Saturday, December 14, 2024
GULFLATEST NEWS

ബഹ്റൈനിലെ ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി; ഒക്ടോബർ 16 മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ

മ​നാ​മ: നികുതി വെട്ടിപ്പും വ്യാജ ഉൽപ്പന്നങ്ങളും തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി അവസാന ഘട്ടത്തിൽ. ബഹ്റൈനിൽ വിൽക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന നിയമം ഒക്ടോബർ 16 ന് പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ റവന്യൂ ബ്യൂറോ (എൻബിആർ) അറിയിച്ചു. ഒക്ടോബർ 16 ന് ശേഷം ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല.

ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വലിയ തോതിൽ സംഭരിക്കുന്നത് ഒഴിവാക്കണമെന്ന് എൻ.ബി.ആർ ഇറക്കുമതിക്കാരോടും വ്യാപാരികളോടും ആവശ്യപ്പെട്ടു. ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകൾ വിതരണക്കാർക്ക് തന്നെ തിരികെ നൽകണം. അവ നശിപ്പിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്യണം.

സിഗരറ്റ് ഉത്പന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പുകൾ പതിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം മാർച്ച് 11 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഉത്പാദനം മുതൽ ഉപയോഗം വരെയുള്ള ഘട്ടങ്ങളിൽ എക്സൈസ് തീരുവയുള്ള ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം വികസിപ്പിച്ചെടുത്തത്. വ്യാജ ഉൽപ്പന്നങ്ങൾ ഇല്ലാതാക്കി സർക്കാരിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും.