Saturday, January 18, 2025
Novel

സുൽത്താൻ : ഭാഗം 27

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ആദിയുടെ വാക്കുകൾ ഒരമ്പ് തുളയ്ക്കും പോൽ ഫിദയുടെ ഹൃദയത്തിലേക്ക് പാഞ്ഞുകയറി…ഒന്ന് അനങ്ങുവാൻ പോലുമാകാതെ സ്റ്റീൽജഗ്ഗിലെ വെള്ളവും പിടിച്ചു അവൾ നിന്നു… ഉമ്മച്ചി മുറിയിലേക്കും ആദി മുകളിൽ തങ്ങളുടെ റൂമിലേക്കും കയറി പോകുന്നതവൾ കണ്ടു… ശരീരം തളരുന്നത് പോലെ തോന്നിയവൾ അടുത്ത് കണ്ട ഇരിപ്പിടത്തിലേക്ക് ഇരുന്നു.. ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു പോയി… വാവ ഉറങ്ങാത്തത് കൊണ്ടു അവനെയും കളിപ്പിച്ചു നിദയും വലിയുമ്മിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു….

അതുകൊണ്ട് തന്നെ തന്നെ കാണാഞ്ഞാൽ അവരുടെ കൂടെ ഇരിക്കുകയാവും എന്ന് ആദി കരുതിക്കോളും എന്നവൾക്ക് അറിയാമായിരുന്നു…. നേരമേറെ കഴിഞ്ഞ് മുറിയിലേക്ക് ചെല്ലുമ്പോൾ ആദി ഉറക്കം പിടിച്ചിരുന്നു.. അവൾ ആ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു… കൊച്ചുകുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന ആ മുഖം കണ്ടു അവൾക്ക് ഒരേസമയം വാത്സല്യവും സങ്കടവും തോന്നി.. തന്റെ ജീവനായിരുന്നു ഒരു കാലത്ത് ഇവൻ… ആരെങ്കിലും ഒന്ന് കൂടുതൽ മിണ്ടിയാൽ,

അല്ലെങ്കിൽ ഒന്നടുത്ത് ഇരുന്നാൽ അല്ലെങ്കിൽ എന്തെങ്കിലും സഹായമൊക്കെ ആദിയോട് ചോദിച്ചു വന്നാൽ സത്യത്തിൽ തനിക്ക് ദേഷ്യവും വിഷമവുമൊക്കെ വരുമായിരുന്നു എന്ന് ഫിദ ഓർത്തു.. എന്നിട്ടിപ്പോൾ തന്റേത് മാത്രമായി കിട്ടിയപ്പോൾ ഒരു തരി പോലും സ്നേഹിക്കാൻ പറ്റാത്ത അവസ്ഥ…. എന്തിനായിരിക്കും ആദി തനിക്കും ഫർദീനും ഇടയിൽ കയറിയത്… ഇവന് തന്നോട് പ്രണയമായിരുന്നോ… അങ്ങനെയെങ്കിൽ പറയാരുന്നില്ലേ ആദ്യം തന്നെ… ഫിദക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… റിഹുവിനോട് ചോദിച്ചാൽ എല്ലാത്തിനും മറുപടി കിട്ടും.. പക്ഷെ എങ്ങനെ ചോദിക്കും… അവനോടാങ്ങനെ മിണ്ടാറില്ല…

അന്നവൻ സംസാരിക്കണമെന്ന് പറഞ്ഞ് വന്നപ്പോൾ താൻ അവഗണിച്ചതിൽ പിന്നെ അവൻ മുഖം തരാറില്ല… തന്നെയുമല്ല അവന്റെ ഇക്കയെ വേദനിപ്പിക്കുന്നു എന്നൊരു കാലുഷ്യവും തന്നോടുണ്ട് അവന്… പിറ്റേദിവസം ഇത്തിരി വൈകിയാണ് ഫിദ എഴുന്നേറ്റത്… താഴേക്ക് ചെന്നപ്പോൾ ആദിയിരുന്നു പത്രം വായിക്കുന്നു… നിദ വാവ ബഹളം വെച്ചിട്ട് അവനുമായി മുറ്റത്ത് നടപ്പുണ്ട്… വേഗം അടുക്കളയിലേക്ക് ചെന്നു.. ഉമ്മച്ചി ഇടിയപ്പം ഉണ്ടാക്കുകയാണ്… അടുത്ത് നിന്നു ഇനി ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങി.. എന്തോ ഒരു മൗനം അവിടെ തളം കെട്ടി കിടന്നു… അവൾ ഉമ്മച്ചിയെ ഒന്ന് പാളി നോക്കി..

എന്തോ ആലോചനയിലാണ്… ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഗൗരവവും… അവൾക്കു വല്ലാതെ വീർപ്പുമുട്ടി… തട്ടിയും മുട്ടിയും കുറച്ചു നേരം കൂടി നിന്നിട്ട് ഫിദ തിരികെ മുകളിലേക്ക് പോന്നു… ഉമ്മച്ചിയുടെ മൗനം അവളെ വല്ലാതെ വേദനിപ്പിച്ചു… തിരികെ വന്നു കിടക്കയിലേക്ക് ചായുമ്പോൾ വല്ലാതെ തലവേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്… തലയിൽ വിരലമർത്തി കിടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ആദി കുളിക്കാനായി കയറി വന്നത്… അവളെ ഒന്ന് നോക്കി കൊണ്ടു അവൻ കുളിക്കാൻ കയറി.. തിരികെ ഇറങ്ങിയപ്പോഴും ഫിദ അതേ കിടപ്പു തന്നെ കിടക്കുന്നതു കണ്ടു…

“ഫിദ… എന്തുപറ്റി… “? “ഏയ് ഒന്നൂല്ല..” അവൾ മറുപടി പറഞ്ഞു… ആദി ഒരുങ്ങി ഇറങ്ങാൻ നേരവും അവൾ കിടക്കുകയായിരുന്നു… അവൻ മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് കൈ തൊട്ട് നോക്കി… “ടെമ്പറേച്ചർ ഒന്നുമില്ല… തലവേദനയുണ്ടോ.. ടാബ്‌ലെറ്റ് തരട്ടെ… ” “വേണ്ടാ ആദി.. ഇത് മാറും… “അവൾ ആദ്യമായാണ് ഇത്രയും സൗമ്യമായി സംസാരിക്കുന്നത് എന്നവൻ ഓർത്തു… “കൂടുകയാണെങ്കിൽ ദാ ആ ഡ്രോയെറിൽ ടാബ്‌ലെറ്റ് ഇരിപ്പുണ്ട്… എടുത്തു കഴിക്കണം കേട്ടോ… അതിന്റെ ചാവി അലമാരയിൽ ഉണ്ട്… ഞാൻ ഇറങ്ങുവാ… “ആദി ബാഗുമെടുത്തു താഴെക്കിറങ്ങി… “ഉം.. “ഫിദ ചരിഞ്ഞു കിടന്നു..

എന്തിനോ മിഴികൾ നിറയുന്നതവൾ അറിഞ്ഞു… ആദി… നീയെന്നെ പ്രണയിച്ചിരുന്നോ… എന്നെ കിട്ടാൻ വേണ്ടിയാണോ നീയങ്ങനെ ചെയ്തേ… എന്തിനാടാ എന്നെ പറ്റിച്ചത്… എന്നോട് എല്ലാം പറഞ്ഞാൽ പോരായിരുന്നോ… ഓർക്കുന്നതോറും അവളുടെ സങ്കടം ഇരട്ടിച്ചു… പെട്ടെന്നാണ് അവൾ അലനേ കുറിച്ച് ഓർത്തത്… അവൻ സത്യമായിരിക്കുവോ പറഞ്ഞത്… അലനും ഹർഷനും നാട്ടുകാരാണ്… ഹർഷനോട് ഒന്ന് ചോദിച്ചാലോ… എങ്ങനെയെങ്കിലും സത്യാവസ്ഥ അറിഞ്ഞു തരാൻ… പെട്ടെന്ന് ഫിദക്കൊരു ഉന്മേഷം തോന്നി… ഫോണെടുത്തു ഹർഷനെ വിളിക്കുമ്പോൾ അവളുടെ നെഞ്ച് പട പട എന്ന് മിടിക്കുന്നുണ്ടായിരുന്നു….

കുറച്ചു റിങ് ചെയ്ത ശേഷമാണ് ഹർഷനെ ലൈനിൽ കിട്ടിയത്.. അവൻ ഫോണെടുത്തതും ഫിദ അലൻ പറഞ്ഞ കാര്യവും അതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിഞ്ഞു തരണമെന്നുമുള്ള കാര്യവും ഹർഷനോട് പറഞ്ഞു… കൂടാതെ താൻ ഈ കാര്യം അന്വേഷിച്ചത് മറ്റാരും അറിയരുത് എന്നുള്ളതും … എല്ലാം കേട്ട ശേഷം അലനോട് വിവരങ്ങൾ അന്വേഷിച്ചു അറിയിക്കാം എന്ന് ഹർഷൻ അവൾക്കു വാക്ക് കൊടുത്തു…പിന്നെ ഫിദ ഹർഷന്റെ വിളിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു….

അലൻ അത്ര പെട്ടെന്നൊന്നും വശപ്പെടുന്ന ആളല്ല എന്ന് ഹർഷന് അറിയാമായിരുന്നു അത് കൊണ്ടു തന്നെ അവന്റെ വീക്നെസ് ആയ ഡ്രിങ്ക്സിൽ തന്നെ അവനെ വീഴ്ത്താം എന്ന് ഹർഷൻ കരുതി… യാദൃശ്ചികമായി കണ്ടു മുട്ടുന്ന രീതിയിൽ അവന്റെ ഒരു സ്ഥിരം സ്ഥലത്ത് വെച്ച് ഹർഷൻ അവനെ പിടികൂടി… പിന്നീട് വളരെ സ്നേഹപൂർവ്വം അവനുമായി ഒരു ബിയർ പാർലറിലേക്ക് പോയി സൂത്രത്തിൽ കാര്യങ്ങൾ ചോദിച്ചു .. അതിസന്തോഷത്തിൽ ഇരുന്ന അലൻ തത്തപറയും പോലെ എല്ലാം ഹർഷനോട് പറഞ്ഞു.. കൂട്ടത്തിൽ ഫർദീൻ അവനെ വേണ്ട വിധത്തിൽ കണ്ടോളാം എന്ന് പറഞ്ഞതും..

വൈകിട്ടോടെ ഹർഷൻ കാര്യങ്ങളത്രയും ഫിദയെ വിളിച്ചറിയിച്ചു … ആദി ഫിദക്കായി ഫർദീനെ കണ്ടതും ഫർദീൻ മറുപടി പറഞ്ഞതുമായ കാര്യങ്ങൾ… ഫർദീൻ പറഞ്ഞെന്നു പറഞ്ഞ മറുപടി ഹർഷനിൽ നിന്നറിഞ്ഞ ഫിദ തളർന്നു പോയി… ഇപ്പോഴും മനസിലെവിടെയോ ഫർദീൻ എന്നൊരു പ്രണയത്തെ താൻ സൂക്ഷിച്ചു വെച്ചിരിക്കുന്നല്ലോ എന്ന പൊള്ളുന്ന ഓർമ അവളെ കൂടുതൽ തളർത്തി… കരഞ്ഞു തളർന്നു ബെഡിലേക്ക് വീഴുമ്പോൾ ആദിയുടെ മുഖവും വാക്കുകളും മാത്രമായിരുന്നു മനസ്സിൽ… .”……നിന്നെ ഞാൻ തന്നെ നിക്കാഹ് ചെയ്യും ഫിദു…… “ഇപ്പോൾ അവൾക്ക് മനസിലായി തുടങ്ങിയിരുന്നു..

എന്തിനാണ് ആദി തന്നെ നിക്കാഹ് ചെയ്തതെന്ന്… മറ്റൊരാളാൽ താൻ വെറുക്കപ്പെടാതിരിക്കാൻ തന്റെ വെറുപ്പ് മുഴുവൻ പിടിച്ചു പറ്റി നിൽക്കുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ…. കരഞ്ഞു കരഞ്ഞു തല വേദനിക്കുന്നുണ്ടായിരുന്നു ഫിദക്ക്… തലയിൽ വിരല് കൊണ്ടമർത്തി അവൾ ബെഡിൽ എഴുന്നേറ്റിരുന്നു… അപ്പോഴാണ് ഡ്രോയറിൽ ടാബ്‌ലറ്റ് ഇരിപ്പുണ്ട്..തലവേദന കൂടുകയാണെങ്കിൽ എടുത്തു കഴിക്കണം എന്ന് ആദി പറഞ്ഞത് അവൾ ഓർത്തത്… അവൾ വാഷ് റൂമിലേക്ക് ചെന്ന് നന്നായി മുഖം കഴുകി വന്നു..

ഡ്രോയറിന്റെ കീ എടുക്കാൻ അവൾ അലമാര തുറന്നു… കീ നോക്കിയെടുക്കുന്നതിനിടയിലാണ് ഡ്രെസ്സുകൾക്കിടയിൽ ഇരിക്കുന്ന മറ്റൊരു കീ അവളുടെ ശ്രദ്ധയിൽ പെട്ടത്… അതിന്റെ കീചെയിനിലെ ‘F’ എന്ന അക്ഷരം അവളെ വിസ്മയിപ്പിച്ചു… ഇവിടെ ആരും ‘F’എന്ന പേരിൽ തുടങ്ങുന്നവരില്ല… താൻ മാത്രം… പക്ഷെ ഇന്നോളം ഈ കീചെയിൻ താൻ കണ്ടിട്ടില്ല… ആദി കാണിച്ചിട്ടുമില്ല… അവൾക്ക് അല്പം കൗതുകം തോന്നി.. അവൾ അലമാരയുടെ ഉള്ളിലെ അറകൾ അതുപയോഗിച്ച് തുറക്കാൻ ഒരു ശ്രമം നടത്തി.. മൂന്നാമത്തെ ശ്രമത്തിൽ ഒരു ചെറിയ അറ അവൾക്ക് തുറക്കാൻ പറ്റി…

അതിലേക്കു നോക്കിയ ഫിദ അമ്പരന്നുപോയി… പണ്ടെങ്ങോ മൊബൈലിൽ പകർത്തിയ ആദിയുടെ തോളിലേക്ക് മുഖം ചേർത്തു വെച്ച് ചിരിക്കുന്ന തന്റെ ഒരു ചിത്രം ലാമിനേറ്റ് ചെയ്തു വെച്ചിരിക്കുന്നു അതിൽ… കോളേജ് കാലഘട്ടത്തിൽ ഉള്ള ഫോട്ടോയാണ്.. ഫിദ അത്‌ പുറത്തെടുത്തു നോക്കി… അതിലെ രണ്ടുപേരുടെയും മുഖത്തെ ചിരി അറിയാതെ ഇപ്പോൾ അവളുടെ ചുണ്ടിൽ വിരുന്നിനായെത്തി… കുറെ അധികം നേരം അതിലേക്കു നോക്കി നിന്ന ഫിദയിൽ വീണ്ടും ആ സംശയം ഉണർന്നു… ❤️……”ആദി തന്നെ പ്രണയിച്ചിരുന്നോ… “..❤️ ഫോട്ടോ തിരികെ വെയ്ക്കുമ്പോഴാണ് വർണക്കടലാസ്സിൽ പൊതിഞ്ഞ എന്തോ ഒന്നിൽ അവളുടെ കൈ തട്ടിയത്…

അവൾ ശ്രദ്ധപൂർവം അത് പുറത്തേക്കെടുത്തു.. വർണ്ണകടലാസ് അഴിച്ചു മാറ്റി അതിലേക്ക് നോക്കി… ഒരു ഡയറി… “Dr.ആദിൽ സൽമാൻ സുൽത്താൻ.. “എന്ന് ഹൃദയ ചിഹ്നത്തിന് അകത്തു പേരെഴുതിയ ഒരു ഡയറി…. മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണ് എന്ന അറിവിൻ പുറത്തും തന്റെ ഉള്ളിലെ ആകാംഷ അത് വായിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് ഫിദ അറിഞ്ഞു…കൂടുതൽ ചിന്തിക്കാതെ കൈവിരലുകൾ അത്‌ തുറക്കാൻ തിടുക്കം കൂട്ടി.. ആദ്യ താളിലെ അക്ഷരക്കൂട്ടങ്ങൾ തന്നെ അവളെ പൊള്ളിച്ചു കളയുന്നതായിരുന്നു … വർഷങ്ങൾക്കു മുൻപ് ഒരു പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിലേക്ക് പതിനെട്ടു വയസ്സുള്ള ഫിദയെന്ന പെൺകുട്ടിയെ കൈപിടിച്ച് കയറ്റിയ ആദി എന്ന ഇരുപത്തിയൊന്നുകാരൻ ആയിരുന്നു ആ ആദ്യ താളുകളിൽ നിറഞ്ഞു നിന്നിരുന്നത്…

പിന്നീടുള്ള ഓരോ താളുകളും പൊള്ളുന്ന വേദനയായി ഫിദയിലേക്ക് പടർന്നു കയറി…❣️തന്നെ മനസ്സിൽ സൂക്ഷിച്ച ആദിയെയും, തന്നോടുള്ള പ്രണയം പറയാൻ ഓടിയെത്തിയ ആദിയെയും, ഫർദീന്റെ പ്രണയത്തിൽ മുങ്ങി നിന്ന തന്നെ കൺമുന്നിൽ കണ്ടു നിൽക്കേണ്ടി വന്ന ഹൃദയം പൊട്ടിയ ആദിയെയും, ഫർദീനുമായുള്ള നിക്കാഹ് ഉറപ്പിക്കലിൽ പങ്കെടുക്കാതെ കോളേജ് ഹോസ്റ്റലിൽ ഇരുന്നു പൊട്ടിക്കരഞ്ഞ ആദിയെയും, ചങ്ക് പറിയുന്ന വേദനയുമായി തനിക്ക് വേണ്ടി ഫർദീനോട് സംസാരിക്കാൻ പോയ ആദിയെയും,ഫർദീന്റെ നിക്കാഹിന്റെ ഫോട്ടോ തന്നിൽ നിന്ന് ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ച ആദിയെയും,

ഒടുവിൽ നിക്കാഹിനു തനിക്ക് സമ്മതമല്ല എന്നറിവിൽ തന്റെ അവഗണനയുടെ ആഴക്കയങ്ങളിൽ മുങ്ങിപ്പിടഞ്ഞ ആദിയെയും ആ താളുകളിൽ അവൾ കണ്ടു…❣️ കരൾ പറിഞ്ഞു വന്ന വേദനയിൽ നെഞ്ചുരുകി കണ്ണീർ വാർത്തു കൊണ്ടു അവൾ വെറും നിലത്ത് കിടന്നു…കണ്ണീർ വീണു നനഞ്ഞ ആ ഡയറി നെഞ്ചോടു ചേർത്ത് വെച്ച് ആദിയെ വിളിച്ചവൾ കരഞ്ഞു… കരഞ്ഞു കരഞ്ഞു തളർന്നവൾ എപ്പോഴോ മയങ്ങി പോയി… 🌿🌿🌿🌿 തലയിൽ വലിയ ഭാരം തോന്നിയാണവൾ കണ്ണ് വലിച്ചു തുറക്കാൻ ശ്രമിച്ചത്… പക്ഷെ അല്പം പോലും തുറയുന്നുണ്ടായിരുന്നില്ല… നീര് വന്നു മൂടിയ പോലെ…

താഴെ ആദിയുടെ കാർ വന്നു നിന്ന ശബ്ദം അവൾ കേട്ടു… ഭാരമുള്ള കൺ പോളകൾ വലിച്ചു തുറന്നു കൊണ്ടു അവൾ ക്ലോക്കിലേക്ക് നോക്കി.. സമയം ഒൻപതാകുന്നു… അപ്പോഴും നെഞ്ചോടു അമർന്നു ആ ഡയറി ഉണ്ടായിരുന്നു… കഷ്ടപെട്ട് എഴുന്നേറ്റ് അവൾ അത്‌ യഥാസ്ഥാനത്ത് വെച്ചു.. കീ ചെയിനും സ്ഥാനത്ത് വെച്ച് അലമാര അടച്ചു വേച്ചു വേച്ചു വന്നവൾ ബെഡിൽ കിടന്നു… മുകളിലേക്ക് കയറി വരുന്ന ആ കാലൊച്ച കാതോർത്തു കൊണ്ട്…….. ❣️ തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 26