മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൽ നിന്നും സിറപ്പുകൾ അയച്ചത് ഗാംബിയയിലേക്ക് മാത്രം
ഡൽഹി: ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് ചുമ സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗാംബിയയിൽ മരണങ്ങൾക്ക് കാരണമായതായി സംശയിക്കുന്ന സിറപ്പുകൾ ഗാംബിയയിലേക്ക് മാത്രമേ അയച്ചിട്ടുള്ളൂവെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
66 കുട്ടികൾ മരിച്ച ഗാംബിയയ്ക്ക് സാങ്കേതിക സഹായവും ഉപദേശവും നൽകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡൈഥിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ച് മലിനമാക്കപ്പെട്ട സിറപ്പുകളുടെ ഉപയോഗവുമായി മരണങ്ങൾക്ക് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു.
സോനെപത്തിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ മരുന്ന് നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന ഹരിയാന സ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സിഡിഎസ്സിഒ ഉടൻ വിഷയം ചർച്ച ചെയ്തതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.