Thursday, December 19, 2024
Novel

സുൽത്താൻ : ഭാഗം 14

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

കാറിൽ നിന്നിറങ്ങി വന്ന ഫർദീനെ കണ്ടു ഫിദ അമ്പരന്നു…. നല്ല വണ്ണമൊക്കെ വെച്ചു വെളുത്തു.. ഭയങ്കര മാറ്റം… ഇടക്കിടക്ക് അയക്കുന്ന ഫോട്ടോസിലൊന്നും ഇത്രയും മാറ്റം പ്രകടമായി തോന്നിയില്ലായിരുന്നു… “അൺബിലീവബിൾ ഫർദീ… എന്തൊരു മാറ്റം… “അവൾ അവനെ നോക്കി ആശ്ചര്യത്തോടെ പറഞ്ഞു… “ഉം… “അവൻ ഹൃദ്യമായി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി…. മമ്മിയും നിദയും കൂടി ഇറങ്ങി വന്നു അവനെ വരവേറ്റു…

എല്ലാവരുടെയും ഒപ്പമിരുന്നു അവൻ പ്രാതൽ കഴിച്ചു.. ഡാഡി വീണ്ടും ഗൾഫിലേക്ക് മടങ്ങിയിരുന്നു… അവന്റെ വരവ് പ്രമാണിച്ച് സുലുവാന്റിയും ഭർത്താവും എത്തി കുറച്ചു നേരം കഴിഞ്ഞ്… ഉച്ചക്ക് എല്ലാവരും കൂടി പുറത്തു പോയി ഭക്ഷണം കഴിച്ചു… ഉച്ചഭക്ഷണത്തിന് ശേഷം ഫർദീനെയും ഫിദയെയും ഒറ്റക്ക് വിട്ട് ബാക്കിയുള്ളവർ തിരികെ പോന്നു… “എവിടേക്ക് പോകണം “ഫർദീൻ അവളോട്‌ ചോദിച്ചു… “വെറുതെ കറങ്ങാം… നെടുമുടിക്ക് വിട്ടാലോ … ഒരു വശം വേമ്പനാട് കായലും മറുവശം പാടവുമാ…

അടിപൊളി സൈറ്റ്.. “അവൾ പറഞ്ഞു… “ഡൺ “….അവൻ നെടുമുടിയിലേക്ക് കാർ തിരിച്ചു. വേമ്പനാട് കായലിന്റെ ഓരത്ത്… എതിർവശത്തെ പാടത്തോട് ചേർന്ന് തണൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ തണൽ വൃക്ഷങ്ങളുടെ ചുവട്ടിൽ അവർ നിന്നു… നോക്കത്താ ദൂരത്തോളം പാടമാണ്… കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ സ്വർണനെൽക്കതിരുകൾ സൂര്യാംശു തട്ടി പട്ടുടയാട പോലെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു….

ആ വെയിലത്തും വീശിയടിക്കുന്ന ഇളംകാറ്റിന്റെ കുളിരിൽ മനം നിറഞ്ഞു പരസ്പരം നോക്കി നിന്നു ഇരുവരും… “കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാൻ വന്നതാണോ “ഫർദീൻ ചിരിയോടെ ചോദിച്ചു… “ഏയ്… നീ പറ.. നിന്റെ ലണ്ടനിലെ വിശേഷങ്ങൾ…. ” “ഉം… ബിസിനസ് പുതിയൊരെണ്ണം സ്റ്റാർട്ട് ചെയ്യാൻ പോകുന്നു… രണ്ടു വർഷത്തിനുള്ളിൽ ഒന്ന് പൊലിപ്പിച്ചെടുത്തിട്ട് വേണം നിന്നെ വന്നു അങ്ങോട്ട് കൊണ്ടുപോകാൻ… ”

“എല്ലാം സെറ്റ് അപ് ആയോ… “അവൾ ചോദിച്ചു… “കുറച്ചൂടെ ഒക്കെ ആകാനുണ്ട്… കോടികൾ മറിയുന്ന ബിസിനസ് അല്ലേ.. കുറച്ചൊക്കെ നൗഷാദ് അങ്കിൾ നോക്കിക്കോളും.. ബാക്കി തുട്ട് ഞാനിറക്കണം.. ” “ഉം… ” “എറണാകുളത്ത് ഉപ്പായുടെ പേരിൽ കുറച്ചു പ്രൊപ്പാർട്ടി കിടപ്പുണ്ട്.. അത്‌ ഡിസ്പോസ് ചെയ്യാൻ പോകുവാ… അതിനും കൂടി വേണ്ടിയാ ഞാനിപ്പോൾ ധൃതി പിടിച്ചു വന്നത്… എന്നാലും തികയില്ല…. വേറെ വഴിയെന്തെങ്കിലുമൊക്കെ കൂടി നോക്കണം… ”

പിന്നെയും കുറെ എന്തൊക്കെയോ സംസാരിച്ചിട്ട് അവർ മടങ്ങി… മടങ്ങി വരും വഴി ബീച്ചിലും കയറി കുറച്ചു സമയം ചെലവഴിച്ചു…. തിരികെ ഫിദയെ കൊണ്ട് വീട്ടിലാക്കിയിട്ട് എല്ലാവരോടും യാത്ര പറഞ്ഞു ഫർദീൻ എറണാകുളത്തേക്ക് മടങ്ങി… ………………………. ❣️ ഒരു വെള്ളിയാഴ്ച…. ഇനി രണ്ടു ദിവസങ്ങൾ അവധി ആയതിനാൽ ആദി വീട്ടിലേക്ക് പോകാൻ നിൽക്കുകയാണ്.. എല്ലാ ആഴ്ചയിലും അങ്ങനെ പോകാറില്ല… ഈ കഴിഞ്ഞ ആഴ്ച പക്ഷെ അവനെ സംബന്ധിച്ചിടത്തോളം വളരെ വിരസമായിരുന്നു….

കഴിഞ്ഞ ആഴ്ച മുഴുവൻ ഫിദ ക്ലാസ്സിൽ ഇല്ലായിരുന്നു… ഫർദീൻ വരുന്നത് പ്രമാണിച്ച് ലീവ് ആയിരുന്നു… സാധാരണ ഒരു ദിവസം മാറി നിന്നാൽ അവൾ വിളിക്കുന്നതാണ്… ഇതിപ്പോ വിളിച്ചതുമില്ല…. അവളെ കുറ്റം പറയാൻ പറ്റില്ലല്ലോ… അവളുടെ പ്രാണനായവൻ അടുത്ത് നിൽക്കുമ്പോൾ.. അല്ലെങ്കിൽ അവന്റെ ഓർമ്മകൾ സുഗന്ധം പരത്തി അതിന്റെ മായാ മാന്ത്രികജാലത്തിനുള്ളിൽ നിന്നു കൊണ്ട് വീർപ്പുമുട്ടുമ്പോൾ മറ്റുള്ളവരെ എങ്ങനെ ഓർക്കാനാണ്..

അങ്ങോട്ട്‌ വിളിക്കാൻ എന്ത് കൊണ്ടോ അവന്റെ മനസ് മടിച്ചു… അവൾക്ക് പറയുവാനുള്ളത് അവന്റെ വിശേഷങ്ങളാവും… അവൾക്കറിയില്ലല്ലോ ആ പേര് കേൾക്കുമ്പോൾ ഈ ഹൃദയത്തിനുണ്ടാകുന്ന പൊള്ളലും പിടച്ചിലും… അവളിവിടെ ഉള്ളപ്പോൾ ഒരു ആശ്വാസമാണ്… തന്റെയല്ല എന്നറിയാമായിരുന്നിട്ടും ഒരിക്കലും തന്റെ ആവില്ല എന്ന് ഉറപ്പുണ്ടായിട്ടും എന്തോ ആ മുഖം കാണുമ്പോൾ ഒരു തണുപ്പ് തോന്നും…

ചിലപ്പോൾ ചിരിയോടെ വന്നു അടുത്തിരിക്കുമ്പോൾ ഒരിക്കലും സ്വന്തം ആകാത്ത ആ ചിരിയും നുണക്കുഴിയും അത്രയും നേരം അടുത്ത് കാണാല്ലോ എന്ന ആശ്വാസം…. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ടു ആഗ്രഹിക്കുന്ന ആ നിമിഷങ്ങൾ ഹൃദയത്തിന്റെ ചൂട് അല്പം ശമിപ്പിക്കുന്നത് കൊണ്ട് മാത്രം ആഗ്രഹിച്ചു പോകുന്നതാണ്… അല്ലെങ്കിൽ ചിലപ്പോൾ ഈ അഗ്നി തന്നെ വിഴുങ്ങിയേക്കും എന്ന് ആദിക്ക് തോന്നാറുണ്ട്… ആദി വീട്ടിലേക്കു യാത്രയായി… ഉമ്മച്ചിയേയും വാപ്പിച്ചിയേയും അനിയൻ റിഹാനെയും ഒക്കെ കാണുമ്പോൾ…

അല്ലെങ്കിൽ അവർക്കിടയിൽ സമയം ചെലവഴിക്കുമ്പോൾ കുറച്ചുനേരത്തേക്കെങ്കിലും ഈ ചുട്ടു പൊള്ളുന്ന ഓർമ്മകൾ ഒന്ന് വിട്ടു നിൽക്കുമല്ലോ… അത്രമേൽ ആഴത്തിൽ മുറിവേൽക്കുന്നുണ്ടായിരുന്നു അവന് … ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്കു നടക്കുന്ന വഴിയിൽ ആദിയുടെ അരികിൽ കൊണ്ട് ബൈക്ക് നിർത്തി റിഹാൻ…. ആദിയുടെ അനുജൻ.. “ആഹ്… കുട്ടി ഡോക്ടർ എന്താ പറയാതെ നാട്ടിൽ… “റിഹാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

എന്തൊക്കെയോ ചിന്തകളിൽ മുഴുകി നടന്നിരുന്ന ആദി അറിഞ്ഞതുപോലുമില്ല റിഹാൻ സമീപത്ത് വന്നതും പറഞ്ഞതും … അവൻ വീണ്ടും മുന്നോട്ട് ചുവടു വെച്ചു നടന്നു പോയി… “ആദീക്കാ… “ഇക്കാ ഇത് ഏത് ലോകത്താണ്… “? റിഹാന്റെ ചോദ്യമാണ് ആദിയെ ബോധത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്… അവനൊന്നു ഞെട്ടിക്കൊണ്ട് റിഹാനെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…. “ഇതെന്ത് കോലമാണ് ഇക്കാ…

ഇങ്ങക്കവിടെ ഫുഡ്‌ടൊന്നും കിട്ടുന്നില്ലെ… “അവന്റെ ആ ചോദ്യത്തിനും ആദി ചിരിച്ചതേയുള്ളു… “വാ കേറൂ… “റിഹാൻ പറഞ്ഞു… ആദി ബൈക്കിന്റെ പിന്നിലേക്ക് കയറി… എന്നും ചിരിയോടെയും തമാശകൾ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ആദീക്കാ ഒരുപാട് മാറിയെന്നു റിഹാന് തോന്നാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.. പഠനഭാരം ആയിരിക്കുമെന്നാണ് അവൻ ഇത്രയും നാൾ കരുതിയത്… എന്നാൽ ആദിയുടെ മുഖത്തെ പഴയ പ്രസന്നതയും ഉഷാറുമൊന്നും കുറച്ചു നാളായി കാണാനെയില്ല എന്ന് റിഹാൻ ഓർത്തു…

കൂട്ടുകാരെ പോലെയാണ് ഇരുവരും… അവൻ മിററിലൂടെ ആദിയെ നോക്കി… തലമുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു… അത് പിന്നെ ദീർഘദൂരം യാത്ര ചെയ്തു വന്നതിനാലാവാം… താടിയും വളർന്നിരിക്കുന്നു… മുഖത്ത് ഒരു പ്രകാശവുമില്ല… എന്തോ തളർച്ച ബാധിച്ചപോലെ…. “ആദീക്കാ… “അവൻ വിളിച്ചു… “ഉം.. “മൂളലിനൊപ്പം റിഹാന്റെ മുതുകിൽ വെച്ചിരുന്ന ആദിയുടെ കൈകൾ ഒന്ന് കൂടി അവിടെ മൃദുവായി പതിഞ്ഞു… “വയനാട്ടിൽ ബാർബർ ഷോപ്പ് ഇല്ലേ… ”

“അതെന്താ റിഹൂ അങ്ങനെ ചോദിച്ചേ..”ആദി മെല്ലെ ചോദിച്ചു… “ഇങ്ങടെ താടി കണ്ടു ചോദിച്ചതാ… എന്താ ഒരു നിരാശകാമുകന്റെ ഭാവം… വല്ല കുരുക്കിലും പെട്ടോ അതോ ആരെങ്കിലും തേച്ചോ.. ” “നീയൊന്നു പോയെ റിഹൂ… ഭയങ്കര ക്ഷീണം.. ചെന്ന് കുളിച്ചിട്ട് ഒന്നുറങ്ങണം… “ആദി വിഷയം മാറ്റി… “ഫിദ ചേച്ചിക്ക് എന്തുണ്ട് വിശേഷം ഇക്കാ.. നിക്കാഹ് ആകാറായോ… “? റിഹാന്റെ പെട്ടെന്നുള്ള ചോദ്യം ആദിയെ ഒന്നുലച്ചു കളഞ്ഞു….

എന്ത് മറക്കാനാണോ നാട്ടിലേക്കും വീട്ടുകാരുടെ അടുത്തേക്കും ഓടിയെത്തത്തിയത് അത്‌… അത് തന്നെ വീണ്ടും വീണ്ടും… മനസിലേക്ക് കയറി വരുന്നു.. അറിയാതെ… അനുവാദം ഇല്ലാതെ… റിഹാനെ പറഞ്ഞിട്ട് കാര്യമില്ല… എന്ന് വീട്ടിൽ വന്നാലും പാതിരാവോളം നീളുന്ന റിഹാനുമായുള്ള സംസാരത്തിൽ ഏറ്റവും മിഴിവാർന്നു നിൽക്കുന്നത് ഫിദുവിന്റെ കാര്യങ്ങളാവും…. ഒരിക്കൽ റിഹു ചോദിച്ചിട്ടുണ്ട്… “ഒരു പ്രണയത്തിനു സ്കോപ്പുണ്ടല്ലോ ഇക്കാന്ന്..”ഉള്ളിൽ പ്രണയമുണ്ടായിരുന്നെങ്കിലും അന്ന് അവനോടു എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞിരുന്നു…

അവളോട്‌ പറഞ്ഞു മറുപടി കിട്ടിയതിനു ശേഷം റിഹുവിനോട് പറയാമെന്നു കരുതി… പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ തന്റെ കൈവിട്ടു ഒരു കാതം അകലെ എത്തിയിരുന്നു… “ഇക്കാ…ചോദിച്ചത് കേട്ടില്ലേ… ” “ങ് ഹേ… എന്താ നീ ചോദിച്ചത്….? ” റിഹാൻ ബൈക്ക് നിർത്തി ആദിയെ തിരിഞ്ഞു നോക്കി… “ഇങ്ങളെന്താ ഇക്കാ ഒരുമാതിരി അവാർഡ് സിനിമേലേ നായകനെ ഒക്കെ പോലെ പെരുമാറുന്നത്… അതോ ഡോക്ടർ ആണ്.. ബുജിയാണ് എന്നൊക്കെയുള്ള ജാഡയാണോ…. ”

“നീ വണ്ടിയെടുക്ക് വീട്ടിൽ പോകാം.. “ആദി പറഞ്ഞു… റിഹാൻ വണ്ടിയെടുത്തു…. ഗേറ്റ് തുറന്നു ബൈക്ക് അകത്തേക്കെടുത്തതും മുറ്റത്തെ പൂച്ചെടികളിലെ ഇലയും ഉണങ്ങിയ ഇതളും ഒക്കെ നോക്കി നുള്ളി കൊണ്ട് നടന്നിരുന്ന അവരുടെ ഉമ്മച്ചി തിരിഞ്ഞു നോക്കി…. “മോൻകുട്ടാ… ഇതെന്താ പറയാതെ വന്നേ…” അവർ ഓടി ആദിയുടെ അരികിലെത്തി.. “ഒന്നൂല്ല ഉമ്മച്ചി… രണ്ടുദിവസം അവധിയല്ലേ… എല്ലാവരെയും ഒന്ന് കാണാൻ തോന്നി അതാ… “ആദി ഉമ്മച്ചിയുടെ മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു… “എന്നാൽ പോയി കുളിച്ചു വാ…

ഉമ്മച്ചി എന്തെങ്കിലും കഴിക്കാനെടുക്കാം… ” എല്ലാവരും കൂടി അകത്തേക്ക് കയറി… റിഹാനോട് കൂടുതലൊന്നും മിണ്ടാതെ ആദി കുളിക്കാൻ കയറി… സാധാരണ അങ്ങനെയല്ല… പിന്നെയും വർത്തമാനം പറഞ്ഞിരുന്നു ഉമ്മച്ചി വന്നു വഴക്ക് പറയുമ്പോഴാണ് കുളിക്കാനൊക്കെ പോകുന്നത്… “ഈ ആദീക്കാക്ക് ഇതെന്തു പറ്റി.. റിഹാന് ഒന്നും പിടികിട്ടിയില്ല… എന്തോ കാര്യമായി തന്നെയുണ്ട്… കണ്ടുപിടിച്ചിട്ട് തന്നെ ബാക്കി കാര്യം… അവൻ ഓർത്തു… ആദി കുളി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് തന്നെ അവൻ ആദിയുടെ മൊബൈൽ ഒന്ന് ഓടിച്ചു പരിശോധിച്ചു …

സംശയിക്കാത്തക്കതായി എന്തെങ്കിലുമുണ്ടോ എന്നറിയാൻ… അങ്ങനെ ഒന്നും തന്നെ അവന് കിട്ടിയില്ല… അവൻ വേഗം നീരജിന്റെ നമ്പർ അവന്റെ ഫോണിലേക്കു സേവ് ചെയ്തു… നീരജിനോട് ചോദിക്കാം എന്തെങ്കിലും പ്രശ്നമുണ്ടോന്നു… അവൻ വിചാരിച്ചു… രാത്രിയാവാൻ റിഹാൻ കാത്തിരുന്നു.. നീരജിനെ വിളിക്കാൻ…. ഇതേസമയം ഷവറിന്റെ കീഴിൽ… ആ തണുത്ത വെള്ളത്തിന്റെ ചുവട്ടിൽ നിന്നിട്ട് പോലും നെഞ്ചിലെ തീയുടെ പൊള്ളൽ ഒന്നണക്കാൻ കഴിയാതെ നിസ്സഹായനായി നിൽക്കുകയായിരുന്നു ആദി…. ❣️

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 13