Friday, November 22, 2024
Novel

സുൽത്താൻ : ഭാഗം 13

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

“ആദി…… ” ആ ശബ്ദം ഏതോ മുള്ള് വന്നു തറയ്ക്കും പോൽ ആദിയുടെ നെഞ്ചിൽ വന്നു തറച്ചു… തിരിച്ചു മറുപടി ഒന്നും ലഭിക്കാഞ്ഞു അവൾ വീണ്ടും വിളിച്ചു… “ആദി….. “മ്മ്… “അവനൊന്നു മൂളി “നീയെന്താ വീട്ടിലേക്കു വരാതിരുന്നത്…? ” “എനിക്ക് നല്ല സുഖമില്ലായിരുന്നു ഫിദു.. “അവന്റെ ശബ്ദം ഇടറി… “എന്താ വയ്യായ്ക… “ഇന്നലെ വരെ കുഴപ്പമൊന്നുമില്ലായിരുന്നു എന്നാണല്ലോ നീരു പറഞ്ഞത്… “പനിയുണ്ട്… നല്ല ബോഡി പെയിനും.. ” “പെട്ടെന്ന് വന്നോ പനി.. “അവൾ വിടാൻ ഭാവമില്ലായിരുന്നു… “നീയൊന്നു വിശ്വസിക്ക് ഫിദു…

അല്ലാതെ ഞാനിപ്പോ എന്തിനാ വരാതെയിരിക്കുന്നെ… ” “അത് തന്നെയാ എനിക്കും അറിയേണ്ടത്… നിനക്ക് എന്താ പറ്റിയത്… അന്ന് സെമസ്റ്റർ ബ്രെയിക്ക് കഴിഞ്ഞു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ… നിനക്ക് എന്തൊക്കെയോ മാറ്റം… ചിരിയില്ല… സന്തോഷമില്ല…. എപ്പോഴും എന്തൊക്കെയോ ചിന്ത… ” “അതിനു അതും ഇതുമായി എന്ത് ബന്ധം… നീയിത് എന്തൊക്കെയാ പറയുന്നത് എന്റെ ഫിദു… ” “ശരി… ഒക്കെ പോട്ടെ.. നിനക്കെന്നെ ഇന്നലെയോ ഇന്നോ ഒന്ന് വിളിച്ചു പറയാരുന്നല്ലോ നിനക്ക് വരാൻ പറ്റില്ലെന്ന്.. നീ പറഞ്ഞോ…? ”

“ഡി… നിനക്ക് തിരക്കായിരിക്കും എന്ന് വിചാരിച്ചല്ലേ…. ” “എന്നിട്ട് ആ തിരക്കിനിടയിൽ നിന്നു ഞാനിന്ന് എത്ര തവണ വിളിച്ചെടാ ദുഷ്ടാ നിന്നെ കാണാഞ്ഞിട്ട്…. ബോറായിപ്പോയി ആദി… ” “സോറി …ഞാൻ പിന്നെ വിളിക്കാം… “അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ആദി ഫോൺ വെച്ചു കട്ടിലിലേക്ക് ചാഞ്ഞു… ഫിദക്ക് വല്ലാത്ത വിഷമം തോന്നി… ആദി എന്തൊക്കെയോ ഒളിക്കുന്ന പോലെ… എന്തോ പ്രശ്നങ്ങളൊക്കെ അവനെ അലട്ടുന്നുണ്ട്… അവനൊന്നും തുറന്നു പറയുന്നുമില്ലല്ലോ….

ഈ സമയം ആദി കണ്ണടച്ച് കുറച്ചു മുൻപ് താൻ കേട്ട ആ ശബ്ദം നെഞ്ചിൽ നിന്നും പറിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു…ഇനിയും അവളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നവന് തോന്നി… അവൾക്കെന്തൊക്കെയോ സംശയങ്ങൾ ഉള്ള പോലെ…. തിരികെ എത്തുമ്പോൾ പിടിച്ച പിടിയാലേ ചോദിക്കും എന്നവന് ഉറപ്പായിരുന്നു…. അതിനു മുൻപേ ഈ സങ്കടങ്ങളൊക്കെ തന്റെ ഉള്ളിൽ മാത്രമായി ഒതുക്കണം… അവളുടെ മുന്നിൽ പഴയ ആദിയാകണം… എന്നും ചുണ്ടിന്റെ കോണിലും കണ്ണിലും ചിരി നിലനിർത്തുന്ന ആദി… പിന്നെയും എന്തൊക്കെയോ ചിന്തിച്ചു കിടന്നു ആദി മയങ്ങി പോയി…. …………………………..❣️

അവരുടെ രണ്ടുവർഷങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി… ഇണക്കവും പിണക്കവുമായി എല്ലാവരും തന്നെ ഇഴപിരിയാനാവാത്ത ഒരു സൗഹൃദത്തിൽ എത്തിച്ചേർന്നിരുന്നു ഇതിനോടകം… തന്റെ മനസിലെ പ്രണയക്കൂട് പൂട്ടി വെച്ചിരുന്നു ആദി… അവളുടെ സാമീപ്യത്തിൽ പലപ്പോഴും അതിലെ പ്രണയചൂട് അവനെ ചുട്ടുപൊള്ളിച്ചു… പക്ഷെ ആ അഗ്നിപ്രവാഹം അവളിലേക്ക് എത്താതെ അവൻ പൊതിഞ്ഞു പിടിച്ചിരുന്നു… ഒരു വാക്കോ നോട്ടമോ കൊണ്ടുപോലും തന്നിലെ പ്രണയാംശം അവളിലേക്കെത്തരുത് എന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു….

പലപ്പോഴും അവളിലേക്കെത്തുന്ന കണ്ണുകൾ അവൾ മറ്റൊരുവന്റെ ആണെന്നതിലുള്ള ഓർമപ്പെടുത്തലിൽ നിറഞ്ഞു തൂവുമായിരുന്നു…. ആരും കാണാതെ ആ കണ്ണീർ നനവ് ഒപ്പുമ്പോഴും ചുണ്ടിലെയും കണ്ണുകളിലെയും അവൾക്കായുള്ള പുഞ്ചിരി അണയാതെ അവൻ കാത്തു സൂക്ഷിച്ചു… ഒപ്പം ആ പുഞ്ചിരി മറ്റൊരു വർണഭേദത്തിൽ ആളി പടരാതിരിക്കാണും ശ്രദ്ധിച്ചു…. ഫിദ തീർത്തും സന്തോഷവതിയായിരുന്നു… എല്ലാദിവസവും ഫർദീൻ വിളിക്കുന്നുണ്ടായിരുന്നു…

ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തത് കൊണ്ട് കോളേജിൽ കൊണ്ട് വന്നു ഫ്രീ ടൈം ഫർദീനുമായി സംസാരിച്ചിരിക്കുന്ന ഫിദയുടെ ചിത്രം ആദിക്ക് മറ്റൊരു നോവായിരുന്നു… നെഞ്ചിൽ നിന്നും വലിച്ചു പറിച്ചു ദൂരെ എറിഞ്ഞിട്ടും എങ്ങും പോവാതെ തിരികെ അവിടേക്കു തന്നെ ആഴ്ന്നിറങ്ങുന്ന നോവ്… വലിഞ്ഞു കീറിയ മുറിവിലേക്ക് വീണ്ടും വീണ്ടും ചോരയിറ്റിച്ചു കൊണ്ട് കുത്തിയിറങ്ങുന്ന നെഞ്ചകം പൊട്ടി തകർക്കുന്ന പൊള്ളുന്ന നോവ്… …………❣️ രണ്ടര വർഷങ്ങൾക്കു ശേഷം ഫർദീൻ വരികയാണ്….

അവന്റെ കോഴ്സ് കഴിഞ്ഞു. ഉപ്പാടെ അനിയന്റെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങി അവൻ… അവർ രണ്ടു പേരും കൂടി ചേർന്ന് പുതിയ ഒരു പ്രോജക്റ്റ് ആലോചനയിൽ ഉണ്ട്… അതിനു മുൻപായി ഒന്ന് വന്നു പോണം… തന്റെ പെണ്ണിനെ ഒന്ന് കാണണം… നിക്കാഹ് ഉടനെയില്ല.. ഫിദക്കിനി ഹൗസ് സർജൻസിയും ചേർത്തു രണ്ടുവർഷത്തോളം കൂടിയുണ്ട്… അതും കൂടി കഴിഞ്ഞു മതി… എന്നാണ് ഇരു വീട്ടുകാരുടെയും തീരുമാനം… ഇപ്പൊ വന്നു തിരികെ പോയാൽ പിന്നെ അവൻ നിക്കാഹിനെ എത്തൂ…

അപ്പോഴേക്കും ബിസിനസ് സ്റ്റാർട്ട് ചെയ്തു സെറ്റിലുമാകാം. ഫർദീൻ വരുന്നത് പ്രമാണിച്ച് ഫിദ വീട്ടിലേക്കു പോയി… ആദി തന്റെ ഹോസ്റ്റൽ റൂമിൽ ഡയറി താളുകളിൽ അക്ഷരങ്ങളാൽ സങ്കടമുത്തുകൾ കൂട്ടി വെക്കുന്നു… എത്ര പിടിച്ചു നിന്നാലും ചിലപ്പോഴൊക്കെ നീരജിന്റെ മുന്നിൽ അവൻ പൊട്ടി പോകുമായിരുന്നു…. “എന്റെ ആദി…. ഇത്രയും വർഷമായില്ലേടാ… ഇനിയും മറന്നില്ലേ നീ… “നീരജ് സങ്കടത്തോടെ ചോദിച്ചു… “ആദ്യമായി തോന്നിയൊരു ഇഷ്ടമല്ലേ നീരു… അത്ര പെട്ടെന്നൊന്നും എന്നെ വിട്ടു പോകില്ല എന്ന് തോന്നുന്നു…

ഈ മുറിവിന്റെ വേദന ചിലപ്പോഴൊക്കെ ഒരു സുഖമാണ്…. ” “കണ്ടു നിൽക്കുന്നവർക്ക് അത്ര സുഖം തോന്നുന്നില്ല ആദി… ” നീരജ് ആദിയുടെ ഡയറി വാങ്ങി നോക്കി… ആദ്യം മുതലുള്ള കാര്യങ്ങൾ കുത്തിക്കുറിച്ച് വെച്ചിട്ടുണ്ട്… അതിലൂടെ കണ്ണോടിച്ച നീരജിന്റെ കണ്ണിൽ നിന്നു പോലും നീർ കിനിഞ്ഞു….. ………………….❣️ വൈശുവിന്റെ മുത്തശ്ശനെ കാണാണെത്തിയതാണ് തേജു…. കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു വെക്കാൻ….

അവളുടെ ശബ്ദം തിരിച്ചു കിട്ടിയെന്നറിഞ്ഞ ആ സന്ദർഭത്തിൽ അന്ന് മുത്തശ്ശനും മുത്തശ്ശിയും കൂടി അവളെ കാണാൻ വന്ന സമയത്ത് കാര്യങ്ങളൊക്കെ ഫിദ അവരോടു ചെറുതായി സൂചിപ്പിച്ചിരുന്നതായിരുന്നു ..അന്ന് അവർ ഫിദയും വൈശുവുമായി ചെന്ന് തേജുവിനെ ചെന്ന് കണ്ടിട്ടായിരുന്നു മടങ്ങിയത്… ഇന്നിപ്പോൾ മുത്തശ്ശൻ വിളിപ്പിച്ചിട്ടാണ് തേജു അവിടെ എത്തിയത്…ഇതിപ്പോൾ വിളിപ്പിച്ചത് മുത്തശ്ശൻ നടത്തുന്ന ചെറിയൊരു ഫിനാൻസ് കമ്പനി.. അതിനിമുതൽ തേജു നോക്കി നടത്താമോ എന്ന് ചോദിക്കാനാണ്….മുത്തശ്ശന് ഇനി വയ്യാത്രേ…

ഒക്കെ തേജുവിനെ ഏൽപ്പിച്ചിട്ട് ഒന്ന് വിശ്രമിക്കാല്ലോ എന്ന് കരുതി എന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ അവന്റെ മനസ് നിറഞ്ഞു…ആരൊക്കെയോ ബന്ധുക്കൾ തനിക്കു വന്നു ചേർന്നത് പോലെ… ഇവരുടെ തന്നെ ഒരു ബിൽഡിങ്ങിൽ വൈശുവിനു കോഴ്സ് കഴിഞ്ഞു വരുമ്പോൾ ക്ലിനിക്ക് തുടങ്ങുന്നതിനെ കുറിച്ചും മുത്തശ്ശൻ പറഞ്ഞു… അവധി ദിവസമായതിനാൽ വൈശു പാലക്കാട് എത്തിയിരുന്നു… ചായയുമായി വന്ന വൈശുവിനെ നോക്കി തേജു ഒന്നാലോചിച്ചിട്ട് പറഞ്ഞു… “അതിപ്പോൾ ഉടനെ ക്ലിനിക്ക് തുടങ്ങണ്ടാ മുത്തശ്ശ…

രണ്ടു പേരെയും എംഡി യും കൂടി എടുപ്പിച്ചിട്ട് മതി ക്ലിനിക്കിനെ കുറിച്ചൊക്കെയുള്ള ആലോചന…. ” “എന്നാൽ എല്ലാം നീ വേണ്ടപോലെ ചെയ്യൂട്ടോ… എന്താവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കരുത്… ആ സ്ഥാപനം നീ തന്നെ നോക്കി നടത്തണം… അതിനി വെച്ചു താമസിപ്പിക്കണ്ടാ… ഇനി കല്യാണത്തിന് മുൻപ് അതിനു enthenkilum ബുദ്ധിമുട്ടുണ്ടെങ്കിൽ കല്യാണം ആദ്യം നടത്താം… അപ്പൊ പിന്നെ ആ ബുദ്ധിമുട്ട് മാറിക്കിട്ടും… “മുത്തശ്ശൻറെ വാക്കുകൾ കേട്ട വൈശുവിന്റെ കണ്ണിൽ പൂത്തിരി കത്തി…

അവൾ തിളങ്ങുന്ന കണ്ണുകളോടെ തേജുവിനെ നോക്കി… ചുണ്ടുകൾ കൂർപ്പിച്ചു തലയാട്ടി കൊണ്ട് ‘സമ്മതിക്ക് ‘എന്നർത്ഥത്തിൽ അവൾ തേജുവിനെ ആംഗ്യം കാണിച്ചു… ചിരി പൊട്ടിയ തേജു അതടക്കിപ്പിടിച്ചു കൊണ്ട് മുത്തശ്ശനോട് “അതൊന്നും വേണ്ട മുത്തശ്ശ… കല്യാണമൊക്കെ കഴിഞ്ഞാൽ പഠിത്തമൊന്നും ശരിയാവില്ല “എന്ന് പറയുന്നത് കേട്ടു അവനെ ഗോഷ്ടി കാണിച്ച് മുഖം മുഴുവൻ പരിഭവം നിറച്ചു അവൾ പൊയ്ക്കളഞ്ഞു… പോരാനിറങ്ങും നേരം അവൻ അവളെ തേടി ചെന്നു….

പിന്നാമ്പുറത്തെ വരാന്തയിൽ ഇരിക്കുകയായിരുന്നു അവൾ… “ഡി.. കുറുമ്പി…. എന്താ പിണങ്ങിയോ… ” “മ്മ്… കുറച്ച്… തേജൂട്ടന് എന്നെ കല്യാണമൊന്നും കഴിക്കണ്ടല്ലോ… ഞാനിനിയും രണ്ടു വർഷം കൂടി കാത്തിരിക്കണ്ടേ… ” “അതിലും കൂടുതൽ… ചിലപ്പോൾ…” അവൻ മെല്ലെ അവളുടെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു… “കൂടുതലോ… അതെന്താ…. “? അവൾ കണ്ണ് മിഴിച്ചു… “നിനക്ക് മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഈ ഞാനും ഉണ്ടല്ലോ…. നിന്നെ ഞാൻ കെട്ടുമെന്ന് ഉറപ്പുമുണ്ട്…. പക്ഷെ തനുവിന് ഞാൻ മാത്രമല്ലേ ഉള്ളൂ…. അവളെ ഒരാളെ ഏൽപ്പിക്കാതെ ഞാൻ എന്റെ കാര്യം നോക്കുന്നത് തെറ്റല്ലേ….

നമുക്ക് അവളെ ആദ്യം കല്യാണം കഴിപ്പിച്ചയക്കാം… എന്നിട്ട് മതി നമ്മുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ…. “അവളുടെ മിഴികളിലേക്ക് നോക്കിയിരുന്ന തേജുവിന്റെ കരങ്ങളിൽ തന്റെ കൈകൾ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവൾ ആ തോളിലേക്ക് ചാഞ്ഞു…. “സോറി തേജൂട്ടാ…. തേജൂട്ടന്റെ അടുത്തേക്ക് വരുന്നതോർത്തപ്പോൾ ഞാൻ അല്പം സ്വാർത്ഥ ആയി പോയീന്നു തോന്നുന്നു… ഇനി അങ്ങനെ ചിന്തിക്കില്ല… നമ്മുടെ തനുവിന്റെ കാര്യം കഴിഞ്ഞേ ഉള്ളു എന്തും… ” “മ്മ്… നല്ല കുട്ടി… “അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു…. ……………………❣️

“മതി പെണ്ണേ… അവനിങ്ങു വരും…”മമ്മിയുടെ പറച്ചിൽ കേട്ടു ഫിദ ചമ്മൽ മറച്ചു വെച്ചു ചിരിച്ചു… “ഈ കണക്കിന് പോയാൽ അവൻ വന്നു പോയി കഴിഞ്ഞുള്ള രണ്ടുവർഷം നീ എങ്ങനെ തീർത്തെടുക്കും… “മമ്മി വീണ്ടും പറഞ്ഞു… ഫിദയുടെ ചമ്മൽ കണ്ട് അവളുടെ അനിയത്തി നിദ ചിരിയോടു ചിരി ആയിരുന്നു രാവിലെ എത്താം എന്ന് പറഞ്ഞ ഫർദീനെ നോക്കി വഴികണ്ണുമായി ഇരിക്കുകയാണവൾ….. കാത്തിരിപ്പിന് അവസാനമുണ്ടാക്കി ഫർദീന്റെ കാർ ഗേറ്റിനുള്ളിലേക്ക് കടന്നു…. തുടി കൊട്ടുന്ന മനസുമായി വെമ്പലോടെ നിന്നു ഫിദ…. അവനെയൊന്നു കാണാനായി…. ❣️ തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 12