Friday, November 15, 2024
Novel

സ്ത്രീധനം : ഭാഗം 2

എഴുത്തുകാരി: സജി തൈപ്പറമ്പ്

അപ്പോൾ എല്ലാവരും ചേർന്ന് എന്നെ വഞ്ചിക്കുകയായിരുന്നല്ലേ? നീയും അതിന് കൂട്ട് നിന്നു ,ഇത്രയും നാൾ നമ്മൾ സംസാരിച്ചിട്ട് ഞാൻ നിന്നോട് തുറന്ന് പറയാത്തതായി ഒന്നുമില്ല, പക്ഷേ, നിൻ്റെ ജീവിതത്തിലുണ്ടായ ഒരു പ്രധാനപ്പെട്ട സംഭവം മാത്രം, നീ എന്നോട് മറച്ചു, എന്തിനായിരുന്നു രാധികേ… എന്നോടീ ചതി ചെയ്തത് ചതിയോ? നിങ്ങളെന്താ നീരജേട്ടാ ഈ പറയുന്നത്, ഇതൊക്കെ എല്ലാവർക്കുമുണ്ടാകുന്നൊരു അസുഖം മാത്രമല്ലേ? വന്ന് കഴിയുമ്പോഴാണ് പലരുമത് തിരിച്ചറിയുന്നത് ,

എൻ്റെ അസുഖം തിരിച്ചറിഞ്ഞപ്പോൾ വളരെ വൈകി പോയിരുന്നു അത് കൊണ്ടാണ് ഓപ്പറേഷൻ വേണ്ടി വന്നത് ങ്ഹേ! അസുഖമോ എന്തസുഖം? നീരജ് ജിജ്ഞാസയോടെ ചോദിച്ചു. ഏട്ടാ … എനിക്ക് അപ്പൻ്റിസുണ്ടായിരുന്നു അതിൻ്റെ ഓപ്പറേഷൻ ചെയ്ത പാടാണിത്, അന്ന് എന്നെ കാണാൻ നിരുപമയും വന്നിട്ടുണ്ടായിരുന്നു, ആ കാര്യം, അവള് അമ്മയോടും പറഞ്ഞതാണ്, ഞാൻ കരുതി, അതൊക്കെ നീരജേട്ടനും അറിഞ്ഞ് കാണുമെന്ന് ഹ ഹ ഹ അത്രേയുള്ളോ ?വെറുതെ മനുഷ്യനെ, കുറച്ച് നേരത്തേക്ക് തീ തീറ്റിച്ച് കളഞ്ഞു അത് ശരി, അപ്പോൾ എട്ടനെന്താ വിചാരിച്ചത്?

ഹേയ് ഒന്നുമില്ല, ഞാൻ വെറുതെ.. ഉം ഉം, എനിക്ക് മനസ്സിലായി, വെറുതെ കിടന്നുരുളണ്ട രസകരമായ ആ സംഭാഷണത്തിനൊടുവിൽ, അവരുടെ ഇടയിലെ അകലം കുറഞ്ഞ് വന്നു. നേരം വെളുക്കാൻ ഇനി അധിക സമയമില്ലെന്ന്, ചുവരിലെ ക്ളോക്ക് ,ഓരോ മണിക്കൂറിലും അവരെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നെങ്കിലും, നിദ്രയോടവർ പൊരുതിനിന്നു. അവസാനം, ആറ് മണിയായപ്പോൾ ,നീരജിനോട് ഉറങ്ങിക്കോളാൻ പറഞ്ഞിട്ട്, രാധിക കട്ടിലിൽ നിന്നെഴുന്നേറ്റു. വിടൂ ,നീരജേട്ടാ.. ഇനിയും താമസിച്ചാൽ, അടുക്കളയിലേക്ക് ചെല്ലുമ്പോൾ, ഇന്നലെ കണ്ട അമ്മയുടെ മുഖമായിരിക്കില്ല ,ഇന്ന് തന്നെ വരിഞ്ഞ് കെട്ടിയ നീരജിൻ്റെ കൈകളെ അടർത്തിമാറ്റി, രാധിക ബാത്റൂമിലേക്ക് കയറി.

പ്രഭാത ഭക്ഷണം കഴിഞ്ഞ് രാധിക, പുറത്ത് തുണി വിരിക്കുന്ന, നിരുപമയെ സഹായിച്ച് കൊണ്ട് നില്ക്കുന്നത് കണ്ടാണ് ,നീരജ് അടുക്കളയിലേക്ക് വന്നത്. അമ്മേ.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു തിളച്ച് കൊണ്ടിരിക്കുന്ന കലത്തിൽ നിന്ന്, ചോറെടുത്ത് വേവ് നോക്കി കൊണ്ടിരുന്ന ഭവാനിയമ്മ, തിരിഞ്ഞ് മകൻ്റെ മുഖത്തേയ്ക്ക് നോക്കി രാധിക, ഇന്നലെ ഇവിടുത്തെ ചൂട് സഹിക്കാനാവാതെ, വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു, അവരുടെ വീട്ടിൽ രണ്ട് മൂന്ന് ഏസിയുള്ളതല്ലേ ? നമുക്കും ഒരെണ്ണം വാങ്ങണമമ്മേ .. അതിനെന്താ, നിൻ്റെ കയ്യിൽ കാശിരിപ്പുണ്ടെങ്കിൽ പോയി ഒരെണ്ണം വാങ്ങി നിങ്ങളുടെ മുറിയിൽ പിടിപ്പിക്ക്, പിന്നെ കറണ്ട് ചാർജ്ജ് കൂടുമ്പോൾ, അതും നീ തന്നെയങ്ങ് അടച്ചോണം അമ്മയ്ക്ക് താൻ പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ലെന്ന് നീരജിന് മനസ്സിലായി .

അല്ലമ്മേ .. എൻ്റെ കയ്യിലെവിടുന്നാ പൈസ ,രാധികയുടെ അച്ഛൻ തന്ന അഞ്ച് ലക്ഷം രൂപാ, അമ്മയുടെ കൈവശമല്ലേ സൂക്ഷിച്ചിരിക്കുന്നത് ങ്ഹാ, അത് കൊള്ളാം, അപ്പോൾ ഈ കല്യാണത്തിന് ചിലവായതും, താലിമാല വാങ്ങിയതുമൊക്കെ പിന്നെ എവിടുന്നാ? അതിന് അഞ്ച് ലക്ഷം രൂപ വേണോ? ബാക്കിയുണ്ടാവുമല്ലോ? മ്ഹും ,നീയെന്തറിഞ്ഞിട്ടാ നീരജേ ഈ പറയുന്നത്, താലിമാലയും ഡ്രസ്സും, പിന്നെ കല്യാണത്തിന് ചിലവായതും കൂടി ചേർത്ത് മൂന്ന് ലക്ഷം രൂപയോളമാണ് തീർന്നത് മൂന്ന് ലക്ഷം രൂപയോ ?അത് കുറച്ച് കടന്ന കൈയ്യായി പോയമ്മേ … അല്ല ,അത് പിന്നെ എങ്ങനെ ചിലവാകാതിരിക്കും?

ഡ്രസ്സ് എടുത്തപ്പോൾ ഇവിടെയുള്ളവർക്ക് മാത്രമല്ലല്ലോ എടുത്തത് ,അയൽക്കാർക്കും , നിരുപമയുടെ ബന്ധത്തിലുള്ളവർക്ക് പോലും എടുത്ത് കൊടുത്തില്ലേ? അത് മാത്രമോ ,ആവശ്യമില്ലാതെ കുറെ ടൂറിസ്റ്റ് ബസ്സുകളും വിളിച്ച് വരുത്തി ,ആകെ രണ്ട് ബസ്സിൽ കൊള്ളാവുന്ന ആളാണുണ്ടായിരുന്നത്, അതിനാണ് അഞ്ച് ബസ്സും പത്ത് കാറുമൊക്കെ, വാടകയ്ക്ക് വിളിച്ചത് അത് പിന്നെ നമ്മള് രാധികയുടെ സ്റ്റാറ്റസിനൊപ്പം നില്ക്കണ്ടേ ? നമുക്ക് ഇപ്പോൾ കാശില്ലെന്നല്ലേയുള്ളു, പറഞ്ഞ് വരുമ്പോൾ, ഈ നാട്ടിലെ അറിയപ്പെടുന്ന തറവാട്ട്കാരാ നമ്മള് ഉം ആയിക്കോട്ടെ എന്നാലും ,ബാക്കി രണ്ട് ലക്ഷം രൂപ കാണണ്ടേ? അതിൽ നിന്ന് ഒരു മുപ്പതിനായിരം രൂപയിങ്ങ് താ ,

ഞാൻ രാവിലെ തന്നെ പോയി ഏസി വാങ്ങിച്ചിട്ട് വരാം ങ്ഹാ, അത് ഞാൻ നിന്നോട് പറയാൻ മറന്നു ,നിരുപമയുടെ ഭർത്താവിന് അത്യാവശ്യമായി രണ്ട് ലക്ഷം രൂപ വേണമെന്ന് പറഞ്ഞു ,കടമായിട്ടാണ്, അവൻ്റെ ബിസിനസ്സ് ഒന്ന് പച്ച പിടിച്ചാൽ തിരിച്ച് തരും എന്താ അമ്മേ.. ഈ പറയുന്നത്, അപ്പോൾ, കിട്ടിയ അഞ്ച് ലക്ഷവും പൊടിച്ച് കളഞ്ഞെന്ന് സാരം എടാ ചെറുക്കാ..ഈ വീട്ടിലെ ആദ്യത്തെ മരുമകനാണവൻ, ഒരത്യാവശ്യത്തിന് ചോദിക്കുമ്പോൾ ,നമ്മുടെ കയ്യിലുള്ളപ്പോഴല്ലേ സഹായിക്കാൻ പറ്റു, ഇനിയിപ്പോൾ തിരിച്ച് കിട്ടിയില്ലെങ്കിലും ചോദിക്കാൻ പറ്റില്ല, കാരണം നിരുപമയ്ക്ക് നമ്മൾ വലുതായിട്ടൊന്നും കൊടുത്തിട്ടില്ലല്ലോ? എൻ്റമ്മേ … ആ തോമായ്ക്കിനി പൈസ കൊടുക്കണ്ടേ?

ആധാരം തിരിച്ചെടുക്കണ്ടേ? അതിനിനി എന്താ വഴിയെന്ന് അമ്മ ആലോചിച്ചിട്ടുണ്ടോ ? നീയൊന്നടങ്ങ് നീരജേ.. നമുക്ക് രാധികയുടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ മാത്രമല്ലല്ലോ തന്നത്, നൂറ് പവനും കൂടിയില്ലേ? തോമായ്ക്ക് കൊടുക്കാനുള്ള കാശിന് കുറച്ച് സ്വർണ്ണമെടുത്ത് പണയം വച്ചാൽ പോരെ? എന്നിട്ടാ പണയം പിന്നെ എങ്ങിനെയെടുക്കും? അത് ശരിയാണല്ലോ ? മാത്രമല്ല പലിശയും കൊടുക്കണം, എങ്കിൽ പിന്നെ, നമുക്ക് കുറച്ച് സ്വർണ്ണമങ്ങ് വില്ക്കാം അമ്മയെന്തൊക്കെയാ ഈ പറയുന്നത് ,കല്യാണം കഴിഞ്ഞ് പുതുമോടി മാറുന്നതിന് മുമ്പ്, പെണ്ണിന് അവളുടെ വീട്ടുകാർ കൊടുത്ത സ്വർണ്ണം വില്ക്കാൻ ചോദിക്കുന്നത് ,മര്യാദയാണോ? എടാ പെണ്ണിന് വീട്ടുകാർ കൊടുക്കുന്ന സ്വർണ്ണം, അവളുടെ ഭർത്താവിന് അവകാശപ്പെട്ടതാണ്, അത് വില്ക്കുന്നതിന്, പെണ്ണിൻ്റെ അനുവാദമൊന്നും വേണ്ട ,

പിന്നെ നീ പറയുന്നത് പോലെ, പുതുമോടിയായത് കൊണ്ട്, അവളെ അറിയിക്കാതെ വേണം നമുക്കത് ചെയ്യേണ്ടത് അതെങ്ങനെ ? അതൊക്കെ ഞാൻ ചെയ്തോളാം, നീയതൊന്നുമോർത്ത് തല പുണ്ണാക്കണ്ട ,രണ്ട് ദിവസം കഴിഞ്ഞ്, നമുക്കാവശ്യമുള്ള സ്വർണ്ണം വില്ക്കാം, അക്കൂട്ടത്തിൽ നിനക്ക് ഏസി വാങ്ങാനുള്ള മുപ്പതിനായിരം രൂപയും തരാം നീയിപ്പോൾ ചെല്ല് അടുക്കളയിൽ നിന്നിറങ്ങി മുറിയിലേക്ക് പോകുമ്പോൾ നീരജിൻ്റെ മനസ്സ് കലുഷിതമായിരുന്നു. അന്ന് വൈകുന്നേരം,രാധിക, പഴയ ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിച്ച് കൊണ്ടിരിക്കുമ്പോൾ ഭവാനിയമ്മ മുറിയിലേക്ക് കടന്ന് വന്നു. എന്താ അമ്മേ…?

മോള് സ്വർണ്ണമൊക്കെ എവിടെയാ വച്ചിരിക്കുന്നത് അത് ഈ അലമാരയ്ക്കകത്തുണ്ട് ങ്ഹാ, അത് അവിടെ വയ്ക്കുന്നത് അത്ര സേഫ്റ്റിയല്ല നിങ്ങളിനി മിക്ക ദിവസങ്ങളിലും ഇവിടെയുണ്ടാവില്ലല്ലോ? വിരുന്ന് പോക്കും ടൂറ്പോക്കുമൊക്കെയായിട്ട് പുറത്തായിരിക്കില്ലേ? അത് കൊണ്ട് സ്വർണ്ണമെല്ലാം അമ്മ സൂക്ഷിച്ചോളാം, പിന്നെ മോൾക്ക് അത്യാവശ്യം ഇടാനുള്ള മാലയും വളയും മാത്രം ദേഹത്ത് ഇട്ടാൽ മതി ഉം ശരിയമ്മേ .. രാധിക, അലമാര തുറന്ന് സ്വർണ്ണ പെട്ടികളെടുത്ത് അമ്മയ്ക്ക് കൊടുത്തു . ഭവാനിയമ്മ, താൻ പ്രയോഗിച്ച ബുദ്ധിയിൽ കാര്യം നടന്നതിൻ്റെ സന്തോഷത്തിൽ സ്വന്തം മുറിയിലേക്ക് പോയി.

രണ്ട് ദിവസത്തിന് ശേഷം നീരജിനെ വിളിച്ച് ഭവാനിയമ്മ മുപ്പതിനായിരം രൂപ ഏല്പിച്ചു. എത്ര സ്വർണ്ണം കൊടുത്തമ്മേ .. ഓഹ്, ഇപ്പോൾ വിലയുള്ളത് കൊണ്ട്, പത്ത് പവൻ കൊടുത്തപ്പോൾ തന്നെ തോമയ്ക്ക് കൊടുക്കാനുള്ള കാശും നിനക്ക് ഏ സി വാങ്ങാനുള്ള കാശും കിട്ടി അത് കേട്ട് നീരജിന് കുറ്റബോധം തോന്നി. എന്നാലുമമ്മേ നമ്മൾ വളരെ നിസ്സാരമായി വിറ്റ് തുലച്ച ആ പത്ത് പവൻ ഉണ്ടാക്കാൻ, രാധികയുടെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും? അത് പിന്നെ, അവളുടെ അച്ഛൻ മാത്രമല്ല,

എല്ലാ അച്ഛൻമാരും കഷ്ടപ്പെട്ട് തന്നെയാ മക്കളെ കെട്ടിച്ച് വിടുന്നത്, നീ സമയം കളയാതെ പോകാൻ നോക്ക് അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ നീരജ്, തിരിഞ്ഞ് നടന്നു. റൂമിലെത്തിയപ്പോൾ, രാധിക ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങി നില്ക്കുകയായിരുന്നു . ങ്ഹാ നീരജേട്ടാ.. എൻ്റെ പാലയ്ക്കാ മാല,അമ്മയുടെ കൈയ്യിൽ ഏല്പിച്ച പെട്ടിയിലാണ്, ഞാനതൊന്ന് വാങ്ങിയിട്ട് ഇപ്പോൾ വരാമേ .. രാധിക, മാല വാങ്ങാൻ അമ്മയുടെ അരികിലേക്ക് പോയപ്പോൾ നീരജിന് നെഞ്ചിടിപ്പ് കൂടി ഈശ്വരാ … ഇനി ആ മാല എങ്ങാനും വില്ക്കാൻ കൊണ്ട് പോയ സ്വർണ്ണത്തിൻ്റെ കൂട്ടത്തിലുണ്ടായിരുന്നോ ?

തുടരും

സ്ത്രീധനം : ഭാഗം 1