ അമ്മയുടെ …….. ഈ സാൻട്ര എന്ന പേരിനോട് തന്നെ എനിക്ക് വെറുപ്പ് തോന്നി…അങ്ങനെ ഞാൻ എന്റെ മനസ്സിൽ നിനിക്കിട്ട പേരാട്ടോ …….ഈ ചന്ദ്രി…….എന്ന ……പേര്………” അവൻ വിക്കി വിക്കി പറഞ്ഞു……

“അയ്യടാ എന്താ നിഷ്‌കു ‌ ഭാവം……….എന്റെ നിറം വെച്ച് നീയിട്ട പേരല്ലെടാ…… ” ഞാൻ അവന്റെ മുഖത്തു നോക്കി ചോദിച്ചു….നല്ല വിളറി വെളുത്ത മുഖം ഞാൻ അങ്ങ് ഒപ്പി എടുത്തു മനസ്സിൽ…..
എന്നെ നോക്കി ഇളിച്ചു……. “മനസ്സിലായി ലേ……….”

ഞാൻ ചിരിച്ചു പോയി…… ദിവസങ്ങൾ കടന്നു പോയി… അവനു ബീഫ് ഒക്കെ ഒരുപാടിഷ്ടാണ്……. ഞാൻ അവനും കൂടി വേണ്ടി ടിഫ്ഫിൻ കൊണ്ട് പോകാൻ തുടങ്ങി… പിന്നെ ബൈബിൾ വചനങ്ങലും പ്രണയ പുഷ്പ്പങ്ങളും സമ്മാനിച്ചത് അവനാണോ എന്നറിയാൻ ഞാൻ ഒന്ന് രണ്ടു തവണ ചൂണ്ട ഇട്ടെങ്കിലും അവൻ അതിലൊന്നും കൊത്തീല…

എങ്കിലും ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു….ചിലപ്പോഴൊക്കെ അവന്റെ കണ്ണുകളിൽ എനിക്ക് പ്രണയം കാണാൻ കഴിഞ്ഞിരുന്നു….ആ നിമിഷങ്ങൾ എന്റെ ഹൃദയവും മനസ്സും പ്രണയത്താൽ നിറഞ്ഞു …….

അങ്ങനെ ഞങ്ങളുടെ വിനോദയാത്രയും വന്നെത്തി…തൊട്ടടുത്തുള്ള മൂന്നാറും വീഗാലാൻഡുമായിരുന്നു……അപ്പൻ ഇലാതെ ഞാൻ ആദ്യമായി ഒറ്റയ്ക്ക് പോവുന്നു…എനിക്ക് എന്തോ ഒരു ഭയം നിറഞ്ഞിരുന്നു…എവിടെയും എപ്പോഴും പുറകിൽ അപ്പനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു…
“ഞാൻ പോണോ അപ്പ……….” ഞാനാണ്…..

“പിന്നെ .പോവാണ്ട്………പോണം…….” അപ്പനാണേ
“അപ്പനും കൂടെ വരുമോ………. നമ്മുടെ കാറിൽ…..” ഞാൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു……

“അത് കൊള്ളാലോ……..എന്നിട്ടു വേണം പിള്ളേര് വല്ല കുരുത്തക്കേട് കാണിക്കുമ്പോ…ഞാൻ സമാധാനം പറയാൻ……” അപ്പൻ ചിരിയോടെ പറഞ്ഞു…..

“ഞാനെങ്ങും പോണില്ല……” ഞാൻ കെറുവോടെ പറഞ്ഞു.

“സാൻഡി……എല്ലായ്പ്പൊഴും അപ്പൻ ഉണ്ടാവില്ല……. സാൻഡി ഒറ്റയ്ക്ക് വേണം ലോകം കാണാൻ…….രണ്ടു ദിവസം അല്ലേ …മോൾ പോയിട്ട് വാ… നീയില്ലാതെ ഞാനും ഒന്ന് അടിച്ചു പൊളിക്കട്ടെ……..” അപ്പൻ ഒരു കണ്ണടച്ച് പറഞ്ഞു…പക്ഷേ എനിക്കധികം സന്തോഷം ഒന്നും വന്നില്ല…

അപ്പൻ കാശ് തന്നിട്ടും ഞാൻ ടൂറിനു പേരുകൊടുത്തില്ല……..ഞാനൊഴികെ എല്ലാപേരും പേര് കൊടുത്തു……അന്ന് എന്നെ കാത്തു എബി നിൽപ്പുണ്ട്…….

“നീ എന്താ സാൻട്ര ടൂറിനു പേര് കൊടുക്കാത്തെ……..? അപ്പൻ വിട്ടില്ലേ?” അവൻ ചോദിച്ചു…..
“അപ്പനൊക്കെ എപ്പോഴേ വിട്ടു……..പക്ഷേ എനിക്കെന്തോ അപ്പനില്ലാതെ………? ”
“പേടിയാ…….” എബി കളിയാക്കി ചോദിച്ചു.

“കുറച്ചു അതും ഉണ്ട്. അപ്പനില്ലാതെ ഞാനെങ്ങും പോയിട്ടില്ല…അപ്പനാണു എന്റെ ഏറ്റവും വലിയ കൂട്ടുകാരനും….എന്റെ വീടിന്റെ പേര് കണ്ടോ ……അപ്പന്റെ മനസ്സിൽ ഞാൻ അപ്പന്റെ രാജ്‌കുമാരിയ ….”

“ഹ…ഹ…. എന്റെ അപ്പന്റെ കണ്ണിൽ ഞാൻ ഒരു കരടാ…….. ക്ഷെണിക്കപ്പെടാതെ വന്നവൻ……..”
അത് പറയുമ്പോ അവന്റെ ശബ്ദം ഇടറിയിരുന്നു……

“അതിനു എന്ന…..നിന്റെ മമ്മയ്ക്കു നീ രാജകുമാരനല്ലേ……?” ഞാൻ പറഞ്ഞു.. അവൻ എന്നെ ഞെട്ടി ഒന്ന് നോക്കി……

“അതു ശെരിയാ……. അപ്പൊ എങ്ങനാ ….ടൂറിനു വരുവല്ലേ……?” ഞാൻ ഒന്ന് നിന്നു. അവനെ നോക്കി….
“ക്ലാസ് ഒക്കെ തീരാൻ പോവല്ലേ……. അടുത്ത മാസം സ്റ്റഡി ലീവ് തുടങ്ങും പിന്നെ പരീക്ഷ എൻട്രൻസ്….. പിന്നെപ്പോഴാ…….. പോര് കൊച്ചേ…..

നമുക്ക് പൊളിക്കാമെന്നേ…… ” അവൻ എന്നെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു… എന്നിലും വിടർന്നു ഒരു ചിരി…… അവന്റെ കണ്ണുകളിൽ എനിക്കെപ്പോഴും അപ്പന്റെ സ്നേഹം കരുതൽ ധൈര്യം ഒക്കെ അനുഭവപ്പെടും.

പിന്നെല്ലാം പെട്ടന്നായിരുന്നു… അപ്പൻ കട്ടയ്ക്കു നിന്നിട്ടു പോവുന്ന ദിവസം രാവിലെ ലേശം ശോകം……..
“ദേ…അപ്പ……ഇതാണ് ഞാൻ പറഞ്ഞെ…….പോവുന്നില്ല…എന്ന്…..”

“ഇത് എന്ന മാത്യുച്ചായ……. ഒരു രണ്ടു ദിവസത്തെ കാര്യത്തിനാ………. ” ജോസഫ് അങ്കിളും കൂടെ പറഞ്ഞപ്പോൾ അപ്പൻ അങ്ങ് ഉഷാറായി….. ബാഗ് എടുക്കുന്നു…വണ്ടി എടുക്കുന്നു…. വേണ്ട പുകില്…. ഇനി എന്നെ കേറ്റാണ്ടു അപ്പനങ് പോവുമോ എന്ന് പേടിച്ചു ഞാനങ്ങു ഓടി കയറി.

അപ്പൻ എന്നെ വിട്ടിട്ടു പോയി… എബി ആണ്കുട്ടികളോടൊപ്പം നിൽപ്പുണ്ടായിരുന്നു…എന്നെ കണ്ടു കണ്ണ് ചിമ്മി…ഞാനും….

ആൺകുട്ടികൾ പിന്നിലും പെൺകുട്ടികൾ മുന്നിലുമായി യാത്ര ആരംഭിച്ചു… പിന്നെ ബസ് ഒക്കെ എബിയുടെ ചേട്ടനമാരുടെയായിരുന്നു…അതുകൊണ്ടു തന്നെ ഡ്രൈവറും സഹായിയും ഒക്കെ എബിയുടെ കൂട്ടുകാരായിരുന്നു…

ആൺകുട്ടികൾ രഹസ്യമായി എന്തോ പണി ഒപ്പിക്കുന്നതു എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നു… എബിയാണ് മുന്നിൽ…..എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല…എബിയെ ഒറ്റയ്ക്ക് കാണുമ്പോൾ ചോദിക്കണം എന്ന് കരുതി.

ആദ്യ ദിവസം മൂന്നാറായിരുന്നു…നേരത്തെ എത്തി…സ്ഥലങ്ങൾ ഒക്കെ കണ്ടു..എബി പലതവണ എന്റെ അടുത്ത് വന്നെങ്കിലും കുട്ടികളും ടീച്ചറും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് അധികം സംസാരിച്ചില്ല.

വൈകിട്ടോടെ ഞങ്ങൾ ഹോട്ടലിൽ എത്തി…….ചെറിയ ചെറിയ വീടുകൾ …ഒരോ വീടും ഈ രണ്ടു മുറികൾ ആയിരുന്നു…ഒരു മുറിയിൽ നാല് പേര് അങ്ങനെയായിരുന്നു. എല്ലാരും ഫ്രഷ് ആയി ക്യാംഫയറിനു എട്ടു മണിക്ക് എത്തണം എന്ന് ടീച്ചർ പറഞ്ഞിരുന്നു….

ഞാൻ ആദ്യം തയ്യറായി പുറത്തേക്കിറങ്ങി…. ഒരു യെൽലോ ലോങ്ങ് ഫ്രോക്കും ഒരു സ്കാർഫും ആയിരുന്ന ഞാൻ ഇട്ടിരുന്നത്…മുടി അഴിച്ചിട്ടു….പിന്നെ ഒരുപാട് സൗന്ദര്യം ഒന്നുമില്ലാത്തതു കൊണ്ട് അവളുമാരെ പോലെ ഒരുങ്ങാൻ എനിക്കധികം സമയം ഒന്നും വേണ്ടിയിരുന്നില്ല……

ഞാൻ പുറത്തേക്കിറങ്ങി പതുക്കെ നടക്കാൻ തുടങ്ങി…ഒരോ വീടുകളും ഒരോ തട്ടായി തിരിച്ചിരുന്നു…ഇരു വശങ്ങളിലും പൂക്കളും…. ഞാൻ ആ പൂക്കളിൽ തഴുകി നടക്കുകയായിരുന്നു…പെട്ടന്ന് എന്റെ മുന്നിലേക്ക് എബി ഓടി വന്നു എന്റെ കയ്യും പിടിച്ചു താഴേക്കിറങ്ങി……

“എബി…എവിടാ പോവുന്നെ….” അവൻ എന്നെയും കൊണ്ട് ഒന്നു രണ്ടു തട്ട് താഴേ ഒരു കോർട്ടേഴ്സിന്റെ മറവിൽ കൊണ്ട് നിർത്തി…… എന്റെ ഇരു വശത്തും കൈകൾ വെചചു നിൽപ്പുണ്ട്…… എന്നെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ നിറച്ചും പ്രണയമായിരുന്നു…..

“എന്താ എബി…… എന്തിനാ.. ഇവിടെ…..?” ഞാൻ വിക്കി വിക്കി ചോദിച്ചു……. ഇത്രയും അടുത്ത് ഇങ്ങനെ ഞാൻ നിന്നിട്ടില്ലായിരുന്നു…… അവൻ ഒരു ചിരിയോടെ എന്നെ നോക്കി…….ഇടതു കൈകൊണ്ടു എന്റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ അവൻ .മാറ്റി……

“സാൻഡ്രസ് കാസിലിൽ രാജകുമാരൻ ഒന്നും വേണ്ടേ…….” എബിയാണ്…..

അവന്റെ മുഖവും സംസാരവും എന്നെ സന്തോഷിപ്പിക്കേണ്ടതാണ്…പക്ഷേ അവൻ സംസാരിച്ചപ്പോഴും എല്ലാം മദ്യത്തിന്റെ ഗന്ധമായിരുന്നു…അത് എന്നെ അസ്വസ്ഥതപ്പെടുത്തി…

ഞാൻ ചുറ്റും നോക്കി…..ആരുമില്ല.അപ്പൊ എബിയായിരുന്നു…..ഞാൻ അവന്റെ അടുത്തേക്ക് ചേർന്ന് നിന്ന് മണത്തു നോക്കി……
“നീ കുടിച്ചിട്ടുണ്ടോ…എബി…?.”

അവൻ എന്നെ നോക്കി കണ്ണ് ചിമ്മി…….,”കുറച്ചു ….ബിയർ…. ആണ്…..”

ഞാൻ അവനെ തള്ളി നീക്കി……..”ഞാൻ പോവുന്നു എബി…….ഐ ഡോണ്ട് ലൈക് ദിസ് സ്മെൽ….”

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു….പക്ഷേ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ എബി ബലമായി എന്റെ കയ്യിൽ പിടിച്ചു എന്നെ അവന്റെ നെഞ്ചോടെ ചേർത്ത് നിർത്തി … എന്റെ അധരങ്ങൾ കവർന്നു എടുത്തു. ഞാൻ എത്ര ശക്തിയോടെ തള്ളിയിട്ടും അവൻ അടർന്നുമാറാൻ തയ്യാറല്ലായിരുന്നു….എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…

ഒടുവിൽ ഞങ്ങൾ രണ്ടുപേർക്കും ശ്വാസം മുട്ടിയപ്പോളാണ് അവൻ എന്നിൽ നിന്ന് അടർന്നതു……ഞാനും അവനും ആഞ്ഞു ശ്വാസം വലിച്ചു…എനിക്ക് എന്റെ മനസ്സ് എന്റെ കയ്യിൽനിന്നു പോയിരുന്നു……ഞാൻ കൈ വീശി അവന്റെ മുഖത്തു അടിച്ചു…ഒന്നല്ല…പല തവണ…..അവൻ കണ്ണടച്ചു നിന്നതല്ലാതെ ഒരിക്കൽ പോലും എതിർത്തില്ല……പക്ഷേ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

“സാൻട്ര……….” അതൊരു അലർച്ചയായിരുന്നു…..ഞങ്ങളുടെ ടീച്ചറും ബാക്കി കുട്ടികളും എല്ലാരും ഉണ്ടായിരുന്നു…ഇവരെ എല്ലാപേരെയും വിളിച്ചു കൊണ്ട് വന്നത് മറ്റാരുമല്ല നമ്മുടെ സദാചാര പൗര ശാലിനി…… ഞാൻ ഞെട്ടി തകർന്നു പോയിരുന്നു…എനിക്കവരുടെ മുഖത്തേക്കു നോക്കാൻ തന്നെ കഴിഞ്ഞില്ല…….ഞാൻ എബിയെ നോക്കി…..

അവൻ ആ ശാലിനിയെ ഇപ്പൊ കൊല്ലും എന്ന ഭാവത്തിൽ നിൽപ്പുണ്ട്……. എന്റെ കണ്ണിൽ ധാര ധാരയായി വെള്ളം വന്നു കൊണ്ടിരുന്നു…..എനിക്ക് അപ്പനെ ഓർമ്മ വന്നു… ഞാനൊരിക്കലും എബിയിൽ നിന്നിതു പ്രതീക്ഷിച്ചില്ല…എന്റെ പ്രണയത്തിനു ഇങ്ങനെ ഒരു ദയനീയ മുഖം…….

“വാട്ട് ഈസ് ദിസ് സാൻട്ര……. ഇവിടെ എന്താ നടക്കുന്നേ……?”

എനിക്ക് ശബ്ദം ..ഉണ്ടായിരുന്നില്ല…… “മിണ്ടാതെ നിൽക്കുന്നു? ആൻസർ മി .”

“മറ്റു പെൺകുട്ടികളോടൊപ്പം പോകാതെ നീ എന്തിനാ ഇവിടെ വന്നത്……? ആൻസർ മി……? ”

എല്ലാ കണ്ണുകളും എന്നിലായിരുന്നു……ഞാൻ എന്ത് പറയും…എന്റെ അപ്പനെ ഇപ്പൊ വിളിച്ചു അറിയിക്കുമോ…അപ്പൻ വിഷമിക്കില്ലേ….. ഇവരുടെയൊക്കെ മുന്നിൽ…പ്രത്യേകിച്ചും പ്രിൻസിപ്പൽ…..ഇവരുടെയൊക്കെ മുന്നിൽ….എന്റെ അപ്പൻ……

“മാമ് ഐ ആം സോറി…ഞാൻ ………….ഞാൻ…..” എനിക്ക് പൂർത്തിയാക്കാൻ കഴിയുന്നില്ല…….
“മാമ് ഞാനാണ് സാൻട്രയോട് മിസ്‌ബെഹേവ് ചെയ്തത്……. അതുകൊണ്ടാണ് സാൻട്ര എന്നെ അടിച്ചത്…….” എബിയായിരുന്നു……

അതും പറഞ്ഞു അവൻ മുന്നോട്ടു നടന്നു…..എന്നെ നോക്കിയതേയില്ല…….പിന്നങ്ങോട്ട് പൂരമായിരുന്നു……

അവൻ മദ്യപിച്ചതും കൂടെ മദ്യപിച്ച കുട്ടികളെയും കുപ്പിയും എല്ലാം പൊക്കി…അങ്ങനെ മൂന്നു ദിവസത്തേക്ക് ടൂർ പോയ ഞങ്ങൾ പിറ്റേദിവസം തന്നെ സ്കൂളിൽ തിരിച്ചു എത്തി….. എബിയെ ഞാൻ നോക്കിയതേയില്ല……എന്നോടും കുട്ടികൾക്ക് ദേഷ്യമായിരുന്നു…

ഞാനാണു അവരുടെ ടൂർ മുടക്കിയത് എന്ന ഭാവമായിരുന്നു….. ആൺകുട്ടികൾക്ക് എബിയോടും അങ്ങനായിരുന്നു…മൊത്തത്തിൽ ഞങ്ങൾ ക്ലാസ്സിൽ ഒറ്റപ്പെട്ടു…. ശെരിക്കും മദ്യപിച്ചതു നന്നായി…..ആ പ്രശ്‌നത്തിനാണ് എലാരും

പ്രാധാന്യം കൊടുത്തതു….അതുകൊണ്ടു ഞാനും എബിയും തമ്മിലുണ്ടായത് ടീച്ചർ ആരോടും പറഞ്ഞില്ല…അതുകൊണ്ടു എന്റെ അപ്പനും അറിഞ്ഞില്ല…പക്ഷേ എബിയുടെ ചേട്ടനും അപ്പനും സ്കൂളിൽ വന്നിരുന്നു…

കൂടുതൽ അവഗഞയോടെ അവനെ നോക്കുന്നതും ദേഷ്യത്തിൽ സംസാരിക്കുന്നതും ഞാൻ അപ്പനോടൊപ്പം തിരിച്ചു വീട്ടിലേക്കയു വരുമ്പോൾ കണ്ടിരുന്നു….അവൻ എന്നെ ഒന്ന് നോക്കിയിരുന്നു…എന്റെ ഹൃദയം വല്ലാതെ വേദനിച്ചു…..

ഞാൻ നിന്നെ എന്തുമാത്രം സ്നേഹിച്ചു എബി വിശ്വസിച്ചു…എന്നിട്ടും…അവന്റെ അവസ്ഥ ആലോചിച്ചപ്പോൾ എനിക്കൊരുപാട് വേദന തോന്നി…പ്രേത്യേകിച്ചും അവന്റെ മമ്മയുടെ…
എബി പറഞ്ഞത് പോലെ പിന്നധികം ദിവസങ്ങൾ സ്കൂൾ ഉണ്ടായിരുന്നില്ല…..എൻട്രൻസ് ക്ലാസ്സുകളിലും പരീക്ഷയ്ക്കും ഒക്കെ ഞാൻ എബിയെ കണ്ടു…

പരസ്പരം നോക്കിയതല്ലാതെ ഞങ്ങൾ ഒന്നും മിണ്ടിയില്ല…..പക്ഷേ ഞാൻ എന്നും പ്രാർത്ഥിച്ചു..എബി വന്നു എന്നോട് മാപ്പു പറയണേ……എന്നോട് സംസാരിക്കണമേ….എന്നൊക്കെ …എനിക്കവനെ ഒരുപാട് മിസ് ചെയ്തിരുന്നു….അവന്റെ സൗഹൃദം ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു…അവന്റെ പ്രണയം എന്നെ എന്നും മോഹിപ്പിച്ചിട്ടേയുള്ളു…. അവനു ശെരിക്കും എന്നോട് ..എന്തായിരുന്നു……..

പരീക്ഷയൊക്കെ കഴിഞ്ഞു…നന്നായി എഴുതി…ഞങ്ങൾക്ക് ഫെയർ വെൽ ഉണ്ടായിരുന്നില്ല….. ഞങ്ങളുടെ ടൂർ ഞങ്ങൾക്ക് തന്നത് ഇതൊക്കെയാണ്. ….. എൻട്രൻസും കഴിഞ്ഞു……എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല എൻട്രൻസിൽ…..ഒടുവിൽ റിസൾട്ട് വന്നു….എനിക്ക് എൻട്രൻസ് കിട്ടീല…എബിക്ക് കിട്ടി…നല്ല റാങ്കും ഉണ്ടായിരുന്നു…..എനിക്കതിൽ സന്തോഷം തോന്നി…അവന്റെ അപ്പന്റെയും ചേട്ടന്മാരുടെയും മുന്നിൽ അവനും അവന്റെ മമ്മയ്ക്കും ഒന്ന് തല ഉയർത്താലോ…..

അപ്പൻ എനിക്ക് വേണ്ടി കാശ് കൊടുത്തു സീറ്റ് വാങ്ങി തരും എന്ന് വീര കാഹളം മുഴക്കി…….ഞാൻ സമ്മതിച്ചില്ല…അങ്ങനെ എങ്ങാനും ചെയ്‌താൽ ഞാൻ ഒളിച്ചോടി പോവും എന്ന് തിരിച്ചും ഭീഷണി പെടുത്തി…അപ്പൻ ശോകഗാനം പാടി….

ഗത്യന്തരമില്ലാതെ ഞാൻ എൻട്രൻസ് റിപീറ്റ് ചെയ്യാൻ തീരുമാനിച്ചു…
അന്ന് മമ്മയുടെ ഓർമ്മ ദിവസം ആയിരുന്നു… ഞാനും അപ്പനും കൂടെ പോയി പ്രാർത്ഥിച്ചു…….അപ്പൻ കല്ലറയിൽ നിന്ന് മമ്മയോടു വിശേഷം പറച്ചിൽ തന്നെ,…

ഞാൻ കുറച്ചു നേരം നിന്നിട്ടു തിരിച്ചു പള്ളിക്കകത്തു വന്നു……വെറുതെ കുരിശു രൂപത്തെയും നോക്കി കണ്ണടച്ചിരുന്നു..എന്റെ അടുത്തായി ആരോ വന്നിരുന്നു…എനിക്ക് പരിചിതമായ മണം….എബിയാണോ ….ഞാൻ പെട്ടന്ന് കണ്ണ് തുറന്നു നോക്കി……എബിയായിരുന്നു അത്…… അവൻ എന്നെ നോക്കിയിരിക്കുകയായിരുന്നു….

അന്നത്തെ സംഭവത്തിനു ശേഷം ആദ്യമായി ഞങ്ങൾ ഇത്രയും അടുത്ത് …… ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു…എനിക്കായും വിടർന്നു ഒരു നേരിയ മന്ദ്ഹാസം…
“അപ്പോ എങ്ങനാ റിപീറ്റാണോ?……അപ്പന്റെ ഡോക്ടർ സാൻട്ര ……….” അവൻ എന്നോട് ചോദിച്ചു…..

ഞാൻ ചിരിച്ചു .” പിന്നല്ലാണ്ട്………മമ്മയ്ക്കു സന്തോഷമായോ……..?” ഞാനവനോടു ചോദിച്ചു…..
“മ്മ്…….ഒരുപാട്……..”

കുറച്ചു നേരം ഞങ്ങളിരുവരും പരസ്പരം ഒന്നും മിണ്ടിയില്ല…….അവൻ എന്നെ നോക്കും കണ്ണുകൾ മാറ്റും ഞാനും അവനെ നോക്കും…..അങ്ങനെ…..

“കോട്ടയത്തായിരിക്കും മിക്കവാറും ചേരുന്നേ….ഹോസ്റ്റലായിരിക്കും” അവൻ പറഞ്ഞു…..
“എപ്പോഴാ പോവുന്നെ…….?” ഞാനാണു.
“ഉടനെ…….” വീണ്ടും ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ പോവാനായി ഇറങ്ങി…
ഞാനും എണീട്ടു…..

പള്ളിയിൽ നിന്നുള്ള പടവുകളിലേക്കിറങ്ങിയപ്പോൾ അവൻ തിരിഞ്ഞു നിന്ന്…..
“ഞാൻ നിന്നോട് ചെയ്തത് തെറ്റാണ് എന്ന് നിനക്ക് തോന്നുന്നുണ്ടേൽ നീ ക്ഷമിച്ചേക്കു…….. എനിക്ക് അങ്ങനൊന്നും തോന്നുന്നില്ല……

കാരണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു സാൻട്ര……. നിനക്ക് വേണ്ടി ഞാൻ ഒരുപാട് ബൈബിൾ ഒക്കെ വായിച്ചതാ……പൂവും ഒക്കെ വെച്ചേച്ചു…….വെറുതെ ഓരോന്നു…..” അവൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. ……എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല……. എബിക്ക് എന്നെ ഇഷ്ടമായിരുന്നു……എബിയാണ് ആ വചനങ്ങൾ…..ആ പൂക്കൾ ഒക്കെ കൊണ്ട് വന്നതു.

“പക്ഷേ നമ്മൾ തമ്മിൽ ചേരുകേല……… ആദ്യം നിന്റെ മമ്മയുടെ അടക്കത്തിന് വന്നപ്പോ നീ എന്നെ ചീത്ത വിളിച്ചു..നാട്ടുകാരെ മുന്നിൽ വെച്ച്…അത് കഴിഞ്ഞു ഒന്ന് സ്നേഹിക്കാൻ വന്നപ്പോ കൂട്ടുകാരുടെ മുന്നിൽ വെച്ച് അടിച്ചു……കൊളമായി ….. ഇത് ശെരിയാവുകേലാ…” ഒന്ന് നിറുത്തി…..പിന്നെ എൻ്റെ കണ്ണുകളിലേക്കു നോക്കി…പറഞ്ഞു…

“….എന്നാലും നിന്നെ എനിക്കിഷ്ടമായിരുന്നു……എന്താ എന്നൊന്നും അറിയാന്മേലാ……. എന്തായാലും മറന്നു കള………പോട്ടെ……” അതും പറഞ്ഞു പടവുകൾ ഇറങ്ങി പോവുന്ന എബിയെ ഞാൻ നിറകണ്ണുകളാൽ നോക്കി നിന്നു.

(കാത്തിരിക്കണംട്ടോ)
നിങ്ങളുടെ കമന്റസ്‌സിനായി ഞാൻ കാത്തിരിക്കുന്നു…….

 

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6