സുൽത്താൻ : ഭാഗം 8
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
എറണാകുളത്ത് ഇറങ്ങണം താൻ അവിടെ ഉണ്ടാവും എന്നു ഫർദീൻ ഫിദയോട് പറഞ്ഞിരുന്നു… അതിനനസരിച് അവൾ തിരിച്ചു വയനാട്ടിലേക്കുള്ള യാത്രയിൽ എറണാകുളത്ത് ഇറങ്ങി…. ഇറങ്ങിയപ്പോൾ തന്നെ കണ്ടു.. തനിക്കായി വെയ്റ്റിങ് ഷെഡ്‌ഡിൽ കാത്തു നിൽക്കുന്ന ഫർദീനെ…. വെട്ടം വീഴുന്നതെ ഉണ്ടായിരുന്നുള്ളൂ… നല്ല തണുപ്പും… ഫിദ വിറച്ചുകൊണ്ടാണ് അവന്റെ അടുത്തേക്ക് നടന്നത്…. ചെന്നതും അവൻ അവന്റെ ജാക്കറ്റ് ഊരി അവൾക്കു നൽകി… “വാ… ഒരു ചൂട് ചായ കുടിക്കാം…
“അവൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു… ചായ കുടിച്ച ശേഷം പിന്നീട് വന്ന ഒരു പാലക്കാട് സൂപ്പർ ഫാസ്റ്റിൽ അവർ കയറി… ബാക്കിൽ നിന്നു രണ്ടാമത്തെ സീറ്റിൽ അവർ ഇരുന്നു… ഇതൊന്നുമറിയാതെ മുൻവശത്തെ ഏതോ ഒരു സീറ്റിൽ ആദിയുമുണ്ടായിരുന്നു… തന്റെ ജീവിതത്തിലേക്കു വരാൻ തയ്യാറെടുക്കുന്ന തന്റെ പെണ്ണിനേയും കിനാവ് കണ്ട്… പാലക്കാട് ഇറങ്ങിയെങ്കിലും ഇരു കൂട്ടരും പരസ്പരം കണ്ടില്ല…. ഫിദയും ഫർദീനും ആദ്യം ഇറങ്ങി ഭക്ഷണം കഴിക്കാനായി കയറി…. ആദിയാകട്ടെ നീരജ് വരാൻ വേണ്ടി കാത്തു നിന്നു …… ……………………………….❣️
കോളേജിൽ ചെന്ന ശേഷം ആദി ആദ്യം നോക്കിയത് ഫിദയുടെ ഇരിപ്പിടത്തിലേക്കാണ്…. എത്തിയിട്ടില്ല എന്ന് മനസിലായി….. ഇതേസമയം ഹോസ്റ്റലിൽ നിന്നു കോളേജിലെക്കുള്ള വരവിലായിരുന്നു ഫിദയും വൈശുവും…. വൈശുവിനു തേജൂട്ടനെ കാണാനുള്ള തിടുക്കമായിരുന്നു…. വേഗത്തിൽ മുന്നേ നടക്കുന്ന അവളുടെ അടുത്തേക്ക് ഫിദ ഓടിയെത്തി… “എന്റെ പെണ്ണേ… ഒന്ന് നിൽക്കടി… എനിക്ക് വയ്യ കേട്ടോ ഇങ്ങനെ ഓട്ട മത്സരം നടത്താൻ…. ” കോളേജിന്റെ ഫ്രണ്ടിൽ എത്തിയതും തനുവിനെയും കൊണ്ടു തേജസ് വന്നതും ഒരുമിച്ചായിരുന്നു…
അവൻ ഓട്ടോയിൽ നിന്നിറങ്ങാതെ തന്നെ വൈശുവിനെ നോക്കി… വിടർന്ന മിഴികൾ നിറച്ചു പ്രണയവുമായി നിൽക്കുന്ന അവളെ നോക്കി അവൻ ഹൃദ്യമായി ചിരിച്ചു… ആരും കാണാതെ രണ്ടു പേരും കുറച്ചു മൗന പ്രണയം കണ്ണുകൾ കൊണ്ടു കൈമാറി… കൂട്ടുകാർ മൂന്നുപേരും കുറേനേരം കൂടി അവിടെ തന്നെ നിന്നു വർത്തമാനം പറഞ്ഞിട്ടാണ് ക്ലാസ്സിലേക്ക് കയറിയത്… ക്ലാസ്സിൽ കയറിയതും ആശ മാം എത്തിയത് കൊണ്ടു ഫിദക്കൊന്നു ആദിയെ തിരിഞ്ഞുനോക്കാനുള്ള സാവകാശം കിട്ടിയില്ല… അവനും അവളുടെ മുഖമൊന്നു കാണാൻ കഴിഞ്ഞില്ല….
ഇടക്കിടക്ക് ഊർന്നു പോകുന്ന തട്ടം എടുത്തിടുന്ന നെയിൽ പോളിഷിട്ട നീണ്ട നഖമുള്ള ആ വിരലുകളും കൈകളും നോക്കി ആദി ഇരുന്നു… അന്നേദിവസം ഉച്ച വരെ ഒന്ന് ഫ്രീ ആകാനേ പറ്റിയില്ല അവർക്ക്… ലഞ്ച് ബ്രേക്കിനുള്ള ടൈമിനു മുൻപ് തന്നെ ഫിദയെ എന്തോ കാര്യത്തിന് ഓഫീസിലേക്ക് വിളിപ്പിച്ചതിനാൽ ഉച്ചക്കും ആദിക്ക് അവളെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല… കുറെ നേരം അവൻ അവൾക്കായി കാത്തു നിന്നെങ്കിലും അവളെ കാണാതെ ഹോസ്റ്റലിലേക്ക് ലഞ്ച് കഴിക്കാനായി പോകേണ്ടി വന്നു….
ഓഫീസിൽ നിന്നും എത്തിയപ്പോൾ വൈകിയതിനാൽ ഫിദ പിന്നെ ഹോസ്റ്റലിലേക്ക് പോയില്ല… അവൾ വാരാതിരുന്നത് കൊണ്ടു വൈശുവും പോയില്ല…. രണ്ടുപേരും കൂടി കാന്റീനിലേക്ക് നടന്നപ്പോഴാണ് കാന്റീന്റെ മുൻവശത്തുള്ള വലിയ മരത്തിന്റെ ചുവട്ടിൽ ഫർദീനും കൂട്ടുകാരും നിൽക്കുന്നത് കണ്ടത്… അവൻ അവളെ നോക്കി കണ്ണു കൊണ്ടെന്തോ ആംഗ്യം കാണിച്ചു… വൈശു ഉള്ളത് കൊണ്ടു അവൾക്കൊന്നും മിണ്ടാൻ ആവില്ലായിരുന്നു… അന്നത്തെ ദിവസം അങ്ങനെ പോയി…
പിറ്റേദിവസം ഉച്ച വരെയും തിരക്ക് തന്നെയായിരുന്നു.. ഉച്ചക്ക് ശേഷം ഫിദയും വൈശുവും ക്ലാസിലേക്ക് വന്നപ്പോൾ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു… സമീപത്തു കൂടി നടന്നു ബാക്കിലേക്ക് പോയ ഫർദീൻ നാലായി മടക്കിയ ഒരു പേപ്പർ കഷ്ണം അവളുടെ അടുത്തേക്കിട്ടിട്ട് പോയി… അവളത് എടുത്തിട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന ആദിയെ ആണ്… അവൻ അവളെ നോക്കി പുരികമുയർത്തി എന്തേ എന്ന് ചോദിച്ചു… അവനോടു തന്റെ ജീവിതത്തിലെ പുതിയ ആ ഇഷ്ടത്തെ കുറിച് ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് അപ്പോഴാണ് അവൾ ഓർത്തത്..
അവൾ അവനെ നോക്കി പിന്നീടൊരു കാര്യം പറയാം എന്ന് ആംഗ്യം കാണിച്ചു… ആദി ചിരിയോടെ തലയാട്ടി…. അതിനും ശേഷമാണ് അവൾ ഫർദീൻ മുന്നിലേക്കിട്ട പേപ്പർ തുറന്നു നോക്കിയത്… “അടുത്ത രണ്ടു അവറും റെക്കോർഡ് വർക്കാണ്… നീ ലൈബ്രറിയിലേക്ക് വരണം”എന്നായിരുന്നു അതിൽ… അവൾ തിരിഞ്ഞു നോക്കി “ഞാനില്ല”എന്ന് ഫർദീനോട് പറഞ്ഞു… “വന്നേ പറ്റൂ “എന്ന് അവനും… ആ സമയം തന്നെ ആശ മാം ക്ലാസ്സിൽ വന്നു റെക്കോർഡ് വർക്കിനെ കുറിച്ച് ഓരോരുത്തർക്കും നിർദേശം നൽകിയിട്ട് തിരിച്ചു പോയി… കുറച്ചു പേർ ചെയ്യാനിരുന്നു…
കുറച്ചു പേർ പുറത്തേക്കിറങ്ങി .. പുറത്തേക്കിറങ്ങിയ ഫർദീൻ ഫിദയെ ഒന്ന് തോണ്ടിയിട്ട് കണ്ണു കൊണ്ടു വരാൻ ആംഗ്യം കാട്ടി… എന്നിട്ടും അവൾ അറച്ചിരുന്നതേയുള്ളു അവിടെ… റെക്കോർഡുമായി എഴുന്നേറ്റ് ആദിയുടെയും തനുവിന്റെയും അടുത്ത് പോയിരിക്കാമെന്നു വൈശു പറഞ്ഞപ്പോൾ ഫിദയും എഴുന്നേറ്റു …. അവർ എഴുന്നേറ്റു വരുന്നത് കണ്ടു ആദി അല്പം കൂടി ഒതുങ്ങിയിരുന്നു… ആ നിമിഷം തന്നെ ഫർദീന്റെ മുഖം ജനലരികിൽ കണ്ട ഫിദ എന്ത് ചെയ്യുമെന്നോർത്തു പിന്നെയും കുറച്ചു നേരം കൂടി അവിടെ നിന്നു … വരാൻ വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ ആകെ ധർമസങ്കടത്തിലായി…
വൈശുവിന്റെ കയ്യിൽ റെക്കോർഡ് കൊടുത്തിട്ട് ഞാൻ ഒന്ന് ലൈബ്രറി വരെ പോയി വരാമെന്നു പറഞ്ഞവൾ ലൈബ്രറിയിൽ നിന്നു എടുത്ത ഒരു ബുക്കുമായി അങ്ങോട്ട് നടന്നു… ലൈബ്രറിയിലേക്ക് കയറി മുകളിലേക്കു നോക്കിയപ്പോൾ തന്നെ അവൾ കണ്ടു… അന്നാദ്യമായി തന്നോടുള്ള ഇഷ്ടം അറിയിച്ച അതേ സ്ഥലത്ത് മുന്നിലുള്ള തടിയുടെ കൈവരിയിൽ രണ്ടു കയ്യും പിടിച്ചു മുന്നിലേക്കാഞ്ഞു ചിരിയോടെ തന്റെ വരവിനായി കാത്തു നിൽക്കുന്ന തന്റെ ചെക്കനെ….
അവളുടെ ചുണ്ടിലും നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി തെളിഞ്ഞു… സബ്ജക്റ്റ് ബുക്സിന്റെ ഏരിയ അല്ലാത്തതിനാൽ അധികമാരും അവിടേക്കു എത്തിനോക്കാറില്ലായിരുന്നു… ഫിദ ചെന്നതും ഫർദീൻ അവളുടെ കൈ പിടിച്ചു രണ്ടു ഷെൽഫിന്റെയും ഇടക്ക് അറ്റത്തുള്ള ഒരുസ്ഥലത്ത് ഭിത്തിയോട് ചേർന്ന് ഇരുന്നു… “ഡാ… ഇവിടിരിക്കാനാണോ… ആരെങ്കിലും കാണും കേട്ടോ … ” “ആരും വരില്ല… ഒരു പത്തു മിനിറ്റ്… നിന്നെയൊന്നു ഞാൻ കണ്ടോട്ടെ… അവൻ ചിരിയോടെ അവളുടെ നെറ്റിയിലേക്ക് വീണു കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി…
നാണത്തിൽ വിരിഞ്ഞൊരു കവിളിലേ നുണക്കുഴിയിലേക്ക് കൊതിയോടെ നോക്കിയവൻ… പെട്ടെന്ന് പോക്കറ്റിൽ നിന്നു പേന എടുത്തു ആ നുണക്കുഴിയിൽ ചെറുതായിട്ട് ‘F’എന്നെഴുതി… “എന്തായിത്… “അവൾ കവിളിൽ തൊട്ടു… “അവിടെ കിടക്കട്ടെ… എന്റേതാന്ന് ഉറപ്പിക്കാൻ എഴുതിയതാ… “അവൻ അവളുടെ തോളിലേക്ക് ചാരി…. “ഞാൻ ഉമ്മായോട് സൂചിപ്പിച്ചു കേട്ടോ നിന്റെ കാര്യം… ” “പടച്ചോനെ… ഇപ്പോഴെയോ… “ഫിദ അവന്റെ തല പിടിച്ചുയർത്തി…. “പിന്നല്ലാതെ… തടസ്സങ്ങൾ ഒന്നുമുണ്ടാകില്ല… ഉമ്മാ ഉപ്പായെ പറഞ്ഞു മനസിലാക്കിക്കോളും…. അല്ലെങ്കിൽ തന്നെ എന്ത് പ്രശ്നം…
നിന്റെ വീട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ…. “? “മ്… വന്നു ആലോചിച്ചാൽ കുഴപ്പമില്ല.. മറിച്ചു പ്രേമമാണ് എന്നും പറഞ്ഞു ചെന്നാൽ ആ കാരണം കൊണ്ടു തന്നെ ഡാഡി വേണ്ടെന്നു പറയും “അവൾ ചിരിയടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു…. “ഒന്നും ഉണ്ടാവില്ലെടി.. രണ്ടും ബിസിനസ്സ് കുടുംബമല്ലേ… നിന്റെ ഡാഡിക്ക് ഗൾഫിൽ…എന്റെ ഉപ്പാക്ക് മുംബൈയിൽ… പിന്നെ ഉമ്മാടെ നിർബന്ധം കൊണ്ട് ഇവിടെ വന്നത് കൊണ്ടാ… ഇല്ലെങ്കിൽ ഉപ്പാടെ അനിയന്റെ അടുത്തേക്ക് പോകാനായിരുന്നു എന്റെ പ്ലാൻ… മൂപ്പർ ലണ്ടനിലാ… ബിസിനസ്..
അവിടെ പോയി MBA ചെയ്യാനിരിക്കുവായിരുന്നു… അത് മതിയാരുന്നു…. ഞാൻ ഉമ്മായോട് സംസാരിച്ചു അത്… “അവൻ ആലോചനയോടെ പറഞ്ഞു… “നീയെന്തുവാ ഉദ്ദേശിക്കുന്നെ ഫർദീൻ… “? “ഡീ… ഈ MBBS തീർന്നു ഹൗസ് സർജൻസി യും കഴിഞ്ഞു എപ്പോ സെറ്റിൽ ആവാനാടീ പെണ്ണേ… വർഷം അഞ്ചാറ് പോകും… അത് കൊണ്ട് ഞാനിത് ഡ്രോപ്പ് ചെയ്തു MBA ക്ക് അഡ്മിഷൻ എടുക്കാൻ പോകുവാ… നന്നായി ആലോചിച്ചെടുത്ത തീരുമാനവാ… അതിനു മുൻപ് നിന്റെ വീട്ടിൽ വന്നു ഉറപ്പിച്ചു വെയ്ക്കണം… നിക്കാഹ്… “അവൻ അവളെ നോക്കി… ഫിദ കണ്ണും മിഴിച്ചിരിക്കുവായിരുന്നു… “എന്താടി ഉണ്ടക്കണ്ണി…. നോക്കിപേടിപ്പിക്കുന്നെ…. “?
അവൻ അവളുടെ കണ്ണിൽ വിരൽ കൊണ്ട് കുത്തുന്നപോലെ ആംഗ്യം കാണിച്ചു… “നിന്റെ വീട്ടിൽ സമ്മതിച്ചോ… കോഴ്സ് ഡ്രോപ്പ് ചെയ്യാൻ .. ” “ഉമ്മ സമ്മതിച്ചു… ഉപ്പായെ ഉമ്മ സമ്മതിപ്പിച്ചോളും… പിന്നെ ലണ്ടനിലേക്കായത് കൊണ്ട് ഉപ്പാക്ക് കുഴപ്പം ഉണ്ടാവില്ല… ” ഫിദയുടെ കണ്ണു നിറഞ്ഞു… “അപ്പൊ… നീ പോകുവാണോ… “?? “പോകാതെങ്ങനാ… ഞാൻ കോഴ്സ് കഴിഞ്ഞു ബിസിനെസ്സ് സ്റ്റാർട്ട് ചെയ്തിട്ട് നിന്നെ വന്നു കെട്ടി കൊണ്ട് പോരാം… അത് കഴിഞ്ഞു നീ പഠിക്കുവോ പഠിക്കാതിരിക്കുവോ.. എന്ത് വേണെങ്കിലും ചെയ്തോ…. ” ഫിദ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു…
“എന്താടി… നീയൊന്നു ചിന്തിച്ചു നോക്ക്… രണ്ടു പേരും കൂടി അഞ്ചു വർഷം കഴിഞ്ഞു MBBS ഉം ആയി ഇറങ്ങിയിട്ട് പിന്നെ എന്ത് ചെയ്യും… വെറും MBBS പോരല്ലോ… സെപ്ഷ്യലൈസ് ചെയ്യണ്ടേ… ” “മ്മ്… നീ പറയുന്നതൊക്കെ സത്യവാ… എന്നാലും…. ” ഫർദീൻ തന്റെ കഴുത്തിലെ..തന്റെ പേരിന്റെ ആദ്യ അക്ഷരം കൊത്തിയ മാലയൂരി അവളുടെ കഴുത്തിലേക്കിട്ട് കൊടുത്തു… “ഇത് നിന്റെ ഉറപ്പിന്… ഇനി വീട്ടിൽ വരും.. എല്ലാം ഉറപ്പിച്ചു വെച്ചിട്ടേ ഞാൻ പോകൂ… ” തോളിൽ കണ്ണുനീർ നനവ് തോന്നിച്ചപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു.. തന്റെ അടുത്തേക്ക്…. ………….❣️
ഫിദയെ കാണാതെ ലൈബ്രറിയിലേക്കു വന്ന ആദി അവൾ പോകാനിടയുള്ള സ്ഥലമായതു കൊണ്ട് തന്നെ നോവൽ സെക്ഷനിലേക്ക് ചെന്നു… ആകെ നോക്കിയിട്ടും കാണാഞ്ഞു തിരികെ പോരാനൊരുങ്ങുമ്പോഴാണ് ആരുടെയോ തോൾ ഭാഗം റാക്കിനിടയിൽ കണ്ടത്…. ആദി അങ്ങോട്ട് നടന്നു…. ഫിദയും ഫർദീനും ഇരുന്നിടത്തു നിന്നും എഴുന്നേറ്റിരുന്നു…. അവളെ ഭിത്തിയോട് ചേർത്ത് നിർത്തി രണ്ടു കയ്യും ഭിത്തിയിലൂന്നി മുന്നോട്ടേക്കാഞ്ഞു നിന്നു തന്നെ നോക്കുന്ന ഫർദീനെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു ഫിദ…
ആ കണ്ണുകൾ ആണ് ആദി ആദ്യം കണ്ടത്.. ഫർദീനെ നോക്കുന്ന ആ കണ്ണുകളിലെ പ്രണയം ഒരു അഗ്നിപർവ്വതം പോലെ അവനിലേക്ക് പതിച്ചു…. കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ… പിടിച്ചിരുന്ന പുസ്തകറാക്കിലെ പുസ്തകങ്ങൾ കൈ തട്ടി താഴെ വീണതറിയാതെ…. ലക്ഷ്യമില്ലാതെ… നിറഞ്ഞു വന്ന കണ്ണുകൾ തുടയ്ക്കുവാനാകാതെ….. ആദി കൈവരിയിൽ പിടിച്ചു താഴേക്കു നടന്നു….
കാത്തിരിക്കുമല്ലോ…… ❣️