Tuesday, December 17, 2024
Novel

സുൽത്താൻ : ഭാഗം 3

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ഹോസ്റ്റലിൽ നിന്നും അഞ്ചു മിനിട്ടുണ്ട് കോളേജിലേക്കു… ഫിദുവും വൈശുവും കൂടി ഗേറ്റിനടുത്തെത്തിയതും ഒരു ഓട്ടോയിൽ വന്നു തനുവും ഇറങ്ങി.. അവൾ ഇറങ്ങിയ ഉടനെ ഓട്ടോ പാഞ്ഞുപോയി…. അവർ കോളേജിനകത്തേക്ക് കയറി പകുതിയായതും “തനൂട്ടി… “എന്ന വിളിയോടെ ഒരാൾ പുറകിൽ നിന്നോടി വന്നു… “അയ്യോ ഏട്ടൻ… “തനു പെട്ടെന്ന് നിന്നു… ഒരു ഫുൾ കൈ ഷർട്ടിനു മേലേക്ക് ഹാഫ് കൈ കാക്കി ഷർട്ടും ജീൻസും ധരിച്ച താടിയുള്ള ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്ത് വന്നു നിന്നു…

“ദാ… “അവൻ കൈയിലിരുന്ന പൊതിച്ചോറ് അവളുടെ നേരെ നീട്ടി.. “ഇന്നും മറന്നു നീ… ഞാൻ ഓർത്തില്ലെങ്കിൽ ഇല്ല..അല്ലേ… “അവൻ കപടദേഷ്യത്തോടെ പറഞ്ഞു.. “സോറി… തേജൂട്ടാ… “അവൾ കെഞ്ചി… “ശരി ഞാൻ പോവാ… “അവൻ തിരിഞ്ഞു നടന്നു… “തേജൂട്ടാ.. ഇവരെ പരിചയപ്പെട്ടില്ലല്ലോ… ” “ഓഹ്.. സോറി… ഞാൻ മറന്നു..” അവൻ ഫിദുവിനെയും വൈശുവിനെയും നോക്കി… തനു അവനു അവരെ പരിചയപ്പെടുത്തി.. “ഏട്ടനുണ്ടാക്കുന്ന ഫുഡിന് ഭയങ്കര ടേസ്റ്റ് ആണുട്ടോ… നാളെ മുതൽ ഞങ്ങൾക്കും ഓരോ പൊതി തന്നു വിടുവോ… വെറുതെ വേണ്ട… പൈസ തരാം…

“ഫിദയാണ് ചിരിയോടെ അത് പറഞ്ഞത്… “അയ്യോ പൈസ വാങ്ങി ഉണ്ടാക്കി തരുമ്പോൾ അതിനു ടേസ്റ്റ് കുറയുവല്ലോ ഫിദാ… അത് കൊണ്ടു അതങ്ങു വേണ്ടെന്നു വെയ്ക്കാം കേട്ടോ… “അവൻ ചിരിച്ചു… “അതേ… ഇയാൾ എന്താ ഇങ്ങനെ നോക്കിനിൽക്കുന്നെ… മിണ്ടാൻ പറ്റില്ലാന്നു വെച്ചു ഒന്ന് ചിരിക്കുകയൊക്കെ ആവാം… ” ചിരിയോടെ വൈശുവിനെ നോക്കി തേജസ്‌ അത് പറയുമ്പോൾ ആ മിഴികൾ ഒന്ന് വിടർന്നു… അതിലെ തിരയിളക്കം ഒരു നറു പുഞ്ചിരിയോടെ തേജസ്‌ നോക്കി നിന്നു… “അപ്പൊ ഓക്കെ.. എനിക്ക് പത്ത് മണിക്ക് ഒരോട്ടം ഉണ്ട്…

” നെറ്റിയിലേക്ക് വീണു കിടന്ന മുടി പുറകിലേക്ക് മാടിയൊതുക്കി താടിയിലൂടെ ഒന്ന് വിരലോടിച്ചു അവൻ പിന്തിരിഞ്ഞു നടന്നു… തിരികെ കോളേജിനുള്ളിലേക്ക് നടന്നിട്ടും ഇടക്കിടക്ക് തിരിഞ്ഞു നോക്കിയ വൈശുവിന്റെ കൈകളിൽ ഫിദ ചെറുതായൊന്നമർത്തി.. തന്റെ നേരെ നോക്കിയ ആ പേടമാൻ മിഴികൾ നോക്കി എന്തേ എന്ന് പുരികമുയർത്തി ചോദിച്ചപ്പോൾ ആ കവിളുകൾ നാണത്താൽ തുടുത്തു… ആദിയും നീരജും ഹർഷനും ലൈബ്രറിയുടെ മുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു….

എല്ലാവരും കൂടി ക്ലാസ്സിലേക്ക് കയറി…. ഫിദുവിനോട് പൊതിച്ചോറ് തരുന്നില്ലാന്നൊക്കെ തേജസ്‌ പറഞ്ഞെങ്കിലും പിറ്റേദിവസം മുതൽ തനുവിന് കൊടുത്തു വിടുന്ന പൊതിച്ചോറിലെ ചോറിന്റെയും കറികളുടെയും അളവ് കൂടുതലായിരുന്നു… ദിവസങ്ങളും ആഴ്ചകളുമൊക്കെ കഴിഞ്ഞു പോയി… ക്ലാസ്സിലെ കുട്ടികൾ എല്ലാവരും തന്നെ പരസ്പരം നല്ല അടുപ്പത്തിൽ ആയിക്കഴിഞ്ഞിരുന്നു ഇതിനോടകം… ഫർദീനുമായും നീരജും ആദിയുമൊക്കെ നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു… എന്നാൽ ഫർദീന്റെ മറ്റൊരു ഗാങ് ആയിരുന്നു… അവർ നാല് ആൺകുട്ടികൾ ഒറ്റക്കെട്ടായിരുന്നു….

തനുവിനോട് ഫർദീൻ അടുപ്പം കാണിച്ചിരുന്നെങ്കിലും ഫിദയോട് അങ്ങനെ മിണ്ടാറില്ലായിരുന്നു… ഫിദ ഇടയ്ക്കൊക്കെ കയറി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറി… പക്ഷെ ആ കണ്ണുകൾ അവളുടെ പിന്നാലെ ഉണ്ടായിരുന്നു.. അവൾ പോലും അറിയാതെ…. അങ്ങനെ ഫസ്റ്റ് ഇയർ എക്സാം സമയമായി….ആദ്യത്തെ പരീക്ഷ… എക്സാം കഴിഞ്ഞ് ആദ്യം ഇറങ്ങിയത് ഫിദ ആയിരുന്നു… മറ്റുള്ളവർക്ക് വേണ്ടി ലൈബ്രറിയുടെ മുന്നിൽ കാത്തു നിൽക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്… അതനുസരിച്ചു ഫിദ ലൈബ്രറിയുടെ മുന്നിൽ കാത്തു നിന്നു… ഒറ്റ ഒരെണ്ണത്തിനെ കാണുന്നില്ല….

“ന്റെ… പടച്ചോനെ… ഇതിനും മാത്രം ഒക്കെ എഴുതാനുണ്ടായിരുന്നോ… എന്നിട്ട് എനിക്കില്ലായിരുന്നല്ലോ… “അവളോർത്തു “എന്തായാലും അവർ വരുന്നത് വരെ ലൈബ്രറിയിൽ ഇരിക്കാം… “അവൾ ലൈബ്രറിയുടെ അകത്തേക്ക് കയറി… വലതു വശം മുഴുവൻ സബ്ജക്റ്റ് ബുക്സ് ആണ്… ഇടതുവശത്തു മലയാളത്തിലെയും ഇംഗ്ളീഷിലെയും വിശ്വവിഖ്യാതമായ നോവലുകളും കവിതസമാഹാരങ്ങളും… ആരും അധികം ആ പ്രദേശത്തേക്ക് പോകാറില്ല… അതുപോലെ വായനാശീലം ഉള്ളവർ മാത്രേ അങ്ങോട്ട്‌ പോകൂ… ഫിദ അവിടുന്ന് ഇടയ്ക്കിടെ ബുക്സ് എടുത്തു വായിക്കാറുണ്ടായിരുന്നു…

ഇപ്പൊ എക്സാം ടൈം ആയതു കൊണ്ടു ആരും ബുക്കെടുക്കാൻ വരില്ല… കൂട്ടുകാർ വരുന്നത് വരെ ഏതെങ്കിലും ഇഷ്ടപ്പെട്ട ഒന്നെടുത്തു വായിക്കാം..അത് പോലെ തന്നെ വെക്കേഷന് വീട്ടിലേക്കു കൊണ്ടുപോയി വായിക്കാനും കുറച്ചു ബുക്സ് എടുക്കാം എന്ന് വിചാരിച്ചു അവൾഓരോ റാക്കിലൂടെയും കൈവിരലുകൾ ഓടിച്ചു നോക്കി കൊണ്ടു നടന്നു.. പെട്ടെന്നാണ് ആരോ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്ത് നിർത്തിയത്… എന്താ നടക്കുന്നതെന്നു പോലും അവൾക്കു മനസിലായില്ല….. അവൾ മുഖമുയർത്തി നോക്കിയപ്പോഴേക്കും ഭിത്തിയോട് ചേർത്ത് രണ്ടു കൈകൾക്കുള്ളിൽ അവൾ ലോക്ക് ആയിക്കഴിഞ്ഞിരുന്നു…

അവളെ ഭിത്തിയോട് ചേർത്ത് നിർത്തി തന്റെ രണ്ടു കൈകളും അവളുടെ ഇരുവശവും വെച്ചു അവളെ അതിൽ ലോക്ക് ആക്കി അവളിലേക്ക് ആഞ്ഞു നിന്നു ഫർദീൻ അവളെ നോക്കി ചിരിച്ചു… “എന്താ.. എന്താ നീ ഈ ചെയ്യുന്നേ… “പേടി കൊണ്ടു ഫിദയുടെ ശബ്ദം അടഞ്ഞു പോയിരുന്നു… “ഒന്നും ചെയ്യില്ല… ഒന്നും ചെയ്യാൻ വേണ്ടിയല്ല… ഒന്ന് അടുത്ത് നിന്റെ മുഖം കാണാൻ വേണ്ടി മാത്രം… എന്ത് മൊഞ്ചാണ് പെണ്ണേ.. നിന്നെ കാണാൻ… “അവൻ തിളങ്ങുന്ന കണ്ണോടെ പറഞ്ഞു… “എപ്പോഴും ഒരു കൂട്ടം കാണില്ലേ നിന്നോടൊപ്പം… ഒന്ന് നന്നായിട്ട് കാണാനോ മിണ്ടാനോ പറ്റില്ലല്ലോ… ആദ്യമായിട്ടാ ഒന്ന് തനിച്ചു കിട്ടുന്നത്…

“അവൻ അവളുടെ കവിളിലേക്ക് വീണുകിടന്ന മുടി ചെവിക്കു പിന്നിലേക്ക് വെച്ചു കൊടുത്തു… “അതാ.. അറ്റ കൈക്കു ഇത് പ്രയോഗിച്ചത്.. എനിക്ക് നിന്നെ ഇഷ്ടമാ ഫിദു … ഒരുപാട്.. ആദ്യം കണ്ട അന്ന് തന്നെ.. മനസ്സിൽ കയറിപ്പറ്റിയതാ… നീ ഓർക്കുന്നില്ലേ ആദ്യത്തെ ദിവസം നിന്റെ അടുത്താ ഞാനിരുന്നിരുന്നത്… ഇതെങ്ങനെ പറയും എന്ന വീർപ്പുമുട്ടലിൽ ആയിരുന്നു ഇത്ര നാളും… എനിക്ക് നിന്നെ കുറിച്ച് എല്ലാം അറിയാം… വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും എല്ലാം… ഒക്കെ ഞാൻ അന്വേഷിച്ചറിഞ്ഞു… ഇടക്ക് വീട്ടിൽ പോയപ്പോൾ ഞാൻ ആലപ്പുഴക്ക് പോയിരുന്നു… നിന്റെ വീട് കണ്ടു..

മമ്മിയെയും ഡാഡിയെയും കണ്ടു.. നിന്റെ അനിയത്തി നിദയെ കണ്ടു.. അവൾക്കു കാൽ വയ്യാത്തതാണ് അല്ലേ… ” അവൻ പറഞ്ഞു നിർത്തി… ഫിദ ആശ്ചര്യത്തോടെ ഒരു നിമിഷം അവനെ നോക്കി നിന്നു… പിന്നെ പതിയെ അവനെ തള്ളിക്കൊണ്ട് പറഞ്ഞു “നീ മാറിക്കെ…. എനിക്ക് പോണം.. അവർ അന്വേഷിക്കും… “ഫിദ പറഞ്ഞു “പൊയ്ക്കോ… പക്ഷെ എനിക്ക് ഒരു മറുപടി വേണം… എപ്പോൾ തരും…? എക്സാം തീരുന്ന അന്ന് മറുപടി തരണം ഞാൻ കാത്തു നിൽക്കും.. ” “എനിക്കൊന്നും പറയാനില്ല… “ഫിദ പറഞ്ഞു..

“ഇല്ലേ….നിനക്കൊന്നും പറയാൻ ഇല്ലേ…. ഇങ്ങോട്ട് നോക്കിക്കേ… എന്റെ കണ്ണുകളിലേക്ക്… “ഫർദീൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് ചേർന്നു നിന്നു.. ഫിദ അല്പം പരവേശത്തോടെ അവനെ നോക്കി… അവളുടെ മിഴികൾ അവനിൽ ഉറയ്ക്കാതെ മറ്റെങ്ങോ പതിഞ്ഞു നിന്നു… മിഴികളിൽ ഒരു ചുടു അധര സ്പർശം അറിഞ്ഞപ്പോൾ പിടക്കുന്ന മിഴികളോടെ അവൾ അവനെ മുഖമുയർത്തി നോക്കി… “ഇത് എനിക്കൊരു മറുപടി തരണമല്ലോ എന്ന് നീ ഓർക്കുവാൻ വേണ്ടി തന്നതാണ്… കണ്ണുകൾ കള്ളം പറയില്ലല്ലോ.. ഈ ഓർമയിൽ നീ എനിക്ക് മറുപടി തരും.. എനിക്കുറപ്പുണ്ട്… “അവൻ അവളെ ലോക്ക് ചെയ്തിരുന്ന കൈകൾ മാറ്റി…

ഒരു ദീർഘനിശ്വാസത്തോടെ ഫിദ അവനിൽ നിന്നും അകന്നു മാറിയപ്പോൾ കണ്ടു.. ദൂരെ നിന്നും തന്നെ തേടി വരുന്ന ആദിയെ… ഫർദീനെ ഒന്ന് നോക്കിയിട്ട് അവൾ ആദിയുടെ അടുത്തേക്ക് ചെന്നു… “ഫിദു.. നീ ഇത് എവിടാരുന്നു..? ” “ഞാൻ ദാ അവിടെ… ബുക്കെടുക്കുകയായിരുന്നു..” അവൾ അവിടേക്കു വിരൽ ചൂണ്ടി.. “എന്നിട്ട് ബുക്ക്‌ എവിടെ… “? ആദി അവളുടെ ശൂന്യമായ കൈകളിലേക്ക് നോക്കി ചോദിച്ചു… “അത്… അവൾ ആകെ വെപ്രാളപ്പെട്ടു.. അത് പിന്നെ എടുക്കാം… നീ വാ… അവൾ ആദിയുടെ കൈ പിടിച്ചു ലൈബ്രറിയുടെ പുറത്തേക്കിറങ്ങി…

വാതിൽ പടിയിൽ നിന്നും ചവിട്ടു പടിയിലേക്ക് ഇറങ്ങും നേരം അവളൊന്നു തിരിഞ്ഞു നോക്കി.. ആ ഇടതു വശത്തേക്ക്… ബുക്കുകൾക്കിടയിൽ നിന്നും ഭിത്തിയിൽ ചാരി കയ്യും കെട്ടി നിന്നു തന്നെ നോക്കി കണ്ണടച്ച് കാട്ടി ചിരിക്കുന്ന ഫർദീനെ കണ്ടു അവളുടെ മനസ്സ് വീണ്ടുമൊന്ന് പിടച്ചു… ❤️❤️❤️❤️ ഹോസ്റ്റലിൽ എത്തിയിട്ടും അവൾ മൂകയായിരുന്നു… ലൈബ്രറിയിൽ നടന്ന സംഭവം അവളെ അലട്ടുന്നുണ്ടായിരുന്നു… ഇക്കണ്ട നാളത്രയും ഒന്ന് മിണ്ടാൻ പോലും വരാതിരുന്ന ആൾ ഇപ്പോൾ ഒന്നാം വർഷം അവസാനിക്കാറായപ്പോൾ എന്തേ ഇങ്ങനൊരിഷ്ടവുമായി എത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു ഒരു പിടുത്തവും കിട്ടിയില്ല…

നാളെ എക്സാം ഇല്ല… ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഉള്ളൂ… അടുത്ത ദിവസം ഫർദീനെ കാണുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോൾ അവളുടെ ശരീരം വിറ പൂണ്ടു… അടുത്ത് വെച്ചിരുന്ന വാൽക്കണ്ണാടി എടുത്തു അതിൽ തന്റെ മുഖം നോക്കിയപ്പോൾ ആ മിഴികളിൽ തന്നെയാണ് അവളുടെ കണ്ണുകൾ ഉടക്കി നിന്നത്… കുളി കഴിഞ്ഞു വന്നിരുന്നിട്ടു പോലും ആ കണ്ണിൽ പതിഞ്ഞ അവന്റെ അധരങ്ങളുടെ ചൂട് ഇനിയും മാറിയിട്ടില്ല എന്ന് ഫിദക്ക് തോന്നി…

കണ്ണുകൾ മെല്ലെയടച്ചവൾ കട്ടിലിലേക്ക് ഒരു തലയിണ ചാരിവെച്ചു കിടന്നു… മനസിന്റെ ഉള്ളറയിലേക്ക് കൈ കെട്ടി നിന്നു കണ്ണടച്ച് ചിരിക്കുന്നൊരാൾ മെല്ലെ നടന്നണയുന്നതവൾ അറിഞ്ഞു…. ………..❤️❤️❤️❤️❤️ അപ്പോൾ ബോയ്സ് ഹോസ്റ്റലിന്റെ പുറകിലെ ജാതിക്കാത്തോട്ടത്തിൽഒരു ജാതി മരത്തണലിൽ നീരജിനൊപ്പം അടുത്ത ദിവസത്തെ പരീക്ഷക്കുള്ള പുസ്തകവും തുറന്നു വെച്ചു ആദി ദിവാസ്വപ്നം കാണുകയായിരുന്നു…. “തട്ടത്തിൻ മറയത്തിലെ തന്റെ മൊഞ്ചത്തിയെ “…….

❣️ കാത്തിരിക്കുമല്ലോ… ❣️ ©dk❣️Divya Kashyap

സുൽത്താൻ : ഭാഗം 2