കഥ- 12 വയസ്സുകാരൻ അച്ഛന് വേറെ ഒരു സ്ത്രീയിൽ

Spread the love

എഴുത്തുകാരൻ: അയ്യപ്പൻ അയ്യപ്പൻ

ആ 12 വയസ്സുകാരൻ അച്ഛന് വേറെ ഒരു സ്ത്രീയിൽ ഉണ്ടായ മകൻ ആണെന്ന് അറിഞ്ഞിട്ടും… അമ്മ എങ്ങനെ ആണ് അവനെ സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…. ഇടവപ്പാതി പെയ്തു തകർത്ത ഒരു വൈകുന്നേരം ആസ്മയുള്ള തലനരച്ച വൃദ്ധന്റെ പിന്നിൽ തലകുനിച്ചു നിന്ന 12 വയസ്സുകാരൻ… “തള്ള ചത്തു ഇവൻ ഒറ്റയ്ക്കാണ് “എന്ന് വൃദ്ധൻ പറഞ്ഞപ്പോ അമ്മയുടെ മനസ്സ് എങ്ങനെ ആണ് ഇത്ര വേഗം അലിഞ്ഞു വറ്റിപോയത്??? 12വയസ്സുകാരന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വരൂ എന്ന് പറയുമ്പോൾ പോലും അമ്മയുടെ ശബ്ദം ഒന്നിടറിയത് പോലുമില്ലലോ എന്നാലോചിച്ചു എനിക്ക് അത്ഭുതം തോന്നി….

എനിക്ക് അന്നാണ്..അന്നാദ്യമായി അമ്മയോട് നീരസം തോന്നിയത്… അന്ന് ഇരുട്ടിൽ ചോർച്ച വട്ടം വരച്ച അടുക്കളയിൽ നിന്നോണ്ട്… ശബ്ദം താഴ്ത്തി… കണ്ണ് നിറച്ചു…. “എന്നെ ഒന്നോർത്തില്ലലോ ഇവിടെ നമ്മൾ മാത്രം മതിയെന്ന് .. പറഞ്ഞപ്പോ … തല വെട്ടിച്ചു അമ്മ പറഞ്ഞു…”ആ കുട്ടി എന്ത് പിഴച്ചു….??? എന്റെ അവകാശങ്ങൾ എന്നെന്നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി… അച്ഛന്റെ മകൻ എന്നുള്ള പേര് രണ്ടാളിലേക്ക് പങ്കു വെക്കേണ്ടി വരുന്ന വിങ്ങലുകൾ…. അവൻ

വന്നതിൽ പിന്നെയാണ് എന്റെ കിടക്കയുടെ ഒരു വശം മറ്റൊരാളുടെ ഭാരം കൂടിയറിഞ്ഞത്…. അവൻ വന്നതിൽ പിന്നെയാണ് എന്റെ വിളക്കിന്റെ വെട്ടം ഒരാൾക്ക് കൂടെ കൊടുക്കേണ്ടി വന്നത്…. അവൻ വന്നതിൽ പിന്നെയാണ് അമ്മയുടെ രുചികൾ രണ്ട് പാത്രങ്ങളിലേക്ക് വിളമ്പേണ്ടി വന്നത്…. അവൻ വന്നതിൽ പിന്നെയാണ് അമ്മയുടെ ചൂട് ചോറുരുളകൾ രണ്ട് വായിലേക്ക് രുചിയുള്ള ചൂട് പൊള്ളലുകൾ സമ്മാനിച്ചത്… അമ്മയുടെ പ്രതിക്ഷേധങ്ങൾ രാത്രിയിൽ ചില വിങ്ങലുകൾ മാത്രമായി…. അച്ഛന്റെ മുറിയിലെ അടക്കി പിടിച്ച സംസാരങ്ങളായി….

അച്ഛന് നേരെ ഉയരുന്ന ഉത്തരം മുട്ടുന്ന ചോദ്യങ്ങളായി…. ചായ കൊടുത്ത ചില്ലു ഗ്ലാസുകൾ പൊട്ടുന്ന ശബ്ദമായ്‌…. നിങ്ങളെ എനിക്ക് ഇനി സ്നേഹിക്കാൻ കഴിയില്ലഎന്ന ദുർബലമായ വാശികളായി…. ഒരു അഞ്ചാം ക്ലാസ്സ് പഠിപ്പ് മാത്രമുള്ള ഒരു സ്ത്രീയുടെ പ്രതിക്ഷേധങ്ങൾ …. “എനിക്ക് ഇല്ലാണ്ട് ആയ എല്ലാ സന്തോഷങ്ങൾക്ക്കും കാരണം നീ മാത്രമാണെന്ന് നൂറാവർത്തി അവന്റെ മുഖത്ത് നോക്കി എനിക്ക് പറയണമെന്നുണ്ടാരുന്നു…. അവന്റെ നിസാഹായമായ നോട്ടത്തിൽ ഇല്ലാണ്ടായ പറച്ചിലുകൾ… അവൻ പഠിപ്പിൽ ഒന്നാമത് ആയപ്പോഴക്കെ അസൂയയെ ചവിട്ടി പുറത്താക്കി അമ്മ സന്തോഷിച്ചു….

ചേർത്ത് പിടിച്ചു… അച്ഛൻ മരിക്കുമ്പോൾ അമ്മ ഞങ്ങളെ ചേർത്ത് പിടിച്ചു വിങ്ങി നീറി കരഞ്ഞു… അവൻ ഉദ്യോഗം കിട്ടി പോകുമ്പോൾ… അമ്മ അവന്റെ നെറ്റിയിൽ വേർപ്പ് പറ്റിയ ചെറിയൊരു ഉമ്മ നൽകി …. ഇടയ്ക്ക് അവന്റെ കത്തുകൾ വരുമ്പോൾ അമ്മ സന്തോഷിച്ചു.. നെടുവീർപ്പിട്ടു… കണ്ണ് തുടച്ചു… പാവം കുട്ടി എന്ന് ആത്മഗതം പറഞ്ഞു.. കൂടെയുള്ള വെള്ളക്കാരിയെ കെട്ടിയെന്നു പറഞ്ഞപ്പോ അമ്മ ഒന്ന് കാണാൻ തോന്നൽ ഉണ്ടെന്ന് തിരിച്ചു മറുപടി അയച്ചു…. അവന്റെ കത്തുകൾ കുറഞ്ഞപ്പോ…

പിന്നീട് തീരെ വരാണ്ടായപ്പോ…. അമ്മ വെറുതെ പരിഭവം പറഞ്ഞു.. കണ്ണ് തുടച്ചു…. മൂക്ക് പിഴിഞ്ഞു… തിരക്കിനിടയിൽ എപ്പോഴോ ഇതൊക്കെ ഞാനും മറന്നു…. കേശവമാമയുടെ മോൾടെ കല്യാണത്തിന് വെള്ളകാരിയെ ചേർത്ത് പിടിച്ചു ഇംഗ്ലീഷിൽ എന്നെ പരിചയപ്പെടുത്തിയപ്പോ ഞാൻ വെറുതെ ചിരിച്ചു… തിരിഞ്ഞു നടക്കുന്നിതിനിടയിൽ അവൻ പെട്ടന്ന് ഓർത്തപോലെ ചോദിച്ചു…. “‘നിന്റെ അമ്മ ‘എന്ത് പറയുന്നു?? സുഖമായിരിക്കുന്നുവോ???” മരിക്കുന്നതിന് തൊട്ടു മുൻപ് വരെയും… ”

അവനു ഇത്രെയിടം ഒന്ന് വരാൻ തോന്നിയില്ലലോ എന്ന് നോവ് പറയുന്ന അവൻ “നിന്റെ അമ്മ “എന്ന് വിശേഷിപ്പിച്ച അഞ്ചാം ക്ലാസ് പഠിപ്പുള്ള….. എടുത്തു പറയാൻ തക്ക ഒരു പ്രിവിലേജും ഇല്ലാത്ത അമ്മയെ ഓർത്തു ആ നിമിഷം ചെറിയ ഒരു നോവ് തോന്നി എനിക്ക് .

-

-

-

-

-