Friday, January 17, 2025
Novel

സുൽത്താൻ : ഭാഗം 22

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ആലപ്പുഴയിലെ പേരുകേട്ട ഹോട്ടൽ റോയൽ പാർക്കിന്റെ വിശാലമായ പാർക്കിങ് ഏരിയയിലേക്ക് നീരജിന്റെ കാർ ചെന്ന് നിൽക്കുമ്പോൾ തന്നെ റിഹു കണ്ടു.. പാർക്കിങ് ഏരിയയിൽ ചിരപരിചിതമായ ആ വൈറ്റ് ഇന്നോവ കിടക്കുന്നത്… ഡാഡി എത്തിയിട്ടുണ്ട് എന്നവന് മനസിലായി…നീരജുമായി കാറിൽ നിന്നിറങ്ങുമ്പോൾ ഡാഡിയോട് പറയുവാനുള്ളതൊക്കെയും ഒന്നുകൂടി മനസ്സിൽ അടുക്കിപ്പെറുക്കി വെച്ചു… നെഞ്ചിൽ കൈ തൊട്ട് ശ്വാസം ഒന്ന് കൂടി ആഞ്ഞെടുത്തു…

നീരജിന്റെ കയ്യിൽ ഒന്നാമർത്തി പിടിച്ചു ഒരു ധൈര്യത്തിന്… ആദിയുടെ ഡയറി ഒരു കവറിലാക്കിയത് നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു … അതിലെ കണ്ണീർ നനഞ്ഞ അക്ഷരക്കുഞ്ഞുങ്ങൾ വാവിട്ടു നിലവിളിക്കും പോൽ തോന്നി റിഹുവിനു… പ്രണയത്തിലും വിരഹത്തിലും മുങ്ങി താഴുന്ന ആ അക്ഷരങ്ങൾക്ക് ഇന്നൊരു പക്ഷെ പുതു ജീവൻ ലഭിച്ചേക്കാം… ആദിയുടെ മുഖമോർത്തപ്പോൾ.. ആ മുഖത്ത് വിരിയാൻ കാത്തു നിൽക്കുന്ന ചിരി ഓർത്തപ്പോൾ…

എവിടെ നിന്നോ റിഹുവിൽ കുറച്ചു മനോധൈര്യം വന്നു പെട്ടു… ഒന്നുമില്ലെങ്കിലും താനൊരു പോലീസ് യൂണിഫോം അണിയാൻ പോകുന്ന ആളാണല്ലോ എന്ന ഓർമയും ധൈര്യം കൂട്ടി… കോഫി കോർണറിൽ അക്ഷമനായി കാത്തിരിക്കുന്ന ഡാഡിയെ അവിടേക്കു നോക്കിയപ്പോൾ തന്നെ അവർ കണ്ടു… അടുത്തേക്ക് ചെന്നപ്പോൾ ആകാംഷ നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഡാഡി അവരെ ഇരിക്കാൻ ക്ഷണിച്ചു… മൂന്നുപേർക്കും കോഫിക്ക് ഓർഡർ ചെയ്ത ശേഷം ഡാഡി റിഹാന്റെ മുഖത്തേക്ക് നോക്കി…. “എന്താണ് കാണണമെന്ന് പറഞ്ഞത്… അതും പുറത്ത് വെച്ച്… “ഡാഡി മൗനത്തിന് വിരാമമിട്ടു… “അത്‌… മുഖവുരയില്ലാതെ ഞാൻ കാര്യം പറയാം…

അതായത്… ഞാൻ നിദയെ നിക്കാഹ് ചെയ്യാൻ തയ്യാറാണ്… ” ഡാഡിയുടെ മുഖം സന്തോഷത്താൽ വിടരുന്നത് റിഹാൻ കണ്ടു… ആ കണ്ണുകളിൽ സന്തോഷത്തിന്റെ ഒരു ചെറുനീർ തിളക്കവും… ആ കൈ നീണ്ടു വന്നു തന്റെ കയ്യിൽ അമർന്നപ്പോൾ അതിൽ മെല്ലെ അമർത്തിക്കൊണ്ട്… ആ മിഴികളിലേക്ക് നോക്കി ധൈര്യപൂർവം അവൻ പറഞ്ഞു.. “പക്ഷെ… പക്ഷെ എനിക്കൊരു ഡിമാന്റുണ്ട്.” കണ്ണീർ തിളങ്ങിയ കണ്ണിലെ ചെറിയ പരിഹാസച്ചിരി റിഹാൻ വ്യക്തമായി കണ്ടു.. “അറിയാം… വൈകല്യം ഉള്ള കുട്ടിയല്ലേ… എത്ര വേണം… മടിക്കാതെ പറഞ്ഞോളൂ.. “ഡാഡിയിലെ പിതാവിന്റെ വേദന പുറത്തു വന്ന ഇടറിയ വാക്കുകളിൽ മുഴച്ചു നിന്നു…

“ഒരു തരി പൊന്നോ പണമോ എനിക്ക് വേണ്ട… അവളെ മാത്രം തന്നാൽ മതി.. വേണെങ്കിൽ ഇപ്പോ തന്നെ വന്നു ഞാൻ കൂട്ടിക്കൊണ്ട് പൊയ്ക്കോളാം… “റിഹു വീറോടെ മറുപടി നൽകി… “വേറെന്താ ഡിമാന്റ്.. ” ഡാഡി സംശയത്തോടെ അവനെ നോക്കി… “ഞാൻ നിദയെ നിക്കാഹ് ചെയ്തോളാം.. ഉറപ്പ്.. പക്ഷെ ആ നിക്കാഹ് നടക്കണമെങ്കിൽ ആദ്യം ആദീക്കയുടെയും ഫിദച്ചേച്ചിയുടെയും നിക്കാഹ് നടക്കണം.. അത്‌ നടത്തി തരാൻ ഡാഡി തയ്യാറാണെങ്കിൽ ഞാൻ നിദയെ കെട്ടിക്കോളാം… ഒരു കാര്യം കൂടി…

ഞാനീ സംസാരിച്ചതൊന്നും ഇക്കാ അറിയരുത്… ഡാഡി മുന്നോട്ട് വെച്ച ഒരു ആലോചന ആയി മാത്രമേ എന്റെ വീട്ടുകാർക്കും ഇത് തോന്നാവൂ… അത് കഴിഞ്ഞിട്ട് നിദയെ എനിക്ക് വേണമെന്ന് ഞാൻ വീട്ടിൽ പറഞ്ഞോളാം… എനിക്കിഷ്ടമാണ് അവളെ… അത് കൊണ്ടു തന്നെ വീട്ടിൽ ആരുമിത് എതിർക്കില്ല…”റിഹാൻ പറഞ്ഞുനിർത്തി ഡാഡിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി… ഡാഡിയും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…. റിഹാൻ കയ്യിലിരുന്ന ഡയറി എടുത്തു ഡാഡിയുടെ മുന്നിലേക്ക്‌ വെച്ചു… “എന്താണിത്.. “ഡാഡി അതിന്റെ കവർ മാറ്റി.. “ആവുമെങ്കിൽ ഒന്ന് വായിച്ചു നോക്കു…

ഞാൻ വായിച്ചിട്ടില്ല… പക്ഷെ നന്നായി അറിയാം എത്ര നോവിൽ നിന്നുമാണ് ഇതിലെ അക്ഷരങ്ങൾ പിറവി എടുത്തതെന്നു… ഇപ്പോഴും എത്രയധികം നൊമ്പരം പേറുന്നുണ്ടെന്നും ….നീരജ് മാത്രമേ ഇത്‌ വായിച്ചിട്ടുള്ളു… അല്ലെങ്കിൽ നീരജ് മാത്രമേ ആ വേദനയുടെ ആഴം കണ്ടു നിന്നിട്ടുള്ളു… “റിഹുവിന്റെ കണ്ണുകൾ നിറയുന്നത് ഡാഡി കണ്ടു… നീരജിനെയും ഒന്ന് നോക്കി കൊണ്ടു ഡാഡി ആ താളുകൾ ഓരോന്നായി മറിച്ചു… ഇടക്കെപ്പോഴോ തല വെട്ടിച്ചു കൊണ്ടു ആ ഡയറി മടക്കി മുന്നിലെ മേശയിലേക്ക് വെച്ച് ഡാഡി കണ്ണുകളടച്ചിരുന്നു…ആ മിഴികളിൽ നിന്നും ഒരു നീർച്ചാൽ രൂപപ്പെട്ട് ചെന്നിയിലേക്കെത്തുന്നത് നീരജും റിഹുവും നോക്കിയിരുന്നു…

കണ്ണീർ നനവ് ഒപ്പിമാറ്റി റിഹുവിനെ നോക്കിയ ഡാഡിയുടെ മുഖത്ത് അതിരു കവിഞ്ഞ ആഹ്ലാദമാണ് റിഹു കണ്ടത്… “താങ്ക്‌യൂ റിഹാൻ… ഞാൻ അവരുടെ മമ്മിയോട് പറഞ്ഞിരുന്നു എന്റെ ഫിദുവിന് ഏറ്റവും മികച്ച ഒരാളെ ഞാൻ കണ്ടെത്തി കൊടുക്കുമെന്ന്… നാളെ എന്റെ മോൾ ഈ ആളെ എനിക്ക് തന്നതിന് ഡാഡിയോട് കടപ്പെട്ടിരിക്കുന്നു എന്ന് അവളെ കൊണ്ടു പറയിക്കുമെന്ന്… ആദിയേക്കാൾ നല്ല ഒരാളെ എനിക്ക് കണ്ടെത്തി കൊടുക്കാൻ കഴിയില്ല റിഹാൻ… ആദി ഈസ്‌ ദി ബെസ്റ്റ് വൺ…. ഇത്രയധികം അവൻ എന്റെ മോളെ സ്നേഹിക്കുന്നില്ലേ… ഇപ്പോഴും…

“ഡാഡി ആ ഡയറിയിൽ മെല്ലെ ഒന്ന് തഴുകി… സന്തോഷം കൊണ്ടു റിഹു നീരജിനെ കെട്ടിപ്പിടിച്ചു… ഡാഡി എഴുന്നേറ്റു വന്നു ഇരുവരുടെയും തോളിൽ പിടിച്ചു നിന്നു… യാത്ര പറഞ്ഞു പിരിയുമ്പോൾ ഏറ്റവും അടുത്ത ദിവസം തന്നെ ഒരു പ്രൊപ്പോസൽ ആയി കാര്യങ്ങൾ വീട്ടിൽ അറിയിക്കാം എന്ന് റിഹാന് അദ്ദേഹം വാക്ക് നൽകി… എന്തിനും താൻ ഇനി കൂടെയുണ്ടാകും എന്ന ഡാഡിയുടെ വാക്ക് റിഹാനും നീരജിനും പുതിയൊരു ഊർജം നൽകി… തിരികെയുള്ള യാത്രയിൽ ഡാഡി സന്തോഷവാനായിരുന്നു… ആദിയും റിഹാനും… രണ്ടുപേരെയും പണ്ടേ വളരെ ഇഷ്ടമായിരുന്നു…

ഫർദീന്റെ ഒരാലോചന മുന്നേ വന്നത് കൊണ്ടാണ്.. ഇല്ലെങ്കിൽ ചിലപ്പോൾ താൻ തന്നെ ഫിദക്ക് വേണ്ടി ആദിയെ ആലോചിച്ചേനെ എന്ന് അദ്ദേഹത്തിന് തോന്നി… രാത്രി ആദി വരുന്നതിനു മുൻപേ തിരികെ വീട്ടിലെത്തി ഡയറി യഥാസ്ഥാനത്ത് വെച്ച് ഒന്നുമറിയാത്ത പോലെ റിഹാനും നീരജും കാരംസ് കളിക്കാനിരുന്നു… വന്നു കുളിച്ചു വേഷം മാറി ആദിയും അവരുടെ കൂടെ കൂടി… എപ്പോൾ വേണമെങ്കിലും വന്നേക്കാവുന്ന ഒരു ഫോൺ കോളും പ്രതീക്ഷിച്ചു നെഞ്ചിടിപ്പോടെ റിഹാനും നീരജും പരസ്പരം പുഞ്ചിരികൾ കൈമാറി കൊണ്ടിരുന്നു… അന്ന് പതിവില്ലാതെ റിഹുവിൽ നിന്നും ഇങ്ങോട്ട് കിട്ടിയ ഹൃദയചിഹ്നത്തിലെ ഗുഡ്നൈറ്റ് സന്ദേശത്തിൽ മിഴികൾ നാട്ടി നിദുവും ഒരു സ്വപ്നത്തിന്റെ വർണ്ണപ്പകിട്ടിലേക്കു ചേക്കേറി… …………………❣️

പിറ്റേദിവസം സന്ധ്യക്ക്‌ ഫിദുവിനോട് ഒന്നൊരുങ്ങി നിൽക്ക്.. ഒരിടം വരെ പോകാം എന്ന് ഡാഡി പറഞ്ഞതനുസരിച്ചു അവൾ ഒരുങ്ങി നിന്നു.. അവളുമായി ബീച്ചിലേക്ക് പോകുമ്പോൾ അവൾ എങ്ങനെയെങ്കിലും ഈ കല്യാണത്തിന് സമ്മതിച്ചേക്കണേ എന്ന് ഡാഡി തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു.. കടൽക്കാറ്റേറ്റു ചെമ്പട്ടിൽ പൊതിഞ്ഞ അർക്കബിംബം താഴ്ന്നു തിരകൾക്കുള്ളിലേക്ക് മറയാൻ വെമ്പുന്നത് നോക്കിയിരിക്കുമ്പോൾ ഫിദയുടെ മനസ് ശാന്തമായിരുന്നു… പാറിപ്പറന്ന മുടിയിഴകൾ മാടിയൊതുക്കി വെച്ച് അവൾ ഡാഡിയെ നോക്കി… കാര്യമായെന്തോ ഡാഡിക്ക് പറയാനുണ്ടെന്നു അവൾക്കു മനസിലായിരുന്നു…

മാത്രമല്ല ഡാഡി അതിസന്തോഷവാനാണെന്നും… നിദക്ക് പറഞ്ഞു വെച്ചിരുന്ന നിക്കാഹ് മുടങ്ങി പോയ അന്ന് മുതൽ ഡാഡിയിൽ ഭയങ്കര നിരാശ യായിരുന്നു കണ്ടത് … അല്ലെങ്കിലും രണ്ടു പെണ്മക്കളുടെയും നിക്കാഹ് മുടങ്ങി പോകുന്നത് ഏത് പിതാവിനാണ് സഹിക്കാൻ കഴിയുക… ഫിദ ഓർത്തു.. “ഫിദൂ… ഡാഡി ചെറിയ ഒരാവലാതിയോടെ കാര്യങ്ങൾക്ക് തുടക്കമിട്ടു…. ………………. ………………. ഡാഡി പറഞ്ഞ കാര്യം കേട്ട് വിശ്വാസം വരാതെ ഫിദ ഡാഡിയെ നോക്കി… “ആദിയേയോ…. “ഡാഡി എന്തുവാ ഈ പറയുന്നേ…. ” “അതേ… ആദിയെ തന്നെ… ഞാനാണ് ഇത് റിഹാനോട് പറഞ്ഞത്… അപ്പോൾ അവനാണ് ഇങ്ങനെ ഒരു കാര്യം മുന്നോട്ട് വെച്ചത് .. ഇത് നടക്കുവാണെങ്കിൽ അവൻ നിദയെ കെട്ടിക്കോളാം എന്ന്…

ഇത് നടക്കുവാണെങ്കിൽ മാത്രം… ഇത് നടന്നാൽ നിദയെ കെട്ടാൻ വീട്ടുകാർ സമ്മതിക്കുമത്രേ.. അവൻ സമ്മതിപ്പിക്കാം എന്ന് … നീ ഒന്ന് ചിന്തിച്ചു നോക്കു ഫിദു.. നമ്മുടെ നിദക്ക് ഇതിലും നല്ലൊരു ആലോചന വരുമോ… വൈകല്യമുള്ള കുട്ടി അല്ലേ എന്റെ മോൾ… നിദയെ ഓർത്തു നീ ഇതിനു സമ്മതിക്കണം.” ഫിദക്കാദ്യം ചിരിയാണ് വന്നത്… എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ നടക്കുന്നത്…. ഇതിപ്പോ ആദി….ആദിയെ അങ്ങനെ തനിക്ക് കാണാൻ പറ്റുമോ… അല്ല അവന് പറ്റുമോ… അവളുടെ ചിന്തയിൽ എന്താണെന്ന് അറിഞ്ഞത് പോലെ ഡാഡി പറഞ്ഞു.. “നിനക്ക് കിട്ടാവുന്ന ഏറ്റവും നല്ല റിലേഷൻ ആണിത്… രണ്ടുപേരും ഡോക്റ്റേർസ്…. നീയിത് സമ്മതിക്കണം… അല്ല.. നിദക്ക് വേണ്ടി സമ്മതിച്ചേ പറ്റൂ… “പറഞ്ഞു നിർത്തി ഡാഡി എഴുന്നേൽക്കുന്നത് കണ്ടു അവളും എഴുന്നേറ്റു.. …………………………..❣️

വൈകിട്ടത്തെ ചായ കുടി കഴിഞ്ഞ് ബാൽക്കണിയിലിരുന്നു പറയാതെ വിരുന്നിനെത്തിയ ഒരു മഴ ചാറ്റിന്റെ ഭംഗി നോക്കി കാണുകയായിരുന്നു ആദി… കുഞ്ഞിളം മഴത്തുള്ളികൾ വിടർന്ന പൂവിന്റെ ഇതളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയിൽ എങ്ങോ പോയി മറഞ്ഞ തന്റെ പ്രണയ നിമിഷങ്ങളുടെ ഓർമ്മകൾ അവന്റെ മനസിലേക്കെത്തി.. ഓർമ്മകളിൽ മുങ്ങി നിൽക്കവേ ഉമ്മച്ചിയുടെ “മോൻകുട്ടാ”എന്ന വിളി കാതിലെത്തി… ഒപ്പം ആ ചുവടുകളുടെ ഒച്ചയും… കാലുവേദന മൂലം മുകളിലേക്കു അധികം വരവില്ലാത്ത ആളാണ്‌… ഇതിപ്പോ എന്ത് പറ്റി… ആദി വേഗം എഴുന്നേറ്റു… അപ്പോഴേക്കും ഉമ്മച്ചി വന്നു അടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നിരുന്നു… ആ മുഖത്തെ സന്തോഷം ആദിയിൽ കൗതുകം ജനിപ്പിച്ചു…

“എന്തേ… എന്താ എന്റെ മാതാശ്രീക്ക് ഇത്ര സന്തോഷം.. “അവൻ പുഞ്ചിരിയോടെ തിരക്കി… “എന്റെ മോൻകുട്ടന് ഒരു കല്യാണ ആലോചന… “ഉമ്മച്ചിയും ചിരിച്ചു.. “ഏയ്… എനിക്കിപ്പോഴൊന്നും വേണ്ടാ..” ആദി മുഖം തിരിച്ചു.. “അങ്ങനെ പറയല്ലേ ഉമ്മച്ചീടെ കുട്ടൻ… ആ കൊച്ചിനെ ഉമ്മച്ചിക്ക് ഒത്തിരി ഇഷ്ടാ.. പണ്ടേ മനസ്സിൽ തോന്നിയിട്ടുള്ളതാ അവളെ മകളായി കിട്ടിയിരുന്നെങ്കിൽ.. എന്ന്… ഇതിപ്പോൾ അവർ ഇങ്ങോട്ട് ആലോചിച്ചപ്പോൾ നമ്മൾ വേണ്ടാന്നു പറയണ്ടല്ലോ… “ഉമ്മച്ചി കെഞ്ചി… “അതേതാ… ഉമ്മച്ചിക്ക് അത്ര ഇഷ്ടമുള്ള എനിക്കറിയാത്ത കുട്ടി… “ആദി താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു… !!!”ഫിദ…. നിന്റെ ഫിദു…. “!!!! കേട്ടത് വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചു നെഞ്ചിലെ ശ്വാസത്തിന്റെ മുറുക്കം നിയന്ത്രിക്കാനാവാതെ ആദി ഇരുന്നു..

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 21